പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?
1 “മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലും കഴിയുന്നില്ല. എന്തെങ്കിലും ചെയ്താൽത്തന്നെ ഇതേ സന്തോഷം കിട്ടുമെന്നു തോന്നുന്നില്ല.” പയനിയർ സേവനത്തിലൂടെ സന്തോഷകരമായ ജീവിതം നയിക്കുന്ന ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളിൽ ഒരാളുടെ വാക്കുകളാണിത്. നിങ്ങൾക്കും പയനിയറിങ് ചെയ്യാനാകുമോ? ഇതേക്കുറിച്ചു പ്രാർഥനാപൂർവം ചിന്തിച്ചിട്ടുണ്ടോ? യഹോവയ്ക്കു നമ്മെത്തന്നെ സമർപ്പിച്ചവരെന്ന നിലയിൽ ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ ഒരു പൂർണപങ്ക് ഉണ്ടായിരിക്കുന്നതിനെക്കുറിച്ചു തീർച്ചയായും ചിന്തിക്കേണ്ടതല്ലേ? അതുകൊണ്ട്, പയനിയർ സേവനത്തെക്കുറിച്ചു പലരും ചോദിച്ചിട്ടുള്ള ചില ചോദ്യങ്ങൾ നമുക്കു ചർച്ചചെയ്യാം.
ചോദ്യം 1: “പയനിയറിങ് എല്ലാവർക്കും ചെയ്യാനാകില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എന്റെ കാര്യമോ?”
2 ഈ ചോദ്യത്തിനുത്തരം നിങ്ങളുടെ സാഹചര്യങ്ങളെയും തിരുവെഴുത്തു കടപ്പാടുകളെയും ആശ്രയിച്ചിരിക്കുന്നു. മോശമായ ആരോഗ്യസ്ഥിതി, മറ്റു സാഹചര്യങ്ങൾ എന്നിവ നിമിത്തം അനേകർക്കും ശുശ്രൂഷയിൽ 70 മണിക്കൂർ പ്രവർത്തിക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും സാഹചര്യം അനുവദിക്കുന്ന അളവോളം അവർ ശുശ്രൂഷയിൽ ഏർപ്പെടുന്നു. അവസരം വരുമ്പോൾ വർഷത്തിൽ ഒന്നോ അതിലധികമോ മാസങ്ങളിൽ സഹായ പയനിയറിങ്ങും ചെയ്യുന്നു. അങ്ങനെ ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിന്റെ സന്തോഷം അവർ ആസ്വദിക്കുന്നു. (ഗലാ. 6:9) ഇപ്പോഴുള്ള സാഹചര്യം പയനിയറിങ് ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിലും, പയനിയർമാരെപ്പോലെ അവരും ദൈവരാജ്യസന്ദേശത്തിന്റെ തീക്ഷ്ണതയുള്ള ഘോഷകരാണ്. അവർ സഭയ്ക്ക് ഒരു അനുഗ്രഹമാണ്.
3 നേരേമറിച്ച്, താരതമ്യേന കടപ്പാടുകൾ കുറവുള്ള അനവധി സഹോദരീസഹോദരന്മാർ തങ്ങളുടെ മുൻഗണനകളിൽ മാറ്റം വരുത്തിക്കൊണ്ട് പയനിയറിങ് ചെയ്യുന്നു. നിങ്ങളെ സംബന്ധിച്ചെന്ത്? സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു യുവാവോ യുവതിയോ ആണോ നിങ്ങൾ? കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി തനിയെ കരുതാൻ പ്രാപ്തനായ ഒരാളാണോ നിങ്ങളുടെ ഭർത്താവ്? വിവാഹിതരെങ്കിലും ആശ്രിതരായ മക്കളില്ലാത്തവരാണോ നിങ്ങൾ? ജോലിയിൽനിന്നു വിരമിച്ചയാളാണോ? പയനിയർ ആകണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കണം. എന്നാൽ ചോദ്യം ഇതാണ്: നിങ്ങളുടെ ജീവിതത്തിൽ പയനിയറിങിന് ഇടം കണ്ടെത്താനാകുമോ?
4 നമ്മുടെ ജീവിതം ശ്രദ്ധാശൈഥില്യങ്ങൾകൊണ്ട് നിറയ്ക്കാനും സ്വാർഥജീവിതരീതികളിൽ മുക്കിക്കളയാനും സാത്താൻ ഈ ലോകത്തെ ഉപയോഗിക്കുന്നു. നാം ലോകത്തിന്റെ ഭാഗമാകാതിരിക്കാൻ കഠിനശ്രമം ചെയ്യുന്നുവെങ്കിൽ ദൈവരാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കാനും ദിവ്യാധിപത്യ പദവികൾക്ക് യോഗ്യരായിത്തീരാനും യഹോവ സഹായിക്കും. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കു മാറ്റംവരുത്തി പയനിയറായി സേവിക്കാൻ നിങ്ങൾക്കാകുമെങ്കിൽ അങ്ങനെ ചെയ്യരുതോ?
ചോദ്യം 2: “മുഴുസമയ സേവനത്തിനിടെ ജീവിക്കാനുള്ള വക കണ്ടെത്താനാകുമോ?”
5 ജീവിക്കാനാവശ്യമെന്ന് പല നാടുകളിലും പൊതുവെ ആളുകൾക്കു തോന്നുന്ന വസ്തുവകകൾ വാങ്ങാൻ ഓരോ മാസവും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നു എന്നത് സത്യമാണ്. ഓരോ വർഷവും ഈ പ്രവണത കൂടിക്കൂടിവരുന്നു. പക്ഷെ, പതിറ്റാണ്ടുകളായി പയനിയറിങ് ചെയ്യുന്ന അനേകരെയും യഹോവ പുലർത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. പയനിയറിങ്ങിൽ വിജയിക്കണമെങ്കിൽ വിശ്വാസവും ത്യാഗ മനോഭാവവും വേണം. (മത്താ. 17:20) “യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല” എന്ന് സങ്കീർത്തനം 34:10 നമുക്ക് ഉറപ്പു നൽകുന്നു. എല്ലായിടത്തുമുള്ള വിശ്വസ്തരായ പയനിയർമാർക്കുവേണ്ടിയും യഹോവ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്! (സങ്കീ. 37:25) യഹോവ നമുക്കായി കരുതുമെന്ന ആത്മവിശ്വാസത്തോടെ വേണം ഒരുവൻ പയനിയറിങ്ങിലേക്കു വരേണ്ടത്. എങ്കിലും 2 തെസ്സലോനിക്യർ 3:8, 10; 1 തിമൊഥെയൊസ് 5:8 എന്നീ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ മറ്റുള്ളവരിൽനിന്നു സാമ്പത്തിക പിന്തുണ പ്രതീക്ഷിച്ചുകൊണ്ടല്ല അവർ പയനിയറിങ് ചെയ്യേണ്ടത്.
6 പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ഏതൊരുവനും യേശു പറഞ്ഞതുപോലെ “ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ട”ണം. (ലൂക്കോ. 14:28) ഇതാണ് പ്രായോഗികം. വർഷങ്ങളായി പയനിയറിങ്ങ് നടത്തുന്നവരോട് സംസാരിക്കുക. യഹോവ അവരെ എങ്ങനെയാണ് പുലർത്തിയതെന്ന് ചോദിക്കുക. സർക്കിട്ട് മേൽവിചാരകൻ പരിചയസമ്പന്നനായ പയനിയർ ആയതിനാൽ മുഴുസമയ ശുശ്രൂഷയിൽ എങ്ങനെ വിജയിക്കാമെന്ന് അദ്ദേഹം പറഞ്ഞുതരും.
7 ചുറ്റുമുള്ള ലോകം ഭൗതിക കാര്യാദികളിൽ മുഴുകുകയാണ്. ഇതുമായി അനുരൂപപ്പെടാനുള്ള സമ്മർദം നമുക്കുമുണ്ട്. എന്നാൽ മുഴുസമയ സേവനത്തോടുള്ള വിലമതിപ്പ്, ഏതു സാമ്പത്തിക അവസ്ഥയിലും തൃപ്തരായിരിക്കാൻ നമ്മെ സഹായിക്കും. (1 തിമൊ. 6:8) ലളിതവും ചിട്ടയുള്ളതും ആയ ജീവിതം നയിക്കുന്ന പയനിയർമാർ സേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. അങ്ങനെ മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിലൂടെ അവർ അധികം സന്തോഷവും ആത്മീയബലവും നേടിയെടുക്കുന്നു. ഒന്നും വേണ്ട എന്നമട്ടിൽ സന്യാസജീവിതം നയിക്കുന്നതിനുപകരം സാമ്പത്തിക കാര്യങ്ങളിൽ സമനിലയുള്ള വീക്ഷണം പുലർത്തിക്കൊണ്ട് പയനിയറിങ്ങിന്റെ അനുഗ്രഹങ്ങൾ അവർ ആസ്വദിക്കുന്നു.
8 നാം അന്ത്യകാലത്താണു ജീവിക്കുന്നത്. ഈ ദുഷ്ടലോകത്തിന്റെ സമയം തീർന്നുകൊണ്ടിരിക്കുന്നു. ലഭിക്കുന്ന ഓരോ അവസരത്തിലും സുവാർത്ത പ്രസംഗിക്കാനാവശ്യമായ ത്യാഗങ്ങൾ സഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഇവ സംബന്ധിച്ചുള്ള ശക്തമായ തിരിച്ചറിവാണ്. നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുകയും കാര്യങ്ങൾ യഹോവയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്താൽ അവനെ മുഴു സമയം സേവിക്കാൻ ഒരുപക്ഷേ നിങ്ങൾക്കു സാധിച്ചേക്കും. ആഗ്രഹിക്കുന്ന എന്തെങ്കിലും വേണ്ടെന്നുവെക്കേണ്ടതായി വന്നാൽപ്പോലും നിങ്ങൾക്ക് യഹോവയിൽനിന്ന് സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും.—സങ്കീ. 145:16.
ചോദ്യം 3: “ഒരു യുവവ്യക്തിയെന്ന നിലയിൽ ഞാൻ പയനിയർ സേവനത്തെ ഒരു ജീവിതവൃത്തിയായി പരിഗണിക്കേണ്ടത് എന്തുകൊണ്ട്?”
9 സ്കൂളിലെ അവസാന വർഷങ്ങളിൽ സ്വാഭാവികമായും നിങ്ങൾ ഭാവിയെക്കുറിച്ചു ചിന്തിക്കും. അത് സുരക്ഷിതവും സന്തുഷ്ടവും സംതൃപ്തവും ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. വർഷങ്ങൾ നീണ്ട കോളേജ് വിദ്യാഭ്യാസം നേടി നല്ലൊരു ജോലി കണ്ടെത്താൻ സ്കൂളിലെ അധ്യാപകർ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. മറുവശത്ത്, യഹോവയെ കഴിയുന്നത്രയും സേവിക്കണമെന്നു പരിശീലിപ്പിക്കപ്പെട്ട ക്രിസ്തീയ മനസ്സാക്ഷി നിങ്ങളോടു പറയുന്നു. (സഭാ. 12:1) ഭാവിയിൽ വിവാഹം കഴിക്കാനും ഒരു കുടുംബം ഉണ്ടാകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. നിങ്ങൾ എന്തു ചെയ്യും?
10 ഇപ്പോൾ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മുഴു ജീവിതത്തെയും മാറ്റിമറിച്ചേക്കാം. നിങ്ങൾ സമർപ്പിച്ച് സ്നാനമേറ്റ ഒരാളാണെങ്കിൽ സ്വയമേ മുഴുവനായി യഹോവയ്ക്ക് അർപ്പിച്ചതാണ്. (എബ്രാ. 10:7) അടുത്ത അവസരത്തിൽത്തന്നെ ഒന്നോ അതിൽ കൂടുതലോ മാസം സഹായ പയനിയറിങ് ചെയ്യാൻ ശ്രമിച്ചുകൂടേ? ഇത് സാധാരണ പയനിയറിങ്ങിന്റെ സന്തോഷവും ഉത്തരവാദിത്ത്വങ്ങളും കുറച്ചൊക്കെ രുചിച്ചറിയാനും സ്വന്ത ജീവിതംകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഒരു തീരുമാനത്തിൽ എത്താനും സഹായിക്കും. അതിനാൽ സ്കൂൾ പഠനത്തിനുശേഷം എന്തെങ്കിലും ചെയ്യേണ്ടേ എന്നു വിചാരിച്ച് ഒരു ജോലിക്കു പോകുന്നതിനുപകരം സാധാരണ പയനിയറിങ് തുടങ്ങുന്നതല്ലേ നല്ലത്? പിന്നീടു ചെയ്യാം എന്നു വിചാരിച്ച ചിലർക്ക്, നേരത്തെ പയനിയർ സേവനം തുടങ്ങാഞ്ഞതിൽ ഖേദിക്കേണ്ടി വന്നിട്ടുണ്ട്.
11 ഒരു യുവവ്യക്തി എന്നനിലയിൽ ഏകാകിയായിരിക്കുമ്പോൾ കൈവരുന്ന അവസരങ്ങൾ മുഴുസമയ പ്രസംഗ പ്രവർത്തനത്തിൽ മുതലാക്കികൊണ്ട് അനുഗ്രഹങ്ങൾ ആസ്വദിക്കുക. എന്നെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ സാധാരണ പയനിയറായി സേവിക്കുന്നതായിരിക്കും അതിനുള്ള ഏറ്റവും നല്ല അടിത്തറ. സമാന ചിന്താഗതിയുള്ള ഒരു പയനിയറെ വിവാഹം കഴിക്കുന്നുവെങ്കിൽ പയനിയറിങ് നിങ്ങളുടെ ജീവിതവൃത്തി ആക്കാനായേക്കും. ഒന്നിച്ചു പയനിയറിങ് ചെയ്ത ചില ദമ്പതികൾ സർക്കിട്ട് വേലയിലേക്കോ മിഷനറി വേലയിലേക്കോ പോയിട്ടുണ്ട്. തികച്ചും സംതൃപ്തമായ ഒരു ജീവിതം!
12 നിങ്ങൾ പയനിയറിങ് ചെയ്യുന്നത് എത്ര നാളത്തേക്കാണെങ്കിലും ലോകത്തിലെ മറ്റേതൊരു തൊഴിലിൽനിന്നും ലഭിക്കാനാവാത്ത വിലയേറിയ പരിശീലനം നിങ്ങൾക്ക് അതിലൂടെ ലഭിക്കും, അങ്ങനെ നിങ്ങളുടെ വിദ്യാഭ്യാസം പൂർണമാകും. അച്ചടക്കം, നല്ല ചിട്ടകൾ, മറ്റുള്ളവരുമായി ഒത്തുപോകൽ, യഹോവയിലുള്ള ആശ്രയം, ക്ഷമ, ദയ എന്നീ ഗുണങ്ങൾ പയനിയറിങ് വഴി പഠിക്കാനാകും. ഈ ഗുണങ്ങൾ പിന്നീടു വലിയ ഉത്തരവാദിത്ത്വങ്ങൾ കൈയേൽക്കാൻ നിങ്ങളെ യോഗ്യരാക്കും.
13 ജീവിതം മുമ്പൊരിക്കലും ഇത്രമേൽ അനിശ്ചിതമായിരുന്നിട്ടില്ല. യഹോവ വാഗ്ദാനം ചെയ്തിട്ടുള്ളവ ഒഴിച്ചാൽ ചുരുക്കം ചില സംഗതികളേ യഥാർഥത്തിൽ നിലനിൽക്കുന്നതുള്ളൂ. ഭാവി നിങ്ങളുടെ മുമ്പിൽ തുറന്നു കിടക്കുകയാണ്. അതിനാൽ സ്വന്തജീവിതംകൊണ്ട് വരും വർഷങ്ങളിൽ എന്തു ചെയ്യും എന്നു ഗൗരവമായി ചിന്തിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. പയനിയറിങ് എന്ന പദവിയുടെ മൂല്യം തിരിച്ചറിയുക. പയനിയർ സേവനം ജീവിതവൃത്തി ആക്കിയതിൽ നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടി വരില്ല.
ചോദ്യം 4: “മണിക്കൂർ വ്യവസ്ഥ ഒരു സമ്മർദമായിരിക്കില്ലേ? അതു തികയ്ക്കാൻ സാധിച്ചില്ലെങ്കിലോ?”
14 സാധാരണ പയനിയർ ഫാറം പൂരിപ്പിക്കുമ്പോൾ താഴെപ്പറയുന്ന ചോദ്യത്തിന് ഉത്തരം നൽകണം: “വർഷത്തിൽ 840 മണിക്കൂർ എന്ന വ്യവസ്ഥയിൽ എത്തിച്ചേരുംവിധം കാര്യാദികളെ ക്രമീകരിച്ചിട്ടുണ്ടോ?” അതിൽ എത്തിച്ചേരാൻ ദിവസവും ശരാശരി രണ്ടര മണിക്കൂർ സേവനം ചെയ്യണം. ഇതിന് നല്ലൊരു പട്ടികയും ആത്മശിക്ഷണവും കൂടിയേ തീരൂ. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രായോഗികമായി എത്തിച്ചേരാനാകുന്ന ഒരു പ്രവർത്തനരീതി മിക്ക പയനിയർമാരും വളർത്തിയെടുക്കുന്നു.
15 എന്നിരുന്നാലും, സഭാപ്രസംഗി 9:11 പറയുന്ന പ്രകാരം ‘കാലവും മുൻകൂട്ടി കാണാനാകാത്ത സംഭവങ്ങളും നമ്മെയെല്ലാം ബാധിക്കുന്നു’. ഗുരുതരമായ രോഗമോ മുൻകൂട്ടി കാണാനാകാത്ത മറ്റു സാഹചര്യങ്ങളോ ഒരു പയനിയറെ മണിക്കൂർ വ്യവസ്ഥയിൽ എത്തുന്നതിൽനിന്നു തടസ്സപ്പെടുത്തിയേക്കാം. ഇത് നീണ്ടുനിൽക്കാത്തതും സേവനവർഷത്തിന്റെa തുടക്കത്തിലും ആണെങ്കിൽ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനായി ദിവസേന കൂടുതൽ സമയം സേവനത്തിൽ പങ്കെടുക്കത്തക്കവിധമുള്ള ഒരു പട്ടികയുണ്ടാക്കിയാൽ മതിയാകും. എന്നാൽ സേവനവർഷത്തിലെ ഏതാനും മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഗുരുതരമായ ഒരു പ്രശ്നമുണ്ടായി മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കാതെ വന്നാൽ പയനിയർക്ക് എന്തു ചെയ്യാം?
16 രോഗത്താലോ നിയന്ത്രണാതീതമായ മറ്റേതെങ്കിലും കാരണത്താലോ ഏതാനും മാസങ്ങളിൽ നിങ്ങൾക്കു മണിക്കൂർ വ്യവസ്ഥയിലെത്താൻ സാധിക്കുന്നില്ലെങ്കിൽ സഭാ സേവനക്കമ്മിറ്റിയിലെ ഒരംഗത്തോട് പ്രശ്നം വിശദീകരിക്കുക. നഷ്ടപ്പെട്ട സമയം കാര്യമാക്കാതെ പയനിയർ സേവനത്തിൽ തുടരാൻ പ്രശ്നങ്ങളെ വിലയിരുത്തി മൂപ്പന്മാർ നിങ്ങളെ അനുവദിച്ചേക്കാം. അങ്ങനെയാകുമ്പോൾ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കേണ്ടതില്ലെന്ന് സെക്രട്ടറി സഭാ പ്രസാധക രേഖയിൽ രേഖപ്പെടുത്തും. ഇത് പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള കരുതലാണ്, മറിച്ച് എല്ലാ അവസരങ്ങളിലും ലഭിക്കുന്നതല്ല.
17 അനുഭവപരിചയമുള്ള പയനിയർമാർ സേവനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ശരാശരി മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുന്നു, അത് പിന്നീട് നിക്ഷേപമായി ഉതകും. ചിലപ്പോഴൊക്കെ അപ്രധാന കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് അവർ പയനിയർ സേവനത്തിനു മുൻതൂക്കം നൽകുന്നു. പ്രായോഗികമല്ലാത്ത പട്ടികയോ ആത്മശിക്ഷണത്തിന്റെ അഭാവമോ നിമിത്തം ഒരു പയനിയർക്കു മണിക്കൂർ വ്യവസ്ഥയിൽ എത്താൻ സാധിക്കുന്നില്ലെങ്കിൽ പ്രത്യേക പരിഗണന പ്രതീക്ഷിക്കാതെ സമയം എത്തിക്കേണ്ടത് സ്വന്തം ഉത്തരവാദിത്ത്വമാണെന്നു മനസ്സിലാക്കി നഷ്ടപ്പെട്ട സമയം വീണ്ടെടുക്കേണ്ടതാണ്.
18 ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്ത മാറ്റങ്ങൾ പയനിയർമാർ അഭിമുഖീകരിക്കുന്നു. നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളോ വർധിച്ച കുടുംബ ഉത്തരവാദിത്ത്വമോ മറ്റെന്തെങ്കിലുമോ നിമിത്തം കുറെ നാളുകളായി ഒരു പയനിയർക്ക് മണിക്കൂർ വ്യവസ്ഥയിൽ എത്താൻ സാധിക്കുന്നില്ലായിരിക്കാം. ഇത്തരം സാഹചര്യത്തിൽ ഒരു പ്രസാധകനായിരുന്നുകൊണ്ട് സാധിക്കുമ്പോഴൊക്കെ സഹായ പയനിയറിങ് ചെയ്യുന്നതായിരിക്കും ബുദ്ധി. മണിക്കൂർ വ്യവസ്ഥയിൽ എത്താത്ത വ്യക്തിയെ പയനിയർ നിരയിൽ തുടരാൻ അനുവദിക്കാനാവില്ല.
ചോദ്യം 5: “ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പയനിയർ സേവനത്തിൽ അതിനുള്ള അവസരം ഉണ്ടോ?”
19 യഹോവയുമായി ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തിലും അവനെ വിശ്വസ്തമായി സേവിക്കുന്നതിലും ആണ് യഥാർഥ സന്തോഷം കുടികൊള്ളുന്നത്. യേശു “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷ”ത്തെപ്രതി ദണ്ഡനസ്തംഭം വഹിച്ചു. (എബ്രാ. 12:2) അവനു സന്തോഷം ലഭിച്ചത് ദൈവേഷ്ടം ചെയ്തതിലൂടെയായിരുന്നു. (സങ്കീ. 40:8) ഈ വ്യവസ്ഥിതിയിൽ, യഹോവയെ ആരാധിക്കുന്നതിനായി കൂടുതൽ സമയം ചെലവഴിക്കുന്നതാണ് യഥാർഥ സന്തോഷം നേടിത്തരുന്നത്. ആത്മീയകാര്യങ്ങളെ പിന്തുടരുകയെന്നതാണ് നമ്മുടെ ലക്ഷ്യം. കാരണം അതാണ് ശരിയെന്ന് നമുക്കു ബോധ്യമുണ്ട്. കൊടുക്കുന്നതിലൂടെയാണ് സന്തോഷം ലഭിക്കുന്നത്. അതുകൊണ്ട് ദൈവത്തിന്റെ പുതിയ ലോകത്തിൽ നിത്യം ജീവിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതാണ് ഏറ്റവും നല്ല ജീവിതഗതി.—പ്രവൃ. 20:35.
20 തുടക്കത്തിൽ പരാമർശിച്ച പയനിയർ ഇപ്രകാരം പറയുന്നു: “നിങ്ങൾ പഠിപ്പിക്കുന്ന വ്യക്തി യഹോവയെ സ്തുതിക്കുന്നതു കാണുന്നതിനെക്കാൾ വലിയ സന്തോഷം ഉണ്ടോ?” യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ, ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തി അനുഭവിച്ചറിയുന്നത് ആവേശകരവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതുമാണ്. (1997 വീക്ഷാഗോപുരം ഒക്ടോബർ 15 പേജ്, 18-23 കാണുക.) യഥാർഥത്തിൽ എന്താണ് നിങ്ങൾക്കു സന്തോഷം തരുന്നത്? ലോകത്തിനു തരാനാകുന്നത് താത്കാലിക സന്തോഷം മാത്രമാണ്. എന്നാൽ, നിലനിൽക്കുന്നതും ശ്രമത്തിനു തക്ക മൂല്യമുള്ളതും യഥാർഥ സന്തോഷം തരുന്നതും ആണ് പയനിയറിങ്.
ചോദ്യം 6: “നിത്യജീവന് പയനിയറിങ് അത്യാവശ്യമല്ലെങ്കിൽ പിന്നെ അതു ചെയ്യണമോ?”
21 തീരുമാനം നിങ്ങളുടേതാണ്. ജീവിതസാഹചര്യങ്ങൾ വിലയിരുത്തി നിങ്ങളെ വിധിക്കാൻ യഹോവയ്ക്കു മാത്രമേ സാധിക്കൂ. (റോമ. 14:4) യഹോവ ആഗ്രഹിക്കുന്നത് തന്നെ മുഴു ഹൃദയത്തോടെ, ആത്മാവോടെ, മനസ്സോടെ, ശക്തിയോടെ സേവിക്കാനാണ്. (മർക്കോ. 12:30; ഗലാ. 6:4, 5) യഹോവ സ്നേഹിക്കുന്നത് സന്തോഷത്തോടെ തന്നെ സേവിക്കുന്നവരെയാണ്, അല്ലാതെ നിർബന്ധത്താലോ മനസ്സില്ലാമനസ്സോടെയോ പ്രവർത്തിക്കുന്നവരെയല്ല. (2 കൊരി. 9:7; കൊലോ. 3:23) യഹോവയോടും നിങ്ങളുടെ പ്രദേശത്തുള്ള ആളുകളോടും ഉള്ള സ്നേഹമായിരിക്കണം മുഴുസമയ സേവനത്തിനായി നിങ്ങളെ പ്രേരിപ്പിക്കേണ്ടത്. (മത്താ. 9:36-38; മർക്കോ. 12:30, 31) നിങ്ങളുടെ ചിന്ത ഇതാണെങ്കിൽ പയനിയർ സേവനത്തെക്കുറിച്ചു ഗൗരവമായി പരിഗണിക്കുക.
ചോദ്യം 7: “പയനിയർമാർക്ക് വ്യക്തിപരമായ എന്തു സഹായം മൂപ്പന്മാർ കൊടുക്കണം?”
22 പയനിയർമാരുടെ കാര്യത്തിൽ മൂപ്പന്മാരുടെ സംഘം, പ്രത്യേകിച്ച് സഭാ സേവനക്കമ്മിറ്റി വ്യക്തിപരമായ താത്പര്യം എടുക്കണം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ, പയനിയർമാരെ ഏതെല്ലാം വിധങ്ങളിൽ മൂപ്പന്മാർക്കു സഹായിക്കാമെന്ന് കാണിക്കുന്നു: ശുശ്രൂഷയുടെ എല്ലാ മേഖലകളിലും അവർ ഫലപ്രദരാണോ?, മടക്ക സന്ദർശനങ്ങൾക്കും ബൈബിളധ്യയനങ്ങൾക്കും അവർക്കു പരിശീലനം വേണമോ?, പരിശുദ്ധാത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്ന വിധത്തിൽ സമാധാനത്തിലും ഒത്തൊരുമയിലും ആണോ അവർ പ്രവർത്തിക്കുന്നത്?, (റോമ. 14:19) പ്രായോഗിക പട്ടിക തയ്യാറാക്കുന്നതിൽ സഹായം ആവശ്യമാണോ?, പഠനശീലവും യോഗങ്ങളിൽ പങ്കുപറ്റലും ഉള്ളവരാണോ? പയനിയർമാരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും കണ്ടറിഞ്ഞ് അവർക്കാവശ്യമായ എല്ലാ സഹായങ്ങളും മൂപ്പന്മാർക്ക് ചെയ്യാനാകും. കൂടാതെ പതിവായി അവരോട് സംസാരിക്കുക.
23 മണിക്കൂർ വ്യവസ്ഥ ഉൾപ്പെടെ പയനിയർമാർക്കായി വെച്ചിട്ടുള്ള നിലവാരങ്ങൾ അവർ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ മൂപ്പന്മാർ ശ്രദ്ധാലുക്കളായിരിക്കണം. അതേ സമയം, താത്കാലിക പ്രശ്നങ്ങളാൽ പയനിയർക്ക് മണിക്കൂർ വ്യവസ്ഥയിൽ എത്താൻ പറ്റാതെ വരുമ്പോൾ ശ്രദ്ധാലുക്കളായ മൂപ്പന്മാർ അദ്ദേഹത്തെ ആ നിയമനത്തിൽനിന്നു നീക്കുന്നതിനു ശുപാർശ ചെയ്യുന്നതിനു പകരം, വേഗം സഹായം നൽകും. തക്കസമയത്തു സഹായം ലഭിക്കാതെ പ്രശ്നങ്ങളുമായി അനേകം മാസങ്ങൾ മുന്നോട്ടുപോയി അവസാനം മണിക്കൂർ വ്യവസ്ഥയിൽ എത്താത്തതിൽ നിരുത്സാഹിതനായി അദ്ദേഹം പയനിയറിങ് നിർത്തിക്കളയുന്ന അവസ്ഥ വരാൻ ഒരിക്കലും ഇടയാക്കരുത്.
24 പയനിയറുമായി സംസാരിച്ചതിനുശേഷം ഇതൊരു താത്കാലികപ്രശ്നമാണെന്നും സേവനവർഷം അവസാനിക്കുന്നതിനുമുമ്പ് മണിക്കൂർ വ്യവസ്ഥയിലെത്താൻ കഴിയുമെന്നും മൂപ്പന്മാർ മനസ്സിലാക്കുന്ന പക്ഷം, പ്രോത്സാഹനവും സഹായകരമായ നിർദേശങ്ങളും നൽകുകയല്ലാതെ മറ്റൊന്നും വേണ്ടിവരില്ല. എന്നാൽ തന്റെ നിയന്ത്രണത്തിന് അതീതമായ ഒരു സാഹചര്യം നിമിത്തം മണിക്കൂർ വ്യവസ്ഥയിൽ വളരെ പിന്നിലായിരിക്കുന്ന പയനിയർക്കു സേവനവർഷത്തിന്റെ അവസാനം അത് എത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലോ? അദ്ദേഹത്തിന് എന്തെങ്കിലും പ്രത്യേക പരിഗണന നൽകണമോയെന്ന് മൂപ്പന്മാർ തീരുമാനിക്കണം. അങ്ങനെ കാണുന്നപക്ഷം അത് സഭാ പ്രസാധക രേഖയിൽ എഴുതുക. കുറവുള്ള മണിക്കൂറുകളെക്കുറിച്ചു വിഷമിക്കാതെ ശേഷിക്കുന്ന മാസങ്ങളിലെ മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാനായി കഠിനശ്രമം ചെയ്യാൻ പയനിയറെ പ്രോത്സാഹിപ്പിക്കുക. എന്നാൽ പ്രശ്നം താത്കാലികമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തിയോടു പയനിയറിങ് നിറുത്താൻ ആവശ്യപ്പെടുന്നതാണ് നല്ലതെന്നും മൂപ്പന്മാർ തീരുമാനിക്കുന്നെങ്കിൽ അത് അനുയോജ്യമായ ഫാറത്തിൽ ബ്രാഞ്ചോഫീസിൽ അറിയിക്കണം.
ചോദ്യം 8: “സാധാരണ പയനിയർ സേവനത്തിനായി എനിക്കെങ്ങനെ യോഗ്യത പ്രാപിക്കാം?”
25 സാധാരണ പയനിയർ സേവനത്തിനു യോഗ്യത പ്രാപിക്കുന്നതിന് ഒരു വ്യക്തി ക്രമമുള്ള, സ്നാനമേറ്റിട്ട് കുറഞ്ഞത് ആറു മാസമെങ്കിലും ആയ പ്രസാധകൻ ആയിരിക്കണം. അദ്ദേഹം 840 എന്ന വാർഷിക സേവന മണിക്കൂർ വ്യവസ്ഥയിൽ എത്തണം. നല്ല ധാർമിക നിലവാരം ഉണ്ടായിരിക്കുകയും മാതൃകായോഗ്യനായ ക്രിസ്ത്യാനിയെന്ന് പ്രകടമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് (od പേ. 113-14). ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? ഒരു പയനിയർ അപേക്ഷകനിൽ എന്ത് യോഗ്യതകളാണ് മൂപ്പന്മാർ നോക്കേണ്ടത്?
26 മാതൃകായോഗ്യമായ നടത്ത അർഥമാക്കുന്നത് ശാരീരികമായും ആത്മീയമായും ശുദ്ധരായിരിക്കുക എന്നതിനെയാണ്. പയനിയർ സേവനത്തിനായി പരിഗണിക്കുന്ന വ്യക്തി സഭയ്ക്ക് അകത്തും പുറത്തും നല്ല ക്രിസ്തീയനടത്ത ഉള്ളവനായിരിക്കും. യഹോവയ്ക്ക് തന്നെത്തന്നെ പൂർണമായി സമർപ്പിച്ച വ്യക്തിയും ദൈവാത്മാവിന്റെ ഫലം ജീവിതത്തിൽ പ്രകടമാക്കുന്ന ആളും ആയിരിക്കണം. ഒരു പയനിയറുടെ മുഖ്യതാത്പര്യം ദൈവരാജ്യത്തിനു സാക്ഷ്യം നൽകുന്നതും ശിഷ്യരാക്കുന്നതും ആണ്. അദ്ദേഹം വീടുതോറും ബൈബിൾ ഫലകരമായി ഉപയോഗിക്കേണ്ടതുണ്ട്. താത്പര്യമുള്ളവർക്കു മടക്കസന്ദർശനങ്ങൾ, ഭവന ബൈബിളധ്യയനങ്ങൾ എന്നിവ നടത്തുന്നതിന് അദ്ദേഹം മുൻകൈ എടുക്കുന്നു. മൂപ്പന്മാരുടെ സംഘം ക്രമീകരിക്കുന്ന വയൽസേവനത്തിലും യോഗങ്ങളിലും പയനിയർമാർ പൂർണമായി സഹകരിക്കേണ്ടതാണ്.
27 നീതിന്യായ ശാസന, പുറത്താക്കിയശേഷം പുനഃസ്ഥിതീകരണം എന്നിവയ്ക്കു വിധേയനായ വ്യക്തിയെ സഹായ പയനിയറിങ്ങിനോ സാധാരണ പയനിയറിങ്ങിനോ പരിഗണിക്കുമ്പോൾ നീതിന്യായ നടപടിക്കു ശേഷം കുറഞ്ഞത് ഒരു വർഷം കഴിഞ്ഞിരിക്കണം. വ്യക്തി ഇപ്പോൾ നീതിന്യായ കമ്മിറ്റിയുടെ നിയന്ത്രണത്തിൻ കീഴിലാണെങ്കിൽ അതു നീക്കുന്നതുവരെ പയനിയർ സേവനപദവികൾക്ക് അർഹനായിരിക്കുകയില്ല.
28 ഒരാളെ സാധാരണ പയനിയറായി നിർദേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിരവധി മാസങ്ങൾ സഹായ പയനിയറിങ് ചെയ്യേണ്ടത് ആവശ്യമാണോ? അല്ല. എന്നിരുന്നാലും, സാധാരണ പയനിയർ എന്നനിലയിലുള്ള പട്ടിക പിൻപറ്റുന്നതിന് ആദ്യമേ സഹായ പയനിയർ എന്നനിലയിൽ പ്രവർത്തിക്കുന്നത് നല്ലതാണ്. ഒരു അപേക്ഷകന് മാസം 70 മണിക്കൂറും സേവനവർഷത്തിന്റെ അവസാനം 840 മണിക്കൂറും എത്താൻ കഴിയും എന്ന കാര്യം മൂപ്പന്മാർ ഉറപ്പാക്കേണ്ടതാണ്.
29 സഭയിലെ ഒരംഗം സാധാരണ പയനിയർ സേവന അപേക്ഷ പൂരിപ്പിച്ച് അംഗീകാരത്തിനായി മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനു നൽകുമ്പോൾ സഭാ സേവനക്കമ്മിറ്റി അത് ഉടനടി പരിഗണിക്കേണ്ടതാണ്. കമ്മിറ്റിയിലുള്ള ഏതെങ്കിലും ഒരു മൂപ്പൻ ഒന്നോ രണ്ടോ ആഴ്ചകളിൽ സ്ഥലത്തില്ലെങ്കിൽ അദ്ദേഹം വരുന്നതുവരെ നടപടി വൈകിക്കരുത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റൊരു മൂപ്പനെ ഉപയോഗിക്കുക. സഭാ സേവനക്കമ്മിറ്റി അപേക്ഷ അംഗീകരിക്കുന്നെങ്കിൽ അത് അയയ്ക്കുന്നതിനുമുമ്പ് മൂപ്പന്മാരുടെ സംഘത്തെ അറിയിക്കുക. മറ്റു മൂപ്പന്മാരുടെ നിരീക്ഷണങ്ങളും പരിഗണിക്കേണ്ടതാണ്.
30 സാധാരണ പയനിയർ സേവന അപേക്ഷാ ഫാറത്തിൽ അപേക്ഷകന്റെ കഴിഞ്ഞ ആറു മാസത്തെ വയൽസേവന മണിക്കൂർ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകന് മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാനാകുമെന്ന് മൂപ്പന്മാർ ഉറപ്പാക്കണം. ഒരു പ്രസാധകന്റെ ആറു മാസത്തെ ശരാശരി മണിക്കൂർ നീണ്ട കാലയളവിൽ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നതിന്റ ശരിയായ ഒരു ചൂണ്ടുപലക ആയിരിക്കണമെന്നില്ല. നേരെ മറിച്ച്, ഒന്നോ രണ്ടോ മാസങ്ങളിൽ പ്രത്യേക ശ്രമം മൂലം മറ്റുള്ള മാസങ്ങളെക്കാൾ കൂടുതൽ മണിക്കൂർ ഉണ്ടെങ്കിൽ അതു പരിഗണിക്കേണ്ടതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂപ്പന്മാർ അപേക്ഷകനെ പയനിയർ എന്നനിലയിൽ കണ്ടുകൊണ്ട് വയലിലെ കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനത്തിന്റെ ഒരു ആകമാനവിലയിരുത്തൽ നടത്തണം. വ്യക്തിക്ക് ഉയർന്ന മണിക്കൂർശരാശരി ഉണ്ടെങ്കിലും ഫലപ്രാപ്തി കുറവാണെങ്കിൽ പയനിയറായി നിയമിക്കുന്നതിനുമുമ്പ് സേവനത്തിൽ മെച്ചപ്പെടേണ്ട മേഖലകളിൽ പുരോഗതി വരുത്താൻ മൂപ്പന്മാർ സഹായിക്കേണ്ടതാണ്. അദ്ദേഹത്തെ മൂപ്പന്മാർക്ക് ശുപാർശ ചെയ്യാനാകുന്നില്ലെങ്കിൽ കാര്യം വ്യക്തിയെ അറിയിക്കുകയും അപേക്ഷ അയയ്ക്കാത്തതിന്റെ കാരണം അപേക്ഷകനോടു വിശദീകരിക്കുകയും വേണം. യോഗ്യതയിലെത്താൻ ചെയ്യേണ്ടതെന്താണെന്ന് മൂപ്പന്മാർ അദ്ദേഹത്തെ അറിയിക്കണം. പിന്നീട് അദ്ദേഹത്തെ അംഗീകരിക്കാനാകുമെന്ന് മൂപ്പന്മാർക്ക് തോന്നുകയും പഴയ അപേക്ഷ തന്നെ ഉപയോഗിക്കുകയും ആണെങ്കിൽ, പയനിയറിങ് തുടങ്ങുന്ന തീയതി അതനുസരിച്ചു മാറ്റണം.
31 ഇതിന്റെയൊക്കെ വെളിച്ചത്തിൽ പയനിയറിങ് ചെയ്യാനുള്ള സാധ്യത നിങ്ങൾ തൂക്കിനോക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. നിങ്ങളുടെ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സാധാരണ പയനിയർ ആകാനാകുമോ? സ്വന്തമായി ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കിക്കൊണ്ട് ആഴ്ചയിൽ ശരാശരി പതിനേഴു മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കാനാകുമോ? യഹോവയിൽ പൂർണമായി വിശ്വസിക്കുക, ആശ്രയിക്കുക. അവന്റെ സഹായത്താൽ നിങ്ങൾക്കു വിജയിക്കാം! അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു: “ഞാൻ . . . നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ?”—മലാഖി 3:10.
32 അതുകൊണ്ട് “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” “അതെ” എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, ഉടനടി സാധാരണ പയനിയർ ആകാൻ തീയതി നിശ്ചയിക്കുക. യഹോവ നിങ്ങളെ സന്തുഷ്ടജീവിതം നൽകി അനുഗ്രഹിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക!
[അടിക്കുറിപ്പ്]
a സെപ്റ്റംബർ മുതൽ അടുത്ത വർഷം ആഗസ്റ്റ് അവസാനം വരെ ഉൾപ്പെടുന്ന കാലയളവാണ് ഒരു സേവനവർഷം.