നമ്മുടെ പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായി ഉപയോഗിക്കുക
1 സാത്താൻ ഇന്ന് കുടുംബാംഗങ്ങളെ തകർക്കുന്നതിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട് അവയെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികൾ ഇത് വളരെ നന്നായി അറിയുകതന്നെ ചെയ്യുന്നു. കുട്ടികൾ ലൈംഗിക ദുർമാർഗ്ഗത്തിലും അമിതകുടിയിലും മയക്കുമരുന്നു ദുരുപയോഗത്തിലും അല്ലെങ്കിൽ മററ് ദുഷ്പ്രവൃത്തികളിലും ഏർപ്പെടുന്നത് എത്ര ഖേദകരമാണ്! ചിലർ തങ്ങളുടെ പുത്രൻമാരൊ പുത്രിമാരൊ ലോകത്തിന്റെ ചിന്തകളിലും മോഹങ്ങളിലും അകപ്പെട്ട് യഹോവയിൽനിന്ന് അകന്നുപോയതായി യഥാർത്ഥത്തിൽ കണ്ടിരിക്കുന്നു. (സദൃശ. 10:1; 17:21) അതേസമയം, അനേകം ചെറുപ്പക്കാർ ശുദ്ധരായി നിലകൊളളുകയും യഹോവയുടെ സേവനത്തിൽ തങ്ങളെത്തന്നെ തിരക്കുളളവരായി നിർത്തുകയും ചെയ്തിരിക്കുന്നു. അവരുടെ നടത്തയുടെ ഗതി ദൈവത്തിന് ബഹുമതിയും തങ്ങളുടെ മാതാപിതാക്കൾക്കും മററുളളവർക്കും സന്തോഷവും കൈവരുത്തിയിരിക്കുന്നു. (3 യോഹ. 3, 4) വ്യത്യാസം ഉളവാക്കിയത് എന്താണ്? അനേക സംഗതിയിലും പ്രദാനം ചെയ്തിരിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായി ഉപയോഗിക്കുന്നതിനുളള മാതാപിതാക്കളുടെയും കുട്ടികളുടെയും ഒരുപോലെയുളള തീരുമാനമായിരുന്നു.
2 “ദിവ്യനീതി” ഡിസ്ട്രിക്ട് സമ്മേളനത്തിൽ മാതാപിതാക്കൾക്കും യുവാക്കൾക്കും ഇന്ന് ആവശ്യമായിരിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾക്ക് ശ്രദ്ധകൊടുക്കപ്പെട്ടു. ഇവയിൽ ചിലവ “കുടുംബവൃത്തത്തിനുളളിൽ നീതിയിൽ ശിക്ഷണം നൽകൽ” എന്ന സിംപോസിയത്തിലും “ധാർമ്മിക ശുദ്ധിയാണ് യുവാക്കളുടെ അഴക്” എന്ന പ്രസംഗത്തിലും കൈകാര്യം ചെയ്തു. നിങ്ങൾ ഈ വിവരങ്ങൾ ഓർമ്മിക്കുന്നുണ്ടോ, നിങ്ങൾ ഇവ വ്യക്തിപരമായും നിങ്ങളുടെ കുടുംബത്തിലും ബാധകമാക്കുകയും ചെയ്തോ?
മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ
3 പിതാക്കൻമാർക്കുളള ഒരു പ്രധാന പ്രതിരോധം ഒരു കുടുംബത്തലവനുവേണ്ടിയുളള യഹോവയുടെ നിബന്ധനകൾ പൂർണ്ണമായി മനസ്സിലാക്കുന്നതും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിൽ ആശ്രയിക്കുന്നതിന്റെ ആവശ്യം തിരിച്ചറിയുന്നതുമാണ്. ഒരു കുടുംബത്തലവൻ തന്റെ കുടുംബത്തെ ബൈബിൾതത്വങ്ങൾ പഠിപ്പിക്കേണ്ടതുണ്ടെങ്കിൽ അയാൾതന്നെ ആദ്യമായി അവ അറിഞ്ഞിരിക്കണം. എന്നാൽ കേവലം അറിവു മാത്രം പോരാ. കുടുംബം ഈ തത്വങ്ങളിൽനിന്ന് പൂർണ്ണപ്രയോജനം നേടണമെങ്കിൽ ഇവ ബാധകമാക്കണം. ഒരു സമർപ്പിത പിതാവ് കുടുംബത്തെ പ്രാർത്ഥനയുടെയും പഠനത്തിന്റെയും വിശുദ്ധസേവനത്തിന്റെയും ഒരു ആത്മീയ പരിപാടിയിൽ നയിക്കണം. (1 തിമൊ. 5:8) അയാൾ തന്റെ ഭാര്യയും കുട്ടികളും തന്റെ അധികാരത്തെ ബഹുമാനിക്കാൻ പ്രതീക്ഷിക്കണമെങ്കിൽ അയാൾ ദൈവത്തെയും അവന്റെ സ്ഥാപനത്തെയും അനുസരിക്കുന്നതിൽ സന്തോഷം പ്രകടമാക്കണം. (1 യോഹ. 5:3) ഒരു പിതാവ് ഊഷ്മളവും സ്നേഹപൂർവകവും ദൃഢവും ആയ ഒരു വിധത്തിൽ ഇടപെട്ടുകൊണ്ട് യഹോവയെ അനുകരിക്കുമ്പോൾ അയാൾക്ക് അവരുടെ ബഹുമാനം ലഭിക്കുകയും അവർ അയാളുടെ മാതൃക പിൻപററാൻ കൂടുതൽ ചായ്വുളളവരായിരിക്കുകയും ചെയ്യും. ഇത് യഹോവക്ക് ബഹുമാനവും മഹത്വവും കൈവരുത്തും.
4 നിങ്ങൾ, “മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നതിന് നിർദ്ദേശങ്ങൾ പൊരുത്തപ്പെടുത്തുക” എന്ന കൺവെൻഷൻ ഭാഗം ഓർമ്മിക്കുന്നുണ്ടോ? അതിൽ ഒരു കുടുംബം 1987 ഫെബ്രുവരി 15-ലെ വാച്ച്ടവറിൽ നിന്നുളള ഒരു ലേഖനം പഠിക്കുന്നതായുളള പ്രകടനവും ഉൾപ്പെട്ടിരുന്നു. മാതാപിതാക്കൾ ഓരോ കുട്ടിയെയും അവന് പഠിക്കുന്നതിനുളള അവന്റെ കഴിവിന്റെ നിലവാരത്തെയും പരിഗണനയിലെടുത്തു. അത് ഒരു യാന്ത്രികമായ ചോദ്യോത്തര രീതിയായിരുന്നില്ല, എന്നാൽ മാതാപിതാക്കൾ സത്യംകൊണ്ട് തങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിന് ലക്ഷ്യംവെച്ചിരുന്നു. ആ മാതാവ് കീഴ്പ്പെടൽ സൂചിപ്പിച്ചുകൊണ്ടും അങ്ങനെ കുട്ടികൾക്ക് ഒരു നല്ല മാതൃക വെച്ചുകൊണ്ടും അവളുടെ ഭർത്താവിന് ഏററവും നല്ല പിൻതുണയായിരുന്നത് എങ്ങനെയെന്ന് സഹോദരിമാരായ നിങ്ങൾ വിശേഷാൽ ഓർമ്മിച്ചേക്കാം.—എഫേ. 5:21-24.
കുട്ടികളേ—യഹോവ നിങ്ങളിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നു?
