ഭരണസംഘത്തിന്റെ കത്ത്
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലൂടെ കടന്നുപോകവേ നിങ്ങൾക്ക്, ലോകമെമ്പാടുമുള്ള “മുഴു സഹോദരവർഗ”ത്തിന്, എഴുതുന്നതിലും നിങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിലും ഞങ്ങൾക്കു സന്തോഷമുണ്ട്. (1 പത്രൊ. 2:17, NW) ഏതാണ്ട് 2,000 വർഷം മുമ്പ് യേശു ഇപ്രകാരം ചോദിച്ചു: ‘മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കൊ. 18:8) കഴിഞ്ഞ സേവനവർഷത്തെ നിങ്ങളുടെ തീക്ഷ്ണമായ പ്രവർത്തനം യേശുവിന്റെ ആ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ ഉവ്വ് എന്ന് ഉത്തരം നൽകുന്നു! നിങ്ങളിൽ ചിലർ വിശ്വാസത്തെപ്രതി വെറുപ്പും പരിഹാസവും സഹിച്ചിരിക്കുന്നു. അനേകം സ്ഥലങ്ങളിൽ, യുദ്ധം, വിപത്തുകൾ, രോഗം, അല്ലെങ്കിൽ പട്ടിണി എന്നിവയുടെ മധ്യേ നിങ്ങൾ സഹിച്ചുനിൽക്കുന്നു. (ലൂക്കൊ. 21:10, 11) നീതിപ്രവൃത്തികളോടുള്ള നിങ്ങളുടെ തീക്ഷ്ണത നിമിത്തം യേശുവിന് ഇപ്പോഴും ‘ഭൂമിയിൽ വിശ്വാസം കണ്ടെത്താൻ’ കഴിയും. തീർച്ചയായും, അതു നിമിത്തം സ്വർഗത്തിൽ സന്തോഷമുണ്ട്!
സഹിച്ചുനിൽക്കുക എളുപ്പമല്ലെന്നു നമുക്കറിയാം. പശ്ചിമേഷ്യയിലെ ഒരു രാജ്യത്ത് നമ്മുടെ സഹോദരങ്ങൾക്കു നേരിടുന്ന പരിശോധനകളെ കുറിച്ചു ചിന്തിക്കുക. അവിടെ യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള അക്രമം മിക്കവാറും സാധാരണമാണ്. അടുത്തയിടെ, 700-ഓളം പേർ കൂടിവന്ന, സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഒരു സമ്മേളനം പോലീസ് അലങ്കോലപ്പെടുത്തി. റോഡിലെ തടസ്സങ്ങൾ നിമിത്തം വേറെ 1,300 പേർക്കു ഹാജരാകാനായില്ല. പോലീസുകാർ ഉൾപ്പെടെ മുഖംമൂടിയണിഞ്ഞ ഒരു കൂട്ടം ആളുകൾ സമ്മേളന സ്ഥലത്തേക്കു പാഞ്ഞുകയറി അനേകം പ്രതിനിധികളെ മർദിക്കുകയും ഹാളിനു തീ വെക്കുകയും ചെയ്തു. മറ്റുചില സന്ദർഭങ്ങളിൽ, ആണികൾ തറച്ച വടികൾകൊണ്ട് മത തീവ്രവാദികൾ നമ്മുടെ സഹോദരങ്ങളെ മൃഗീയമായി മർദിക്കുകയുണ്ടായി.
അത്തരം അക്രമ പ്രവർത്തനങ്ങൾ ഞെട്ടിക്കുന്നവയാണ്, എന്നാൽ അവ നമ്മെ തെല്ലും അതിശയിപ്പിക്കുന്നില്ല. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതാൻ നിശ്വസ്തനാക്കപ്പെട്ടു: “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊ. 3:12) ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്ത്യാനികൾക്ക് വാഗ്രൂപേണയും ശാരീരികമായും പീഡനം സഹിക്കേണ്ടി വന്നു, ചിലർ കൊല്ലപ്പെടുകപോലും ചെയ്തു. (പ്രവൃ. 5:40; 12:2; 16:22-24; 19:9) 20-ാം നൂറ്റാണ്ടിലും അതുതന്നെ സത്യമായിരുന്നു, 21-ാം നൂറ്റാണ്ടിലും അത് അങ്ങനെതന്നെ തുടരുമെന്നതിനു സംശയമില്ല. എങ്കിലും യഹോവ നമ്മോടു പറയുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.” (യെശ. 54:17) എത്ര മഹത്തായ ഉറപ്പ്! തീർച്ചയായും നാം യഹോവയ്ക്ക് അത്യന്തം വിലപ്പെട്ടവരാണ്, തന്മൂലം അവൻ തന്റെ പ്രവാചകനായ സെഖര്യാവ് മുഖാന്തരം ഇങ്ങനെ പറഞ്ഞു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.’ (സെഖ. 2:8) യഹോവയുടെ ആരാധകരുടെ ശത്രുക്കൾ ആത്യന്തികമായി വിജയിക്കുകയില്ല. ശുദ്ധാരാധന നിലനിൽക്കുകതന്നെ ചെയ്യും!
ഉദാഹരണത്തിന്, നേരത്തേ സൂചിപ്പിച്ച രാജ്യത്ത് സേവനവർഷം 2001-ൽ പ്രസാധകരുടെ എണ്ണത്തിൽ രണ്ടു പുതിയ അത്യുച്ചങ്ങൾ യഹോവയുടെ സാക്ഷികൾ ആസ്വദിക്കുകയുണ്ടായി. അതേ, മറ്റെവിടത്തെയുംപോലെതന്നെ അവിടെയും നമ്മുടെ സഹോദരങ്ങൾ ദുരിതങ്ങൾക്കു മധ്യേ സ്ഥിരോത്സാഹം കാട്ടുന്നു. കഴിഞ്ഞ സേവനവർഷത്തിൽ ലോകമൊട്ടാകെ ആഴ്ചതോറും 5,066 പേർ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റു. ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുളളവരുമായി നിൽക്കാൻ,’ ശേഷിച്ച നമ്മോടൊപ്പം ഈ പുതിയവരും ഇപ്പോൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്.—കൊലൊ. 4:12.
ഗ്രീസിൽ അടുത്തകാലത്ത് ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ചും ചിന്തിക്കുക. വർഷങ്ങളോളം ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടിയ എതിർപ്പ് ഉണ്ടായിരുന്നിട്ടും, യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾ ഗവൺമെന്റിൽനിന്ന് “അറിയപ്പെടുന്ന മതം” എന്ന അംഗീകാരം ലഭിച്ചിരിക്കുന്നു. ഈ അംഗീകാരം നൽകിക്കൊണ്ടുള്ള രേഖ, ഗ്രീസിലെ ബെഥേൽ സമുച്ചയം “ദൈവത്തിന്റെ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന വിശുദ്ധവും പാവനവുമായ ഒരു സ്ഥലം” ആണെന്നും പ്രസ്താവിക്കുന്നു. കഴിഞ്ഞ സേവനവർഷത്തിൽ ഐക്യനാടുകൾ, കാനഡ, ജപ്പാൻ, ജർമനി, ബൾഗേറിയ, റഷ്യ, റൊമേനിയ എന്നിവിടങ്ങളിൽ നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട് കോടതികൾ അനുകൂലമായ വിധികൾ പുറപ്പെടുവിക്കുകയുണ്ടായി എന്നും നിങ്ങളെ അറിയിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. ആ ദേശങ്ങളിൽ പ്രവർത്തനത്തിലേക്കുള്ള വാതിൽ തുറന്നുവെച്ചിരിക്കുന്നതിൽ നാം യഹോവയോട് എത്ര നന്ദിയുള്ളവരാണ്!
ഈ അന്ത്യനാളുകളിൽ യഹോവ തന്റെ ജനത്തെ പിന്തുണയ്ക്കുന്ന വിധങ്ങളെ കുറിച്ചു പരിചിന്തിക്കവേ, നമുക്ക് ഉണ്ടായിരിക്കാവുന്നതിലേക്കും ഉത്തമ സുഹൃത്താണ് അവനെന്നു നാം കാണുന്നു. അവൻ നമ്മെ സ്നേഹിക്കുകയും പഠിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട് അവനുമായുള്ള നമ്മുടെ ബന്ധത്തിൽ നാം സന്തോഷിക്കുന്നു. ഉവ്വ്, വിശ്വാസത്തിന്റെ പരിശോധനകൾ തുടർന്നും നമുക്കു നേരിടും. എന്നാൽ, യഹോവയിലുള്ള അചഞ്ചലമായ വിശ്വാസം പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കും. യാക്കോബ് ഇപ്രകാരം എഴുതി: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത [“സഹിഷ്ണുത,” NW] ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോ. 1:2, 3) കൂടുതലായി, നമ്മുടെ സഹിഷ്ണുത നാം യഹോവയെ സ്നേഹിക്കുന്നുവെന്നു പ്രകടമാക്കുന്നു. അത് നമുക്ക് ഏറെ സന്തോഷം കൈവരുത്തുന്നു! പ്രിയ സഹോദരങ്ങളേ, നമ്മെ ഓരോരുത്തരെയും യഹോവ സഹായിക്കുമെന്ന് ഉറപ്പുള്ളവർ ആയിരിക്കുക. നാം വിശ്വസ്തരായി നിലകൊള്ളുന്നെങ്കിൽ, പുതിയ ലോകത്തിലേക്കു പ്രവേശിക്കാൻ അവൻ നമ്മെ നിശ്ചയമായും സഹായിക്കും. നാം വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നു.
അതുകൊണ്ട്, തൊട്ടുമുമ്പാകെയുള്ള അത്ഭുതകരമായ അനുഗ്രഹങ്ങളെ മനസ്സിൽ അടുപ്പിച്ചു നിറുത്താൻ സഹോദരീസഹോദരന്മാരായ, ചെറുപ്പക്കാരും പ്രായംചെന്നവരുമായ നിങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അപ്പൊസ്തലനായ പൗലൊസിന്റേതുപോലെ ആയിരിക്കട്ടെ നമ്മുടെ മനോഭാവം. അവൻ ഇങ്ങനെ എഴുതി: “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.” (റോമ. 8:18) ഏതുതരം പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴും യഹോവയിൽ ആശ്രയിക്കുക. സഹിച്ചുനിൽക്കുക, മടുത്തു പിന്മാറരുത്. നിങ്ങൾക്ക് ഒരിക്കലും അതിനെപ്രതി ഖേദിക്കേണ്ടിവരില്ല. ദൈവവചനം നൽകുന്ന ഉറപ്പു ശ്രദ്ധിക്കുക: “നീതിമാനോ, തന്റെ വിശ്വസ്തതയാൽ തുടർന്നു ജീവിക്കും.”—ഹബ. 2:4, NW.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം