പാപ്പായുടെ യുഎൻ സന്ദർശനം എന്തു നേടി?
ന്യൂയോർക്ക് നഗരത്തിൽ യുഎൻ-നെ അഭിസംബോധന ചെയ്യുന്നതിനുവേണ്ടിയുള്ള, അറ്റ്ലാൻറിക്കിനു മീതെകൂടിയുള്ള തന്റെ വിമാനയാത്രയോടെ ജോൺ പോൾ II-ാമൻ പാപ്പാ മൊത്തം 10,00,000-ത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. 1995 ഒക്ടോബർ 4-ാം തീയതി ആയിരുന്നു അത്, പാപ്പാ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ 68-ാമത്തെ വിദേശയാത്ര. സംശയലേശമെന്യേ, റോമൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറ്റവും വ്യാപകമായി യാത്ര ചെയ്തിട്ടുള്ള പാപ്പാ അദ്ദേഹംതന്നെ.
മഴയുണ്ടായിരുന്ന ഒരു ബുധനാഴ്ച, അദ്ദേഹം ന്യൂ ജേഴ്സിയിലെ നൂവാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി, വിശിഷ്ടവ്യക്തികൾക്ക് ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളതിലേക്ക് ഏറ്റവും വലിയ സുരക്ഷാമറകളിലൊന്നായിരുന്നു അദ്ദേഹത്തിനുചുറ്റും ഏർപ്പെടുത്തിയിരുന്നത്. പാപ്പായെ സംരക്ഷിക്കാൻ ഏതാണ്ട് 8,000 ഫെഡറൽ അധികാരികളും നഗരാധികാരികളും നിയമിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു. ഹെലിക്കോപ്റ്ററുകളും സ്ക്യൂബാ ഡൈവറുകളും ഉൾപ്പെട്ട “സുരക്ഷാസന്നാഹങ്ങളുടെ ഒരു വൻ പുറന്തോട്” എന്ന് ഒരു റിപ്പോർട്ട് അതിനെ വിശേഷിപ്പിച്ചു.
സന്ദർശനം എന്തിനുവേണ്ടി?
വിമാനത്താവളത്തിലെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ, തന്റെ മുൻഗാമിയായിരുന്ന പോൾ VI-ാമൻ പാപ്പാ “മേലാൽ യുദ്ധം അരുത്, വീണ്ടുമൊരിക്കലും യുദ്ധം അരുത്!” എന്ന ആഹ്വാനത്തോടെ യുഎൻ ജനറൽ അസംബ്ലിയെ സംബോധന ചെയ്തതായി അദ്ദേഹം അനുസ്മരിച്ചു. “അരനൂറ്റാണ്ടു മുമ്പ് യുഎൻ-ന് രൂപം നൽകിയ ആദർശങ്ങളും താത്പര്യങ്ങളും, ഉദ്ദേശ്യം അന്വേഷിക്കുന്ന ഒരു ലോകത്തിൽ മുമ്പെന്നത്തേക്കാളധികം അത്യന്താപേക്ഷിതമാണെന്ന [തന്റെ] ഉറച്ച ബോധ്യം പ്രകടിപ്പിക്കാനാണ്” താൻ തിരിച്ചെത്തിയിരിക്കുന്നതെന്ന് ജോൺ പോൾ II-ാമൻ പറഞ്ഞു.
നൂവാർക്കിലുള്ള സേക്രഡ് ഹാർട്ട് കത്തീഡ്രലിലെ തന്റെ സായാഹ്ന പ്രാർഥനയിൽ ഇപ്രകാരം പറഞ്ഞുകൊണ്ടു പാപ്പാ വീണ്ടും യുഎൻ-നുള്ള തന്റെ പിന്തുണ വെളിപ്പെടുത്തി: “മാനവകുടുംബത്തിന്റെ പൊതുവായ നന്മയ്ക്കു വേണ്ടിയാണ് ആ സംഘടന സ്ഥിതി ചെയ്യുന്നത്. തന്മൂലം സുവിശേഷത്തിന്റെ പ്രത്യാശയെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പാപ്പാ അവിടെ സംസാരിക്കുന്നതു തികച്ചും ഉചിതമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു: “അതുകൊണ്ട്, സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാർഥന ഐക്യരാഷ്ട്രസംഘടനയ്ക്കും വേണ്ടിയുള്ളതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് . . . സമാധാനസ്നേഹിയും സമാധാനശിൽപിയുമായി തിരിച്ചറിയപ്പെടുന്നു. ലോകമെമ്പാടും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള യുഎൻ-ന്റെ പ്രവർത്തനങ്ങളുടെ മേൽ അദ്ദേഹത്തിന്റെ മധ്യസ്ഥത്തിനായി നമുക്കു പ്രാർഥിക്കാം.”
യുഎൻ-നുള്ള തന്റെ പ്രസംഗത്തിൽ, നിരവധി രാജ്യങ്ങളിൽ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടതായ കിഴക്കൻ യൂറോപ്പിൽ, 1989-ലുണ്ടായ അക്രമരഹിത രാഷ്ട്രീയ മാറ്റങ്ങളെ അദ്ദേഹം പുകഴ്ത്തുകയുണ്ടായി. “ഇടുങ്ങിയതും അനന്യവുമായ ദേശീയത”യിൽ നിന്നു വിഭിന്നമായ “യഥാർഥ ദേശഭക്തി”യെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഏതൽക്കാല വ്യവസ്ഥിതിയുടെ അനീതിയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “കോടിക്കണക്കിനാളുകൾ ദാരിദ്ര്യത്താൽ—പട്ടിണി, പോഷകാഹാരക്കുറവ്, രോഗം, നിരക്ഷരത, അവമതിക്കൽ എന്നിവയാൽ—കഷ്ടപ്പെടുമ്പോൾ . . . സ്വന്തം പ്രയോജനത്തിനു വേണ്ടി മറ്റൊരാളെ ചൂഷണം ചെയ്യാനുള്ള അവകാശം ആർക്കും ഇല്ലെന്ന് നാം നമ്മെത്തന്നെ ഓർമപ്പെടുത്തണം.”
എന്നിട്ട് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: “ഇത്തരം ഉഗ്രമായ വെല്ലുവിളികളെ നാം നേരിടവേ, ഐക്യരാഷ്ട്രസംഘടനയുടെ പങ്ക് അംഗീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നതെങ്ങനെ?” യുഎൻ, “ലോകരാഷ്ട്രങ്ങൾക്കെല്ലാം ആശ്വാസം പകരുന്ന, ഒരു സാൻമാർഗിക സങ്കേതമായിത്തീരേണ്ട” ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “മുഴുമാനവകുടുംബത്തിന്റെയും ഐക്യദാർഢ്യം” വളർത്തിക്കൊണ്ടുവരാനുള്ള ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
യഥാർഥ സമാധാനം—ഏത് ഉറവിൽനിന്ന്?
