വിയറ്റ്നാം—30-ാളം വർഷത്തെയുദ്ധം സഹിച്ചുനിൽക്കുന്നു
ഗുയെൻ തൈഹൂംഗു് പറഞ്ഞപ്രകാരം
വിയറ്റ്നാമിൽ 1950 സെപ്റ്റംമ്പർ 18നായിരുന്നു അതു സംഭവിച്ചതു്. ഫ്രഞ്ചു് അധിനിവേശസൈന്യം ഏകദേശം നൂറുഭടൻമാരടങ്ങുന്ന ഞങ്ങളുടെ പ്രധിരോധസൈന്യത്തിനെതിരെ ഒരു പോരാട്ടം അഴിച്ചുവിട്ടു. ഞങ്ങൾ ഒരു യുദ്ധരംഗത്തുനിന്നു് ഏതാനും ദിവസത്തെ വിശ്രമത്തിനു വേണ്ടി ഹാവോബിൻ എന്ന ചെറുഗ്രാമത്തിൽ മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളു.
ഞാൻ 1923 ജാനുവരിയിലായിരുന്നു ജനിച്ചതു്. ഏകദേശം ഒരു നൂറ്റാണ്ടോളമായി നിലവിലിരുന്ന ഫ്രഞ്ചു് ആധിപത്യത്തിൻകീഴിൽ വളർന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി ഞങ്ങളുടെ ജീവൻ ബലിചെയ്യാൻ തയ്യാറായിരുന്നു. ഫ്രഞ്ചു് ആധിപത്യത്തിൽനിന്നുള്ള സ്വാതന്ത്രത്തിനുവേണ്ടിയുള്ള ഞങ്ങളുടെ യുദ്ധം 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ഉടൻ ആരംഭിച്ചു. അതിനു് ഒരു സമരമുഖമോ പ്രത്യേക രണാങ്കണമോ ഉണ്ടായിരുന്നില്ല. എന്നാൽ എല്ലായിടത്തും പോരാട്ടമായിരുന്നു. പടയാളികൾ ഗ്രാമീണരുടെ ഭവനങ്ങളിൽ അഭയം തേടി, അവിടെ അവർ പോഷിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു.
ഇപ്പോൾ, ഞങ്ങൾ വസിച്ചിരുന്ന ഗ്രാമം കത്തി ചാമ്പലാകത്തക്കവണ്ണം യന്ത്രതോക്കുകൾ ഉപയോഗിച്ചു് വെടിവെച്ചുകൊണ്ടു് പോർവിമാനങ്ങൾ കറങ്ങിക്കൊണ്ടിരുന്നു. അവിടത്തെ നിവാസികൾ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചു് നെൽവയലുകളിലേക്കു് ഓടി രക്ഷപെട്ടു. മറ്റുള്ളവർ നദിയിലേക്കോ പട്ടാളക്കാർ കുഴിച്ചിരുന്ന കുഴികളിലേക്കോ ചാടി. വിമാനങ്ങൾ അലറുകയും വെടിയുണ്ടകൾ ചീറിപ്പായുകയും ചെയ്യവേ എവിടെയും മരണം സംഭവിച്ചുകൊണ്ടിരുന്നു.
വിമാനങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ഫ്രഞ്ചു് ഗൺബോട്ടുകൾ നദിയിലൂടെ ചുറ്റിത്തിരിയുകയും കരയിലേക്കു് വെടിവെക്കുകയും ചെയ്തു. എല്ലാഭാഗത്തുമുണ്ടായിരുന്ന പട്ടാളക്കാരുടെ ഒളിസ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനുവേണ്ടി ഭവനങ്ങൾ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്നതിനു വരുന്ന സൈന്യത്തിനു് അവർ ആവരണം പ്രദാനം ചെയ്തു. എല്ലാ ദിശയിൻ നിന്നുമുള്ള വെടിയുണ്ടകൾ ഗ്രാമീണരെ കൊന്നൊടുക്കുകയും അവർ വയലുകളിലും തോടുകളിലും പൂന്തോട്ടങ്ങളിലും വീണുകിടക്കുകയും തങ്ങളുടെ രക്തം തങ്ങളുടെ മാതൃരാജ്യത്തിന്റെ മണ്ണിലൂടെ ഒലിച്ചിറങ്ങുകയും നെൽവയലുകൾക്കു് വളമായിത്തീരുകയും അതു് യുദ്ധനിരതമായ സൈന്യം ചവിട്ടിക്കളയുകയും ചെയ്തു.
രാത്രിയിൽ ഞങ്ങളുടെ സഹഭടൻമാർ നദീതീരത്തുടനീളം മാളങ്ങൾ കുഴിച്ചു. അവർ അവിടെ ഒളിച്ചുകാത്തിരുന്നു. അതിരാവിലെ ശത്രുബോട്ടുകൾ വെടിവെച്ചുകൊണ്ടു് നദീതീരങ്ങൾ സൂക്ഷ്മ പരിശോധന നടത്തുന്നതിനു് പതിയിരിപ്പുസ്ഥലത്തോടു് ഏറ്റം അടുത്തുകൂടി റോന്തുചുറ്റി. പെട്ടെന്നു് എല്ലാത്തരംതോക്കുകളിൽനിന്നുള്ള വെടികൾ ഫ്രഞ്ചു പടയാളികളെ തുളച്ചുവീഴ്ത്തി. അവരുടെതോക്കുകളും യുദ്ധസാമഗ്രികളും പെട്ടന്നുതന്നെ കണ്ടുകെട്ടി. പിന്നീടു്, സുനിശ്ചിതമായും പിൻന്തുടരാനിരുന്ന പീരങ്കിവെടിയിൽനിന്നു് രക്ഷപെടുന്നതിനായി ഭടൻമാർ ധൃതിയിൽ പൂന്തോട്ടങ്ങളിൽകൂടിയും വീടുകൾക്കിടയിലൂടെയും പാലായനം ചെയ്തു. പടയാളികളായിരുന്ന ഞങ്ങൾ എല്ലായ്പോഴും ഞങ്ങളുടെ ശത്രുക്കളുടെ മുമ്പേ ഓടിയിരുന്നു. എന്നാൽ അവരെ കൊല്ലുന്നതിനും ഞങ്ങളുടെ ദേശത്തുനിന്നും ഓടിക്കുന്നതിനും തക്കവണ്ണം അടുത്തു നില ഉറപ്പിച്ചിരുന്നു.
ദൈവത്തോടുള്ള ഒരു പ്രതിജ്ഞ
ശത്രുക്കളുമായി ആറു ദിവസത്തെ ഒളിപ്പോരുകൾക്കുശേഷം ഞങ്ങളുടെ പ്രതിരോധസൈന്യത്തിനു് വിനോദത്തിനുവേണ്ടി അനുവാദം നൽകപ്പെട്ടു. എന്റെ ഭർത്താവും അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും ഞാനും ഞങ്ങളുടെ സാഹചര്യം ചർച്ച ചെയ്തു. ഞാൻ അഞ്ചു മാസം ഗർഭിണിയായിരുന്നതിനാൽ ഭടൻമാരുടെ ദീർഘവും ആപൽക്കരവുമായ രക്ഷപെടൽ രീതി പിൻപറ്റാൻ അസാദ്ധ്യമായിരുന്നു. അതുകൊണ്ടു് അടുത്ത ദിവസം അതിജീവകരോടെല്ലാംകൂടി കുട്ടികളെ സംരക്ഷിച്ചുകൊണ്ടു് സ്വന്തനിലയിൽ ഞങ്ങൾതന്നെ പ്രത്യേകം ഒളിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
സാദ്ധ്യതയനുസരിച്ചു് ആ രാത്രി എന്റെ ജീവിതത്തിലെ ഏറ്റവും ദീർഘവും മുറിപ്പെടുത്തപ്പെട്ടതുമായിരുന്നു. ആവരണത്തിനും ഇരുട്ടിനും ഇടയിലൂടെ ഹോബിൻ നിവാസികൾ തങ്ങളുടെ ഭവനങ്ങളിലേക്കു് തിരിച്ചു വരികയും തങ്ങളുടെ വസ്തു വകകൾ ശേഖരിച്ചു് തങ്ങളുടെ ബോട്ടുകളിൽ കൂട്ടുകയും ചെയ്തു. കോഴികളുടെയും പന്നികളുടെയും ശബ്ദം കുട്ടികളുടെ കരച്ചിലുമായി കൂടിക്കലർന്നു. കൂട്ടം ചേർന്ന ബോട്ടുകൾ ഒരു നീണ്ട സർപ്പത്തെപ്പേലെ നീങ്ങുന്നതു് ഞാൻ നിരീക്ഷിച്ചു. ശക്തമായ പ്രവാഹത്താൽ തള്ളപ്പെട്ടതിനാൽ അതു് പെട്ടെന്നു് കണ്ണിൽ നിന്നുമറഞ്ഞു. ഭീതിദമായ നിശബ്ദതയിൽ, അങ്ങു് അകലെ തങ്ങളുടെ വല്യച്ഛനും വല്യമ്മയുമൊത്തായിരുന്ന എന്റെ മൂന്നു കുട്ടികളെക്കുറിച്ചു് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഒരു കൈ വയറ്റിൻമേൽ വെച്ചു് എന്റെ ഗർഭപാത്രത്തിലുണ്ടായിരുന്ന കുട്ടിയുടെ ജീവൻ അനുഭവഗോചരമാക്കിത്തീർത്തു. എനിക്കു് ഒരു ഞെട്ടൽ അടക്കാൻ കഴിഞ്ഞില്ല. പെട്ടെന്നു് ഉണ്ടായേക്കാമെന്നു തോന്നിയ ചില മരണങ്ങൾ സംബന്ധിച്ച വിചാരം എന്റെ ഹൃദയത്തിൽ ഒരുകത്തിയിറക്കുന്നതുപോലെയായിരുന്നു.
