പുതിയ ശുശ്രൂഷകനും അനുഭവസമ്പന്നനായ ശുശ്രൂഷകനും വേണ്ട യോഗ്യതകൾ
1 സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ ചോദിച്ചു: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?” ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ചുരുക്കം ചില വാക്കുകൾക്കൊണ്ടു ദാവീദ് ഉത്തരം നൽകി: “നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.” (സങ്കീ. 15:1, 2) ആ യോഗ്യതകൾക്കു മാററം വന്നിട്ടില്ല. ഇന്നു ക്രിസ്തീയ സഭയിൽ ആരാധിക്കാൻ വരുന്ന എല്ലാവരും അധാർമിക പ്രവൃത്തികളും മദ്യാസക്തിയും ഒഴിവാക്കണം. വഴക്കാളികളും ഉഗ്രകോപികളും അല്ലെങ്കിൽ ഇരുവാക്കുകാരും ആയവർക്കു യഹോവയുടെ ജനത്തിന്റെ ഇടയിൽ യാതൊരു സ്ഥാനവും ഇല്ല. പുതിയ ശുശ്രൂഷകരായിരുന്നാലും അനുഭവപരിചയം ഉളളവരായിരുന്നാലും ദൈവവചനത്തിൽ പ്രദാനം ചെയ്തിരിക്കുന്ന ഉന്നത നിലവാരങ്ങൾ നിലനിർത്തുന്നതിൽ നാം വിശ്വസ്തരായിരിക്കണം.—ഗലാ. 5:19-21.
2 ധാരാളം പുതിയവർ യഹോവയുടെ സ്ഥാപനത്തോടൊത്തു സഹവസിക്കുന്നുണ്ട്. ചെറുപ്പക്കാരും പ്രായമുളളവരും ഒരുപോലെ തങ്ങളുടെ ജീവിത രീതിയെ ദൈവത്തിന്റെ യോഗ്യതകളോട് അനുരൂപപ്പെടുത്തുന്നതിനു തങ്ങളുടെ ചിന്താഗതിക്കു മാററം വരുത്തിയിരിക്കുന്നു. തെക്കേ അമേരിക്കയിലെ ഒരാൺകുട്ടി മാതാപിതാക്കളുടെ മാർഗനിർദ്ദേശത്തിന്റെ അഭാവത്തിൽ വളർന്നുവന്നു, അവനിൽ സാരമായ വ്യക്തിത്വ പ്രശ്നങ്ങൾ വികാസം പ്രാപിക്കുകയും ചെയ്തു. അവൻ 18 വയസ്സായപ്പോഴേക്കും മയക്കുമരുന്നുകൾക്ക് അടിമയായിത്തീർന്നു, ഈ ശീലത്തെ നിലനിർത്താൻ മോഷ്ടിച്ചതിന്റെ പേരിൽ ജയിലിൽ കുറെക്കാലം ചെലവഴിക്കുകയും ചെയ്തു. ഒരു ബൈബിളധ്യയനത്തിന്റെ സഹായത്താൽ അവൻ തന്റെ മുൻ സുഹൃത്തുക്കളുമായുളള സഹവാസം ഉപേക്ഷിക്കുകയും യഹോവയുടെ സാക്ഷികളുടെ ഇടയിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും ഒടുവിൽ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തു.
3 സമാനമായി, നമ്മുടെ എല്ലാ നടത്തയിലും, “യഥാർഥ നീതിയിലും വിശ്വസ്തതയിലും” ദൈവത്തെ പ്രസാദിപ്പിക്കാൻ നാം ദൃഢനിശ്ചയമുളളവരായിരിക്കണം. (എഫേ. 4:24, NW) ദൈവത്തിന്റെ പർവതസമാനമായ സ്ഥാപനത്തിൽ നാം നിലനിൽക്കണമെങ്കിൽ, “പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളയുക”യും “പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിക്കു”കയും ചെയ്യേണ്ട കടപ്പാടു നമുക്കുണ്ട്.—കൊലൊ. 3:9, 10.
