ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിലേക്കും ഏറ്റവും പഴക്കമുള്ള ശകലം
പപ്പൈറസ് റൈലൻഡ്സ് 457 (P52) ശകലത്തിന്റെ ഇരുപുറവുമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു ആദ്യകാലപകർപ്പിൽനിന്നുള്ള ഭാഗമാണ് ഇത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ജോൺ റൈലൻഡ്സ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശകലം, 1920-ൽ ഈജിപ്തിൽനിന്ന് ലഭിച്ചതാണ്. അതിന്റെ ഒരു വശത്ത് യോഹ 18:31-33-ന്റെ ഒരു ഭാഗവും മറുവശത്ത് യോഹ 18:37, 38-ന്റെ ഒരു ഭാഗവും ആണ് കാണുന്നത്. ഈ ശകലത്തിന്റെ ഇരുവശങ്ങളിലും എഴുത്തുള്ളതുകൊണ്ട് ഇത് മുമ്പ് ഒരു കോഡക്സിന്റെ (അഥവാ പുസ്തകത്തിന്റെ) ഭാഗമായിരുന്നെന്നു വ്യക്തം. ഈ ശകലത്തിന് 9 സെ.മീ. (3.5 ഇഞ്ച്) നീളവും 6 സെ.മീ. (2.4 ഇഞ്ച്) വീതിയും ആണുള്ളത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഇപ്പോഴുള്ളതിലേക്കും ഏറ്റവും പഴക്കമുള്ള ഗ്രീക്കു കൈയെഴുത്തുപ്രതിയാണ് ഇതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇത് എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ ഏതാണ്ട് ആദ്യപകുതിയിലേതാണ് എന്നാണ് അവരുടെ പക്ഷം. യോഹന്നാന്റെ സുവിശേഷം എഴുതിയത് ഏതാണ്ട് എ.ഡി. 98-ലാണ്. അതുകൊണ്ട് ഈ പകർപ്പ് ഉണ്ടാക്കിയത്, യോഹന്നാന്റെ സുവിശേഷത്തിന്റെ എഴുത്ത് പൂർത്തിയായി ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽത്തന്നെ ആയിരിക്കാം. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ആധുനികകാല പരിഭാഷകൾക്ക് ആധാരമായി ഉപയോഗിക്കുന്ന, കുറെക്കൂടെ പൂർണരൂപത്തിലുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളുമായി ഈ ശകലത്തിലെ പാഠം നന്നായി യോജിക്കുന്നു.
കടപ്പാട്:
© The University of Manchester. Licensed under CC BY-NC-SA 4.0 (http://creativecommons.org/licenses/by/4.0/). Derivative work based on images: http://www.library.manchester.ac.uk/rylands/whats-on/exhibitions/rylands-gallery/
ബന്ധപ്പെട്ട തിരുവെഴുത്ത്: