ബഹുഭാഷാ പ്രദേശങ്ങളിൽ ശിഷ്യരെ ഉളവാക്കൽ
1 പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ, വിവിധ ദേശങ്ങളിൽ നിന്നുള്ള വലിയൊരു ജനക്കൂട്ടം അത്യന്തം വിസ്മയകരമായ ഒരു പ്രസംഗം കേൾക്കാനായി കൂടിവന്നു. അവർ ഇങ്ങനെ പറഞ്ഞു: “ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?” (പ്രവൃ. 2:7, 8) സാധ്യതയനുസരിച്ച്, അവർ ഗ്രീക്കോ എബ്രായയോ കുറെയൊക്കെ സംസാരിച്ചിരുന്നെങ്കിലും തങ്ങളുടെ മാതൃഭാഷയിൽ സുവാർത്ത കേൾക്കുന്നതിനെ അവർ വിലമതിക്കുകയും 3000-ത്തോളം പേർ സ്നാപനമേൽക്കുകയും ചെയ്തു.
2 ഇന്ന് ഇന്ത്യയിൽ 50 ശതമാനത്തിലധികം പ്രസാധകരും ഒന്നിൽ കൂടുതൽ ഭാഷ സംസാരിക്കുന്ന വൻ നഗരങ്ങളിലാണു താമസിക്കുന്നത്. തന്നെയുമല്ല, ചിലർക്കു വിദ്യാഭ്യാസം ലഭിക്കുന്നത് ഇംഗ്ലീഷിലോ മറ്റൊരു ഭാഷയിലോ ആണ്. അതുകൊണ്ട് ആശയവിനിമയത്തിനായി ആ ഭാഷകൾ ഉപയോഗിക്കാൻ അവർ താത്പര്യപ്പെടുന്നു. മറ്റു ഭാഷക്കാരായ താത്പര്യക്കാരെ പുരോഗതി വരുത്തുന്നതിൽ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അവർക്കു തങ്ങളുടെ സ്വന്തം ഭാഷയിൽ എങ്ങനെ രാജ്യ സന്ദേശം കേൾക്കാനാകും? യോഗങ്ങളിൽനിന്ന് അവർ പ്രയോജനം നേടാൻ തക്കവണ്ണം എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്?
3 ഇപ്പോൾ അത്ഭുത ഭാഷാവരം ഇല്ലെങ്കിലും, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളോടൊപ്പംതന്നെ അവയുടെ പരിഭാഷകളും ലഭ്യമാക്കിക്കൊണ്ട് പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഭൗമിക സംഘടനയുടെമേൽ പ്രവർത്തനനിരതമാണ്. പുതിയവർക്ക് പ്രാദേശിക ഭാഷയിൽ പരിമിതമായ ഗ്രാഹ്യമേ ഉള്ളൂ എങ്കിൽ പോലും ഇവയുടെ സഹായത്താൽ മുഴു പരിപാടികളും മനസ്സിലാക്കാൻ അവർക്കു സാധിക്കുന്നു.
4 ചില സഭകളിലെ മൂപ്പന്മാർ, പരിപാടികൾ പരിഭാഷപ്പെടുത്താനുള്ള ക്രമീകരണം ചെയ്തുകൊണ്ട് രണ്ടു ഭാഷാക്കൂട്ടങ്ങളെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നു. യോഗങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ പ്രസംഗകന്റെ വാദമുഖവും ഒഴുക്കും തടസ്സപ്പെടുന്നു. പരിചയസമ്പന്നനായ ഒരു പരിഭാഷകനെ ഉപയോഗിക്കുമ്പോൾ പോലും, ഉദ്ദേശിച്ച വിവരത്തിന്റെ ഏതാണ്ട് 60 ശതമാനം മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. അതിന്റെ അർഥം അമൂല്യമായ ആത്മീയ ഭക്ഷണം നഷ്ടമാകുന്നു എന്നാണ്.
5 പലപ്പോഴും, തങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു ഭാഷയിലും ഉത്തരം പറയാനും യോഗഭാഗങ്ങൾ നടത്താനും ചിലർ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക പോലും ചെയ്യാറുണ്ട്. ഇത് ഒന്നാം നൂറ്റാണ്ടിൽ സംഭവിച്ചതിനു സമാനമായ ഒരു സ്ഥിതിവിശേഷത്തിൽ കലാശിച്ചേക്കാം: “എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?” (1 കൊരി. 14:23) എല്ലാവർക്കും മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, യോഗങ്ങൾ നടത്താനുള്ള ക്രമീകൃതമായ ഒരു വിധത്തെ കുറിച്ച് പൗലൊസ് തുടർന്നു വിശദീകരിച്ചു.—1 കൊരി. 14:26-39.
6 മറ്റു ഭാഷയിലുള്ള ഒരു പുതിയ സഭ ക്രമാനുഗതമായി രൂപീകരിക്കുക എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് നന്ന്. യോഗ്യതയുള്ള ഒരു സഹോദരൻ ഒരു പ്രത്യേക ഭാഷ നന്നായി സംസാരിക്കുകയും അതേ ഭാഷ സംസാരിക്കുന്ന കുറേപ്പേർ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, കൂടുതലായ നിർദേശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടു മൂപ്പന്മാർക്ക് ബ്രാഞ്ച് ഓഫീസിന് എഴുതാവുന്നതാണ്.
