യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കഴിയാത്തത് എന്തുകൊണ്ട്?
“ലജ്ജ തളർത്തിക്കളയുന്ന ഒരു സംഗതിയാണ്. വിടാതെ പിടികൂടുന്ന ഒരു ഭയമാണ് അത്. അതിനെ നിങ്ങൾ നേരിടേണ്ടിയിരിക്കുന്നു. അത് ഒരു യഥാർഥ അനുഭവം തന്നെയാണ്.”—റിച്ചാർഡ്.a
“കൗമാരത്തിന്റെ തുടക്കത്തിൽ ലജ്ജ എനിക്കു ശരിക്കും ഒരു പ്രശ്നമായിരുന്നു. ഞാൻ എന്റേതു മാത്രമായ ഒരു കൊച്ചു ലോകത്ത് ആയിരുന്നതുപോലെ തോന്നി.”—18 വയസ്സുള്ള എലിസബെത്ത്.
‘എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്ക് മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കഴിയാത്തത് എന്തുകൊണ്ട്?’ നിങ്ങൾ ചിലപ്പോഴൊക്കെ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാറുണ്ടോ? മുകളിൽ ഉദ്ധരിച്ച റിച്ചാർഡിനെപ്പോലെ, പുതിയ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ നിങ്ങൾക്ക് പരിഭ്രമമോ ഉത്കണ്ഠയോ തോന്നിയേക്കാം. അധികാരികളോടൊത്ത് ആയിരിക്കുമ്പോൾ നിങ്ങൾക്കു വിറയൽ അനുഭവപ്പെട്ടേക്കാം. അല്ലെങ്കിൽ, നിങ്ങളുടെ വികാരങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരം ലഭിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നു എന്നതിനെപ്പറ്റി നിങ്ങൾ വളരെയധികം ആകുലപ്പെടുന്നതിനാൽ നിങ്ങൾ നിശ്ശബ്ദത പാലിച്ചേക്കാം. “നല്ല പരിചയമില്ലാത്തവരുടെ അടുത്തു പോയി സംസാരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്” എന്നു ട്രേസി എന്ന ചെറുപ്പക്കാരി പറയുന്നു.
അത്തരം തോന്നലുകൾക്കു കാരണം എന്താണ്? പ്രശ്നം മനസ്സിലാക്കുന്നത് അതു തരണം ചെയ്യുന്നതിലെ ആദ്യത്തെ പടി ആയിരുന്നേക്കാം. (സദൃശവാക്യങ്ങൾ 1:5) ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ആളുകളുടെ കൂടെ ആയിരിക്കുമ്പോൾ എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്കുള്ള പ്രശ്നം എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി അതു പരിഹരിക്കാൻ എനിക്കു ശ്രമിക്കാൻ കഴിയും.” അതുകൊണ്ട്, ചില യുവജനങ്ങൾക്ക് ആളുകളുമായി ഇടപഴകാൻ ബുദ്ധിമുട്ടുള്ളതിന്റെ ഏതാനും കാരണങ്ങൾ നമുക്കു പരിശോധിക്കാം.
ലജ്ജ എന്ന പ്രശ്നം
സർവസാധാരണമായ ഒരു കാരണം ലജ്ജയാണ്. ആളുകളുമായി ഇടപഴകുന്ന ഒരു യുവവ്യക്തിക്കു പലരുമായും സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. അതേസമയം, ലജ്ജാലുവായ, പിന്മാറിനിൽക്കുന്ന ഒരാൾക്ക് ഏകാന്തതയും ഒറ്റപ്പെട്ടുവെന്ന തോന്നലും ഉണ്ടാകുന്നു. “കൗമാരത്തിന്റെ തുടക്കത്തിൽ ലജ്ജ എനിക്കു ശരിക്കും ഒരു പ്രശ്നമായിരുന്നു. ഞാൻ എന്റേതു മാത്രമായ ഒരു കൊച്ചു ലോകത്ത് ആയിരുന്നതുപോലെ തോന്നി” എന്നു 18 വയസ്സുള്ള എലിസബെത്ത് പറയുന്നു. ഹൈസ്കൂളിലെ ആദ്യവർഷം തനിക്ക് അനുഭവപ്പെട്ട പിരിമുറുക്കം ഡയാൻ അനുസ്മരിക്കുന്നു. “ഒരു ശ്രദ്ധാപാത്രമാകാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ശ്രദ്ധിക്കപ്പെടുന്നത് എത്ര പ്രധാനമാണെന്നാണു ഞങ്ങൾ വിചാരിക്കുന്നത് എന്ന് അടയാളപ്പെടുത്താൻ ഒരു അധ്യാപകൻ ഞങ്ങളോട് ആവശ്യപ്പെട്ടു. പൂജ്യം മുതൽ അഞ്ച് വരെയായിരുന്നു അതിന്റെ തോത്. പൂജ്യം ആണെങ്കിൽ ശ്രദ്ധിക്കപ്പെടുന്നതിനു പ്രാധാന്യമേ ഇല്ല എന്നർഥം. അഞ്ചാണെങ്കിൽ, പ്രാധാന്യമുണ്ട് എന്നും. സ്കൂളിലെ പ്രശസ്തരായ എല്ലാ പെൺകുട്ടികളും അഞ്ച് എന്നു രേഖപ്പെടുത്തി, ഞാനാകട്ടെ പൂജ്യവും. എന്നെ സംബന്ധിച്ചിടത്തോളം, മിക്കവാറും ലജ്ജ എന്നത് ശ്രദ്ധാപാത്രമാകുന്നതു സംബന്ധിച്ച ഭയമായിരുന്നു. മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടാതിരുന്നേക്കാം എന്ന ഭയം ഉള്ളതിനാൽ ശ്രദ്ധിക്കപ്പെടാനോ ശ്രദ്ധാകേന്ദ്രമായിത്തീരാനോ നിങ്ങൾ ആഗ്രഹിക്കുന്നില്ല.”
തീർച്ചയായും, കുറച്ചൊക്കെ ലജ്ജ തോന്നുന്നത് അത്ര മോശമായ കാര്യമൊന്നുമല്ല. ലജ്ജ താഴ്മയുമായി—സ്വന്തം പരിമിതികളെ കുറിച്ചുള്ള ബോധം—അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ‘ദൈവത്തോടൊത്ത് താഴ്മയോടെ നടക്കാൻ’ ബൈബിൾ നമ്മോടു കൽപ്പിച്ചിരിക്കുന്നു. (മീഖാ 6:8) മറ്റുള്ളവരുടെ മേൽ അധീശത്വം പുലർത്തുന്ന, കയറി ഭരിക്കുന്ന സ്വഭാവമുള്ള, അല്ലെങ്കിൽ അധികാരപൂർവം ആവശ്യപ്പെടുന്ന ഒരു വ്യക്തിയെക്കാൾ താഴ്മയുള്ള, കുറച്ചൊക്കെ ലജ്ജാശീലം പോലുമുള്ള, ഒരു വ്യക്തിയുടെ കൂടെ ആയിരിക്കാൻ എളുപ്പമായിരുന്നേക്കാം. “സംസാരിപ്പാൻ ഒരു കാലം” ഉണ്ട് എന്നതു ശരിയാണ്, അതുപോലെ ‘മിണ്ടാതിരിപ്പാനും ഒരു കാലം’ ഉണ്ട്. (സഭാപ്രസംഗി 3:7) ലജ്ജാലുവായ ഒരു വ്യക്തിക്ക് മൗനം പാലിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല. കാരണം അവർ ‘കേൾപ്പാൻ വേഗതയും പറവാൻ താമസവും’ ഉണ്ടായിരിക്കാൻ ചായ്വ് ഉള്ളവരാണ്. മറ്റുള്ളവർ അവരെ മിക്കപ്പോഴും നല്ല ശ്രോതാക്കളായി കണക്കാക്കുന്നു.—യാക്കോബ് 1:19.