ഒട്ടേറെ മികച്ച അഭിപ്രായപ്രകടനങ്ങൾ അദ്ദേഹം നടത്തി എന്നതിൽ തെല്ലും സംശയമില്ല. എങ്കിലും തന്റെ നീണ്ട പ്രസംഗത്തിൽ എപ്പോഴെങ്കിലും മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ദൈവത്തിന്റെ പരിഹാരത്തിലേക്ക്—യേശുക്രിസ്തു മുഖാന്തരമുള്ള അവന്റെ രാജ്യഭരണത്തിലേക്ക്—അദ്ദേഹം ലോകനേതാക്കളുടെ ശ്രദ്ധതിരിച്ചുവോ? (മത്തായി 6:10) ഇല്ല. വാസ്തവത്തിൽ, യുഎൻ-നുള്ള തന്റെ പ്രഭാഷണത്തിൽ ഒരിക്കൽപോലും അദ്ദേഹം ബൈബിൾ ഉദ്ധരിച്ചില്ല. അതേസമയം, “അടുത്ത നൂറ്റാണ്ടിലും അടുത്ത സഹസ്രാബ്ദത്തിലും മനുഷ്യനു യോഗ്യമായ ഒരു സംസ്കാരം, അതായത് സ്വാതന്ത്ര്യത്തിന്റെ ഒരു യഥാർഥ സംസ്കാരം ദൈവകാരുണ്യത്താൽ നമുക്കു കെട്ടിപ്പടുക്കാൻ സാധിക്കും,” എന്ന് അദ്ദേഹം പറഞ്ഞു. ബൈബിൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം, ആ അഭിപ്രായപ്രകടനത്തിൽ 4,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പ് പുരാതന ബാബേലിൽ മാനവശ്രമങ്ങളുടെ ഫലമായി തങ്ങൾക്കു മനുഷ്യവർഗത്തെ ഏകീകരിക്കാൻ സാധിക്കുമെന്നു വിചാരിച്ചവരുടെ ഈ പ്രഖ്യാപനം പ്രതിധ്വനിക്കുന്നതായി തോന്നിയേക്കാം: “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുണ്ടാക്കുക.” (ഉല്പത്തി 11:4) അങ്ങനെ, ഈ വീക്ഷണഗതിപ്രകാരം യുഎൻ-നിൽ പ്രതിനിധീകരിക്കപ്പെട്ട മനുഷ്യവർഗത്തിന്റെ രാഷ്ട്രീയ നേതാക്കന്മാരാണ് സ്വാതന്ത്ര്യം അടിസ്ഥാനമാക്കിയുള്ള പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കാൻ പോകുന്നത്.
എന്നാൽ, മനുഷ്യന്റെ രാഷ്ട്രീയ ഗവൺമെൻറുകളുടെയും യുഎൻ-ന്റെ തന്നെയും ഭാവിയെക്കുറിച്ചു ബൈബിൾ പ്രവചനം എന്താണു പറയുന്നത്? അവരെ കാത്തിരിക്കുന്ന ഭാവിയെക്കുറിച്ചു ദാനീയേലിന്റെയും വെളിപ്പാടിന്റെയും പുസ്തകങ്ങൾ വ്യക്തമായ ഒരു ചിത്രം നൽകുന്നു. അന്ത്യനാളുകളിൽ, ‘മനുഷ്യരുടെ കൈകളാൽ നശിപ്പിക്കപ്പെടാത്ത’വിധം ഒരു കൂറ്റൻ കല്ലുപോലെ ദൈവം തന്റെ രാജ്യഭരണാധിപത്യം സ്ഥാപിക്കുമെന്നു ദാനിയേൽ പ്രവചിച്ചു. അത് എന്തു നടപടി സ്വീകരിക്കും? “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും. . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കുകയും ചെയ്യും.” മാനുഷ ഗവൺമെൻറുകളുടെ സ്ഥാനത്ത് മുഴുമനുഷ്യവർഗത്തിനും വേണ്ടിയുള്ള നീതിനിഷ്ഠമായ ഒരൊറ്റ ഭരണാധിപത്യം വരും.—ദാനീയേൽ 2:44, 45.
