പ്രവർത്തനത്തിനുള്ള വലിയ വാതിൽ തുറന്നിരിക്കുന്നു
സുവാർത്തയുടെ ഒരു തീക്ഷ്ണഘോഷകൻ എന്ന നിലയിൽ ആവശ്യം കൂടുതലുള്ള പ്രദേശങ്ങൾ പൗലോസ് ആകാംക്ഷയോടെ അന്വേഷിച്ചു. അതിലൊന്നായിരുന്നു എഫെസൊസ് നഗരം. അവിടെ പ്രസംഗവേലയിൽ അദ്ദേഹത്തിനു നല്ല വിജയം ഉണ്ടായിരുന്നതിനാൽ സഹക്രിസ്ത്യാനികൾക്ക് എഴുതി: “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു.” (1 കൊരി. 16:9) ആ പ്രദേശത്ത് പൗലോസ് സേവനത്തിൽ തുടരുകയും ധാരാളം എഫെസൊസുകാരെ വിശ്വാസികളായിത്തീരാൻ സഹായിക്കുകയും ചെയ്തു. (പ്രവൃ. 19:1-20, 26) നമ്മുടെ മുമ്പാകെയും പ്രവർത്തനത്തിന്റെ ഒരു വലിയ വാതിൽ തുറക്കപ്പെട്ടിരിക്കുന്നു. പ്രത്യേക സാക്ഷീകരണ വേലയിൽ, വിശേഷാൽ നിയമിച്ചു കൊടുത്തിട്ടില്ലാത്ത പ്രദേശത്ത്, ധാരാളം താത്പര്യക്കാരെ കണ്ടെത്തിയിരിക്കുന്നു. അങ്ങനെ പ്രസംഗവേല കാര്യമായി നടന്നിട്ടില്ലാത്ത പ്രദേശങ്ങളിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ സഹായിക്കുന്നതിനും കണ്ടെത്തുന്ന താത്പര്യം പിന്തുടരുന്നതിനും ഉള്ള ക്ഷണം നമുക്കും വീണുകിട്ടിയിരിക്കുന്നു.—2 കൊരിന്ത്യർ 8:13-15 താരതമ്യം ചെയ്യുക.
ആവശ്യം കൂടുതലുള്ള സ്ഥലത്ത് നിങ്ങൾക്കു സേവിക്കാനാകുമോ? മറ്റൊരിടത്ത് സേവിക്കുന്നതിനെക്കുറിച്ചു നിങ്ങൾ പ്രാർഥനാപൂർവം ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ ആയിരക്കണക്കിനു ക്രിസ്തീയ കുടുംബങ്ങൾ കൊയ്ത്തുവേലയിൽ ഒരു നല്ല പങ്കുണ്ടായിരിക്കാനായി ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിട്ടുണ്ട്. ഇപ്രകാരം ചെയ്ത ഒരു ദമ്പതികൾ പറഞ്ഞു: “ഏറ്റവും അധികം നന്മ ചെയ്യാൻ സാധിക്കുന്നിടത്ത് യഹോവയെ സേവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.” നിങ്ങൾക്കും ഇതേ ആഗ്രഹം ഉണ്ടായിരിക്കുകയും മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കുന്നതു സാധ്യമാവുകയും ആണെങ്കിൽ ഭാവി കാര്യങ്ങൾ സഭയിലെ മൂപ്പന്മാരുമായി ചർച്ച ചെയ്യുക. തുടർന്ന് സർക്കിട്ട് മേൽവിചാരകനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദേശം കണക്കിലെടുക്കുകയും ചെയ്യുക.
ആവശ്യം കൂടുതലുള്ളത് എവിടെയാണെന്നു ബ്രാഞ്ചോഫീസിൽ അന്വേഷിക്കുന്നതിന് സഭാ സേവനക്കമ്മിറ്റിക്കു നിങ്ങളുടെ താത്പര്യം കൃത്യമായി വിവരിക്കുന്ന ഒരു കത്ത് നൽകുക. അവർ തങ്ങളുടെ അഭിപ്രായം എഴുതി ഈ കത്തിനോടൊപ്പം ബ്രാഞ്ചോഫീസിലേക്ക് അയയ്ക്കും. ഏതായാലും, പ്രവർത്തനത്തിലേക്കുള്ള വലിയ വാതിൽ തുറന്നിരിക്കുന്നിടത്തോളം കാലം നമുക്കെല്ലാവർക്കും യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായി തുടരാം.—1 കൊരി. 15:58.