“ഇപ്പോൾ നീ മരിക്കാൻ പോകുകയാണ്!”
—ഒരു ബലാൽസംഗക്കാരൻ ഒരു ക്രിസ്തീയഭവനത്തെ ആക്രമിക്കുന്നു
പരുക്കൻ കൈകൾ എന്നെ ശ്വാസം മുട്ടിച്ചു. നിലവിളിക്കാൻ ഞാൻ ഞെരിപിരികൊണ്ടു.
“അതു നിറുത്ത്! നിന്റെ കൂക്കുവിളി നിറുത്ത് എന്നാൽ ഞാൻ നിന്നെ ഉപദ്രവിക്കയില്ല,” അവൻ ആവശ്യപ്പെട്ടു, എന്റെ തൊണ്ടക്കു ശക്തിയായി ഞെക്കിക്കൊണ്ടായിരുന്നു.
എന്നാൽ ഞാൻ അവനെ വിശ്വസിച്ചില്ല, അവനെ അനുസരിച്ചുമില്ല. നിലവിളിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ അവന്റെ മുഖത്തുമാന്തി, കണ്ണാടി തട്ടിത്തെറിപ്പിച്ചു, അവന്റെ വായിൽനിന്നു വെപ്പു പല്ല് പിടിച്ചു പറിച്ചു. അവൻ എന്നെ പിടിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചപ്പോൾ, അവന്റെ കണ്ണിലേക്കു എന്റെ നഖങ്ങൾ ആഴത്തിൽ താഴ്ത്തി. ഞാൻ നിലവിളിക്കയും ചെയ്തു. അവന്റെ വിരലുകൾ എന്റെ വായിക്കടുത്തെത്തിയപ്പോൾ, ഞാൻ എന്റെ സർവ്വശക്തിയുമുപയോഗിച്ചു കടിച്ചു.
ഇതു വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഭയപ്പെട്ടില്ല—ഭയം പിന്നീടുവന്നു. അപ്പോൾ ഞാൻ കോപിഷ്ഠയായിരുന്നു! ഈ വിഷയ ഭ്രാന്തന് ബലമായി ഞങ്ങളുടെ വീട്ടിൽ കയറി എന്നെ ബലാൽസംഗം ചെയ്യാൻ സാദ്ധ്യമല്ല, ഇവിടെയില്ല അല്ലെങ്കിൽ വേറൊരിടത്തുമില്ല!
എന്നാൽ അവൻ ശ്രമിച്ചുകൊണ്ടിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു ബെൽറ്റ് അവൻ കൈക്കലാക്കി എന്റെ കൈകൾ എന്റെ പുറകിൽ കെട്ടി—പല പ്രാവശ്യത്തിൽ ആദ്യത്തേത്, കാരണം കെട്ട് എനിക്കു ആവർത്തിച്ചു വലിച്ചഴിക്കാൻ കഴിഞ്ഞു. എന്റെ കഴുത്തിനുചുറ്റും ഒരു കയ്യുമായി അവൻ തറയിൽ കിടന്ന അവന്റെ കണ്ണാടിക്കും പല്ലിനുമായി തപ്പി. പെട്ടെന്നു ഞാൻ സ്വതന്ത്രയാകുകയും എന്തിനെന്നില്ലാതെ, മുറിയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിയുകയും ഭ്രാന്തുപിടിച്ചതുപോലെ അവ്യക്തമായി ആക്രോശിക്കയും ചെയ്തു.
എന്റെ കൈയ്യേറ്റക്കാരൻ നൈമിഷികമായി അന്ധാളിക്കയും “നിനക്കെന്തു കുഴപ്പംപറ്റി?” എന്നു ചോദിക്കാൻ നിൽക്കുകയും ചെയ്തു. ആ സമയം, ഞാൻ തെന്നിമാറി, എന്നാൽ അവൻ എന്നെ കടന്നുപിടിക്കയും കിടക്കമുറിയിലേക്കു എന്നെ തള്ളിക്കൊണ്ടുപോകുകയും കിടക്കയിലേക്കു വീഴിക്കയും ചെയ്തു. വീണ്ടും എന്റെ കൈകൾ കെട്ടിയശേഷം, അവന് ഭാഗികമായി എന്നെ നഗ്നയാക്കാൻ കഴിഞ്ഞു. അവനെ എന്നിൽ നിന്നകറ്റുന്നതിന് ഞാൻ പുളയുകയും പ്രഹരിക്കയും ചെയ്തു. അവന്റെ വൃത്തികെട്ട ഭാഷയും എന്നെ ബലം പ്രയോഗിച്ചു ചെയ്യുവാൻ ശ്രമിക്കുന്ന ക്രിയയേയും ഞാൻ വെറുത്തു!