യുഎൻ-ന് എന്തു സംഭവിക്കേണ്ടതാണ്? വെളിപാടിന്റെ 17-ാം അധ്യായം യുഎൻ-നെയും (അൽപകാലം നിലകൊണ്ട അതിന്റെ മുൻഗാമിയായിരുന്ന സർവരാജ്യസഖ്യത്തെയും) “നാശത്തിലേക്കു പോകുവാൻ ഇരിക്കുന്ന” കടുഞ്ചുവപ്പുനിറമുള്ള കാട്ടുമൃഗമായി ചിത്രീകരിക്കുന്നു. (വെളിപ്പാടു 17:8)a യഥാർഥസമാധാനത്തിനുവേണ്ടിയുള്ള യഹോവയുടെ ഉറവിടം അപൂർണമായ ഏതെങ്കിലും മാനവ മാധ്യമമല്ല, അതിന്റെ അനുയായികൾ എത്രതന്നെ ആത്മാർഥതയുള്ളവരാണെങ്കിലും. വാഗ്ദാനം ചെയ്യപ്പെട്ട ദൈവരാജ്യത്തിലൂടെ, പുനരുത്ഥാനം ചെയ്ത സ്വർഗത്തിലെ യേശുക്രിസ്തുവിന്റെ കരങ്ങളിലൂടെയാണ് യഥാർഥ സമാധാനം വരിക. വെളിപ്പാടു 21:3-5-ലെ ദൈവത്തിന്റെ വാഗ്ദാനനിവൃത്തിക്കുള്ള അടിസ്ഥാനം അതാണ്: “ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”
സന്ദർശനം—സ്വാധീനം എത്രമാത്രം?
പാപ്പാ തന്റെ പ്രസംഗങ്ങളിൽ ബൈബിളിൽനിന്നു പരാമർശനങ്ങൾ നടത്തിയപ്പോൾ തങ്ങളുടെ ബൈബിളുകളെടുക്കാനോ പരാമർശങ്ങൾ പരിശോധിക്കാനോ കത്തോലിക്കാ വിശ്വാസികൾ പ്രോത്സാഹിപ്പിക്കപ്പെട്ടോ? ബഹുഭൂരിപക്ഷം പേരും ഒരു ബൈബിൾ കൊണ്ടുപോയതുപോലുമില്ല എന്നതാണു വാസ്തവം. സദസ്യർക്കു ബൈബിൾ എടുത്തുനോക്കാൻ കഴിയേണ്ടതിനു വിരളമായേ പാപ്പാ ഏതെങ്കിലും നിർദിഷ്ഠ ബൈബിൾ പരാമർശങ്ങൾ നടത്തിയുള്ളു.
ഒരു ഉദാഹരണം, ന്യൂ ജേഴ്സിയിലെ ജൈൻഡ്സ് സ്റ്റേഡിയത്തിൽവെച്ച് 83,000 പേരോട് അദ്ദേഹം സംസാരിച്ചപ്പോഴത്തേതായിരുന്നു. അദ്ദേഹം പറഞ്ഞു: “ജീവനുള്ളവരുടെയും മരിച്ചവരുടെയും ന്യായാധിപനെന്നനിലയിലുള്ള കർത്താവിന്റെ തിരിച്ചുവരവിനായി നാം കാത്തിരിക്കുന്നു. മഹത്ത്വത്തിലുള്ള അവന്റെ തിരിച്ചുവരവിനായി, ദൈവരാജ്യം അതിന്റെ പൂർണതയിൽ വരുന്നതിനായി നാം കാത്തിരിക്കുന്നു. സങ്കീർത്തനങ്ങളിലെ ഇടവിടാതെയുള്ള ക്ഷണം അതാണ്: ‘ധൈര്യപൂർവം കർത്താവിനായി കാത്തിരിക്ക; ഉറച്ച ഹൃദയമുള്ളവരായിക്കുക, കർത്താവിനായി കാത്തിരിക്ക.’” എന്നാൽ സങ്കീർത്തനങ്ങളിൽനിന്ന് അദ്ദേഹം ഉദ്ധരിച്ചത് ഏതു വാക്യമായിരുന്നു? മാത്രമല്ല ഏത് കർത്താവിനെയാണ് അദ്ദേഹം പരാമർശിച്ചത്—യേശുവിനെയോ ദൈവത്തെയോ? (സങ്കീർത്തനം 110:1 താരതമ്യം ചെയ്യുക) വത്തിക്കാൻ പത്രമായ ലൊസേർവാറ്റോറേ റോമാനോ പറയുന്നതനുസരിച്ച് അദ്ദേഹം സങ്കീർത്തനം 27:14 ഉദ്ധരിക്കുകയായിരുന്നു. കുറേക്കൂടെ വ്യക്തമായി അതിപ്രകാരം വായിക്കപ്പെടുന്നു: “യാഹ്വേയിങ്കൽ പ്രത്യാശ വെക്കുക, ശക്തിപ്പെട്ടിരിക്ക, നിന്റെ ഹൃദയം ധൈര്യപ്പെട്ടിരിക്കട്ടെ, യാഹ്വേയിങ്കൽ പ്രത്യാശ വെക്കുക.” (ദ ജറുസലേം ബൈബിൾ) അതെ, നാം യാഹ്വേയിങ്കൽ അല്ലെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവമായ യഹോവയിങ്കൽ പ്രത്യാശ വെക്കണം.—യോഹന്നാൻ 20:17.