7 എന്നിരുന്നാലും മിക്ക സന്ദർഭങ്ങളിലും, അത്തരം വ്യക്തികൾ പ്രാദേശിക ഭാഷകൂടെ ഉപയോഗിക്കുകയും അതിൽ ആത്മവിശ്വാസം നേടിയശേഷം ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തരാകുകയും ചെയ്യുന്നു. ഒരു പ്രത്യേക ഭാഷയോടുള്ള പ്രതിപത്തിയോ മറ്റൊരു ഭാഷ ഉപയോഗിക്കാനുള്ള വൈമനസ്യമോ നിമിത്തം വേറൊരു ഭാഷയിലുള്ള പുതിയ സഭ രൂപീകരിക്കുന്നതിനു പകരം, ഈ പ്രാപ്തി വികസിപ്പിച്ചെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും അഭികാമ്യം. ആത്മാർഥ ഹൃദയർ സത്യത്തിന്റെ സന്ദേശത്തിലേക്ക് ആകർഷിക്കപ്പെടുന്നു, തങ്ങൾക്കു മനസ്സിലാകുന്ന ഏതു ഭാഷയിലും അതു പഠിക്കാൻ അവർ മിക്കപ്പോഴും ഉത്സുകരാണ്.
8 മറ്റു ഭാഷാക്കൂട്ടങ്ങൾ രൂപീകരിച്ചുകഴിഞ്ഞാൽ, താത്പര്യക്കാരെ അവരുടെ ഭാഷയിലുള്ള യോഗങ്ങൾ നടത്തപ്പെടുന്നിടത്തേക്ക്—അത് കുറെ ദൂരെയാണെങ്കിൽപ്പോലും—നയിച്ചുകൊണ്ട് സഭയിലെ എല്ലാവർക്കും തങ്ങളുടെ പങ്കു നിർവഹിക്കാൻ കഴിയും. നിങ്ങൾക്ക് അവരുടെ ഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയുമെങ്കിലും, ആ ഭാഷ ഉപയോഗിക്കുന്ന സഭയിൽനിന്നുള്ള അനുയോജ്യനായ ഒരു പ്രസാധകനെ കൂടെക്കൂട്ടുന്നതു ഉചിതമായിരുന്നേക്കാം. പക്വതയിലേക്കു പുരോഗമിക്കുന്നതിനും സഭയോടൊത്തു യോഗങ്ങൾക്കു ഹാജരാകുന്നതിനും അവരെ തുടർന്നു സഹായിക്കാൻ ഈ വ്യക്തിക്കു കഴിയും.
9 ഭൂരിപക്ഷം ആളുകളും മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സ്ഥലം നിങ്ങൾ കണ്ടെത്തിയാൽ, നിങ്ങളുടെ പ്രദേശത്തെ മൂപ്പന്മാരെ വിവരം അറിയിക്കുക. പ്രസ്തുത ഭാഷ സംസാരിക്കുന്ന സമീപത്തുള്ള ഒരു സഭയ്ക്ക് ഈ പ്രദേശം വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന് അവർ തീരുമാനിച്ചേക്കാം. സഭകൾ തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം. ശുശ്രൂഷയിൽ ആയിരിക്കെ, നിങ്ങളുടെ ഭാഷ നന്നായി അറിയാവുന്ന അല്ലെങ്കിൽ അത് ഇഷ്ടപ്പെടുന്ന വ്യക്തികളിൽ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കൂടുതൽ ഫലം ഉത്പാദിപ്പിക്കാവുന്നതാണ്.
10 പലപ്പോഴും മാതാപിതാക്കൾ മാതൃഭാഷ ഇഷ്ടപ്പെടുന്നു, അതേസമയം, അവരുടെ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുകയും ഇംഗ്ലീഷിനോടു ചായ്വു കാണിക്കുകയും ചെയ്യുന്നു. ഇരുകൂട്ടരുടെയും അഭിരുചി കണക്കിലെടുത്തുകൊണ്ട് ചില സഭകൾ ദ്വിഭാഷാ രീതിയിൽ യോഗങ്ങൾ നടത്തുകയും രണ്ടു വീക്ഷാഗോപുര അധ്യയനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. കുട്ടികൾ രണ്ടാം ഹാളിലെ യോഗത്തിലാണു സംബന്ധിക്കുന്നതെങ്കിൽ, അവർ നന്നായി അഭിപ്രായങ്ങൾ പറയുന്നുണ്ടോ അവരുടെ ആത്മീയ പുരോഗതി എത്രത്തോളമുണ്ട് എന്നൊന്നും മാതാപിതാക്കൾക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. ഈ കാരണങ്ങളാൽ ആത്മീയ വിദ്യാഭ്യാസത്തിനായി കുടുംബങ്ങൾ പൊതുവായ ഒരു ഭാഷ തിരഞ്ഞെടുക്കുകയും ആ ഭാഷ ഉപയോഗിച്ചുകൊണ്ട് ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഐക്യത്തോടെ പങ്കെടുക്കുകയും വേണം. കുട്ടികളെ പ്രതി ചില കുടുംബങ്ങൾ ഇംഗ്ലീഷ് സഭയിലേക്കു മാറിയിട്ടുണ്ട്.
11 ഈ നിർദേശങ്ങൾ ബാധകമാക്കുകവഴി എല്ലാവരും ദിവ്യാധിപത്യ വിദ്യാഭ്യാസ പരിപാടി പൂർണമായും ആസ്വദിക്കും. പുതിയവർ മാതൃഭാഷയിൽ രാജ്യസന്ദേശം കേൾക്കുകയും ഉൾപ്പെട്ടിരിക്കുന്ന സംഗതികൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവരും നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവയാം ദൈവത്തെ സ്തുതിക്കാൻ പ്രേരിതരാകും.