അടുത്ത ദിവസം അതിരാവിലെ മടങ്ങിവരുമെന്നു പറഞ്ഞുപോയ എന്റെ ഭർത്താവു് മടങ്ങിവന്നില്ല. സൂര്യൻ ആകാശത്തു് ഉയർന്നുകഴിഞ്ഞിരുന്നു. വെടിയുണ്ടകൾ ഞങ്ങൾ താമസിച്ചിരുന്ന ഭവനത്തിന്റെ ഇഷ്ടികഭിത്തികൾക്കെതിരെ പടപടാ ശബ്ദത്തോടെ ഇടിച്ചുകൊണ്ടിരുന്നു. ഞങ്ങൾ അടുത്തള്ള വയലുകളിലേക്കു് പാലായനം ചെയ്തു. എന്നാൽ എന്റെ ഭർത്തൃസഹോദരൻ, ഞാൻ പിടിക്കപ്പെട്ടേക്കുമോ എന്നു് ഭയന്നു് എന്നെ വളരെ പിമ്പിൽ വിട്ടു. വെടിയുണ്ടകൾ എനിക്കുചുറ്റും എല്ലായിടത്തും ഇടിച്ചുകൊണ്ടിരുന്നു, പട്ടാളക്കാരുടെ കരാളഹസ്തങ്ങളിൽ എനിക്കു് എന്തു സംഭവിച്ചേക്കുമെന്നു് ഞാൻ ഭയപ്പെടുകയും ചെയ്തു.
“എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ” എന്നു് ഞാൻ വിളിച്ചപേക്ഷിച്ചു. “ഞാൻ ഗർഭിണിയാണു് എന്റെ ഭർത്താവു് നഷ്ടപ്പെടുകയും ചെയ്തു. ഈ നരകത്തിൽനിന്നു് കരകേറാനുള്ള വഴി എന്നെ കാണിച്ചു തരേണമേ!” ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചപ്പോൾ എന്റെ കവിളിൽകൂടി കണ്ണുനീർ ഒഴുകുകയും ചുണ്ടുകളിൽ കയ്പു് അനുഭവപ്പെടുകയും ചെയ്തു. ഞാൻ കണ്ണുയർത്തി നോക്കിയപ്പോൾ അവർ വളരെ ദൂരെ ഒരു കുടിലിലേക്കു് വലിഞ്ഞുകയറുന്നതുകണ്ടു് “ഓ എന്റെ ദൈവമേ ഞാൻ ക്ഷീണിതയാകയാൽ എനിക്കു് നടക്കാനുള്ള ശക്തി നൽകേണമേ,” എന്നു് ഞാൻ പ്രാർത്ഥിച്ചു.
വലിയ ശ്രമം ചെയ്തു് ഞാൻ കുടിലിൽ പ്രവേശിച്ചു. കുടിലിനുള്ളിൽ തറയിൽ ഇരുന്നപ്പോൾ എന്റെ കൈകൾ മാറിടത്തിനു കുറുകെ വെക്കുകയും തലകുമ്പിടുകയും ചെയ്തുകൊണ്ടു് ഞാൻ ദൈവത്തോടു് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ഞാൻ ഈ നരകത്തിൽനിന്നും വെളിയിൽ വരുന്നതിനും എന്റെ ഭർത്താവിനെയും കുട്ടികളെയും വീണ്ടും കാണുന്നതിനും കഴിയത്തക്കവണ്ണം എന്നെ സഹായിക്കുകയാണെങ്കിൽ, ഓ ദൈവമേ ഞാൻ എന്റെ ജീവനെ നിന്റെ സേവനത്തിനർപ്പിക്കുന്നു.”
വിടുതൽ
വൈകുന്നേരം, വെടിയുണ്ടകൾഅധികമധികമായി ഇടിച്ചുകൊണ്ടിരുന്നതിനാൽ മറ്റാളുകളും കുടിലിനെ ലക്ഷ്യമാക്കി ഓടി. ഇപ്പോൾ ഞങ്ങൾ ഏഴുപേരുണ്ടായിരുന്നു. ദൂരെ, കത്തുന്ന ഭവനങ്ങളിൽനിന്നുയരുന്ന പുക ഞങ്ങൾക്കു് കാണാമായിരുന്നു. ഫ്രഞ്ചുകാർ ഞങ്ങളിലിൽനിന്നു് വളരെ അകലെയല്ലായിരുന്നു.
ഉച്ചതിരിഞ്ഞു് വൈകി, പീരങ്കിസ്ഫോടനം അടുത്തടുത്തുവരികയും യന്ത്രത്തോക്കിനാലുള്ള വെടി അധികം തീവ്രമായിത്തീരുകയും ചെയ്തതോടെ കുടിലിലുണ്ടായിരുന്നവർ നെൽവയലുകളിലേക്കു് ഓടുകയും എല്ലാ ദിശയിലേക്കും ചിതറുകയും ചെയ്തു. എന്നാൽ ഞാൻ കണ്ടെതെന്തായിരുന്നു? ഒരു ഒറ്റ ആൾ കുടിലിനുനേരെ ഓടി വരുന്നു. വെടിയുണ്ടകൾ ചീറികൊണ്ടിരുന്നിട്ടും ആ നിഴൽ രൂപത്തെ തിരിച്ചറിയുന്നതിനു ശ്രമിച്ചുകൊണ്ടു് ഞാൻ അവിടെ നിന്നു. അതു് എന്റെ ഭർത്താവായിരുന്നു! “ദൈവമെ, ഞാൻ നിനക്കെങ്ങനെ നന്ദി പറയും?
എന്റെ ഭർത്താവു് അടുത്തുവന്നപ്പോൾ ഞാൻ ചോദിച്ചു: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ടായിരുന്നു? അദ്ദേഹം ഒരു മനുഷ്യനെ ഭയങ്കരമുറിവുകളോടെ കണ്ടെത്തുകയും അയാളെ ഒളിപ്പിക്കുന്നതിനു് ഒരു സ്ഥലം കണ്ടെത്തുകയും സംരക്ഷണം നൽകുകയും ചെയ്യേണ്ടതുണ്ടായിരുന്നു എന്നു് മറുപടി പറഞ്ഞു. വെടിയുണ്ടകൾ ഞങ്ങൾക്കു് ചുറ്റുമെല്ലായിടത്തും വന്നിടിച്ചുകൊണ്ടിരുന്നു. എന്നാൽ ഇരുട്ടു് അതിവേഗം സമീപിച്ചുകൊണ്ടിരുന്നതിനാൽ ഫ്രഞ്ചുകാർ പെട്ടന്നു് തങ്ങളുടെ ആക്രമണം നിർത്തുമെന്നു് ഞങ്ങൾ അറിഞ്ഞിരുന്നു.
നെൽവയലിനു കുറുകെയും വെള്ളത്തിലൂടെയും ചെളിയിലൂടെയും ഉള്ള ഞങ്ങളുടെ പാത ചന്ദ്രൻ പ്രകാശിപ്പിച്ചിരുന്നു. രാവിലെ ഏകദേശം രണ്ടോടുകൂടി ഞങ്ങൾ ഗ്രാമത്തിൽ എത്തിചേർന്നു. അവിടെ കൊള്ളയടിക്കപ്പെട്ടും കത്തിച്ചും ഇട്ടിരുന്ന ഭവനങ്ങൾ ഞങ്ങൾ കണ്ടു. ഈ ആക്രമണ പരമ്പരയുടെ രണ്ടുമാസങ്ങൾക്കു ശേഷം ഞങ്ങൾ ഇപ്രകാരമുള്ള ഒരു റിപ്പോർട്ടു് വായിച്ചു. “ഫ്രഞ്ചുകാരാൽ പിടിക്കപ്പെട്ടു് തങ്ങളുടെ യുദ്ധക്കപ്പലുകളിൽ അടിമകളാക്കപ്പെട്ടിരുന്ന നൂറിൽപരം സ്ത്രീകളിലും
പെൺകുട്ടികളിലും 20-ൽ പരം പേർ ഗർഭിണികളായിത്തീർന്നു!
രണ്ടു വർഷങ്ങൾക്കുശേഷം എന്റെ ഭർത്താവു് ഫ്രഞ്ചുകാരാൽ വധിക്കപ്പെട്ടു. ഞങ്ങളുടെ പിഞ്ചുമകൾക്കു് അപ്പോൾ 20 മാസം പ്രായമെ ഉണ്ടായിരുന്നുള്ളു. എന്റെ ഭർത്താവിന്റെ മരണത്തിനുശേഷം ഞാൻ ഞങ്ങളുടെ സ്വന്തഗ്രാമമായ ബിൻഫോക്കു് വിട്ടു് അടുത്തുള്ള നഗരമായ വിൻലോംഗിൽ താമസുറപ്പിക്കാൻ പോയി. വീണ്ടും എന്റെ കൂടെ വന്നു ചേർന്ന എന്റെ നാലു കുട്ടികളെയും- മൂത്തതിനു് ഒൻമ്പതു് വയസ്സുണ്ടായിരുന്നു—സംരക്ഷിക്കന്നതിനു് ഞാൻ ജോലി അന്വേഷിച്ചു. ഞാൻ ഒരു പ്രൈമറിസ്കൂൾ അദ്ധ്യാപികയായിത്തീർന്നു. അതിനുശേഷം പെട്ടന്നു്, 1954 മെയ്യിൽ ഫ്രാൻസിൽനിന്നു സ്വാതന്ത്ര്യം നേടി.
