വ്യാജസന്ദേശവാഹകർക്കു സമാധാനമില്ല!
“ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:9, 11.
1. “അന്ത്യകാലത്തു” സത്യം പറയുന്നവരും വ്യാജം പറയുന്നവരും സന്ദേശവാഹകരെ കാണുമെന്നു നാം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
സന്ദേശവാഹകർ—വ്യാജം പറയുന്നവരോ സത്യം പറയുന്നവരോ? രണ്ടുതരത്തിൽപ്പെട്ടവരും ബൈബിൾ കാലങ്ങളിലുണ്ടായിരുന്നു. എന്നാൽ നമ്മുടെ നാളുകളിലോ? ദാനീയേൽ 12:9, 10-ൽ സ്വർഗത്തിൽനിന്നുള്ള ഒരു സന്ദേശവാഹകൻ ദൈവത്തിന്റെ പ്രവാചകനോട് ഇങ്ങനെ പറയുന്നതായി നാം വായിക്കുന്നു: “ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു. പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ [“ഉൾക്കാഴ്ചയുള്ളവർ,” NW] ഗ്രഹിക്കും.” നാമിപ്പോൾ ജീവിക്കുന്നത് ആ “അന്ത്യകാല”ത്താണ്. ‘ദുഷ്ടന്മാരും’ ‘ഉൾക്കാഴ്ചയുള്ളവരും’ തമ്മിലുള്ള വലിയ വ്യത്യാസം നാം കാണുന്നുണ്ടോ? തീർച്ചയായും!
2. ഇന്ന് യെശയ്യാവു 57:20, 21 നിവൃത്തിയേറുന്നതെങ്ങനെ?
2 57-ാം അധ്യായത്തിന്റെ 20, 21 വാക്യങ്ങളിൽ, നാം ദൈവത്തിന്റെ സന്ദേശവാഹകനായ യെശയ്യാവിന്റെ വാക്കുകൾ വായിക്കുന്നു: “ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. ദുഷ്ടന്മാർക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.” 21-ാം നൂറ്റാണ്ടിലേക്കു കാലൂന്നുന്ന നമ്മുടെ ലോകത്തെ ഈ വാക്യം എത്ര കൃത്യമായി വർണിക്കുന്നു! ‘നാം എന്നെങ്കിലും ആ നൂറ്റാണ്ടിലെത്തുമോ?’ എന്നുപോലും ചിലർ ചോദിച്ചേക്കാം. ഉൾക്കാഴ്ചയുള്ള സന്ദേശവാഹകർക്ക് നമ്മോട് എന്താണു പറയാനുള്ളത്?
3. (എ) 1 യോഹന്നാൻ 5:19-ൽ ഏതു വൈരുദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു? (ബി) “ഉൾക്കാഴ്ചയുള്ള”വരെ വെളിപ്പാടു 7-ാം അധ്യായത്തിൽ എങ്ങനെ വർണിച്ചിരിക്കുന്നു?
3 യോഹന്നാൻ അപ്പോസ്തലനു ദിവ്യ നിശ്വസ്ത ഉൾക്കാഴ്ചയുണ്ടായിരുന്നു. 1 യോഹന്നാൻ 5:19-ൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ഈ ലോകത്തിൽനിന്നു വ്യത്യസ്തരായ 1,44,000 ആത്മീയ ഇസ്രായേല്യരുണ്ട്. അവരിൽപ്പെട്ട വൃദ്ധരായ ഒരു ശേഷിപ്പ് ഇപ്പോഴും നമ്മോടു കൂടെയുണ്ട്. അവരോടൊപ്പം ഇന്നൊരു “മഹാപുരുഷാരം” ചേർന്നിട്ടുണ്ട്. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള” അവരുടെ—അവരും ഉൾക്കാഴ്ചയുള്ളവർതന്നെ—എണ്ണമിപ്പോൾ 50 ലക്ഷത്തിലധികമായിരിക്കുന്നു. “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ” ആണ്. അവർക്കു പ്രതിഫലം ലഭിക്കുന്നതെന്തുകൊണ്ട്? എന്തെന്നാൽ അവരും യേശുവിന്റെ മറുവിലയിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” പ്രകാശത്തിന്റെ സന്ദേശവാഹകരെന്ന നിലയിൽ, അവരും “രാപ്പകൽ [ദൈവത്തെ] ആരാധിക്കുന്നു.”—വെളിപ്പാടു 7:4, 9, 14, 15.
