ചോദ്യപ്പെട്ടി
◼ യോഗങ്ങളിൽ ഏറ്റവും ഫലപ്രദമായ വിധത്തിൽ നമുക്ക് എങ്ങനെ അഭിപ്രായം പറയാൻ കഴിയും?
വാരംതോറുമുള്ള സഭായോഗങ്ങൾക്കായി കൂടിവരുന്നതിനു നാം നോക്കിപ്പാർത്തിരിക്കുന്നു. അവിടെ അഭിപ്രായപ്രകടനത്തിലൂടെ നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് അവസരമുണ്ട്. (സദൃ. 20:15; എബ്രാ. 10:23, 24) അഭിപ്രായം പറയുന്നത് ഒരു പദവിയായി നാം കണക്കാക്കുകയും ക്രമമായ ഒരു പങ്കുണ്ടായിരിക്കാൻ ശ്രമിക്കുകയും ചെയ്യണം. ഏറ്റവും ഫലപ്രദമായ വിധത്തിൽ നമുക്ക് അത് എങ്ങനെ ചെയ്യാനാകും?
തയ്യാറാകലാണ് ആദ്യ പടി. നേരത്തെതന്നെ വിഷയം വായിക്കുകയും അതേപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നതു പ്രധാനമാണ്. അവിടെ കൊടുത്തിരിക്കുന്ന കാര്യത്തിന്റെ യഥാർഥ അർഥമെന്താണെന്നു ഗ്രഹിക്കാൻ ശ്രമിക്കുക. ഒരു വിഷയം നേരത്തെ ചർച്ച ചെയ്തിട്ടുള്ളതാണെന്നുവരികിലും കൂടുതലായ, പരിപുഷ്ടമായ ആശയങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുക. പഠനഭാഗത്തിന്റെ മൊത്തം വിഷയം മനസ്സിൽ പിടിക്കുക. വെളിപാട് പാരമ്യം പോലുള്ള, ഒരു ബൈബിൾ പുസ്തകത്തെപ്പറ്റി ആഴമായി പ്രതിപാദിക്കുന്ന, ഒരു പ്രസിദ്ധീകരണത്തിൽനിന്ന് അഭിപ്രായം തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക വാക്യം അതിനു ചുറ്റുമുള്ള വാക്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാൻ ശ്രമിക്കുക. ഈ നിർദേശങ്ങൾ പിൻപറ്റുന്നതു നിങ്ങളുടെ ചിന്താപ്രാപ്തിയെ ഉത്തേജിപ്പിക്കും. അത് നല്ല അഭിപ്രായങ്ങൾ തയ്യാറാക്കാനും നിങ്ങളുടെ പങ്കുപറ്റലിൽ സന്തുഷ്ടി കണ്ടെത്താനും നിങ്ങളെ സഹായിക്കും.
സംക്ഷിപ്തവും ലളിതവും പഠിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണത്തെ അടിസ്ഥാനമാക്കിയുള്ളതുമായ അഭിപ്രായങ്ങളാണ് ഏറ്റവും മെച്ചം. ആദ്യം അഭിപ്രായം പറയുന്നയാൾ ചോദ്യത്തിനു നേരിട്ടുള്ള ഉത്തരം നൽകണം, മററു ഭാഗങ്ങൾ കൂടുതലായ അഭിപ്രായങ്ങൾക്കുവേണ്ടി വിട്ടുകൊടുക്കണം. കൂടുതൽ സമയമെടുക്കുന്ന നീണ്ട, ആശയക്കുഴപ്പമുളവാക്കുന്നതും പങ്കെടുക്കുന്നതിൽനിന്നു മറ്റുള്ളവരെ തടയുന്നതുമായ, അഭിപ്രായങ്ങൾ ഒഴിവാക്കുക. പ്രസിദ്ധീകരണത്തിൽ കൊടുത്തിരിക്കുന്ന വാക്കുകൾ അതേപടി എടുത്തുപറയാതെ നിങ്ങളുടെ സ്വന്തം വാക്കുകളിൽ അഭിപ്രായം നൽകുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ ആശയങ്ങൾ സഹായക അഭിപ്രായങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. മറ്റുള്ളവർ പറയുന്നതു ശ്രദ്ധാപൂർവം കേൾക്കുക, അങ്ങനെ അനാവശ്യ ആവർത്തനം നിങ്ങൾക്ക് ഒഴിവാക്കാം.
പല തവണ കൈ ഉയർത്തുന്നതു നല്ലതുതന്നെ, എന്നാൽ എല്ലാ ഖണ്ഡികയ്ക്കും ഉയർത്തരുത്. അഭിപ്രായം പങ്കുവയ്ക്കാൻ നാം ചെറുപ്പക്കാരെ ക്ഷണിക്കുന്നു. നിങ്ങൾക്ക് അഭിപ്രായം പറയാൻ പേടിതോന്നുന്നുവെങ്കിൽ ഏതു ഖണ്ഡികയെപ്പറ്റി അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുവെന്നു നിങ്ങൾക്കു നേരത്തെ നിർവാഹകനെ അറിയിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിനുള്ള അവസരം നിങ്ങൾക്കു നൽകാൻ അദ്ദേഹത്തിനു കഴിയും.
സദസ്യപങ്കുപറ്റലുള്ള സഭായോഗങ്ങളിൽ എന്തെങ്കിലും പങ്കുവെക്കുന്നതിനു നാമോരോരുത്തരും ആത്മാർഥമായി ശ്രമിക്കണം. അത്തരമൊരു യോഗത്തിന്റെ വിജയം പങ്കെടുക്കുന്നതിനുള്ള നമ്മുടെ മനസ്സൊരുക്കത്തെയും ഫലപ്രദത്വത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഓർക്കുക.—സങ്കീ. 26:12.