1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 3
1 ധൈര്യസമേതം സുവാർത്ത സംസാരിക്കാനുള്ള പ്രാപ്തി താൻ നേടേണ്ടതിനു തന്റെ സഹോദരൻമാർ തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ആഗ്രഹിച്ചു. (എഫേ. 6:18-20) അതേ പ്രാപ്തി നട്ടുവളർത്താൻ നാം വാഞ്ഛിക്കുന്നു. ആ പ്രാപ്തി നേടുന്നതിന്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പ്രദാനംചെയ്യുന്ന സഹായത്തെ നാം വിലമതിക്കുന്നു. യോഗത്തിനു ഹാജരാകുന്ന യോഗ്യതയുള്ളവരാണ് ഈ സ്കൂളിൽ പേരു ചാർത്താൻ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
2 സംസാര-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്തുന്നതിനു നമ്മെ സഹായിക്കുന്ന വ്യക്തിഗതമാക്കപ്പെട്ട ബുദ്ധ്യുപദേശം വിദ്യാർഥികൾ എന്ന നിലയിൽ നാം സ്വീകരിക്കുന്നു. (സദൃ. 9:9) മറ്റു വിദ്യാർഥികൾക്കു ലഭിക്കുന്ന ബുദ്ധ്യുപദേശം ശ്രദ്ധിച്ചുകൊണ്ടും നാം പഠിക്കുന്നതു നമുക്കുതന്നെ ബാധകമാക്കിക്കൊണ്ടും നമുക്കു പ്രയോജനം നേടാൻ കഴിയും. ഒരു നിയമനം തയ്യാറാകുമ്പോൾ, നമ്മുടെ വിശദീകരണം കൃത്യതയുള്ളതാണെന്ന് ഉറപ്പുവരുത്തുവാൻ നാം ഉറവിടവിവരം ശ്രദ്ധാപൂർവം പഠിക്കണം. നാം ഉപയോഗിക്കുന്ന പ്രധാന ആശയങ്ങളും തിരുവെഴുത്തുകളും ആകമാനമുള്ള പ്രതിപാദ്യവിഷയത്തിന്റെ വികസിപ്പിക്കലുമായി ചേർച്ചയിലായിരിക്കണം. നിയമനത്തിൽ മറ്റൊരാൾകൂടി ഉൾപ്പെടുന്നുവെങ്കിൽ, സ്കൂളിൽ അത് അവതരിപ്പിക്കുന്നതിനു വളരെമുമ്പുതന്നെ അഭ്യസിച്ചുനോക്കേണ്ടതുണ്ട്. നാം പുരോഗതി വരുത്തുന്നതനുസരിച്ച്, പൂർണമായി എഴുതി നടത്തുന്ന പ്രസംഗത്തിനു പകരം കുറിപ്പുകൾ ഉപയോഗിച്ചു വാചാപ്രസംഗം നടത്താൻ ഒരു ശ്രമം നടത്തണം.
3 സ്കൂളിൽ നിയമനം ഉള്ളവരെല്ലാം നേരത്തെ എത്തിച്ചേർന്ന്, തങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ട് സ്കൂൾ മേൽവിചാരകനു നൽകുകയും ഹാളിന്റെ മുൻ ഭാഗത്തോടടുത്ത് ഇരിക്കുകയും ചെയ്യണം. തങ്ങളുടെ രംഗസംവിധാനം എന്താണന്നും തങ്ങളുടെ ഭാഗം നിന്നാണോ ഇരുന്നാണോ കൈകാര്യം ചെയ്യുന്നതെന്നും സഹോദരിമാർ കാലേകൂട്ടി സ്കൂൾ മേൽവിചാരകനെ അറിയിക്കണം. ഈ വിധത്തിൽ സഹകരിക്കുന്നത്, സുഗമമായ പരിപാടിയ്ക്കു സംഭാവന ചെയ്യുകയും പ്ലാറ്റ്ഫാറത്തിന്റെ ചുമതല വഹിക്കുന്നവരെ, എല്ലാം മുൻകൂട്ടി ഒരുക്കാൻതക്കവണ്ണം സഹായിക്കുകയും ചെയ്യും.
