യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ ആളുകളുമായി കൂടുതൽ നന്നായി ഇടപഴകാൻ സാധിക്കും?
“ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽത്തന്നെ ആരും അതു ശ്രദ്ധിക്കില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ അമ്മ വലിയ നാണക്കാരി ആയിരുന്നു. ആ സ്വഭാവം തന്നെയാണ് എനിക്കും കിട്ടിയിരിക്കുന്നതെന്നു തോന്നുന്നു.”—ആർട്ടി.
ഈ നാണംകുണുങ്ങി സ്വഭാവം ഒന്നു മാറിക്കിട്ടിയിരുന്നെങ്കിൽ, ആളുകളുമായി കുറേക്കൂടെ നന്നായി ഇടപഴകാൻ സാധിച്ചിരുന്നെങ്കിൽ എന്നു നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നതു പോലെ, ലജ്ജാശീലം സാധാരണമായ ഒരു സ്വഭാവ സവിശേഷതയാണ്.a അതുകൊണ്ട്, അധികം സംസാരിക്കാത്തതോ ഗൗരവമുള്ളതോ ഒതുങ്ങിക്കൂടുന്നതോ ആയ ഒരു പ്രകൃതമാണു നിങ്ങളുടേതെങ്കിൽ വാസ്തവത്തിൽ അതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അമിതമായ ലജ്ജാശീലം ഒരു പ്രശ്നം തന്നെയാണ്. സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കുന്നതിൽനിന്ന് അതു നിങ്ങളെ തടഞ്ഞേക്കാം. കൂടാതെ സത്കാര വേളകളിലും മറ്റും അതു നിങ്ങളിൽ അസ്വസ്ഥത ഉളവാക്കിയേക്കാം.
മുതിർന്നവർക്കു പോലും മിക്കപ്പോഴും ലജ്ജാശീലവുമായി മല്ലിടേണ്ടിവരാറുണ്ട്. ക്രിസ്തീയ സഭയിലെ ഒരു മൂപ്പനാണ് ബാരി.b ആളുകളുടെ കൂട്ടത്തിൽ ആയിരിക്കുമ്പോൾ അദ്ദേഹം നിശ്ശബ്ദനായി മാറുന്നു. അദ്ദേഹം സമ്മതിച്ചു പറയുന്നു: “അർഥവത്തായ എന്തെങ്കിലും പറയാനുള്ള കഴിവ് എനിക്ക് ഉണ്ടെന്നു തോന്നുന്നില്ല.” അദ്ദേഹത്തിന്റെ ഭാര്യ ഡയാനിനും ഉണ്ട് ഇതേ പ്രശ്നം. അവൾ കണ്ടുപിടിച്ച പരിഹാരമോ? അവൾ പറയുന്നു: “ആളുകളുമായി ഇടപഴകാൻ മടിയില്ലാത്തവരോടൊപ്പം ആയിരിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം അവർ സംസാരം ഏറ്റെടുത്തുകൊള്ളുമെന്ന് എനിക്കു തോന്നുന്നു.” ആളുകളുമായി കൂടുതൽ ഇടപഴകാൻ നിങ്ങളെ സഹായിക്കുന്ന ചില മാർഗങ്ങൾ എന്തൊക്കെയാണ്?
സ്വയം വിലകുറച്ചു കാണാതിരിക്കുക
ആദ്യം നിങ്ങൾക്കു നിങ്ങളെ കുറിച്ചുതന്നെയുള്ള കാഴ്ചപ്പാട് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടായിരിക്കാം. മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടുകയില്ലെന്നോ മറ്റുള്ളവരോടു പറയത്തക്ക മൂല്യമുള്ള യാതൊന്നും നിങ്ങളുടെ പക്കലില്ലെന്നോ വിചാരിച്ചുകൊണ്ടു നിങ്ങൾ സ്വയം വിലകുറഞ്ഞവരായി വീക്ഷിക്കാറുണ്ടോ? നിങ്ങളെ കുറിച്ചുതന്നെ നിഷേധാത്മകമായി ചിന്തിക്കുന്നത് മറ്റുള്ളവരുമായി ഇടപഴകുന്നതിന് ഒരു തടസ്സമായിത്തീരുകയേ ഉള്ളൂ. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക” എന്നാണ് യേശു പറഞ്ഞത്—അല്ലാതെ നിനക്കു പകരം സ്നേഹിക്കണം എന്നല്ല! (മത്തായി 19:19) അതുകൊണ്ട് ന്യായമായ അളവോളം സ്വയം സ്നേഹിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ സമീപിക്കാൻ ആവശ്യമായ ആത്മവിശ്വാസം അതു നിങ്ങൾക്കു നൽകിയേക്കാം.