എന്നുവരികിലും, മിക്കപ്പോഴും ഒരു യുവവ്യക്തി മൗനിയോ ലജ്ജാലുവോ നാണംകുണുങ്ങിയോ ആയിരുന്നേക്കാം. തന്നിമിത്തം സുഹൃത്തുക്കളെ നേടാനും ബുദ്ധിമുട്ടു നേരിട്ടേക്കാം. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ ലജ്ജ, ഒരു എഴുത്തുകാരൻ വിളിക്കുന്നതുപോലെ, “മാനസികമായ ഒരുതരം സ്വയം തളച്ചിട”ലിന്—സാമൂഹികമായി ഒറ്റപ്പെടുന്നതിന്—കാരണമായേക്കാം.—സദൃശവാക്യങ്ങൾ 18:1.
ലജ്ജ—ഒരു സാധാരണ പ്രശ്നം
ലജ്ജ മുഖാന്തരം നിങ്ങൾ കഷ്ടമനുഭവിക്കുകയാണെങ്കിൽ, ഇത് സർവസാധാരണമായ ഒരു പ്രശ്നമാണെന്നു തിരിച്ചറിയുക. ഹൈസ്കൂൾ/കോളെജ് വിദ്യാർഥികളിൽ നടത്തിയ ഒരു പഠനത്തിൽ, “തങ്ങളുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ലജ്ജ അനുഭവപ്പെട്ടതായി 82 ശതമാനം വിദ്യാർഥികളും പറഞ്ഞു.” (കൗമാരം [ഇംഗ്ലീഷ്], ഈസ്റ്റ്വുഡ് അറ്റ്വോട്ടർ) ബൈബിൾ കാലങ്ങളിലെ ചിലർക്കും ലജ്ജ ഒരു പ്രശ്നമായിരുന്നു. മോശെ, തിമൊഥെയൊസ് തുടങ്ങിയ മാതൃകാ പുരുഷന്മാർ ഇതുമായി പോരാട്ടം നടത്തിയിട്ടുണ്ടാകാം.—പുറപ്പാടു 3:11, 13; 4:1, 10, 13; 1 തിമൊഥെയൊസ് 4:12; 2 തിമൊഥെയൊസ് 1:6-8.
പുരാതന ഇസ്രായേൽ ജനതയുടെ പ്രഥമ രാജാവായിരുന്ന ശൗലിന്റെ കാര്യമെടുക്കുക. ശൗൽ സ്വാഭാവികമായും ഒരു ധീരനായിരുന്നു. തന്റെ പിതാവിന്റെ മൃഗക്കൂട്ടത്തെ കാണാതായപ്പോൾ ശൗൽ അവയെ രക്ഷിക്കാനായി സധീരം പുറപ്പെട്ടു. (1 ശമൂവേൽ 9:3, 4) എന്നാൽ ആ ജനതയുടെ രാജാവായി അവൻ നിയമിതനായപ്പോൾ, ലജ്ജ പെട്ടെന്നുതന്നെ അവനെ പിടികൂടി. ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനു പകരം ശൗൽ സാധനസാമഗ്രികൾക്ക് ഇടയിൽപ്പോയി ഒളിക്കുകയാണു ചെയ്തത്!—1 ശമൂവേൽ 10:20-24.
ശൗൽ പ്രകടമാക്കിയ ആത്മവിശ്വാസരാഹിത്യം നമ്മെ അമ്പരപ്പിച്ചേക്കാം. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനായിരുന്നു അവൻ എന്നാണ് ബൈബിൾ അവനെക്കുറിച്ചു പറയുന്നത്. എന്തിന്, “അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു!” (1 ശമൂവേൽ 9:2) മാത്രമല്ല, രാജാവെന്ന നിലയിലുള്ള അവന്റെ ഭരണത്തെ യഹോവ അനുഗ്രഹിക്കുമെന്നു ദൈവത്തിന്റെ പ്രവാചകൻ ശൗലിന് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. (1 ശമൂവേൽ 9:17, 20) എന്നിട്ടുപോലും, ശൗലിന് ഒരു ചഞ്ചലിപ്പ് അനുഭവപ്പെട്ടു. രാജാവാകുമെന്ന് അവനോടു പറയപ്പെട്ടപ്പോൾ അവൻ താഴ്മയോടെ ഇങ്ങനെ പ്രതിവചിച്ചു: ‘ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏററവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏററവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു?’—1 ശമൂവേൽ 9:21.
ശൗലിനെപ്പോലെയുള്ളവർക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടെങ്കിൽ, ചിലപ്പോഴൊക്കെ അതു നിങ്ങൾക്കും സംഭവിച്ചേക്കാം എന്നതിൽ അതിശയിക്കാനില്ല. ഒരു യുവവ്യക്തി എന്ന നിലയിൽ, ശരീരം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കു വിധേയമാകുന്ന പ്രായത്തിലാണു നിങ്ങൾ. മുതിർന്നവരുടെ ലോകത്തിൽ പെരുമാറേണ്ട വിധം സംബന്ധിച്ചു നിങ്ങൾ പഠിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. മിക്കപ്പോഴും, കുറച്ചൊക്കെ അസ്വസ്ഥതയും പരിഭ്രമവും അനുഭവപ്പെടുക തികച്ചും സ്വാഭാവികം മാത്രമാണ്. പേരന്റ്സ് എന്ന മാസികയിൽ ഡോ. ഡേവിഡ് എൽകൈൻഡ് ഇങ്ങനെ എഴുതി: “കൗമാരപ്രായത്തിന്റെ തുടക്കത്തിൽ, ഒരു സാങ്കൽപ്പിക സദസ്സ് എന്നു ഞാൻ വിശേഷിപ്പിക്കുന്ന ഒന്ന്—മറ്റുള്ളവർ തങ്ങളെ വീക്ഷിക്കുന്നുവെന്നും അവരുടെ മുഴുശ്രദ്ധയും തങ്ങളുടെ പ്രവർത്തനങ്ങളിലും ആകാരത്തിലും ആണെന്നുമുള്ള തോന്നൽ—വികാസം പ്രാപിക്കുന്നതിന്റെ ഫലമായി ചെറുപ്പക്കാരിൽ മിക്കവരും ലജ്ജയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നു.”
പലപ്പോഴും ചെറുപ്പക്കാരുടെ ആകാരത്തിന്റെ അടിസ്ഥാനത്തിൽ സമപ്രായക്കാർ അവരെ വിധിക്കുന്നതുകൊണ്ട്, പലരും തങ്ങളുടെ ആകാരം സംബന്ധിച്ച് ആകുലപ്പെടുന്നു. (2 കൊരിന്ത്യർ 10:7 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, ആകാരം സംബന്ധിച്ച അമിത ഉത്കണ്ഠ ആരോഗ്യകരമല്ല. ഫ്രാൻസിലെ ലിലിയ എന്ന ചെറുപ്പക്കാരി ഇതു സംബന്ധിച്ച തന്റെ അനുഭവം പറയുന്നു: “മിക്ക ചെറുപ്പക്കാർക്കും ഉള്ള പ്രശ്നം തന്നെയാണ് എനിക്കും ഉണ്ടായിരുന്നത്. മുഖക്കുരു! ആകാരം സംബന്ധിച്ച വേവലാതി നിമിത്തം മറ്റുള്ളവരെ സമീപിക്കാൻ നിങ്ങൾക്കു ധൈര്യം തോന്നില്ല.”
