ബൈബിളധ്യയനങ്ങൾക്കുവേണ്ടി ആത്മാർഥതയോടെ അന്വേഷണം നടത്തുക
1 ഈ പഴയ ലോകത്തിന്റെ സമയം തീർന്നുകൊണ്ടിരിക്കുകയാണ് എന്നതിനു വർധിച്ചുവരുന്ന തെളിവുണ്ട്. (2 തിമൊ. 3:1-5) ഇത് എന്തർഥമാക്കുന്നു? ആളുകളുടെ ജീവൻ അപകടത്തിലാണെന്ന് ഇത് അർഥമാക്കുന്നു. എന്നിരുന്നാലും, ചിലർ രക്ഷ പ്രാപിക്കാൻ സഹായിക്കാൻ നമുക്കു കഴിയും. (സദൃശ. 3:27) ഈ ലക്ഷ്യത്തിൽ ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനും അവ നടത്തുന്നതിനും നാം ആത്മാർഥമായി ശ്രമിക്കണം.
2 നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യങ്ങളുടെ വിതരണത്തിലൂടെ വളരെയധികം പ്രയോജനം ഉണ്ടായിട്ടുണ്ട്. എന്നാൽ ആളുകൾക്ക് ഏററവുമധികം ആവശ്യമായിരിക്കുന്നതു ക്രമമായി നടത്തുന്ന ഒരു ഭവന ബൈബിളധ്യയത്തിലൂടെയുളള വ്യക്തിപരമായ സഹായമാണ്. അതു വിലമതിക്കാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
3 അനേകം ആളുകൾക്കു താത്പര്യജനകമായ ചോദ്യങ്ങൾ നമുക്കു ചോദിക്കാവുന്നതാണ്. ധാർമിക നിലവാരങ്ങൾ വളരെയധികം അധഃപതിച്ചിരിക്കുന്നതും കുടുംബജീവിതം വളരെയധികം അസ്ഥിരമായിരിക്കുന്നതും അക്രമവും കുററകൃത്യവും ഒരു ഭീഷണിയായിരിക്കുന്നതും സ്നേഹവാനായ ഒരു ദൈവം ഇപ്പോഴത്തെ അവസ്ഥകൾ അനുവദിച്ചിരിക്കുന്നതും എന്തുകൊണ്ടെന്നും മററുമുളള വിഷയങ്ങളിൽ അത്തരം ചോദ്യങ്ങൾ കേന്ദ്രീകരിക്കാവുന്നതാണ്. നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു വിശേഷാൽ താത്പര്യമുളള വിവാദവിഷയങ്ങളും സംഭവങ്ങളും സംബന്ധിച്ചു ജാഗ്രത പുലർത്തുക. ഈ ചോദ്യങ്ങൾക്കുളള ബൈബിളിന്റെ വ്യക്തമായ ഉത്തരങ്ങളിലേക്കു വിരൽ ചൂണ്ടുക. ഇവയെക്കുറിച്ചു ബൈബിളിനു പറയാനുളളതും നമ്മേയെല്ലാം ബാധിക്കുന്ന മററു പ്രധാനപ്പെട്ട വാദവിഷയങ്ങൾ സംബന്ധിച്ചും പഠിക്കാൻ നാം വിതരണം ചെയ്യുന്ന സാഹിത്യങ്ങൾ എപ്രകാരം സഹായിക്കുന്നു എന്നു പ്രകടമാക്കുക.
