ഹാരാർ—കഴുതപ്പുലികൾ ഉഴലുന്ന നഗരം
കെനിയയിലെ “ഉണരുക” ലേഖകൻ
വെറും നൂറു വർഷങ്ങൾക്കു് മുമ്പു് ഹാരാർ ഒരു ‘ഉപേക്ഷിക്കപ്പെട്ട നഗരം’ ആയിരുന്നു. എന്നിരുന്നാലും, 1854-ൽ സർ റിച്ചാർഡ് ബർട്ടൻ എന്ന ഒരു ബ്രിട്ടീഷ് പണ്ഡിതനും അന്വേഷകനും സാഹസികമായി അതിൽ പ്രവേശിക്കാൻ തീരുമാനമെടുത്തു. അതിന്റെ ശക്തമായ മതിലുകൾ ദർശിച്ച അയാൾ സംശയിക്കുകയുണ്ടായി. എങ്കിലും ബർട്ടൻ ബുദ്ധിപൂർവ്വം ഒരു അറബ് വ്യാപാരിയായി പ്രച്ഛന്നവേഷം ധരിച്ചു. തന്റെ അതിശയകരമായ ഭാഷാപ്രാപ്തിയുടെ സഹായത്താൽ, നഗരത്തിലെ മുസ്ലീം നിവാസികളിൽ ഒരാളെന്ന നിലയിൽ ചുറ്റി സഞ്ചരിക്കാൻ കഴിയെണ്ടതിനു് അയാൾ ഒരു സാഹസിക സംരംഭം നടത്തി.. കൗശലം വിജയിച്ചു. അങ്ങനെ ബർട്ടൻ ഈ പൂർവ്വാഫ്രിക്കൻ നഗരം സന്ദർശിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരിയായിത്തീർന്നു.
ഇന്നു് ഹാരാർ സ്ഥിതിചെയ്യുന്നതു് എത്യോപ്യയിൽ ആണു്. ബർട്ടന്റെ നാളിലെപോലെ ഇന്നു് അകത്തുപ്രവേശിക്കുന്നതു് അത്ര സാഹസികമല്ലെങ്കിലും നഗരം ഇപ്പോഴും സന്ദർശകരെ വശീകരിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു. കാരണം ഹാരാർ രാത്രികാലങ്ങളിൽ കഴുതപ്പുലികൾ ഉഴലുന്ന നഗരമായി അറിയപ്പെടുന്നു! എങ്കിലും ഇന്നു് ഹാരാർ ആധുനിക താമസസൗകര്യങ്ങളും 70,000 നിവാസികളുമുള്ള ഒരു ഇരട്ട നഗരമാണു്. ആയിരത്തിലധികം വർഷമായി നിലനിൽക്കുന്ന പഴയഭാഗത്തിനു് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും കാര്യമായ മാറ്റം വന്നിട്ടില്ല.
പഴയനഗരത്തെ സമീപിക്കുകയും അതിന്റെ പടിവാതലുകളും ഗോപുരങ്ങളും വീക്ഷിക്കുകയും ചെയ്യുമളവിൽ നാം മറ്റൊരു ലോകത്തെ സമീപിക്കുകയാണെന്നു് നമുക്കു് തോന്നിപ്പോകും. എത്യോപ്യയുടെ ഇപ്പോഴത്തെ തലസ്ഥാനമായ ആഡീസ് അബാബ സ്ഥാപിക്കുന്നതിനു് ദീർഘകാലം മുമ്പു് ഹാരാർ പ്രമുഖസ്ഥാനം ആസ്വദിച്ചിരുന്നു. ഹാരാറിൽ നിന്നായിരുന്നു 16-ാം നൂറ്റാണ്ടിലെ മുസ്ലീം നേതാവും “ഇടങ്കയ്യനും” ആയ അഹമ്മദ് ഗ്രാൻ സാഹസികമായ കൊള്ളകൾ നയിച്ചിരുന്നതു്. എന്നിരുന്നാലും എത്യോപ്യ പിടിച്ചടക്കാനുള്ള അയാളുടെ ശ്രമങ്ങൾ അയാളുടെ മരണത്തിലും ഹാരാർ മറിച്ചിടപ്പെടുന്നതിലും കലാശിച്ചു. നഗരത്തിന്റെ ബൃഹത്തായ മതിലുകൾ അതിനുശേഷം പണിതതായിരുന്നു. അതു് നാലു നൂറ്റാണ്ടുകളിലധികം ഭദ്രമായി നിലനിൽക്കുകയും ചെയ്തു.
