യഹോവയുടെ ക്ഷമയെ നിങ്ങൾ വിലമതിക്കുന്നുവോ?
1 പത്തോ ഇരുപതോ വർഷം മുമ്പ് യഹോവ ഈ വ്യവസ്ഥിതിയെ നശിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾ സത്യം പഠിക്കുമായിരുന്നോ? “മാനസാന്തരപ്പെടുവാൻ” ഇത്രയധികമാളുകളെ അനുവദിച്ചിരിക്കുന്നതിൽ നാം അവനോട് എത്ര നന്ദിയുള്ളവരാണ്! എന്നാൽ, യഹോവയുടെ വലിയ ന്യായവിധി ദിവസം ഒരു “കള്ളനെപ്പോലെ” വരും. (2 പത്രൊ. 3:9, 10) അതുകൊണ്ട്, ഈ വ്യവസ്ഥിതിയെ നശിപ്പിക്കാൻ ദൈവം താമസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്റെ ക്ഷമയെ ദുർവ്യാഖ്യാനം ചെയ്യരുത്.—ഹബ. 2:3.
2 അനുകമ്പയുള്ളവർ ആയിരിക്കുക: യഹോവയുടെ ദീർഘക്ഷമ നമ്മുടെ ഗ്രാഹ്യത്തിനതീതമാണ്. അതിന്റെ ഉദ്ദേശ്യം നാം ഒരിക്കലും മറന്നുകളയരുത്. (യോനാ 4:1-4, 11) യഹോവ മനുഷ്യവർഗത്തിന്റെ ദയനീയാവസ്ഥ കാണുന്നുണ്ട്, അവന് അവരോട് അനുകമ്പയുണ്ട്. യേശുവിനു തോന്നുന്നതും അങ്ങനെതന്നെയാണ്. അനുകമ്പയാണ് പ്രസംഗിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്. കുടുതൽ ആളുകൾക്കു നിത്യജീവൻ നേടാനുള്ള അവസരം ലഭിക്കാനായി പ്രസംഗവേല വ്യാപിപ്പിക്കാൻ അവനെ പ്രേരിപ്പിച്ചതും അതാണ്.—മത്താ. 9:35-38.
3 ദുരന്തങ്ങളും വിപത്തുകളും ആഞ്ഞടിക്കുമ്പോൾ, സത്യം അറിയാത്ത ആളുകളോടു നമുക്ക് അനുകമ്പ തോന്നാറില്ലേ? ലോകത്തിലെ കുഴപ്പങ്ങളുടെ അർഥം മനസ്സിലാക്കാനും അവയെ തരണംചെയ്യാനും ശ്രമിക്കുന്ന ഇന്നത്തെ ആളുകൾ, “ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ”യാണ്. (മർക്കൊ. 6:34) സുവാർത്ത സതീക്ഷ്ണം പ്രസംഗിക്കുകവഴി, നാം ശരിയായ ഹൃദയനിലയുള്ളവരെ ആശ്വസിപ്പിക്കുകയും യഹോവയുടെ ക്ഷമയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കുകയുമായിരിക്കും ചെയ്യുന്നത്.—പ്രവൃ. 13:48, NW.
4 നമ്മുടേത് ഒരു അടിയന്തിര വേലയാണ്: കഴിഞ്ഞ വർഷം 3,23,439 പേർ സ്നാപനമേൽക്കുകയും 1,40,00,000 പേർ സ്മാരക ആഘോഷത്തിന് കൂടിവരികയും ചെയ്തു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കാനിരിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇനിയും എത്രയോ പേർ വന്നുചേരാനിരിക്കുന്നു! മഹാപുരുഷാരം എത്ര വലുതായിരിക്കുമെന്ന് നമുക്കറിയില്ല. (വെളി. 7:9) നമ്മുടെ ഈ പ്രസംഗനിയോഗം എത്രകാലത്തേക്കു കാണുമെന്നും നമുക്കറിയല്ല. എന്നാൽ ഇതെല്ലാം യഹോവയ്ക്കറിയാം. യഹോവയ്ക്ക് തൃപ്തിയാകുന്നിടത്തോളം സുവാർത്ത പ്രസംഗിക്കപ്പെടും “അപ്പോൾ അവസാനം വരും.”—മത്താ. 24:14.
5 ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു, ദൈവത്തിന്റെ ദിവസം ആസന്നമാണ്. (1 കൊരി. 7:29എ; എബ്രാ. 10:37) “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു” എന്നതിന് ഒരു സംശയവുമില്ല. (റോമ. 13:11) ദിവ്യക്ഷമയുടെ ഉദ്ദേശ്യം ഗ്രഹിക്കുന്നതിൽ നമുക്കു പരാജയപ്പെടാതിരിക്കാം. പകരം, നീതിക്കായി വാഞ്ഛിക്കുന്ന അനേകർ യഹോവയുടെ മഹാകരുണ അനുഭവിക്കത്തക്കവിധം നമുക്ക് അടിയന്തിരതയോടെ സുവാർത്ത പ്രസംഗിക്കാം.