സമാധാന സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവർ
4. (എ) സാത്താന്റെ ലോകത്തിൽ സമാധാന സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവർ അവസാനം പരാജയപ്പെടുന്നതെന്തുകൊണ്ട്? (ബി) എഫെസ്യർ 4:18, 19 ഇന്നു ബാധകമാകുന്നതെങ്ങനെ?
4 എന്നാൽ സാത്താന്റെ ലോകവ്യവസ്ഥിതിയിൽ സമാധാന സന്ദേശവാഹകർ എന്ന് അവകാശപ്പെടുന്നവരുടെ കാര്യമോ? യെശയ്യാവു 33-ാം അധ്യായം 7-ാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നു: “ഇതാ അവരുടെ ശൌര്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.” സമാധാനമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ട് ലോക തലസ്ഥാനങ്ങൾതോറും വെകിളിപിടിച്ചു പായുന്നവരുടെ കാര്യത്തിൽ ഇത് എത്ര സത്യം! അവരുടെ ശ്രമം എത്രയോ വ്യർഥം! എന്തുകൊണ്ടാണങ്ങനെ? എന്തെന്നാൽ രോഗകാരണം നീക്കാൻ പാടുപെടുന്നതിനുപകരം രോഗലക്ഷണങ്ങളെയാണ് അവർ ചികിത്സിക്കുന്നത്. ഒന്നാമത്, സാത്താൻ ഉണ്ടെന്നതിനെക്കുറിച്ച് അവർ അന്ധരാണ്. പൗലൊസ് സാത്താനെ വർണിക്കുന്നതുതന്നെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നാണ്. (2 കൊരിന്ത്യർ 4:4, NW) സാത്താൻ മനുഷ്യവർഗത്തിനിടയിൽ ദുഷ്ടതയുടെ വിത്തുകൾ വിതച്ചിരിക്കുന്നു. ഫലമോ, അനേകം ഭരണാധിപന്മാർ ഉൾപ്പെടെ, ഭൂരിപക്ഷം ആളുകളും എഫെസ്യർ 4:18, 19-ലെ വിവരണം പറയുന്നതുപോലെയാണ്: “അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യംനിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.”
5. (എ) മനുഷ്യ സംഘടനകൾ സമാധാനം ഉണ്ടാക്കാൻ പരാജയപ്പെടുന്നതെന്തുകൊണ്ട്? (ബി) സങ്കീർത്തനം 37 ആശ്വാസപ്രദമായ എന്തു സന്ദേശം നൽകുന്നു?
5 ഇന്നെവിടെയും കാണുന്ന അത്യാഗ്രഹം, സ്വാർഥത, വിദ്വേഷം എന്നിവ മനുഷ്യ ഹൃദയത്തിൽനിന്നു പിഴുതെറിയാൻ അപൂർണ മനുഷ്യരുടെ യാതൊരു സംഘടനയ്ക്കും കഴിയുകയില്ല. പരമാധീശ കർത്താവും നമ്മുടെ സ്രഷ്ടാവുമായ യഹോവയ്ക്കു മാത്രമേ അതിനു കഴിയൂ! അതിലുപരി, അവന്റെ മാർഗനിർദേശത്തിനു കീഴ്പെടാൻ മനസ്സുള്ളതോ മനുഷ്യവർഗത്തിൽ ഒരു ന്യൂനപക്ഷമായ സൗമ്യർക്കുമാത്രം. ഇവർക്കും ലോകത്തിലെ ദുഷ്ടന്മാർക്കും എന്തു സംഭവിക്കുമെന്ന് സങ്കീർത്തനം 37:9-11-ൽ വിവരിക്കുന്നുണ്ട്: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും. സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”
6, 7. സമാധാനത്തിന്റെ സന്ദേശവാഹകരായി സേവിക്കാൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ലോകമതങ്ങളുടെ ഏതു മുൻകാലചെയ്തികൾ പ്രകടമാക്കുന്നു?
