പഠിപ്പിക്കുക—മുഖ്യാശയങ്ങൾ മുന്തിനിൽക്കുംവിധം
1 “നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആകേണ്ടവരാ”ണെന്ന് പൗലോസ് എബ്രായർക്ക് എഴുതി. (എബ്രാ. 5:12) യേശു നൽകിയ വലിയ പഠിപ്പിക്കൽ നിയോഗം അതിന്റെ പാരമ്യത്തിലെത്തുന്ന ഇന്ന് ഇതു നമുക്കും ബാധകമാണ്. പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു വിധമാണ് വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ആകമാനഗ്രാഹ്യം ഉണ്ടായിരിക്കുന്നത്. പഠിക്കുന്ന മുഴുപ്രസിദ്ധീകരണത്തിന്റെയും അതിലെ അധ്യായങ്ങളുടെയും ഖണ്ഡികകളുടെയും ആകമാനഗ്രാഹ്യം നമുക്കുണ്ടായിരിക്കണം.
2 പുസ്തകത്തിന്റെ പേര് അതിൽ വികസിപ്പിക്കുന്ന പ്രധാനവിഷയത്തെ അവതരിപ്പിക്കുന്നു. ആ പുസ്തകത്തിൽനിന്നു പഠിപ്പിക്കുമ്പോൾ ഓരോ അധ്യായത്തിന്റെ തലക്കെട്ടും പുസ്തകത്തിന്റെ പേരും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാമെന്ന് അധ്യാപകൻ അറിഞ്ഞിരിക്കണം. രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കണം. സാധാരണഗതിയിൽ ഒരു അധ്യായത്തിൽ അവതരിപ്പിച്ചിരിക്കുന്ന വിഷയം പുസ്തകത്തിന്റെ ആകമാനവിഷയത്തിന്റെ ഒരു വശമായിരിക്കും. ഉദാഹരണത്തിന്, “ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കൽ”, “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം” എന്നീ അധ്യായങ്ങളിൽ ബൈബിൾ ഈ വിഷയങ്ങളെക്കുറിച്ചു യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
3 ലേഖനത്തിലെയോ അധ്യായത്തിലെയോ മുഖ്യാശയങ്ങൾ വേർതിരിക്കാൻ സഹായിക്കുന്നവയാണ് ഓരോ ഉപതലക്കെട്ടുകളും. ഓരോ ഖണ്ഡികയും ആ അധ്യായത്തിന്റെ തലക്കെട്ടും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അധ്യായത്തിന്റെ തലക്കെട്ടുമായി അടുത്ത ബന്ധമുള്ള ആശയങ്ങൾ ഖണ്ഡികകളിൽനിന്നു കണ്ടെത്താൻ പഠിക്കുക. പഠിപ്പിക്കുമ്പോൾ വിദ്യാർഥിയുടെ മനസ്സിൽ പതിയാൻ നിങ്ങളാഗ്രഹിക്കുന്ന ആശയങ്ങളായിരിക്കും ഇവ.
4 അച്ചടിച്ച ചോദ്യങ്ങളുള്ള പ്രസിദ്ധീകരണത്തിൽനിന്നു പഠിപ്പിക്കുമ്പോൾ പലപ്പോഴും ഉത്തരം ഒരു വാചകത്തിലോ ചിലപ്പോൾ ഒരു വാക്കിലോ ഒതുങ്ങിയേക്കാം. ആ വാചകത്തിനോ വാക്കിനോ മാത്രം അടിവരയിടാൻ വിദ്യാർഥിയെ പഠിപ്പിക്കുക. ഇതിന് പല പ്രയോജനങ്ങളുണ്ട്. ഖണ്ഡിക വീണ്ടും മുഴുവനായി വായിക്കാതെ ഉത്തരം പെട്ടെന്ന് കണ്ടെത്താൻ അദ്ദേഹത്തിനാകും. താൻ അടിവരയിട്ട ഭാഗം വീണ്ടും വായിക്കാതെതന്നെ സ്വന്തം വാക്കിലോ വാചകത്തിലോ ഉത്തരം പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. അടിവരയിട്ട ഭാഗങ്ങൾ കാണുന്ന മാത്രയിൽ വിദ്യാർഥിക്ക് വിവരങ്ങളുടെ ആകമാന വീക്ഷണം മനസ്സിൽ രൂപപ്പെടാൻ ഇടയാകും.
5 വിദ്യാർഥിക്കും അധ്യാപകനും ഒരേപോലെ ഗുണം ചെയ്യുന്നതാണ് ചെരിച്ചെഴുതിയ ഭാഗങ്ങൾ. ഇവ ഒരു ഖണ്ഡികയിലെ വാക്കുകൾ, വാചകങ്ങൾ, പ്രധാനപ്പെട്ട തിരുവെഴുത്താശയങ്ങൾ എന്നിവയുടെ മേൽ വെളിച്ചം വീശുന്നു. ചെരിച്ചെഴുതിയ ഭാഗത്തിന്റെ പ്രാധാന്യം വിദ്യാർഥി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ ഇതുമൂലം അദ്ദേഹത്തിനു സാധിക്കും.
6 മുഖ്യാശയങ്ങളോടു ബന്ധപ്പെട്ട മേൽപ്പറഞ്ഞ വിവരങ്ങൾ വീക്ഷാഗോപുര അധ്യയനം നടത്തുമ്പോഴും ഭവന ബൈബിളധ്യയനം നടത്തുമ്പോഴും ബൈബിളധ്യയനം നടത്തുമ്പോഴും കുട്ടികളെ പഠിപ്പിക്കുമ്പോഴും ബാധകമാണ്. ‘പഠിപ്പിച്ച് ശിഷ്യരാക്കാനാണ്’ യേശു നമ്മോടു കൽപ്പിച്ചത്. (മത്താ. 28:19, 20) മുഖ്യാശയങ്ങൾ മുന്തിനിൽക്കുംവിധം പഠിപ്പിക്കുന്നത് ആ നിയോഗം നിവർത്തിക്കാൻ നമ്മെ സഹായിക്കും.