അവർ കുഞ്ഞാടുകളെ അനുകമ്പയോടെ മേയിക്കുന്നു
മനുഷ്യരോട് ഇണങ്ങി വളരുന്ന എല്ലാ മൃഗങ്ങളിലുംവെച്ചു ചെമ്മരിയാടിനെപ്പോലെ മറെറാന്നുമില്ല. തീററ തേടുന്നതിനും തങ്ങളെ ഭക്ഷിക്കുന്ന മൃഗങ്ങളിൽനിന്നൊഴിഞ്ഞു പോകുന്നതിനും ആവശ്യമായ ശക്തിയും വാസനകളും മിക്ക മൃഗങ്ങൾക്കുമുണ്ട്, എന്നാൽ ചെമ്മരിയാടു വ്യത്യസ്തമാണ്. സ്വരക്ഷക്കായി യാതൊന്നും ചെയ്യാത്തതിനാൽ അത് ഇരപിടിയൻ മൃഗങ്ങൾക്കു വിധേയമാണ്. ഇടയന്റെ അസാന്നിധ്യത്തിൽ ചെമ്മരിയാടു ഭയമുള്ളതും തുണയററതും ആണ്. കൂട്ടത്തിൽനിന്നു വേർപെട്ടാൽ അതിന് അനായാസം വഴിതെററിപ്പോകാൻ കഴിയും. അതുകൊണ്ട്, ഇണക്കമുള്ള ചെമ്മരിയാടുകൾക്ക് അവയുടെ ഇടയനോട് അടുപ്പം തോന്നുന്നതിന് അപ്രതിരോധ്യമായ കാരണങ്ങളുണ്ട്. അയാളെക്കൂടാതെ അവയ്ക്ക് അതിജീവിക്കാനുള്ള സാധ്യത തീരെയില്ല. ഈ സ്വഭാവലക്ഷണങ്ങൾ കാരണം, നിർദോഷികളോ ദ്രോഹിക്കപ്പെട്ടവരോ സംരക്ഷണരഹിതരോ ആയ ആളുകളെ വർണിക്കുന്നതിനു ബൈബിൾ ആലങ്കാരികമായി ആടുകളെ ഉപയോഗിക്കുന്നു.
ഒരു ആട്ടിടയന്റെ പ്രതിഫലങ്ങൾ സമർഹമായി നേടുന്നവയാണെന്നു തീർച്ചയാണ്. അയാളുടെ ജീവിതം എളുപ്പമുള്ള ഒന്നല്ല. അയാൾ ചൂടിനും തണുപ്പിനും വിധേയനാണ്, കൂടാതെ അയാൾക്ക് ഉറക്കമില്ലാത്ത രാത്രികൾ അനുഭവപ്പെടുകയും ചെയ്യുന്നു. മിക്കപ്പോഴും സ്വയം അപകടത്തിലാക്കിക്കൊണ്ട് അയാൾക്ക് ആട്ടിൻകൂട്ടത്തെ ഇരപിടിയൻമാരിൽനിന്നു സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഇടയന് ആട്ടിൻകൂട്ടത്തെ ഒന്നിച്ചു നിർത്തേണ്ടതുള്ളതിനാൽ അയാളുടെ സമയത്തിന്റെ സിംഹഭാഗവും വഴിതെററിപ്പോകുന്നതോ കാണാതെപോകുന്നതോ ആയ ആടുകളെ തിരയുന്നതിൽ ചെലവഴിക്കപ്പെടുന്നു. അസുഖം ബാധിച്ചവയെയും പരിക്കുപററിയവയെയും അയാൾ ചികിത്സിക്കണം. ബലഹീനമോ ക്ഷീണിച്ചതോ ആയവയെ ചുമന്നുകൊണ്ടുപോകണം. ആവശ്യത്തിനുള്ള തീററയും വെള്ളവും കിട്ടുന്നതു സംബന്ധിച്ച ഉത്കണ്ഠയും ഉണ്ട്. ആട്ടിൻകൂട്ടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഒരു ഇടയൻ രാത്രിയിൽ വെളിമ്പ്രദേശത്തു കിടക്കുന്നത് അസാധാരണമല്ല. അതിനാൽ, ധൈര്യശാലിയും ഉത്സാഹിയും പ്രത്യുത്പന്നമതിയും ആയ ഒരു മമനുഷ്യന്റെ സേവനങ്ങൾ ആവശ്യമാക്കിത്തീർക്കുന്ന ഒരു കഠിന ജീവിതമാണു മേയിക്കൽ. എല്ലാററിലുമധികമായി, തന്റെ സംരക്ഷണയിൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തിൽ യഥാർഥ താത്പര്യം പ്രകടമാക്കാനുള്ള പ്രാപ്തി അയാൾക്കുണ്ടായിരിക്കണം.
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കൽ
ബൈബിൾ, ദൈവജനത്തെ ഇണക്കമുള്ള ആടുകളായും അവരുടെ മേൽനോട്ടമുള്ളവരെ ഇടയൻമാരായും ചിത്രീകരിക്കുന്നു. യഹോവ തന്നെ ‘നമ്മുടെ ആത്മാക്കളുടെ [ദേഹികളുടെ, NW] ഇടയനും അദ്ധ്യക്ഷനുമാണ്.’ (1 പത്രൊസ് 2:25) ‘എന്റെ ആട്ടിൻകുട്ടികളെ തീററുക, എന്റെ കുഞ്ഞാടുകളെ മേയിക്കുക, എന്റെ കുഞ്ഞാടുകളെ തീററുക’ എന്നു പത്രോസിനോടു പറഞ്ഞപ്പോൾ ആടുകൾക്ക് അനുകമ്പാപൂർവകമായ പരിപാലനം കിട്ടണമെന്ന ആഗ്രഹം “നല്ല ഇടയനായ” യേശുക്രിസ്തു പ്രകടമാക്കി. (യോഹന്നാൻ 10:11; 21:15-17) ‘ദൈവത്തിന്റെ സഭയെ മേയിക്കാൻ’ ക്രിസ്തീയ മേൽവിചാരകൻമാരെ യഥാവിധി അധികാരപ്പെടുത്തിയിരിക്കയാണ്. (പ്രവൃത്തികൾ 20:28) ആത്മീയ ഇടയൻമാരെന്നനിലയിലുള്ള അവരുടെ വേല ഒരു നല്ല അക്ഷരീയ ആട്ടിടയന്റെ ഗുണങ്ങൾ—ധൈര്യം, ഉത്സാഹം, പ്രത്യുത്പന്നമതിത്വം എന്നിവയും മുഖ്യമായി ആടുകളുടെ ക്ഷേമത്തെക്കുറിച്ചുള്ള ഹൃദയംഗമമായ വിചാരവും—ആവശ്യമാക്കിത്തീർക്കുന്നു.
ദൈവത്തിന്റെ പ്രവാചകനായ യെഹെസ്കേലിന്റെ നാളുകളിൽ ഇസ്രയേലിലെ യഹോവയുടെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേററുന്നതിനു നിയമിക്കപ്പെട്ട ഇടയൻമാരിൽ ഭൂരിപക്ഷവും തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. ദൈവത്തിന്റെ ആട്ടിൻകൂട്ടം കഠിനമായി കഷ്ടപ്പെട്ടു, അനേകർ സത്യാരാധന ഉപേക്ഷിച്ചുപോയി. (യെഹെസ്കേൽ 34:1-10) ഇന്ന്, ക്രൈസ്തവലോകത്തിലെ വൈദികർ ക്രിസ്തീയ സഭയെന്നവകാശപ്പെടുന്നതിലെ ഇടയൻമാരായി സ്വയം ചിത്രീകരിക്കുന്നു, എന്നാൽ, അവർ യേശു ഭൂമിയിലായിരുന്നപ്പോൾ ജനങ്ങളെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്ത ദുഷ്ടരായ കപടനാട്യക്കാരെപ്പോലെയാണെന്ന് അതിന്റെ ആത്മീയ രോഗാവസ്ഥ തെളിയിക്കുന്നു. ക്രൈസ്തവലോകത്തിലെ മതനേതാക്കൾ “ആടുകളെക്കുറിച്ചു വിചാരമില്ലാത്ത” “കൂലിക്കാരെ”പ്പോലെയാണ്. (യോഹന്നാൻ 10:12, 13) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ അവർ ഒരു തരത്തിലും മനസ്സൊരുക്കമുള്ളവരോ, പ്രാപ്തരോ, യോഗ്യരോ അല്ല.
യഥാർഥമായി കരുതുന്ന ഇടയൻമാർ
യഹോവയുടെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന സകലർക്കുംവേണ്ടി യേശു പൂർണതയുള്ള ദൃഷ്ടാന്തം വെച്ചു. അവിടുന്ന് എല്ലാ വിധങ്ങളിലും തന്റെ ശിഷ്യൻമാരോടു സ്നേഹവും ദയയും കരുണാർദ്രതയും സഹായിക്കാനുള്ള സന്നദ്ധതയും ഉള്ളവൻ ആയിരുന്നു. അവിടുന്നു സഹായമാവശ്യമുള്ളവരെ തിരഞ്ഞുകണ്ടുപിടിക്കുന്നതിനു മുൻകൈയെടുത്തു. യേശു തിരക്കുള്ളവനും പലപ്പോഴും ക്ഷീണിതനും ആയിരുന്നിട്ടും അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും അവർക്കു പ്രോത്സാഹനം നൽകുന്നതിനും എല്ലായ്പോഴും സമയമെടുത്തു. അവർക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കാനുള്ള അവിടുത്തെ സന്നദ്ധത സ്നേഹത്തിന്റെ പരമമായ പ്രകടനമായിരുന്നു.—യോഹന്നാൻ 15:13.
ഇന്ന്, നിയമിതരായ എല്ലാ സഭാമൂപ്പൻമാരും അതുപോലെതന്നെ ശുശ്രൂഷാദാസൻമാരും ആട്ടിൻകൂട്ടത്തോടുള്ള ഈ ഉത്തരവാദിത്വത്തിൽ പങ്കുപററുന്നു. അതിനാൽ, സഭയെ വേണ്ടത്ര സഹായവും മേൽനോട്ടവും ഇല്ലാത്തതായി വിട്ടിട്ടു മറെറാരു രാജ്യത്തേക്കു മാറാൻ സാമ്പത്തിക പ്രയോജനങ്ങളുടെ സാധ്യതപോലും ഈ ഉത്തരവാദിത്വമുള്ള പുരുഷൻമാരിൽ അധിക പങ്കിനെയും പ്രേരിപ്പിക്കുന്നില്ല. “ഇടപെടാൻ പ്രയാസമായ” കാലങ്ങളിൽ ജീവിക്കുന്നതിനാൽ ആട്ടിൻകൂട്ടത്തിനു പ്രോത്സാഹനത്തിന്റെയും മാർഗനിർദേശത്തിന്റെയും ആവശ്യമുണ്ട്. (2 തിമോഥെയോസ് 3:1-5, NW) ചിലർ, ‘ആരെ വിഴുങ്ങേണ്ടു എന്നുവെച്ച് തിരഞ്ഞുനടക്കുന്ന അലറുന്നസിംഹത്തെപ്പോലെ’ ആയിരിക്കുന്ന സാത്താന്റെ ഇരയാകുന്നതിന്റെ എപ്പോഴുമുള്ള അപകടമുണ്ട്. (1 പത്രൊസ് 5:8) മുമ്പെന്നത്തേക്കാളും അധികമായി ഇപ്പോൾ, ക്രിസ്തീയ ഇടയൻമാർ “ക്രമംകെട്ടവരെ ബുദ്ധിയുപദേശി”ക്കുകയും “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തു”കയും “ബലഹീനരെ താങ്ങുക”യും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. (1 തെസ്സലൊനീക്യർ 5:14) സ്ഥിരതയില്ലാത്തവർ ആട്ടിൻകൂട്ടത്തിൽനിന്നു വേർപെട്ടുപോകുന്നതു തടയാൻ അവർക്കു കഴിയണമെങ്കിൽ നിതാന്ത ജാഗ്രത അത്യാവശ്യമാണ്.—1 തിമൊഥെയൊസ് 4:1.
ഒരാടിനു സഹായം ആവശ്യമായിരിക്കുന്നത് എപ്പോഴെന്ന് ഇടയൻ എങ്ങനെ അറിയും? ഏറെ വ്യക്തമായ ലക്ഷണങ്ങളിൽ ചിലതു ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതിലെ പരാജയം, വയൽസേവനത്തിലെ ക്രമരഹിതമായ പങ്കെടുക്കൽ, മററുള്ളവരുമായുള്ള അടുത്ത സഹവാസം ഒഴിവാക്കാനുള്ള ചായ്വ് എന്നിവയാണ്. ആടുകളുടെ മനോഭാവവും സംഭാഷണങ്ങളുടെ ചായ്വും ശ്രദ്ധാപൂർവം ഗൗനിക്കുന്നതിനാലും ബലഹീനതകൾ തിരിച്ചറിയാവുന്നതാണ്. ഒരുപക്ഷേ, നീരസത്തിന്റെ തോന്നലുകൾ സൂചിപ്പിച്ചുകൊണ്ട് അവർ മററുള്ളവരെ വിമർശിക്കാൻ ചായ്വുള്ളവരായിരുന്നേക്കാം. അവരുടെ സംഭാഷണങ്ങൾ ആത്മീയ ലക്ഷ്യങ്ങൾക്കു പകരം ഭൗതിക വ്യാപാരങ്ങളിൽ അമിതമായി കേന്ദ്രീകരിച്ചേക്കാം. ഉത്സാഹത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഒരു പൊതുവായ അഭാവം അവരുടെ വിശ്വാസം ദുർബലമായെന്ന് അർഥമാക്കിയേക്കാം. വിഷാദമുള്ള ഒരു മുഖഭാവം, എതിർക്കുന്ന ബന്ധുക്കളാലോ ലൗകികസുഹൃത്തുക്കളാലോ അവർ ഞെരുക്കപ്പെടുകയാണെന്നതിന്റെ ലക്ഷണമായിരിക്കാവുന്നതാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട്, ഏതുതരം സഹായമാണ് ആവശ്യമായിരിക്കുന്നതെന്നു തീരുമാനിക്കാൻ ഇടയനു ശ്രമിക്കാവുന്നതാണ്.
ഒരു സഹവിശ്വാസിയെ സഹായിക്കാൻ സന്ദർശിക്കുമ്പോൾ, ക്രിസ്തീയ ഇടയൻമാർ തങ്ങളുടെ മുഖ്യ ഉദ്ദേശ്യം മനസ്സിൽ പിടിക്കേണ്ടതുണ്ട്. അതു കേവലം നിസ്സാരകാര്യങ്ങളെക്കുറിച്ചു സംഭാഷണങ്ങൾ നടത്തുന്നതിനുള്ള ഒരു സാമൂഹിക സന്ദർശനമല്ല. തന്റെ സഹോദരൻമാരെ സന്ദർശിക്കുന്നതിലെ അപ്പോസ്തലനായ പൗലോസിന്റെ ലക്ഷ്യം ‘അവർ ഉറപ്പുള്ളവരായിത്തീരേണ്ടതിന് അല്പം ആത്മീയ ദാനം നൽകുകയും ഒരു പ്രോത്സാഹനക്കൈമാററം ഉണ്ടായിരിക്കുകയും ചെയ്യുക’ എന്നതായിരുന്നു. (റോമർ 1:11, 12, NW) ഇതു നിർവഹിക്കുന്നതിനു മുൻകൂട്ടിയുള്ള തയ്യാറാകൽ ആവശ്യമാണ്.
ഒന്നാമതായി, വ്യക്തിയെ വിശകലനം ചെയ്യുക, എന്നിട്ട് അദ്ദേഹത്തിന്റെ ആത്മീയ അവസ്ഥ എന്താണെന്നു നിശ്ചയപ്പെടുത്തുക. അത് ഉറപ്പാക്കിയ ഏതുതരം മാർഗനിർദേശമോ പ്രോത്സാഹനമോ ബുദ്ധ്യുപദേശമോ ആയിരിക്കും ഏററവും പ്രയോജനപ്രദം എന്നതിനെപ്പററി അൽപ്പം ചിന്തിക്കുക. ദൈവവചനമായ ബൈബിളായിരിക്കണം വിവരങ്ങളുടെ മുഖ്യ ഉറവിടം, കാരണം അതു “ശക്തി ചെലുത്തുന്നു.” (എബ്രായർ 4:12, NW) പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന ആടുകളുടെ പ്രത്യേക ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾക്കുവേണ്ടി വീക്ഷാഗോപുരവും ഉണരുക!യും പരിശോധിക്കാവുന്നതാണ്. ആഹ്ലാദദായകവും ഉൻമേഷം നൽകുന്നതും ആയ അനുഭവങ്ങൾ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകത്തിൽ കണ്ടെത്താവുന്നതാണ്. ‘വ്യക്തിയെ കെട്ടുപണി ചെയ്യുന്നതിനു നല്ലതായിരിക്കുന്ന’ ആത്മീയമായ എന്തെങ്കിലും പ്രദാനംചെയ്യുക എന്നതാണു ലക്ഷ്യം.—റോമർ 15:2, NW.
കെട്ടുപണിചെയ്യുന്ന മേയിക്കൽ
അക്ഷരീയ ആടുകളുടെ ഒരു ഇടയന് അവ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി തന്നെ ആശ്രയിക്കുന്നു എന്നറിയാം. ഏററവും സാധാരണമായ ആപത്തുകൾ വരുന്നതു വഴിതെററിപ്പോകൽ, രോഗം, ക്ഷീണം, പരിക്ക്, ഇരപിടിയൻമാർ എന്നിവയിലൂടെയാണ്. അതുപോലെ, ആട്ടിൻകൂട്ടത്തിന്റെ ക്ഷേമത്തെ ഭീഷണിപ്പെടുത്തുന്ന സമാനമായ ആപത്തുകളെ ആത്മീയ ഇടയൻ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും വേണം. പിൻവരുന്നവ ചില സാധാരണ പ്രശ്നങ്ങളും ആത്മീയമായി കെട്ടുപണിചെയ്യുന്ന വിവരങ്ങൾ പ്രദാനം ചെയ്യുന്നതിന് എന്തു പറയാൻ കഴിയും എന്നതു സംബന്ധിച്ച ഏതാനും നിർദേശങ്ങളും ആണ്.
(1) കരുതലില്ലാത്ത ആടുകളെപ്പോലെ, ചില ക്രിസ്ത്യാനികൾ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്നു വഴിതെററിപ്പോകുന്നു, എന്തുകൊണ്ടെന്നാൽ അവർ നിർദോഷമെന്നും സുഖദായകമെന്നും തോന്നിക്കുന്ന പ്രലോഭനങ്ങളാൽ വശീകരിക്കപ്പെടുന്നു. ഭൗതികത്വത്തോടോ, കളികളോടോ, വിനോദങ്ങളോടോ ബന്ധപ്പെട്ട ലക്ഷ്യങ്ങൾ പിന്തുടരുന്നതിനാൽ അവർ വ്യതിചലിപ്പിക്കുകയോ ഒഴുകിപ്പോകുക പോലുമോ ചെയ്തേക്കാം. (എബ്രായർ 2:1) ഇത്തരം വ്യക്തികളെ കാലങ്ങളുടെ അടിയന്തിരതയെ സംബന്ധിച്ചും യഹോവയുടെ സ്ഥാപനത്തോട് അടുത്തുനിൽക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ചും രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ചും ഓർമിപ്പിക്കാവുന്നതാണ്. (മത്തായി 6:25-33; ലൂക്കൊസ് 21:34-36; 1 തിമൊഥെയൊസ് 6:8-10) സഹായകരമായ ബുദ്ധ്യുപദേശം 1984 മേയ് 15-ലെ ദ വാച്ച്ടവർ പേജ് 8-11-ൽ “നിങ്ങളുടെ സമനില കാത്തുകൊൾക—എങ്ങനെ?” എന്ന ലേഖനത്തിൽ കാണപ്പെടുന്നു.
(2) രോഗത്തിനിരയാകുന്ന ആടിന് ഇടയൻ ചികിത്സ നൽകേണ്ടതുണ്ട്. സമാനമായി, തങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ജീവിത ഘടകങ്ങളാൽ ആത്മീയമായി രോഗിയായിത്തീരുന്ന ക്രിസ്ത്യാനികളെ ആത്മീയ ഇടയൻമാർ സഹായിക്കേണ്ടതാണ്. (യാക്കോബ് 5:14, 15) അവർക്കു തൊഴിലില്ലായിരിക്കാം, ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായിരിക്കാം, അതുമല്ലെങ്കിൽ അവർ തങ്ങളുടെ കുടുംബജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരിക്കാം. അത്തരം ആളുകൾക്ക് ആത്മീയാഹാരത്തിലോ ദൈവജനത്തോടു സഹവസിക്കുന്നതിലോ തീരെ താത്പര്യമില്ലായിരിക്കാം. ഇതു ക്രമത്തിൽ, ഒററപ്പെടുന്നതിലും നിരുത്സാഹിതരാകുന്നതിലും കലാശിക്കുന്നു. യഹോവ തങ്ങളെ കരുതുന്നുവെന്നും കഷ്ടകാലങ്ങളിൽ തങ്ങളെ താങ്ങുമെന്നും അവർക്ക് ഉറപ്പു ലഭിക്കേണ്ടതുണ്ട്. (സങ്കീർത്തനം 55:22; മത്തായി 18:12-14; 2 കൊരിന്ത്യർ 4:16-18; 1 പത്രൊസ് 1:6, 7; 5:6, 7) ആയിരത്തിത്തൊള്ളായിരത്തിയെമ്പതു ജൂൺ 1-ലെ ദ വാച്ച്ടവറലെ 12-15 പേജുകളിൽ കാണപ്പെടുന്ന “ഒരു ക്രിസ്ത്യാനിയെന്നനിലയിൽ നേരെ മുമ്പോട്ടു നോക്കുക” എന്ന ലേഖനം പരിചിന്തിക്കുന്നതും സഹായകമായിരിക്കും.
(3) മടുത്തുപോകുന്ന ആടുകളെ ഇടയൻ അന്വേഷിക്കേണ്ടതുണ്ട്. ചിലർ അനേക വർഷങ്ങളായി യഹോവയുടെ സേവനത്തിൽ വിശ്വസ്തമായി സഹിച്ചുനിന്നിട്ടുണ്ട്. അവർ നിരവധി പരീക്ഷകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും മല്ലടിച്ചു മുന്നേറിയിട്ടുണ്ട്. ഇപ്പോൾ അവർ നന്നായി ചെയ്യുന്നതിൽ മടുത്തുപോകുന്നതിന്റെ ലക്ഷണങ്ങൾ കാട്ടുന്നു, തീവ്രമായ പ്രസംഗപ്രവർത്തനത്തിന്റെ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് അവർ സംശയങ്ങൾ പ്രകടമാക്കുകപോലും ചെയ്തേക്കാം. യേശുക്രിസ്തുവിനെ അനുകരിച്ച്, ദൈവത്തിനുള്ള മുഴുഹൃദയ-സേവനത്തിൽനിന്നു വരുന്ന സന്തോഷങ്ങളോടും അനുഗ്രഹങ്ങളോടും ഉള്ള അവരുടെ വിലമതിപ്പു പുതുക്കിക്കൊണ്ട് അവരുടെ ആവേശത്തെ സജീവമാക്കേണ്ടത് ആവശ്യമാണ്. (ഗലാത്യർ 6:9, 10; എബ്രായർ 12:1-3) അവരുടെ വിശ്വസ്ത സേവനത്തെ യഹോവ വിലമതിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ ഒരുപക്ഷേ അവരെ സഹായിക്കാൻ കഴിയും, അവിടുത്തെ സ്തുതിക്കായി ഭാവിപ്രവർത്തനങ്ങൾക്ക് അവരെ ബലപ്പെടുത്താനും കഴിയും. (യെശയ്യാവു 40:29, 30; എബ്രായർ 6:10-12) ആയിരത്തിത്തൊള്ളായിരത്തിയെമ്പത്തിയെട്ട് ജൂലൈ 15-ലെ ദ വാച്ച്ടവറൽ 9-14 പേജുകളിൽ ഉള്ള “നൻമചെയ്യുന്നതിൽ മടുത്തുപോകരുത്” എന്ന ലേഖനത്തിൽനിന്നുള്ള ആശയങ്ങൾ പങ്കുവെക്കുന്നതു പ്രയോജനകരമായിരിക്കാം.
(4) പരിക്കേൽക്കുന്ന ആടുകളെപ്പോലെ, ചില ക്രിസ്ത്യാനികൾ അസഭ്യമെന്നു തങ്ങൾ വിചാരിക്കുന്ന നടത്തയാൽ വ്രണിതരായിട്ടുണ്ട്. എന്നിരുന്നാലും നാം മററുള്ളവരോടു ക്ഷമിക്കുന്നവരാണെങ്കിൽ നമ്മുടെ സ്വർഗീയ പിതാവു നമുക്കാവശ്യമായ ക്ഷമ നൽകും. (കൊലൊസ്സ്യർ 3:12-14; 1 പത്രൊസ് 4:8) ചില സഹോദരൻമാർക്കോ സഹോദരിമാർക്കോ ബുദ്ധ്യുപദേശമോ ശിക്ഷണമോ ലഭിച്ചിട്ടുണ്ടായിരിക്കാം, അവ അനീതിയായിപ്പോയെന്ന് അവർക്കു തോന്നാം. എന്നിരുന്നാലും ആത്മീയ ബുദ്ധ്യുപദേശത്തിൽനിന്നും ശിക്ഷണത്തിൽനിന്നും നമുക്കെല്ലാം പ്രയോജനം അനുഭവിക്കാൻ കഴിയും, കൂടാതെ, താൻ സ്നേഹിക്കുന്നവർക്കു യഹോവ ശിക്ഷണം നൽകുന്നുവെന്നറിയുന്നത് ആശ്വാസകരവുമാണ്. (എബ്രായർ 12:4-11) തങ്ങൾക്കു യോഗ്യതയുണ്ടെന്നു സ്വയം കരുതുന്ന സേവനപദവികൾ തങ്ങൾക്കു നൽകാത്തതിനാൽ ചിലർ തങ്ങൾക്കും സഭയ്ക്കും ഇടയിൽ ഒരു വിടവു സൃഷ്ടിക്കാൻ നീരസത്തെ അനുവദിച്ചിട്ടുണ്ട്. എന്നാൽ നാം യഹോവയുടെ സ്ഥാപനത്തിൽനിന്ന് അകന്നുമാറുന്നെങ്കിൽ രക്ഷയ്ക്കും യഥാർഥ സന്തോഷത്തിനുംവേണ്ടി പോകാൻ മറെറാരിടമുണ്ടായിരിക്കില്ല. (യോഹന്നാൻ 6:66-69 താരതമ്യം ചെയ്യുക.) ഇതിനോടു ചേർച്ചയിലുള്ള സഹായകരമായ വിവരങ്ങൾ 1988 ആഗസ്ററ് 15-ലെ ദ വാച്ച്ടവറൽ 28-30 പേജുകളിൽ ഉള്ള “നമ്മുടെ ക്രിസ്തീയ ഏകത നിലനിർത്തൽ” എന്ന ലേഖനത്തിൽ കാണാവുന്നതാണ്.
(5) ഇരപിടിയൻമാരിൽനിന്ന് ആടുകളെ സംരക്ഷിക്കേണ്ടതാണ്. ഇതിനോടു താരതമ്യപ്പെടുത്താവുന്ന വിധത്തിൽ ചിലരെ അവിശ്വാസികളായ ബന്ധുക്കളോ സഹപ്രവർത്തകരോ എതിർക്കുകയോ പേടിപ്പെടുത്തുകയോ ചെയ്തേക്കാം. ദൈവത്തിനുള്ള തങ്ങളുടെ സേവനം വെട്ടിക്കുറയ്ക്കാനോ ക്രിസ്തീയ ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കുന്നതു നിർത്താനോ ഉള്ള സമ്മർദം ഉണ്ടാകുമ്പോൾ അവരുടെ നിർമലത ആക്രമണവിധേയമായേക്കാം. എന്നിരുന്നാലും, എതിർപ്പു പ്രതീക്ഷിക്കേണ്ടതാണെന്നും അതു വാസ്തവത്തിൽ നാം യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യൻമാരാണെന്നതിന്റെ തെളിവുകളിൽ ഒന്നാണെന്നും തിരിച്ചറിയാൻ അവരെ സഹായിക്കുമ്പോൾ അവർ ശക്തീകരിക്കപ്പെടുന്നു. (മത്തായി 5:11, 12; 10:32-39; 24:9; 2 തിമൊഥെയൊസ് 3:12) അവർ വിശ്വസ്തരാണെങ്കിൽ യഹോവ അവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നും അവരുടെ സഹിഷ്ണുതക്കു പ്രതിഫലം നൽകുമെന്നും ചൂണ്ടിക്കാട്ടുന്നതു പ്രയോജനപ്രദമായിരിക്കാം. (2 കൊരിന്ത്യർ 4:7-9; യാക്കോബ് 1:2-4, 12; 1 പത്രൊസ് 5:8-10) “പീഡനം ഗണ്യമാക്കാതെ സന്തോഷപൂർവ്വം സഹിച്ചുനിൽക്കുക” എന്ന തലക്കെട്ടുള്ള, 1986 ഫെബ്രുവരി 1-ലെ വീക്ഷാഗോപുരം പേജ് 8-13-ലെ ലേഖനം കൂടുതലായ പ്രോത്സാഹനം നൽകുന്നു.
ഇടയൻമാരേ—നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേററുക
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ആവശ്യങ്ങൾ അനവധിയാണ്, ശരിയായ പരിപാലനം വളരെയധികം ശ്രമം ആവശ്യമുള്ള ഒരു ജോലിയാണ്. അതുകൊണ്ട്, ക്രിസ്തീയ ഇടയൻമാർ അനുകമ്പയുള്ളവരും യഥാർഥ ചിന്തയുള്ളവരും സഹായിക്കുന്നതിൽ താത്പര്യമുള്ളവരും ആയിരിക്കണം. ക്ഷമയും വിവേചനയും പ്രധാനമാണ്. ചില വ്യക്തികൾക്കു ബുദ്ധ്യുപദേശവും ശാസനയും ആവശ്യമായിരിക്കുമ്പോൾ മററുചിലർ പ്രോത്സാഹനത്തിൽനിന്നായിരിക്കും ഏററവും കൂടുതൽ പ്രയോജനം അനുഭവിക്കുന്നത്. ചിലരുടെ കാര്യത്തിൽ വ്യക്തിപരമായ ഏതാനും സന്ദർശനങ്ങൾ മതിയായേക്കും, എന്നാൽ മററു ചിലരുടെ കാര്യത്തിൽ ഒരു നിരന്തര ബൈബിളധ്യയനം ആവശ്യമായിരിക്കാം. ആരുടെ കാര്യത്തിലായാലും മുഖ്യ ലക്ഷ്യം നല്ല പഠനശീലങ്ങൾക്കു തുടക്കമിടാനും സഭായോഗങ്ങൾക്കു ഹാജരാകുന്നതിൽ ക്രമമുള്ളവരായിത്തീരുകയോ ക്രമം തുടരുകയോ ചെയ്യാനും ക്രിസ്തീയ ശുശ്രൂഷയിൽ സജീവമായ പങ്കുപററൽ ആസ്വദിക്കാനും വ്യക്തിയെ പ്രേരിപ്പിക്കുന്ന, കെട്ടുപണി ചെയ്യുന്ന മാർഗനിർദേശം അല്ലെങ്കിൽ സ്നേഹനിർഭരമായ ബുദ്ധ്യുപദേശം നൽകുക എന്നതാണ്. ഇവയാണു സഹവിശ്വാസികളെ തുണയ്ക്കുന്നതിനും യഹോവയുടെ പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്കിനു വഴിയൊരുക്കാൻ അവരെ സഹായിക്കുന്നതിനുമുള്ള പ്രധാന മാർഗങ്ങൾ.
അത്തരം പിന്തുണ നൽകുന്ന ഇടയൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി ഏററവും അമൂല്യമായ സേവനമാണ് അർപ്പിക്കുന്നത്. (ആയിരത്തിത്തൊള്ളായിരത്തെമ്പത്തഞ്ചു നവംബർ 15-ലെ ദ വാച്ച്ടവർ പേജ് 23-7 കാണുക.) ആത്മീയ ഇടയൻമാർ ചെയ്യുന്നതിനെ ആട്ടിൻകൂട്ടം വളരെയധികം വിലമതിക്കുന്നു. ഇത്തരം സഹായം ലഭിച്ചതിനുശേഷം ഒരു കുടുംബനാഥൻ ഇങ്ങനെ പ്രസ്താവിച്ചു: ‘22 വർഷം സത്യത്തിലായിരുന്നശേഷം ഭൗതികത്വത്താൽ ഞങ്ങൾ ലോകത്തിലേക്കു വലിച്ചെടുക്കപ്പെട്ടു. പലപ്പോഴും ഞങ്ങൾക്കു യോഗങ്ങൾക്കു വരണമെന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് അതു കേവലം സാധ്യമല്ലെന്നു തോന്നി. ഞങ്ങൾ യഥാർഥത്തിൽ സാത്താന്റെ വ്യവസ്ഥിതിയോട് ഇഴുകിച്ചേർന്നില്ല, അതുകൊണ്ടു ഞങ്ങൾ തീർത്തും ബന്ധമററവരും ഒററപ്പെട്ടവരും ആയിരുന്നു. ഇതു ഞങ്ങളെ നിരാശിതരും വിഷണ്ണരുമാക്കി. ഞങ്ങൾക്കു പ്രോത്സാഹനവാക്കുകൾ ആവശ്യമായിരുന്നു. ഒരു മൂപ്പൻ ഞങ്ങളെ സന്ദർശിച്ചപ്പോൾ, ഭവനത്തിൽ ഒരു ബൈബിളധ്യയനത്തിനുള്ള ക്രമീകരണത്തിനു ഞങ്ങൾ സന്തോഷപൂർവം സമ്മതിച്ചു. ഇപ്പോൾ ഞങ്ങളെല്ലാവരും യഹോവയുടെ സുരക്ഷിത സ്ഥാപനത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഞാൻ അനുഭവിക്കുന്ന സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ കഴിയില്ല!’
നമ്മുടെ വഴിതെററിപ്പോയതോ നിരുത്സാഹിതരോ ആയ സഹോദരീസഹോദരൻമാർ ആത്മീയമായി പുതുക്കം പ്രാപിക്കുകയും പുനഃക്രിയരാകുകയും ചെയ്യുമ്പോൾ വളരെയധികമായ സന്തോഷത്തിനുള്ള വകയുണ്ട്. (ലൂക്കൊസ് 15:4-7) യഹോവയ്ക്കു തന്റെ ജനത്തെ സംബന്ധിച്ചുള്ള ഉദ്ദേശ്യം അവർ “തൊഴുത്തിലെ ആടുകളെപ്പോലെ” ഒരുമിക്കുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നു. (മീഖാ 2:12) ഈ സുരക്ഷിത സങ്കേതത്തിൽ അവർ യേശുക്രിസ്തുവാകുന്ന നല്ല ഇടയന്റെ സഹായത്തോടെ ‘തങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടെത്തുന്നു.’ (മത്തായി 11:28-30) ലോകവ്യാപകമായ ഏകീകൃത ആട്ടിൻകൂട്ടത്തിന് ആത്മീയാഹാരത്തിന്റെ സമൃദ്ധിയോടൊപ്പം മാർഗനിർദേശവും ആശ്വാസവും സംരക്ഷണവും കൂടെ ലഭിക്കുന്നു.
ഇന്ന്, ഈ മേയിക്കൽ പ്രവർത്തനത്തിലൂടെ യഹോവ തന്റെ പുരാതന വാഗ്ദത്തത്തിന് അനുയോജ്യമായ ഒരു വേല ചെയ്യിക്കുകയാണ്. “ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു . . . അവ ചിതറിപ്പോയ സകല സ്ഥലങ്ങളിൽനിന്നും അവയെ വിടുവിക്കും. . . . നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും. . . . കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും . . . ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനംപിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും.” (യെഹെസ്കേൽ 34:11-16) യഹോവ നമ്മുടെ ഇടയനാണെന്നറിയുന്നത് എന്തൊരാശ്വാസമാണ്!—സങ്കീർത്തനം 23:1-4.
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള ദിവ്യകരുതലുകൾ നിമിത്തം, യഹോവയുടെ ദാസൻമാരെന്നനിലയിൽ നമുക്കു “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു” എന്നു പറഞ്ഞ ദാവീദിന്റെ വികാരങ്ങളിൽ പങ്കുകൊള്ളാം. (സങ്കീർത്തനം 4:8) അതേ, യഹോവയുടെ ജനം അവിടുത്തെ സ്നേഹനിർഭരമായ സംരക്ഷണത്തിൻകീഴിൽ സുരക്ഷിതത്വം അനുഭവിക്കുകയും ക്രിസ്തീയ മൂപ്പൻമാർ കുഞ്ഞാടുകളെ കരുണാപൂർവം മേയിക്കുന്നതിൽ നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നു.
[20, 21 പേജുകളിലെ ചിത്രത്തിന് കടപ്പാട്]
Potter’s Complete Bible Encyclopedia