6 ദുരിതപൂർണമായ ഈ ലോകത്തിലെ മതങ്ങൾക്കിടയിൽ സമാധാന സന്ദേശവാഹകരെ കണ്ടെത്താനാകുമോ? മതങ്ങളുടെ മുൻകാലചെയ്തികൾ എന്താണ്? നൂറ്റാണ്ടുകളിലുടനീളം സംഭവിച്ചിട്ടുള്ള രക്തച്ചൊരിച്ചിലുകളിൽ മതങ്ങൾക്കു പങ്കുണ്ടെന്നുമാത്രമല്ല, അതിൽ മിക്കതിനും പ്രേരണ നൽകിയതും മതങ്ങൾതന്നെയാണെന്ന് ചരിത്രം പ്രകടമാക്കുന്നു. ഉദാഹരണമായി, 1995 ആഗസ്റ്റ് 30-ലെ ക്രിസ്ത്യൻ സെഞ്ച്വറി മുൻ യൂഗോസ്ലാവിയയിലെ കുഴപ്പങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ട് പ്രസ്താവിച്ചു: “സെർബിയക്കാരുടെ നിയന്ത്രണത്തിലുള്ള ബോസ്നിയയിൽ, സ്വയം അവരോധിത പാർലമെൻറിന്റെ മുൻനിരയിൽത്തന്നെയാണ് പുരോഹിതന്മാരുടെ സ്ഥാനം. കൂടാതെ യുദ്ധമുന്നണികളിൽവെച്ച് പോരാട്ടത്തിനുമുമ്പായി അവർ സൈനികവ്യൂഹങ്ങളെയും ആയുധങ്ങളെയും ആശീർവദിക്കുന്നു.”
7 എൺപതു ശതമാനവും കത്തോലിക്കരാണെന്നു പേരുകേട്ട റുവാണ്ടയിൽ സംഭവിച്ചതിൽനിന്നു മനസ്സിലാക്കാവുന്നതുപോലെ, ആഫ്രിക്കയിൽ ക്രൈസ്തവലോകം നടത്തിയ ഒരു നൂറ്റാണ്ടുകാലത്തെ മിഷനറിവേലകൊണ്ടു മെച്ചമുണ്ടായിട്ടില്ല. 1995 ജൂലൈ 7-ലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു: “ലീയോൺസിൽനിന്നു [ഫ്രാൻസ്] പ്രസിദ്ധീകരിക്കുന്ന, വിശാലചിന്താഗതിക്കാരായ അയ്മേനികളുടെ ഗൊല്യ എന്നൊരു കത്തോലിക്കാ മാസിക കഴിഞ്ഞവർഷം റുവാണ്ടയിലെ മനുഷ്യക്കുരുതിയിൽ പങ്കെടുക്കുകയോ കൊല്ലാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത 27-ലധികം റുവാണ്ടൻ പുരോഹിതന്മാരുടെയും നാലു കന്യാസ്ത്രീകളുടെയും പേരുകൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നു.” ആഫ്രിക്കൻ റൈറ്റ്സ് എന്ന ലണ്ടനിലുള്ള ഒരു മനുഷ്യാവകാശ സംഘടന ഈ പരാമർശം നടത്തി: “മൗനം അവലംബിച്ചതിനു മാത്രമല്ല, ചില പുരോഹിതന്മാരും പാസ്റ്റർമാരും കന്യാസ്ത്രീകളും വർഗീയ കശാപ്പിൽ സജീവമായി പങ്കെടുത്തതിനും സഭകൾ ഉത്തരവാദിത്വം പേറണം.” ഇതിന് ഇസ്രായേലിലെ സ്ഥിതിവിശേഷവുമായി സാമ്യമുണ്ട്. അന്ന് യഹോവയുടെ യഥാർഥ സന്ദേശവാഹകനായ യിരെമ്യാവ് ഇസ്രായേലിലെ ഭരണാധിപന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും കുറിച്ചുള്ള വിവരണത്തോടൊപ്പം ഇസ്രായേലിന്റെ ‘ലജ്ജ’യെക്കുറിച്ചു പറയുകയുണ്ടായി. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുററമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു.”—യിരെമ്യാവു 2:26, 34.
8. യിരെമ്യാവ് സമാധാന സന്ദേശവാഹകനായിരുന്നെന്ന് പറയാവുന്നതെന്തുകൊണ്ട്?
8 യിരെമ്യാവിനെ പലപ്പോഴും വിനാശ പ്രവാചകനെന്നു വിളിക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ സമാധാന സന്ദേശവാഹകൻ എന്നും അവനെ വിളിക്കാവുന്നതാണ്. തനിക്കുമുമ്പ് യെശയ്യാവ് ചെയ്തതുപോലെ, അവനും സമാധാനത്തെക്കുറിച്ചു കൂടെക്കൂടെ പരാമർശിച്ചു. പിൻവരുന്നപ്രകാരം പ്രസ്താവിച്ചുകൊണ്ട്, യെരൂശലേമിൻമേലുള്ള ന്യായവിധി പ്രഖ്യാപിക്കാൻ യഹോവ യിരെമ്യാവിനെ ഉപയോഗിച്ചു: “അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു. എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.” (യിരെമ്യാവു 32:31, 32) ഇത് ഇന്നത്തെ ഭരണാധിപന്മാരുടെയും ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിന്റെയും മേലുള്ള യഹോവയുടെ ന്യായവിധിയുടെ മുൻനിഴലായിരുന്നു. യഥാർഥ സമാധാനം കളിയാടണമെങ്കിൽ, ദുഷ്കൃത്യവും അക്രമവും ഇളക്കിവിടുന്ന ഇക്കൂട്ടർ നീക്കംചെയ്യപ്പെടണം! അവർ തീർച്ചയായും സമാധാന സന്ദേശവാഹകരല്ല.
യുഎൻ—സമാധാനത്തിനുവേണ്ടിയോ?
9. സമാധാന സന്ദേശവാഹകനാണെന്ന് യുഎൻ അവകാശപ്പെട്ടിരിക്കുന്നതെങ്ങനെ?
9 യഥാർഥ സമാധാന സന്ദേശവാഹകൻ ആയിരിക്കാൻ ഐക്യരാഷ്ട്രങ്ങൾക്കു കഴിയുകയില്ലേ? എന്തൊക്കെയായാലും, ഹിറോഷിമയിൽ അണുബോംബു നാശംവിതറുന്നതിന് കേവലം 41 ദിവസംമുമ്പ്, അതായത് 1945 ജൂണിൽ സമർപ്പിക്കപ്പെട്ട, അതിന്റെ ഭരണവ്യവസ്ഥയുടെ മുഖവുരയിൽ അതിന്റെ ലക്ഷ്യം പ്രസ്താവിക്കുകയുണ്ടായി: “വരുംതലമുറയെ യുദ്ധത്തിന്റെ വിപത്തിൽനിന്നു രക്ഷിക്കുക.” ഐക്യരാഷ്ട്രങ്ങളുടെ അംഗങ്ങളാകാനുള്ള 50 രാഷ്ട്രങ്ങൾ “സാർവദേശീയ സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിനു [തങ്ങളുടെ] ശക്തി ഏകോപിപ്പി”ക്കണമായിരുന്നു. ഇന്ന് യുഎൻ-ൽ 185 അംഗരാഷ്ട്രങ്ങളുണ്ട്. അതേ ലക്ഷ്യത്തിനുവേണ്ടിത്തന്നെയാണു തങ്ങളും നിലകൊള്ളുന്നതെന്നാണ് ഇവരെല്ലാം പറയുന്നത്.
10, 11. (എ) മതനേതാക്കന്മാർ യുഎൻ-നെ പിന്തുണച്ചുകൊണ്ടു സംസാരിച്ചിരിക്കുന്നതെങ്ങനെ? (ബി) പാപ്പാമാർ “ദൈവരാജ്യത്തിന്റെ സുവാർത്ത”യെ തെറ്റായി പ്രതിനിധാനം ചെയ്തിരിക്കുന്നതെങ്ങനെ?
10 വർഷങ്ങളിലുടനീളം യുഎൻ-നു വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്, വിശേഷിച്ചും മതനേതാക്കന്മാരിൽനിന്ന്. 1963 ഏപ്രിൽ 11-ന് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ “പാച്ചേം ഇൻ തെറിസ്” (ഭൂമിയിൽ സമാധാനം) എന്ന ശീർഷകമുള്ള ഒരു ഇടയലേഖനത്തിൽ ഒപ്പിട്ടു. അതിൽ അദ്ദേഹം പ്രസ്താവിച്ചു: “ഐക്യരാഷ്ട്ര സംഘടന അതിന്റെ ഘടനയിലും മാർഗങ്ങളിലും അതിന്റെ ഉദ്യമങ്ങളുടെ വ്യാപ്തിക്കും ശ്രേഷ്ഠതയ്ക്കുമൊപ്പം എത്തട്ടെയെന്നാണ് ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം.” പിന്നീട്, 1965-ൽ, ലോകജനതയുടെ ഏതാണ്ട് പകുതിയെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മതനേതാക്കന്മാർ സാൻ ഫ്രാൻസിസ്കോയിൽ യുഎൻ-ന്റെ 20-ാം പിറന്നാൾ ആഘോഷിക്കുകയുണ്ടായി. കൂടാതെ 1965-ൽ പോൾ ആറാമൻ പാപ്പാ യുഎൻ സന്ദർശനവേളയിൽ അതിനെ “ഐകമത്യത്തിന്റെയും സമാധാനത്തിന്റെയും അവസാന പ്രതീക്ഷ”യെന്നു വർണിച്ചു. 1986-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ യുഎൻ സാർവദേശീയ സമാധാന വർഷം കൊണ്ടാടുന്നതിൽ സഹകരിച്ചു.
