മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 7
കപടഭക്തൻ: മത്ത 6:2, 5, 16 വാക്യങ്ങളിൽ യേശു ജൂതമതനേതാക്കന്മാരെയാണ് ഇങ്ങനെ വിളിച്ചത്. എന്നാൽ ഇവിടെ, സ്വന്തം കുറ്റങ്ങൾ അവഗണിച്ചിട്ടു മറ്റുള്ളവരുടെ കുറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിഷ്യന്മാരെയാണ് യേശു ഇങ്ങനെ വിളിച്ചത്.
വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്, മുത്തുകൾ പന്നികളുടെ മുന്നിൽ എറിയരുത്: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് പന്നികളും നായ്ക്കളും അശുദ്ധമൃഗങ്ങളായിരുന്നു. (ലേവ 11:7, 27) ഒരു വന്യമൃഗം കൊന്ന മൃഗത്തിന്റെ മാംസം നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ അനുവാദമുണ്ടായിരുന്നു. (പുറ 22:31) എന്നാൽ “വിശുദ്ധമാംസം,” അതായത് ബലിയായി അർപ്പിച്ച മൃഗങ്ങളുടെ മാംസം, നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു ജൂതപാരമ്പര്യം വിലക്കിയിരുന്നു. മത്ത 7:6-ലെ ‘നായ്ക്കൾ,’ ‘പന്നികൾ’ എന്നീ പദങ്ങൾ ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ആത്മീയമായി മൂല്യവത്തായ കാര്യങ്ങൾ വിലമതിക്കാത്ത ആളുകളെ കുറിക്കുന്നു. പന്നികൾ മുത്തുകൾക്കു വില കല്പിക്കാത്തതുപോലെ ആത്മീയകാര്യങ്ങളെ വിലമതിക്കാത്ത ആളുകൾ, അത്തരം കാര്യങ്ങൾ അറിയിക്കാൻ ചെല്ലുന്നവരോട് അപമര്യാദയായി പെരുമാറിയേക്കാം.
ചോദിച്ചുകൊണ്ടിരിക്കൂ . . . അന്വേഷിച്ചുകൊണ്ടിരിക്കൂ . . . മുട്ടിക്കൊണ്ടിരിക്കൂ: “. . . കൊണ്ടിരിക്കൂ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയാരൂപം തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു. മടുത്ത് പിന്മാറാതെ പ്രാർഥിക്കേണ്ടതിന്റെ ആവശ്യമാണ് അതു കാണിക്കുന്നത്. മൂന്നു ക്രിയകൾ ഉപയോഗിച്ചിരിക്കുന്നതു തീവ്രതയെ സൂചിപ്പിക്കുന്നു. ലൂക്ക 11:5-8-ലെ ദൃഷ്ടാന്തത്തിലും യേശു സമാനമായ ഒരു ആശയമാണു പറയുന്നത്.
അപ്പം . . . കല്ല്: ജൂതന്മാരുടെയും ചുറ്റുമുള്ള ജനതകളുടെയും ഒരു മുഖ്യാഹാരമായിരുന്നു അപ്പം. വലുപ്പംകൊണ്ടും രൂപംകൊണ്ടും അതിനു കല്ലുകളോടു സാമ്യവുമുണ്ടായിരുന്നു. ഇക്കാരണങ്ങളാലായിരിക്കാം യേശു അപ്പത്തെ കല്ലുമായി ബന്ധപ്പെടുത്തി സംസാരിച്ചത്. യേശുവിന്റെ ചിന്തോദ്ദീപകമായ ആ ചോദ്യത്തിന്റെ ഉത്തരം ഇതാണ്: “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു അപ്പനു ചിന്തിക്കാനേ കഴിയില്ല.”—മത്ത 7:10-ന്റെ പഠനക്കുറിപ്പു കാണുക.
മീൻ . . . പാമ്പ്: ഗലീലക്കടലിനു ചുറ്റും താമസിക്കുന്നവരുടെ ആഹാരത്തിൽ മീനിന് ഒരു മുഖ്യസ്ഥാനമുണ്ടായിരുന്നു. അപ്പത്തിന്റെകൂടെ സാധാരണ കഴിച്ചിരുന്ന മീൻ, ചില തരം ചെറിയ പാമ്പുകളുമായി രൂപസാദൃശ്യമുള്ളവയായിരുന്നു. സ്നേഹമുള്ള ഒരു അപ്പനോ അമ്മയ്ക്കോ അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്നാണു ചിന്തോദ്ദീപകമായ ആ ചോദ്യം സൂചിപ്പിക്കുന്നത്.
ദുഷ്ടന്മാരായ നിങ്ങൾ: കൈമാറിക്കിട്ടിയ പാപം നിമിത്തം എല്ലാ മനുഷ്യരും അപൂർണരാണ്. അതുകൊണ്ടുതന്നെ അവരെല്ലാം ഒരർഥത്തിൽ ദുഷ്ടരാണ്.
എത്രയധികം: യേശു മിക്കപ്പോഴും ഈ ന്യായവാദരീതി ഉപയോഗിച്ചിരുന്നു. ആദ്യം വളരെ വ്യക്തമായ ഒരു വസ്തുത അഥവാ ആളുകൾക്കു സുപരിചിതമായ ഒരു സത്യം അവതരിപ്പിക്കും. എന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തി, മറ്റൊരു കാര്യത്തെക്കുറിച്ച് ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അങ്ങനെ, ലളിതമായ ഒരു വസ്തുത ഉപയോഗിച്ച് ഗഹനമായ ഒരു ആശയം പഠിപ്പിക്കുന്ന രീതിയായിരുന്നു ഇത്.—മത്ത 10:25; 12:12; ലൂക്ക 11:13; 12:28.
