വരിസംഖ്യക്കാർക്ക് നല്ല സേവനമർപ്പിക്കുക
1 യഹോവ ലോകവ്യാപകമായ മാസികാവിതരണത്തെ അനുഗ്രഹിച്ചിരിക്കുന്നു. നാം ഇൻഡ്യയിൽ 5 വർഷം മുമ്പ് 1984-ൽ 3,92,737 മാസിക സമർപ്പിച്ചു, എന്നാൽ 1988-ൽ നാം 6,89,592 സമർപ്പിച്ചു—75 ശതമാനത്തിലധികം വർദ്ധനവ്. 1984-ലെ 5,906-നോടു താരതമ്യപ്പെടുത്തുമ്പോൾ 1988-ൽ നമുക്ക് 12,245 വരിസംഖ്യകൾ കിട്ടി—5 വർഷം കൊണ്ട് 107% വർദ്ധനവ്. ഈ വളർച്ച കൂടുതലായ വർദ്ധനവിനുളള സാദ്ധ്യതയും വരിസംഖ്യ നൽകുന്നവർക്ക് നല്ല സേവനമർപ്പിക്കേണ്ടതിന്റെ ആവശ്യവും പ്രകടമാക്കുന്നു.
2 ഒരു വ്യക്തി മാസികക്ക് വരിസംഖ്യ തന്നുകഴിഞ്ഞാൽ അയാൾക്ക് ആദ്യത്തെ മാസിക കിട്ടുന്നതുവരെ സൊസൈററിക്ക് യഥാർത്ഥത്തിൽ അയാളുടെ വരിസംഖ്യപ്പണം കിട്ടിയോ എന്ന് അയാൾ അറിയുന്നില്ല. അതുകൊണ്ട് പ്രസാധകർ തങ്ങൾക്ക് കിട്ടുന്ന വരിസംഖ്യകൾ സാദ്ധ്യമാകുന്ന ആദ്യമീററിംഗിൽത്തന്നെ കൃത്യമായി സഭയിൽ ഏൽപ്പിക്കാൻ പ്രോൽസാഹിപ്പിക്കപ്പെടുന്നു. വരിസംഖ്യകൾ വാരംതോറും സൊസൈററിക്ക് അയക്കുന്നുവെന്ന് സഭകൾ ഉറപ്പുവരുത്തണം.
3 ഇതു ചെയ്യുകയാണെങ്കിൽ ഏകദേശം 6 മുതൽ 8 വരെ വാരങ്ങൾക്കകം വരിക്കാരന് തന്റെ ആദ്യപ്രതി കിട്ടുമെന്ന് പ്രതീക്ഷിക്കാൻ കഴിയും. അതുകൊണ്ട് 8 വാരങ്ങൾ കഴിഞ്ഞ് അയാൾക്ക് മാസികകൾ കിട്ടിത്തുടങ്ങിയോ എന്നു പരിശോധിക്കാൻ വരിക്കാരനെ സന്ദർശിക്കാൻ കഴിയുന്നത് പ്രയോജനകരമാണ്. അപ്പോഴേക്ക് അയാൾക്ക് കിട്ടിത്തുടങ്ങിയില്ലെങ്കിൽ ദയവായി വിശദാംശങ്ങൾ കാണിച്ചുകൊണ്ട് സൊസൈററിക്ക് എഴുതുക.
4 മുഴുമേൽവിലാസവും കൃത്യമായും ഭംഗിയായും എഴുതേണ്ടത് അത്യന്താപേക്ഷിതമാണ്. സൊസൈററിക്കയക്കുന്ന വരിസംഖ്യാസ്ലിപ്പുകൾ എല്ലാ വിധത്തിലും കൃത്യവും വ്യക്തവും പൂർണ്ണവുമാണെന്ന് ഉറപ്പു വരുത്തുന്നത് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും സ്ലിപ്പുകൾ ശരിയായി എഴുതിയിട്ടില്ലെങ്കിൽ വരിസംഖ്യകൾ സൊസൈററിക്ക് അയക്കുന്നതിനുമുമ്പ് അയാൾ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നത് നല്ലതാണ്.
5 വരിക്കാരിൽനിന്നുളള പരാതികളെക്കുറിച്ച് സൊസൈററിക്ക് എഴുതുമ്പോൾ ദയവായി ചുവടെ ചേർക്കുന്ന വിവരങ്ങൾ തീർച്ചയായും നൽകുക: (എ) വരിക്കാരന്റെ പേരും പൂർണ്ണവിലാസവും, പോസ്ററ് ഓഫീസും പിൻകോഡും സഹിതം, (ബി) ഭാഷ, (സി) പ്രസാധകന് കിട്ടിയ തീയതിയും സൊസൈററിക്കയച്ച തീയതിയും, (ഡി) സഭയുടെ പേരും നമ്പരും. പരാതിയുടെ പ്രത്യേക സ്വഭാവം നൽകുന്നതും സഹായകമാണ്. ദൃഷ്ടാന്തമായി: “വരിക്കാരന് ഒരു പ്രതിപോലും കിട്ടിയില്ല,” “രണ്ട് പ്രതികൾ കിട്ടിയശേഷം മാസികകൾ നിന്നുപോയി,” “ഇംഗ്ലീഷിന് വരിസംഖ്യ കൊടുത്തിട്ട് മലയാളം കിട്ടുന്നു” എന്നിങ്ങനെ.
6 നാം ക്രിയാത്മകമായ ഒരു മനോഭാവത്തോടെ മാസികാവരിസംഖ്യകൾ സമർപ്പിക്കുകയും വരിക്കാർ പണം തന്ന മാസികകൾ അവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പിൻചെല്ലുകയുമാണെങ്കിൽ യഹോവയെക്കുറിച്ചുളള പരിജ്ഞാനം വ്യാപിച്ചുകൊണ്ടിരിക്കുമെന്ന് നമുക്കറിയാം.