ഞാൻ മറന്നില്ല
ഞാൻ ദൈവത്തിനു കടപ്പെട്ടിരുന്ന കടത്തെക്കുറിച്ചു് എപ്പോഴും ഓർക്കുകയും അവനെ അന്വേഷിക്കുകയും ചെയ്തു. ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ബുദ്ധമതക്ഷേത്രത്തിൽ പതിവായി പോയിരുന്നു. അവിടെ ഇരുന്നിരുന്ന ബുദ്ധന്റെ പെരുവയർ നോക്കി നിൽക്കുന്നതിൽ എന്റെ ഇളയ സഹോദരിയും ഞാനും വിനോദം കണ്ടെത്തിയിരന്നു. അതു് തന്റെ വായ് വിശാലമായി തുറന്നു ചിരിച്ചുകൊണ്ടിരുന്നു. എത്രയോ പ്രാവശ്യം ഞാൻ എന്റെ കൈവിരൽ അതിന്റെ വായിൽ ഇടുകയും “അതു കടിക്കും” എന്നു് എന്റെ സഹോദരി പറയുമ്പോൾതന്നെ വിരൽ പിൻവലിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ഞാൻ ദൈവത്തിനു കടപ്പെട്ട ഒരു ക്ലേശമനുഭവിക്കുന്ന സൃഷ്ടി എന്ന നിലയിൽ ആപഗോഡയിലേക്കു് മടങ്ങിച്ചെന്നു. ഞാൻ ഒരു പക്ഷെ എന്റെ യൗവനകാലത്തു് അവഗണിച്ചിരുന്നേക്കാവുന്നതും ഉയർന്നതും ശക്തവും കൂടുതൽ വിശുദ്ധവുമായ എന്തെങ്കിലും കണ്ടെത്തിയേക്കാമെന്നു് പ്രതീക്ഷിച്ചിരുന്നു. ഇവിടെ വിശ്വാസികൾ ബുദ്ധപ്രതിമയുടെ മുമ്പിൽ കുമ്പിടുകയും പുരോഹിതൻമാരും പുരോഹിതകളും ഗ്രഹിക്കാനാവാത്ത പ്രാർത്ഥനകൾ വിരസമായി കാണാതെ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു. എനിക്കു് പൂർണ്ണ നിരാശ അനുഭവപ്പെട്ടു. എന്നാൽ ഞാൻ ബുദ്ധമതത്തെക്കുറിച്ചും പഗോഡയിലെ നിയന്ത്രിത ജീവിത രീതിയെക്കുറിച്ചും സംസാരിച്ച ഒരു പുരോഹിതയുമായി സംസാരിക്കുന്നതിനു തിരിച്ചുചെന്നു. എനിക്കു് പ്രോത്സാഹനം തോന്നിയില്ല. എനിക്കു് വായിക്കാൻ അവർ തന്ന പുസ്തകങ്ങൾക്കു് ഒരു ഹൈന്ദവ ചുവയാണുണ്ടായിരുന്നതു്, അതു് എനിക്കു് അശേഷം മനസ്സിലായതുമില്ല.
വിയറ്റ്നാമിലെ മറ്റൊരു പ്രമുഖമതം 1600-കളിൽ ഫ്രഞ്ചു മിഷനറിമാർ അവതരിപ്പിച്ച കത്തോലിക്കാ മതമായിരുന്നു. എന്നാൽ അതു് എന്നെ അശേഷം ആകർഷിച്ചില്ല. പള്ളിപ്രതിനിധികളുടെ വെറുപ്പിക്കുന്ന പെരുമാറ്റവും അവർ രാഷ്ടീയത്തിൽ കൂടിക്കുഴയുന്നതും അവർ അധികാരവും ധനവും അന്വേഷിക്കുന്നതും എന്നെ പിന്തിരിപ്പിക്കാനിടയാക്കി.
ഉറക്കമില്ലാതിരുന്ന രാത്രികളിൽ ഞാൻ ദൈവത്തോടു്, അവനെ അറിയുന്നതിനുള്ള വഴികാണിച്ചുതരുന്നതിനു പ്രാർത്ഥിച്ചിരുന്നു. സ്രഷ്ടാവിനെക്കുറിച്ചു് എന്റെ മതാപിതാക്കളുടെ പഠിപ്പിക്കൽ ഞാൻ ഓർത്തു. അവർക്കു് അവനോടുള്ള ബഹുമാനവും ഭയവും കാണിക്കുന്നതിനു് അവരുടെ മുൻവശത്തെ അങ്കണത്തിൽ ഒരു ബലിപീഠം ഉണ്ടായിരുന്നു. അതു് ചോറിട്ടു വെക്കുന്നതിനുള്ള ഒരു ഭരണിയും ഉപ്പിടുന്നതിനുവേണ്ടി മറ്റൊന്നും ഓരോ വൈകുന്നേരവും രാവിലെയും സുഗന്ധദ്രവ്യങ്ങൾ പുകക്കുന്നതിനുള്ള ഒരു കിണ്ണവും വെക്കത്തക്ക വലിപ്പമുള്ള ഒരു തടിക്കഷണം മുകളിൽ ഉറപ്പിച്ചിരുന്ന ഒരു സ്തൂപം ഉൾപ്പെട്ടതായിരുന്നു. അവർക്കു് മെച്ചപ്പെട്ട ആഹാരമുണ്ടായിരുന്നപ്പോഴൊക്കെയും അതു് അവനു് അർപ്പിക്കയും അതു് സ്വീകരിക്കുന്നതിനു് അവർ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
ഞങ്ങൾ സ്രഷ്ടാവിനെ, “ഏറ്റവും ശക്തൻ” എന്നർത്ഥമുള്ള ട്രോയ് എന്നു വിളിച്ചിരുന്നു. അനുസരണംകെട്ട കുട്ടികളെ താക്കീതു ചെയ്യുന്നതിനു് ആളുകൾ അവരോടു്, ട്രോയ് നിങ്ങളെ കൊല്ലും” എന്നു പറഞ്ഞിരുന്നു. സ്രഷ്ടാവിനെ സംബന്ധിച്ചു് തെളിവൊന്നുമില്ലായിരുന്നു. എന്നാൽ ഞങ്ങൾ അവനെ ഭയപ്പെടുകയും നൻമ ചെയ്യുന്നതിൽ തുടരുകയും ചെയ്തിരുന്നു. ആപത്തുകാലത്തു സഹായത്തിനായി ഞങ്ങൾ അവനോടു പ്രാർത്ഥിക്കുകയും സഹായം ലഭിച്ചുകഴിഞ്ഞു് അവനു നന്ദി കൊടുക്കുകയും ചെയ്തിരുന്നു. നിശ്ചയമായും, ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ദൈവം സ്രഷ്ടാവായിരിക്കേണ്ടിയിരുന്നു! എന്നാൽ എനിക്കു അവനെ എങ്ങനെ കണ്ടെത്താൻ കഴിയുമായിരുന്നു? എങ്ങനെ? എങ്ങനെ? ഈ ചോദ്യം എന്നെ പീഡിപ്പിച്ചു. ഓ എനിക്കു സത്യദൈവത്തെ കണ്ടെത്തുന്നതിനും അവനെ സേവിക്കുന്നതിനും എന്റെ കടം മടക്കിക്കൊടുക്കുന്നതിനും കഴിയാത്തതിൽ ഞാൻ കുറ്റക്കാരിയായിരുന്നു എന്നു് എനിക്കു തോന്നി!
ആഭ്യന്തരകലാപം
ഫ്രഞ്ചുകാരിൽ നിന്നു ഞങ്ങൾക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഞങ്ങളുടെ രാജ്യം വീണ്ടും ഒരിക്കൽകൂടി വിഭജിക്കപ്പെട്ടു. ഇതു വൻശക്തികൾക്കു് വീണ്ടും ഇടപെടുന്നതിനുള്ള ഒരു അവസരം നൽകുകയും രാജ്യത്തിന്റെ വടക്കും തെക്കും തമ്മിലുള്ള ഒരു യുദ്ധം ആരംഭിക്കുകയും അതു് 1975 ഏപ്രിൽവരെ 20 വർഷക്കാലം നീണ്ടു നിൽക്കുകയും ചെയ്തു. ഇടപെട്ടിരുന്ന വൻശക്തികളുടെ പുരോഗമിച്ച സാങ്കേതിക യുദ്ധാഭ്യാസ പ്രാപ്തികൾകൊണ്ടു് നാശം മാനുഷ്യഗ്രാഹ്യത്തിനു് അതീതമായിരുന്നു.
മിക്കവാറും ദിനംതോറും നെൽവയലുകളിലും ജോലിസ്ഥലത്തും ചന്തയിലും സ്കൂളിലും തങ്ങളുടെ കിടക്കയിലും ആയിരക്കണക്കിനു പട്ടാളക്കാരും സാധാരണ പൗരജനങ്ങളും മരിച്ചുകൊണ്ടിരുന്നു. കുട്ടികൾ തങ്ങളുടെ മതാക്കളുടെ ഒളിസ്ഥലങ്ങളിൽ, അവരുടെ കരങ്ങളിൽ പട്ടിണിക്കു് വിധിക്കപ്പെട്ടവരായി കഴിഞ്ഞിരുന്നു. ഏകദേശം ഇരുപതുലക്ഷം വിയറ്റ്നാം ഭടൻമാരും അതുപോലെ എണ്ണമറ്റസംഖ്യ സാധാരണ പൗര്യൻമാരും കൊല്ലപ്പെട്ടു. ആ ശവശരീരങ്ങൾ ഒന്നിച്ചുകൂട്ടിയിരുന്നെങ്കിൽ പർവ്വതങ്ങളുടെ മുകളറ്റം എത്തുമായിരിന്നു. വേറെ അനേക ലക്ഷങ്ങൾ മുറിവേൽക്കപ്പെടുകയും വികലാംഗരായിത്തീരുകയും ചെയ്തു. ഏകദേശം ഒരുകോടിദക്ഷിണ വിയറ്റ്നാംകാർ അഥവാ ജനസംഖ്യയുടെ ഏകദേശം പകുതിപേർ യുദ്ധത്താൽ അഭയാർത്ഥികളാക്കപ്പെട്ടു.
എന്റെ കുട്ടികൾ വളരുകയും വടക്കുള്ള തങ്ങളുടെ സഹോദരങ്ങളോടു് പോരാടുന്നതിനു് സൈനികചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതരായിത്തീരുകയും ചെയ്തു. നിദ്രാവിഹീനരാത്രികളിൽ നഗരത്തിൽനിന്നു വളരെ ദൂരെനിന്നു് പീരങ്കികളുടെ പ്രതിധ്വനി കേൾക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുകയും എന്റെ രാജ്യത്തിന്റെ സമാധാനത്തിനും എന്റെ കുട്ടികളുടെ സുരക്ഷിതത്വത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
യുദ്ധം അതിന്റെ അവസാനത്തെ സമീപിച്ചിരുന്ന 1974-ൽ എന്റെ ഒരു മകനും നൂറിൽപരം പേർ ചേർന്ന അവന്റെ ട്രൂപ്പും വളയപ്പെടുകയും മൂന്നുമാസത്തേക്കു് നിഗൂഡമായി കഴിയാൻ നിർബന്ധിതരായിത്തീരുകയും ചെയ്തു. എന്റെ മകൻ ഉൾപ്പെടെ അഞ്ചുപേർ മാത്രമേ അതിജീവിച്ചുള്ള. അഞ്ചുവർഷത്തെ യുദ്ധത്തിനുശേഷം എന്റെ മൂന്നു പുത്രൻമാരും ജീവനോടെ തിരിച്ചെത്തുകയും സുഖമായിരിക്കുകയും ചെയ്തു. എന്റെ പുത്രിയും യുദ്ധത്തെ അതിജീവിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അതു് തെക്കിന്റെ മേലുള്ള കമ്മ്യൂണിസ്റ്റധീശ വടക്കിന്റെ ഒരു പൂർണ്ണ വിജയമായിരുന്നു.
കമ്മ്യൂണിസ്റ്റുഭരണത്തിൻകീഴിൽ
പിന്നീടു് ദക്ഷിന ഗവൺമെന്റിനെ സേവിച്ച എല്ലാവരോടുമുള്ള കമ്മ്യൂണിസ്റ്റു് പ്രതികാരം വന്നു. കമ്മ്യൂണിസ്റ്റുകളുടെ അഭിപ്രായത്തിൽ വടക്കും തെക്കുമായുണ്ടായ 20 വർഷത്തോളം നീണ്ട യുദ്ധത്തിന്റെ ഉത്തരവാദികൾ അവരായിരുന്നു. പത്തുലക്ഷം പേരെ തടങ്കലുകളിൽ അടച്ചു. ഇവ, ഏറ്റവും ക്രൂരമായ പെരുമാറ്റത്തിനു വിധിക്കപ്പട്ട തടവുകാർതന്നെ വനങ്ങളിൽ പണിതവയായിരുന്നു. അനേകരും ആഹാരത്തിന്റെയും മരുന്നിന്റെയും അഭാവംകൊണ്ടും പ്രത്യേകിച്ചു് അമിതാദ്ധ്വാനത്താലും മരണമടഞ്ഞു. അവർക്കു് ഒരോവാരത്തിലും വളരെക്കുറച്ചു മാംസത്തോടുകൂടെ അല്പം ചോറുമാത്രമേ നൽകിയിരുന്നുള്ളു. നിയമിച്ചിരുന്ന വേല
അവരുടെകഴിവിനതീതവുമായിരുന്നു.
ജോലി നിർവഹിക്കപ്പെട്ടിരുന്നില്ലെങ്കിൽ അതു തീരുന്നതുവരെ തടവുകാർ താമസിക്കണമായിരുന്നു. ചിലപ്പോൾ അവരുടെ ജോലി പ്രദേശം അവരുടെ ക്യാമ്പിൽനിന്നു് ഏകദേശം അഞ്ചുമൈൽ (8 കി.മി.) അകലെയായിരുന്നു. അതുകൊണ്ടു് അവർ മടങ്ങിവരുമ്പോൾ വളരെ വൈകുമായിരുന്നു. അവർക്കു് വളരെ കുറച്ചു മണിക്കൂറുകളെ ഉറങ്ങാൻ കിട്ടിയിരുന്നുള്ളു. അതിനുശേഷം അടുത്തദിവസത്തെ വേലക്കു് മടങ്ങിപ്പോകണമായിരുന്നു. സമയം കടന്നുപോകവെ അവരുടെ ആരോഗ്യം ക്ഷയിക്കുകയും അനേകരും മരിക്കുകയും ചെയ്തു. മറ്റുപലരും ആത്മഹത്യ ചെയ്തു. എന്റെ പുത്രൻമാരും ഇതേ യാതനകൾ അനുഭവിച്ചു.
കമ്മ്യൂണിസ്റ്റു് ഗവൺമെന്റിനു പത്തു ലക്ഷം തടവുകാരുടെ ആവശ്യം നിറവേറ്റാൻ കഴിയാതിരുന്നതുകൊണ്ടു് ദയയുടെ മറവിൽ, കുടുംബങ്ങൾ മാസത്തിലൊരിക്കൽ സന്ദർശിക്കുന്നതിനും ആഹാരം കൊണ്ടുവരുന്നതിനും അവർ അനുവദിച്ചു. ഞങ്ങൾ, തടവുകാരുടെ മതാപിതാക്കളും ഭാര്യമാരും കുട്ടികളും അവരുടെ ആയുസ്സു് നിലനിൽക്കാൻ അവരെ പോഷിപ്പിക്കുന്നതിനു് അനുവദിച്ചതിനു് കമ്മ്യൂണിസ്റ്റു ഗവൺമെന്റിനു് നന്ദി പറഞ്ഞുകൊണ്ടു് പ്രതീക്ഷിച്ചിരുന്നതു് ചെയ്യുകയായിരുന്നു. പത്തുലക്ഷം പുരുഷൻമാർ തടവിലാക്കപ്പെട്ടിരുന്നതിനാൽ അമ്പതുലക്ഷം ആളുകൾ നേരിട്ടു് ബാധിക്കപ്പെട്ടിരുന്നു.
എന്റെ പുത്രൻമാരുടെ സംരക്ഷണത്തിനുവേണ്ടി ഞാൻ എന്റെ ജോലി ഉപേക്ഷിച്ചിരുന്നു. എന്റെ മകൾ എനിക്കു് ഒരു സഹായവുമായിരുന്നു. ആ ആൺകുട്ടികളെ തുടരെ തുടരെ ഒരു പാളയത്തിൽനിന്നു് മറ്റൊന്നിലേക്കു്—മാറ്റിക്കൊണ്ടിരുന്നു. അതുകൊണ്ടു് എല്ലാ ഗതാഗതമാർഗ്ഗങ്ങളിലൂടെയും—കാൽനടയായും വാഹനങ്ങളിലും ബോട്ടിലും—ഞാൻ ഒരോ മാസവും ഏകദേശം 33 പൗണ്ടു് (15കി. ഗ്രാം) ഉണങ്ങിയ ഭക്ഷ്യവസ്തുക്കൾ പാളയത്തിൽ 3എത്തിച്ചു. ഞാൻ മിക്കപ്പോഴും ചെളിയിൽ കൂടെയും തെന്നുന്ന റോഡിലൂടെയും സഞ്ചരിച്ചാണു് അതു് കൊണ്ടുപോയിരുന്നതു്.
