ഇടയനും ആടുകളും
ഒരു ഇടയന്റെ ജീവിതം പൊതുവേ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. ചൂടും തണുപ്പും സഹിക്കണം, രാത്രികളിൽ ഉറക്കമിളച്ചിരിക്കണം. (ഉൽ 31:40; ലൂക്ക 2:8) സിംഹം, ചെന്നായ്, കരടി എന്നീ ഇരപിടിയന്മാരിൽനിന്നും കള്ളന്മാരിൽനിന്നും ആട്ടിൻപറ്റത്തെ സംരക്ഷിക്കുക (ഉൽ 31:39; 1ശമു 17:34-36; യശ 31:4; ആമോ 3:12; യോഹ 10:10-12), ആടുകൾ ചിതറിപ്പോകാതെ നോക്കുക (1രാജ 22:17), കാണാതെപോയ ആടുകളെ തേടി കണ്ടെത്തുക (ലൂക്ക 15:4) എന്നിവയെല്ലാം ഇടയന്റെ ഉത്തരവാദിത്വമായിരുന്നു. ആരോഗ്യമില്ലാത്ത ആട്ടിൻകുട്ടികളെയും ക്ഷീണിച്ച് തളർന്നവയെയും അദ്ദേഹം തന്റെ കൈയിലോ (യശ 40:11) തോളത്തോ എടുക്കും. രോഗമുള്ളതിനെയും പരിക്കുപറ്റിയതിനെയും ശുശ്രൂഷിച്ചിരുന്നതും ഇടയനാണ്. (യഹ 34:3, 4; സെഖ 11:16) ബൈബിൾ പലപ്പോഴും ഇടയന്മാരെയും അവർ ചെയ്തിരുന്ന ജോലിയെയും കുറിച്ച് ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് തന്റെ ആടുകളെ, അതായത് തന്റെ ജനത്തെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു ഇടയനായി യഹോവയെ ബൈബിൾ വരച്ചുകാട്ടുന്നു. (സങ്ക 23:1-6; 80:1; യിര 31:10; യഹ 34:11-16; 1പത്ര 2:25) ‘വലിയ ഇടയൻ’ (എബ്ര 13:20) എന്നും ‘മുഖ്യയിടയൻ’ എന്നും ബൈബിൾ വിളിച്ചിരിക്കുന്ന യേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ ക്രിസ്തീയസഭയിലെ മേൽവിചാരകന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നു. മനസ്സോടെയും അതീവതാത്പര്യത്തോടെയും നിസ്സ്വാർഥമായാണ് അവർ അതു ചെയ്യുന്നത്.—1പത്ര 5:2-4
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: