ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മാർച്ച് 5-11
ദൈവവചനത്തിലെ നിധികൾ | മത്തായി 20-21
“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം”
ചിത്രം, nwtsty
ചന്തസ്ഥലം
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ചില ചന്തസ്ഥലങ്ങൾ വഴിയരികിലാണു സ്ഥിതി ചെയ്തിരുന്നത്. സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിൽ കച്ചവടക്കാർ ധാരാളം ചരക്കുകൾ വഴിയിലേക്ക് ഇറക്കിവെച്ചിരുന്നു. വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വില കൂടിയ ചില്ലുപാത്രങ്ങളും അതുപോലെ ഭക്ഷണസാധനങ്ങളും അവിടെനിന്ന് ആളുകൾക്കു വാങ്ങാമായിരുന്നു. ശീതീകരണസംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ സാധനങ്ങൾ വാങ്ങുന്നതിന് ആളുകൾ ഓരോ ദിവസവും ചന്തസ്ഥലത്ത് വരണമായിരുന്നു. ഇവിടെ സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകൾക്കു വ്യാപാരികളിൽനിന്നോ മറ്റുള്ളവരിൽനിന്നോ പുതിയപുതിയ വാർത്തകൾ അറിയാൻ കഴിയുമായിരുന്നു. അതുപോലെ കുട്ടികൾ അവിടെ കളിക്കുമായിരുന്നു. ആരെങ്കിലും ജോലിക്കു വിളിക്കുമെന്നു പ്രതീക്ഷിച്ച് തൊഴിലില്ലാത്തവരും അവിടെ കാണുമായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു രോഗികളെ സൗഖ്യമാക്കിയിട്ടുണ്ട്, പൗലോസ് പ്രസംഗിച്ചിട്ടുമുണ്ട്. (പ്രവൃ 17:17) എന്നാൽ അതിനു വിപരീതമായി അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കാനും അഭിവാദനം ചെയ്യാനും ഇഷ്ടപ്പെട്ടിരുന്നു.
മത്ത 20:20, 21-ന്റെ പഠനക്കുറിപ്പുകൾ, nwtsty
സെബെദിപുത്രന്മാരുടെ അമ്മ: അതായത് അപ്പോസ്തലന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ. യേശുവിനെ സമീപിച്ചത് യാക്കോബും യോഹന്നാനും ആണെന്നാണു മർക്കോസിന്റെ വിവരണത്തിൽ പറയുന്നത്. തെളിവനുസരിച്ച് ആ അപേക്ഷയുടെ ഉറവിടം അവരായിരുന്നു. എന്നാൽ അവർ തങ്ങളുടെ അമ്മയായ ശലോമയിലൂടെയാണു കാര്യം യേശുവിന്റെ മുന്നിൽ അവതരിപ്പിച്ചത്. സാധ്യതയനുസരിച്ച് യേശുവിന്റെ അമ്മയുടെ സഹോദരിയായിരുന്നു ശലോമ.—മത്ത 27:55, 56; മർ 15:40, 41; യോഹ 19:25.
ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും: ഇവിടെ രണ്ടു വശവും ആദരവിനെയും അധികാരത്തെയും സൂചിപ്പിക്കുന്നെങ്കിലും വലതുവശമാണ് എപ്പോഴും ഏറ്റവും ആദരണീയമായ സ്ഥാനം.—സങ്ക 110:1; പ്രവൃ 7:55, 56; റോമ 8:34.
മത്ത 20: 26, 28-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ശുശ്രൂഷ ചെയ്യുന്നവൻ: അഥവാ “സേവകൻ; ജോലിക്കാരൻ.” മടുത്ത് പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്മയോടെ സേവനം ചെയ്യുന്നവരെ കുറിക്കാനാണു ബൈബിളിൽ മിക്കപ്പോഴും ഡയാക്കൊനൊസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ക്രിസ്തു (റോമ 15:8), ക്രിസ്തുവിന്റെ ശുശ്രൂഷകർ അഥവാ സേവകന്മാർ (1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ് അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ: അഥവാ “സേവിക്കപ്പെടാനല്ല, സേവിക്കാൻ.”
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 21:9-ന്റെ പഠനക്കുറിപ്പ്, nwtsty
രക്ഷ നൽകണേ!: അക്ഷ. “ഹോശന്ന.” ഈ ഗ്രീക്കുപദം വന്നിരിക്കുന്നത്, “രക്ഷിക്കണേ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു” എന്നോ “ദയവായി രക്ഷിക്കണേ” എന്നോ അർഥമുള്ള ഒരു എബ്രായപദപ്രയോഗത്തിൽനിന്നാണ്. രക്ഷയ്ക്കോ വിജയത്തിനോ വേണ്ടി ദൈവത്തോട് ഉണർത്തിക്കുന്ന ഒരു അപേക്ഷയായിട്ടാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “രക്ഷ നൽകണേ” എന്നും അതു പരിഭാഷപ്പെടുത്താം. കാലക്രമേണ ഇതു പ്രാർഥനയിലും സ്തുതിയിലും ഉൾപ്പെടുത്തുന്ന ഒരു പദമായി മാറി. മേൽപ്പറഞ്ഞ എബ്രായപദപ്രയോഗം സങ്ക 118:25-ൽ കാണാം. അതാകട്ടെ പെസഹാക്കാലത്ത് പതിവായി പാടിയിരുന്ന ഹല്ലേൽ സങ്കീർത്തനങ്ങളുടെ ഭാഗവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ ആ വാക്കുകൾ ആളുകളുടെ മനസ്സിലേക്കു പെട്ടെന്ന് ഓടിയെത്തിക്കാണും. ദാവീദുപുത്രനു രക്ഷ നൽകാനുള്ള ഈ പ്രാർഥനയ്ക്കു ദൈവം ഉത്തരം നൽകിയ ഒരു വിധം യേശുവിനെ മരിച്ചവരിൽനിന്ന് പുനരുത്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു. മത്ത 21:42-ൽ യേശുതന്നെ സങ്ക 118:22, 23 ഉദ്ധരിക്കുകയും അതു മിശിഹയെക്കുറിച്ചാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ദാവീദുപുത്രൻ: യേശുവിന്റെ വംശപരമ്പരയും വാഗ്ദത്തമിശിഹ എന്ന സ്ഥാനവും അംഗീകരിക്കുന്നു എന്നാണ് ഇവിടെ ഈ പദപ്രയോഗം സൂചിപ്പിച്ചത്.
jy-E 244 ¶4-6
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നു
ആ മരം ഉണങ്ങിപ്പോകാൻ യേശു ഇടയാക്കിയത് എന്തുകൊണ്ട്? അതിന്റെ കാരണം യേശുതന്നെ പറയുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും. വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.” (മത്തായി 21:21, 22) ഒരു മലയെ നീക്കിക്കളയാൻപോലും വിശ്വാസത്തിനു കഴിയുമെന്നു യേശു നേരത്തെ പറഞ്ഞ കാര്യം യേശു ഒന്നുകൂടി ആവർത്തിച്ചു.—മത്തായി 17:20.
ആ മരം ഉണങ്ങിപ്പോകാൻ ഇടയാക്കിക്കൊണ്ട്, ദൈവത്തിൽ വിശ്വാസം ഉണ്ടായിരിക്കണം എന്ന പ്രധാനപ്പെട്ട ഒരു പാഠം യേശു പഠിപ്പിച്ചു. യേശു പറയുന്നു: “നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.” (മർക്കോസ് 11:24) യേശുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള എത്ര പ്രധാനപ്പെട്ട ഒരു പാഠം! അപ്പോസ്തലന്മാർ ഉടൻതന്നെ ബുദ്ധിമുട്ടേറിയ പരിശോധനകൾ നേരിടാൻ പോകുകയായിരുന്നതുകൊണ്ട് യേശു പഠിപ്പിച്ച ഈ പാഠം അവർക്ക് തികച്ചും യോജിച്ചതായിരുന്നു. എന്നാൽ അത്തി മരം ഉണങ്ങിപ്പോയതും വിശ്വാസം എന്ന ഗുണവും തമ്മിൽ മറ്റൊരു ബന്ധവും കൂടിയുണ്ടായിരുന്നു.
ഈ അത്തി മരത്തെപ്പോലെ ഇസ്രായേൽ ജനതയ്ക്കും ഒരു കപടഭാവമാണുള്ളത്. ഈ ജനത്തിന് ദൈവവുമായി ഒരു ഉടമ്പടി ബന്ധമുണ്ട്. പുറമേ നോക്കിയാൽ നിയമം അനുസരിക്കുന്ന ഒരു കൂട്ടമാണെന്നേ തോന്നൂ. എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർക്ക് വിശ്വാസമില്ലായിരുന്നു. നല്ല ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. ദൈവത്തിന്റെ സ്വന്തം പുത്രനെപ്പോലും ഉപേക്ഷിച്ചു! ഫലം തരാതിരുന്ന അത്തി മരം ഉണങ്ങിപ്പോകാൻ ഇടയാക്കിയതിലൂടെ ഫലശൂന്യരും വിശ്വാസമില്ലാത്തവരും ആയ ഇസ്രായേൽ ജനതയുടെ അവസാനം എന്തായിത്തീരുമെന്ന് യേശു കാണിക്കുകയായിരുന്നു.
മാർച്ച് 12-18
ദൈവവചനത്തിലെ നിധികൾ | മത്തായി 22-23
“ഏറ്റവും വലിയ രണ്ടു കല്പനകൾ അനുസരിക്കുക”
മത്ത 22:37-ന്റെ പഠനക്കുറിപ്പ്, nwtsty
ഹൃദയം: ആലങ്കാരികാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദം പൊതുവേ ഒരാളുടെ ആന്തരികവ്യക്തിത്വത്തെ മുഴുവനായി കുറിക്കുന്നു. എന്നാൽ ഈ പദം “ദേഹി,” “മനസ്സ്” എന്നീ പദങ്ങളോടൊപ്പം വരുമ്പോൾ സാധ്യതയനുസരിച്ച് അതിന്റെ അർഥവ്യാപ്തി കുറയുന്നു. അത്തരം സന്ദർഭങ്ങളിൽ അതു പ്രധാനമായും ഒരു വ്യക്തിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മനോഭാവത്തെയും ആണ് കുറിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂന്നു പദങ്ങളുടെയും (ഹൃദയം, ദേഹി, മനസ്സ്) അർഥങ്ങൾക്കു കുറച്ചൊക്കെ സമാനതകളുള്ളതുകൊണ്ട് അവയുടെ അർഥങ്ങളെ പൂർണമായി ഇഴപിരിച്ചെടുക്കാൻ സാധിക്കില്ല. സമാനാർഥങ്ങളുള്ള ഈ പദങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഒട്ടും പിടിച്ചുവെക്കാതെ പൂർണമായ രീതിയിൽ ദൈവത്തോടു സ്നേഹം കാണിക്കേണ്ടതിന്റെ ആവശ്യം ഏറ്റവും ശക്തമായി ഊന്നിപ്പറയാനാണ്.
ദേഹി: അഥവാ “മുഴുവ്യക്തിയും.”
മനസ്സ്: അതായത് ബൗദ്ധികപ്രാപ്തികൾ. ദൈവത്തെ അറിയാനും ദൈവത്തോടുള്ള സ്നേഹം വളർത്താനും ഒരാൾ തന്റെ മാനസികപ്രാപ്തികൾ ഉപയോഗിക്കണം. (യോഹ 17:3, അടിക്കുറിപ്പ്; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്. അവിടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ “ശക്തി” എന്നതിനു പകരം “മനസ്സ്” എന്ന പദമാണു ഗ്രീക്കിൽ കാണുന്നത്. ഇങ്ങനെ വ്യത്യസ്തമായ ഒരു പദം ഉപയോഗിച്ചതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഒന്നാമതായി പുരാതന എബ്രായഭാഷയിൽ “മനസ്സ്” എന്നതിനു പ്രത്യേകമായ ഒരു പദമില്ലായിരുന്നു. എങ്കിലും “മനസ്സ്” എന്ന ആശയവുംകൂടെ ഉൾക്കൊള്ളുന്ന ഒരു പദമായിരുന്നു “ഹൃദയം.” കാരണം ആലങ്കാരികാർഥത്തിൽ “ഹൃദയം” എന്ന പദത്തിന്, ചിന്തകളും വികാരങ്ങളും പ്രേരണകളും മനോഭാവവും ഉൾപ്പെടെ ഒരാളുടെ മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാകുമായിരുന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യത്തിലെ ഹൃദയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ എബ്രായപാഠത്തിൽ “ഹൃദയം” എന്നു വരുന്നിടത്ത് ഗ്രീക്ക് സെപ്റ്റുവജിന്റ് മിക്കപ്പോഴും “മനസ്സ്” എന്നതിനുള്ള ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി, ആവ 6:5-ൽനിന്ന് ഉദ്ധരിച്ചപ്പോൾ മത്തായി, “ശക്തി” എന്നതിനു പകരം “മനസ്സ്” എന്നതിനുള്ള ഗ്രീക്കുപദം ഉപയോഗിക്കാൻ മറ്റൊരു കാരണവും ഉണ്ടായിരിക്കാം. “ശക്തി” (അഥവാ, “ഓജസ്സ്,” അടിക്കുറിപ്പ്.) എന്നതിന്റെ എബ്രായപദത്തിനു ശാരീരികശക്തിയെ മാത്രമല്ല മാനസികമോ ബൗദ്ധികമോ ആയ പ്രാപ്തിയെയും കുറിക്കാനാകും എന്നതാണ് അത്. കാരണം എന്തുതന്നെയായാലും എബ്രായ, ഗ്രീക്ക് പദങ്ങൾ തമ്മിലുള്ള ഈ അർഥസമാനതകൾകൊണ്ടാകാം സുവിശേഷയെഴുത്തുകാർ ആവർത്തനത്തിൽനിന്ന് ഉദ്ധരിച്ചപ്പോൾ അതേ പദങ്ങൾതന്നെ ഉപയോഗിക്കാതിരുന്നത്.
മത്ത 22:39-ന്റെ പഠനക്കുറിപ്പ്, nwtsty
രണ്ടാമത്തേതും: പരീശന്റെ ചോദ്യത്തിനു യേശു നൽകിയ നേരിട്ടുള്ള ഉത്തരം മത്ത 22:37-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യേശു അതുകൊണ്ട് അവസാനിപ്പിക്കാതെ മറ്റൊരു കല്പനകൂടെ ഉദ്ധരിക്കുന്നു. (ലേവ 19:18) ഇതിലൂടെ, ആ രണ്ടു കല്പനകളും ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നെന്നും അവ മുഴുനിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരമാണെന്നും പഠിപ്പിക്കുകയായിരുന്നു യേശു.—മത്ത 22:40.
അയൽക്കാരൻ: അക്ഷ. “സമീപത്തുള്ളവൻ.” “അയൽക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർഥം, അടുത്ത് താമസിക്കുന്ന ആൾ എന്നു മാത്രമല്ല. ഒരാൾ ഏതെല്ലാം വ്യക്തികളുമായി ഇടപെടുന്നോ അവരെല്ലാം അയാളുടെ അയൽക്കാരാണ്.—ലൂക്ക 10:29-37; റോമ 13:8-10.
മത്ത 22:40-ന്റെ പഠനക്കുറിപ്പ്, nwtsty
മുഴുനിയമവും പ്രവാചകവചനങ്ങളും: ഇവിടെ ‘നിയമം’ എന്ന പദം കുറിക്കുന്നത് ഉൽപത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്തകങ്ങളെയാണ്. ‘പ്രവാചകന്മാരുടെ വാക്കുകൾ’ എന്ന പദപ്രയോഗം കുറിക്കുന്നത് എബ്രായതിരുവെഴുത്തുകളിലെ പ്രവചനപുസ്തകങ്ങളെയും. എന്നാൽ ഇവ രണ്ടും ഒന്നിച്ച് വരുമ്പോൾ അത് എബ്രായതിരുവെഴുത്തുകളെ മൊത്തത്തിൽ അർഥമാക്കിയേക്കാം.—മത്ത 7:12; 22:40; ലൂക്ക 16:16.
അധിഷ്ഠിതമാണ്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “തൂങ്ങിക്കിടക്കുക” എന്നാണെങ്കിലും, ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത് “ആശ്രയിച്ചിരിക്കുന്നു; അടിസ്ഥാനപ്പെട്ടിരിക്കുന്നു” എന്നിങ്ങനെയുള്ള ആലങ്കാരികാർഥത്തിലാണ്. ഈ പദം ഉപയോഗിച്ചതിലൂടെ, പത്തു കല്പനകൾ അടങ്ങിയ നിയമം മാത്രമല്ല എബ്രായതിരുവെഴുത്തുകൾ മുഴുവനും സ്നേഹത്തിൽ അധിഷ്ഠിതമാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—റോമ 13:9.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 22:21-ന്റെ പഠനക്കുറിപ്പ്, nwtsty
സീസർക്കുള്ളതു സീസർക്ക്: ഈ വാക്യത്തിലെ യേശുവിന്റെ മറുപടിയിലും സമാന്തരവിവരണങ്ങളായ മർ 12:17; ലൂക്ക 20:25 എന്നീ വാക്യങ്ങളിലും മാത്രമാണു യേശു റോമൻ ചക്രവർത്തിയെക്കുറിച്ച് പരാമർശിച്ചതായി കാണുന്നത്. “സീസർക്കുള്ളത്” എന്നു പറയുന്നതിൽ, ഗവൺമെന്റുകൾ ചെയ്തുതരുന്ന സേവനങ്ങൾക്കായി കൊടുക്കേണ്ട പണവും അതുപോലെ അത്തരം അധികാരികളോടു കാണിക്കേണ്ട ആദരവും ആപേക്ഷികകീഴ്പെടലും ഉൾപ്പെട്ടിരിക്കുന്നു.—റോമ 13:1-7.
ദൈവത്തിനുള്ളതു ദൈവത്തിന്: ഇതിൽ ഒരാളുടെ മുഴുഹൃദയത്തോടെയുള്ള ആരാധനയും മുഴുദേഹിയോടെയുള്ള സ്നേഹവും വിശ്വസ്തതയോടെയുള്ള, സമ്പൂർണമായ അനുസരണവും ഉൾപ്പെടുന്നു.—മത്ത 4:10; 22:37, 38; പ്രവൃ 5:29; റോമ 14:8.
മത്ത 23:24-ന്റെ പഠനക്കുറിപ്പ്, nwtsty
കൊതുകിനെ അരിച്ചെടുക്കുന്നു, പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു: ഇസ്രായേല്യർക്കു പരിചിതമായിരുന്ന അശുദ്ധജീവികളിൽ ഏറ്റവും ചെറിയ ഒന്നായിരുന്നു കൊതുക്, ഒട്ടകമാകട്ടെ ഏറ്റവും വലിയവയിൽ ഒന്നും. (ലേവ 11:4, 21-24) യേശു ഇവിടെ അതിശയോക്തിയും അൽപ്പം വിരോധാഭാസവും കൂട്ടിക്കലർത്തി സംസാരിക്കുകയായിരുന്നു. ആചാരപരമായി അശുദ്ധരാകാതിരിക്കാൻ തങ്ങളുടെ പാനീയങ്ങളിൽനിന്ന് കൊതുകിനെ അരിച്ചുമാറ്റിയിരുന്ന മതനേതാക്കന്മാർ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളെ പൂർണമായും അവഗണിച്ചു. അതാകട്ടെ ഒരു ഒട്ടകത്തെ വിഴുങ്ങുന്നതുപോലെയായിരുന്നു.
മാർച്ച് 19-25
ദൈവവചനത്തിലെ നിധികൾ | മത്തായി 24
“ഈ അവസാനകാലത്ത് ആത്മീയമായി ഉണർന്നിരിക്കുക”
it-2-E 279 ¶6
സ്നേഹം
സ്നേഹം തണുത്തുപോയേക്കാം. സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ച് ശിഷ്യന്മാരോടു മുൻകൂട്ടിപ്പറഞ്ഞപ്പോൾ ദൈവത്തിൽ വിശ്വസിക്കുന്നെന്ന് അവകാശപ്പെടുന്ന പലരുടെയും സ്നേഹം (അഗാപെ) തണുത്തുപോകുമെന്നു യേശു സൂചിപ്പിച്ചു. (മത്ത 24:3, 12) ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളുടെ ഒരു സവിശേഷതയായി മനുഷ്യർ ‘പണക്കൊതിയന്മാർ’ ആയിത്തീരുമെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (2തിമ 3:1, 2) അതുകൊണ്ട് ഒരു വ്യക്തിക്കു ശരിയായ തത്ത്വങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് നഷ്ടപ്പെടാനും ഒരിക്കലുണ്ടായിരുന്ന ശരിയായ തരം സ്നേഹം മങ്ങിപ്പോകാനും സാധ്യതയുണ്ടെന്ന് ഇതു തെളിയിക്കുന്നു. ദൈവവചനം ധ്യാനിച്ചുകൊണ്ടും ദൈവത്തിന്റെ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിച്ചുകൊണ്ടും സ്നേഹം വളർത്തിയെടുക്കേണ്ടതിന്റെയും ജീവിതത്തിലുടനീളം അതു പ്രകടമാക്കേണ്ടതിന്റെയും പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.—എഫ 4:15, 22-24.
jy-E 259 ¶5
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
ജാഗ്രതയോടെ ഉണർന്നിരിക്കാനും തയ്യാറായിരിക്കാനും യേശു തന്റെ ശിഷ്യന്മാരോട് പറയുന്നു. മറ്റൊരു ദൃഷ്ടാന്തത്തിലൂടെ യേശു ഇക്കാര്യത്തിന് ഊന്നൽ കൊടുത്ത് സംസാരിക്കുന്നു: “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന് കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ? അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”—മത്തായി 24:43, 44.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 24:8-ന്റെ പഠനക്കുറിപ്പ്, nwtsty
പ്രസവവേദന: പ്രസവസമയത്ത് അനുഭവപ്പെടുന്ന തീവ്രവേദനയെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം കുറിക്കുന്നത്. ഇവിടെ പക്ഷേ, അതു ദുരിതത്തെയും വേദനയെയും കഷ്ടപ്പാടിനെയും കുറിക്കാൻ പൊതുവായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മത്ത 24:21-ൽ പറഞ്ഞിരിക്കുന്ന മഹാകഷ്ടതയ്ക്കു മുമ്പുള്ള സമയത്ത്, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കുഴപ്പങ്ങളും കഷ്ടതകളും പ്രസവവേദനപോലെതന്നെ കൂടിക്കൂടിവരും എന്നൊരു സൂചനയും അതിലുണ്ടായിരിക്കാം. അതിന് അർഥം ആ സമയത്ത് അവയുടെ എണ്ണവും തീവ്രതയും ദൈർഘ്യവും വർധിക്കാമെന്നാണ്.
മത്ത 24:20-ന്റെ പഠനക്കുറിപ്പ്, nwtsty
മഞ്ഞുകാലം: ഈ സമയത്ത് കനത്ത മഴയും വെള്ളപ്പൊക്കവും കൊടുംതണുപ്പും സാധാരണമായിരുന്നതുകൊണ്ട് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഭക്ഷണം, താമസസൗകര്യം എന്നിവ കണ്ടെത്തുന്നതും എളുപ്പമായിരുന്നില്ല.—എസ്ര 10:9, 13.
ശബത്തുദിവസത്തിൽ: ശബത്തുനിയമവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ കാരണം, യഹൂദ്യപോലുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരാൾക്ക് അന്നേ ദിവസം ദൂരേക്കു യാത്ര ചെയ്യുന്നതും സാധനസാമഗ്രികൾ ചുമന്നുകൊണ്ട് പോകുന്നതും ബുദ്ധിമുട്ടാകുമായിരുന്നു. മാത്രമല്ല ശബത്തുദിവസം നഗരകവാടങ്ങൾ അടച്ചിടുന്നതും പതിവായിരുന്നു.—പ്രവൃ 1:12-ഉം അനു. ബി12-ഉം കാണുക.