4 ദൈവവചനം, ശക്തമായ ഒരു സ്വാധീനം: ബൈബിളിലൂടെ നമുക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന യഹോവയുടെ വ്യക്തിത്വത്തിനു നമ്മുടെ ചിന്തയെയും പ്രവർത്തനങ്ങളെയും ക്രിയാത്മകമായ ഒരു വിധത്തിൽ ശക്തമായി സ്വാധീനിക്കാൻ കഴിയും. (റോമ. 12:2) അവിടുത്തെ വചനത്തിനു നമ്മുടെ മനസ്സുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ പരിശോധിക്കാനും ഉളള ശക്തിയുണ്ട്. (എബ്രാ. 4:12) നാം ധാർമികമായി നീതിനിഷ്ഠമായ ഒരു ജീവിതം നയിക്കാനും പരസ്യ ശുശ്രൂഷയിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കാനും ക്രിസ്തീയ യോഗങ്ങൾ അവഗണിക്കാതിരിക്കാനും യഹോവയുടെ ഇഷ്ടം ആവശ്യപ്പെടുന്നതായി നിശ്വസ്ത തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്നു.
5 ഇടപെടാൻ പ്രയാസമേറിയ ഈ നാളുകളിൽ, വർധിച്ചുവരുന്ന സമ്മർദങ്ങൾക്കു ദൈവനിയമങ്ങൾ ലംഘിക്കുന്നതിന് ഒരു ക്രിസ്ത്യാനിയെ സ്വാധീനിക്കാൻ കഴിയും. വ്യക്തിപരമായ പഠനമോ കുടുംബാധ്യയനമോ സഭായോഗങ്ങളോ ശുശ്രൂഷയോ അവഗണിക്കുന്നെങ്കിൽ ഒരിക്കൽ ബലിഷ്ഠനായ ഒരു ക്രിസ്ത്യാനിപോലും വിശ്വാസത്തിൽനിന്നു വഴുതിപ്പോയേക്കാം, ഒരുപക്ഷേ ദുർന്നടത്തയിലേക്കു വീണുകൊണ്ടുതന്നെ. അതുകൊണ്ടാണു പൗലോസ്, “നിനക്കുതന്നെയും നിന്റെ പ്രബോധനത്തിനും സ്ഥായിയായ ശ്രദ്ധ നൽകുക” എന്നും “ഞാൻ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂർവ്വം ചിന്തിക്കുക” എന്നും തിമൊഥെയോസിന് എഴുതിയത്.—1 തിമൊ. 4:16; 2 തിമൊ. 2:7, പി.ഒ.സി. ബൈബിൾ.
6 പുതുതായി സഹവസിക്കുന്ന ആളായിരുന്നാലും ശരി, വർഷങ്ങളിലെ അനുഭവ പരിചയത്തിലൂടെ പക്വത നേടിയ ആളായിരുന്നാലും ശരി, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടണമെങ്കിൽ നാം ദൈവത്തിന്റെ യോഗ്യതകൾ വ്യക്തമായും നമ്മുടെ ദൃഷ്ടിയിൽ പിടിക്കുകയും ശുശ്രൂഷയിൽ പൂർണമായി സന്തുലനമുളളവരായിരിക്കുകയും നമ്മുടെ പ്രത്യാശയെ ബലിഷ്ഠമായി നിലനിർത്തുകയും ചെയ്യേണ്ട ആവശ്യമുണ്ട്. (1 പത്രൊ. 1:13-16) ദൈവത്തിന്റെ നീതിയുളള വ്യവസ്ഥകൾ അനുദിനം പ്രമാണിക്കുന്നതു തികച്ചും അനിവാര്യമാണ്.
7 ആയിരത്തിത്തൊളളായിരത്തിതൊണ്ണൂററിമൂന്നു സേവന വർഷത്തിന്റെ ഈ അവസാന മാസം, വയൽസേവനത്തിൽ ആയിരിക്കുക എന്നതു നിങ്ങളുടെ ലാക്കാക്കുക. വിശ്വാസത്തിൽ വളരാനും വയൽശുശ്രൂഷയിൽ ഫലമുളവാക്കുന്നതിൽ വർധിച്ചുവരാനും മററുളളവരെ സഹായിക്കാൻ ദൃഢനിശ്ചയമുളളവരായിരിക്കുക. (റോമ. 1:12) വ്യക്തിപരമായ പഠനത്തിലും കുടുംബാധ്യയനത്തിലും യോഗഹാജരിലും ക്രമമുളളവരായിരിക്കുന്നതിനാൽ നിങ്ങളുടെ ചിന്തകളെ ശരിയായ കാര്യങ്ങളിൽ പതിപ്പിക്കുക. (ഫിലി. 4:8) ദൈവത്തിന്റെ യോഗ്യതകൾക്കനുസരിച്ചു ജീവിക്കുന്നതിനാൽ അവിടുത്തെ പ്രസാദിപ്പിക്കാനുളള നിങ്ങളുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയില്ല.—കൊലൊ. 3:23, 24.