പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 6
ദിവസവുമുള്ള ഭക്ഷ്യവിതരണം: അഥവാ “ദിവസവുമുള്ള സേവനം (ശുശ്രൂഷ).” ഇവിടെ കാണുന്ന ഡയകൊനിയ എന്ന ഗ്രീക്കുപദം മിക്കപ്പോഴും “ശുശ്രൂഷ” എന്നാണു പരിഭാഷപ്പെടുത്തുന്നതെങ്കിലും ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെതന്നെ ഒരു പ്രത്യേകവശത്തെ കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനെയോ എന്ന ഗ്രീക്കുക്രിയ “ഭക്ഷണം വിളമ്പാൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:2-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഗ്രീക്കുകാരോ ജൂതന്മാരോ രചിച്ച ഗ്രീക്ക് സാഹിത്യകൃതികളിലൊന്നും കാണുന്നില്ല. പക്ഷേ ഈ പദത്തെ “ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ” എന്നു പരിഭാഷപ്പെടുത്തുന്നതിനെ വാക്യസന്ദർഭവും പല നിഘണ്ടുക്കളും അനുകൂലിക്കുന്നുണ്ട്. അക്കാലത്ത് യരുശലേമിലുണ്ടായിരുന്ന ഗ്രീക്കുഭാഷക്കാർ ഉൾപ്പെടെയുള്ള ക്രിസ്തുശിഷ്യന്മാരെല്ലാം ജൂതവംശജരോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോ ആയിരുന്നു. (പ്രവൃ 10:28, 35, 44-48) ജൂതന്മാരിൽത്തന്നെ ‘എബ്രായ ഭാഷ സംസാരിക്കുന്നവരിൽനിന്ന്’ (അക്ഷ. “എബ്രായർ;” എബ്രയോസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം.) ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരെ’ വേർതിരിച്ചുകാണിക്കാനാണു ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. അതുകൊണ്ട് ആ ഗ്രീക്കുപദം കുറിക്കുന്നത്, പരസ്പരം ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ജൂതന്മാരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്, ഒരുപക്ഷേ ദക്കപ്പൊലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന്, യരുശലേമിലേക്കു വന്നവരായിരുന്നു അവർ. എന്നാൽ എബ്രായ ഭാഷ സംസാരിച്ചിരുന്ന മിക്ക ജൂതന്മാരും സാധ്യതയനുസരിച്ച് യഹൂദ്യയിൽനിന്നോ ഗലീലയിൽനിന്നോ ഉള്ളവരായിരുന്നു. ജൂതക്രിസ്ത്യാനികളായ ഈ രണ്ടു കൂട്ടരുടെയും സാംസ്കാരികപശ്ചാത്തലം കുറെയൊക്കെ വ്യത്യസ്തമായിരുന്നിരിക്കണം.—പ്രവൃ 9:29-ന്റെ പഠനക്കുറിപ്പു കാണുക.
എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാർ: അക്ഷ. “എബ്രായർ.” ഇവിടെ കാണുന്ന എബ്രയോസ് (ഏകവചനം) എന്ന ഗ്രീക്കുപദം പൊതുവേ കുറിക്കുന്നത്, ഒരു ഇസ്രായേല്യനെ അഥവാ എബ്രായനെ ആണ്. (2കൊ 11:22; ഫിലി 3:5) എന്നാൽ ഇവിടെ ഈ പദം എബ്രായ ഭാഷ സംസാരിക്കുന്ന ജൂതക്രിസ്ത്യാനികളെയാണു കുറിക്കുന്നത്. കാരണം ജൂതക്രിസ്ത്യാനികളിൽത്തന്നെ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരിൽനിന്ന്’ എബ്രായഭാഷക്കാരെ വേർതിരിച്ചുകാണിക്കുന്ന ഒരു സന്ദർഭമാണ് ഇത്.—ഈ വാക്യത്തിലെ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ എന്നതിന്റെ പഠനക്കുറിപ്പും യോഹ 5:2-ന്റെ പഠനക്കുറിപ്പും കാണുക.
ഭക്ഷണം വിളമ്പാൻ: അഥവാ “ശുശ്രൂഷിക്കാൻ; സേവിക്കാൻ.” ഡയകൊനെയോ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെ ഒരു പ്രത്യേകവശത്തെ മാത്രം കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള, അതിന് അർഹതയുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനിയ എന്ന ഗ്രീക്കുനാമം ‘ഭക്ഷ്യവിതരണം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
ശരിയല്ല: അക്ഷ. “പ്രസാദകരമല്ല.” “ദൈവവചനം പഠിപ്പിക്കുന്ന” കാര്യം അവഗണിക്കുന്നതു ദൈവത്തിനോ അപ്പോസ്തലന്മാർക്കുതന്നെയോ പ്രസാദകരമല്ലായിരുന്നു.—പ്രവൃ 6:4.