ആത്മാഭിമാനക്കുറവിന്റേതായ തോന്നലുകൾ നിങ്ങളെ അലട്ടുന്നെങ്കിൽ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംc എന്ന പുസ്തകത്തിലെ “ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട്?” എന്ന 12-ാം അധ്യായം വായിക്കുന്നത് സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളുടെ വ്യക്തിത്വത്തെ ആകർഷകമാക്കുന്ന അനേകം ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടെന്നു കാണാൻ ആ വിവരങ്ങൾ സഹായിച്ചേക്കാം. നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെന്ന വസ്തുതതന്നെ ദൈവത്തിന്റെ ദൃഷ്ടിയിൽ മൂല്യവത്തായ ചിലതു നിങ്ങൾക്ക് ഉണ്ടെന്നാണു പ്രകടമാക്കുന്നത്. യേശു പറയുകയുണ്ടായി: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.”—യോഹന്നാൻ 6:44.
മറ്റുള്ളവരിൽ താത്പര്യമെടുക്കുക
സദൃശവാക്യങ്ങൾ 18:1 മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു.” അതേ, സ്വയം ഒതുങ്ങിക്കൂടുന്നെങ്കിൽ നിങ്ങൾ നിങ്ങളിൽത്തന്നെ അമിതമായ ശ്രദ്ധ പതിപ്പിക്കാൻ സാധ്യതയുണ്ട്. ‘സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കാൻ’ ഫിലിപ്പിയർ 2:4 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിലും താത്പര്യങ്ങളിലും നിങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമ്പോൾ നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ അമിതമായി ചിന്തിച്ചു വേവലാതിപ്പെടില്ല. മറ്റുള്ളവരോട് എത്രയധികം കരുതൽ പ്രകടമാക്കുന്നുവോ അവരെ അടുത്തറിയുന്നതിൽ നിങ്ങൾ അത്രയധികം മുൻകൈ എടുക്കാൻ സാധ്യതയുണ്ട്.
ഉദാഹരണത്തിന്, ലുദിയ എന്ന ഒരു സ്ത്രീയുടെ കാര്യമെടുക്കാം. സൗഹൃദത്തിന്റെയും ആതിഥ്യമര്യാദയുടെയും പ്രതീകമായി അവൾ അറിയപ്പെടാൻ ഇടയായിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസിന്റെ വചനങ്ങൾ കേട്ട് സ്നാപനമേറ്റ ശേഷം “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ” എന്ന് അവൾ പൗലൊസിനോടും സഹകാരികളോടും അപേക്ഷിച്ചതായി ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 16:11-15) ഒരു പുതിയ വിശ്വാസി ആയിരുന്നെങ്കിലും, ഈ സഹോദരന്മാരെ അടുത്തറിയാൻ ലുദിയ മുൻകൈ എടുത്തു—തത്ഫലമായി അവൾക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിച്ചു എന്നുള്ളതിനു യാതൊരു സംശയവുമില്ല. പൗലൊസും ശീലാസും തടവിൽനിന്നു വിമുക്തരാക്കപ്പെട്ട ശേഷം എങ്ങോട്ടാണു പോയത്? അവർ തിരിച്ചുപോയത് ലുദിയയുടെ വീട്ടിലേക്കായിരുന്നു എന്നതു ശ്രദ്ധേയമാണ്!—പ്രവൃത്തികൾ 16:35-40.
സമാനമായി, മിക്ക ആളുകളും നിങ്ങൾ അവരോടു കാട്ടുന്ന താത്പര്യത്തോടു പ്രതികരിക്കും. നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്തു തുടങ്ങാൻ സാധിക്കും? സഹായകമായ ഏതാനും നിർദേശങ്ങൾ ഇതാ:
● ചെറിയ പടികൾ സ്വീകരിച്ചുകൊണ്ട് ആരംഭിക്കുക. ആളുകളോട് ഇടപഴകുക എന്നതിന്റെ അർഥം നിങ്ങൾ പരകാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്ന ആളോ സമൂഹത്തിൽ അറിയപ്പെടുന്ന, തിരക്കുള്ള ഒരു വ്യക്തിയോ ആയിത്തീരണം എന്നല്ല. ആളുകളോടു സംസാരിക്കാൻ ശ്രമിക്കുക, ഒരു സമയത്ത് ഒരു വ്യക്തിയോട്. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്ന ഓരോ അവസരത്തിലും ചുരുങ്ങിയത് ഒരു വ്യക്തിയോടെങ്കിലും സംസാരിക്കുക എന്ന ലക്ഷ്യം വെക്കാൻ സാധിക്കും. പുഞ്ചിരിക്കാൻ ശ്രമിക്കുക. സംസാരിക്കുമ്പോൾ മറ്റേ ആളിന്റെ കണ്ണിൽത്തന്നെ നോക്കി സംസാരിക്കാൻ ശീലിക്കുക.
● മുൻകൈ എടുക്കുക. ‘എങ്ങനെ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. മറ്റുള്ളവരിൽ യഥാർഥ താത്പര്യമുണ്ടെങ്കിൽ സംസാരിക്കാനുള്ള വിഷയം കണ്ടുപിടിക്കാൻ സാധാരണഗതിയിൽ ബുദ്ധിമുട്ടുണ്ടാകില്ല. സ്പെയിനിൽ നിന്നുള്ള ഹൊർഹേ എന്നു പേരുള്ള ഒരു പയ്യൻ പറയുന്നു: “സുഖമാണോ, ജോലിയൊക്കെ എങ്ങനെ പോകുന്നു എന്നൊക്കെ ചോദിക്കുന്നത് ആളുകളെ അടുത്തറിയാൻ നിങ്ങളെ സഹായിക്കും.” ഫ്രെഡ് എന്നു പേരുള്ള ഒരു ആൺകുട്ടി നിർദേശിക്കുന്നു: “എന്താണു സംസാരിക്കേണ്ടത് എന്ന് അറിയില്ലെങ്കിൽ നിങ്ങൾക്ക് ആളുകളോട് എന്തെങ്കിലും ചോദിക്കാൻ കഴിയും.” തങ്ങളെ ചോദ്യം ചെയ്യുകയാണെന്ന തോന്നൽ ആളുകൾക്ക് ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരാൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മടിക്കുന്നതായി തോന്നുന്നുവെങ്കിൽ, നിങ്ങളെക്കുറിച്ചു തന്നെയുള്ള എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ ശ്രമിക്കുക.
കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയുടെ അമ്മയായ മേരി പറയുന്നു: “തന്നെക്കുറിച്ചു തന്നെയുള്ള കാര്യങ്ങൾ പറയാൻ ആളുകളെ അനുവദിക്കുന്നതാണ് അവരുടെ അസ്വസ്ഥത അകറ്റാനുള്ള ഏറ്റവും നല്ല മാർഗമെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.” കൊച്ചു കേറ്റ് കൂട്ടിച്ചേർക്കുന്നു: “മറ്റുള്ളവർ ധരിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ചും മറ്റും നല്ല അഭിപ്രായം പറയുന്നതു സഹായകമാണ്. അങ്ങനെയാകുമ്പോൾ നിങ്ങൾ അവരെ ഇഷ്ടപ്പെടുന്നതായി അവർ മനസ്സിലാക്കും.” സത്യസന്ധമായ അഭിപ്രായമാണ് പറയേണ്ടത്, പൊള്ളയായ മുഖസ്തുതി ഒഴിവാക്കാനും ശ്രദ്ധിക്കണം. (1 തെസ്സലൊനീക്യർ 2:5) ദയയും പ്രസന്നതയും സ്ഫുരിക്കുന്ന വാക്കുകളോട് പൊതുവെ ആളുകൾ പ്രതികരിക്കും.—സദൃശവാക്യങ്ങൾ 16:24.
● നല്ല ശ്രോതാവായിരിക്കുക. “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉണ്ടായിരിക്കുക എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:19) സംഭാഷണം എന്നതിന്റെ അർഥംതന്നെ ആശയങ്ങൾ കൈമാറുക എന്നതാണ്. ഒരാൾ തനിയെ ചെയ്യുന്ന സംഗതി അല്ലെന്നു ചുരുക്കം. അതുകൊണ്ട് സംസാരിക്കാൻ നാണം തോന്നുന്നെങ്കിൽ, അതു നിങ്ങൾക്കു വാസ്തവത്തിൽ ഗുണകരമായി വർത്തിച്ചേക്കാം! കാരണം ആളുകൾ എല്ലായ്പോഴും ഇഷ്ടപ്പെടുന്നതു നല്ല ശ്രോതാക്കളെയാണ്.