11 വീണ്ടും, 1995 ഒക്ടോബറിലെ സന്ദർശനത്തിൽ, പാപ്പാ ഇങ്ങനെ പ്രഖ്യാപിച്ചു: “നാമിന്നു ദൈവരാജ്യ സുവാർത്ത ഉയർത്തിപ്പിടിക്കുന്നു. എന്നാൽ വാസ്തവത്തിൽ അദ്ദേഹം രാജ്യസുവാർത്ത ഘോഷിക്കുന്ന ദൈവത്തിന്റെ സന്ദേശവാഹകനാണോ? ലോകപ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കവെ, അദ്ദേഹം തുടർന്നിങ്ങനെ പറഞ്ഞു: “നാം ഈ ഭയങ്കര വെല്ലുവിളികളെ നേരിടവെ, ഐക്യരാഷ്ട്ര സംഘടനയുടെ പങ്ക് എങ്ങനെ അംഗീകരിക്കാതിരിക്കും?” ദൈവരാജ്യമല്ല, യുഎൻ ആണു പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.
‘അതിദുഃഖത്തോടെ കരയുന്നതിനുള്ള’ കാരണങ്ങൾ
12, 13. (എ) യിരെമ്യാവു 6:14-ൽ വർണിച്ചിരിക്കുന്ന വിധത്തിൽ യുഎൻ പ്രവർത്തിച്ചിരിക്കുന്നതെങ്ങനെ? (ബി) യെശയ്യാവു 33:7-ലെ വർണനയിൽ യുഎൻ നേതൃത്വവും ഉൾപ്പെടുന്നതെന്തുകൊണ്ട്?
12 യുഎൻ-ന്റെ 50-ാം വാർഷികാഘോഷം “ഭൂമിയിൽ സമാധാനം” ഉണ്ടാകുന്നതിനുള്ള എന്തെങ്കിലും സാധ്യതയെ വെളിപ്പെടുത്തുന്നതായിരുന്നില്ല. അതിന്റെ ഒരു കാരണം കാനഡയിലെ ദ റ്റൊറൊന്റൊ സ്റ്റാറിലെ ഒരു ലേഖനം പറയുന്നുണ്ട്. അതിന്റെ ലേഖകൻ എഴുതി: “യുഎൻ പല്ലില്ലാത്ത ഒരു സിംഹമാണ്. മനുഷ്യരുടെ കാട്ടാളത്തം കാണുമ്പോൾ അതു ഗർജിക്കും, പക്ഷേ കടിക്കണമെങ്കിൽ അതിന് അതിന്റെ അംഗങ്ങൾ വെപ്പുപല്ലു വെച്ചുകൊടുക്കുന്നതുവരെ കാത്തുനിൽക്കണം.” ആ കടി മിക്കപ്പോഴും അങ്ങേയറ്റം ദുർബലവും ഏറ്റവും വൈകിയതുമാണ്. ഇന്നത്തെ ലോക വ്യവസ്ഥിതിയിലെ, വിശേഷിച്ചും ക്രൈസ്തവലോകത്തിലെ സമാധാന സന്ദേശവാഹകർ യിരെമ്യാവു 6:14-ലെ വാക്കുകൾ പ്രതിധ്വനിപ്പിച്ചുകൊണ്ടിരിക്കുന്നു: “സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.”
13 യുഎൻ സെക്രട്ടറി-ജനറൽസ്ഥാനം അലങ്കരിച്ച ഓരോരുത്തരും യുഎൻ-നെ വിജയിപ്പിക്കാനുള്ള ശ്രമത്തിൽ, തീർച്ചയായും ആത്മാർഥമായിത്തന്നെ, കഠിനവേല ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധ നിയന്ത്രണം, നയരൂപീകരണം, ധനവിനിയോഗം എന്നിവയെക്കുറിച്ചെല്ലാം പലവിധ ഉദ്ദേശ്യങ്ങളുള്ള 185 അംഗങ്ങൾക്കിടയിലെ അന്തമില്ലാത്ത ശണ്ഠകൾ വിജയത്തിലേക്കുള്ള വഴിയിലെ പ്രതിബന്ധങ്ങളാണ്. 1995-ലെ വാർഷിക റിപ്പോർട്ടിൽ, “ആഗോള ആണവ അത്യാപത്ത് എന്ന ദുർഭൂതം” പിൻവാങ്ങുകയാണെന്നും മുഴുമനുഷ്യവർഗത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി രാഷ്ട്രങ്ങൾ ഒരുമിച്ചു പ്രവർത്തിക്കു”ന്നതിനുള്ള വഴി തുറക്കുകയാണെന്നും അന്നത്തെ സെക്രട്ടറി-ജനറൽ എഴുതി. എന്നാൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “സങ്കടകരമെന്നു പറയട്ടെ, ആ ശുഭാപ്തിവിശ്വാസ പ്രതീക്ഷകളെ മിക്കവാറും തകിടംമറിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകരംഗത്ത് അരങ്ങേറിയിരിക്കുന്നത്.” സത്യമായും, സമാധാനത്തിന്റെ സന്ദേശവാഹകരെന്നു പറയുന്നവർ ‘അതിദുഃഖത്തോടെ കരയുക’യാണ്.
14. (എ) യുഎൻ-ൽ സാമ്പത്തികവും ധാർമികവുമായ പാപ്പരത്തമുണ്ടെന്നു പറയാവുന്നതെന്തുകൊണ്ട്? (ബി) യിരെമ്യാവു 8:15 നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതെങ്ങനെ?
14 കാലിഫോർണിയയിൽനിന്നുള്ള ദി ഓറഞ്ച് കൗണ്ടി റെജിസ്റ്ററിലെ ഒരു മുഖ്യവാർത്താ തലക്കെട്ട് ഇതാണ്: “യുഎൻ-ൽ സാമ്പത്തികവും ധാർമികവുമായ പാപ്പരത്തം.” 1945-നും 1990-നുമിടയിൽ 80-ലധികം യുദ്ധങ്ങൾ നടന്നെന്നും തത്ഫലമായി മൂന്നു കോടിയിലധികമാളുകൾ കൊല്ലപ്പെട്ടെന്നും ലേഖനം പ്രസ്താവിച്ചു. അത് “‘കഴിവു കുറഞ്ഞ സൈന്യാധിപന്മാർ, അച്ചടക്കമില്ലാത്ത പടയാളികൾ, അക്രമികളുമായുള്ള സഖ്യങ്ങൾ, അക്രമങ്ങൾ തടയാനുള്ള പരാജയം എന്നിവയും ചിലപ്പോഴൊക്കെ ഭീകരാവസ്ഥ വർധിപ്പിക്കുന്നതും’ യുഎൻ സൈനിക നടപടികളുടെ പ്രത്യേകതകളാ”യി വർണിക്കുകയും കൂടാതെ “‘പാഴ്ചെലവിന്റെയും തട്ടിപ്പിന്റെയും ദുർവിനിയോഗത്തിന്റെയും വ്യാപ്തി ഭയങ്കരംതന്നെ’”യെന്നു പറയുകയും ചെയ്ത റീഡേഴ്സ് ഡൈജസ്റ്റിന്റെ 1995 ഒക്ടോബർ ലക്കത്തിലെ ഒരു ലേഖകനെ ഉദ്ധരിക്കുകയുണ്ടായി. “യുഎൻ 50-ാം വർഷത്തിൽ,” എന്ന ശീർഷകമുള്ള ലേഖനത്തിന്റെ ഒരു ഉപശീർഷകം “വികല കാര്യനിർവഹണവും പാഴ്ചെലവും യുഎൻ-ന്റെ ഏറ്റവും നല്ല ഉദ്ദേശ്യങ്ങൾക്കു തുരങ്കംവെക്കുന്നു” എന്നായിരുന്നു. ലണ്ടനിലെ ദ ടൈംസിൽ വന്ന ഒരു ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമായിരുന്നു: “50-ാം വയസ്സിൽ അവശത—ആരോഗ്യം വീണ്ടെടുക്കാൻ യുഎൻ-ന് വ്യായാമം ആവശ്യം.” വാസ്തവത്തിൽ, യിരെമ്യാവു 8-ാം അധ്യായം 15-ാം വാക്യത്തിൽ നാം വായിക്കുന്നതുപോലെയാണ് സ്ഥിതിവിശേഷം: “സമാധാനത്തിന്നായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!” മനുഷ്യരാശി ഇപ്പോഴും ആണവവിനാശത്തിന്റെ ഭീഷണിയിൽത്തന്നെ. വ്യക്തമായും, മനുഷ്യവർഗത്തിന് ആവശ്യമായിരിക്കുന്ന സമാധാനത്തിന്റെ സന്ദേശവാഹകൻ അല്ല യുഎൻ.
15. പുരാതന ബാബിലോനും അതിന്റെ മതസന്താനങ്ങളും നാശകാരിയും മന്ദീകാരിയുമാണെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
15 ഇതിന്റെയെല്ലാം പരിണതഫലം എന്തായിരിക്കും? യഹോവയുടെ പ്രാവചനിക വചനം യാതൊരു സന്ദേഹത്തിനും ഇട നൽകുന്നില്ല. ഒന്നാമതായി, ലോകത്തിലെ വ്യാജമതങ്ങളുടെ കാര്യം. യുഎൻ-നുമായി മിക്കപ്പോഴും വളരെ സൗഹൃദത്തിൽ കഴിഞ്ഞുപോരുന്ന അവയ്ക്ക് എന്താണു സംഭവിക്കാനിരിക്കുന്നത്? വിഗ്രഹാരാധനയുടെ കേന്ദ്രമായ, പുരാതന ബാബിലോന്റെ സന്താനങ്ങളാണ് അവ. ഉചിതമായിത്തന്നെ, വെളിപ്പാടു 17:5-ൽ അവയെ “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു” എന്നു വർണിച്ചിരിക്കുന്നു. യിരെമ്യാവ് ഈ കപടസഖ്യത്തിന്റെ നാശത്തെക്കുറിച്ചു വർണിച്ചു. വേശ്യയെപ്പോലെ, അവ ഭൂമിയിലെ രാഷ്ട്രീയക്കാരെ വശീകരിച്ചിരിക്കുകയും യുഎൻ-നെ പുകഴ്ത്തുകയും അതിലെ അംഗരാഷ്ട്രങ്ങളുമായി അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലെ യുദ്ധങ്ങളിൽ അവർ കാര്യമായ പങ്കുവഹിച്ചിരിക്കുന്നു. ഇന്ത്യയിലെ മതയുദ്ധങ്ങളെ പരാമർശിച്ച് ഒരു ഭാഷ്യകാരൻ പ്രസ്താവിച്ചു: “മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നു കാൾ മാക്സ് പരാമർശിച്ചു. എന്നാൽ ആ പ്രസ്താവന ശരിയല്ല, കാരണം കറുപ്പ് ഒരു മന്ദീകാരിയാണ്, അത് ആളുകളെ മയക്കുന്നു. മറിച്ച്, മതം ക്രാക്ക് കൊക്കെയ്ൻ പോലെയാണ്. അതു ഘോരമായ അക്രമം ഇളക്കിവിടുന്നു, അതു വളരെ നാശകരമായ ഒരു ശക്തിയാണ്.” ആ എഴുത്തുകാരൻ പറഞ്ഞതും പൂർണമായി ശരിയല്ല. വ്യാജമതത്തിന് ആ രണ്ടു പ്രത്യേകതകളുമുണ്ട്, അതു മന്ദീകാരിയും നാശകാരിയുമാണ്.
16. പരമാർഥഹൃദയർ ഇപ്പോൾ മഹാബാബിലോനിൽനിന്ന് ഓടിപ്പോരേണ്ടത് എന്തുകൊണ്ട്? (വെളിപ്പാടു 18:4, 5 കൂടെ കാണുക.)
16 അപ്പോൾ പരമാർഥഹൃദയർ എന്താണു ചെയ്യേണ്ടത്? ദൈവത്തിന്റെ സന്ദേശവാഹകനായ യിരെമ്യാവ് ഉത്തരം നൽകുന്നു: “ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ . . . ഇതു യഹോവയുടെ പ്രതികാരകാലമല്ലോ.” വ്യാജമതലോകസാമ്രാജ്യമായ ബാബിലോന്റെ പിടിയിൽനിന്നു ലക്ഷക്കണക്കിനാളുകൾ പുറത്തുവന്നിരിക്കുന്നതിൽ നമുക്കു സന്തോഷമുണ്ട്. നിങ്ങൾ ഇവരിലൊരാളാണോ? എങ്കിൽ മഹാബാബിലോൻ ഭൂമിയിലെ ജനതകളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്നു നിങ്ങൾക്കു നന്നായി മനസ്സിലാകും: “ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ടു അവർക്കു ഭ്രാന്തുപിടിച്ചു.”—യിരെമ്യാവു 51:6, 7.