കഴിഞ്ഞ കാലത്തെപ്പോലെ ഇന്നും ഹാരാർ ഒരു സംഘട്ടന കേന്ദ്രമാണു്. എങ്കിലും, ഇന്നു് ചെറിയ നഗരവാതലുകളിൽ ഒന്നിലൂടെ നമുക്കു് സമാധാനപൂർവ്വം നഗരത്തിൽ പ്രവേശിക്കാൻ കഴിയുന്നു. ഇടുങ്ങിയ തെരുവുകളിലൂടെയും വളഞ്ഞുതിരിഞ്ഞ നടപ്പാതകളിലൂടെയും നാം ഇപ്പോൾ കടന്നുപോകുന്നു. അവയുടെ ഇരുവശത്തും പരന്നമേൽക്കൂരകളോടും ചരിഞ്ഞ മതിലുകളോടും കൂടിയ വീടുകളും വെള്ളപൂശിയ ചിലകെട്ടിടങ്ങളും മുസ്ലീം പള്ളിഗോപുരങ്ങളും ആണു്.
കഴുതപ്പുലികളെ കാണാനുള്ള സമയം ആയിട്ടില്ല. എന്നാൽ ഉള്ളസമയംകൊണ്ടു് നമുക്കു് കഴുതകളെ കണ്ടു് ആസ്വദിക്കാം. കഴിഞ്ഞകാലത്തെപ്പോലെ അവയുടെ എണ്ണം അത്ര അധികമല്ലെങ്കിലും ഹാരാറിന്റെ തെരുവുകളിൽ കഴുതകൾ ഇപ്പോഴും സഞ്ചരിക്കുന്നു. പലപ്പോഴും മനുഷ്യവഴികാട്ടികൾ ഇല്ലാതെതന്നെ. നിരപ്പില്ലാത്തതും പാറകൾ പൊന്തിനിൽക്കുന്നതുമായ ഇടുങ്ങിയ നടപ്പാതകളിലൂടെ അവ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഉന്തിനിൽക്കുന്ന കല്ലിൽതട്ടി വീഴാതെതന്നെ. അവയുടെ പുറത്തുള്ള കുടിവെള്ളത്തിന്റെ ഭാരിച്ച ചുമടുകൾ എവിടെ എത്തിച്ചുകൊടുക്കണമെന്നു് ആ മൃഗങ്ങൾക്കു് അറിയാമെന്നുള്ളതു് അതിശയകരം തന്നെ. അവിടെ എത്തിയാൽ ഭാരം ഒഴുവാക്കുന്നതിനും അടുത്ത യാത്രക്കായി കാലിപ്പാത്രങ്ങൾ സ്വീകരിക്കുന്നതിനായി ക്ഷമാപൂർവ്വം കാത്തുനിൽക്കുന്നു. അതെ, ഈ വിധത്തിലാണു് പഴയ ഹാരാറിലെ ചില നിവാസികൾ ഇപ്പോഴും അവർക്കു് ആവശ്യമുള്ള ജലം സമ്പാദിക്കുന്നതു്—ആഫ്രിക്കൻ വരൾച്ചനിമിത്തം ആ ജലവിതരണം ഈയിടെ തകരാറിലാവുകയുണ്ടായി.
ചന്ത സ്ഥലത്തു് ഹാരാറി സ്ത്രീകളാണു് ആദ്യം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതു്. അവരുടെ ഭാഷയും വസ്ത്രധാരണരീതിയും പാരമ്പര്യങ്ങളും ബന്ധം പ്രതിഫലിപ്പിക്കുന്നു. ഹരാറില സ്ത്രീകൾക്കു് ആകർഷമായ മുഖഭാവമാണുള്ളതു്, തവിട്ടുനിറത്തിലോ ഓറഞ്ചു്നിറത്തിലോ ഉള്ള ഷാളും മേത്തരം തലപ്പാവും ധരിക്കുന്നു. അവരുടെ തലമുടി പിന്നിയിടുന്നു.
അവർ എന്താണു് വിൽക്കുന്നതു്? എത്യോപ്യയിലൂടനീളം ആയിരക്കണക്കിനു ഭവനങ്ങളിൽ കാണുന്ന സ്മാരകവസ്തുക്കൾ ഉണക്ക പുല്ലുകൊണ്ടു് നെയ്തെടുത്ത പാത്രങ്ങളും താലങ്ങളും തന്നെ. അണ്ഡാകാരമോ വൃത്താകാരമോ, ഓറഞ്ചോ, ചുവപ്പോ മാന്തളിർ വർണ്ണത്തിലുള്ളതോ, വിവിധ നിറങ്ങളും ഡിസൈനുകളുംകൊണ്ടു് അലങ്കരിച്ചതോ ആയ താലങ്ങൾ മേശകളോ ഭിത്തികളോ അലങ്കരിക്കാൻ ഉപയോഗിക്കപ്പെടുന്നു. നെയ്തെടുത്ത പാത്രങ്ങൾ സാധനങ്ങൾവാങ്ങിക്കൊണ്ടു വരുന്നതിനോ എത്യോപ്യയിലെ പ്രത്യേക ആഹാരസാധനങ്ങൾ ആചാരപൂർവ്വം വിളമ്പുന്നതിനോ ഉപയോഗിക്കപ്പെടുന്നു. ഹാരാറിലെ കൊട്ടകൾ അതിന്റെ ഗുണനിലവാരത്തിനു് ലോകപ്രശസ്തമാണു്.
ഹാരാറിലെ തട്ടാൻമാരുടെ ഉല്പന്നങ്ങളും കണ്ണിനു് ഇമ്പകരമാണു്. നെക്ലേസുകൾ, ഏലസ്സുകൾ, വളകൾ, തലപ്പാവുകൾ, മോതിരങ്ങൾ—ഇവയെല്ലാം വിദഗ്ദ്ധമായി നിർമ്മിക്കപ്പെടുന്നു.
നാം തിരിച്ചറിയുന്നതിനു മുമ്പേ, സന്ധ്യാസമയം നമ്മുടെ മേൽ ചാടിവീഴുന്നു. അസ്തമനസൂര്യന്റെ വെളിച്ചത്തിൽ പഴയപട്ടണം വീക്ഷിക്കുന്നതിനു് നാം നഗരമതിലുകൾക്കു് വെളിയിലേക്കു് കുതിക്കുന്നു. മുൻകാലങ്ങളിൽ ഹാരാർ നിവാസികൾ സന്ധ്യയാകുമ്പോൾ അപരിചിതരെ കൊണ്ടുപോയി നഗരമതിലിനു വെളിയിലാക്കുകയും വാതിലടക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പഴയ നഗരത്തിൽ ഒരിക്കൽകൂടെ കടക്കുന്നതിനും രാത്രിയിലെ പ്രത്യേക ആകർഷണ വസ്തുവിനെ—കഴുതപ്പുലികളെ—കാണുന്നതിനും നമുക്കു് സന്തോഷമുണ്ടു്!
ഒരു ഇടുങ്ങിയ തെരുവിന്റെ അറ്റത്തു ചെന്നു് ചന്ദ്രപ്രകാശമില്ലാത്ത രാത്രിയിൽ വളരെ ആയാസപ്പെട്ടു് ഏതു വഴിക്കുപോകണമെന്നു് കാണാൻ നാം ശ്രമിക്കുന്നു. പൊടുന്നനെ തിളങ്ങുന്ന രണ്ടു ജോടികണ്ണുകൾ നമ്മുടെ നേരെ തുറിച്ചു നോക്കുന്നു. നാം അവിടെ മരവിച്ചു നിൽക്കുന്നു. വെറും 16 അടി അകലെ രണ്ടു് കഴുതപ്പുലികൾ നിൽക്കുന്നു. ഇവ വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങളുടെ വർഗ്ഗത്തിലുള്ള നായ്ക്കൾ അല്ല. ഇവിടെ നിൽക്കുന്നതു് പോത്തിനോളം വലിയ മൃഗങ്ങളെ ആക്രമിച്ചു് കീഴ്പ്പെടുത്തുന്ന ശക്തിയുള്ള ജീവികളാണു്!
