യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തി.—മത്തായി 8:14, 15; മർക്കോസ് 1:29-31
ക്രിസ്തീയസഭയിലെ ശുശ്രൂഷകർ ബ്രഹ്മചാരികളായിരിക്കണമോ?
റോമൻ കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭകൾ, ബുദ്ധമതം തുടങ്ങി ലോകമെങ്ങുമുള്ള പല സഭകളും അവരുടെ മതനേതാക്കന്മാർക്കും പുരോഹിതന്മാർക്കും ബ്രഹ്മചര്യം ഒരു നിബന്ധനയാക്കുന്നു. എന്നാൽ മറ്റു പലരും അഭിപ്രായപ്പെടുന്നത്, ഈ അടുത്ത കാലത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മതപുരോഹിതന്മാരുടെ ലൈംഗിക ദുഷ്പെരുമാറ്റങ്ങൾക്കു പിന്നിലെ കാരണം അവരുടെ ബ്രഹ്മചര്യമാണെന്നാണ്.
അതുകൊണ്ട് മതശുശ്രൂഷകർ ബ്രഹ്മചാരികളായിരിക്കണം അഥവാ അവിവാഹിതരായിരിക്കണം എന്നത് ബൈബിളിലെ ഒരു നിബന്ധനയാണോ എന്ന് അറിയേണ്ടതു വളരെ പ്രസക്തമാണ്. അതു മനസ്സിലാക്കാൻ ഈ അനുഷ്ഠാനത്തിന്റെ ഉത്ഭവം എവിടെനിന്നാണെന്നും അത് എങ്ങനെ മതങ്ങളിൽ കടന്നുകൂടിയെന്നും ദൈവം ഇതിനെ എങ്ങനെ വീക്ഷിക്കുന്നെന്നും നമുക്കു നോക്കാം.
മതങ്ങളുടെ ചരിത്രത്തിൽ ബ്രഹ്മചര്യമോ?
ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) ബ്രഹ്മചര്യത്തെ നിർവചിക്കുന്നത് “മിക്കപ്പോഴും സഭാപദവിയോ മതഭക്തിയോ കാരണം വിവാഹം കഴിക്കാതെ, ലൈംഗികകാര്യങ്ങളിൽനിന്നെല്ലാം അകന്ന് കഴിയുക” എന്നാണ്. “അപ്പോസ്തലന്മാർക്കു ശേഷമുള്ള കാലംമുതൽ പിന്തുടർന്നുപോരുന്ന പാരമ്പര്യവുമായി” ബന്ധപ്പെട്ട ഒന്നാണു നിർബന്ധിതബ്രഹ്മചര്യമെന്ന് 2006-ൽ പാപ്പായുടെ ഭരണസമിതി കൂടിയപ്പോൾ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ പറഞ്ഞു.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിൽ ബ്രഹ്മചര്യം ഒരു നിബന്ധനയായിരുന്നില്ല. വാസ്തവത്തിൽ, “വഴിതെറ്റിക്കുന്ന അരുളപ്പാടുകൾ” പറയുന്നവർക്കും ‘വിവാഹം വിലക്കുന്നവർക്കും’ എതിരെ ജാഗ്രത പാലിക്കണമെന്നാണ് അക്കാലത്ത് ജീവിച്ചിരുന്ന അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പ് നൽകിയത്.—1 തിമൊഥെയൊസ് 4:1-3.
രണ്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യ “ക്രിസ്തീയ” സഭകളിലേക്കു ബ്രഹ്മചര്യം കടന്നുവന്നത്. ബ്രഹ്മചര്യവും മതപരമായ പാരമ്പര്യങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നത്, “റോമൻ സാമ്രാജ്യത്തിൽനിന്ന് ഉത്ഭവിച്ച ലൈംഗികവിലക്കിനു ചേർച്ചയിലാണ് ഈ പുത്തൻതരംഗം അലയടിക്കുന്നത്” എന്നാണ്.
തുടർന്നുള്ള നൂറ്റാണ്ടുകളിൽ സഭാസമിതികളും സഭാപിതാക്കന്മാർ എന്ന് അറിയപ്പെടുന്നവരും പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തിനു ചുക്കാൻ പിടിച്ചു. ലൈംഗികത അശുദ്ധമാണെന്നും അതു പുരോഹിതശുശ്രൂഷകർക്കു ചേർന്നതല്ലെന്നും അവർ ചിന്തിച്ചു. എന്നാൽ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നത് ഇങ്ങനെയാണ്: “10-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മിക്ക പുരോഹിതന്മാർക്കും ചില ബിഷപ്പുമാർക്കുപോലും ഭാര്യമാരുണ്ടായിരുന്നു.”
1123-ലും 1139-ലും റോമിൽവെച്ച് നടന്ന ലാറ്ററൻ സമിതികളാണ് പുരോഹിതന്മാരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത്. ആ ആചാരം റോമൻ കത്തോലിക്കാ സഭകളിലെ പുരോഹിതന്മാർക്കിടയിൽ ഒരു ഔദ്യോഗിക സമ്പ്രദായമായി ഇന്നോളം നിലനിൽക്കുന്നു. വിവാഹിതരായ പുരോഹിതന്മാർ സഭയുടെ സ്വത്ത് തങ്ങളുടെ മക്കൾക്കു കൈമാറുമ്പോൾ സഭയ്ക്കു വരുന്ന നഷ്ടവും അധികാരത്തിനു വരുന്ന വീഴ്ചയും ഈ നിബന്ധനയിലൂടെ സഭ ഒഴിവാക്കുന്നു.
ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം തന്റെ വചനമായ ബൈബിളിൽ ദൈവം വ്യക്തമാക്കിയിട്ടുണ്ട്. “സ്വർഗരാജ്യത്തെപ്രതി” തന്നെപ്പോലെ അവിവാഹിതരായി തുടരുന്നവരെക്കുറിച്ച് യേശു പറഞ്ഞ വാക്കുകൾ അതിനൊരു ഉദാഹരണമാണ്. (മത്തായി 19:12) അതുപോലെ, തന്റെ മാതൃക അനുകരിച്ചുകൊണ്ട് “സന്തോഷവാർത്തയ്ക്കുവേണ്ടി” വിവാഹം കഴിക്കാതെ തുടരുന്ന ക്രിസ്ത്യാനികളെക്കുറിച്ച് അപ്പോസ്തലനായ പൗലോസും സംസാരിക്കുന്നുണ്ട്.—1 കൊരിന്ത്യർ 7:37, 38; 9:23.
എന്നാൽ യേശുവോ പൗലോസോ സഭയിലെ ശുശ്രൂഷകർ ബ്രഹ്മചാരികളായിരിക്കണമെന്ന നിബന്ധന വെക്കുകയായിരുന്നില്ല. വിവാഹം കഴിക്കാതെ തുടരുന്നതിനെ ഒരു “വരം” എന്നാണ് യേശു വിളിച്ചത്. ആ വരം എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല. “അവിവാഹിതരെക്കുറിച്ച്” പൗലോസ് എഴുതിയപ്പോൾ അദ്ദേഹം ഇങ്ങനെ തുറന്നുസമ്മതിച്ചു: ‘അവരെപ്പറ്റി എനിക്കു കർത്താവിൽനിന്ന് കല്പനയൊന്നുമില്ല. ഞാൻ എന്റെ അഭിപ്രായം പറയുകയാണ്.’—മത്തായി 19:11; 1 കൊരിന്ത്യർ 7:25.
കൂടാതെ, അപ്പോസ്തലനായ പത്രോസ് ഉൾപ്പെടെ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന വിവാഹിതരായ പല ക്രിസ്തീയശുശ്രൂഷകരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (മത്തായി 8:14; മർക്കോസ് 1:29-31; 1 കൊരിന്ത്യർ 9:5) അതു മാത്രമല്ല, ക്രിസ്തീയമേൽവിചാരകൻ വിവാഹിതനാണെങ്കിൽ അദ്ദേഹം “ഒരു ഭാര്യ മാത്രമുള്ളവനും” ‘മക്കൾ അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരും’ ആയിരിക്കണമെന്നു പൗലോസ് പറഞ്ഞു. റോമൻ സാമ്രാജ്യത്തിൽ അന്നു നിലനിന്നിരുന്ന ലൈംഗിക ദുഷ്പെരുമാറ്റത്തിന്റെ വ്യാപനം കണക്കിലെടുത്താണ് പൗലോസ് അങ്ങനെ എഴുതിയത്.—1 തിമൊഥെയൊസ് 3:2, 4.
ഇവർ വിവാഹശേഷം ബ്രഹ്മചാരികളായിരുന്നില്ല. കാരണം ബൈബിൾ വ്യക്തമായി പറയുന്നത്, “ഭർത്താവ് ഭാര്യക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കട്ടെ,” ലൈംഗികതാത്പര്യങ്ങൾ ‘ഭാര്യാഭർത്താക്കന്മാർ പരസ്പരം നിഷേധിക്കരുത്’ എന്നൊക്കെയാണ്. (1 കൊരിന്ത്യർ 7:3-5) അതുകൊണ്ട് ക്രിസ്തീയശുശ്രൂഷകർ ബ്രഹ്മചാരികളായിരിക്കണം എന്നൊരു നിബന്ധന ദൈവം വെച്ചിട്ടില്ല എന്ന കാര്യം വ്യക്തമാണ്.
സന്തോഷവാർത്തയ്ക്കുവേണ്ടി
ബ്രഹ്മചര്യം ഒരു നിബന്ധനയല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് യേശുവും പൗലോസും അവിവാഹിതരായി തുടരുന്നതിനെ അനുകൂലിച്ച് സംസാരിച്ചത്? കാരണം അവിവാഹിതനായ ഒരാൾക്ക് സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. വിവാഹിതർ നേരിടുന്ന പല ഉത്കണ്ഠകളിൽനിന്നും ഏകാകികൾ സ്വതന്ത്രരായതുകൊണ്ട് അവർക്കു കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും.—1 കൊരിന്ത്യർ 7:32-35.
മെക്സിക്കോ നഗരത്തിൽ ഉയർന്ന ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ആളുകളെ ബൈബിൾ പഠിപ്പിക്കാനായി കോസ്റ്ററീക്കയിലെ ഉൾനാടൻ പ്രദേശത്തേക്കു മാറിത്താമസിച്ച ഡേവിഡിന്റെ അനുഭവം നോക്കാം. ഏകാകിയായി തുടർന്നത് ഡേവിഡിനെ സഹായിച്ചോ? ഡേവിഡ് പറയുന്നു: “ശരിക്കും. പുതിയ സംസ്കാരവും ചുറ്റുപാടുകളും ഒക്കെയായി ഒത്തുപോകുന്നത് ഒരു ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞാൻ ഒറ്റത്തടിയായതുകൊണ്ട് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. അതുകൊണ്ട് ആ മാറ്റവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാൻ എനിക്കു കഴിഞ്ഞു.”
സുവിശേഷകരുടെ ആവശ്യം അധികമുള്ളിടത്തേക്ക് താമസം മാറിയ ഏകാകിയായ ഒരു ക്രിസ്ത്യാനിയാണ് ക്ലൗദിയ. ക്ലൗദിയ പറയുന്നു: “ദൈവസേവനം എനിക്കു പ്രിയപ്പെട്ട ഒന്നാണ്. ദൈവം എന്നെ പരിപാലിക്കുന്ന വിധം കാണുമ്പോൾ ദൈവത്തിലുള്ള എന്റെ വിശ്വാസവും ദൈവവുമായുള്ള എന്റെ ബന്ധവും ശക്തമാകുന്നു.”
വിവാഹം കഴിച്ചിട്ടില്ല എന്ന ചിന്ത നിങ്ങളെ അലട്ടേണ്ട ഒരു കാര്യമല്ല. ക്ലൗദിയയുടെ അഭിപ്രായം ഇതാണ്: “നിങ്ങൾ വിവാഹം കഴിച്ചോ ഇല്ലയോ എന്നതല്ല, ദൈവമായ യഹോവയ്ക്കു നിങ്ങളുടെ ഏറ്റവും മികച്ചതു നൽകുന്നുണ്ടോ എന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം.”—സങ്കീർത്തനം 119:1, 2.
“നിങ്ങൾ വിവാഹം കഴിച്ചോ ഇല്ലയോ എന്നതല്ല, ദൈവമായ യഹോവയ്ക്കു നിങ്ങളുടെ ഏറ്റവും മികച്ചതു നൽകുന്നുണ്ടോ എന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം.”—ക്ലൗദിയ