ജോർജിയ
മഹാസ്രഷ്ടാവിനെ അവർ ഓർത്തു
നിങ്ങൾ ഇതുവരെ വായിച്ച ഈ പുസ്തകത്തിന്റെ താളുകളിൽ കണ്ട അനേകരും ‘യൗവനകാലത്ത് തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്ത’ ചെറുപ്പക്കാരാണ്. (സഭാ. 12:1) വാസ്തവത്തിൽ, ജോർജിയയിലുള്ള 3,197 മുൻനിരസേവകരിൽ മൂന്നിലൊന്നും 25 വയസ്സോ അതിൽ താഴെയോ മാത്രം പ്രായമുള്ളവരാണ്. ഇത്രയധികം ചെറുപ്പക്കാർ സത്യത്തോട് അതിയായ താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണ്?
ഇതിനു പല കാരണങ്ങളുണ്ട്. ഒരു സംഗതി, സ്വതവേ നല്ല കുടുംബബന്ധങ്ങൾ ആസ്വദിക്കുന്നവരാണു ജോർജിയക്കാർ. അഞ്ചു മക്കളെ സത്യത്തിൽ വളർത്തിക്കൊണ്ടുവന്ന കോൺസ്റ്റന്റൈൻ വിശദീകരിക്കുന്നു: “യഹോവ സ്നേഹമുള്ള ഒരു പിതാവാണ് എന്ന അറിവാണ് എന്നെ സത്യത്തിലേക്ക് ആകർഷിച്ചത്. പിന്നീട് ഞാൻ ഒരു പിതാവായിത്തീർന്നപ്പോൾ എന്റെ മക്കൾക്ക് ഒരു ഭയവും കൂടാതെ എന്നെ സമീപിക്കാൻ കഴിയണം എന്നു ഞാൻ ആഗ്രഹിച്ചു.”
മൂന്നു കുട്ടികളുള്ള മൽഖാസിയും ഭാര്യയും ശക്തമായ കുടുംബബന്ധങ്ങൾ ഉണ്ടായിരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. അദ്ദേഹം പറയുന്നു: “മക്കളോട്, അവരുടെ കൂടെപ്പിറപ്പുകളിലും ഞങ്ങളിലും എന്തൊക്കെ നല്ല ഗുണങ്ങളാണ് കാണുന്നതെന്നു ഞങ്ങൾ കൂടെക്കൂടെ ചോദിക്കാറുണ്ട്. അതിനു ശേഷം ഞങ്ങൾ അവരോട് അവർ ചിന്തിക്കുന്ന കാര്യങ്ങൾ കുടുംബാരാധനയിൽ പറയാൻ ആവശ്യപ്പെടും. അതിന്റെ ഫലമായി അവർ മറ്റുള്ളവരിലെ നന്മ കാണാനും അതിനെ വിലമതിക്കാനും പഠിച്ചിരിക്കുന്നു.”
“ഇപ്പോഴാണ് ഞാൻ ശരിക്കും സന്തോഷത്തോടെ ജീവിക്കുന്നത്!”
മാതാപിതാക്കന്മാർ കൊടുക്കുന്ന പരിശീലനത്തിനു പിന്തുണ നൽകിക്കൊണ്ട് മൂപ്പന്മാരും കഴിയുന്നത്ര ചെറുപ്പത്തിൽത്തന്നെ യുവജനങ്ങളെ സഭയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. 11-ാം വയസ്സിൽ സ്നാനമേറ്റ നെസ്റ്റോറി എന്ന യുവാവ് പറയുന്നു: “മൂപ്പന്മാർ ഞാൻ തീരെ ചെറുപ്പമായിരിക്കുമ്പോൾ മുതൽ എനിക്കു കൊച്ചുകൊച്ചു നിയമനങ്ങൾ തരുമായിരുന്നു. ഞാനും സഭയുടെ ഭാഗമാണെന്ന തോന്നൽ ഉണ്ടാകാൻ ഇതു സഹായിച്ചു.”
അനുകരിക്കാൻ കൊള്ളാവുന്ന നല്ല മാതൃകകളും മൂപ്പന്മാരുടെ പിന്തുണയും ഇക്കാര്യത്തിൽ നിർണായകമാണ്. നെസ്റ്റോറിന്റെ സഹോദരൻ കോബ പറയുന്നു: “എന്റെ കൗമാരകാലങ്ങൾ വളരെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ കൂടെപ്പിറപ്പുകളുടെ കാര്യം അങ്ങനെയായിരുന്നില്ല. ഒരു യുവമൂപ്പൻ കുറ്റപ്പെടുത്തുന്നതിനു പകരം എന്നെ നല്ലതുപോലെ മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു. അദ്ദേഹം എനിക്കൊരു നല്ല മാതൃകയായിരുന്നു. ഞാൻ യഹോവയിലേക്കു മടങ്ങിവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എത്ര വലുതായിരുന്നെന്നോ!”
ഇന്ന്, നെസ്റ്റോറിയും കോബയും അവരുടെ സഹോദരിയായ മേരിയോടൊപ്പം ദൂരെയുള്ള ഒരു പ്രദേശത്ത് സേവിക്കുന്നു. കോബ പറയുന്നു: “ഇപ്പോഴാണു ഞാൻ ശരിക്കും സന്തോഷത്തോടെ ജീവിക്കുന്നത്!”
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു”
യുവജനങ്ങളെ ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് ബ്രാഞ്ചോഫീസും മക്കളെ പരിശീലിപ്പിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ നന്നായി പിന്തുണയ്ക്കുന്നു. ഒരു ബ്രാഞ്ച് കമ്മിറ്റിയംഗം പറയുന്നു: “യുവജനങ്ങൾ ഞങ്ങളുടെ സ്വത്താണ്. ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അവർ ശ്രമിക്കുമ്പോൾ ഞങ്ങൾ എല്ലാ പിന്തുണയും അവർക്കു കൊടുക്കുന്നു.”
ടിബിലിസിയിലെ സമ്മേളനഹാളിന്റെ നിർമാണത്തിൽ അന്തർദേശീയ ദാസന്മാരോടൊപ്പം ജോലി ചെയ്യുന്ന ജോർജിയയിലെ സാക്ഷികൾ
പക്വതയുള്ള സഹോദരന്മാരുടെയും സഹോദരിമാരുടെയും കൂടെ പ്രവർത്തിക്കുകയും സഹവസിക്കുകയും ചെയ്യുന്നതു യുവജനങ്ങളിൽ മായാത്ത മുദ്ര പതിക്കുന്നു. ടിബിലിസിയിലെ സമ്മേളനഹാളിന്റെ നിർമാണത്തിന് അന്തർദേശീയ സേവകന്മാരോടൊപ്പം പ്രവർത്തിച്ച മാമുക പറയുന്നു: “ഇങ്ങനെയുള്ള അന്തർദേശീയ പ്രോജക്ടുകൾ മറ്റുള്ളവരിൽനിന്ന് പഠിക്കാനുള്ള നല്ല അവസരങ്ങളാണ് എനിക്കു നൽകിയത്. പ്രായോഗിക പരിശീലനത്തോടൊപ്പം ധാരാളം ആത്മീയ പാഠങ്ങളും അവരിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.”
ഇഴയടുപ്പമുള്ള കുടുംബബന്ധങ്ങൾ, മൂപ്പന്മാരിൽനിന്നുള്ള പ്രോത്സാഹനം, മാതൃകായോഗ്യരായ നല്ല സഹോദരങ്ങൾ എന്നീ ഘടകങ്ങൾ ജോർജിയയിലെ യുവമനസ്സുകളെ ശക്തമായ രീതിയിൽ സ്വാധീനിച്ചിരിക്കുന്നു. അവരുടെ മാതാപിതാക്കൾക്കു യോഹന്നാൻ അപ്പോസ്തലന്റെ അതേ മനോഭാവമാണുള്ളത്. അദ്ദേഹം എഴുതി “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.
പരിഭാഷാജോലികൾ ഊർജിതമാക്കുന്നു
2013-ൽ ഭരണസംഘം എല്ലാ ബ്രാഞ്ചുകളോടും തങ്ങളുടെ പ്രദേശത്ത് ഇപ്പോൾ ഉള്ളവയ്ക്കു പുറമേ ഇനി ഏതെങ്കിലും ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചു. സന്തോഷവാർത്തയുമായി കൂടുതൽ ആളുകളുടെ അടുക്കൽ എത്തിച്ചേരുകയായിരുന്നു ലക്ഷ്യം.
അതിന്റെ ഫലമായി ജോർജിയ ബ്രാഞ്ച് സ്വാൻ, മിൻഗ്രേലിയൻ എന്നീ ഭാഷകളിൽ ചില പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. ഈ രണ്ടു ഭാഷകൾക്കും ജോർജിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ട്. ചിലർ ഈ ഭാഷകളെ ജോർജിയൻ ഭാഷയുടെ ചുരുക്കം പേർ സംസാരിക്കുന്ന പ്രാദേശിക വകഭേദങ്ങളാണെന്നു പറയാറുണ്ട്.
സ്വനെറ്റി മേഖലയിലെ തീക്ഷ്ണരായ മുൻനിരസേവകർ എഴുതുന്നു: “സ്വാൻ ഭാഷ സംസാരിക്കുന്ന ആളുകൾക്കു സത്യത്തോട് യഥാർഥ താത്പര്യവും ബൈബിളിനോട് ആഴമായ ആദരവും ഉണ്ട്. ആദ്യം നമ്മുടെ പ്രസിദ്ധീകരണങ്ങൾ വാങ്ങാൻ മടികാണിച്ചവർ പോലും അവരുടെ മാതൃഭാഷയിലുള്ള അതേ പ്രസിദ്ധീകരണങ്ങൾ കൊടുത്തപ്പോൾ അതു വാങ്ങാൻ പ്രേരിതരായി.”
മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന പ്രചാരകർക്ക് അവരുടെ ആ മാതൃഭാഷയിൽ മീറ്റിങ്ങുകൾ ആരംഭിച്ചതു മറക്കാനാകാത്ത അനുഭവമായിരുന്നു. ജിഗ എന്ന യുവമുൻനിരസേവകൻ സമ്മതിക്കുന്നു: “മീറ്റിങ്ങുകൾക്ക് ഇപ്പോൾ എനിക്ക് എന്റെ സ്വന്തം ഭാഷയിൽ അഭിപ്രായം പറയാനാകും. ആശയങ്ങൾ മനസ്സിൽ വെച്ച് കഷ്ടപ്പെട്ട് പരിഭാഷപ്പെടുത്തി പറയേണ്ടിവരുന്നില്ല.”
കയ്യാ എന്ന സ്ഥലത്തുള്ള മിൻഗ്രേലിയൻ ഭാഷാസഭയിലെ ഒരു മൂപ്പനാണു സുരി. അദ്ദേഹം പറയുന്നു: “എന്റെ ജീവിതത്തിൽ സങ്കടവും സന്തോഷവും നിറഞ്ഞ ഹൃദയസ്പർശിയായ അനേകം നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അതൊന്നും എന്റെ കണ്ണ് നനച്ചിട്ടില്ല. പക്ഷേ മിൻഗ്രേലിയൻ ഭാഷയിൽ രാജ്യഗീതങ്ങൾ ആദ്യമായി പാടിക്കേട്ടപ്പോൾ സദസ്സിൽ ആർക്കും കണ്ണീരടക്കാനായില്ല, എനിക്കും!”
അടുത്തകാലത്തെ ചില പ്രധാനസംഭവങ്ങൾ
ജോർജിയയിലെ സാക്ഷികളുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു 2013 ഏപ്രിൽ 6 ശനിയാഴ്ച. ഭരണസംഘാംഗമായ ഡേവിഡ് സ്പ്ലെയ്ൻ സഹോദരൻ അന്നാണു പുതുക്കി വിപുലീകരിച്ച ബ്രാഞ്ച് സമുച്ചയം, ഒരു സമ്മേളന ഹാൾ, പുതിയ ബൈബിൾസ്കൂൾ കെട്ടിടസൗകര്യങ്ങൾ എന്നിവയുടെ സമർപ്പണപ്രസംഗം നടത്തിയത്. 24 രാജ്യങ്ങളിൽനിന്നുള്ള 338 പ്രതിനിധികൾക്ക് അവിടത്തെ സഹോദരങ്ങൾ അവരുടെ വീടുകളും ഹൃദയങ്ങളും ആ പരിപാടിക്കായി തുറന്നുകൊടുത്തു.
പിറ്റേദിവസം സ്പ്ലെയ്ൻ സഹോദരൻ ജോർജിയയിലെ സഹോദരങ്ങൾക്കായി ഒരു പ്രത്യേകപ്രസംഗം നടത്തി. രാജ്യമൊട്ടാകെയുള്ള യോഗസ്ഥലങ്ങളിൽ കൂടിവന്ന 15,200 പേർക്ക് ഓഡിയോ-വീഡിയോ സംവിധാനം വഴി ഈ പ്രസംഗം കേൾക്കാനായി. ജോർജിയയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ അന്തർദേശീയ ദിവ്യാധിപത്യപരിപാടിയായിരുന്നു അത്. സഹോദരങ്ങൾ കൈമാറിയ പ്രോത്സാഹനവും അനുഭവിച്ച സന്തോഷവും മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഒരു യുവസഹോദരൻ ഇങ്ങനെ പറഞ്ഞു: “പുതിയലോകം എങ്ങനെയിരിക്കും എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.”
ടിബിലിസിയിൽ നടന്ന ബ്രാഞ്ച് സമർപ്പണം, 2013
രാജ്യസുവിശേഷകർക്കുള്ള സ്കൂൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾസ്കൂൾ ജോർജിയയിലെ യഹോവയുടെ ജനത്തിന് യഥാർഥത്തിൽ ഒരു അനുഗ്രഹമാണ്. 2013 മുതൽ 200-ലധികം പേരാണ് ഈ സ്കൂളിൽനിന്ന് ബിരുദം നേടിയത്. ഇവർ ആവശ്യമധികമുള്ളിടത്ത് സേവിക്കാനായി തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ തയ്യാറാണ്. തങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസത്തോടുള്ള നന്ദിയും വിലമതിപ്പും ആണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.
‘മുന്നിലുള്ളതിനുവേണ്ടി ആഞ്ഞുകൊണ്ട്’
ധീരരായ ആദ്യകാല രാജ്യസുവിശേഷകരുടെ ശ്രമഫലമായി സന്തോഷവാർത്ത ജോർജിയയിലെങ്ങും പരന്നു. അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദൈവത്തോടും അയൽക്കാരോടും ഉള്ള അവരുടെ നിസ്വാർഥമായ സ്നേഹം, അടിയുറച്ച വിശ്വാസം, ധൈര്യം, ഉത്സാഹം, സന്നദ്ധത തുടങ്ങിയ ഗുണങ്ങൾക്കു ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിച്ചു.
18,000-ത്തിലധികം വരുന്ന ജോർജിയയിലെ സഹോദരങ്ങൾ അവരുടെ മുൻഗാമികളുടെ പാത ഇപ്പോഴും തുടരുന്നു. അങ്ങനെ ദൈവവചനത്തിന്റെ ശക്തി തിരിച്ചറിയാൻ അയൽക്കാരെ അവർ ഇന്നും സന്തോഷത്തോടെ സഹായിച്ചുകൊണ്ടിരിക്കുന്നു.—ഫിലി. 3:13; 4:13.
ജോർജിയ ബ്രാഞ്ച് കമ്മിറ്റി: വാൻ റ്റോംചുക്ക്, ലെവാനി കൊപലിയാനി, ജോണി ഷലാംബെറഡ്സെ, മൈക്കിൾ ഇ. ജോൺസ്