സത്പേരുള്ള . . . പുരുഷന്മാർ: അഥവാ “സുസമ്മതരായ പുരുഷന്മാർ.” മാർട്ടുറേഓ (“സാക്ഷി പറയുക”) എന്ന ഗ്രീക്കുക്രിയയുടെ കർമണിരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആ പുരുഷന്മാർ നല്ല യോഗ്യതയുള്ളവർ ആയിരിക്കണമായിരുന്നു. കാരണം അവരുടെ ഉത്തരവാദിത്വത്തിൽ ഭക്ഷണം വിളമ്പുന്നതു മാത്രമല്ല, പണം കൈകാര്യം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും അതിന്റെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതും ഒക്കെ ഉൾപ്പെട്ടിരുന്നു. അവർ ദൈവാത്മാവും ജ്ഞാനവും നിറഞ്ഞവരായിരുന്നു എന്ന വാക്കുകൾ സൂചിപ്പിക്കുന്നത് അവരെ ദൈവാത്മാവും ദൈവികജ്ഞാനവും വഴികാട്ടുന്നതിന്റെ തെളിവുകൾ മറ്റുള്ളവർക്കു കാണാമായിരുന്നു എന്നാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യമാണ് അന്നുണ്ടായിരുന്നത്. സഭയിൽ അപ്പോൾത്തന്നെ പ്രശ്നങ്ങളും അസ്വാരസ്യങ്ങളും തലപൊക്കിയിരുന്നതുകൊണ്ട് കാര്യങ്ങളെ നന്നായി വിലയിരുത്താനും മനസ്സിലാക്കാനും കഴിയുന്ന, വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെത്തന്നെ വേണമായിരുന്നു. അതിലൊരാളായിരുന്നു സ്തെഫാനൊസ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സ്തെഫാനൊസ് ശരിക്കും യോഗ്യനായിരുന്നെന്നാണു സൻഹെദ്രിന്റെ മുമ്പാകെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.—പ്രവൃ 7:2-53.
ദൈവവചനം പഠിപ്പിക്കുന്നതിലും: അഥവാ “ദൈവവചനത്തിന്റെ ശുശ്രൂഷയിലും.” പൊതുവേ “ശുശ്രൂഷ” എന്നു പരിഭാഷപ്പെടുത്താറുള്ള ഡയകൊനിയ എന്ന ഗ്രീക്കുപദംതന്നെയാണ് പ്രവൃ 6:1-ലും 6:4-ലും കാണുന്നത്. അതിൽ ഒന്നാമത്തേത്, സഹായം ആവശ്യമുള്ളവർക്കു പക്ഷപാതമില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ചും രണ്ടാമത്തേത്, ദൈവവചനത്തിൽനിന്ന് ആത്മീയഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആണ് പറയുന്നത്. അവ രണ്ടും ശുശ്രൂഷയുടെ രണ്ടു വ്യത്യസ്തവശങ്ങളാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. പ്രാർഥനാപൂർവം പഠിക്കുകയും പഠിപ്പിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ഇടയവേല ചെയ്യുകയും ചെയ്തുകൊണ്ട് സഭയ്ക്ക് ആത്മീയഭക്ഷണം നൽകുക എന്നതാണു തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ എന്ന് അപ്പോസ്തലന്മാർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതിലാണെന്നും അല്ലാതെ ഭൗതികഭക്ഷണം വിതരണം ചെയ്യുന്നതിലല്ലെന്നും അവർ തിരിച്ചറിഞ്ഞു. അതേസമയം, സഭയിലെ നിരാലംബരായ വിധവമാരുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുക എന്നത് ഒരു ക്രിസ്ത്യാനിയുടെ ശുശ്രൂഷയിലെ അവിഭാജ്യഘടകമാണെന്നും അവർക്ക് അറിയാമായിരുന്നു. ഇനി, യഹോവ ഒരാളുടെ ആരാധന സ്വീകരിക്കണമെങ്കിൽ അയാൾ ‘അനാഥർക്കും വിധവമാർക്കും കഷ്ടതകൾ ഉണ്ടാകുമ്പോൾ അവരെ സംരക്ഷിക്കണമെന്നു’ പിൽക്കാലത്ത് ദൈവപ്രചോദിതനായി യാക്കോബും എഴുതിയിട്ടുണ്ട്. (യാക്ക 1:27) എന്നാൽ തങ്ങൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്, വിധവമാർ ഉൾപ്പെടെ എല്ലാ ശിഷ്യരുടെയും ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിനായിരിക്കണമെന്ന് അപ്പോസ്തലന്മാർ മനസ്സിലാക്കി.
സ്തെഫാനൊസ് . . . ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ് . . . നിക്കൊലാവൊസ്: ഇവ ഏഴും ഗ്രീക്ക് പേരുകളാണ്. അതു സൂചിപ്പിക്കുന്നത്, അപ്പോസ്തലന്മാർ യരുശലേംസഭയിലെ യോഗ്യതയുള്ള പുരുഷന്മാരിൽനിന്ന് ഗ്രീക്ക് സംസാരിക്കുന്നവരെ പ്രത്യേകം തിരഞ്ഞെടുത്തു എന്നാണ്. അക്കൂട്ടത്തിൽ ജൂതന്മാരും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരും ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ ഏഴു പേരിൽ നിക്കൊലാവൊസിനെ മാത്രം ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട് അവരിൽ അദ്ദേഹം മാത്രമായിരിക്കാം ജന്മംകൊണ്ട് ജൂതനല്ലാതിരുന്നയാൾ. മറ്റ് ആറു പേരും ജൂതവംശത്തിൽ പിറന്നവരായിരിക്കാം. ജൂതവംശജർക്കും ഗ്രീക്ക് പേരുകൾ നൽകുന്നത് അക്കാലത്ത് സാധാരണമായിരുന്നു. അന്നൊരു ഭരണസംഘമായി പ്രവർത്തിച്ച അപ്പോസ്തലന്മാർ ഗ്രീക്ക് ഭാഷക്കാരായ ഈ പുരുഷന്മാരെ പ്രത്യേകം തിരഞ്ഞെടുത്തതു ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരോടുള്ള പരിഗണന കാരണമായിരിക്കാം.—പ്രവൃ 6:1-6.
അന്ത്യോക്യ: ബൈബിളിൽ ഇവിടെയാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി കാണുന്നത്. യരുശലേമിന് ഏതാണ്ട് 500 കി.മീ. വടക്കായി സ്ഥിതി ചെയ്തിരുന്ന അന്ത്യോക്യ ബി.സി. 64-ൽ സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ റോമും അലക്സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത് അന്ത്യോക്യയായിരുന്നു. മനോഹാരിതയ്ക്കു പേരുകേട്ട ഈ സിറിയൻ നഗരത്തിന്റെ രാഷ്ട്രീയ-വാണിജ്യ-സാംസ്കാരിക സ്വാധീനം വളരെ വലുതായിരുന്നെങ്കിലും അതു ധാർമികമായി വളരെ അധഃപതിച്ചുപോയിരുന്നു. ആ നഗരത്തിൽ ധാരാളമായുണ്ടായിരുന്ന ജൂതന്മാർ ഗ്രീക്കുഭാഷക്കാരായ അനേകരെ ജൂതമതത്തിൽ ചേർത്തതായി കരുതപ്പെടുന്നു. അങ്ങനെ ജൂതമതം സ്വീകരിച്ച ഒരാളായിരുന്നു നിക്കൊലാവൊസ്. അദ്ദേഹം പിന്നീട് ക്രിസ്ത്യാനിയായിത്തീർന്നു. ബർന്നബാസും പൗലോസ് അപ്പോസ്തലനും ഒരു വർഷത്തോളം അന്ത്യോക്യയിൽ താമസിച്ച് ആളുകളെ പഠിപ്പിച്ചു. പൗലോസ് തന്റെ മിഷനറി യാത്രകളെല്ലാം ആരംഭിച്ചതും ഈ നഗരത്തിൽനിന്നായിരുന്നു. ക്രിസ്തുശിഷ്യരെ “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് . . . ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.” (പ്രവൃ 11:26-ന്റെ പഠനക്കുറിപ്പുകൾ കാണുക.) ഈ അന്ത്യോക്യയും പ്രവൃ 13:14-ൽ കാണുന്ന പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 13:14-ന്റെ പഠനക്കുറിപ്പു കാണുക.
അവരുടെ മേൽ കൈകൾ വെച്ചു: എബ്രായതിരുവെഴുത്തുകളിൽ മനുഷ്യന്റെ മേലും മൃഗത്തിന്റെ മേലും കൈകൾ വെക്കുന്നതായി പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിനു പല അർഥങ്ങളുണ്ടായിരുന്നു. (ഉൽ 48:14; ലേവ 16:21; 24:14) ഒരു മനുഷ്യന്റെ മേൽ കൈകൾ വെക്കുന്നത് അയാളെ ഒരു പ്രത്യേകവിധത്തിൽ അംഗീകരിക്കുന്നെന്നോ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വേർതിരിക്കുന്നെന്നോ സൂചിപ്പിക്കുമായിരുന്നു. (സംഖ 8:10) ഉദാഹരണത്തിന്, യോശുവയെ തന്റെ പിൻഗാമിയായി അംഗീകരിക്കുന്നെന്നു സൂചിപ്പിക്കാൻ മോശ യോശുവയുടെ മേൽ കൈകൾ വെച്ചു. അങ്ങനെ ‘ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായിത്തീർന്ന’ യോശുവയ്ക്ക് ഇസ്രായേല്യരെ ശരിയായി നയിക്കാൻ കഴിഞ്ഞു. (ആവ 34:9) ഇവിടെ പ്രവൃ 6:6-ൽ തങ്ങൾ ഉത്തരവാദിത്വസ്ഥാനങ്ങളിലേക്കു നിയമിച്ചവരുടെ മേൽ അപ്പോസ്തലന്മാർ കൈകൾ വെച്ചതായി കാണാം. പ്രാർഥിച്ചിട്ട് മാത്രമാണ് അവർ അങ്ങനെ ചെയ്തതെന്ന വസ്തുത സൂചിപ്പിക്കുന്നത്, അവർ അക്കാര്യത്തിൽ ദൈവത്തിന്റെ മാർഗനിർദേശം ലഭിക്കാൻ ആഗ്രഹിച്ചു എന്നാണ്. പിന്നീട്, തിമൊഥെയൊസിനെ ഒരു പ്രത്യേക സേവനപദവിയിൽ നിയമിക്കാൻ മൂപ്പന്മാരുടെ സംഘം അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ചതായി നമ്മൾ വായിക്കുന്നുണ്ട്. (1തിമ 4:14) ആളുകളുടെ മേൽ കൈകൾ വെച്ച് അവർക്കു നിയമനം നൽകാനുള്ള അധികാരം തിമൊഥെയൊസിനും ലഭിച്ചു. പക്ഷേ അതിനു മുമ്പ് അദ്ദേഹം അവരുടെ യോഗ്യതകൾ ശ്രദ്ധയോടെ വിലയിരുത്തണമായിരുന്നെന്നു മാത്രം.—1തിമ 5:22.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
വിമോചിതരുടെ സിനഗോഗ്: സ്വതന്ത്രരാക്കപ്പെട്ട അടിമകളെയാണു റോമൻ ഭരണകാലത്ത് ‘വിമോചിതർ’ എന്നു വിളിച്ചിരുന്നത്. ഈ വാക്യത്തിൽ ‘വിമോചിതരുടെ സിനഗോഗിൽപ്പെട്ടവർ’ എന്നു പറഞ്ഞിരിക്കുന്നത്, ഒരിക്കൽ റോമാക്കാരുടെ ബന്ധനത്തിലായിട്ട് പിന്നീട് മോചനം ലഭിച്ച ജൂതന്മാരെക്കുറിച്ചാണെന്നു ചിലർ പറയുന്നു. എന്നാൽ സ്വതന്ത്രരായശേഷം ജൂതമതം സ്വീകരിച്ച അടിമകളെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവദൂതന്റെ മുഖംപോലിരിക്കുന്നത്: പൊതുവേ ‘ദൈവദൂതൻ’ എന്നു പരിഭാഷപ്പെടുത്താറുള്ള എബ്രായ, ഗ്രീക്ക് പദങ്ങളുടെ അർഥം “സന്ദേശവാഹകൻ” എന്നാണ്. (യോഹ 1:51-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവത്തിൽനിന്നുള്ള സന്ദേശങ്ങൾ അറിയിക്കുന്നവരായതുകൊണ്ട് തങ്ങൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്ന് ദൈവദൂതന്മാർക്ക് ഉറപ്പുണ്ട്. അത് അവർക്കു ധൈര്യവും പ്രശാന്തതയും നൽകുന്നു. ഇവിടെ സ്തെഫാനൊസിന്റെ മുഖഭാവവും അതുപോലെയായിരുന്നു. കുറ്റബോധത്തിന്റെ ലാഞ്ഛനപോലും ആ മുഖത്തുണ്ടായിരുന്നില്ല. പ്രശാന്തതയോടെ നിന്ന അദ്ദേഹത്തിന്റെ മുഖത്ത്, “തേജോമയനായ” യഹോവയുടെ പിന്തുണ തനിക്കുണ്ടെന്ന ബോധ്യം തെളിഞ്ഞുകാണാമായിരുന്നു.—പ്രവൃ 7:2.