യോഹന്നാൻ 1:1-ന്റെ സഹിദിക്ക് കോപ്ടിക് പരിഭാഷ
യോഹന്നാന്റെ സുവിശേഷം അടങ്ങിയ ഈ കൈയെഴുത്തുപ്രതി (ഏതാണ്ട് എ.ഡി. 600-ലേത്.) കോപ്ടിക് ഭാഷയുടെ ഒരു പ്രാദേശിക ഭാഷാരൂപമായ സഹിദിക്കിലുള്ളതാണ്. യേശു ഭൂമിയിൽ ജീവിച്ചിരുന്നതിനു തൊട്ടടുത്തുള്ള നൂറ്റാണ്ടുകളിൽ ഈജിപ്തിൽ സംസാരിച്ചിരുന്ന ഭാഷയാണു കോപ്ടിക്. സുറിയാനിയും ലത്തീനും പോലെ, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകൾ ആദ്യം വിവർത്തനം ചെയ്ത ഭാഷകളിലൊന്നാണ് ഇത്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽത്തന്നെ കോപ്ടിക് പരിഭാഷകൾ ലഭ്യമായിരുന്നു. അതുകൊണ്ട് ആ പരിഭാഷകൾ പരിശോധിച്ചാൽ അക്കാലങ്ങളിൽ ആളുകൾ എങ്ങനെയാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മൂലപാഠം മനസ്സിലാക്കിയിരുന്നതെന്ന് അറിയാനാകും. യോഹ 1:1-ന്റെ അവസാനഭാഗത്തെക്കുറിച്ച് പല തർക്കങ്ങളും നിലവിലുള്ളതുകൊണ്ട് ഈ പരിഭാഷ ശരിക്കും ഒരു സഹായമാണ്. പല പരിഭാഷകളിലും ആ ഭാഗം ഇങ്ങനെയാണു കാണുന്നത്: “വചനം ദൈവത്തിന്റെകൂടെയായിരുന്നു. വചനം ദൈവമായിരുന്നു.” കൊയ്നി ഗ്രീക്കിലും സുറിയാനിയിലും ലത്തീനിലും ഒക്കെ അനിശ്ചായക ഉപപദം (മലയാളത്തിലെ “ഒരു” എന്നതിനോടു ഏതാണ്ട് സമാനമായത്.) ഇല്ലെങ്കിലും സഹിദിക്ക് കോപ്ടിക് ഭാഷയിൽ അതുണ്ട്. ഈ വാക്യത്തിൽ “ദൈവം” എന്നതിന്റെ കോപ്ടിക് പദം കാണുന്ന രണ്ടു സ്ഥലങ്ങളാണു ചിത്രത്തിൽ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നത്. എന്നാൽ അവ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: ആദ്യത്തേതിന്റെകൂടെ (1) നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്നു.) ആണ് കാണുന്നത്. ഈ പ്രയോഗം സർവശക്തനായ ദൈവത്തെ കുറിക്കുന്നു. രണ്ടാമത്തേതിന്റെകൂടെ (2) അനിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്നു.) ആണ് കാണുന്നത്. ഈ പ്രയോഗത്തിനു ദൈവത്വമുള്ള ആരെയും കുറിക്കാനാകും. അതുകൊണ്ട് ആ ഭാഗം അക്ഷരാർഥത്തിൽ മലയാളത്തിലേക്കു പരിഭാഷ ചെയ്താൽ ഇങ്ങനെ വരും: “വചനം (സർവശക്തനായ) ദൈവത്തിന്റെകൂടെയായിരുന്നു. വചനം ഒരു ദൈവമായിരുന്നു.”—“വചനം ഒരു ദൈവമായിരുന്നു” എന്ന പരിഭാഷയെക്കുറിച്ച് കൂടുതൽ അറിയാൻ യോഹ 1:1-ന്റെ പഠനക്കുറിപ്പു കാണുക.
1. നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ)
2. അനിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ)
കടപ്പാട്:
© The Trustees of the Chester Beatty Library, Dublin/CBL Cpt 813, ff. 147v-148r/www.cbl.ie
ബന്ധപ്പെട്ട തിരുവെഴുത്ത്: