ജ്യോതിഷവും ജൻമദിനങ്ങളും ബൈബിളും
റാൾഫ്, അഡലിൻ ലിൻഡൻ എന്നീഗ്രന്ഥകാരൻമാർ പറയുന്നതനുസരിച്ച് ജ്യോതിഷവും ജൻമദിനങ്ങളും തമ്മിൽ ഒരു സുനിശ്ചിതബന്ധമുണ്ട്. ജൻമദിന വിജ്ഞാനം എന്ന തങ്ങളുടെ പുസ്തകത്തിൽ അവർ ഇങ്ങനെ പ്രസ്താവിക്കുന്നു: “നാഗരികത്വങ്ങളുടെ പിള്ളത്തൊട്ടിലുകളായിരുന്ന മെസപ്പത്തേമിയായും ഈജിപ്റ്റും ആളുകൾ തങ്ങളുടെ ജൻമദിനങ്ങൾ ഓർക്കുകയും ആദരിക്കുകയും ചെയ്ത ആദ്യ രാജ്യങ്ങളായിരുന്നു. പുരാതനകാലങ്ങളിൽ ജാതകമെഴുതുന്നതിന് ജൻമദിനം അത്യന്താപേക്ഷിതമായിരുന്നതുകൊണ്ട്, മുഖ്യമായി ആ കാരണത്താൽ ജൻമദിനരേഖകളുടെ സൂക്ഷിപ്പു പ്രധാനമായിരുന്നു.”
യിസ്രായേല്യരും ജൻമരേഖകൾ സൂക്ഷിച്ചിരുന്നുവെന്നതു സത്യം തന്നെ. എന്നാൽ ഇതു ചെയ്തത് പൗരോഹിത്യപരവും സൈനികവുമായ സേവനങ്ങൾക്കും മറ്റു സേവനങ്ങൾക്കും പുരുഷൻമാരുടെ പ്രായം സ്ഥാപിക്കാൻ വേണ്ടിയായിരുന്നു. (സംഖ്യാപുസ്തകം 1:2, 3; 4:2, 3; 2 രാജാക്കൻമാർ 11:21) എന്നിരുന്നാലും, ബൈബിൾ നോഹ, അബ്രാഹാം, മോശെ, ദാവീദ് എന്നിങ്ങനെയുള്ള പ്രമുഖ മനുഷ്യരുടെയോ യേശുക്രിസ്തുവിന്റെ പോലുമോ ജൻമദിനങ്ങൾ രേഖപ്പെടുത്തുന്നില്ല! “തീർച്ചയായും, ബൈബിളിൽ ജൻമദിനാഘോഷങ്ങളെക്കുറിച്ചു പറയുന്നുണ്ട്, എന്നാൽ ഫറവോൻ, ഹെരോദാവ് എന്നിങ്ങനെയുള്ള ദുഷ്ട പാഷണ്ഡികളുടെ ജൻമദിനം ഓർമ്മിക്കാൻ മാത്രമായിരുന്നു”വെന്ന് മേൽപ്പറഞ്ഞ ഗ്രന്ഥകാരൻമാർ സമ്മതിക്കുന്നു. “ആദിമ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ജനനത്തീയതി നിശ്ചയിക്കാൻ ശ്രമിച്ചപ്പോൾ അനേകം സഭാപിതാക്കൻമാർ അതിനെ ദൈവനിന്ദകമാണെന്നു കരുതി . . . അത് ഭക്തികെട്ട ഒരു വിജാതീയ ആചാരമായിരുന്നതുകൊണ്ട് അത് ആഘോഷിക്കാനുള്ള ശ്രമം ചെയ്യരുതെന്ന് അവർ പ്രഖ്യാപിച്ചു.”