ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മാർച്ച് 4-10
ദൈവവചനത്തിലെ നിധികൾ | റോമർ 12-14
“ക്രിസ്തീയസ്നേഹം കാണിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?”
it-1-E 55
സ്നേഹം
സഹോദരസ്നേഹം (ഗ്രീക്കിൽ ഫിലഡെൽഫീയ, അക്ഷര. “സഹോദരനോടു തോന്നുന്ന സ്നേഹം”) ക്രിസ്തീയസഭയിലെ എല്ലാ അംഗങ്ങൾക്കുമിടയിൽ ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ്. (റോമ 12:10; എബ്രാ 13:1; 1 പത്ര 3:8-ഉം കൂടി കാണുക.) ഈ ഗുണം ഉണ്ടെങ്കിൽ, സഭയിലെ സഹോദരങ്ങൾ തമ്മിലുള്ള അടുപ്പം കൂടും, അത് കുടുംബാംഗങ്ങൾ തമ്മിലുള്ളതുപോലെ ഊഷ്മളവും ശക്തവും ആയ ബന്ധം ആയിത്തീരും. സഭയിൽ സഹോദരങ്ങൾ തമ്മിൽ ഇപ്പോൾത്തന്നെ നല്ല സ്നേഹബന്ധം ഉണ്ടെങ്കിലും അത് കുറെക്കൂടി വർധിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.—1 തെസ്സ 4:9, 10.
മറ്റൊരാളുമായി നല്ല അടുപ്പം പുലർത്തുന്ന ഒരാളെ സൂചിപ്പിക്കാൻ “ഊഷ്മളമായ സ്നേഹമുള്ള” എന്ന അർഥം വരുന്ന ഫിലൊസ്റ്റൊർഗൊസ് എന്ന ഗ്രീക്കു പദമാണ് ഉപയോഗിക്കുന്നത്. ഈ സംയുക്തപദത്തിലെ ഒരു മൂലപദമായ സ്റ്റെർജോ സാധാരണയായി കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വാഭാവിക സ്നേഹത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്. ഈ ഗുണം വളർത്തിയെടുക്കാൻ പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (റോമ 12:10) ‘സഹജസ്നേഹമില്ലാത്തവരായ’ (ഗ്രീക്കിൽ, ആസ്റ്റൊർഗൊയ്) ആളുകൾ അവസാനകാലത്തിന്റെ ഒരു പ്രത്യേകതയായിരിക്കുമെന്നും അത്തരക്കാർ മരണയോഗ്യരാണെന്നും പൗലോസ് സൂചിപ്പിച്ചു.—2 തിമ 3:3; റോമ 1:31, 32.
വയൽസേവനത്തിനു സജ്ജരാകാം
നികുതിപ്പണം തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചാലും ക്രിസ്ത്യാനികൾ നികുതി കൊടുക്കേണ്ടത് എന്തുകൊണ്ട്?
w11-E 9/1 21-22
നികുതികളും മനസ്സാക്ഷിയും
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികളോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്ന നികുതിയുടെ ഒരു ഭാഗം സൈന്യത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന ഗാന്ധിയുടെയും തോറായുടെയും മനസ്സാക്ഷിക്ക് ഇതു പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് അവർ നികുതി കൊടുക്കാൻ വിസമ്മതിച്ചത്.
ശിക്ഷയെ പേടിച്ച് മാത്രമല്ല, ‘മനസ്സാക്ഷിയെ കരുതിയുമാണ്’ ക്രിസ്ത്യാനികൾ റോമർ 13-ാം അധ്യായത്തിലെ കല്പന അനുസരിച്ചത്. (റോമ 13:5) അതെ, ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷി നികുതി കൊടുക്കാൻ അയാളെ പ്രേരിപ്പിക്കുന്നു, അദ്ദേഹത്തിനു വ്യക്തിപരമായി യോജിപ്പില്ലാത്ത കാര്യങ്ങൾക്കുവേണ്ടിയാണ് ആ പണം ഉപയോഗിക്കുന്നതെങ്കിൽപ്പോലും. വൈരുധ്യമെന്നു തോന്നിയേക്കാവുന്ന ഇക്കാര്യം മനസ്സിലാക്കാൻ നമ്മുടെ മനസ്സാക്ഷിയെക്കുറിച്ച്, അതായത് നമ്മുടെ പ്രവൃത്തികൾ ശരിയോ തെറ്റോ എന്നു പറയുന്ന ആന്തരികസ്വരത്തെക്കുറിച്ച് ഒരു പ്രധാനപ്പെട്ട കാര്യം നമ്മൾ തിരിച്ചറിയണം.
തോറാ നിരീക്ഷിച്ചതുപോലെ എല്ലാവർക്കും ഈ ആന്തരികസ്വരമുണ്ട്. പക്ഷേ അത് എപ്പോഴും ആശ്രയയോഗ്യമായിരിക്കണമെന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ നമ്മുടെ മനസ്സാക്ഷി ദൈവത്തിന്റെ ധാർമികനിയമങ്ങളുമായി ചേർച്ചയിലായിരിക്കണം. മിക്കപ്പോഴും ദൈവത്തിന്റെ ചിന്തകളുമായി നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടിനെയും ചേർച്ചയിലാക്കേണ്ടിവരാറുണ്ട്. കാരണം ദൈവത്തിന്റെ ചിന്തകൾ നമ്മുടേതിനെക്കാൾ അത്ര ഉന്നതമാണ്. (സങ്ക 19:7) അതുകൊണ്ട് മനുഷ്യരുടെ ഗവൺമെന്റുകളെക്കുറിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണെന്നു നമ്മൾ മനസ്സിലാക്കണം. എന്താണ് അത്?
പൗലോസ് അപ്പോസ്തലൻ മനുഷ്യഗവൺമെന്റുകളെ ‘ദൈവത്തിനുവേണ്ടി പൊതുജനസേവനം ചെയ്യുന്നവർ’ എന്നു വിളിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. (റോമ 13:6) അതിന്റെ അർഥമെന്താണ്? അവർ ക്രമസമാധാനം പാലിക്കുകയും സമൂഹത്തിനു വിലപ്പെട്ട സേവനങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് അതിന്റെ അടിസ്ഥാനപരമായ അർഥം. ഏറ്റവും ദുഷിച്ച ഗവൺമെന്റുപോലും മിക്കപ്പോഴും തപാൽവിതരണം, പൊതുവിദ്യാഭ്യാസം, അഗ്നിശമനം, നിയമം നടപ്പാക്കൽ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ ചെയ്യാതിരിക്കില്ല. ഈ മാനുഷിക ഗവൺമെന്റുകളുടെ പോരായ്മകളെക്കുറിച്ച് ദൈവത്തിനു ശരിക്ക് അറിയാം. എങ്കിലും ഒരു സമയത്തേക്ക് അവ നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു. മനുഷ്യവർഗത്തെ ഭരിക്കാൻ ഗവൺമെന്റുകൾക്ക് അനുമതി കൊടുത്തിരിക്കുന്ന ദൈവത്തിന്റെ ക്രമീകരണത്തോട് ആദരവ് സൂചിപ്പിക്കാൻ നമ്മളോടു നികുതി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.
എന്നാൽ മനുഷ്യഗവൺമെന്റുകൾ തത്കാലത്തേക്കു മാത്രമുള്ളതാണ്. തന്റെ സ്വർഗീയഗവൺമെന്റ് മുഖാന്തരം ഈ മനുഷ്യഗവൺമെന്റുകളെയെല്ലാം നീക്കം ചെയ്യുക എന്നതു ദൈവത്തിന്റെ ഇഷ്ടമാണ്. നൂറ്റാണ്ടുകളായി ഈ ഗവൺമെന്റുകൾ മനുഷ്യവർഗത്തിനു വരുത്തിയ എല്ലാ കേടുപാടുകളും പൂർണമായും നീക്കിക്കളയുക എന്നതും ദൈവത്തിന്റെ ഇഷ്ടമാണ്. (ദാനി 2:44; മത്ത 6:10) ആ കാലംവരെയുള്ള സമയത്ത് നികുതി കൊടുക്കാതിരുന്നുകൊണ്ടോ മറ്റ് ഏതെങ്കിലും തരത്തിലോ ഗവൺമെന്റുകളോട് അനുസരണക്കേടു കാണിക്കാൻ ദൈവം ക്രിസ്ത്യാനികളെ അനുവദിച്ചിട്ടില്ല.
എന്നാൽ ഗാന്ധിയെപ്പോലെ, നിങ്ങൾ കൊടുക്കുന്ന നികുതിപ്പണംകൊണ്ട് യുദ്ധങ്ങളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ നികുതി കൊടുക്കുന്നതു തെറ്റാണെന്ന് ഇപ്പോഴും നിങ്ങൾക്കു തോന്നുന്നെങ്കിലോ? ഉയരത്തിലേക്കു കയറുംതോറും നമുക്ക് ഒരു പ്രദേശത്തെക്കുറിച്ച് കൂടുതൽ മെച്ചമായ കാഴ്ചപ്പാടു ലഭിക്കും. അതുപോലെ, നമ്മുടേതിനെക്കാൾ എത്രയോ ഉന്നതമാണു ദൈവത്തിന്റെ കാഴ്ചപ്പാട് എന്നു ചിന്തിക്കുമ്പോൾ നമ്മുടെ ചിന്തയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ എളുപ്പമായിരിക്കും. യശയ്യ പ്രവാചകനിലൂടെ ദൈവം പറയുന്നു: “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.”—യശ 55:8, 9.
മാർച്ച് 11-17
ദൈവവചനത്തിലെ നിധികൾ | റോമർ 15-16
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w89-E 12/1 24 ¶3
“നിങ്ങളുടെ സ്നേഹം യഥാർഥമാണോ എന്ന് അറിയാനുള്ള പരിശോധന”
തീർച്ചയായും, ജനതകളിൽനിന്നുള്ള ക്രിസ്ത്യാനികൾ യരുശലേമിലെ ക്രിസ്ത്യാനികളെ സഹായിക്കേണ്ടതായിരുന്നു. വാസ്തവത്തിൽ, അവർ യരുശലേമിലെ ക്രിസ്ത്യാനികളോട് ഒരു പ്രത്യേകവിധത്തിൽ ‘കടപ്പെട്ടിരുന്നു.’ യരുശലേമിൽനിന്നാണല്ലോ ജനതകൾക്കു സന്തോഷവാർത്ത കിട്ടിയത്. പൗലോസ് പറഞ്ഞു: “ആ വിശുദ്ധർ (യരുശലേമിലെ ക്രിസ്ത്യാനികൾ) തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.”—റോമ 15:27.
it-1-E 858 ¶5
മുന്നറിവ്, മുൻനിർണയം
വാഗ്ദത്തസന്തതി മിശിഹാ അഥവാ ക്രിസ്തു ആയിരിക്കുമായിരുന്നു. ഈ വാഗ്ദത്തസന്തതിയിലൂടെയാണ് ഭൂമിയിലെ എല്ലാ കുടുംബങ്ങളിലെയും നീതിമാന്മാരായ ആളുകൾ അനുഗ്രഹം നേടുന്നത്. (ഗല 3:8, 14) ഏദെനിലെ ധിക്കാരത്തിനു ശേഷം, എന്നാൽ ഹാബേലിന്റെ ജനനത്തിനു മുമ്പാണ് ഈ “സന്തതി”യെക്കുറിച്ച് ആദ്യമായി പറഞ്ഞത്. (ഉൽപ 3:15) മിശിഹൈക“സന്തതിയെ” വ്യക്തമായി തിരിച്ചറിയിക്കുന്ന “പാവനരഹസ്യം” വെളിപ്പെടുത്തുന്നതിന് ഏതാണ്ട് 4,000 വർഷങ്ങൾക്കു മുമ്പാണ് ഇതു സംഭവിച്ചത്. അതുകൊണ്ട് ഇതു ശരിക്കും “യുഗങ്ങളായി മറഞ്ഞിരുന്ന” ഒന്നായിരുന്നു.—റോമ 16:25-27; എഫ 1:8-10; 3:4-11.
മാർച്ച് 18-24
ദൈവവചനത്തിലെ നിധികൾ | 1 കൊരിന്ത്യർ 1-3
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 1193 ¶1
ജ്ഞാനം
ലോകം അതിന്റെ ജ്ഞാനത്തിൽ, ക്രിസ്തുവിലൂടെ ദൈവം നൽകിയ കരുതലിനെ വിഡ്ഢിത്തമായി കരുതി തള്ളിക്കളഞ്ഞു. അതിന്റെ ഭരണാധികാരികൾ കഴിവും ന്യായബോധവും ഉള്ളവരായിരുന്നെങ്കിലും ‘മഹിമാധനനായ കർത്താവിനെ കൊന്നുകളയുകപോലും ചെയ്തു.’ (1കൊ 1:18; 2:7, 8) എന്നാൽ ദൈവം, ലോകത്തിലെ ജ്ഞാനികളെ നാണംകെടുത്തിക്കൊണ്ട് അവരുടെ ജ്ഞാനം ഭോഷത്തമാണെന്നു തെളിയിച്ചു. എങ്ങനെ? “ദൈവത്തിന്റെ വിഡ്ഢിത്തം” ആയി അവർ കണക്കാക്കിയതിനെയും അതുപോലെ ‘വിഡ്ഢികളും ദുർബലരും താഴ്ന്നവരും’ ആയി അവർ കരുതിയവരെയും തന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തിക്കായി ഉപയോഗിച്ചുകൊണ്ട്. (1കൊ 1:19-28) ‘ഈ വ്യവസ്ഥിതിയുടെയും ഈ വ്യവസ്ഥിതിയുടെ ഭരണാധികാരികളുടെയും ജ്ഞാനം’ ഒന്നുമല്ലാതാകും എന്നു കൊരിന്തിലെ ക്രിസ്ത്യാനികളെ പൗലോസ് ഓർമിപ്പിച്ചു. അതുകൊണ്ട് അത്തരം ജ്ഞാനം അപ്പോസ്തലന്റെ ആത്മീയസന്ദേശത്തിന്റെ ഭാഗമല്ല. (1കൊ 2:6, 13) “തത്ത്വജ്ഞാനത്താലും (ഫിലോസോഫിയാസ്, അക്ഷ. ജ്ഞാനത്തോടുള്ള സ്നേഹം) വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും” വഞ്ചിക്കപ്പെടുന്നതിനെതിരെ കൊലോസ്യയിലെ ക്രിസ്ത്യാനികൾക്ക് അദ്ദേഹം മുന്നറിയിപ്പു നൽകി.—കൊലോ 2:8; കൊലോ 2:20-23 വാക്യങ്ങൾ താരതമ്യം ചെയ്യുക.
മാർച്ച് 25-31
ദൈവവചനത്തിലെ നിധികൾ | 1 കൊരിന്ത്യർ 4-6
“പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു”
it-2-E 230
പുളിച്ച മാവ്
അധാർമികപ്രവൃത്തികൾ ചെയ്തിരുന്ന ഒരു മനുഷ്യനെ സഭയിൽനിന്ന് പുറത്താക്കാൻ കൊരിന്തിലെ സഭയോട് ആവശ്യപ്പെട്ടപ്പോൾ പൗലോസ് പുളിച്ച മാവിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചു. പൗലോസ് പറഞ്ഞു: “പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു എന്നു നിങ്ങൾക്ക് അറിയില്ലേ? നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ് നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലി അർപ്പിക്കപ്പെട്ടല്ലോ.” “പുളിച്ച മാവ്” എന്നതുകൊണ്ട് താൻ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തുടർന്ന് വ്യക്തമാക്കി: “അതുകൊണ്ട് നമ്മൾ ഉത്സവം ആചരിക്കേണ്ടതു പഴയ, പുളിച്ച മാവുകൊണ്ടല്ല, ദുഷിപ്പിന്റെയും വഷളത്തത്തിന്റെയും പുളിച്ച മാവുകൊണ്ടുമല്ല. ആത്മാർഥതയുടെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്ക് ഉത്സവം ആചരിക്കാം.” (1കൊ 5:6-8) പൗലോസ് ഇവിടെ ജൂതന്മാരുടെ പെസഹ ആഘോഷത്തിനു തൊട്ടുപുറകേ നടന്നിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം അവരുടെ ഓർമയിലേക്കു കൊണ്ടുവരുകയായിരുന്നു. അൽപ്പം പുളിച്ച മാവ് പെട്ടെന്നുതന്നെ മുഴുവൻ മാവിനെയും പുളിപ്പിക്കുന്നതുപോലെ, അധാർമികപ്രവൃത്തികൾ ചെയ്യുന്ന ദുഷിച്ച സ്വാധീനമായ മനുഷ്യനെ നീക്കിക്കളഞ്ഞില്ലെങ്കിൽ യഹോവയുടെ കണ്ണിൽ ഒരു കൂട്ടമെന്ന നിലയിൽ ആ സഭ അശുദ്ധമാകുമായിരുന്നു. ഉത്സവം ആഘോഷിക്കുന്ന സമയത്ത് തങ്ങളുടെ വീടുകളിൽ ഇസ്രായേല്യരുടെ പുളിച്ച മാവ് കാണാൻ പാടില്ലായിരുന്നു. അതുപോലെ തങ്ങളുടെ ഇടയിൽനിന്ന് ഈ ‘പുളിച്ച മാവും’ അവർ നീക്കിക്കളയണമായിരുന്നു.
it-2-E 869-870
സാത്താൻ
‘ദുഷിച്ച സ്വാധീനം നീങ്ങാൻ’ “ആ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക” എന്നതിന്റെ അർഥം എന്താണ്?
അപ്പന്റെ ഭാര്യയുമായി അവിഹിത ബന്ധുവേഴ്ചയിൽ ഏർപ്പെട്ടിരുന്ന വ്യക്തിയുടെ കാര്യത്തിൽ എന്തു നടപടിയെടുക്കണം എന്നു പൗലോസ് കൊരിന്തിലെ സഭയ്ക്കു നിർദേശം കൊടുത്തു. പൗലോസ് എഴുതി: ‘ആ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ ആ ദുഷിച്ച സ്വാധീനം നീങ്ങട്ടെ.’ (1കൊ 5:5) ആ മനുഷ്യനുമായുള്ള എല്ലാ കൂട്ടുകെട്ടും അവസാനിപ്പിച്ച് അയാളെ സഭയിൽനിന്ന് പുറത്താക്കാനാണ് പൗലോസ് ആജ്ഞാപിച്ചത്. (1കൊ 5:13) സഭയിൽനിന്ന് പുറത്താകുന്ന ആ വ്യക്തി, സാത്താൻ ദൈവവും ഭരണാധികാരിയും ആയിരിക്കുന്ന ലോകത്തിന്റെ ഭാഗമാകും. അങ്ങനെ ആ വ്യക്തിയെ സാത്താന് ഏൽപ്പിച്ചുകൊടുക്കും. “പുളിച്ച അൽപ്പം മാവ്” മുഴുവൻ മാവിൽ എന്നപോലെ, ഈ മനുഷ്യൻ ആയിരുന്നു സഭയിലെ ‘ദുഷിപ്പ്’ അഥവാ ദുഷിച്ച സ്വാധീനം. അവിഹിതവേഴ്ച നടത്തിയിരുന്ന ഈ വ്യക്തിയെ നീക്കിക്കളയുമ്പോൾ ആത്മീയതയുള്ള സഭ അതിൽനിന്ന് ദുഷിപ്പ് നീക്കിക്കളയുകയാണ്. (1കൊ 5:6, 7) സമാനമായി, പൗലോസ് ഹുമനയൊസിനെയും അലക്സാണ്ടറെയും സാത്താന് എൽപ്പിച്ചുകൊടുത്തു. കാരണം അവർ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളയുകയും അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോകുകയും ചെയ്തിരുന്നു.—1തിമ 1:20.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 211
നിയമം
ദൂതന്മാർക്കുള്ള നിയമം. മനുഷ്യരെക്കാൾ ഉയർന്നവരാണെങ്കിലും ദൂതന്മാർ ദൈവത്തിന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുന്നു. (എബ്രാ. 1:7, 14; സങ്കീ. 104:4) യഹോവ തന്റെ മുഖ്യ എതിരാളിയായ സാത്താനോട് ആജ്ഞാപിച്ചിട്ടുണ്ട്, അവനെ നിയന്ത്രിക്കുകപോലും ചെയ്തിട്ടുണ്ട്. (ഇയ്യ 1:12; 2:6) മുഖ്യദൂതനായ മിഖായേൽ പരമോന്നതന്യായാധിപതി എന്നുള്ള യഹോവയുടെ സ്ഥാനം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു, സാത്താനുമായുള്ള തർക്കത്തിൽ മിഖായേൽ ഇങ്ങനെ പറഞ്ഞു: “യഹോവ നിന്നെ ശകാരിക്കട്ടെ.” (യൂദ 9; സെഖ 3:2 താരതമ്യം ചെയ്യുക.) ദൈവമായ യഹോവ എല്ലാ ദൂതന്മാരെയും മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ അധികാരത്തിൻകീഴാക്കിയിരിക്കുന്നു. (എബ്ര 1:6; 1പത്ര 3:22; മത്ത 13:41; 25:31; ഫിലി 2:9-11) അങ്ങനെയാണ് യേശുവിന്റെ കല്പനപ്രകാരം ഒരു ദൂതസന്ദേശവാഹകൻ യോഹന്നാനെ സന്ദർശിച്ചത്. (വെളി 1:1) കൂടാതെ, 1 കൊരിന്ത്യർ 6:3-ൽ ക്രിസ്തുവിന്റെ ആത്മീയസഹോദരന്മാർ ദൂതന്മാരെ വിധിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. കാരണം ദുഷ്ടദൂതന്മാരുടെ മേൽ ന്യായവിധി നടത്തുന്നതിൽ അവർക്കു പങ്കുണ്ടായിരിക്കും.