ചരിത്രത്തിലുടനീളം, കത്തോലിക്കാ വൈദികരും നേതാക്കന്മാരും രാഷ്ട്രങ്ങൾക്കിടയിൽ സമാധാനം പടുത്തുയർത്തിയിട്ടുണ്ടോ? വംശീയ, വർഗീയ, ഗോത്രപരമായ ഭിന്നതകൾ പരിഹരിക്കുന്നതിനു കത്തോലിക്കാ പഠിപ്പിക്കലുകൾ ഉതകിയിട്ടുണ്ടോ? 1994-ൽ കിഴക്കൻ മധ്യ ആഫ്രിക്കയിലെ റുവാണ്ടയിൽ നടന്ന കൂട്ടക്കുരുതികൾ, മുൻ യൂഗോസ്ലാവിയയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്ന വിനാശകരമായ യുദ്ധങ്ങൾ എല്ലാംതന്നെ മാനവഹൃദയത്തിൽ പതിയിരിക്കുന്ന ആഴമേറിയ വിദ്വേഷത്തെയും മുൻവിധികളെയും ഇല്ലാതാക്കുന്നതിൽ മതവിശ്വാസങ്ങൾ പൊതുവേ പരാജയമടഞ്ഞിരിക്കുന്നതായി ദൃഷ്ടാന്തീകരിക്കുന്നു. ബദ്ധപ്പെട്ടു നടത്തുന്ന വാരംതോറുമുള്ള കുമ്പസാരമോ കുർബാനയിലെ ക്രമമായ പങ്കെടുക്കലോ ആളുകൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിക്കു മാറ്റംവരുത്താൻ പോകുന്നില്ല. അതിനേക്കാൾ ശക്തമായ ഒരു സ്വാധീനം വേണ്ടിയിരിക്കുന്നു, ദൈവവചനം വിശ്വാസിയുടെ ഹൃദയവും മനസ്സും തുളച്ചിറങ്ങാൻ അനുവദിക്കപ്പെടുമ്പോൾ മാത്രം ഉളവാകുന്ന ഒന്ന്.
സത്യക്രിസ്ത്യാനിയുടെ നടത്തയിലുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനം, മതപരമായ അനുഷ്ഠാനക്രമങ്ങളുടെ ഫലമായിട്ടുളവാകുന്ന വൈകാരിക പ്രതികരണമല്ല, മറിച്ച്, ഓരോ വ്യക്തിയെയും സംബന്ധിച്ച ദൈവേഷ്ടത്തെക്കുറിച്ചുള്ള യുക്തിഭദ്രമായ ഗ്രാഹ്യമാണ്. അപ്പോസ്തലനായ പൗലോസ് എഴുതി: “നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിന്റെ പെരുമാറ്റത്തിന് അനുരൂപമാകാതെ പുതിയ മനസ്സിന് അനുരൂപമായി നിങ്ങളുടെ പെരുമാറ്റം രൂപാന്തരപ്പെടട്ടെ. ദൈവേഷ്ടം കണ്ടെത്താനും നല്ലത്, ദൈവം ആവശ്യപ്പെടുന്നത്, ചെയ്യാനുള്ള ഉത്തമസംഗതി എന്തെന്നു മനസ്സിലാക്കാനുമുള്ള മാർഗം ഇതു മാത്രമാണ്.” (റോമർ 12:1, 2, JB) ദൈവേഷ്ടം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനത്തിലേക്കു നയിക്കുന്ന ദൈവവചനത്തിന്റെ പഠനത്തിലൂടെയാണ് ഈ പുതിയ പെരുമാറ്റം നേടിയെടുക്കുന്നത്. മനസ്സിനെ പ്രചോദിപ്പിക്കുന്നതും ക്രിസ്തീയ നടത്തയിൽ കലാശിക്കുന്നതുമായ ഒരു ആത്മീയ ശക്തി അത് ഉളവാക്കുന്നു.—എഫെസ്യർ 4:23; കൊലൊസ്സ്യർ 1:9, 10.
സഭ ഒരു “നിർണായക വഴിത്തിരി”വിലോ?
സ്പാനിഷ് പത്രമായ എൽ പായീസ്, ജോൺ പോൾ II-ാമൻ പാപ്പായെ, 75-ാം വയസ്സിലും “അസാധാരണ വ്യക്തിപ്രഭാവ”മുള്ള ഒരാൾ എന്നു വിശേഷിപ്പിച്ചു. ഒരു യു.എസ്. പത്രമാകട്ടെ, അദ്ദേഹത്തെ “ബഹുജന മാധ്യമ വിദഗ്ധൻ” എന്നു വിളിച്ചു. മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ബഹുജനത്തെ തങ്ങളുടെ മക്കളുമായി കൂട്ടിയിണക്കുന്നതിലും അദ്ദേഹം വിദഗ്ധനാണ്. തന്റെ യാത്രകളിൽ, വത്തിക്കാൻ നഗരത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പാപ്പായുടെ സിംഹാസനത്തെ ഏറ്റവും നന്നായി അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. യുഎൻ-ൽ വത്തിക്കാന് ഔദ്യോഗിക അംഗീകാരമുണ്ടെങ്കിലും, സംഘടനയുടെമേലുള്ള പാപ്പായുടെ അനുഗ്രഹം അതിന് യഹോവയാം ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന ഉറപ്പു നൽകുന്നില്ല.
പാപ്പായുടെ സന്ദർശനത്തോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. തുറസ്സായ സ്ഥലത്തു നടത്തപ്പെട്ട കുർബാനയ്ക്കു പ്രവേശനം ലഭിച്ച ഒട്ടേറെ കത്തോലിക്കർക്ക് ആ അനുഭവം വൈകാരികമായി തങ്ങളെ ഉദ്ധരിച്ചതായി തോന്നി. എങ്കിലും ചില കത്തോലിക്കാ നേതാക്കന്മാർ സന്ദർശനത്തെയും അതിന്റെ സാധ്യമായ ഫലങ്ങളെയും കുറേക്കൂടെ നിഷേധാത്മക വീക്ഷണത്തോടെയാണു കൈക്കൊണ്ടത്. കാത്തലിക്ക് നാഷണൽ സെന്റർ ഫോർ പാസ്റ്ററൽ ലീഡർഷിപ്പിന്റെ പ്രസിഡന്റായ തിമോത്തി ബി. റേഗൻ, “പാപ്പായുടെ സന്ദർശനം വൃഥാവിലായി” എന്നു പറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് ഉദ്ധരിക്കുന്നു. “ഒട്ടേറെ ആളുകളെ സംബന്ധിച്ചിടത്തോളം സന്ദർശനം, ഉന്നമിപ്പിക്കുന്നതും വിശുദ്ധകർമപരമായി പ്രസക്തവുമായിരു”ന്നെങ്കിലും പല കത്തോലിക്കാ നേതാക്കന്മാരെയും സംബന്ധിച്ചിടത്തോളം അതു “പാപ്പായ്ക്ക് കേൾക്കുന്നതിനുള്ള അവസരവും ആശയവിനിയമം നടത്തുന്നതിനുള്ള ഏർപ്പാടുകളും” പ്രദാനം “ചെയ്തില്ല”. ഒട്ടേറെ കത്തോലിക്കർക്ക് ബ്രഹ്മചര്യം, ജനനനിയന്ത്രണം, വിവാഹമോചനം എന്നീ വാദവിഷയങ്ങളെ സംബന്ധിച്ചു തങ്ങൾ ഒരു സ്വഗതഭാഷണം കേൾക്കാൻ നിർബന്ധിതരാണെന്നാണ് തോന്നുന്നത്.
“സഭ നിർണായകമായ ഒരു വഴിത്തിരിവിലാ”ണെന്നു ചില കത്തോലിക്ക അധികാരികൾ സമ്മതിക്കുന്നു, ഒട്ടേറെ കത്തോലിക്കർക്ക് “പ്രത്യേകിച്ചും ചെറുപ്പക്കാർക്കു കത്തോലിക്കനായിരിക്കുകയെന്നാൽ എന്താണെന്ന ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെ”ന്നും അവർ ഭയപ്പെടുന്നു. കത്തോലിക്കാ പാരമ്പര്യവാദിയായ ജെയിംസ് ഹിച്ച്കോക്ക് “പ്രശ്നത്തെ, അധികമധികം യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുന്ന പുരോഹിത ശ്രേണിയും ഏതാണ്ട് സ്വതന്ത്രചിന്താഗതിക്കാരായ ‘ഇടനില കാര്യനിർവാഹക’രും തമ്മിലുള്ള വിനാശകരമായ ശീതസമരമായി വീക്ഷിക്കുന്നു”
സഭാശ്രേണിയിലെ പ്രതിസന്ധിയെ പാപ്പായുടെ സന്ദർശനം എപ്രകാരം ബാധിക്കുമെന്നതിനെപ്പറ്റി ഹിച്ച്കോക്ക് പ്രസ്താവിച്ചു: “അദ്ദേഹം ഇവിടെ വരുന്നു, സ്തുതിക്കപ്പെടുന്നു, സ്വന്തരാജ്യത്തേക്കു മടങ്ങിപ്പോകുന്നു—ഒന്നും സംഭവിക്കുന്നില്ല. പരിണതഫലങ്ങൾ നിരാശാജനകമാണെന്നാണ് എന്റെ വീക്ഷണം.” യഥാർഥ സമാധാനത്തിന്റെ ഉറവിടം എവിടെ കണ്ടെത്താമെന്ന് യുഎൻ-ലെ രാഷ്ട്രീയ നേതാക്കളോടു പറയാനുള്ള ഒരവസരം പാപ്പാ തീർച്ചയായും പാഴാക്കിക്കളഞ്ഞു.
യുഎൻ ചാർട്ടറും മനുഷ്യന്റെ പ്രചരണവും “സമാധാനവും സുരക്ഷിതത്വവും” എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകുന്നുണ്ടെങ്കിലും, വഞ്ചിക്കപ്പെടരുത്. ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “അവർ ‘സമാധാനമെന്നും സുരക്ഷിതത്വമെന്നും!’ പറയുന്നതെപ്പോഴോ അപ്പോൾത്തന്നെ ഗർഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേൽ വരും; അവർ യാതൊരു വിധത്തിലും രക്ഷപ്പെടുകയില്ല.” (1 തെസ്സലോനീക്യർ 5:3, NW) യഥാർഥ സമാധാനവും സുരക്ഷിതത്വവും ദൈവത്തിന്റെ ഇഷ്ടപ്രകാരവും അവന്റെ മാർഗത്തിലൂടെയും മാത്രമേ വരികയുള്ളൂ—അവന്റെ രാജ്യഭരണാധിപത്യത്തിലൂടെ, അല്ലാതെ യുഎൻ-ലൂടെയല്ല.
[അടിക്കുറിപ്പ്]
a വെളിപാടിലെ ഈ പ്രവചനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 240-51 പേജുകൾ കാണുക.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UN photos