17. മഹാബാബിലോനുമേൽ ഏതു ന്യായവിധി നടക്കാറായിരിക്കുന്നു, ആ നടപടിയെത്തുടർന്ന് എന്തുണ്ടാകും?
17 താമസിയാതെതന്നെ, യുഎൻ-ലെ “ഭ്രാന്തുപിടിച്ച” അംഗങ്ങൾ യഹോവയുടെ കയ്യിലെ ഉപകരണങ്ങളായി വ്യാജമതത്തിനെതിരെ തിരിയും, വെളിപ്പാടു 17:16-ൽ വർണിച്ചിരിക്കുന്നതുപോലെ: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” ഇത് മത്തായി 24:21-ൽ പരാമർശിച്ചിരിക്കുന്ന മഹോപദ്രവത്തിനു തുടക്കം കുറിക്കും. അതിന്റെ പാരമ്യം സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ അർമഗെദോനിലായിരിക്കും. പുരാതന ബാബിലോനെപ്പോലെ, യിരെമ്യാവു 51:13, 25-ൽ പറഞ്ഞിരിക്കുന്ന ന്യായവിധി മഹാബാബിലോനു ലഭിക്കും: “വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു. സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.” യഹോവയുടെ പ്രതികാരദിവസത്തിൽ മതങ്ങൾക്കുപിന്നാലെ ദുഷിച്ചതും യുദ്ധക്കൊതിപൂണ്ടതുമായ രാഷ്ട്രങ്ങളും നശിപ്പിക്കപ്പെടും.
18. യെശയ്യാവു 48:22 എപ്പോൾ, എങ്ങനെ വീണ്ടും നിവർത്തിക്കും?
18 ദുഷ്ടന്മാരെക്കുറിച്ച് 1 തെസ്സലൊനീക്യർ 5:3-ൽ [NW] ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവർ ‘സമാധാനം, സുരക്ഷിതത്വം!’ എന്നു പറയുന്നതെപ്പോഴോ അപ്പോൾ, ഗർഭിണിക്കുണ്ടാകുന്ന കഠിനവേദന പോലെ ശീഘ്രനാശം അവരുടെമേൽ ക്ഷണത്തിൽ വരും; അവർ ഒരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.” ഇവരെക്കുറിച്ചുതന്നെ യെശയ്യാവും പ്രസ്താവിച്ചിട്ടുണ്ട്: “ഇതാ . . . സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.” (യെശയ്യാവു 33:7) തീർച്ചയായും, നാം യെശയ്യാവു 48:22-ൽ വായിക്കുന്നതുപോലെ, “ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” എന്നാൽ ദൈവസമാധാനത്തിന്റെ യഥാർഥ സന്ദേശവാഹകർക്ക് എന്തു ഭാവിയാണുള്ളത്? നമ്മുടെ അടുത്ത ലേഖനം അതേക്കുറിച്ചു പറയുന്നതാണ്.
പുനരവലോകന ചോദ്യങ്ങൾ
□ ദൈവത്തിന്റെ പ്രവാചകന്മാർ വ്യാജം പറയുന്ന സന്ദേശവാഹകരെ ഏതു ശക്തമായ വാക്കുകളോടെ തുറന്നുകാട്ടിയിരിക്കുന്നു?
□ നിലനിൽക്കുന്ന സമാധാനം കൊണ്ടുവരാൻ മനുഷ്യ സംഘടനകൾ പരാജയപ്പെടുന്നതെന്തുകൊണ്ട്?
□ യഥാർഥ സമാധാന സന്ദേശവാഹകർ യുഎൻ-നെ പിന്തുണയ്ക്കുന്നവരിൽനിന്നു വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
□ യഹോവയുടെ വാഗ്ദത്ത സമാധാനം ആസ്വദിക്കുന്നതിനു സൗമ്യർ എന്തു ചെയ്യണം?
[15-ാം പേജിലെ ചിത്രം]
യെശയ്യാവും യിരെമ്യാവും ദാനീയേലും മമനുഷ്യന്റെ സമാധാന ശ്രമങ്ങളുടെ പരാജയം മുൻകൂട്ടിപ്പറഞ്ഞു
[16-ാം പേജിലെ ചിത്രം]
“സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”—യോഹന്നാൻ അപ്പോസ്തലൻ
[17-ാം പേജിലെ ചിത്രം]
‘അവർ മാനസികമായി അന്ധകാരത്തിലാണ്’—പൗലൊസ് അപ്പോസ്തലൻ