കോഡക്സ് വത്തിക്കാനസ്—മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനഭാഗം
കോഡക്സ് വത്തിക്കാനസ് എന്നും പേരുള്ള 1209-ാം നമ്പർ വത്തിക്കാൻ കൈയെഴുത്തുപ്രതിക്ക് എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇതിനെ ബൈബിളിന്റെ ആധികാരിക ഗ്രീക്കുപാഠങ്ങളിൽ ഒന്നായിട്ടാണു പണ്ഡിതന്മാർ കാണുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനഭാഗമാണ്. ഈ കൈയെഴുത്തുപ്രതിയും ഇതേ പ്രാധാന്യമുള്ള നാലാം നൂറ്റാണ്ടിലെ കോഡക്സ് സൈനാറ്റിക്കസ് എന്ന കൈയെഴുത്തുപ്രതിയും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ആധുനികബൈബിളുകളിൽ മർക്കോസ് 16:8-ാം വാക്യത്തിൽ കാണുന്ന വാക്കുകളോടെ മർക്കോസിന്റെ വിവരണം അവസാനിക്കുകയാണ്. (മർ 16:8-ന്റെ പഠനക്കുറിപ്പു കാണുക.) ഈ കോഡക്സ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു. തുകലുകൊണ്ടുള്ള ഈ താളിൽ കാണുന്ന മങ്ങിയ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്, മുമ്പ് അതിൽ മറ്റ് എന്തോ എഴുതിയിരുന്നു എന്നാണ്. ഏതാണ്ട് 820 താളുകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഈ കോഡക്സിൽ ഗ്രീക്കുഭാഷയിലുള്ള ബൈബിൾ മുഴുവനായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 759 താളുകളേ ശേഷിക്കുന്നുള്ളൂ. ഉൽപത്തിയുടെ ഭൂരിഭാഗവും സങ്കീർത്തനങ്ങളുടെ ഒരു ഭാഗവും എബ്രായർ 9:14 മുതൽ 13:25 വരെയുള്ള ഭാഗവും, കൂടാതെ1-ഉം 2-ഉം തിമൊഥെയൊസ്, തീത്തോസ്, ഫിലേമോൻ, വെളിപാട് എന്നിവ മുഴുവനായും നഷ്ടപ്പെട്ടിരിക്കുന്നു. കോഡക്സ് വത്തിക്കാനസ് ഇറ്റലിയിലെ റോമിലുള്ള വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടുമുതൽ അത് അവിടെ ഉണ്ടെന്നാണു പറയപ്പെടുന്നത്.
കടപ്പാട്:
Vat.gr.1209 © 2016 Biblioteca Apostolica Vaticana
ബന്ധപ്പെട്ട തിരുവെഴുത്ത്: