യു. എൻ.—സമാധാനത്തിലേയ്ക്കുള്ള ദൈവത്തിന്റെ മാർഗ്ഗമോ?
“ഈ ഗ്രഹത്തിൽ നമ്മുടെ തന്നെ വിധി രൂപപ്പെടുത്താനുള്ള നമ്മുടെ പ്രാപ്തിയിൽ വിശ്വാസമുള്ള ഏതൊരാൾക്കും ഐക്യ രാഷ്ട്രങ്ങൾ ഭാവിയിലേക്കുള്ള ഏറ്റം മെച്ചമായ മാർഗ്ഗം തുറന്നു തരുന്നു എന്ന് എനിക്ക് ബോദ്ധ്യമുണ്ട്.”
ആ ബോദ്ധ്യം മുൻ സെക്രട്ടറി ജനറൽ കുർട്ട് വാൾഡ് ഹൈം ‘സമാധാനത്തിന്റെ വെല്ലുവിളി’ എന്ന തന്റെ പുസ്തകത്തിൽ പ്രകടമാക്കിയതാണ്. യു. എന്നിന്റെ പോരായ്മകൾ അംഗീകരിച്ചുകൊണ്ടു തന്നെ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: “ഐക്യരാഷ്ട്രങ്ങൾ ലോകത്തിന്റെ തന്നെ ഒരു ചെറിയ പതിപ്പാണ് എന്ന് ഒരുവൻ തിരിച്ചറിയണം. അതുകൊണ്ട് അതിന്റെ ബലഹീനതകൾക്ക് മുഖ്യമായും ഉത്തരവാദിയാക്കേണ്ടത് ആഗോള ജനസമുദായത്തിന്റെ സവിശേഷതയായിരിക്കുന്ന വൈരുദ്ധ്യങ്ങളെയാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അത് (യു. എൻ) സേവിക്കുന്ന ലോകത്തിന്റെ ഒരു മുഖക്കണ്ണാടി മാത്രമേ ആകുന്നുള്ളു എന്നു ഞാൻ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ആ ലോകമാകട്ടെ അങ്ങേയറ്റം വ്യത്യസ്തമായ, മിക്കപ്പോഴും പരസ്പരം ഇണങ്ങാൻ കഴിയാത്ത, ചിത്തക്ഷോഭം പിടിച്ച, ശത്രുതയിൽ കഴിയുന്ന രാഷ്ട്രങ്ങളുടെ ഒരു കൂട്ടമാണ്. എന്നാൽ യു. എന്നിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള എല്ലാവരും അത്രയും ദാക്ഷിണ്യത്തോടെ അതിനെ കാണുന്നില്ല.
അപകടകരമായ ഒരു സ്ഥാനം—ലോക രാഷ്ട്രീയത്തിൽ യു.എൻ. ഒരു ആയുധം എന്ന തങ്ങളുടെ പുസ്തകത്തിൽ പ്രൊഫസർമാരായ യെസ്സൽസണ്ണും ഗാഗ്ലിയോണും വാദിക്കുന്നത് യു.എൻ അതിന്റെ തുടക്കം മുതൽ തന്നെ പരസ്പര ശത്രുത പ്രകടമാക്കാനുള്ള ഒരു വേദിയായിരുന്നിട്ടുണ്ടെന്നും അന്തരാഷ്ട്ര ഏറ്റുമുട്ടലുകൾ ആളിപ്പടരാൻ തക്കവണ്ണം ശത്രുതയിലൂടെയും രാഷ്ട്രീയ കയ്യാങ്കളികളിലൂടെയും വഴിമരുന്നിട്ടു കൊടുക്കാനേ അതിനു കഴിയുകയുള്ളു എന്നുമാണ്. അതിന്റെ പ്രവർത്തന രംഗമായിരിക്കുന്ന ലോകത്തെ സംബന്ധിച്ചെന്ത്? “ലോക രാഷ്ട്രീയം ഒരു ഘോര വനം പോലെയാണ് എന്നതാണ് അതിനെ സംബന്ധിച്ച തലതിരിഞ്ഞതും എന്നാൽ ലളിതവുമായ സത്യം. മൗലികമായി രാഷ്ട്രങ്ങളുടെ പെരുമാറ്റം സ്വാർത്ഥ താല്പര്യത്തെയും അതിജീവനത്തെയും അടിസ്ഥാനമാക്കിയാണ്. ഒടുവിൽ പറഞ്ഞതിനെപ്പറ്റിയുള്ള മാറാത്ത ചിന്ത ലോക രാഷ്ട്രങ്ങൾക്കിടയിൽ വനത്തിലെ നിയമങ്ങൾ മാത്രമല്ല അതിലെ ധാർമ്മികതയും നടപ്പിൽ വരുത്തിയിരിക്കുന്നു” തൽഫലമായി “യുദ്ധം അന്തരാഷ്ട്ര ബന്ധങ്ങളിലെ ഒരു സ്ഥിരഘടകമായിത്തർന്നിരിക്കുന്നു.”
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയഞ്ചിൽ ഐക്യരാഷ്ട്ര സംഘടനയുടെ ചാർട്ടർ ഒപ്പു വച്ചപ്പോൾ അവർക്കുണ്ടായിരുന്ന സമുന്നതമായ പ്രതീക്ഷകളിൽ നിന്ന് എത്ര വ്യത്യസ്തം! അതിന്റെ ആമുഖത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: “നമ്മുടെ ആയുഷ്ക്കാലത്ത് രണ്ടുതവണ മനുഷ്യവർഗ്ഗത്തിന് വർണ്ണനാതീതമായ ദുഃഖം കൈവരുത്തിയ യുദ്ധത്തിന്റെ ശാപത്തിൽ നിന്നു ഭാവി തലമുറകളെ രക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഈ ഐക്യരാഷ്ട്ര സംഘടനയിലെ ജനതകൾ ഈ ലക്ഷ്യങ്ങൾ സാധിക്കാൻ വേണ്ടി ഞങ്ങളുടെ ശ്രമങ്ങളെ സംയോജിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.”
നാല്പതു വർഷങ്ങൾക്കു ശേഷം ഇതു അല്പം പൊള്ളയായി തോന്നുന്നു. സംയോജിക്കുന്നതിനു പകരം രാഷ്ട്രങ്ങൾ ഭിന്നിക്കുന്നു. ഇപ്പോൾ പോലും ലോകത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റൊരു ഭാഗത്ത് യുദ്ധം ദശലക്ഷങ്ങൾക്ക് അനുദിന അനുഭവമാണ്! യു.എൻ. ഉണ്ടായിട്ടും യുദ്ധത്തിന്റെ ഇരകളായി ദിവസേന ആളുകൾ കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നു.
യു.എന്നിന്റെ പിന്നിൽ വാസ്തവത്തിൽ ആരാണുള്ളത്?
വ്യത്യസ്ത വീക്ഷണമാണുള്ളതെങ്കിലും നേരത്തെ ഉദ്ധരിച്ച രണ്ടു പുസ്തകങ്ങളും ഒരു അസാധാരണ വിശദാംശത്തിൽ യോജിപ്പിലാണ്. യു.എൻ അതു സേവിക്കുന്ന ലോകത്തിന്റെ മുഖക്കണ്ണാടിയാണെന്ന് വാൾഡ് ഹൈം പറയുന്നു, യെസ്സൽസണ്ണും ഗാഗ്ലിയോണും ലോകത്തെ ഒരു ഘോര വനത്തോട് സാമ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് യു.എൻ. യാതൊരു മയവുമില്ലാത്ത വിധം അതിലെ അംഗങ്ങൾ അതിവസിക്കുന്ന വനത്തിലെ നിയമങ്ങൾ പ്രതിഫലിപ്പിക്കണം.
ഇത് മനസ്സിൽ പിടിച്ചുകൊണ്ട് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങൾ കുറിക്കൊള്ളുന്നത് രസാവഹമാണ് ബൈബിൾ ഒരു ‘കാട്ടുമൃഗത്തെ’ സംബന്ധിച്ച് കടുംചുവപ്പുള്ള കാട്ടുമൃഗം എന്ന് വർണ്ണിച്ചിരിക്കുന്ന അതിന്റെ പ്രതിമയെക്കുറിച്ചും സംസാരിക്കുന്നു. (വെളിപ്പാട് 13:1, 2, 14; 17:3, 8, 11) കഴിഞ്ഞ 4000 ത്തിലേറെ വർഷങ്ങളിലൂടെ ഉരിത്തിരിഞ്ഞതും ഇന്നു ലോകത്തിൽ കാണപ്പെടുന്ന വ്യത്യസ്ത രാഷ്ട്രീയ ശക്തികളിൽ വന്നെത്തിനിൽക്കുന്നതുമായ മുഴു ലോക വ്യാപക രാഷ്ട്രീയ വ്യവസ്ഥിതിയെയാണ് ഒന്നാമത്തെ കാട്ടുമൃഗം പ്രതിനിധാനം ചെയ്യുന്നത്a എങ്കിൽ മൃഗത്തിന്റെ “പ്രതിമ” എന്തിനെയായിരിക്കണം പ്രതിനിധാനം ചെയ്യുന്നത്?
മേലുദ്ധരിച്ച ഉറവുകളനുസരിച്ച് ഏതു സംഘടനയാണ് രാഷ്ട്രീയ വ്യവസ്ഥതിയെ പ്രതിഫലിപ്പിക്കുന്നത്? പ്രകടമായും അതു ആഗോള പ്രാതിനിധ്യമുള്ളതും 159 അംഗങ്ങൾ ഉള്ളതുമായ യു.എന്നാണ്. (11-ാം പേജ് കാണുക)MY page to be checked ബൈബിളിലെ കാട്ടുമൃഗ പ്രതീകങ്ങൾ രാഷ്ട്രീയ ഘോര വനത്തിന്റെ ചിത്രീകരണത്തോട് നല്ല ചേർച്ചയിലാണ്. പല രാഷ്ട്രീയക്കാരും തങ്ങളുടെ യുദ്ധങ്ങളിലും രാഷ്ട്രീയ ശുദ്ധീകരണങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളെ, പോരാളികളെയും പൗരൻമാരെയും മൃഗീയമായി കൊന്നൊടുക്കിക്കൊണ്ട് വന്യമൃഗങ്ങളെപ്പോലെ തങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ നടപ്പാക്കിയിട്ടുണ്ട്, നടപ്പാക്കുന്നുണ്ട് എന്നത് സങ്കടകരവും എന്നാൽ സത്യവുമാണ്. പീഡനത്തിനും കൊലയ്ക്കും ഉള്ള പ്രത്യേക സേനാ വിഭാഗങ്ങൾ രാഷ്ട്രീയ സമ്മർദ്ദത്തിനുള്ള ആയുധങ്ങൾ ആയിരുന്നിട്ടുണ്ട്, ഇപ്പോഴും അങ്ങനെ ആണ്. ഇത്തരം മിക്ക ഗവൺമെൻറുകളും അവയുടെ തത്വശാസ്ത്രങ്ങളും യു.എന്നിൽ മാന്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു.
മേൽപ്പറഞ്ഞ കാര്യങ്ങളുടെ വീക്ഷണത്തിൽ യു.എൻ. സമാധാനത്തിനായുള്ള ദൈവത്തിന്റെ മാർഗ്ഗമായിരിക്കാം എന്ന് വിശ്വസിക്കുന്നത് ന്യായയുക്തമായിരിക്കുമോ, വിശേഷിച്ചും ദൈവത്തെപ്പറ്റിയുള്ള ഏറ്റം ലളിതമായ നിർവ്വചനം “ദൈവം സ്നേഹമാണ്” എന്നായിരിക്കുമ്പോൾ? (1 യോഹന്നാൻ 4:8). എന്നാൽ യു.എൻ. പ്രശ്നത്തിനുള്ള ദൈവത്തിന്റെ ഉത്തരമല്ലെങ്കിൽ യു.എന്നിന്റെ പിന്നിൽ വാസ്തവത്തിൽ ആരാണ് ഉള്ളത്?
“കാട്ടുമൃഗമാ”യിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അതിന്റെ “പ്രതിമ”യായിരിക്കുന്ന യു.എന്നിന്റെയും ഉത്ഭവത്തെക്കുറിച്ച് ബൈബിൾ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. വെളിപ്പാട് 13:2ൽ നാം വായിക്കുന്നു: “മഹാസർപ്പം കാട്ടുമൃഗത്തിന് അതിന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. “മഹാസർപ്പം” ആരെയാണ് പ്രതിനിധകരിക്കുന്നത്? “ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്ന, പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്നവനാണ്” “മഹാസർപ്പം” എന്ന് അതേ ബൈബിൾ എഴുത്തുകാരൻ വ്യക്തമാക്കുന്നു. എന്നാൽ ഏതു വിധത്തിലാണ് സാത്താൻ ലോകത്തെ വഴിതെറ്റിക്കുന്നത്?—വെളിപ്പാട് 12:9.
യു.എൻ. ഉൾപ്പെടെ സാദ്ധ്യമായ എല്ലാ പദ്ധതിയും തത്വശാസ്ത്രവും ഉപയോഗിച്ച് ആദ്യം ഭോഷ്ക്കാളിയായ സാത്താൻ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ഏക സത്യമാർഗ്ഗത്തിൽ നിന്ന്—ഈ ഭൂമിമേലുള്ള ദൈവരാജ്യ ഭരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിന്റെ ശ്രദ്ധ അകറ്റിക്കളയുകയാണ്. (യോഹന്നാൻ 8:44) കഴിഞ്ഞ രണ്ടായിരത്തോളം വർഷങ്ങളായി ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്നവർ ഇപ്രകാരം പ്രാർത്ഥിച്ചിട്ടുണ്ട് “അങ്ങയുടെ രാജ്യം വരേണമേ.” എന്നാൽ മിക്കവർക്കും ദൈവരാജ്യത്തിന്റെ അർത്ഥമെന്താണ് എന്ന് വ്യക്തമായി ധാരണയൊന്നും ഉണ്ടായിരുന്നിട്ടില്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ അർത്ഥമെന്താണ്? ഇപ്പോൾ ആ രാജ്യം ഇത്ര ആസന്നമായിരിക്കുമ്പോൾ അതേ സംബന്ധിച്ച് ശരിയായ ഒരു ധാരണ ഉണ്ടായിരിക്കുന്നത് ജീവൽപ്രധാനമാണ്.—മത്തായി:9, 10.
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ധാരാളം ആളുകൾ യു.എന്നിന്റെ ലക്ഷ്യങ്ങൾ പുരോഗമിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തിപരമായ ബന്ധങ്ങളിൽ നിന്ന് ഉണരുക! യുടെ പ്രതിനിധികൾക്കറിയാം. ആത്മാർത്ഥതയുള്ള ഈ ആളുകൾ ഈ സ്ഥാപനത്തിന്റെ ബലഹീനതകളും കാണുന്നു. എന്നാൽ കുർട്ട് വാൾഡ് ഹൈമിനെയും മറ്റു പലരേയും പോലെ അതു നിലനിൽക്കുന്ന സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മനുഷ്യവർഗ്ഗത്തിനുള്ള ഏക പ്രത്യാശയാണെന്ന് വിശ്വസിക്കുന്നു. അതിലും മെച്ചമായ ഒരു പ്രശ്ന പരിഹാരം അവർ കാണുന്നില്ല. എന്നാൽ അവർ ഒരു പക്ഷേ അവഗണിച്ചു കളഞ്ഞിരിക്കുന്ന മറ്റൊരു പരിഹാര മാർഗ്ഗം ഉണ്ട്—ദൈവത്തിന്റെ രാജ്യഭരണം—വെളിപ്പാട് 11:15.
സമാധാനത്തിനുള്ള സത്യമായ ഏക വഴി
ദൈവരാജ്യം എന്നു പറഞ്ഞാൽ അതു സ്വർഗ്ഗീയ ഭരണത്തെ അഥവാ ആത്മ മണ്ഡലത്തിൽ നിന്നുള്ള ഭൂമിയുടെ ഭരണത്തെ പരാമർശിക്കുന്നു എന്ന് ബൈബിൾ പ്രകടമാക്കുന്നു. (ദാനിയേൽ 2:44; വെളിപ്പാട് 21:1-4) ക്രിസ്തു മുഖാന്തരമുള്ള ഈ രാജ്യ ഭരണം ഇപ്പോഴേ ലോകവ്യാപകമായി പ്രവർത്തനത്തിലിരിക്കുകയും അതിന്റെ ഭരണത്തിൻ കീഴിലെ നിത്യജീവനുവേണ്ടി ഒരു രാഷ്ട്രാതീത ജനതയെ തയ്യാറാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളിൽ നിന്നും എല്ലാ ഭാഷകളിൽനിന്നും ഉള്ളവരും പൂർണ്ണ ഐക്യത്തിലായിരിക്കുന്നവരുമായ ഈ ജനം യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നു. “തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിട്ടുള്ള” യഥാർത്ഥ “ഐക്യരാഷ്ട്രങ്ങൾ” അവരാണ് “അന്തർദേശീയ രാഷ്ട്രീയത്തിലെ ഏറ്റം ബലവത്തായ നശീകരണശക്തി എന്നു വിളിക്കപ്പെട്ടിട്ടുള്ള ജാതി ചിന്തയുടെയും പ്രാദേശിക ദേശീയത്വത്തിന്റെയും കൂച്ചുവിലങ്ങുകൾ അവർ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. അതേ വിലങ്ങുകൾ ഇപ്പോഴും യു.എന്നിനെ തളച്ചിടുകയും തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.—യെശയ്യാ 2:2-4.
ദൈവരാജ്യത്തിനു മാത്രമേ ഈ ഭൂമിയിൽ യഥാർത്ഥവും നിലനിൽക്കുന്നതുമായ സമാധാനം കൈവരുത്താൻ കഴിയുകയുള്ളുവെന്നും ദൈവരാജ്യം നടപടി എടുക്കാനുള്ള സമയം ആസന്നമായിരിക്കുകയാണെന്നും വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെ യഹോവയുടെ സാക്ഷികൾക്കറിയാം. (ലൂക്കോസ് 21:31-33; വെളിപ്പാട് 16:14, 16) എന്തു നടപടി? എന്ന് നിങ്ങൾ ചോദിച്ചേക്കാം. മനഃപൂർവ്വം ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ നാശം. (വെളിപ്പാട് 11:18) എല്ലാ വിഭാഗീയ രാഷ്ട്രീയ ഘടകങ്ങളുടെയും നാശവും അതിൽ ഉൾപ്പെടുന്നു. (ദാനിയേൽ 2:44) അങ്ങനെ സാത്താന്റെ ഒന്നിനും മതിയാകാത്ത വ്യാജ പ്രശ്ന പരിഹാരമാർഗ്ഗത്തെ—യു. എന്നിനെ—യഹോവയുടെ സാക്ഷികൾ തള്ളിക്കളഞ്ഞിരിക്കുന്നു. എന്നാൽ അതു എന്തുകൊണ്ടാണ് മതിയാകാത്തതായിരിക്കുന്നത്?
