സൗഹൃദസംഭാഷണങ്ങൾ ഹൃദയത്തിൽ എത്തിച്ചേരും
1 സംഭാഷണത്തെ “വാക്കാലുള്ള ആശയക്കൈമാറ്റം” എന്ന് നിർവചിക്കാം. മറ്റുള്ളവരെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചു സൗഹൃദസംഭാഷണം ആരംഭിക്കുന്നത് അവരുടെ താത്പര്യത്തെ പിടിച്ചെടുക്കാനും രാജ്യസന്ദേശം അവരുടെ ഹൃദയത്തിലെത്തിക്കാനും നമ്മെ സഹായിക്കും. ശാന്തവും സൗഹൃദപരവും ആയ സംഭാഷണമാണ് ഒരു പ്രസംഗംപോലെ രാജ്യസന്ദേശം അവതരിപ്പിക്കുന്നതിനെക്കാൾ ഫലപ്രദമെന്ന് അനുഭവങ്ങൾ കാണിക്കുന്നു.
2 ഒരു സൗഹൃദസംഭാഷണം എങ്ങനെ ആരംഭിക്കാം: മറ്റുള്ളവരുമായി സംഭാഷണം നടത്തുക എന്നാൽ അവരുടെ മുമ്പാകെ ആകർഷകമായ ചിന്തകളോ തിരുവെഴുത്തുകളോ നിരത്തുക എന്നല്ല, പകരം മറ്റേ വ്യക്തിയെ സംസാരിക്കാൻ പ്രേരിപ്പിക്കുക എന്നാണ്. ഉദാഹരണത്തിന്, അയൽക്കാരനുമായി നാം സൗഹൃദസംഭാഷണം നടത്തുമ്പോൾ, അതു പിരിമുറുക്കമില്ലാത്ത വിധത്തിലായിരിക്കും. അടുത്തതായി എന്തു പറയണമെന്നു പരതാതെ, അദ്ദേഹം പറയുന്നതെന്താണോ അതിനോടു സ്വാഭാവികമായി പ്രതികരിക്കും. അദ്ദേഹം പറയുന്നതിനോട് ആത്മാർഥ താൽപര്യം കാണിക്കുന്നത് സംഭാഷണം തുടരാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചേക്കാം. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോഴും ഇതു സത്യമാണ്.
3 കുറ്റകൃത്യം, യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രാദേശിക വിഷയങ്ങൾ, ലോകാവസ്ഥകൾ ഇതുമല്ലെങ്കിൽ കാലാവസ്ഥപോലും സൗഹൃദസംഭാഷണം ആരംഭിക്കുന്നതിന് ഉപയോഗിക്കാനാകുന്ന വിഷയങ്ങളാണ്. ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ അവരുടെ താൽപര്യം ഉണർത്തുന്നതിൽ വളരെ ഫലപ്രദമാണ്. ഒരിക്കൽ സംഭാഷണം ആരംഭിച്ചു കഴിഞ്ഞാൽ നമുക്കത് പതുക്കെ രാജ്യസന്ദേശത്തിലേക്കു തിരിച്ചുവിടാൻ കഴിയും.
4 ഒരു സൗഹൃദസംഭാഷണം നടത്തുന്നതിനു നേരത്തെയുള്ള തയ്യാറാകൽ ആവശ്യമില്ല എന്ന് അർഥമാക്കുന്നില്ല. അത് ആവശ്യമാണ്. എന്നുവരികിലും ഒരു പൂർണമായ ബാഹ്യരേഖ തയ്യാറാകുകയോ ഒരു പ്രസംഗം മനഃപാഠമാക്കുകയോ വേണ്ട. അങ്ങനെ ചെയ്യുന്നത് സംഭാഷണം വഴക്കമില്ലാത്തതോ സാഹചര്യത്തിന് ഇണങ്ങാത്തതോ ആക്കിത്തീർത്തേക്കാം. (1 കൊരിന്ത്യർ 9:20-23 താരതമ്യം ചെയ്യുക.) നല്ല തയ്യാറാകലിൽ ഒന്നോ രണ്ടോ തിരുവെഴുത്തു വിഷയങ്ങൾ തിരഞ്ഞെടുക്കണം. അതിനെ ചുറ്റിപ്പറ്റി സംഭാഷണം പടുത്തുയർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
5 ഒരു സൗഹൃദസംഭാഷണത്തിന് അനിവാര്യമായ ഗുണങ്ങൾ: നാം മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഊഷ്മളതയും ആത്മാർഥതയും ഉണ്ടായിരിക്കണം. പുഞ്ചിരിയും പ്രസന്നമായ ഒരു മുഖഭാവവും ഈ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ സഹായിക്കും. ആത്മാർഥഹൃദയരെ ആകർഷിക്കുന്ന, ഈ ലോകത്തിലെ ഏറ്റവും നല്ല സന്ദേശമാണു നമുക്കുള്ളത്. ചില നല്ല സന്ദേശങ്ങൾ പങ്കുവയ്ക്കാനുള്ള ആത്മാർഥമായ ആഗ്രഹമാണ് നമുക്കുള്ളത് എന്ന് അവർ മനസ്സിലാക്കുമ്പോൾ നമ്മൾ പറയുന്നതു കേൾക്കാൻ അവർ പ്രേരിതരായിത്തീരും. —2 കൊരി. 2:17
6 സംഭാഷണത്തിൽ ഏർപ്പെടുന്നത് സന്തോഷകരമായ ഒരു അനുഭവമായിരിക്കണം. അതുകൊണ്ട്, രാജ്യസന്ദേശം അവതരിപ്പിക്കുന്നതിൽ നാം ദയയും നയവും ഉള്ളവരായിരിക്കണം. (ഗലാ. 5:22; കൊലോ. 4:6) മറ്റേ വ്യക്തിക്കു നല്ല മതിപ്പ് ഉളവാക്കുന്ന വിധത്തിൽ സംഭാഷണം അവസാനിപ്പിക്കുക. ഇതുവഴി ഈ സന്ദർഭത്തിൽ വ്യക്തിയുടെ ഹൃദയത്തിൽ എത്താൻ നമുക്കു സാധിച്ചില്ലെങ്കിലും അടുത്ത പ്രാവശ്യം സാക്ഷികളുമായി സംസാരിക്കുമ്പോൾ അദ്ദേഹം സ്വീകാര്യക്ഷമത പ്രകടമാക്കിയേക്കാം.
7 ഒരു സൗഹൃദസംഭാഷണം ആരംഭിക്കുന്നത് സങ്കീർണമായ പ്രസംഗത്തിന്റെ ഫലമായിട്ടല്ല. ഒരു വ്യക്തിയെ ബാധിക്കുന്ന വിഷയങ്ങളിൽ താത്പര്യമുണർത്തുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻകൂട്ടി തയ്യാറായിരിക്കുന്നപക്ഷം ആളുകളുമായി സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടാൻ നാം പ്രാപ്തരായിരിക്കും. ലഭ്യമായതിൽ ഏറ്റവും നല്ല വാർത്തയായ രാജ്യത്തിന്റെ നിത്യാനുഗ്രഹങ്ങൾ പങ്കുവെച്ചുകൊണ്ട് കണ്ടുമുട്ടുന്നവരുടെ ഹൃദയത്തിലേക്ക് എത്താൻ നമുക്കു പരിശ്രമിക്കാം.—2 പത്രോ. 3:13.