നിയമവും പ്രവാചകവചനങ്ങളും: മത്ത 5:17-ന്റെ പഠനക്കുറിപ്പു കാണുക.
ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക: പുരാതനകാലത്ത് ചുറ്റുമതിലുള്ള നഗരങ്ങളുടെ പ്രവേശനമാർഗം, കവാടങ്ങൾ അഥവാ വലിയ വാതിലുകൾ ആയിരുന്നു. ആളുകളുടെ ജീവിതഗതിയെയും പെരുമാറ്റരീതിയെയും കുറിക്കാൻ ബൈബിളിൽ വഴി, “പാത,” “മാർഗം” തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ടു വഴികൾ ചിത്രീകരിക്കുന്നത്, ദൈവാംഗീകാരമുള്ള ജീവിതഗതിയെയും ദൈവാംഗീകാരമില്ലാത്ത ജീവിതഗതിയെയും ആണ്. ഒരാൾക്കു ദൈവരാജ്യത്തിലേക്കു പ്രവേശനം കിട്ടുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് അയാളുടെ ജീവിതഗതിയാണ്.—സങ്ക 1:1, 6; യിര 21:8; മത്ത 7:21.
നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും: “നാശത്തിലേക്കുള്ള വഴി വീതിയുള്ളതും വിശാലവും” എന്നാണു ചില കൈയെഴുത്തുപ്രതികളിൽ കാണുന്നത്. എന്നാൽ ഇവിടെ കാണുന്ന, താരതമ്യേന ദൈർഘ്യം കൂടിയ ഈ പ്രയോഗത്തിനു കൈയെഴുത്തുപ്രതികളുടെ ശക്തമായ പിന്തുണയുണ്ട്. ഒപ്പം മത്ത 7:14-ലെ വാക്കുകളോട് അതു കൂടുതൽ യോജിക്കുകയും ചെയ്യുന്നു.—അനു. എ3 കാണുക.
ചെമ്മരിയാടുകളുടെ വേഷം: അതായത് ആലങ്കാരികമായ അർഥത്തിൽ വേഷപ്രച്ഛന്നരായി വരുന്നവർ. തങ്ങൾ ദൈവത്തിന്റെ ആരാധകരാകുന്ന “ആട്ടിൻകൂട്ട”ത്തിലെ നിരുപദ്രവകാരികളായ അംഗങ്ങളാണെന്ന ധാരണ ജനിപ്പിക്കാൻ അത്തരക്കാർ ചെമ്മരിയാടിന്റേതുപോലുള്ള ഗുണങ്ങൾ പ്രകടിപ്പിക്കും.
കടിച്ചുകീറുന്ന ചെന്നായ്ക്കൾ: ഒരു രൂപകാലങ്കാരം. അങ്ങേയറ്റം അതിമോഹമുള്ള, സ്വാർഥനേട്ടങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ആളുകളെ കുറിക്കുന്നു.
ഫലങ്ങൾ: ആളുകളുടെ പ്രവൃത്തികളെയോ വാക്കുകളെയോ, അവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലങ്ങളെയോ കുറിക്കുന്ന ആലങ്കാരികപ്രയോഗം.
ധിക്കാരികളേ: അഥവാ “നിയമലംഘകരേ.” മത്ത 24:12-ന്റെ പഠനക്കുറിപ്പു കാണുക.
വിവേകി: മത്ത 24:45-ന്റെ പഠനക്കുറിപ്പു കാണുക.
മഴ . . . വെള്ളപ്പൊക്കം . . . കാറ്റ്: അപ്രതീക്ഷിതമായി, ശക്തമായ കാറ്റിന്റെ അകമ്പടിയോടെ വരുന്ന പേമാരികൾ ഇസ്രായേലിൽ സാധാരണമാണ്. (പ്രത്യേകിച്ച് തേബത്ത് മാസത്തിൽ, അതായത് ഡിസംബർ/ജനുവരി മാസങ്ങളിൽ.) അതിന്റെ ഫലമായി വിനാശകമായ, പൊടുന്നനെയുള്ള പ്രളയങ്ങളും ഉണ്ടാകാം.—അനു. ബി15 കാണുക.
അതിശയിച്ചുപോയി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയെ “അത്ഭുതംകൊണ്ട് സ്തബ്ധരായി” എന്നു നിർവചിക്കാം. തുടർച്ചയെ കുറിക്കുന്ന ആ ക്രിയാരൂപം സൂചിപ്പിക്കുന്നതു യേശുവിന്റെ വാക്കുകൾ ജനക്കൂട്ടത്തിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചെന്നാണ്.
യേശു പഠിപ്പിക്കുന്ന രീതി: ഈ പദപ്രയോഗം, യേശുവിന്റെ പഠിപ്പിക്കൽരീതികളെ മാത്രമല്ല ഉപദേശങ്ങളെയും, അതായത് ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ എല്ലാ കാര്യങ്ങളെയും, കുറിക്കുന്നു.
അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല: ആദരണീയരായ റബ്ബിമാരുടെ വാക്കുകളെ ആധികാരികമായി കണ്ട് അത് ഉദ്ധരിച്ച് സംസാരിച്ചിരുന്ന ശാസ്ത്രിമാരെപ്പോലെയല്ലായിരുന്നു യേശു. യഹോവയുടെ പ്രതിനിധിയായി, അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്. ദൈവവചനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു യേശുവിന്റെ ഉപദേശങ്ങൾക്ക് ആധാരം.—യോഹ 7:16.