5 നിങ്ങളുടെ മാതാപിതാക്കൾ സാത്താന്റെ ആക്രമണത്തിൻകീഴിലായിരിക്കുന്നതുപോലെ തന്നെ നിങ്ങളുമാണ്. നിങ്ങളുടെ പ്രതിരോധമെന്താണ്? യഹോവയോടും നിങ്ങളുടെ മാതാപിതാക്കളോടുമുളള അനുസരണം. കൺവെൻഷൻ പ്രസംഗങ്ങളിൽ നിങ്ങളെ സഹായിക്കുന്നതിനുളള നല്ല നിർദ്ദേശങ്ങൾ നൽകപ്പെട്ടു. നിങ്ങൾ അവ ഓർമ്മിക്കുന്നുണ്ടോ? നിങ്ങൾ ഓർമ്മിച്ചേക്കാവുന്ന ഒരു ആശയം നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുടെ യോഗ്യതയാൽ പുതിയലോകത്തിലേക്ക് കടക്കാൻ കഴിയുകയില്ല എന്നതായിരിക്കാം. മററു വാക്കുകളിൽ പറഞ്ഞാൽ നിങ്ങൾ സത്യം നിങ്ങളുടെ സ്വന്തമാക്കണം. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ പോഷിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യും. അവർ വർഷങ്ങളായി അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നിങ്ങൾ പക്വതപ്രാപിക്കുന്നതിനനുസരിച്ച് നിങ്ങൾ ആത്മീയ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുന്നതിന് പ്രതീക്ഷിക്കപ്പെടുന്നു. നിങ്ങൾ ശരിയാണെന്നറിയുന്നത് ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. (സഭാ. 11:9) യഹോവയുടെ വഴി ശരിയാണെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ അതു പിൻപററുന്നതിനുളള നല്ല മനോഭാവം ഉണ്ടായിരിക്കയെന്നത് നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
6 നിങ്ങൾക്ക് പ്രായമാകുന്നതിനനുസരിച്ച് ധാർമ്മികമായി ശുദ്ധിയുളളവരായി നിലകൊളളുന്നതിനുളള വെല്ലുവിളി കൂടുതൽ സ്ഥായിയായിത്തീരുന്നു. അശുദ്ധ സ്വാധീനത്തിന്റെ ഒരു ലോകവ്യാപക പകർച്ചവ്യാധിയുണ്ട്, നിങ്ങൾ ഓരോ ദിവസവും അതിനെ അഭിമുഖീകരിക്കയും ചെയ്യുന്നു. നിങ്ങളുടെ പ്രതിരോധം നല്ലതിനെ സ്നേഹിക്കുന്നതിലും ദുഷിച്ചതിനെ വെറുക്കുന്നതിലും ആശ്രയിച്ചിരിക്കുന്നു. (സങ്കീ. 52:3; 97:10) യഹോവയെ സ്നേഹിക്കുന്നവരുമായി സഹവസിക്കുക. കെട്ടുപണിചെയ്യുന്നവ വായിക്കുക. ആരോഗ്യാവഹമായവ വീക്ഷിക്കുക. (ഫിലി. 4:8) പ്രലോഭിപ്പിക്കപ്പെടുന്നെങ്കിൽ ഹൃദയശൂന്യനായിരുന്ന യുവാവിന് സംഭവിച്ചതെന്തായിരുന്നുവെന്ന് ഓർമ്മിക്കുക. (സദൃ. 7:6-27) നിങ്ങളുടെ വിചാരങ്ങളും പ്രവർത്തനങ്ങളും യഹോവയാൽ നയിക്കപ്പെടട്ടെ, നിങ്ങൾ അവന്റെ പക്ഷത്ത് സുരക്ഷിതമായി സ്ഥിതിചെയ്യും.
7 അതെ, മാതാപിതാക്കളും കുട്ടികളും ഒരുപോലെ നമ്മെയെല്ലാം വലയം ചെയ്യുന്ന അപകടങ്ങളെസംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കണം. നമ്മുടെ പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായി ഉപയോഗിക്കുന്നതിനാൽ പോരാട്ടത്തിൽ വിജയംപ്രാപിക്കുന്നതിനും യഹോവയെ നിത്യമായി സ്തുതിക്കുന്നതിന് പദവി ലഭിക്കുന്നതിനും കഴിയും.