ഒരു വിഷമവൃത്തം
പലപ്പോഴും, ലജ്ജാശീലമുള്ളവരെ മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതുകൊണ്ട്, അവർ കൂടെക്കൂടെ ഒറ്റപ്പെട്ടുപോകുന്നു. കൗമാരം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ലജ്ജാശീലരായ കൗമാരപ്രായക്കാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കുന്ന കാര്യത്തിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാരണം, അവർ മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഒഴിഞ്ഞുമാറി നിൽക്കുന്നവർ, മുഷിപ്പന്മാർ, രസംകൊല്ലികൾ, മറ്റുള്ളവരെ തരംതാണവരായി വീക്ഷിക്കുന്നവർ, സൗഹൃദഭാവം ഇല്ലാത്തവർ, വിരോധികൾ എന്നിങ്ങനെയൊക്കെ ലജ്ജാ പ്രകൃതമുള്ളവരെ കരുതാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള പെരുമാറ്റവും കൂടിയാകുമ്പോൾ, അവർ കൂടുതൽ ഒറ്റപ്പെട്ടവരോ ഏകാന്തരോ വിഷാദചിത്തരോ ആയിത്തീർന്നേക്കാം.” അതു കൂടുതൽ ലജ്ജാശീലത്തോടെ പെരുമാറാനേ ഇടയാക്കൂ. അഹംഭാവികളോ പൊങ്ങച്ചക്കാരോ ആണ് അവരെന്ന മറ്റുള്ളവരുടെ അബദ്ധ ധാരണയെ അത് ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യും.
യഥാർഥത്തിൽ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങൾ“ലോകത്തിന്നു കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ” മറ്റുള്ളവർക്കു നൽകുന്ന ധാരണയെക്കുറിച്ചു നിങ്ങൾ ശ്രദ്ധയുള്ളവർ ആയിരിക്കണം. (1 കൊരിന്ത്യർ 4:9) മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ നിങ്ങൾ ദൃഷ്ടിസമ്പർക്കം ഒഴിവാക്കുന്നുണ്ടോ? നിങ്ങളുടെ ശാരീരിക നിലയും അംഗവിക്ഷേപങ്ങളും എന്നെ വെറുതെ വിട്ടേക്ക് എന്ന സന്ദേശമാണോ നൽകുന്നത്? അങ്ങനെയെങ്കിൽ, മറ്റുള്ളവർ നിങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും ഒഴിവാക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം എന്നു തിരിച്ചറിയുക. സുഹൃദ്ബന്ധങ്ങൾ നേടുന്നതിന് അതു കൂടുതൽ ബുദ്ധിമുട്ട് ഉളവാക്കിയേക്കാം.
മറ്റു ഘടകങ്ങൾ
പരാജയഭീതിയാണ് സാധാരണമായ മറ്റൊരു പ്രശ്നം. നിങ്ങൾക്കു പരിചയമില്ലാത്ത പുതിയ എന്തെങ്കിലും ചെയ്യുമ്പോൾ, ഒരൽപ്പം അരക്ഷിതത്വമോ വിമുഖതയോ അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ, ചില ചെറുപ്പക്കാർ അതിനെ അതിരു കടന്നു വീക്ഷിക്കുന്നു. സാമൂഹിക ഭയം ഉണ്ടായിരുന്ന ഗേയൽ എന്ന ചെറുപ്പക്കാരി ഇങ്ങനെ പറയുന്നു: “ഞാൻ ക്ലാസ്സിൽ ഉത്തരമൊന്നും പറയുമായിരുന്നില്ല. ‘അവൾ കൈ ഉയർത്തുന്നില്ല’, ‘അവൾ വ്യക്തമായി ഉച്ചത്തിൽ സംസാരിക്കുന്നില്ല’ എന്നിങ്ങനെയുള്ള പരാതികൾ എന്റെ മാതാപിതാക്കൾക്കു നിരന്തരം ലഭിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ വളരെ ബുദ്ധിമുട്ടുള്ളതും സമ്മർദപൂരിതവുമായ സംഗതികളായിരുന്നു. നിങ്ങൾക്കറിയാമോ, ഇപ്പോഴും എനിക്ക് അത് ബുദ്ധിമുട്ടാണ്.” പരാജയഭീതിക്ക് ഒരുവനെ തളർത്തിക്കളയാൻ കഴിയും. “തെറ്റു പറ്റുമോ എന്ന വേവലാതിയാണ് എനിക്ക്” എന്ന് പീറ്റർ എന്ന ചെറുപ്പക്കാരൻ പറയുന്നു. “ഞാൻ എന്താണ് ചെയ്യുന്നതെന്നു വാസ്തവത്തിൽ എനിക്കുതന്നെ അറിഞ്ഞുകൂടാ.” സമപ്രായക്കാരുടെ ക്രൂരമായ പരിഹാസവും വിമർശനവും യുവപ്രായത്തിലുള്ള ഒരാളുടെ ആന്തരിക ഭയം വർധിക്കുന്നതിനും ആത്മവിശ്വാസത്തിനു ഗുരുതരമായ ഇടിവു തട്ടുന്നതിനും കാരണമാകുന്നു.
മറ്റുള്ളവരോടു തുറന്ന് ഇടപഴകാനുള്ള കഴിവുകുറവാണ് സാധാരണമായ മറ്റൊരു പ്രശ്നം. എന്തു പറയണം എന്ന് അറിഞ്ഞുകൂടാത്തതിന്റെ പേരിൽ പുതിയ ഒരാളെ പരിചയപ്പെടാൻ മുൻകൈ എടുക്കുന്നതിൽ നിങ്ങൾ മടി കാണിച്ചേക്കാം. മുതിർന്നവർ പോലും അത്തരം പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട് എന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം. ഫ്രെഡ് എന്നു പേരുള്ള ഒരു ബിസിനസുകാരൻ ഇങ്ങനെ പറയുന്നു: “ബിസിനസ് രംഗത്ത്, എന്തു ചെയ്യണമെന്ന് എനിക്കറിയാം, ഞാൻ അതു നന്നായി ചെയ്യുന്നുമുണ്ട്. ബിസിനസിനെ കുറിച്ചു സംസാരിക്കുകയാണെങ്കിൽ മതിപ്പുളവാക്കും വിധം വിവരങ്ങൾ അവതരിപ്പിക്കാൻ എനിക്കൊരു പ്രയാസവുമില്ല. എന്നാൽ, അതേ ആളുകളോടു മറ്റു കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് മടിതോന്നുന്നു. മുഷിപ്പൻ എന്നോ ഔപചാരികമായി സംസാരിക്കുന്നവൻ എന്നോ സാങ്കേതിക പദാവലി ഉപയോഗിക്കുന്നവൻ എന്നോ അരസികൻ എന്നോ എന്നെ മുദ്രകുത്തിയേക്കാം.”
ലജ്ജയോ പരിഭ്രമമോ തുറന്നിടപഴകാനുള്ള ബുദ്ധിമുട്ടോ ഉണ്ടായിരുന്നാലും, ആളുകളുമായി എങ്ങനെ കൂടുതൽ ഇടപഴകാം എന്നു പഠിക്കുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്യും. ‘വിശാലരാകാനും’ മറ്റുള്ളവരെ അടുത്തറിയാനും ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:13) നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും? ഞങ്ങളുടെ ഭാവി ലക്കത്തിൽ അതു ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ യഥാർഥമല്ല.
[26-ാം പേജിലെ ചിത്രം]
ലജ്ജാലുക്കൾ ഒഴിഞ്ഞുമാറുന്നവരായി മിക്കപ്പോഴും കരുതപ്പെടുന്നു
[26-ാം പേജിലെ ചിത്രം]
ചില യുവജനങ്ങൾ മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കാരണം പരാജയഭീതിയാണ്