4 സംഭാഷണത്തിലേക്കു വീട്ടുകാരനെ കൊണ്ടുവരുന്നതു പ്രധാനമാണ്. അയാൾക്കു താത്പര്യമുളളത് എന്താണെന്നു വിവേചിച്ചറിയാൻ ജാഗ്രത പുലർത്തുക. അയാളുടെ താത്പര്യങ്ങളെയോ ഉത്ക്കണ്ഠകളെയോ ചുററിപ്പററി നിങ്ങളുടെ സംഭാഷണം വികസിപ്പിക്കുക. ഒരു പുസ്തകത്തിലോ ലഘുപത്രികയിലോ മാസികയിലോ ലഘുലേഖയിലോ ഉളള, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ സംബന്ധിച്ചു ബൈബിൾ നൽകുന്ന പരിഹാരത്തെ വിശദമാക്കുന്ന വിവരങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. വിട്ടുപോരുന്നതിനു മുമ്പ്, നിങ്ങളുടെ അടുത്ത സന്ദർശനത്തിന് ആകാംക്ഷയുണർത്തുമെന്നു നിങ്ങൾ വിചാരിക്കുന്ന ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ ഈ ചോദ്യങ്ങൾ സംബന്ധിച്ച് അയാളെ ഓർമിപ്പിക്കാനും ബൈബിളിന്റെ ഉത്തരങ്ങൾ കണ്ടെത്താൻ അയാളെ സഹായിക്കുന്നതിൽ സാഹിത്യം ഉപയോഗിക്കാനും നിശ്ചയമുളളവരായിരിക്കുക.
5 നാം ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതും അവ ക്രമമായി നടത്തുന്നതും ആളുകളുടെ ജീവിതത്തിനു മാററം വരുത്തിയേക്കാം. വയലിലോ അനൗപചാരിക സന്ദർഭത്തിലോ നാം കണ്ടുമുട്ടുന്നവരുടെ ചിന്താവിഷയങ്ങളിൽ നാം ആത്മാർഥമായ താത്പര്യം പ്രകടമാക്കേണ്ടത് ആവശ്യമാണ്. അവരുടെ താത്പര്യം ക്രമാനുഗതമായി വർധിപ്പിക്കാൻ നല്ല തയ്യാറാകൽ ആവശ്യമാണ്. ആത്മീയ പോഷിപ്പിക്കലിന്റെ ഒരു ക്രമമായ രീതിയിലേക്കു നിങ്ങൾ അവരെ കൊണ്ടുവരുന്നതു വരെ മടക്കസന്ദർശനങ്ങൾ തുടർന്നു നടത്തുന്നതിനു ക്ഷമ ആവശ്യമാണ്. അതിന് ആളുകളിൽത്തന്നെയുളള സ്നേഹപൂർവകമായ താത്പര്യം ആവശ്യമാണ്. സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന നാശത്തിൽനിന്നു രക്ഷ പ്രാപിക്കാൻ അവരെ സഹായിക്കാൻ നാം ആത്മാർഥമായി ആഗ്രഹിക്കണം. നമ്മുടെ ബൈബിളധ്യയന വേല ആത്മാർഥമായ നിരന്തര പ്രാർഥനയുടെ ഒരു വിഷയമാക്കണം.—1 തെസ്സ. 5:17.
6 കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏതാണ്ട് പത്തു ലക്ഷം ആളുകൾ സ്നാപനമേററ ശിഷ്യൻമാർ ആയിത്തീരുന്നതു കണ്ടത് ഏററവും പ്രോത്സാഹജനകമായ ഒരു കാര്യമാണ്. (മത്താ. 28:19, 20) നാം ഇപ്പോൾ ഓരോ മാസവും നാലര ദശലക്ഷം ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു, ഇതു ആളുകളുടെ ജീവനോടുളള നമ്മുടെ താത്പര്യത്തെ കാണിക്കുന്നു. നിങ്ങളെ സംബന്ധിച്ചെന്ത്? ഭവന ബൈബിളധ്യയന വേലയിൽ പങ്കുപററാൻ നിങ്ങൾ ആത്മാർഥമായ ശ്രമം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നോ? നമ്മുടെ ജീവനും മററുളളവരുടെ ജീവനും ഈ സംഗതിയിലെ നമ്മുടെ വിശ്വസ്തതയിൽ ആശ്രയിച്ചിരിക്കുന്നു എന്ന് ഓർക്കുക.—യെഹെ. 3:17-19.