മൂപ്പൻമാരേ, നിങ്ങളുടെ ഇടയ ഉത്തരവാദിത്തങ്ങളെ ഗൗരവമായി എടുക്കുക
“നിങ്ങളുടെ മേൽനോട്ടത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക.”—1 പത്രോസ് 5:2.
1. ദൈവത്താൽ അംഗീകരിക്കപ്പെടുന്ന ആളുകളെ ചിത്രീകരിക്കാൻ ആടുകൾ ഉപയോഗിക്കപ്പെടുന്നത് വളരെ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
യഹോവയാം ദൈവത്താൽ അനുഗ്രഹിക്കപ്പെടുന്ന മനുഷ്യരെ പ്രതീകവൽക്കരിക്കാൻ ആടുകളെ ഉപയോഗിക്കുന്നത് എത്ര ഉചിതമാണ്! ആടുകൾ ഇടയന്റെ ശബ്ദത്തിനു ചെവികൊടുക്കുകയും അയാളെ മനസ്സോടെ പിന്തുടരുകയും ചെയ്യുന്ന മെരുക്കമുള്ള ജീവികളാണ്. ദൈവത്തിന്റെ ആടുതുല്യരായ ആളുകൾ സമാനമായ നല്ല ഇടയനായ യേശുക്രിസ്തുവിനാൽ നയിക്കപ്പെടാൻ തങ്ങളേത്തന്നെ അനുവദിക്കുന്നു. അവർ അവനെ അറിയുകയും അവന്റെ ശബ്ദത്തിനു ചെവികൊടുക്കുകയും സന്തോഷപൂർവ്വം അവന്റെ നേതൃത്വത്തെ സ്വീകരിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 10:11-16) തീർച്ചയായും ഒരു നല്ല ഇടയനില്ലെങ്കിൽ ആടുകൾ പെട്ടെന്നു ഭയപ്പെടുകയും തുണയററവയായിത്തീരുകയും ചെയ്യുന്നു. “ഇടയനില്ലാത്ത ആടുകളെപ്പോലെ തൊലിയുരിയപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത” ആളുകളോട് യേശുക്രിസ്തുവിനു സഹതാപം തോന്നിയത് അതിശയമല്ല—മത്തായി 9:36.
2. സ്നേഹരഹിതരായിരുന്ന “യിസ്രായേലിലെ ഇടയൻമാരുടെ” കീഴിൽ കഷ്ടപ്പെട്ട ആടുതുല്യരെ യഹോവ എങ്ങനെ വീക്ഷിച്ചു?
2 തിരുവെഴുത്തുപരമായി “ആടുകൾ” എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പരമാർത്ഥഹൃദയികളായ മനുഷ്യരുടെ ആത്മീയ ക്ഷേമത്തിൽ യഹോവയാം ദൈവത്തിന് അഗാധമായ താത്പര്യമുണ്ട്. ഉദാഹരണത്തിന്, ആടുകളെ അവഗണിച്ചുകൊണ്ട് തങ്ങളേത്തന്നെ തീററിയ, ഉത്തരവാദിത്തമുണ്ടായിരുന്ന “യിസ്രായേലിലെ ഇടയൻമാരുടെ” മേൽ യഹോവ യെഹെസ്ക്കേൽ പ്രവാചകൻ മുഖാന്തരം മഹാകഷ്ടം ഉച്ചരിച്ചു. എന്നാൽ ആടുതല്യരായവർ ആശ്വാസഹീനരായി കഷ്ടപ്പെടാൻ യഹോവ അനുവദിക്കാൻ പോകുന്നില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “കാണാതെപോയതിനെ ഞാൻ അന്വേഷിക്കും, ചിതറിപ്പോയതിനെ ഞാൻ തിരികെ കൊണ്ടുവരും, ഒടിഞ്ഞുപോയതിനെ ഞാൻ വെച്ചുകെട്ടും, ദീനമുള്ളതിനെ ഞാൻ ശക്തീകരിക്കും.”—യെഹെസ്ക്കേൽ 34:2-16.
3. യേശുക്രിസ്തു ആടുകളോട് എങ്ങനെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു?
3 നല്ല ഇടയനായ യേശുക്രിസ്തുവിന് ആടുതുല്യരായവരെക്കുറിച്ച് സമാനമായ താത്പര്യമുണ്ട്. അതുകൊണ്ട് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുൻപ് ആടുകൾക്ക് ഉചിതമായ പരിശീലനം ലഭിക്കണമെന്ന തന്റെ ആഗ്രഹം പ്രകടമാക്കി. ‘എന്റെ ആട്ടിൻകുട്ടികളെ തീററുക, എന്റെ കുഞ്ഞാടുകളെ മേയിക്കുക, എന്റെ കുഞ്ഞാടുകളെ തീററുക’ എന്ന് അവൻ അപ്പോസ്തലനായ പത്രോസിനോട് പറഞ്ഞു. (യോഹന്നാൻ 21:15-17) ആടുകളുടെ തുടർച്ചയായ സ്നേഹപൂർവ്വകമായ ശ്രദ്ധ ഉറപ്പുവരുത്തുന്നതിന് യേശു “ക്രിസ്തുശരീര”ത്തെ കെട്ടുപണിചെയ്യാൻ ചിലരെ “ഇടയൻമാരാ”യി നൽകി.—എഫേസ്യർ 4:11, 12.
4. അപ്പോസ്തലനായ പൗലോസ് എന്തു ചെയ്യാൻ ആത്മനിയമിതരായ “പ്രായമേറിയ പുരുഷൻമാരെ” ഉപദേശിച്ചു?
4 ദൈവത്തിനും ക്രിസ്തുവിനും ആടുതുല്യരോടു ഇത്ര അഗാധമായ സ്നേഹവും താത്പര്യമുള്ളതുകൊണ്ട് ദൈവത്തിന്റെ ആടുകളുടെ ഒരു കീഴിടയനായിരിക്കുകയെന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു നിയോഗമാണ്. അതുകൊണ്ട് തക്ക ശ്രദ്ധ കൊടുത്തുകൊണ്ട് “ദൈവത്തിന്റെ സഭയെ മേയിക്കാൻ” എഫേസോസിലെ ആത്മനിയമിതരായിരുന്ന “പ്രായമേറിയ പുരുഷൻമാരെ” അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിക്കുകയുണ്ടായി. (പ്രവൃത്തികൾ 20:17, 28) നിയമിതമൂപ്പൻമാർക്ക്, തന്നിമിത്തം, എങ്ങനെ ഈ ഉത്തരവാദിത്തം ഉചിതമായി നിറവേററാൻ കഴിയും?
ഇടയൻമാർക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നു
5. പത്രോസ് സഹമേൽവിചാരകൻമാർക്ക് എന്തു ബുദ്ധിയുപദേശം കൊടുത്തു?
5 യേശുവിന്റെ ആടുകളെ പോഷിപ്പിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്ന അപ്പോസ്തലനായ പത്രോസ് കൂട്ടമേൽവിചാരകൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മേൽനോട്ടത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക, നിർബ്ബന്ധത്താലല്ല, മനസ്സോടെ; സത്യസന്ധമല്ലാത്ത ആദായപ്രിയം കൊണ്ടുമല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർതൃത്വം നടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ട്.” (1 പത്രോസ് 5:1-3) പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടിരിക്കുന്ന മൂപ്പൻമാർക്ക് തൃപ്തികരമായി ഈ ബുദ്ധിയുപദേശം ബാധകമാക്കാൻ എങ്ങനെ കഴിയുമെന്ന് നമുക്കു കാണാം.
6. മൂപ്പൻമാർ എന്തു മനോഭാവത്തോടെ “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ സേവിക്കണം?
6 പത്രോസ് കൂട്ടുമൂപ്പൻമാരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങളുടെ മേൽനോട്ടത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക, നിർബ്ബന്ധത്തലല്ല, മനസ്സോടെ.” ആത്മീയ ഇടയൻമാരായി സേവിക്കാൻ പദവിയുള്ളവർ ആടുകളെ പരിപാലിക്കാൻ നിർബ്ബന്ധിതരെന്നു വിചാരിച്ച് പിറുപിറുപ്പോടെയായിരിക്കരുത് അങ്ങനെ ചെയ്യുന്നത്. ഇത് ഏതോതരം കഠിനവേലയാണെന്നുള്ളതുപോലെയോ ആട്ടിൻകൂട്ടത്തെ മേയിക്കാൻ മററുള്ളവർ തങ്ങളെ നിർബ്ബന്ധിക്കുകയാണെന്നുള്ളതുപോലെയോ തങ്ങളുടെമേൽ സമ്മർദ്ദമുണ്ടെന്ന് അവർ വിചാരിക്കരുത്. പകരം, മൂപ്പൻമാർ മനസ്സൊരുക്കത്തോടെ വേണം സേവിക്കാൻ. (സങ്കീർത്തനം 110:3 താരതമ്യപ്പെടുത്തുക.) ഒരു വ്യക്തി മററുള്ളവർക്കു നൻമചെയ്യാൻ സന്നദ്ധനാകുമ്പോൾ സാധാരണയായി അയാൾ മുഴുഹൃദയത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. അയാൾ അവരുടെ താത്പര്യങ്ങൾക്ക് സേവ ചെയ്തുകൊണ്ട് കഠിനാദ്ധ്വാനം ചെയ്യുകയും വഴിവിട്ടു പ്രവർത്തിക്കുകയും ചെയ്യുന്നു. ആടുകൾ ചിലപ്പോൾ വഴിതെററിപ്പോയേക്കാമെന്ന് അയാൾക്കറിയാം. ആടുതുല്യരോടുള്ള ദൈവത്തിന്റെ താത്പര്യത്തെ അനുകരിച്ചുകൊണ്ട് അവരെ സഹായിക്കാൻ അയാളാഗ്രഹിക്കുന്നു. വഴിതെററിപ്പോയ യിസ്രായേലിനോട് യഹോവക്ക് വളരെയധികം താത്പര്യമുണ്ടായിരുന്നതുകൊണ്ട് “എന്റെ നാമത്തെ വിളിച്ചപേക്ഷിക്കാഞ്ഞ ഒരു ജനതയോട് ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞിരിക്കുന്നു” എന്നായിരുന്നു അവന്റെ വാക്കുകൾ!—യെശയ്യാവ് 65:1.
7, 8. (എ) സത്യസന്ധമല്ലാത്ത ആദായപ്രിയം കൂടാതെ ഇടയവേല നിർവ്വഹിക്കുന്നതിന്റെ അർത്ഥമെന്ത്? (ബി) ആകാംക്ഷയോടെ സേവിക്കുന്നത് എന്തു ചെയ്യുന്നതിനെ അർത്ഥമാക്കുന്നു?
7 ഇടയവേല ചെയ്യേണ്ടത് “സത്യസന്ധമല്ലാത്ത ആദായപ്രിയം കൊണ്ടുമല്ല, പിന്നെയോ ആകാംക്ഷയോടെ” ആയിരിക്കണമെന്ന് പത്രോസ് പറഞ്ഞു. നിയമിതമൂപ്പൻമാർ ആടുകൾക്ക് ഒരു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. അപ്പോസ്തലനായ പൗലോസിന്റെ മനോഭാവം അതായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ തെസ്സലോനീക്യയിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “സഹോദരൻമാരെ, തീർച്ചയായും നിങ്ങൾ ഞങ്ങളുടെ വേലയും അദ്ധ്വാനവും ഓർത്തുകൊൾക. നിങ്ങളിൽ ആർക്കെങ്കിലും ചെലവേറിയ ഭാരം വരുത്തിക്കൂട്ടാതിരിക്കാൻ രാവും പകലും വേല ചെയ്തുകൊണ്ടാണ് ഞങ്ങൾ ദൈവത്തിന്റെ സുവാർത്ത നിങ്ങളോടു പ്രസംഗിച്ചത്.” അവൻ അവരെ ഇങ്ങനെയും ഓർമ്മിപ്പിച്ചു: “ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടുനടക്കുകയോ ആരുടെയെങ്കിലും സൗജന്യഭക്ഷണം കഴിക്കുകയോ ചെയ്തില്ല. മറിച്ച്, നിങ്ങളിൽ ആരുടെമേലെങ്കിലും ഒരു ചെലവേറിയ ഭാരം വരുത്തിവെക്കാതിരിക്കാൻ ഞങ്ങൾ രാവും പകലും കഠിന പ്രയത്നത്താലും അദ്ധ്വാനത്താലും വേല ചെയ്യുകയായിരുന്നു.”—1 തെസ്സലോനീക്യർ 2:9; 2 തെസ്സലോനീക്യർ 3:7, 8.
8 അതുപോലെതന്നെ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ വിശ്വസ്തരായ ഇടയൻമാർ ഇന്ന് ആടുകളുടെ വസ്തുക്കൾ അത്യാഗ്രഹത്തോടെ വാഞ്ഛിക്കുകയോ അവരുടെ ചെലവിൽ അന്യായമായ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. (ലൂക്കോസ് 12:13-15; പ്രവൃത്തികൾ 20:33-35) മേൽവിചാരകൻമാരായി യോഗ്യത നേടാൻ ശ്രമിക്കുന്നവർ ‘സത്യസന്ധമല്ലാത്ത ആദായത്തോട് അത്യാഗ്രഹമുള്ളവർ’ ആയിരിക്കരുതെന്ന് പൗലോസ് പ്രകടമാക്കി. (തീത്തോസ് 1:7) പകരം, അവർ ആകാംക്ഷയോടെ സേവിക്കുകയും തങ്ങളുടെ വേലയിൽ ഉത്സാഹപൂർവ്വകമായ താത്പര്യം പ്രകടമാക്കുകയും തങ്ങളുടെ മേൽനോട്ടത്തിലുള്ള ആടുകളുടെ ക്ഷേമം അന്വേഷിക്കുകയും വേണം. (ഫിലിപ്യർ 2:4) ഈ വിധത്തിൽ ഈ ഇടയൻമാർ യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും പ്രദർശിപ്പിച്ചതരം നിസ്വാർത്ഥതാൽപര്യമാണ് ആടുകളിൽ പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്.
9. ഒരു ക്രിസ്തീയ ഇടയൻ ‘ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെ മേൽ കർതൃത്വം നടത്ത’രുതാത്തതെന്തുകൊണ്ട്?
9 മൂപ്പൻമാർ യഹോവയുടെ ഇനത്തെ “ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെ മേൽ കർതൃത്വം നടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ട്” മേയിക്കണമെന്നും പത്രോസ് പറഞ്ഞു. സ്നേഹവാനായ ഒരു ഇടയൻ ശ്രേഷ്ഠഭാവം നടിച്ചുകൊണ്ടും ആടുകളുടെമേൽ കർതൃത്വം നടത്തിക്കൊണ്ടും തന്റെ അധികാരത്തെ ദുർവിനിയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നു. അഹംഭാവം ക്രിസ്തീയമല്ല. യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന എല്ലാവരും അത് ഒഴിവാക്കണം. സദൃശവാക്യങ്ങൾ 21:4 ഇങ്ങനെ പറയുന്നു: “ദുഷ്ടൻമാരുടെ വിളക്കായ ഗർവ്വമുള്ള കണ്ണുകളും ഉദ്ധതമായ ഹൃദയവും പാപമാണ്.” യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ജനതകളിലെ ഭരണാധിപൻമാർ അവരുടെമേൽ കർതൃത്വം നടത്തുന്നുവെന്നും മഹാൻമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങളറിയുന്നു; നിങ്ങളുടെ ഇടയിൽ അങ്ങനെയല്ല; എന്നാൽ നിങ്ങളുടെ ഇടയിൽ വലിയവനാകാനാഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം, നിങ്ങളുടെ ഇടയിൽ ഒന്നാമനാകാനാഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ അടിമ ആയിരിക്കണം.” (മത്തായി 20:25-27) തീർച്ചയായും, ആട്ടിൻകൂട്ടത്തിലുള്ളവർ ദൈവത്തിന്റെ ആടുകളാണെന്നും പരുഷമായ രീതിയിൽ അവരോട് ഇടപെടരുതെന്നും മൂപ്പൻമാർ ഓർത്തിരിക്കണം.
10. (എ) യെഹെസ്ക്കേലിന്റെ നാളിൽ ജനത്തിന്റെ ഇടയൻമാരിൽ ചിലർ എന്തു ചെയ്തുകൊണ്ടിരുന്നു? (ബി) വിശ്വസ്ത ഇടയൻമാർ ആട്ടിൻകൂട്ടത്തിന് നല്ല ദൃഷ്ടാന്തങ്ങളായിരിക്കുന്നതെങ്ങനെ?
10 യെഹെസ്ക്കേലിന്റെ നാളിൽ തങ്ങളേത്തന്നെ സേവിക്കുന്ന ഇടയൻമാരോട് യഹോവ ഇങ്ങനെ പറഞ്ഞു: “രോഗം ബാധിച്ചവയെ നിങ്ങൾ ശക്തീകരിച്ചിട്ടില്ല, സുഖക്കേടുള്ളതിനെ നിങ്ങൾ സൗഖ്യമാക്കിയിട്ടില്ല, ഒടിഞ്ഞതിനെ നിങ്ങൾ വെച്ചുകെട്ടിയിട്ടില്ല, ചിതറിപ്പോയതിനെ നിങ്ങൾ തിരികെ വരുത്തിയിട്ടില്ല, കാണതെപ്പോയതിനെ കണ്ടെത്താൻ നിങ്ങൾ അന്വേഷിച്ചിട്ടില്ല. എന്നാൽ നിങ്ങൾ പാരുഷ്യത്തോടെ അവയെ കീഴടക്കിവെച്ചിരിക്കുന്നു, നിഷ്ഠൂരമായിത്തന്നെ.” പരുഷരായ ഇടയൻമാർ ‘രോഗം ബാധിച്ചവയെല്ലാം ചിതറിപ്പോകുന്നതുവരെ അവയെ ഉന്തിവിട്ടുകൊണ്ടിരുന്നു’വെന്നു ദൈവം കൂടുതലായി പറഞ്ഞു. (യെഹെസ്ക്കേൽ 34:4, 20, 21) എന്നാൽ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഇന്നത്തെ സ്നേഹമുള്ള ഇടയൻമാർ ആ വിധത്തിൽ അല്ല. അവർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നില്ല, ആടുകളിലൊന്നിനെയും ഇടറിക്കാതിരിക്കാൻ അവർ ശ്രദ്ധയുള്ളവരാണ്. (മർക്കോസ് 9:42 താരതമ്യപ്പെടുത്തുക.) പകരം അങ്ങനെയുള്ള മൂപ്പൻമാർ സ്നേഹമസൃണമായ സഹായവും പ്രോത്സാഹനവും കൊടുക്കുന്നു. മാത്രവുമല്ല, അവർ പ്രാർത്ഥനാപൂർവ്വം യഹോവയിൽ ആശ്രയിക്കുകയും “സംസാരത്തിലും നടത്തയിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും” നല്ല മാതൃകയായിരിക്കാൻ കഠിനശ്രമം ചെയ്യുകയും ചെയ്യുന്നു. (1 തിമൊഥെയോസ് 4:12)തത്ഫലമായി ആടുകൾക്കു സംതൃപ്തിയുണ്ട്, സുരക്ഷിതത്വ ബോധമുണ്ട്, തങ്ങൾ സ്നേഹവും ദൈവഭയവുമുള്ള ഇടയൻമാരാൽ പരിപാലിക്കപ്പെടുന്നതായി അറിഞ്ഞുകൊണ്ടുതന്നെ.
ആടുകളെ അപകടങ്ങൾ അഭിമുഖീകരിക്കുന്നു
11. ആധുനികനാളിലെ ഇടയൻമാർ ആടുകൾക്കു സുരക്ഷിതത്വം തോന്നത്തക്കവണ്ണം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ നന്നായി പരിപാലിക്കേണ്ടതെന്തുകൊണ്ട്?
11 ഇന്ന് ആടുതുല്യരായ ആളുകൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ട്, ആടുകളെ സംരക്ഷിക്കുന്നതിന് കൊടുക്കപ്പെടുന്ന നല്ല ശ്രദ്ധയിൽ ഉറപ്പു ലഭിക്കേണ്ടതുണ്ട്. (യെശയ്യാവ് 32:1, 2) “അന്ത്യനാളുകളെ” അടയാളപ്പെടുത്തുന്ന ഈ “വിഷമകരമായ കാലങ്ങളിൽ” ക്രിസ്ത്യാനികൾ അനേകം വിപത്തുകളെ അഭിമുഖീകരിക്കുന്നതുകൊണ്ട് വിശേഷാൽ അങ്ങനെതന്നെയാണ്. (2 തിമൊഥെയോസ് 3:1-5) സങ്കീർത്തനക്കാരനായ ദാവീദും അപകടങ്ങളെ അഭിമുഖീകരിച്ചു, എന്നാൽ “യഹോവ എന്റെ ഇടയനാകുന്നു. . . . കൂരിരുൾ താഴ്വരയിലൂടെ ഞാൻ നടന്നാലും ഞാൻ യാതൊരു ദോഷത്തെയും ഭയപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ നീ എന്നോടുകൂടെയുണ്ട്” എന്ന് അവനു പറയാൻ കഴിഞ്ഞു. (സങ്കീർത്തനം 23:1-4) ദാവീദിനെപ്പോലെ, ഈ ആടുതുല്യർക്ക് യഹോവയോട് വളരെ അടുപ്പം തോന്നത്തക്കവണ്ണം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ആധുനികനാളിലെ ഇടയൻമാർ ആടുക്കൾക്കുവേണ്ടി നന്നായി കരുതേണ്ടതാണ്. ദൈവസ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ അവർക്കും സുരക്ഷിതത്വം തോന്നേണ്ടതാണ്.
12. ഇക്കാലത്തെ ഏതു പ്രവണതയിൽനിന്ന് ആടുകളെ സംരക്ഷിക്കേണ്ടതാണ്, ഈ കാര്യത്തിൽ മൂപ്പൻമാർക്ക് എങ്ങനെ സഹായം ചെയ്യാൻ കഴിയും?
12 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽ പെട്ടവർക്ക് സംരക്ഷണം ആവശ്യമുള്ള ഒരു അപകടം തത്വരഹിതമായ, ഇന്നത്തെ അധാർമ്മികനടത്തയിലേക്കുള്ള ചായ്വാണ്. റെറലിവിഷനിലൂടെ ആയാലും മററു മുഖാന്തരങ്ങളായാലും ഏറെയും ഇക്കാലത്തെ വിനോദരൂപങ്ങൾ നിമിത്തം അനേകർ ദൈവവചനത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന നിലവാരങ്ങൾക്കു കടകവിരുദ്ധമായ ഒരു ജീവിതരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. എന്തുമാകാമെന്നുള്ള ഈ ലോകത്തിലെ ഇന്നത്തെ മനോഭാവത്തെയും അതിലെ ഗുരുതരമായ ലൈംഗിക ദുർന്നടത്തയേയും സഭയിൽ നൽകപ്പെടുന്ന ഉത്തമമായ തിരുവെഴുത്തു ബുദ്ധിയുപദേശത്താൽ നേരിടേണ്ടതുണ്ട്. അതുകൊണ്ട് സൻമാർഗ്ഗ കാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ പഠിപ്പിക്കുന്നതെന്തെന്ന് ആട്ടിൻകൂട്ടത്തിന്റെ ഇടയൻമാർ നന്നായി അറിഞ്ഞിരിക്കണം. മാത്രവുമല്ല, യഹോവയുടെ സേവനത്തിനായി ശുദ്ധരായി നിലകൊള്ളാനുള്ള ഉത്തരവാദിത്തം അവർ ആട്ടിൻകൂട്ടത്തിന്റെ മുമ്പാകെ വെക്കേണ്ടതാണ്.—തീത്തോസ് 2:13, 14.
13. (എ) യൂദായുടെ ലേഖനം ഏത് അപകടത്തിനെതിരെ നല്ല ബുദ്ധിയുപദേശം നൽകുന്നു? (ബി) വിശ്വാസത്യാഗികളുടെ കാര്യത്തിൽ മൂപ്പൻമാർ എന്തു നിലപാട് സ്വീകരിക്കണം?
13 വിശ്വാസത്യാഗികളിൽ നിന്നുള്ള അപകടങ്ങളുമുണ്ട്. 19 നൂററാണ്ടുകൾക്കു മുൻപ് വ്യാജോപദേഷ്ടാക്കളായിരുന്ന ചില “ഭക്തികെട്ട മനുഷ്യർ” സഭയിലേക്കു നുഴഞ്ഞുകടന്നിരുന്നതായി ഓർക്കുക. അവർ അപകടകാരികളായി “വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറകളാ”യിരുന്നു, തങ്ങളേത്തന്നെ പോററിയ കള്ള ഇടയൻമാരും അനാത്മീയരായി ഭിന്നതയുണ്ടാക്കിയ മൃഗതുല്യരുമായിരുന്നു. യൂദായുടെ ലേഖനം “വിശ്വാസത്തിനുവേണ്ടി കഠിന പോരാട്ടം നടത്താൻ” മൂപ്പൻമാരെയും സകല വിശ്വസ്തരെയും പ്രാപ്തരാക്കുന്ന നല്ല ബുദ്ധിയുപദേശം നൽകുന്നു. (യൂദാ 3, 4, 12, 19) ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ഏവരുടെയും കാര്യത്തിൽ മൂപ്പൻമാർ ഒരു ഉറച്ച നിലപാട് സ്വീകരിക്കണമായിരുന്നുവെന്നതിന് തർക്കമില്ല. എന്തുകൊണ്ടെന്നാൽ പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങൾ പഠിച്ചിരിക്കുന്ന ഉപദേശത്തിനു വിരുദ്ധമായി ഭിന്നതകളും ഇടർച്ചക്കുള്ള അവസരങ്ങളും ഉണ്ടാക്കുന്നവരെ സൂക്ഷിക്കുകയും അവരെ ഒഴിവാക്കുകയും ചെയ്യുക.” (റോമർ 16:17) അതുകൊണ്ട് മൂപ്പൻമാർക്ക് ഇവരിൽനിന്നോ ‘ആടുകളുടെ ആവരണത്തിലുള്ള ചെന്നായ്ക്കളിൽ’ നിന്നോ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.—മത്തായി 7:15.
ആടുകളെ മററു വിധങ്ങളിൽ സഹായിക്കുക
14, 15. അന്യോന്യം ദയാരഹിതമായി പെരുമാറുന്ന കൂട്ടുവിശ്വാസികളെ മൂപ്പൻമാർക്ക് എങ്ങനെ സഹായിക്കാൻ കഴിഞ്ഞേക്കും?
14 “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ മേയിക്കുന്നതിന് സഭയ്ക്കുള്ളിൽ സംജാതമായേക്കാവുന്ന വിവിധപ്രശ്നങ്ങള സംബന്ധിച്ച് ആടുകളെ സഹായിക്കേണ്ടതാവശ്യമായിരുന്നേക്കാം. ചിലപ്പോൾ, ആടുകൾ തമ്മിൽ മത്സരിച്ചേക്കാം. നിസ്സാര സംഭവങ്ങൾ നിമിത്തം, ചിലർ അന്യോന്യം നിർദ്ദയം പെരുമാറിതുടങ്ങിയേക്കാം. ഈ വ്യക്തികൾ അന്യോന്യം ഏഷണി പറയുകയും ഒടുവിൽ യഹോവയുടെ സേവനത്തിലെ തങ്ങളുടെ മുൻ സഹപ്രവർത്തകരുമായുള്ള സഹവാസം നിർത്തുകയും പോലും ചെയ്തേക്കാം, അങ്ങനെ അവർക്ക് വലിയ ആത്മീയ ദ്രോഹം വരുത്തിക്കൂട്ടിയേക്കാം.—സദൃശവാക്യങ്ങൾ 18:1.
15 ആത്മീയ ഇടയൻമാർ അങ്ങനെയുള്ള സഹവിശ്വാസികളെ സഹായിക്കാൻ വളരെ ജാഗ്രതയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, അന്യോന്യം ഏഷണി പറയുന്നത് എത്ര തെററാണെന്നും വിശ്വസ്തരായ സകല ക്രിസ്ത്യാനികളും സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ എങ്ങനെ പ്രവർത്തിക്കണമെന്നും മൂപ്പൻമാർ ചൂണ്ടിക്കാണിക്കേണ്ടതുണ്ടായിരിക്കാം. (ലേവ്യപുസ്തകം 19:16-18; സങ്കീർത്തനം 133:1-3; 1 കൊരിന്ത്യർ 1:10) “നിങ്ങൾ അന്യോന്യം കടിക്കുകയും വിഴുങ്ങുകയും ചെയ്തുകൊണ്ടിരുന്നാൽ. . . . നിങ്ങൾ അന്യോന്യം നിർമ്മൂലമാക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക” എന്നു പൗലോസിന്റെ മുന്നറിയിപ്പു ചൂണ്ടിക്കാണിച്ചുകൊണ്ട് സഹായിക്കാൻ മൂപ്പൻമാർക്ക് കഴിഞ്ഞേക്കും.—ഗലാത്യർ 5:13-15; യാക്കോബ് 3:13-18.
16. സഭയിൽ എന്തെങ്കിലും അനാരോഗ്യകരമായ പ്രവണതകൾ ശ്രദ്ധിക്കുന്നുവെങ്കിൽ മൂപ്പൻമാർ എന്തു ചെയ്യണം?