● പങ്കുചേരുക. ഓരോ വ്യക്തികളുമായി സംഭാഷണത്തിൽ ഏർപ്പെടാനുള്ള കഴിവ് നേടിയശേഷം, ഒരു കൂട്ടത്തോടു സംസാരിക്കാനുള്ള കഴിവു നേടുക. ക്രിസ്തീയ യോഗങ്ങൾക്കായുള്ള കൂടിവരവുകൾ ഇതിനുള്ള അവസരം പ്രദാനം ചെയ്യുന്നു. സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടത്തോടു ചേരുന്നതായിരിക്കാം ഒരുപക്ഷേ ഏറ്റവും എളുപ്പമായ മാർഗം. എന്നാൽ ഇക്കാര്യത്തിൽ വിവേചനയും മര്യാദയും കാണിക്കേണ്ടത് ആവശ്യമാണ്. സ്വകാര്യ സംഭാഷണമാണെന്നു മനസ്സിലായാൽ അതിൽ തലയിടാൻ ശ്രമിക്കരുത്. എന്നാൽ പൊതുവായ കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കിൽ അതിൽ പങ്കുചേരാൻ ശ്രമിക്കുക. ഇവിടെയും നയപൂർവം പെരുമാറുക; ഇടയ്ക്കു കയറി സംഭാഷണത്തിൽ ആധിപത്യം പുലർത്താൻ ശ്രമിക്കരുത്. കുറച്ചു നേരം ശ്രദ്ധിച്ചു കേൾക്കുക, നിങ്ങളുടെ പിരിമുറുക്കം കുറയുമ്പോൾ നിങ്ങൾക്ക് ഏതാനും അഭിപ്രായങ്ങൾ പറയാവുന്നതാണ്.
● നിങ്ങളിൽനിന്നു പൂർണത പ്രതീക്ഷിക്കരുത്. പറയുന്ന കാര്യം തെറ്റായിരിക്കുമോ എന്നോർത്ത് യുവപ്രായക്കാർ ചിലപ്പോൾ അമിതമായി ആകുലപ്പെടാറുണ്ട്. ഇറ്റലിയിൽ നിന്നുള്ള ഏലീസ എന്ന പെൺകുട്ടി അനുസ്മരിക്കുന്നു: “ഞാൻ വായ് തുറന്നാൽ അബദ്ധമേ വിളമ്പൂ എന്നായിരുന്നു എപ്പോഴും എന്റെ പേടി.” എന്നാൽ, നാമെല്ലാം അപൂർണരാണെന്നും അതുകൊണ്ടുതന്നെ സംസാരത്തിൽ പൂർണത കൈവരിക്കാൻ നമുക്കു സാധിക്കില്ലെന്നും ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (റോമർ 3:23; യാക്കോബ് 3:2 താരതമ്യം ചെയ്യുക.) ഏലീസ പറയുന്നു: “ഇവരെല്ലാം എന്റെ സുഹൃത്തുക്കളാണ് എന്നും അതുകൊണ്ട് ഞാൻ പറയുന്നതു തെറ്റാണെങ്കിൽത്തന്നെ അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയും എന്നും ഞാൻ തിരിച്ചറിഞ്ഞു.”
● നർമബോധം ഉള്ളവരായിരിക്കുക. മനഃപൂർവമല്ലെങ്കിലും അബദ്ധം വിളമ്പിക്കഴിയുമ്പോൾ ജാള്യം തോന്നുക സ്വാഭാവികമാണ്. എന്നാൽ ഫ്രെഡ് പറയുന്നതുപോലെ, “ശാന്തനായിരുന്ന് തന്നെത്താൻ കളിയാക്കിച്ചിരിക്കുക, അപ്പോൾ അതു മനസ്സിൽനിന്നു പോകും. എന്നാൽ ചെറിയൊരു കാര്യത്തെ ചൊല്ലി ആവശ്യമില്ലാതെ ദുഃഖിക്കുകയോ വിഷാദിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യുമ്പോൾ നിങ്ങൾ അതിനെ പർവതീകരിക്കാൻ ശ്രമിക്കുകയായിരിക്കും ചെയ്യുന്നത്.”
● ക്ഷമയുള്ളവരായിരിക്കുക. എല്ലാവരും തത്ക്ഷണം പ്രതികരിക്കില്ലെന്നു മനസ്സിലാക്കുക. അസ്വസ്ഥത ഉളവാക്കുംവിധം സംഭാഷണം മുറിഞ്ഞാൽ ആ വ്യക്തിക്കു നിങ്ങളെ ഇഷ്ടമില്ലെന്നോ സംസാരിക്കാനുള്ള ശ്രമം നിങ്ങൾ ഉപേക്ഷിക്കണമെന്നോ അവശ്യം അർഥമില്ല. ചിലപ്പോൾ അവർ മറ്റെന്തിനെയെങ്കിലും കുറിച്ചോർത്തു വിഷമിക്കുകയാകും, അല്ലെങ്കിൽ നിങ്ങളെപ്പോലെതന്നെ ലജ്ജാശീലർ ആയിരിക്കാം. അത്തരം സാഹചര്യങ്ങളിൽ ഒരു വ്യക്തിക്കു നിങ്ങളോടു തുറന്നിടപെടാൻ സാധിക്കത്തക്കവിധം അൽപ്പം കൂടെ സമയം അനുവദിക്കുന്നതു സഹായകമായിരിക്കും.
● മുതിർന്നവരോടു സംസാരിക്കാൻ ശ്രമിക്കുക. ചിലപ്പോൾ മുതിർന്നവർ, വിശേഷിച്ചും പക്വമതികളായ ക്രിസ്ത്യാനികൾ, ലജ്ജാശീലരായ യുവജനങ്ങളോട് അനുകമ്പയുള്ളവരായിരിക്കും. അതുകൊണ്ട് മുതിർന്ന വ്യക്തികളുമായി സംഭാഷണം തുടങ്ങാൻ പേടിക്കേണ്ടതില്ല. കേറ്റ് പറയുന്നു: “മുതിർന്നവരോടൊപ്പം ആയിരിക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നാറില്ല. കാരണം, എന്റെ പ്രായത്തിലുള്ള ചില കുട്ടികളിൽനിന്നു വ്യത്യസ്തമായി അവർ എന്നെ വിധിക്കുകയോ കളിയാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് എനിക്കറിയാം.”
സ്നേഹത്താൽ പ്രേരിതം
ഈ നിർദേശങ്ങൾ സഹായകമായിരിക്കാം. എങ്കിലും കുറുക്കുവഴികൾകൊണ്ട് മാറ്റിയെടുക്കാവുന്ന ഒന്നല്ല ലജ്ജാശീലം. കാലക്രമേണ എന്തെങ്കിലും സൂത്രപ്പണികൊണ്ട് അത് ഇല്ലാതാക്കാനുമാവില്ല. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തത്ത്വമാണ് ലജ്ജാശീലം മറികടക്കാനുള്ള താക്കോൽ. (യാക്കോബ് 2:8) അതേ, മറ്റുള്ളവരോട്, വിശേഷിച്ചും നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരോടു കരുതൽ പ്രകടമാക്കാൻ പഠിക്കുക. (ഗലാത്യർ 6:10) നിങ്ങളുടെ ഹൃദയത്തിൽ യഥാർഥ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ഭയത്തെയും അരക്ഷിതബോധത്തെയും മറികടക്കും, മറ്റുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്യും. യേശു പറഞ്ഞതുപോലെ, “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.”—മത്തായി 12:34.
തുടക്കത്തിൽ പരാമർശിച്ച ബാരി ഇങ്ങനെ പറയുന്നു: “മറ്റുള്ളവരെ കൂടുതൽ അടുത്തറിയാൻ ഞാൻ ശ്രമിക്കുന്തോറും അവരുമായി സംസാരിക്കുന്നതും കൂടുതൽ എളുപ്പമായിത്തീരുന്നു.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആളുകളുമായി ഇടപഴകാൻ നിങ്ങൾ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം നിങ്ങൾക്ക് അത് എളുപ്പമായിത്തീരും. പുതിയ സുഹൃത്തുക്കളെ കിട്ടുകയും മറ്റുള്ളവർ നിങ്ങളെ ഒത്തിരി ഇഷ്ടപ്പെടുന്നതായി മനസ്സിലാകുകയും ചെയ്യുമ്പോൾ നിങ്ങളുടെ ശ്രമം മൂല്യമുള്ളതായിരുന്നു എന്നു നിങ്ങൾ തിരിച്ചറിയും!
[അടിക്കുറിപ്പുകൾ]
a 1999 ഒക്ടോബർ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കഴിയാത്തത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
b ചില പേരുകൾ യഥാർഥമല്ല.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[13-ാം പേജിലെ ചിത്രം]
മുൻകൈ എടുത്തു സംഭാഷണത്തിൽ പങ്കുചേരുക!