ലോകത്തെ വീക്ഷിക്കൽ
മയക്കുമരുന്നിന്റെ ലോകവ്യാപകമായ ദുരുപയോഗം
മയക്കുമരുന്നിന്റെ ദുരുപയോഗം നടത്തുന്ന 480 ലക്ഷം ആളുകൾ ലോകവ്യാപകമായുണ്ട് എന്ന് ലോകാരോഗ്യസംഘടന (WHO) നിർണ്ണയം ചെയ്യുന്നു. ആ സംഖ്യയിൽ 17 ലക്ഷം പേർ കറപ്പിന്റെയും 300 ലക്ഷം പേർ കഞ്ചാവിന്റെയും 7,00,000 പേർ ഹെറോയ്ന്റെയും ആസക്തിക്ക് അടിപ്പെട്ടവരാണ്. ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ആസക്തിജനകമായ മയക്കുമരുന്നായി കരുതപ്പെടുന്ന കോക്കെയ്ന് അടിപ്പെട്ടവർ നിരവധി ദശലക്ഷങ്ങളാണ്. ലോകാരോഗ്യസംഘടനയുടെ ഉദ്യോഗസ്ഥൻമാരുടെ കണക്കുപ്രകാരം ഈ അക്കങ്ങൾ മറഞ്ഞുകിടക്കുന്ന വൻ ഹിമപർവ്വതത്തിന്റെ ഒരു തുമ്പ് മാത്രമാണ്, കാരണം പല രാജ്യങ്ങളിൽ നിന്നും പരിമിതമായ വിവരങ്ങളെ ലഭിക്കുന്നുള്ളു.
എയ്ഡ്സ് ഒരു ആയുധം എന്നവണ്ണമോ?
ഐക്യനാടുകളിലെ ക്രിമിനൽ കോടതികളിൽ എയ്ഡ്സുമായി ബന്ധപ്പെട്ട കേസുകൾ പെരുകുന്നു. “പോലീസുകാരെ തുപ്പുകയും കടിക്കുകയും ചെയ്യുന്ന ഈ രോഗം ബാധിച്ച പ്രതികൾക്കെതിരെ പ്രോസിക്യൂട്ടർമാർ ആക്രമണകുറ്റം ഫയൽ ചെയ്തുകൊണ്ടിരിക്കുന്നു.” എന്ന് ദ നാഷനൽ ലോ ജേർണൽ എന്ന പത്രിക റിപ്പോർട്ട് ചെയ്യുന്നു. മാരകമായ രോഗം പരക്കാനിടയാക്കിയിരിക്കുന്നു എന്ന കാരണം ചൊല്ലി മൂന്നു വ്യത്യസ്ത കേസുകളിൽ പ്രോസിക്യൂട്ടർമാർ അത്തരം മഹാപാതക ആരോപണങ്ങളെ ന്യായീകരിച്ചിരിക്കുകയാണ്. ഒരു മുറിവിലോ, കണ്ണിലോ രക്തപ്രവാഹത്തിലോ ഉമിനീർ വീണാൽ അതിലൂടെ എയ്ഡ്സ് പകരാൻ കാരണം ആകും എന്ന് അവർ വിശ്വസിക്കുന്നു.” പ്രോസിക്യൂട്ടിംഗ് അറ്റോർണിയായ ഒരാൾ ഇങ്ങനെ പ്രസ്താവിച്ചു: “ഞങ്ങൾ പ്രോസിക്യൂട്ട് ചെയ്യാൻ ആളെ തേടി നടക്കുകയല്ല. പക്ഷെ, ഒരാൾ ആക്രമണായുധമായ രോഗത്തെ ഉപയോഗിക്കുമ്പോൾ ഞങ്ങൾ അത് പൊറുക്കാൻ പോകുന്നില്ല.”
മദ്ധ്യപൂർവ്വദേശത്തെ എലിശല്യം
ഇസ്രായേലി—സിറിയൻ വെടി നിർത്തൽ രേഖയിലുടനീളം ഒരു ജനസംഖ്യാപ്രശ്നം നിലനിൽക്കുന്നു. മനുഷ്യർക്കിടയിലല്ല—പ്രദേശത്തെ ജനവാസം വളരെ ശുഷ്ക്കം ആണ്—പിന്നെയോ എലികൾക്കിടയിൽ. നിർണ്ണയം ചെയ്യപ്പെട്ടിടത്തോളം ഏതാണ്ട് 250 ലക്ഷം എലികൾ ഇവിടെ വസിക്കുന്നുണ്ട്. ഗോലാൻ കുന്നുകളിലെ ചെങ്കുത്തായ ഭാഗങ്ങളിൽ നിന്നും അരുവികളിലേക്കും മറ്റും കൂട്ടമായി ചാടികൊണ്ട് അവ സ്വയം കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. അവയെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് തങ്ങളുടെ ജനസംഖ്യാപെരുപ്പം തടയുന്നതിന് സഹജവാസനപ്രകാരം പെരുമാറുകയാണ് ഈ കരണ്ടുതീനികൾ.
അഗ്നിപർവ്വതം പുത്തൻ ദ്വീപ് സൃഷ്ടിച്ചു
ജനുവരി 20-ാം തീയതി തിങ്കളാഴ്ച്ച ടോക്യോ നഗരത്തിന് 750 മൈലുകൾ തെക്കായി ഒരു ദ്വീപ് ഉദയം കൊണ്ടു. ഒരു സമുദ്രാന്തര അഗ്നിപർവ്വതം പടിഞ്ഞാറെ പെസഫിക് സമുദ്രത്തിൽ പൊട്ടുകയും ചന്ദ്രക്കലയുടെ ആകൃതിയിൽ ഒരു ദ്വീപ് രൂപം കൊള്ളുകയും ചെയ്തു. വെള്ളിയാഴ്ച ആയതോടെ ദ്വീപ് കിഴക്കു പടിഞ്ഞാറ് ഏകദേശം 2300 അടി നീളവും അതിന്റെ ഏറ്റവും വീതികൂടിയ ഭാഗത്ത് 650 അടി വീതിയും കൈവരിച്ചുവെന്നും അത് ഇപ്പോഴും “വളർന്നുകൊണ്ടിരിക്കുകയാണെ”ന്നും ഉണരുക! മാസികയോട് സമുദ്രരക്ഷാഎജൻസി പറഞ്ഞു. നവജാതമായ ദ്വിപ് പക്ഷെ അപ്രത്യക്ഷമായേക്കാം. “ഇതേ പ്രദേശത്ത് 1907-1908-ലും 1914-ലും അഗ്നിപർവ്വത സ്ഫോടനങ്ങളെത്തുടർന്ന് പുതിയ ദ്വിപുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് പക്ഷെ അവ പെട്ടെന്നു തന്നെ മറയുകയും ചെയ്തു” എന്ന് മെയ്നിച്ചി ഡെയ്ലി ന്യൂസ് പറയുന്നു.
ഉന്നത സാങ്കേതിക വിദ്യാ—കള്ളക്കടത്ത്
ഉന്നതസാങ്കേതിക സജ്ജീകരണങ്ങൾ കള്ളക്കടത്തിലൂടെ ഐക്യനാടുകൾക്ക് വെളിയിലെത്തിക്കുന്നതിന്റെ സുപ്രധാന പ്രേരക ഘടകം അത്യാഗ്രഹം ആണ് എന്ന് ദ ന്യൂയോർക്ക് റൈംസ് റിപ്പോർട്ട് ചെയ്യുന്നു. അവയിൽ ചിലത് ന്യൂക്ലിയർ ആയുധങ്ങൾ പരിശോധിക്കുന്നതിനുള്ളവയാണ്. വിലതീരാത്ത ഈ യു. എസ്. സാങ്കേതികവിദ്യ നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ വിദേശ രാജ്യങ്ങൾക്ക് അവരുടെ രഹസ്യസേവന വിഭാഗങ്ങളെ ഉപയോഗിക്കേണ്ടതില്ല എന്ന് ഒരു യു. എസ്. കസ്റ്റംസ് സർവീസ് ഏജൻറ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിന് ഒരു പ്രത്യേക ഉത്പന്നം ആവശ്യമാണ് എന്നും അതിന് ഉയർന്ന ഡോളർവില നൽകാൻ തങ്ങൾ ഒരുക്കമാണെന്നും അവർ അറിവ് കൊടുക്കുകയേ വേണ്ടൂ. “അവർക്കത് ലഭിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറയുന്നപ്രകാരം അതിന് കാരണം “അത്യാഗ്രഹം രംഗപ്രവേശം ചെയ്യുന്നു” എന്നതാണ്. കള്ളക്കടത്ത് ആരാണ് നടത്തുന്നത്? “മിക്കവാറും ധാരാളം പണമുണ്ടാക്കാൻ യദൃച്ഛ്യാ അവസരം വീണു കിട്ടുന്ന നിയമാനുസൃത ബിസിനസ്സുകാർ തന്നെയാണ്” എന്ന് അസിസ്റ്റൻറ് യു. എസ്. അറ്റോർണി പറയുകയും “അവർ പള്ളിയിൽ പോകുന്ന മര്യാദക്കാരായ ആളുകൾ ആണ് എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
നിക്കോട്ടിൻ ആശ്രയത്വം
ഐക്യനാടുകളിലെ കെൻറക്കി യൂണിവേഴ്സിറ്റിയിൽ പുകയിലയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഒരു സിംപോസിയത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിൽ പുകവലിയുടെ ഉപയോഗം ശീലമാക്കിയാൽ അത് യഥാർത്ഥ ശാരീരിക ആശ്രയത്വത്തിലേക്കു നയിക്കും എന്ന് അടുത്തകാലത്തെ ശാസ്ത്രീയ തെളിവുകൾ കാണിക്കുന്നുവെന്ന് പറഞ്ഞു. മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രത്തിന്റെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വക്താവ് പറഞ്ഞപ്രകാരം ഒരു ആസക്തിയുളവാക്കുന്ന പദാർത്ഥത്തിന്റെ സാങ്കേതികമായ ലക്ഷണങ്ങളെല്ലാം പുകയിലയിൽ കാണുന്ന നിക്കോട്ടിൻ എന്ന പദാർത്ഥത്തിനുണ്ട്. “ഹെറോയ്ന്റെയും മറ്റ് ഉദ്ദ്വീപനകാരികളുടെയും വകുപ്പിൽ തന്നെയാണ് നിക്കോട്ടിനും എന്ന് നിങ്ങൾക്ക് പറയാം,” അയാൾ പറഞ്ഞു. പുകവലി നിർത്താൻ ശ്രമിക്കുന്നവരിൽ 80 ശതമാനം പേർ ഒരു വർഷത്തിനകം തന്നെ പരാജയപ്പെടുന്നതായി യു. എസ്. സർജൻ ജനറൽ കണ്ടെത്തിയതെന്തുകൊണ്ട് എന്ന് ഇത് വിശദീകരിക്കുന്നു.
◻പുകരഹിത പുകയില ഉത്പന്നങ്ങളുടെ നിർമ്മാതാക്കളും ഇറക്കുമതിക്കാരും അവയുടെ പൊതികളിൽമേൽ മുന്നറിയിപ്പു ലേബലുകൾ കാണിച്ചിരിക്കണം എന്ന് അനുശാസിക്കുന്ന നിയമം യു. എസ്. കോൺഗ്രസ്സ് പാസ്സാക്കി. മുന്നറിയിപ്പിൽ അടങ്ങിയിരിക്കുന്നത് മൂന്നു സന്ദേശങ്ങളാണ്. അവ ഇങ്ങനെ പ്രസ്താവിക്കുന്നു: “മൂക്കുപൊടിയും മുറുക്കാനുള്ള പുകയിലയും (1) “വായിൽ കാൻസറിന് ഇടവരുത്തിയേക്കാം.” (2) “മോണരോഗവും ദന്തനഷ്ടവും വരുത്തിയേക്കാം.” (3) “സിഗറ്റെറിനു പകരം സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു വസ്തു അല്ല.”
ശിശു ആഹാര ഫോർമുല—ജാഗ്രത
മോശമായി പ്രവർത്തിക്കുന്ന വൃക്കകളുള്ള കുട്ടികൾക്ക് അലൂമിനിയത്തിന്റെ അംശം ഉള്ള ശിശു ആഹാരം നൽകരുത്. വൃക്കത്തകരാറ് മൂലം മരണമടഞ്ഞ രണ്ടു ശിശുക്കളുടെ മരണം സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ആ ശിശുക്കളുടെ മസ്തിഷ്ക്കങ്ങളിൽ മിയാമി യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ വർദ്ധിച്ച അളവിൽ അലൂമിനിയത്തിന്റെ നിക്ഷേപം കണ്ടെത്തി. ഇതിനു കാരണം ഈ വിഷാംശമുള്ള ലോഹത്തെ കൈകാര്യം ചെയ്യാനുള്ള അവരുടെ വൃക്കകളുടെ അപ്രാപ്തി ആയിരുന്നു. മുലപ്പാലിൽ ഉള്ളതിനേക്കാൾ 50 മടങ്ങ് അലൂമിനിയം കുട്ടികൾ കുടിക്കുന്ന ശിശുആഹാര തയ്യാറിപ്പുകളായ പാൽപ്പൊടികളിൽ ഉണ്ട് എന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
“പ്രകൃതിമാതാവി”നെ കബളിപ്പിക്കൽ
മെഴുകുണ്ടാക്കാൻ തേനീച്ചകൾ ചെലവഴിക്കുന്ന ഏഴു മുതൽ പത്തു വരെയുള്ള ദിവസങ്ങൾ ഇപ്പോൾ ലാഭിക്കാൻ കഴിയും എന്ന് പെർമാക്കോംബ് എന്ന പേരിൽ ഒരു ഉത്പന്നം കണ്ടുപിടിച്ച ആൾ അവകാശപ്പെട്ടു. ഉയർന്ന സാന്ദ്രതയോടുകൂടിയ ഈ പ്ലാസ്റ്റിക് തേനീച്ചകൂടുകൾ നിർമ്മിക്കാൻ ഒമ്പതു വർഷങ്ങൾ ചെലവഴിക്കപ്പെട്ടു. ഇതിന്റെ ഒരു പ്രയോജനം തേനീച്ചക്കൂട്ടിൽ നിന്നും തേൻ വെറും ഒരു മനിറ്റുകൊണ്ട് വേഗതകൂടിയ സെൻട്രിഫ്യൂജ് ഉപയോഗിച്ചുകൊണ്ട് വേർതിരിച്ചെടുക്കാം എന്നതാണ്. ഇപ്പോഴുള്ള മാർഗ്ഗങ്ങൾ അര മണിക്കൂർ എടുക്കും പ്ലാസ്റ്റിക് കൂടുകൾ അലിഞ്ഞുപോവുകയോ പൊട്ടുകയോ ഇല്ല. അവയിൽ മെഴുകുതീനികളായ പ്രാണികളും പ്രവേശിക്കയില്ല. ആ സ്ഥിതിക്ക് അത്തരം പ്രാണികൾക്കെതിരെയുള്ള കീടനാശിനികളും ഉപയോഗിക്കേണ്ടി വരുന്നില്ല, അത് ശുദ്ധിയേറിയ തേൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ കൂടുകൾ സ്റ്റെറിലൈസ് ചെയ്യാവുന്നതാണ്. കാലിഫോർണിയായിലെ കണ്ടുപിടുത്തക്കാരൻ കരുതുന്നത് പുതിയ കൂടുകൾ തേനീച്ച വളർത്തൽ ഏറെ യാന്ത്രികം ആക്കിത്തീർക്കാൻ കഴിയും എന്നാണ്.
“ഭാഗ്യക്കുറി ഇല്ല. നഷ്ടം സഹിക്കുന്നവരും ഇല്ല”
ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് ഈയ്യിടെ ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ 20 ലക്ഷം ഡോളർ കൈവശമാക്കാനുള്ള മോഹം അനേക ആളുകളെ ഹരം പിടിപ്പിച്ചു. ഭാഗ്യക്കുറിവിൽപ്പന വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ നിരവധി സ്റ്റേറുകൾ ഉപഭോക്താക്കൾ വാങ്ങുന്ന വസ്തുക്കളുടെ തുകയ്ക്ക് ആനുപാതികമായി അവർക്ക് ടിക്കറ്റ് നൽകാൻ തുടങ്ങി. പക്ഷെ സ്റ്റേറുകളുടെ ഒരു ശൃംഖല പങ്കെടുക്കാൻ വിസമ്മതിച്ച “ഭാഗ്യക്കുറി ഇല്ല. ലൈനുകളില്ല. നഷ്ടം സഹിക്കേണ്ടിവരില്ല”—എന്ന് സ്റ്റോർ ജനാലകളിലെ ബോർഡുകളിൽ എഴുതിയിരുന്നു. എന്തുകൊണ്ട്? “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പറ്റിയ ഇടപാടാണ് ഭാഗ്യക്കുറി എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.” എന്ന് ശൃംഖലയുടെ വിപണന മേധാവി പറഞ്ഞു. “സാദ്ധ്യതകൾ അത്ര നല്ലതല്ല. വിദ്യാഭ്യാസം സംബന്ധിച്ചാണെങ്കിൽ “ഒന്നും നൽകാതെ തങ്ങൾക്ക് എന്നെങ്കിലും കിട്ടും” എന്ന് അത് കുട്ടികളെ പഠിപ്പിക്കുന്നു, അത് തികച്ചും തെറ്റാണ്.” കച്ചവടം കുറഞ്ഞോ? ഭാഗ്യക്കുറി ആരംഭിച്ച വാരത്തിൽ ഞങ്ങൾക്ക് ക്ഷീണമുണ്ടായി എന്ന് അദ്ദേഹം വിശദീകരിച്ചു. പക്ഷെ ഇപ്പോൾ ബിസിനസ്സ് എന്നത്തേതിലും ശക്തം ആണ്.
മാരകമായ മിശ്രണം
ഗർഭനിരോധന ഗുളികകളുടെയും പുകവലിയുടെയും മിശ്രണം ഹൃദ്രോഗബാധയുടെ അപകടം പത്തുമടങ്ങ് വർദ്ധിപ്പിക്കുന്നു, എന്ന് ഓക്സ്ഫോർഡ് ഇംഗ്ലണ്ടിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഫ്രൊഫസ്സർ പീറ്റർ സ്ലീറ്റ് മുന്നറിയിപ്പ് നൽകുന്നു ചെറുപ്പക്കാരായ സ്ത്രീകളുടെ ഇടയിൽ പുകവലി വർദ്ധിക്കുകയാണെന്ന് ഓസ്ത്രേലിയായിലെ സിഡ്നിയിൽ നിന്നിറങ്ങുന്ന സൺ പത്രത്തിൽ പ്രൊഫസ്സർ സ്ലിറ്റ് പറയുന്നു. അതിന്റെ ഫലമോ? ഈ പ്രായത്തിലുള്ളവരുടെ ഇടയിൽ ഹൃദ്രോഗം സർവ്വസാധാരണം, ആയിത്തീർന്നിരിക്കുകയാണ്. മൂലകാരണം വിശേഷിച്ച് ഗുളിക ഉപയോഗിക്കുന്ന സ്ത്രീകളുടെ പുകവലി ആണെന്നാണ്.
മൃഗങ്ങൾ എവിടെ?
ആഫ്രിക്കയിലെ വന്യജന്തുക്കളുടെ പാർക്കുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വേണ്ടത്ര വന്യമൃഗങ്ങളെ കാണാത്തതുകൊണ്ട് പലപ്പോഴും നിരാശപ്പെടുന്നു. “മൃഗങ്ങളുടെ പെരുപ്പം ഇല്ലാത്ത ഇടങ്ങൾ, വെൽഡും (പുൽപ്രദേശവും) ജന്തുജാലങ്ങളുടെ സംഖ്യയും തമ്മിലുള്ള ഒരു ആരോഗ്യകരമായ സന്തുലനത്തിന്റെ സൂചനയായിരിക്കാം.” മൃഗങ്ങളെ അമിതമായി തിരുകിക്കയറ്റുന്നത് പുൽമേടുകൾ നശിക്കുന്നതിനും മണ്ണൊലിപ്പുണ്ടാകുന്നതിനും കാരണമാകും. ഒരു സമയത്ത് മൃഗസംരക്ഷണ കേന്ദ്രത്തിലെ മൃഗങ്ങൾക്ക് സമ്പൂർണ്ണ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നു, അത് സംരക്ഷണ കേന്ദ്രത്തിനും പുൽമേടുകൾക്കും ഒരു സംരക്ഷണമായിരുന്നു. ഇപ്പോൾ പക്ഷെ, സഞ്ചാരം നിയന്ത്രിക്കപ്പെട്ടിരിക്കെ, പട്ടിണിയും ദാഹവും മൂലം മൃഗങ്ങൾ വേദനാ മരണത്തിനിരയാകാതിരിക്കുന്നതിന് പറ്റങ്ങളെ വെട്ടിച്ചുരുക്കുക അത്യാവശ്യമാണ് എന്ന് സംരക്ഷകർ കണ്ടെത്തിയിരിക്കുകയാണ്.
പ്രാചീന വൃക്ഷം
യൂറോപ്പിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷം ബൾഗേറിയയിലെ സ്റ്റാറാ സഗോറ എന്ന പട്ടണത്തിനടുത്തുള്ള ഗ്രാനിറ്റ് ഗ്രാമത്തിലാണുള്ളത്. ബൾഗേറിയൻ വാർത്താ ഏജൻസി പറയുന്ന പ്രകാരം ഈ വൃക്ഷത്തിന് 1640 വർഷം പ്രായവും 75 അടിയിലധികം ഉയരവും 25 അടി വ്യാസവും ഉണ്ട്. ഇതിന്റെ അർത്ഥം പുറജാതിമതങ്ങളെ ക്രിസ്ത്യാനിത്വവുമായി കൂട്ടിക്കലർത്തിയ റോമൻ ചക്രവർത്തിയായ കോൺസ്റ്റൻറ്റൈന്റെ മരണത്തിന് പത്തുവർഷങ്ങൾക്കുശേഷം ഈ വൃദ്ധവൃക്ഷം വളരാൻ തുടങ്ങിയെന്നാണ്. അദ്ദേഹം മരിച്ചത് ക്രി. വ. 337-ലായിരുന്നു. പക്ഷെ, കാലിഫോർണിയായിലെ സെക്വയാ വൃക്ഷങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഈ ഓക്വൃക്ഷം വെറും ചെറുപ്പക്കാരനാണ്. അവയിൽ ചിലതിന് ഇതിന്റെ ഇരട്ടി പ്രായമുണ്ട്.
വിലയേറിയ അസ്ഥികൾ
ഇൻഡ്യയിൽ നിന്നുള്ള മനുഷ്യാസ്ഥികൂടത്തിന്റെ കയറ്റുമതിയുടെമേൽ ഏർപ്പെടുത്തിയ നിരോധനം യൂറോപ്പിലെയും ഐക്യനാടുകളിലെയും ജപ്പാനിലെയും അതിന്റെ ലഭ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ് എന്ന് ഇൻഡ്യാ റ്റുഡേ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യാസ്ഥികൂടത്തിന്റെ ലഭ്യതയിലെ ഈ പരിമിതി വൈദ്യവിദ്യാർത്ഥികൾക്ക് ചെലവ് വർദ്ധിപ്പിച്ചിരിക്കുന്നു. മുമ്പ് 100 ഡോളർ മാത്രം വിലയുണ്ടായിരുന്ന ഭാഗികമായ അസ്ഥികൂടത്തിന് അവർ ഇപ്പോൾ 140 ഡോളർ നൽകേണ്ടതുണ്ട്. കഴിഞ്ഞ അമ്പതുവർഷക്കാലമായി ഇന്ത്യയായിരുന്നു മനുഷ്യാസ്ഥിയുടെ ലോകവിതരണക്കാർ എങ്കിലും നിരോധനം ഏർപ്പെടുത്താൻ കാരണം മരിച്ചവരെക്കൊണ്ട് ആദായം ഉണ്ടാക്കാൻ ആശിക്കുന്നവർ ചെയ്യുന്ന “ശരീരാപഹരണം” സംബന്ധിച്ചും മറ്റും കിരാതമായ നടപടികൾ സംബന്ധിച്ചും ഉയർന്നുവന്ന ആരോപണങ്ങളാണ്.
അലർജി പരിശോധനയുടെ ആശ്രയയോഗ്യത
ബയോഹെൽത്ത് കേന്ദ്രങ്ങൾ നടത്തുന്ന 350 ഡോളർ ചെലവുള്ള രക്തപരിശോധനയിൽ 187 വ്യത്യസ്ത വസ്തുക്കളോടുള്ള ഒരു വ്യക്തിയുടെ സംവേദകത്വം നിർണ്ണയിച്ചെടുക്കാം എന്ന് വാഗ്ദാനം ചെയ്തു. അത്തരം ശുപാർശയുടെ വിജയത്തിൽ സംശയം ജനിച്ച ഫ്രാങ്ക് ഗോൾഡാൻ എന്ന എഫ്. ഡി. എ. രഹസ്യാന്വേഷകൻ അപഗ്രഥനത്തിനുവേണ്ടി പശുവിൻ രക്തത്തിന്റെ സാബിൾ അയച്ചു എന്ന് ഓമ്നി മാസിക റിപ്പോർട്ട് ചെയ്യുന്നു. രസകരമെന്നു പറയട്ടെ. രക്തം മനുഷ്യരക്തമല്ല എന്ന് തിരിച്ചറിയാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല അവർ ആ രഹസ്യാന്വേഷകനോട് ഈ രക്തത്തിന്റെ ഉടമ ഗ്രഹനിർമ്മിത പാൽക്കട്ടിയോടും തൈരിനോടും പശുവിൻപാലിനോടും അലർജിയുള്ള ആളാണ് എന്ന് അറിയിക്കുകയും ചെയ്തു. (g86 5/8)