ബ്രഹ്മചര്യം—അടിച്ചേല്പിച്ചതെന്തുകൊണ്ട്?
ഒരു പൗരോഹിത്യ വ്യവസ്ഥയെന്ന നിലയിൽ ബ്രഹ്മചര്യം കത്തോലിക്കരുടെയിടയിൽ ജനസമ്മതി കുറഞ്ഞതായിത്തീരുന്നു. ജോൺ പോൾ II-ാമൻ പാപ്പ ഈയിടെ സ്വിറ്റ്സർലണ്ടു് സന്ദർശിച്ചപ്പോൾ, ആ രാജ്യത്തുള്ള 38 ശതമാനം കത്തോലിക്കർ മാത്രമേ പുരോഹിതൻമാരുടെ നിർബിന്ധിത ബ്രഹ്മചര്യത്തിനു് അനുകൂലമായിരുന്നുള്ളുവെന്നു് ഒരു അഭിപ്രായ വോട്ടെടുപ്പു് തെളിയിച്ചു. ഐക്യനാടുകളിൽ 1983-ൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പു് 58 ശതമാനം റോമൻ കത്തോലിക്കരും പുരോഹിതൻമാരെ വിവാഹം കഴിക്കാൻ അനുവദിക്കുന്നതിനു് അനുകൂലമായിരുന്നുവെന്നു് തെളിയിച്ചു.
എങ്കിലും പോൾ VI-ാമൻ 1967-ൽ പ്രസിദ്ധീകരിച്ച പൗരോഹിത്യ ബ്രഹ്മചര്യം (Sacedotalis Caelibatus) എന്ന തന്റെ പ്രശസ്ത ചാക്രിയ ലേഖനത്തിൽ ചെയ്തതുപോലെ ജോൺ പോൾ II-ാമൻ പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ നിയമം വീണ്ടും സ്ഥിരീകരിക്കുകയുണ്ടായി. ജനസമ്മതിയില്ലാത്ത ഈ നിയമം പ്രത്യക്ഷത്തിൽ സ്വന്തം താല്പര്യങ്ങൾക്കു് എതിരാണെങ്കിൽ പോലും വത്തിക്കാൻ അതു് തുടർന്നു് അടിച്ചേൽപ്പിക്കുന്നതെന്തുകൊണ്ടു്? പുരോഹിതൻമാരുടെ ബ്രഹ്മചര്യം ക്രിസ്തുവും അവന്റെ അപ്പോസ്തലൻമാരും വെച്ച ഒരു വ്യവസ്ഥയായിരുന്നുവോ?
അതു് എവിടെ ഉത്ഭവിച്ചു?
പോൾ VI-ാമൻ പാപ്പ 1967-ലെ ഈ ചാക്രികലേഖനത്തിന്റെ മുഖവരയിൽ “ക്രിസ്തുവിന്റെയും അപ്പോസ്തലൻമാരുടെയും ഉപദേശം സംരക്ഷിക്കുന്ന പുതിയനിയമം . . . വിശുദ്ധ ശുശൂഷകരുടെ ബ്രഹ്മചര്യം ആവിശ്യപ്പെടുന്നില്ല” എന്നു് സമ്മതിച്ചു. അതുപോലെ കത്തോലിക്കാ സർവ്വവിജ്ഞാനകോശം ഇപ്രകാരം പറയുന്നു: “ഈ വാക്യങ്ങൾ [1 തിമൊഥെയോസ് 3:2, 12; തീത്തോസ് 1:6] തുടക്കം മുതൽ പുരോഹിതൻമാർക്കു് ബ്രഹ്മചര്യം നിർബന്ധിതമാക്കിയിരുന്നു എന്ന ഏതു വാദത്തെയും തകർക്കുമെന്നു തോന്നുന്നു . . . ഈ തെരെഞ്ഞടുപ്പിൽ സ്വാതന്ത്ര്യം നാം . . . സഭയുടെ ആദ്യ ഘട്ടം എന്നു വിളിക്കുന്ന (അതായതു്) കോൺസ്റ്റൻറയിന്റെയും നിഖ്യാ സുന്നഹദോസിന്റെയും കാലം വരെ നിലനിന്നിരുന്നതായി തോന്നുന്നു.”
അതുകൊണ്ടു് പുരോഹിതൻമാരുടെ ഈ നിർബ്ബന്ധിത ബ്രഹ്മചര്യം ക്രിസ്തുവിൽ നിന്നോ അവന്റെ അപ്പോസ്തലൻമാരിൽനിന്നോ ഉത്ഭവിച്ചതല്ലെങ്കിൽ അതു് എവിടെനിന്നു വന്നതാണു്?
“പണ്ടു് പുറജാതികാലങ്ങളിൽ ബ്രഹ്മചര്യം ബഹുമാന്യമായി കരുതിയിരുന്നു.” എന്നു് മാക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാന കോശം കുറിക്കൊള്ളുന്നു. അത്തരം “പണ്ടത്തെ പുറജാതികാലങ്ങൾ” പുരാതന ബാബിലൊന്റെയും ഈജിപ്തിന്റെയും കാലത്തേക്കു് പുറകോട്ടു് ചെല്ലുന്നു എന്നു് മറ്റു പരാമർശഗ്രൻഥങ്ങൾ സൂചിപ്പിക്കുന്നു. ദ ന്യു എൻസൈക്ലോപ്പീഡിക ബ്രിട്ടാനിക്കാ ഇപ്രകാരം പറയുന്നു: “പുരാതനകാലത്തെ വലിയ സംസ്കാരങ്ങൾ ആവിർഭവിച്ചതോടെ ബ്രഹ്മചര്യം വിവിധ സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ടു.” ദൃഷ്ടാന്തത്തിനു്, അതു് ഉല്പാദനക്ഷമതയുടെ ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ ആരാധനയോടുള്ള ബന്ധത്തിലായിരുന്നു. ബ്രിട്ടാനിക്കാ കുറിക്കൊള്ളുന്നതുപോലെ: “ലൈംഗിക സംയമനം അവളുടെ വിശുദ്ധകർമ്മങ്ങൾ കീർത്തിക്കുന്നവരുടെ നിരുപാധിക വ്യവസ്ഥയായിരുന്നു.”
അതിനുപുറമെ അലക്സാണ്ടർ ഹിസ്ലോപ് രണ്ടു് ബാബിലോൻ എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പ്രസ്താവിച്ചു: “ബാബിലോന്യ ദേവതയായ സിബെലയുടെ ആരാധന പുറജാതി റോമിൽ നടപ്പിലാക്കപ്പെട്ടപ്പോൾ അതിന്റെ ബ്രഹ്മചാരികളായ പുരോഹിതവർഗ്ഗം ഉൾപ്പെടെ അതിന്റെ പ്രാകൃതരൂപത്തിലാണു് നടപ്പിലാക്കപ്പെട്ടതു് എന്ന സംഗതി ഏതു പണ്ഡിതനും അറിയാവുന്നതാണു്.”
പുരാതന പുറജാതിമതങ്ങളെ അനുകരിച്ചുകൊണ്ടു് കത്തോലിക്കാസഭ ബ്രഹ്മചാരികളായ പുരോഹിതവർഗ്ഗത്തിന്റെ വ്യവസ്ഥ സ്വീകരിച്ചതു് എന്തുകൊണ്ടു്?
അതു് സ്വീകരിക്കപ്പെട്ടതു് എന്തുകൊണ്ടു്?
ഒരു സംഗതി ബ്രഹ്മചാരികളായ ഒരു പുരോഹിതവർഗ്ഗം സഭയുടെ അധികാരസ്ഥാനത്തുള്ളവർക്ക് നിയന്ത്രണാധികാരം നൽകുന്നു. ഇതിന്റെ കാരണം അവരുടെ പൗരോഹിത്യ പ്രവർത്തനത്തിനു് അവകാശികൾ ഇല്ലാത്തതുകൊണ്ടു്, ഉയർന്നശ്രേണിയിലുള്ള പുരോഹിതൻമാരുടെ നിയമനത്താൽ പുരോഹിതൻമാരെ മാറ്റി സ്ഥാപിക്കാൻ കഴിയും എന്നതാണു്. “വിശുദ്ധ റോമിന്റെ കേന്ദ്ര അധികാരത്തിനുള്ള പുരോഹിതവർഗ്ഗത്തിന്റെ കീഴ്പ്പെടൽ ഉറപ്പുവരുത്താൻ” ഒരു ഉപാധിയെന്നനിലയിൽ ബ്രഹ്മചര്യം ഉപയോഗപ്പെടുത്തുന്നതായി റോമിനെതിരെ കുറ്റാരോപണം ഉയർന്നിരിക്കുന്നുവെന്നു് കത്തോലിക്കാവിജ്ഞാനകോശം പോലും സമ്മതിക്കുന്നു.
എന്നാൽ അതിലുമധികം അതിൽ അടങ്ങിയിട്ടുണ്ടു്. നിർബ്ബിന്ധിത ബ്രഹ്മചര്യം പള്ളിനിയമം ആയിത്തീർന്നതു് പൊ.യു. 12-ാം നൂറ്റാണ്ടിൽ മാത്രമാണു് എന്നു് “പൗരോഹിത്യബ്രഹ്മചര്യത്തിന്റെ ചരിത്രം” പട്ടികപ്പെടുത്തുന്ന അടുത്ത പേജിലെ ചാർട്ട് പ്രകടമാക്കുന്നു. അതു് സ്വീകരിക്കാൻ വഴിയൊരുക്കുന്നതിനു് വളരെയധികം പ്രവർത്തിച്ചതു് ഗ്രിഗറി VII-ാമൻ പാപ്പയായിരുന്നു (1097-85). രസാവഹമായി അയാളേക്കുറിച്ചു്, അയാൾ “കർശനമായും ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരോഹിത വർഗ്ഗത്തിനുണ്ടാകുന്ന സ്വാധീനത്തിന്റെ വർദ്ധനവു് മറ്റാരേക്കാൾ വ്യക്തമായി മനസ്സിലാക്കി.” എന്നു് പറയപ്പെട്ടിരിക്കുന്നു.
എങ്കിലും, കത്തോലിക്കാസഭയുടെ പുരോഹിത ഭരണവ്യവസ്ഥിയെ താങ്ങിനിർത്തുന്നതിനു പുറമെ പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ നിയമം പുരോഹിതൻമാർക്കു് സാധാരണ ജനങ്ങളുടെമേൽ ഒരു അധികാരം നൽകുകയും ചെയ്യുന്നു. ഫ്രാൻസിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായ ജോർജ്ജസ് ഡബി ഈയിടെ മദ്ധ്യകാലഘട്ടത്തിലെ സന്യാസിമാരെയും പുരോഹിതൻമാരെയും സംബന്ധിച്ചു് അവരുടെ ബ്രഹ്മചര്യം നിമിത്തം “അവർ മറ്റുള്ളവരേക്കാൾ ഉയർന്ന ശ്രേണിയിലായിരുന്നു; സമൂഹത്തിന്റെ ശേഷിച്ച ഭാഗത്തെ ഭരിക്കാൻ അവർക്കു് അവകാശമുണ്ടായിരുന്നു,” എന്നു് പറയുകയുണ്ടായി.
അതിന്റെ ഫലങ്ങൾ
പുരോഹിതൻമാർക്കു് വിവാഹം ചെയ്യാനുള്ള അവസരം നിഷേധിക്കുന്നതിന്റെ ഫലങ്ങൾ സംബന്ധിച്ചു് കത്തോലിക്കാ സർവ്വവിജ്ഞാനകോശം ഇപ്രകാരം പ്രസ്താവിക്കുന്നു: “ലോകചരിത്രത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലും ക്രിസ്തീയമെന്നു് വിളിക്കപ്പെടുന്ന വ്യത്യസ്ത രാജ്യങ്ങളിലും കത്തോലിക്കാ പുരോഹിതൻമാർ ഇടക്കിടക്കു് അധഃപതിച്ചുപോയ ധാർമ്മികതയുടെ വളരെ താഴ്ന്ന നിലവാരം മൂടിവെക്കാനോ നിഷേധിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” ഇന്നുപോലും പുരോഹിതൻമാരുടെ ദുർമ്മാർഗ്ഗം പല രാജ്യങ്ങളിലും സത്യസന്ധരായ ആളുകളുടെ ദൃഷ്ടികളിൽ പൗരോഹിത്യത്തെ വിലയിടിച്ചു കാണുന്ന ഫലം ഉളവാക്കിയിരിക്കുന്നു.
പുറജാതി മതനിഷ്ഠകളിൽനിന്നു് സ്വീകരിച്ച പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ നിയമം ദൈവത്താൽ സ്ഥാപിക്കപ്പെട്ട മാന്യമായ ഒരു ക്രമീകരണം ആകുന്ന വിവാഹത്തിന്റെ വിലയിടിക്കുന്ന ഫലവും ഉണ്ടാക്കിയിരിക്കുന്നു. (മത്തായി 19:4-6; ഉല്പത്തി 2:21-24; എബ്രായർ 13:4) പുതിയ ബ്രിട്ടാനിക്കാ സർവ്വവിജ്ഞാനകോശം പറയുന്നതുപോലെ: “ആരാധനാവിശുദ്ധി സംബന്ധിച്ച ഈ ആശയം വിവാഹത്തെ വിലകുറച്ചുകാണാനും ലൈംഗികത പൈശാചികമായി കാണാനുമുള്ള ചായ്വ് വർദ്ധിപ്പിച്ചിരിക്കുന്നു. പുരോഹിതൻമാരും സന്യാസിമാരും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നു് ആവശ്യപ്പെടുന്നതിലേക്കു് നയിക്കുകയും ചെയ്തിരിക്കുന്നു, അതു് സഭക്കുള്ളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സംഘർഷത്തിനു് ഇടയാക്കിയിരിക്കുന്നു.”
ഗൂഢമായ ആന്തരങ്ങളോടെയാണു് പൗരോഹിത്യ ബ്രഹ്മചര്യം സ്വീകരിക്കപ്പെട്ടതു്, അതു് നിലനിർത്തപ്പെടുന്നതിന്റെ കാരണം അവ വിശദമാക്കിയേക്കാം. എങ്കിലും അതു് കത്തോലിക്കർക്കോ പുരോഹിതവർഗ്ഗത്തിനോ പ്രയോജനം ചെയ്തില്ല. സഭ തന്നെയും ദോഷഫലം അനുഭവിച്ചിരിക്കുന്നു, കാരണം ഇപ്പോൾ പുരോഹിതൻമാരുടെ ദൗർല്ലഭ്യം ഈ തിരുവെഴുത്തുവിരുദ്ധമായ നിയമം നിമിത്തമാണെന്നു് പൊതുവെ വിശ്വസിക്കപ്പെടുന്നു.
മറിയയുടെ നിത്യകന്യകാത്വം എന്ന ഉപദേശം സൂക്ഷ്മാവലോകനം നടത്തുമ്പോൾ വിവാഹവും ലൈംഗികതയും സംബന്ധിച്ച കത്തോലിക്കാസഭയുടെ വീക്ഷണത്തിന്റെ മറ്റൊരുവശം വെളിച്ചത്തുവരുന്നു.
[5-ാം പേജിലെ ആകർഷകവാക്യം]
“പുതിയനിയമം . . . വിശുദ്ധ ശുശൂഷകരുടെ ബ്രഹ്മചര്യം ആവശ്യപ്പടുന്നില്ല.”—പോൾ VI-ാമൻ പാപ്പ