16 മൂപ്പൻമാരേ, പിശാച് “ആരേയെങ്കിലും വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് അലറുന്ന സിംഹത്തെപ്പോലെ” നടക്കുകയാണെന്ന് ഓർക്കുക. (1 പത്രോസ് 5:8) സകല സത്യക്രിസ്ത്യാനികൾക്കും ഒരു പോരാട്ടമുണ്ട്, മാംസരക്തങ്ങൾക്കെതിരായിട്ടല്ല, പിന്നെയോ ദുഷ്ടാത്മസേനകൾക്കെതിരായിട്ട്. (എഫേസ്യർ 6:10-13) ആടുകളെ സാത്താൻ പിടികൂടാൻ വിശ്വസ്ത ഇടയൻമാർ തീർച്ചയായും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഏതെങ്കിലും ആടുതുല്യർ ക്രിസ്തീയ യോഗങ്ങൾ മുടക്കിത്തുടങ്ങുമ്പോൾ കരുതലുള്ള മൂപ്പൻമാർ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുകയും മതിയായ ആത്മീയസഹായം കൊടുക്കുകയും ചെയ്യേണ്ടതാണ്. ഇടയൻമാർ ആടുകളുടെ അവസ്ഥ അറിയേണ്ടതും സഭയിലെ ഏതെങ്കിലും അനാരോഗ്യകരമായ പ്രവണത സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടതുമാണ്. (സദൃശവാക്യങ്ങൾ 27:23) അവരിലാരെങ്കിലും വയൽ ശുശ്രൂഷയെയും വ്യക്തിപരമായ പഠനത്തെയും അവഗണിക്കാനോ വിനോദത്തിലോ ഭൗതികയത്നങ്ങളിലോ അമിതമായി ഉൾപ്പെടാനോ പ്രവണത കാട്ടുന്നതായി ശ്രദ്ധയിൽ പെടുന്നുവെങ്കിൽ ഉത്തരവാദിത്തമുള്ള ഈ പുരുഷൻമാർ സാഹചര്യത്തിനു പരിഹാരമുണ്ടാക്കാൻ ശ്രമിക്കേണ്ടതാണ്. യഹോവയേയും നല്ല ഇടയനായ യേശുക്രിസ്തുവിനെയും അനുകരിച്ചുകൊണ്ട് “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ പരിപാലിക്കുന്ന മൂപ്പൻമാർ ഉചിതമായി വ്യക്തിപരമായ സഹായം കൊടുക്കുകയോ ചിലപ്പോൾ യോഗങ്ങളിൽ ആവശ്യമായ ബുദ്ധിയുപദേശം കൊടുക്കുകയോ ചെയ്യുന്നു. (ഗലാത്യർ 6:1) ഈ വിധങ്ങളിലും മററു വിധങ്ങളിലും തങ്ങൾ മേയിക്കാൻ ഉത്തരവാദിത്തങ്ങളെ ഗൗരവമായി എടുക്കുന്നുവെന്ന് സ്നേഹമുള്ള മൂപ്പൻമാർ തെളിവു നൽകുന്നു.—പ്രവൃത്തികൾ 20:28.
മേയിക്കൽ ഗൗരവമുള്ള ഒരു സംഗതി
17. ഒരു മൂപ്പനായി യോഗ്യതനേടാൻ എന്താവശ്യമാണ്?
17 ഒരു മൂപ്പനെന്ന നിലയിൽ “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ” മേയിക്കുന്നത് ഒരു കഠിനവേലയാണ്. അത്തരമൊരു പദവിക്ക് യോഗ്യനാകാൻ നേടേണ്ട ഉയർന്ന നിലവാരങ്ങൾ 1 തിമൊഥെയോസ് 3:1-7ലും തീത്തോസ് 1:5-9ലും 1 പത്രോസ് 5:1-4 വരെയും വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഏതു സഹോദരനും ഈ പദവിയിൽ സേവിക്കാവുന്നതല്ല, എന്തുകൊണ്ടെന്നാൽ ആത്മീയ പുരുഷൻമാർക്കു മാത്രമേ ഉചിതമായി ഈ ഉത്തരവാദിത്തം വഹിക്കാൻ കഴികയുള്ളു. (1 കൊരിന്ത്യർ 2:6-16) ഇപ്പോൾ മൂപ്പൻമാരായി സേവിക്കാത്ത അനേകം പുരുഷൻമാർക്ക് ഈ പദവിക്കു യോഗ്യത പ്രാപിക്കാൻ കഴിയും, എന്നാൽ അവർ ആദ്യം ‘മേൽവിചാരക പദവി എത്തിപ്പിടിക്കേണ്ടതാണ്.’ അവർക്ക് ദൈവവചനത്തിന്റെ അഗാധമായ ഗ്രാഹ്യം ഉണ്ടായിരിക്കത്തക്കവണ്ണം അവർ അതിന്റെ ഉത്സാഹമുള്ള അദ്ധ്യേതാക്കളായിരിക്കണം. തീർച്ചയായും, “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തിന്റെ യോഗ്യരായ ഇടയൻമാരോ മൂപ്പൻമാരോ ആയുള്ള നിയമനം ലഭിക്കുന്നതിനാവശ്യമുള്ള വ്യവസ്ഥകളിലെത്തുക നിമിത്തം തങ്ങൾ ശുപാർശക്കു യോഗ്യരാണെന്ന് അവർ തെളിയിക്കേണ്ടതാണ്.
18. പൗലോസ് സഭകളെക്കുറിച്ച് എങ്ങനെ വിചാരിച്ചു, മററുള്ളവർ അവന്റെ വിചാരത്തിൽ പങ്കുപററുന്നുവോ?
18 ക്രിസ്തീയസഭയുടെ ശിരസ്സും നല്ല ഇടയനുമായ യേശുക്രിസ്തു യഹോവയാം ദൈവത്തിൻ കീഴിൽ സേവിക്കുന്നു. (യോഹന്നാൻ 10:11; 1 കൊരിന്ത്യർ 11:3; എഫേസ്യർ 5:22, 23) ആടുകളെ ശരിയായി നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ആട്ടിൻകൂട്ടത്തിന്റെ ഉപഇടയൻമാർ ഉള്ളതിൽ യേശു എത്ര സന്തുഷ്ടനായിരിക്കണം! ഈ ആത്മീയ പുരുഷൻമാർ ക്രിസ്തീയ മൂപ്പൻമാർക്കു വെക്കപ്പെട്ടിരിക്കുന്ന ഉയർന്ന തിരുവെഴുത്തു യോഗ്യതകളിൽ എത്തിചേരുന്നു! മാത്രവുമല്ല, അപ്പോസ്തലനായ പൗലോസ് പ്രകടമാക്കിയ അതേ ആഴമായ താത്പര്യമാണ് അവർക്ക് ആടുകളോടുള്ളത്. അവൻ ഇങ്ങനെ എഴുതി: “ബാഹ്യതരത്തിലുള്ള ആ കാര്യങ്ങൾക്കു പുറമേ [പ്രയാസങ്ങൾക്കും കഷ്ടപ്പാടുകൾക്കും] അനുദിനം എന്റെമേൽ വന്നുകയറുന്ന സഭകളെയെല്ലാം കുറിച്ചുള്ള ഉൽക്കണ്ഠയുമുണ്ട്. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതിരുന്നു? ആർ ഇടറിയിട്ടു ഞാൻ കോപാകുലനാകാതിരിക്കുന്നു?” (2 കൊരിന്ത്യർ 11:23-29) പൗലോസ് വിസ്തൃതമായി സഞ്ചരിച്ചു, അവന് അനുദിനം “സഭകളെയെല്ലാം കുറിച്ചുള്ള ഉൽക്കണ്ഠ അനുഭവപ്പെട്ടു,” ഇന്നത്തെ സഞ്ചാരമേൽവിചാരകൻമാരെപ്പോലെ. സമാനമായി, ഓരോ സഭകളിലെയും നിയമിതമൂപ്പൻമാർക്ക്, ആത്മീയ ഇടയൻമാരെന്ന നിലയിൽ മേൽനോട്ടത്തിന് തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തിലെ ആടുകളെ സംബന്ധിച്ച് ഉൽക്കണ്ഠ അനുഭവപ്പെടുന്നു.
19. എബ്രായർ 13:17 ബാധകമാക്കുകയും മൂപ്പൻമാർ തങ്ങളുട മേയിക്കൽ ഉത്തരവാദിത്തങ്ങളെ കാര്യമായി എടുക്കുകയും ചെയ്യുമ്പോൾ എന്തു ഫലമുണ്ടാകും?
19 “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ മേയിക്കുന്നത് കഠിനവേലയാണ്, എന്നാൽ അത് അത്യന്തം പ്രതിഫലദായകമാണ്. അതുകൊണ്ട്, ആട്ടിൻകൂട്ടത്തിന്റെ ഇടയൻമാരേ, നിങ്ങളുടെ വിലയേറിയ പദവിയെ ശ്രദ്ധാപൂർവ്വം കാത്തു രക്ഷിക്കുക. ദൈവത്തിന്റെ ആടുകളെ നന്നായി പരിപാലിക്കുക. ആടുതുല്യരായ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടിരിക്കുന്ന ഉപ ഇടയൻമാരോട് പൂർണ്ണമായി സഹകരിക്കട്ടെ. “നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കുകയും കീഴ്പെട്ടിരിക്കുയും ചെയ്യുക” എന്ന് പൗലോസ് ശക്തമായി ഉപദേശിച്ചു, “എന്തുകൊണ്ടെന്നാൽ കണക്കു ബോധിപ്പിക്കുന്നവർ എന്ന നിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാത്തുകൊണ്ടിരിക്കുന്നു.” (എബ്രായർ 13:17) യഹോവക്കു മുഴുഹൃദയത്തോടെ അർപ്പിച്ചിരിക്കുന്ന എല്ലാവരും ഒററക്കെട്ടായി പ്രവർത്തിക്കുമ്പോൾ തങ്ങളുടെ ഇടയ ഉത്തരവാദിത്തങ്ങളെ ഗൗരവമായി എടുക്കുന്ന ക്രിസ്തീയ മൂപ്പൻമാരുടെ വിശ്വസ്ത സേവനത്തിൽ നിന്ന് വലിയ ആത്മീയ അനുഗ്രഹങ്ങളും പ്രയോജനങ്ങളും തുടർന്നും ലഭ്യമാകും. (w85 11/15)
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ ആത്മീയ ഇടയൻമാർ മനസ്സോടെ സേവിക്കേണ്ടതെന്തുകൊണ്ട്?
◻ മൂപ്പൻമാർ സത്യസന്ധമല്ലാത്ത ആദായപ്രിയം ഇല്ലാത്തവരായിരിക്കേണ്ടതെന്തുകൊണ്ട്?
◻ മൂപ്പൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേൽ കർതൃത്വം നടത്തുന്നതു തെററായിരിക്കുന്നതെന്തുകൊണ്ട്?
◻ മേൽവിചാരകൻമാർ ആട്ടിൻകൂട്ടത്തിന് മാതൃകകളായിരിക്കേണ്ടതെന്തുകൊണ്ട്?
◻ ഇടയൻമാർ “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ സംരക്ഷിക്കേണ്ട ചില അപകടങ്ങളേവ?
[12-ാം പേജിലെ ചിത്രം]
പുരാതന കാലങ്ങളിലെ ശ്രദ്ധാലുക്കളായിരുന്ന ഇടയൻമാരെപ്പോലെ ആധുനിക നാളിലെ മൂപ്പൻമാർ സ്നേഹപൂർവ്വം “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ മേയിക്കുന്നു