നിങ്ങൾ ലജ്ജാലുവാണോ?
1 ഒരു കുട്ടി തന്റെ മാതാവിന്റെയോ പിതാവിന്റെയോ പിന്നിൽനിന്ന് നമ്മെ ഒളിഞ്ഞുനോക്കുന്നത് കണ്ടാൽ നമുക്ക് അതിശയമൊന്നും തോന്നാറില്ല. കുട്ടിക്കാലത്ത് ലജ്ജ സ്വാഭാവികമാണ്. മുതിർന്നശേഷവും ചിലർക്ക് ലജ്ജ അനുഭവപ്പെടാറുണ്ട്. ശുശ്രൂഷയിലെ നിങ്ങളുടെ പങ്കുപറ്റലിന് ലജ്ജ ഒരു പ്രതിബന്ധമാകുന്നുവെങ്കിൽ എന്തു ചെയ്യാനാവും?
2 ലജ്ജയെ തരണംചെയ്യൽ: ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യന്’ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. (1 പത്രൊ. 3:4) യഹോവയോടും അയൽക്കാരോടുമുള്ള നിങ്ങളുടെ സ്നേഹം ബലിഷ്ഠമാക്കുക. ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട ഒരു വിധം പ്രസംഗിക്കാനുള്ള നിയമനം നിറവേറ്റുകയാണ് എന്ന കാര്യത്തിൽ പൂർണ ബോധ്യമുണ്ടായിരിക്കേണ്ടതാണ്. വ്യക്തിപരമായ പഠനവും യോഗഹാജരും നിങ്ങളുടെ ജീവിതചര്യയാക്കുക. ഈ പ്രശ്നം തരണം ചെയ്യാനുള്ള സഹായത്തിനായി യഹോവയോട് നിരന്തരം പ്രാർഥിക്കുക. അവനിലുള്ള ശക്തമായ വിശ്വാസവും ആശ്രയവും നിങ്ങളുടെ ബോധ്യത്തെ ബലിഷ്ഠമാക്കുകയും “ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ” നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.—ഫിലി. 1:14.
3 അപര്യാപ്തതാ ബോധത്തോട് പോരാടുക. തിമൊഥെയൊസിന് അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ടാകണം. ‘ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെ ആത്മാവിനെയത്രേ ദൈവം നമുക്ക് തന്നത്’ എന്ന് ഓർമിപ്പിച്ചുകൊണ്ട്, ‘ആരും നിന്റെ യൗവനം തുച്ഛീകരിക്കാതിരിക്കട്ടെ’ എന്ന പ്രോത്സാഹനം പൗലൊസ് അവന് നൽകി. (1 തിമൊ. 4:12; 2 തിമൊ. 1:7) തിമൊഥെയൊസിനെ യഹോവ പൂർണമായി ഉപയോഗിച്ചു, ദൈവത്തിലുള്ള പൂർണ വിശ്വാസത്തോടെ പുരോഗമിക്കാൻ ശ്രമിക്കുന്നപക്ഷം അവൻ നിങ്ങളെയും ഉപയോഗിക്കും.—സങ്കീ. 56:11.
4 വിശ്വാസത്തോട് എതിർപ്പുണ്ടായിരുന്ന ഭർത്താവിനെ ഭയപ്പെട്ടിരുന്ന ഒരു സഹോദരിയെ മത്തായി 10:37 പോലുള്ള വാക്യങ്ങൾ ധ്യാനിക്കുന്നത് സഹായിച്ചു. അവൾ പിടിച്ചുനിന്നപ്പോൾ, ശുശ്രൂഷ എളുപ്പമായിത്തീർന്നു. കാലക്രമത്തിൽ അവളുടെ ഭർത്താവും, അമ്മയും സഹോദരങ്ങളും സത്യം സ്വീകരിച്ചു!
5 തയ്യാറാകൽ അനിവാര്യം: ശുശ്രൂഷയ്ക്ക് നന്നായി തയ്യാറാകുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം പിന്നെയും വർധിക്കും. ന്യായവാദം പുസ്തകത്തിൽനിന്നോ നമ്മുടെ രാജ്യശുശ്രൂഷയുടെ കഴിഞ്ഞ ലക്കങ്ങളിൽനിന്നോ ലളിതമായ ഒരു അവതരണം നന്നായി പഠിച്ച് പരിശീലിക്കുക. അനാവശ്യമായി ഉത്കണ്ഠപ്പെടാതെ ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുക. മറ്റുള്ളവരോടൊത്തു പ്രവർത്തിച്ചുകൊണ്ട് ധൈര്യമാർജിക്കുക. വീടുകളിൽ നിങ്ങൾ കണ്ടുമുട്ടുന്ന മിക്കവരും നിങ്ങളെപ്പോലെതന്നെ ലജ്ജാലുക്കളാണെന്നത് ഓർത്തിരിക്കുക. എല്ലാവർക്കും രാജ്യസന്ദേശം ആവശ്യമാണ്.
6 നിങ്ങൾക്ക് ലജ്ജ അനുഭവപ്പെടുന്നെങ്കിൽ നിരാശ തോന്നേണ്ടതില്ല. നിങ്ങൾ കഠിനശ്രമം ചെയ്യവെ, സുവാർത്തയുടെ ഒരു ഫലപ്രദനായ ശുശ്രൂഷകനായിത്തീരാൻ യഹോവ നിങ്ങളെ സഹായിക്കും. അപ്പോൾ നിങ്ങൾക്ക് ശുശ്രൂഷ ആസ്വദിക്കാൻ കഴിയും.—സദൃ. 10:22.