പാളയത്തിലെത്തിയാൽ എനിക്കു് എന്റെ പുത്രൻമാരെ രണ്ടു മണിക്കൂർ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു. ഞങ്ങൾ വളരെയൊന്നും സംസാരിച്ചിരുന്നില്ല. ഞങ്ങൾ വളരെയധികം ക്ലേശമനുഭവിച്ചിരുന്നതിനാൽ ഞങ്ങളുടെ ചുണ്ടുകളിൽനിന്നു് വാക്കുകൾ വരികയില്ലായിരുന്നു. ഞങ്ങൾക്കു് ഞങ്ങളുടെ കണ്ണുനീർ പിടിച്ചു നിർത്തണമായിരുന്നു. അവരുടെ ക്ഷീണിച്ച ശരീരഭാവം അവരുടെ ബുദ്ധിമുട്ടു് വിളിച്ചറിയിച്ചിരുന്നു. ഞങ്ങളുടെ യത്നമെല്ലാമുണ്ടായിരുന്നിട്ടും, ബന്ധുക്കൾ മരിച്ചവരോ രാജ്യം വിട്ടവരോ എന്തെങ്കിലും കൊണ്ടുവരാൻ കഴിവില്ലാത്ത സാധുക്കളോ ആയിരുന്നവർക്കു് തങ്ങളുടെ ആഹാരം എപ്പോഴും പങ്കുവെച്ചിരുന്നതിനാൽ അവർ എപ്പോഴും വിശപ്പനുഭവിച്ചിരുന്നു.
ഞാൻ 30 മാസത്തിലധികം എന്റെ പുത്രൻമാർക്കു് ആഹാരം കൊണ്ടുപോയി, മറ്റനേകരും തങ്ങളുടെ ഉറ്റവർക്കു് അതുതന്നെ ചെയ്തു. ഞങ്ങൾ, വൃത്തികെട്ടവസ്ത്രവും കൈകളിൽ ഒരോ വലിയ സഞ്ചിയും പനയോലകൊണ്ടുണ്ടാക്കിയ തൊപ്പി ഞങ്ങളുടെ മുഖത്തെ മിക്കവാറും മൂടിയും ഇങ്ങനെ യാചകരുടെ ഒരു മഹാപുരുഷാരമായി തോന്നിച്ചു. ചൂടിലും മഴയത്തും ഞങ്ങൾ ബസ്സ് സ്റ്റാൻഡുകളിലും ബോട്ടുജെട്ടികളിലും നിന്നു. ആഹാരം വാങ്ങാൻ വേണ്ടി ഞാൻ സമ്പാദിച്ചിരുന്നതെല്ലാം ഞങ്ങളുടെ വസ്തു ഉൾപ്പെടെ വിറ്റു. അതിയായ ദാരിദ്ര്യത്തിൽ ഞാൻ എന്റെ മക്കളെ അത്തരം നരകത്തിൻനിന്നും രക്ഷിക്കാൻവേണ്ടി പ്രാർത്ഥിച്ചു. അവസാനം, ഏകദേശം മുന്നു വർഷങ്ങൾക്കു് ശേഷം അവർ വിമോചിതരായി.
[17-ാം പേജിലെ ആകർഷകവാക്യം]
പട്ടാളക്കാരുടെ കരാളഹസ്തങ്ങളിൽ എനിക്കു് എന്തു സംഭവിച്ചേക്കുമെന്നു് ഞാൻ ഭയപ്പെട്ടു
[18-ാം പേജിലെ ചിത്രം]
ഇതിനു സമാനമായ സന്തുഷ്ടനായ ബുദ്ധന്റെ മുമ്പിൽ വിശ്വാസികൾ കുമ്പിട്ടിരുന്ന വിയറ്റ്നാമിലെ ഒരു ബുദ്ധമത ക്ഷേത്രത്തിൽ ഞാൻ മിക്കപ്പോഴും പോയിരുന്നു.
[19-ാം പേജിലെ ചിത്രം]
യുദ്ധാനന്തരം തടവിലാക്കപ്പെട്ട ഞങ്ങളുടെ പുത്രൻമാർക്കു് ഞങ്ങൾ ചെയ്തിരുന്നതുപോലെതന്നെ ആളുകൾ യുദ്ധത്തടവുകാർക്കു് ആഹാരം കൊണ്ടുവന്നു
[20-ാം പേജിലെ ആകർഷകവാക്യം]
എന്റെ പുത്രനും അവന്റെ ട്രൂപ്പും മൂന്നുമാസത്തേക്കു് നിഗൂഡതയിൽ കഴിയാൻ നിർബന്ധിതരായി.