അവ മനുഷ്യരെയും ആക്രമിച്ചിട്ടുണ്ടു്. എന്നാൽ ഞങ്ങൾക്കു് ആശ്ചര്യവും ആശ്വാസവും കൈവരുത്തികൊണ്ടു് അവ ആക്രമിക്കാതെ നിലത്തിരുന്നിരുന്ന ഒരു മനുഷ്യനിലേക്കു് ശ്രദ്ധ തിരിച്ചു. തന്റെ അടുത്തു് ഒരു കുട്ട മാംസ അവശിഷ്ടങ്ങൾ വെച്ചുകൊണ്ടു് അയാൾ കഴുതപ്പുലികൾക്കു് തീറ്റ കൊടുക്കാൻ തുടങ്ങി. അയാളെ കഴുതപ്പുലിക്കാരൻ എന്നു് വിളിക്കുന്നതു് ഒട്ടു അതിശയമല്ല. കഴുതപ്പുലികളെ തീറ്റിപ്പോറ്റുന്ന ആചാരം എപ്പോൾ തുടങ്ങി എന്നതു് കൃത്യമായി അറിയില്ല, എന്നാൽ കുറേക്കാലമായി അതു് നടന്നുകൊണ്ടിരിക്കുന്നു. സന്ധ്യസമയത്തു് ഹാരാറിലെ കഴുതപ്പുലികൾ അവയുടെ ഗൃഹങ്ങളിൽ നിന്നും ഗഹ്വരങ്ങളിൽ നിന്നും മറ്റു് ഒളി സങ്കേതങ്ങളിൽനിന്നും പുറത്തുവന്നു് നഗരമതിലുകൾക്കടുത്തേക്കു് വരുന്നു, കഴുതപ്പുലിക്കാർ അവയെ തീറ്റിപ്പോറ്റാൻ തയ്യാറായി വിവിധപടിവാതിലുകൾക്കരികെ നിൽക്കുന്നു. അവരുടെ കൈവശമുള്ള മാംസവും എല്ലുകളും എല്ലാം തീരുന്നതുവരെ, പലപ്പോഴും ഒമ്പതുമണിവരെ കഴുതപ്പുലിക്കാർ അവിടെ ഇരിക്കും.
രാത്രിയിൽ സൂക്ഷിച്ചു് നോക്കുമ്പോൾ മറ്റൊരു കഴുതപ്പുലി സാവധാനം അടുത്തുവരുന്നു. അതു് നിന്നശേഷം മറ്റു കഴുതപ്പുലികളെ ക്ഷണിച്ചുകൊണ്ടു് വിചിത്രമായ ശബ്ദം പുറപ്പെടുവിക്കുന്നു. ഈ വന്യ ജീവികളോടു് ആംഗ്യം കാണിച്ചുകൊണ്ടു് കഴുതപ്പുലിക്കാരൻ സ്വരം മാറ്റി പാടുവാൻ തുടങ്ങുന്നു. ഒടുവിൽ അവ അടുത്തുവന്നു് അയാളുടെ ചുറ്റും നിൽക്കുന്നു, ആഹാരം ലഭിക്കാൻ കാത്തുനിന്നുകൊണ്ടുതന്നെ.
അയാൾ ഒരു കഷണം എല്ലു് കയ്യിലെടുത്തു് നീട്ടി കഴുതപ്പുലികളെ അവയുടെ പേരിനാൽ വിളിച്ചു് സ്വരം മാറ്റി പാടുന്നതിൽ തുടരുന്നു. “ഹൊയ്-ഹൊയ് ഫിലിപ്സ് നെയ്” എന്നു് അയാൾ വിളിക്കുന്നു. എഴുന്നേറ്റ് അയാളുടെ അടുക്കലേക്കു് സാവധാനം നടന്നുകൊണ്ടു് “ഫിലിപ്സ്” പ്രതികരിക്കുന്നു. അതിന്റെ ഓഹരി പിടിച്ചുവാങ്ങി അതു് പെട്ടെന്നുതന്നെ അതിന്റെ സ്ഥാനത്തേക്കു് തിരിച്ചുപോരുന്നു. അടുത്തതായി അയാളുടെ ക്ഷണം അനുസരിക്കാൻ മടിയില്ലാത്ത ചെറുപ്പക്കാരനായ “ബേബി” ഉണ്ടു്. “ബിർട്ടുകാനും” “കാനുബിഷും” മറ്റുള്ളവയും തങ്ങളുടെ ആഹാരവീതം ലഭിക്കുന്നതിനു് സാവധാനം വായ് തുറന്നുകൊണ്ടു് അടുത്തുവരുന്നു.
അയാളുടെ ഏറ്റവും പ്രിയപ്പെട്ട കഴുതപ്പുലി “ബുറെ” ആണെന്നു തോന്നുന്നു. കാരണം അയാൾ അതിനെ “എന്റെ മകനെ” എന്നു വിളിക്കുന്നു. ബുറെ വന്നപ്പോൾ അയാൾ ഉത്സാഹത്തോടെ ആർപ്പുവിളിക്കുന്നു: “ബുറെ! ഹൊയ്-ഹൊയ്, നെയ്.” കഴുതപ്പുലിയുടെ കഴുത്തിൽ അയാൾ കൈവെച്ചപ്പോൾ അതു് മാംസക്കഷണം തട്ടിപ്പറിച്ചെടുക്കുന്നു. ചിലപ്പോൾ അയാൾ ഒരു എല്ലുകഷണം കടിച്ചു പിടിച്ചുകൊണ്ടു് അതെടുക്കാൻ ബുറെയെ ക്ഷണിക്കുന്നു. ബുറെ അയാളെ നിരാശപ്പെടുത്തുന്നില്ല. കഴുതപ്പുലിക്കാരന്റെ വായിൽ നിന്നു് എല്ലു് എടുത്തുകൊണ്ടു് മൃഗം അതിന്റെ സ്ഥാനത്തേക്കു് തിരിച്ചുപോയി ഇരിക്കുന്നു. അതിന്റെ ശക്തമായ പല്ലുകൾകൊണ്ടു് എല്ലു് കടിച്ചുഞെരിക്കുകയും ചെയ്യുന്നു.
ഇപ്പോൾ ഫാഷ് ലൈറ്റുകളും കാറിന്റെ ഹെഡ് ലൈറ്റുകളും ഈ രംഗം പ്രകാശമയമാക്കുന്നു. ചില വിനോദസഞ്ചാരികൾ കഴുതപ്പുലിക്കാരനു് കുറേ പണം നൽകികൊണ്ടു് ഈ ഹൃദയഹാരിയായ രംഗത്തിന്റെ ചിത്രമെടുക്കുന്നു. സന്ദർഭവശാൽ, വെളിച്ചവും ആൾകൂട്ടവും കഴുതപ്പുലികളെ ശല്യപ്പെടുത്തുന്നില്ല. കഴുതപ്പുലിക്കാരൻ നിരീഷകരായ ചിലരെ ഒരു കഷണം മാംസമെടുത്തു് അതിനു തീറ്റ കൊടുക്കാൻപോലും അനുവദിക്കുന്നു. അപകടം സംഭവിക്കുമോയെന്ന ഭയത്തോടെ ഒരു കഷണം മാംസം നീട്ടികൊണ്ടു് നാം ധൈര്യം സംഭരിക്കുന്നു. ഒരു കഴുതപ്പുലി പെട്ടെന്നു് ആ മാംസം തട്ടിയെടുക്കുന്നു.
നാം രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ കഴുതപ്പുലികൾ കൂടുതൽ ആഹാരത്തിനായി ചപ്പുചവറിടുന്ന സ്ഥലങ്ങളിൽ ഉഴലുന്നു. ചിലപ്പോഴൊക്കെ കുതിരകളും കഴുതകളും ചാകുമ്പോൾ കഴുതപ്പുലികൾക്കു് ഒരു സദ്യയൊരുക്കുന്നതിനു് വലിച്ചുകൊണ്ടുപോകുന്നു. കഴുതപ്പുലികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അന്തരീക്ഷം അലർച്ചകളും ഭീകരശബ്ദങ്ങളും പരുഷശബ്ദങ്ങളും കൊണ്ടു് മുഖരിതമായിരിക്കും. രാവിലെ നാം ‘ബാങ്കു’ വിളികേട്ടു് ഉണരുമ്പോൾ ഏതാനും എല്ലുകഷണങ്ങൾ മാത്രം അവശേഷിച്ചിരിക്കും. കഴുതപ്പുലികൾ ഹാരാറിൽ നിന്നു് അധികം ദൂരെയല്ലാത്ത തങ്ങളുടെ വാസസ്ഥലങ്ങളിലേക്കു് തിരിച്ചുപോകുന്നു.
സത്യമായും വിസ്മയകരമായ ഒരു സ്ഥലത്തേക്കു് തിരിച്ചുപോകുന്നതിനു് സന്ധ്യാസമയം അവയെ മാടിവിളിക്കുന്നതുവരെ അവ അവിടെ കഴിയും—കഴുതപ്പുലികൾ ഉഴലുന്ന ഹാരാറിലേക്കുതന്നെ.
[29-ാം പേജിലെ ആകർഷകവാക്യം]
ഹാരാറിന്റെ തെരുവുകളിൽ കഴുതകൾ ഇപ്പോഴും സഞ്ചരിക്കുന്നു, പലപ്പോഴും മനുഷ്യവഴികാട്ടികൾ ഇല്ലാതെതന്നെ
[29-ാം പേജിലെ ആകർഷകവാക്യം]
തിളങ്ങുന്ന രണ്ടുജോടി കണ്ണുകൾ നമ്മുടെ നേരെ തുറിച്ചുനോക്കുന്നു. നാം അവിടെ മരവിച്ചു നിൽക്കുന്നു.
[30-ാം പേജിലെ ആകർഷകവാക്യം]
ഭയത്തോടെ ഒരു കഷണം മാംസം നീട്ടിക്കൊണ്ടു് നാം ധൈര്യം സംഭരിക്കുന്നു...ഒരു കഴുതപ്പുലി അതു് പെട്ടെന്നു് തട്ടിയെടുക്കുന്നു.