പതിനേഴാം നൂറ്റാണ്ടിലെ ഡച്ചു തത്വചിന്തകനായ സ്പിനോസ സമാധാനത്തെ “യുദ്ധത്തിന്റെ അഭാവമായിട്ടല്ല” അതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഒന്നായി നിർവ്വഹിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: “അതൊരു ഗുണമാണ്, ഒരു മാനസികാവസ്ഥ, നൻമനസ്സിന്റെയും ആത്മവിശ്വാസത്തിന്റെയും നീതിയുടെയും” ഒരു മനോഭാവമാണ്. വിരോധത്തിലും വിഭാഗീയതയിലുമല്ല സ്നേഹത്തിലും ഐക്യത്തിലും ആളുകളെ അഭ്യസിപ്പിക്കുന്നതിനാൽ മാത്രമേ ഇതു നേടാൻ കഴിയുകയുള്ളു. ബൈബിൾ എഴുത്തുകാരനായ യാക്കോബ് രേഖപ്പെടുത്തിയ പ്രകാരം: “സമാധാനം ഉണ്ടാക്കുന്നവർക്ക് സമാധാനപൂർവ്വമായ അന്തരീക്ഷത്തിൻ നീതി ഫലത്തിന്റെ വിത്ത് വിതയ്ക്കപ്പെടുന്നു.” (യാക്കോബ് 3:18) അവരുടെ ആഗോള വിദ്യാഭ്യാസ വേലയിലൂടെ സമാധാനത്തിനുള്ള ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവന്റെ വചനം പറയുന്നു: “നിന്റെ പുത്രൻമാരെല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെട്ടവരും നിന്റെ പുത്രൻമാരുടെ സമാധാനം വലുതും ആയിരിക്കും.”—യെശയ്യാ 54:13.
ദൈവരാജ്യ ഗവൺമെൻറിനെപ്പറ്റി കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. സമാധാനത്തിനുള്ള ദൈവത്തിന്റെ വഴി അറിയാൻ നിങ്ങളെ സഹായിക്കുന്നതിൽ അവർ സന്തോഷമുള്ളവരായിരിക്കും.
[അടിക്കുറിപ്പ്]
a ഈ ബൈബിൾ പ്രതീകങ്ങളുടെ കൂടുതലായ വിശദീകരണങ്ങൾക്ക് വാച്ച് ടവ്വർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ച “അപ്പോൾ ദൈവത്തിന്റെ മർമ്മം പൂർത്തിയായി” എന്ന പുസ്തകത്തിന്റെ 22, 23 അദ്ധ്യായങ്ങൾ കാണുക.
[11-ാം പേജിലെ ചതുരം]
യു.എന്നിനെ ബാധിക്കുന്ന മുഖ്യ പ്രശ്നങ്ങൾ
യു.എൻ. അംഗ രാഷ്ട്രങ്ങളിൽ പലരേയും ബാധിക്കുന്ന പ്രമുഖ ആനുകാലിക പ്രശ്നങ്ങളുടെ ഒരു ഭാഗിക പട്ടിക.
1. അണുവായുധ പന്തയവും യു.എസ്.ഏ, യു എസ്സ് എസ്സ് ആർ സംഘട്ടനവും.
2. വടക്ക്-തെക്ക് ലോക സാമ്പത്തീക അസന്തുലിതാവസ്ഥ; വികസ്വര രാഷ്ട്രങ്ങളിലെ വിദേശ കടപ്രശ്നം.
3. ആഫ്രിക്കയിലെ ക്ഷാമവും ദ്രാരിദ്ര്യവും ആ ഭൂഖണ്ഡം ക്രമേണ ഒരു മരുഭൂമിയായി മാറുന്നതും
4. മയക്കു മരുന്നുകളുടെ അന്തരാഷ്ട്ര കള്ളക്കടത്ത്
5. അന്തർ ദേശീയ ഭീകരപ്രവർത്തനം.
6. തെക്കേ ആഫ്രിക്കയുടെ വർണ്ണ വിവേചന നയവും അയൽ രാജ്യങ്ങളുമായുള്ള ബന്ധവും
7. തെക്കേ ആഫ്രിക്കയിൽ നിന്നുള്ള നമീബിയയുടെ സ്വാതന്ത്ര്യം
8. യിസ്രായേലും പാലസ്റ്റീനിയൻ പ്രശ്നവും
9. ലബനോനിലെ കുഴപ്പങ്ങൾ
10. ഇറാൻ-ഇറാക്ക് ഏറ്റുമുട്ടൽ
11. തെക്കു കിഴക്കൻ ഏഷ്യയിൽ, വിയറ്റ്നാമിന്റെ കമ്പൂച്ചിയ പിടിച്ചടക്കൽ
12. മദ്ധ്യ അമേരിക്ക, എൽ സാൽവഡോറിലെയും നിക്കാരാഗുവയിലെയും ഒളിപ്പോര്
13. സോവിയറ്റ് യൂണിന്റെ അഫ്ഗാനിസറ്റാനിലെ ഇടപെടൽ
14. 10 ദശലക്ഷത്തിലേറെ ആളുകളെ ബാധിച്ചിരിക്കുന്ന ലോക അഭയാർത്ഥി പ്രശ്നം
15. മനുഷ്യാവകാശ ലംഘനങ്ങൾ
1984-ൽ യു.എന്നിന്റെ 39-ാം പൊതു സമ്മേളനത്തിൽ 16 രാഷ്ട്രത്തലവൻമാരുൾപ്പെടെ 150 പ്രതിനിധികൾ നടത്തിയ പ്രസംഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. (യു.എൻ. ക്രോണിക്കിൾ വാല്യം XXI നമ്പർ 8⁄1984 കാണുക.)
[11-ാം പേജിലെ ചതുരം]
യു.എൻ അംഗ സംഖ്യ എപ്രകാരം വളർന്നിരിക്കുന്നു
1945 51 രാഷ്ട്രങ്ങൾ: മദ്ധ്യ, തെക്കേ അമേരിക്കകൾ 19; യൂറോപ്പ് 14; ഏഷ്യ 2 മദ്ധ്യപൂർവ്വദേശം 7; ആഫ്രിക്ക 3; പസിഫിക്ക് 3; വടക്കേ അമേരിക്ക 3.
1950 60 രാഷ്ട്രങ്ങൾ: മദ്ധ്യ തെക്കേ അമേരിക്കകൾ 19; യൂറോപ്പ് 16; ഏഷ്യ 7; മദ്ധ്യപൂർവ്വദേശം 9; ആഫ്രിക്ക 3; പിസിഫിക്ക് 3; വടക്കേ അമേരിക്ക 3.
1960 100 രാഷ്ട്രങ്ങൾ: മദ്ധ്യ, തെക്കേ അമേരിക്കകൾ 19; യൂറോപ്പ് 27; ഏഷ്യ 13; മദ്ധ്യപൂർവ്വദേശം 10; ആഫ്രിക്ക 25;പസിഫിക്ക് 3; വടക്കേ അമേരിക്ക 3
1970 127 രാഷ്ട്രങ്ങൾ: മദ്ധ്യ തെക്കേ അമേരിക്കകൾ 23; യൂറോപ്പ് 28; ഏഷ്യ 16; മദ്ധ്യപൂർവ്വദേശം 12; ആഫ്രിക്ക 41; പസിഫിക്ക് 4; വടക്കേ അമേരിക്ക 3.
1980 154 രാഷ്ട്രങ്ങൾ: മദ്ധ്യ തെക്കേ അമേരിക്കകൾ 29; യൂറോപ്പ് 30; ഏഷ്യ 19; മദ്ധ്യ പൂർവ്വദേശം 16; ആഫ്രിക്ക 50; പസിഫിക്ക് 7; വടക്കേ അമേരിക്ക 3.
1985 159 രാഷ്ട്രങ്ങൾ: മദ്ധ്യ തെക്കേ അമേരിക്കകൾ 32; യൂറോപ്പ് 30; ഏഷ്യ 20; മദ്ധ്യപൂർവ്വദേശം 16; ആഫ്രിക്ക 50; പസിഫിക്ക് 8; വടക്കേ അമേരിക്ക 3.
[9-ാം പേജിലെ ചിത്രം]
159 അംഗ രാഷ്ട്രങ്ങളുടെയും പതാകകൾ യു.എൻ. മന്ദിരത്തിനു മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
[10-ാം പേജിലെ ചിത്രം]
ആരാണ് ഇപ്പോൾ തന്നെ അവരുടെ വാളുകളെ കൊഴുക്കളായി അടിച്ചു തീർത്തിട്ടുള്ളത്?