ബൈബിളിന്റെ വീക്ഷണം
ഈസ്റ്റർ—ഇത് ക്രിസ്ത്യാനികൾക്കുള്ളതാണോ?
ഈസ്റ്റർ സംബ്ബന്ധിച്ച നിങ്ങളുടെ വീക്ഷണമെന്താണ്? കാനഡയിൽനിന്നുള്ള ആറുവയസ്സുകാരിയായ അലക്സൻട്രയ്ക്ക് അത് ഒരു പാർട്ടിയാണ്. ‘നിങ്ങൾ കേക്ക് തിന്നാൻ നിങ്ങളുടെ കൂട്ടുകാരോടുകൂടെ ആയിരിക്കുന്നു’ അവൾ പറഞ്ഞ. ‘നിങ്ങൾക്ക് ചോക്ലറ്റ് മുട്ടകൾ കൊണ്ടുവന്നിട്ടുണ്ടോയേന്നറിയാൻ നിങ്ങൾ ഈസ്റ്റർ മുയലിന് എഴുതിയിടുന്നു.’ മറ്റുള്ളവരെ സംബ്ബന്ധിച്ചിടത്തോളം ഈ സന്ദർഭം സ്കൂളിൽ നിന്നോ ജോലിയിൽനിന്നോ ലഭിക്കുന്ന കുറെ കൂടുതൽ അവധി ദിവസത്തെ—സുദീർഘ വാരാന്ത്യം—അർത്ഥമാക്കുന്നു. അതേ സമയം, അനേകർക്ക് ഈസ്റ്റർ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ആഘോഷമാണ്—യേശുക്രിസ്തുവിന്റെ മരണത്തെ തുടർന്നുള്ള അവന്റെ മൂന്നാം ദിവസത്തെ പുനരുത്ഥാനാഘോഷദിനം. എന്നാൽ ദൈവം ഈസ്റ്ററിനെ എങ്ങനെയാണ് വീക്ഷിക്കുന്നത്? യേശുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്നതിലധികം എന്തെങ്കിലും അതിൽ ഉൾപ്പെട്ടിട്ടുണ്ടോ? നാം ദൈവാംഗീകാരം ആഗ്രഹിക്കുന്നെങ്കിൽ, നാം അത് അറിഞ്ഞിരിക്കേണ്ടതാണ്.
ക്രിസ്തുവിന്റെ പുനരുത്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നുള്ളതിന് യാതൊരു സംശയവുമില്ല—ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രംതന്നെ. ഇപ്രകാരം എഴുതിക്കൊണ്ട് അപ്പോസ്തലനായ പൗലോസ് ഊന്നിപ്പറഞ്ഞു: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ തീർച്ചയായും നമ്മുടെ പ്രസംഗം വ്യർത്ഥമാണ്, നമ്മുടെ വിശ്വാസവും വ്യർത്ഥമാണ്. കൂടാതെ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം പ്രയോജനരഹിതമാണ്, നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിലാണ്.” (1 കൊരിന്ത്യർ 15:14, 17) അതുകൊണ്ട് നമ്മുടെ ആരാധന ദൈവത്തിന് പ്രസാദകരമായിരിക്കാൻ, നമുക്ക് യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരിക്കണം.
എന്നാൽ ഈസ്റ്ററിൽ യേശുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്നതിലധികം ഉൾപ്പെടുന്നു. മനുഷ്യർ ഈ അവസരത്തിന്റെ തിരുവെഴുത്തുപരമായ പ്രാധാന്യം സ്വീകരിക്കുകയും അതോടൊപ്പം വ്യാജദൈവങ്ങളെ സേവിച്ചിരുന്ന പുരാതന ജനതകളിൽ ഉത്ഭവിച്ച ആചാരങ്ങളും പ്രതീകങ്ങളും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ പരക്കെ അറിയപ്പെടുന്ന പ്രതീകമായ മുയലിനെക്കുറിച്ച് ചിന്തിക്കുക. “പുരാതന വിജാതിയർ മുയലിനെ വസന്തകാലത്തെ പുതുജീവന്റെ സമൃദ്ധിയുടെ ഒരടയാളമായി ഉപയോഗിച്ചിരുന്നു . . . ഒരു ഈസ്റ്റർ പ്രതീകമെന്ന നിലയിൽ മുയൽ ആദ്യമായി കാണപ്പെട്ടത് ഏതാണ്ട് 1572-ൽ ജർമ്മനിയിലാണ്” എന്ന് സ്കൂളിനും ഭവനത്തിനുവേണ്ടിയുള്ള കത്തോലിക്കാ സർവ്വവിജ്ഞാനകോശം പറയുന്നു. ഇതുപോലെ ഈസ്റ്റർ സമയത്ത് ഉപയോഗിക്കുന്ന ചൂടുള്ള കുരിശു ബണ്ണുകളുടെയും കടുംചായ മടിച്ച മുട്ടകളുടെയും ചോക്ലെറ്റ് മിഠായികളുടെയും ഉത്ഭവം പാഷണ്ഡമതത്തിലാണ്. കൂടാതെ ഈസ്റ്റർ എന്ന പേരുതന്നെ (ചില ഭാഷകളിൽ ഉപയോഗിക്കുന്ന) ഒരു വിജാതിയ ദേവനോട് ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുന്നത് അവിശ്വസനീയമാണ്. വെസ്റ്റ് മിനിസ്റ്റർ ബൈബിൾ നിഘണ്ടു പറയുന്നതനുസരിച്ച് ഈസ്റ്റർ എന്നത് “പ്രാരംഭത്തിന്റെ ആംഗ്ലോ സാക്സണിൽ ഈസ്റ്റർ എന്ന് അറിയപ്പെടുന്ന വസന്തത്തിന്റെയും പ്രകാശത്തിന്റെയും ജർമ്മൻ ദേവന്റെ ബഹുമാനാർത്ഥം ആഘോഷിച്ചിരുന്ന വസന്തോത്സവം ആയിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ആംഗ്ലോ സാക്സനാൽ ഈ പേര് പരിവർത്തനം ചെയ്യപ്പെടുകയും ക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്ന ക്രിസ്തീയ ആഘോഷമായി രൂപപ്പെടുത്തുകയും ചെയ്തു.”
ഈ വിജാതിയ പൂർവ്വപരമ്പര വിപുലമായി അംഗീകരിക്കുകയും നന്നായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചോദ്യം ഇതാണ്, ഇത് പ്രസക്തമാണോ? ഈസ്റ്റർ ക്രിസ്തുവിനെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതാകയാൽ, ദൈവം അതിന്റെ ബാഹ്യാലങ്കാരങ്ങളും, അതിന്റെ പേരുപോലും, മറ്റ് ദൈവങ്ങളുടെ ആരാധനയോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അവഗണിക്കുന്നുണ്ടോ?
ഈസ്റ്റർ സംബ്ബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
ദൈവം മോശെയിലൂടെ പത്ത് കല്പനകൾ നൽകിയപ്പോൾ അവൻ ആദ്യത്തെ രണ്ട് കൽപ്പനകളിൽ ഇപ്രകാരം പറഞ്ഞു: “ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു . . . ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് . . . എന്തുകൊണ്ടെന്നാൽ നിന്റെ ദൈവമായ യഹോവയെന്ന ഞാൻ സമഗ്ര ഭക്തി ആവശ്യപ്പെടുന്ന ഒരു ദൈവമാകുന്നു.” (ആവർത്തനം 5:6-9) യിസ്രായേൽ ജാതിയുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ, കാലാകാലങ്ങളിൽ കാണപ്പെട്ടിരിക്കുന്നതനുസരിച്ച്, അവൻ വ്യാജാരാധനയുടെ സൂചനപോലും പൊറുക്കയില്ല.
ഉദാഹരണത്തിന്, മോശെയ്ക്ക് ആ കൽപ്പനകളടങ്ങിയ രണ്ട് കല്പലകകൾ ലഭിച്ച സീനായ് മലയിൽ അവൻ ആയിരിക്കുമ്പോൾ, യിസ്രായേൽ ഈജിപ്റ്റുകാരുടെ മതപരമായ പ്രതീകങ്ങൾ യഹോവയുടെ ആരാധനയുമായി കൂട്ടിച്ചേർക്കാൻ തുടങ്ങി. ജനങ്ങളിൽനിന്ന് തങ്ങളുടെ കാതിലെ സ്വർണ്ണാഭരണങ്ങൾ സംഭരിച്ചശേഷം ഒരു കാളക്കുട്ടിയുടെ പ്രതിമ വാർത്തുണ്ടാക്കി. പിന്നീട് ഈ ഘോഷം ഉണ്ടായി: “യിസ്രായേലേ, ഇത് നിന്നെ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവമാകുന്നു.” ബൈബിൾ രേഖ നമ്മോട് പറയുന്നു:” അവസാനം അഹരോൻ [മോശെയുടെ സഹോദരൻ] വിളിച്ചു പറഞ്ഞു: ‘നാളെ യഹോവയ്ക്ക് ഒരു ഉത്സവമുണ്ട്.’ പിറ്റെന്നാൾ അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു. പിന്നീട് അവർ കളിക്കാൻ എഴുന്നേറ്റു.”—പുറപ്പാട് 32:1-6.
ആധുനിക കാലത്ത് ഈസ്റ്റർ ആഘോഷിക്കുന്നവരെപ്പോലെ, യിസ്രായേല്യർ സത്യദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുകയായിരുന്നു. അത് “യഹോവയ്ക്കു ഒരു ഉത്സവം” എന്ന് വിളിക്കപ്പെട്ടെന്ന് ഓർക്കുക. അവർ യഹോവയെ പ്രതിമയുമായി ബന്ധിപ്പിക്കാൻ ചായ്വ് കാട്ടി. അതേ സമയം, അവർ, ഒരുപക്ഷേ, ഒരു കാളക്കുട്ടിയാൽ പ്രതിനിധാനം ചെയ്യപ്പെട്ട ഒരു ജൗജിപ്റ്റ് ദേവനായിരുന്ന എപിസിനെ അനുകരിച്ചുകൊണ്ട് ആമോദിക്കുകയായിരുന്നു. അതിൽ ദൈവം പ്രസാദിച്ചോ? ഒരിക്കലുമില്ല. ഇത് നിമിത്തം അവൻ ആ ജാതിയെ നാശത്തിന്റെ വക്കിലെത്തിച്ചു.—പുറപ്പാട് 32:7-10.
അതുപോലെ, ക്രിസ്ത്യാനികൾ തങ്ങളുടെ ആരാധന പവിത്രവും ശുദ്ധവുമാക്കിനിർത്താൻ ദൈവം പ്രതീക്ഷിക്കുന്നു. അത് വ്യാജ ദൈവങ്ങളോട് ബന്ധപ്പെട്ട ആഘോഷങ്ങളോടോ ആചാരങ്ങളോടോ പ്രതീകങ്ങളോടോ യാതൊരു ബന്ധവുമില്ലാത്തതായിരിക്കണം. ദൃഷ്ടാന്തത്തിന്, അപമാനകരമായ ഒരു കാര്യത്തിനുവേണ്ടി ഒരു കത്തി ഉപയോഗിച്ചതായി നിങ്ങൾക്ക് അറിവുണ്ടെന്ന് സങ്കൽപ്പിക്കുക. അതേ കത്തി നിങ്ങളുടെ ഭക്ഷണം മുറിക്കുന്നതിനും ഭക്ഷിക്കുന്നതിനുമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നും? ഈസ്റ്റർ ഉത്ഭവിച്ചിരിക്കുന്ന ഹൃദ്യമല്ലാത്ത വിജാതിയ മതാചാരങ്ങളെ ദൈവം പ്രഥമദൃഷ്ട്യാ കണ്ടിരിക്കുന്നു. ഇത് സംബ്ബന്ധിച്ച അവന്റെ വീക്ഷണം നമുക്ക് പ്രസക്തമായിരിക്കെണ്ടേ?
അപ്പോസ്തലനായ പൗലോസ് എഴുതി: “നീതിക്കും അധർമ്മത്തിനും എന്ത് കൂട്ടായ്മയാണുള്ളത്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുളിനോട് എന്ത് പങ്കുചേരൽ ഉണ്ട്? കൂടാതെ, ക്രിസ്തുവും ബലിയാലും തമ്മിൽ എന്ത് യോജിപ്പാണുള്ളത്? ദൈവാലയത്തിന് വിഗ്രഹങ്ങളുമായി എന്ത് യോജിപ്പാണുള്ളത്?” ഉത്തരം ഇതാണ്: യാതൊന്നുമില്ല. അവൻ തുടരുന്നു: “‘അതിനാൽ അവരുടെയിടയിലനിന്ന് പുറത്തുപോരുക, നിങ്ങളെത്തന്നെ വേർപെടുത്തുക, അശുദ്ധമായത് തൊടരുത്. ഞാൻ നിങ്ങളെ കൈക്കൊള്ളും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”—2 കൊരിന്ത്യർ 6:14-17.
പുരാതന കാലം മുതൽ, തന്റെ ജനം തന്നെ സമ്പൂർണ്ണമായി ആരാധിക്കാൻ ദൈവം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യാജമതങ്ങളോട് ബന്ധപ്പെട്ട കാര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരിക്കരുത്. സത്യക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ പുനരുത്ഥാനത്തോട് വിലമതിപ്പ് പ്രകടിപ്പിക്കുന്നു. വിജാതിയ ലോകത്തിൽനിന്ന് പരിവർത്തനം ചെയ്ത ഒരു ഉത്സവം ആഘോഷിക്കുന്നതിലൂടെയല്ല, മറിച്ച് അവന്റെ കല്പന അനുസരിച്ചുകൊണ്ട് അവന്റെ മരണം ആഘോഷിക്കുന്നതിലൂടെയും സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ തുടർന്ന് ശ്രമിക്കുന്നതിലൂടെയുമാണ്.—ലൂക്കോസ് 22:19; യോഹന്നാൻ 4:24. (g86 3/8)
[15-ാം പേജിലെ ആകർഷകവാക്യം]
ഈസ്റ്റർ ക്രിസ്തുവിനെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതാകയാൽ, അതിന്റെ ബാഹ്യാലങ്കാരങ്ങൾ മറ്റ് ദൈവങ്ങളുടെ ആരാധനയോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ദൈവം അവഗണിക്കുന്നുണ്ടോ?
[14-ാം പേജിലെ ചിത്രം]
ഈ കാര്യങ്ങൾക്ക് യേശുവുമായി എന്ത് ബന്ധമാണുള്ളത്?