വല വീശുന്നു
ഗലീലക്കടലിലെ മുക്കുവർ മീൻ പിടിക്കാൻ രണ്ടു തരം വലകളാണ് ഉപയോഗിച്ചിരുന്നത്: ചെറിയ മീനുകളെ പിടിക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയവയെ പിടിക്കാൻ വലിയ കണ്ണിയുള്ളവയും. വലിയ വല ഇറക്കി മീൻപിടിക്കാൻ കുറഞ്ഞത് ഒരു വള്ളവും ധാരാളം ആളുകളും ആവശ്യമായിരുന്നെങ്കിൽ ഇത്തരം വീശുവല ഒരാൾക്ക് ഒറ്റയ്ക്കു കൈകാര്യം ചെയ്യാമായിരുന്നു. വള്ളത്തിലോ കരയിലോ നിന്നുകൊണ്ടോ വെള്ളത്തിലേക്ക് അൽപ്പം ഇറങ്ങിനിന്നുകൊണ്ടോ ആണ് ഈ വല വീശിയിരുന്നത്. 5 മീറ്ററോ (15 അടി) അതിൽ അധികമോ വ്യാസമുണ്ടായിരുന്ന ഇത്തരം വലകളുടെ വിളുമ്പിൽ കല്ലുകളോ ഈയക്കട്ടികളോ പിടിപ്പിച്ചിരിക്കും. കൃത്യമായി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന് വീഴുമായിരുന്നു. ഭാരക്കട്ടികൾ പിടിപ്പിച്ചിരിക്കുന്ന വിളുമ്പ് ജലാശയത്തിന്റെ അടിത്തട്ടിലേക്കു പെട്ടെന്നു താഴുമ്പോൾ മീൻ ആ വലയ്ക്കുള്ളിൽ പെടും. വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തിലേക്കു മുങ്ങാംകുഴിയിടും അല്ലെങ്കിൽ ആ വല ശ്രദ്ധയോടെ കരയിലേക്കു വലിച്ചുകയറ്റും. ഇങ്ങനെ മീൻ പിടിക്കാൻ നല്ല വൈദഗ്ധ്യവും കഠിനാധ്വാനവും ആവശ്യമായിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: