ഭൂമി കുലുങ്ങിയപ്പോൾ അവർ പ്രതികരിച്ചു
ചിലിയിലെ “ഉണരുക!” ലേഖകൻ
നിലം കൂടുതൽ രൂക്ഷമായി കുലുങ്ങി. ഞങ്ങൾ ഞങ്ങളുടെ മുറിയുടെ വാതില്ക്കലേക്ക് നീങ്ങി. അടുക്കളയിൽ ഉണ്ടായിരുന്നവർ അലമാരകൾ അടച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം മുകളിലെ നിലയിൽ പുസ്തകങ്ങളും പാത്രങ്ങളുടെ ചെടികളും ഗ്ലാസ്സുകളും ജാം പാത്രങ്ങളും നിലത്തു വീണ് തകർന്നു. ഇത് എത്ര സമയത്തേക്കുണ്ടാകുമെന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടു.
ഞങ്ങൾ സമയം നോക്കിയില്ലെന്ന് പറയേണ്ടതില്ലല്ലോ, എന്നാൽ അടുത്ത ദിവസം വർത്തമാനപ്പത്രം പറഞ്ഞതനുസരിച്ച് അത് രണ്ടു മിനിട്ടു നിന്നു. രണ്ട് മിനിട്ട് അത്ര ദീർഘമല്ലല്ലോ എന്ന് നിങ്ങൾ വിചാരിച്ചേക്കാം, എന്നാൽ എന്നെ വിശ്വസിക്കൂ, നിങ്ങളുടെ കാൽക്കീഴിലുള്ള നിലം ഇളകുമ്പോൾ അത് എത്ര ദീർഘമായി തോന്നാം എന്നതിൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും!
ഇവിടെ ചിലിയിലെ സാൻറിയാഗൊയിൽ 1985 മാർച്ച് 3-ന് ഭൂകമ്പം ഉണ്ടായപ്പോൾ സമയം ഉച്ചകഴിഞ്ഞ് 7:47 ആയിരുന്നു. അത് സംഭവിച്ചപ്പോൾ ഞങ്ങൾ വാച്ച്റ്റവ്വർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലുള്ള ഞങ്ങളുടെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ അടുക്കളയിൽ ഒരു കപ്പ് ചായ കുടിക്കുകയായിരുന്നു.
ഭൂകമ്പം നിമിത്തം ഞങ്ങൾക്ക് മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് ഫ്ളാഷ് ലൈറ്റുകളും മെഴുകുതിരികളും ട്രാൻസിസ്റ്റർ റേഡിയോകളും പുറത്തെടുത്തു. റേഡിയോ വാർത്തയനുസരിച്ച് തീരപ്രദേശങ്ങളും സാൻറിയാഗോയുടെ പഴയ ഭാഗങ്ങളും രൂക്ഷമായി ബാധിക്കപ്പെട്ടിരുന്നു. ‘അവിടെയുള്ള നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ എങ്ങനെയായിരുന്നു?’ എന്ന് ഞങ്ങൾ അറിയാൻ ആഗ്രഹിച്ചു. ഞങ്ങൾക്ക് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല—ഫോൺ ലൈനുകളിൽ തിരക്കായിരുന്നു, അതിനുപുറമെ ആ പ്രദേശങ്ങളിൽ ഫോൺ ലൈനുകൾ വീണുകിടക്കുകയായിരുന്നു. പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ നിർമ്മാണ സ്ഥലത്തുനിന്നാണ് ഞങ്ങൾക്ക് ആദ്യം വിവരം ലഭിച്ചത്. എല്ലാവരും സുഖമായിരിക്കുന്നുവെന്നും കേട്ടത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു! ആ രാവിലെ സമയത്ത് ഓഫീസ് പ്രദേശത്ത് പണിതുയർത്തിയ ഒരു ഇഷ്ടിക ഭിത്തി മാത്രമേ തകർന്നു വീണുള്ളു!
ആ രാത്രിയിൽ ഞങ്ങൾക്ക് ആർക്കും തന്നെ നല്ല ഉറക്കം ലഭിച്ചില്ല. ഞങ്ങൾ നിദ്രയിലാകുന്ന ഉടനെ ഒരു ഭൂമികുലുക്കം ഞങ്ങളുടെ കിടക്കയെ ഇളക്കും, ഞങ്ങളെ ഉണർത്തും. അടുത്ത പ്രഭാതത്തിൽ പത്രങ്ങൾ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തു, ഭൂകമ്പം നിമിത്തമുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ കൊടുത്തുകൊണ്ടുതന്നെ. അത് റിക്ടർ സ്ക്കെയിലിൽ 7.7 എന്ന അളവിൽ എത്തിയിരുന്നു. നഗരങ്ങളിൽ വെള്ളവും വൈദ്യുതിയും ഇല്ല. പാലങ്ങൾ തകർന്നു. നൂറ്റി നാല്പതിലധികം ആളുകൾ മരിക്കുകയും 1,50,000 പേർ ഭവനരഹിതരാവുകയും ചെയ്തു. നാശനഷ്ടം ഒരു പക്ഷെ 1,800 കോടി രൂപയിലധികം വരുമായിരുന്നു! എന്തിന്, എകദേശം 1350 കിലോമീറ്റർ അകലെ അറ്റ്ലാൻറിക് തീരത്തുള്ള ആർജൻറിനായിലെ ബ്യൂണസ് അയേഴ്സ് വരെ ഭൂചലനം അനുഭവപ്പെട്ടിരുന്നു! മാർച്ച് 3, 1985 ദീർഘകാലം ഓർമ്മയിലിരിക്കും.
വേഗം ആവശ്യമായിരുന്ന സഹായം!
ബ്രാഞ്ച് ഓഫീസിലെ അംഗങ്ങൾ മഖാലി, മെലിവില്ലാ, റെൻഗൊ, സാൻ അൻറോണിയോ, വാർപറേസോ, വിനാഡെൽ മാർ എന്നിവപോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഞങ്ങൾ ഉടൻതന്നെ ക്രമീകരണങ്ങൾ ചെയ്തു. കാരണം? നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ എങ്ങനെയായിരിക്കുന്നുവെന്നും അടിയന്തിര ആശ്വാസമെന്ന നിലയിൽ അവർക്ക് എന്ത് ആവശ്യമാണെന്നും മനസ്സിലാക്കുന്നതിനുതന്നെ.
ശൂന്യതയുടെ രംഗങ്ങൾ എവിടെയും ഉണ്ടായിരുന്നു. കൂടുതൽ നാശനഷ്ടവും പഴയ വീടുകൾക്കായിരുന്നെങ്കിലും ചില ആധുനിക കെട്ടിടങ്ങളെയും ബാധിച്ചിരുന്നു—റൊനേക്കായിലെ ഒരു എട്ടുനില കെട്ടിടത്തേപോലെതന്നെ. അത് രൂക്ഷമായി ആടി ഉലഞ്ഞ് പിസ്സയിലെ ഗോപുരത്തേപ്പോലെ ചെരിഞ്ഞുനിന്നു. അത് പൊളിച്ചു നീക്കേണ്ടതായി വന്നു.
നമ്മുടെ ക്രിസ്തീയ സഹോദരങ്ങളോ? അവരിൽ നൂറുകണക്കിന് ആളുകൾക്ക് അവരുടെ ഭവനങ്ങളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടെങ്കിലും ഭൂചലനം ബാധിച്ച പ്രദേശങ്ങളിൽ താമസിച്ചിരുന്ന 16,000 സാക്ഷികളിൽ ഒരാൾപോലും കൊല്ലപ്പെടുകയോ മുറിവേല്ക്കപ്പെടുകയോ ചെയ്തില്ലെന്നറിഞ്ഞത് ഞങ്ങളെ വളരെ സന്തുഷ്ടരാക്കി! സാൻറിയാഗോയിലെയും അങ്ങ് അകലെ പുൻറാ അരീനാസിലെയും ഐക്വിക്കിലെയും യഹോവയുടെ സാക്ഷികളുടെ സഭകൾ തങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ചോദിച്ചുകൊണ്ട് വിളിച്ചുതുടങ്ങി. വിവരം പെട്ടെന്നു പരക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഭക്ഷണവും വസ്ത്രവും പുതപ്പുകളും മറ്റ് ഉപയോഗപ്രദമായ വസ്തുക്കളും കൊണ്ട് ചിലർ വന്നുതുടങ്ങുകയും ചെയ്തു. വേഗംതന്നെ മൊത്തം അഞ്ചര ടൺ ശേഷിയുള്ള ഞങ്ങളുടെ രണ്ട് ട്രക്കുകൾ നിറച്ച് പോയിക്കഴിഞ്ഞു. വൈകുന്നേരം അവർ തിരിച്ചു വന്നപ്പോഴേക്കും മറ്റൊരു യാത്രക്കായി വേണ്ടത്ര സംഭാവനകൾ ലഭിച്ചിരുന്നു. അത് അങ്ങനെ ഏതാണ്ട് രണ്ടാഴ്ചകളോളം നീണ്ടു നിന്നു.
ഭൂകമ്പം കഴിഞ്ഞ് രണ്ടാം വാരാന്ത്യത്തിൽ സമീപസഭകളിൽനിന്നും പുതിയ ബ്രാഞ്ച് നിർമ്മാണ സ്ഥലത്തു നിന്നുമായി 110 സ്വമേധയാ സേവകർ രൂക്ഷമായ ആക്രമണമുണ്ടായ ചില നഗരങ്ങളിലേക്ക് പോവുകയും മുമ്പ് പണിതുവെച്ചിരുന്ന മരംകൊണ്ടുള്ള 24 താമസസ്ഥലങ്ങൾ പണിയുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ അത്തരം അഭയസ്ഥാനങ്ങൾ 69 എണ്ണം പണിതുകഴിഞ്ഞു, ശക്തിയായ മഴ തുടങ്ങുന്നതിനു മുമ്പ് കൂടുതൽ പണിയാമെന്ന് ഞങ്ങൾ ആശിക്കുന്നു.
പ്രായോഗിക സഹായവും അഭയസ്ഥാനങ്ങളും നമ്മുടെ സാഹോദര്യം ദൃശ്യമായി പ്രകടമാക്കിയിരിക്കുന്നു എന്ന് ഒരു സഭ ഞങ്ങൾക്കെഴുതി. “ലോസ് ഹെർമാനോസ് സെ പാസറോൻ!” (“സഹോദരങ്ങൾ തന്നെ അതിശയിച്ചുപോയി!”) ഹൃദയസ്പർശിയായ ഒരു വിധത്തിൽ, ഇത് ഒരു സാർവ്വദേശീയ സഹോദരവർഗ്ഗമാണെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കപ്പെട്ടു, കാരണം ഭൂചലനത്തേതുടർന്നുവന്ന ദിവസങ്ങളിലും ആഴ്ചകളിലും ആർജൻറീന, ജർമ്മനി, ഇറ്റലി, ഐക്യനാടുകൾ, എന്നിവിടങ്ങളിലെ സാക്ഷികൾ ഇവിടെ ചിലിയിലുള്ള തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് ഫോൺ വിളിച്ചു. നമ്മുടെ “കുടുംബ”ത്തിന്റെ ആവശ്യങ്ങൾക്കായി സഹായിക്കുന്നതിന് ഫോൺ വിളിയേ തുടർന്ന് ഉദാരമായ സംഭാവനകൾ ലഭിച്ചു.
ആത്മപരിശോധനക്കുള്ള ഒരു സമയം
“ഭൂകമ്പം!” എന്ന കൂട്ട നിലവിളിയും ഉൾപ്പെട്ടിരിക്കുന്ന നശീകരണ ശക്തിയും പലപ്പോഴും ദൈവവുമായിട്ടുള്ള തങ്ങളുടെ ബന്ധം സംബന്ധിച്ച് ചിന്തിക്കാൻ ആളുകളെ ഉത്തേജിപ്പിക്കുന്നു. വാസ്തവത്തിൽ ഇവിടെ ചിലിയിൽ ഭൂചലനമുണ്ടായി മിനിട്ടുകൾ കഴിഞ്ഞ് സംരക്ഷണം തേടിക്കൊണ്ട് അയൽക്കാർ നമ്മുടെ പല രാജ്യഹോളുകളിലും എത്തി. തന്റെ പ്രദേശത്ത് അറിയപ്പെടുന്ന മെലിപിള്ളായിലെ ഒരു സാക്ഷിക്ക് ആ രാത്രിയിൽ അനേകം സന്ദർശകരുണ്ടായിരുന്നു. ഓരോ ചലനത്തിനും ശേഷം കൂടുതൽ അയൽക്കാർ സംരക്ഷണം തേടി അയാളുടെ ഭവനത്തിൽ വന്നിരുന്നു. അയാളുടെ പിൻമുറ്റത്ത് ഒരു കൂടാരം ഉയർത്തുകയും “അവിടവിടെ ഭൂചലന”ങ്ങളോടു കൂടിയ അന്ത്യനാളുകൾ സംബന്ധിച്ച് യേശുവിന്റെ വാക്കുകൾ ചർച്ച ചെയ്തുകൊണ്ട് അയാൾ രാത്രിയിൽ വളരെ വൈകി അനേകം മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തു.—മർക്കോസ് 13:3-8.
വിനാ ഡെൽ മാറിൽ ഒരു മനുഷ്യൻ ബൈബിളദ്ധ്യയനം നിർത്തുകയും അയാൾ ഒരിക്കലും രാജ്യഹോളിലേക്ക് തിരിച്ചു വരില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അയാൾ ആ ഭൂചലന ശേഷം എവിടെയാണ് തന്നെത്തന്നെ കണ്ടെത്തിയത്? എന്തിന്, രാജ്യഹോളിൽ! അയാളെയും കുടുംബത്തെയും സ്വാഗതം ചെയ്കയും താല്ക്കാലിക താമസസ്ഥലം നൽകുകയും ചെയ്തു. അയാൾക്കും കുടുംബത്തിനും നൽകിയ ഊഷ്മളമായ ആതിഥ്യത്താൽ പ്രചോദിപ്പിക്കപ്പെട്ട് അയാൾ ബൈബിൾ അദ്ധ്യയനം പുനരാരംഭിക്കാൻ തീരുമാനമെടുത്തു.
നമ്മുടെ ചില സഹോദരങ്ങൾ വളരെ കഷ്ടിച്ചാണ് ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ദൃഷ്ടാന്തത്തിന്, വികുനാ റോസാസ് സഭയിൽ ഒരു സഹോദരൻ ഈയിടെ ആശുപത്രിയിൽ നിന്ന് തിരിച്ചുവന്ന് കിടക്കയിൽ കിടപ്പായിരുന്നു. ആ വൈകുന്നേരം അയാളുടെ ഭാര്യയും മകളും യോഗത്തിന് പോവുകയും അങ്ങനെ അയാളെ വീട്ടിൽ തനിച്ചാക്കുകയും ചെയ്തു. ഭൂകമ്പം ആഞ്ഞടിക്കുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ്, ഒരു നല്ല ശ്രമം ചെയ്ത് എഴുന്നേല്ക്കുന്നതിനും ഭാര്യയും മകളും വീട്ടിൽ തിരിച്ചെത്തുമ്പോൾ ചായക്ക് വെള്ളം തയ്യാറാക്കിവെച്ചുകൊണ്ട് അവരെ അതിശയപ്പെടുത്തുന്നതിനും അയാൾ തീരുമാനിച്ചു. അയാൾ അടുക്കളയിൽ പോയി വെള്ളം ചൂടാക്കാൻ തുടങ്ങിയ ഉടനെ ഭൂകമ്പം ആഞ്ഞടിച്ചു. അയാൾ തന്റെ മുറിയിൽ തിരിച്ചുവന്നപ്പോൾ കണ്ട കാഴ്ച, 9 അടി ഉയരമുള്ള ഒരു ഭിത്തി തകർന്ന് തന്റെ കിടക്കയിൽ കിടക്കുന്നതാണ്! ഒരു കപ്പ് ചായയുണ്ടാക്കാൻ അടുക്കളയിലേക്ക് പോകാൻ വിചാരിച്ചതിൽ അയാൾ എന്നും നന്ദിയുള്ളവനല്ലായിരുന്നോ!
തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടെങ്കിലും ശുഭാപ്തിവിശ്വാസം നിലനിർത്തിയ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുടെ പ്രതികരണം കാണുന്നത് വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ: “ഞങ്ങളുടെ ഭവനങ്ങൾ മണ്ണിനടിയിലായി, എന്നാൽ ഞങ്ങളുടെ വിശ്വാസം പോയില്ല?” (g85 11/8)