4 2-ാം നമ്പർ നിയമനം തയ്യാറാകൽ: ബൈബിൾ വായനയുടെ ഒരു ഉദേശ്യം വായനാ പ്രാപ്തി മെച്ചപ്പെടുത്താൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ്. ഇത് ഏറ്റവും മെച്ചമായി എങ്ങനെ നേടാൻ കഴിയും? വായനാ ഭാഗം ആവർത്തിച്ചാവർത്തിച്ച് ഉച്ചത്തിൽ വായിക്കുന്നതാണ് ഇതിൽ പ്രാവീണ്യം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം. അപരിചിതമായ ഏതു വാക്കുകളുടെയും അർഥവും ഉച്ചാരണവും പഠിക്കുന്നതിനു വിദ്യാർഥി നിഘണ്ടു പരിശോധിക്കേണ്ടതാണ്. നിഘണ്ടുവിലെ ഉച്ചാരണ ചിഹ്നങ്ങളുടെ അർഥവുമായി പരിചയത്തിലാകുന്നതും ഇത് ആവശ്യമാക്കിത്തീർത്തേക്കാം.
5 ബൈബിളിൽ കാണപ്പെടുന്ന സംജ്ഞാനാമങ്ങളും ഇംഗ്ലീഷിൽ സാധാരണമല്ലാത്ത പദങ്ങളും ഉച്ചരിക്കുന്നതിനുള്ള സഹായം പുതിയ ലോക ഭാഷാന്തരം നൽകുന്നു. അവയെ പദാംഗങ്ങളായി പിരിച്ചെഴുതിയും ആരോഹണ ചിഹ്നങ്ങൾ നൽകിയുമാണ് അത് അപ്രകാരം ചെയ്യുന്നത്. (“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാണ്,” [ഇംഗ്ലീഷ്] പേജ് 325-6, ഖണ്ഡികകൾ 27-8 കാണുക.) ഒരു നിയമമെന്നനിലയിൽ, ആരോഹണ ചിഹ്നത്തിനു മുന്നിൽ വരുന്ന പദാംഗത്തിനു പ്രധാന ഊന്നൽ ലഭിക്കുന്നു. ആരോഹണ ചിഹ്നമുള്ള പദാംഗം ഒരു സ്വരാക്ഷരത്തിൽ അവസാനിക്കുന്നുവെങ്കിൽ, ഉച്ചാരണത്തിൽ ആ സ്വരാക്ഷരം ദീർഘമായിരിക്കും. ഒരു പദാംഗം ഒരു വ്യഞ്ജനത്തിലാണ് അവസാനിക്കുന്നതെങ്കിൽ ആ പദാംഗത്തിലെ സ്വരാക്ഷരം ഹ്രസ്വമായിരിക്കും. (Saʹlu, Salʹlu, സേലൂ, സല്ലൂ, താരതമ്യം ചെയ്യുക.) ബൈബിൾ വായനാ നിയമനത്തിനു തയ്യാറാകാൻ ചില സഹോദരൻമാർ സൊസൈറ്റിയുടെ ഓഡിയോകാസറ്റുകൾ കേൾക്കുന്നു.
6 വായനാ നിയമനം തയ്യാറാകുന്നതിനു മാതാപിതാക്കൾക്കു തങ്ങളുടെ പ്രായംകുറഞ്ഞ കുട്ടികളെ സഹായിക്കാൻ കഴിയും. കുട്ടി പരിശീലിക്കുമ്പോൾ ശ്രദ്ധിക്കുന്നതും എന്നിട്ടു സഹായകരമായ നിർദേശങ്ങൾ അവനു നൽകുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. നിയുക്ത സമയം ഒരു ഹ്രസ്വ മുഖവുരയും മുഖ്യ ആശയങ്ങളുടെ ബാധകമാക്കൽ നടത്തുന്ന ഉചിതമായ ഉപസംഹാരവും അനുവദിക്കുന്നു. അങ്ങനെ വിദ്യാർഥി വാചാപ്രസംഗം നടത്താനുള്ള തന്റെ പ്രാപ്തി വികസിപ്പിക്കുന്നു.
7 സങ്കീർത്തനക്കാരൻ പ്രാർഥനാപൂർവം ഇങ്ങനെ അഭ്യർഥിച്ചു, “കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.” (സങ്കീ. 51:15) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നമ്മുടെ പങ്കുപറ്റൽ ഇതേ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ നമ്മെ സഹായിക്കുമാറാകട്ടെ.