അന്തിമായി ഒരു പ്രാവശ്യം ഞാൻ ബൽറ്റിൽനിന്നു കയ്യഴിക്കയും, അവനെ തള്ളിമാറ്റുകയും, പുറത്തെ വാതിലിലേക്കു ഓടുകയും ചെയ്തു. കതകിന്റെ കൈപിടിയിൽ ഞാൻ എത്തിപ്പിടിച്ചു, എന്നാൽ ഞാൻ അതു തിരിക്കുവാൻ തുടങ്ങുമ്പോഴേക്കും, പിറകിൽ നിന്നു അവൻ എന്നെ തത്തിപ്പിടിക്കയും തറപറ്റിക്കയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഒരു അടുക്കളക്കത്തി എനിക്കു കൈക്കലാക്കുന്നതിനും അവന്റെ കാലിനു വെട്ടിമുറിപ്പെടുത്തുന്നതിനും എനിക്കു സാധിച്ചു. “അതാകുന്നു,” അവൻ അലറി. “ഇപ്പോൾ നീ മരിക്കാൻ പോകുകയാണ്!” അവൻ എന്റെ തലക്കിട്ടിടിക്കാൻ തുടങ്ങി, ഞാൻ അബോധാവസ്ഥയിലാകുകയും ചെയ്തു.
ഞാൻ കൂടുതൽ സൂക്ഷ്മതയുള്ളവളായിരിക്കേണ്ടിയിരുന്നു എന്നു എനിക്കിപ്പോൾ കാണാൻ കഴിഞ്ഞു. കുഴപ്പങ്ങളേയും കുഴപ്പക്കാരെയും ഞങ്ങളുടെ വീടിനു പുറത്തായി ഒഴിവാക്കുന്നതിനു ഞാൻ എപ്പോഴും ജാഗ്രതയുള്ളവളായിരുന്നു. ഞാൻ എപ്പോഴും എന്റെ ക്രിസ്തീയ ഭർത്താവിന്റെ കൂടെ യാത്ര ചെയ്തു. അത്തരം കുറ്റവാളികൾ വിലസിയേക്കാവുന്ന സ്ഥലങ്ങൾ ഞാൻ എപ്പോഴും ഒഴിവാക്കുകയും ഞാൻ എപ്പോഴും മാന്യമായി വസ്ത്രം ധരിക്കയും ചെയ്തു. ഞങ്ങളുടെ സ്വന്തം ഭവനത്തിനുള്ളിൽ വച്ച് ഒരു ബലാൽസംഗക്കാരന് എന്നെ ആക്രമിക്കുന്നതിനുള്ള വിഷം ഉണ്ടായിരിക്കുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതേയില്ല.
ഈ മനുഷ്യൻ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള ഒരു നിർമ്മാണസ്ഥലത്തു വേല ചെയ്കയായിരുന്നു. ബിൽഡിംഗ് കോൺട്രാക്ടർ, പണിസ്ഥലത്തുള്ള ഉപകരണങ്ങൾക്കാവശ്യമുള്ള വൈദ്യുതി സപ്ലൈ ഞങ്ങളുടെ വീട്ടിൽനിന്നുള്ള ഒരു വൈദ്യുതി ലൈനിൽനിന്നു എടുക്കുവാൻ ക്രമീകരിച്ചിരുന്നു. ചിലപ്പോൾ ലൈൻ ഓവർലോടാകുമ്പോൾ, ഞങ്ങളുടെ വീടിന്റെ അടിത്തട്ടിലുള്ള ഒരു സർക്കിട്ട് ബ്രേക്കർ ക്രമീകരിക്കുന്നതിന് ഒരു വേലക്കാരൻ ഞങ്ങളുടെ വീട്ടിൽ വരും. അത് ഒരു പ്രായോഗിക ക്രമീകരണമായിരുന്നു, എന്നാൽ ബുദ്ധിപൂർവ്വകമല്ലായിരുന്നു.
ഞാൻ ജാഗ്രതയില്ലാതിരിക്കുമ്പോൾ എന്നെ പിടികൂടാൻ അവൻ വ്യക്തമായി പ്ലാൻ ചെയ്തു. ഒരു ഞെട്ടലിന്റെ അവസ്ഥയിൽ ഞാൻ മരവിക്കയും മനസ്സില്ലാതെ സഹകരിക്കയും ചെയ്യുമെന്നു അവൻ പ്രതീക്ഷിച്ചിരിക്കാം. അവൻ എന്നെ സമീപിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയി, എന്നാൽ ഞാൻ വഴങ്ങിയില്ല. അതിനേപ്പറ്റി ചിന്തിപ്പാൻ ഞാൻ നിന്നുമില്ല. നിലവിളിയുടെയും മാന്തലിന്റെയും തൊഴിയുടെയും കടിയുടെയും ഒരു ഭ്രാന്തിൽ പെട്ടെന്നുള്ള ഒരു സ്ഫോടനത്താൽ ഞാൻ പ്രതികരിച്ചു. എനിക്കു ചെയ്യാമായിരുന്നതിൽ ഏറ്റം നല്ലത് അതായിരുന്നു, കാരണം എന്റെ ഉഗ്രമായ തിരിച്ചടി അവനെ അത്ഭുതപ്പെടുത്തി. അത് അവനു തന്നെത്തന്നെയോ, എനിക്കു എന്നെത്തന്നെയോ പൂർണ്ണ നിയന്ത്രണത്തിലല്ല എന്നു അറിയുവാൻ ആരംഭത്തിൽ തന്നെ പ്രധാനമായ ഒരു മാനസിക ഉൽക്കർഷം എനിക്കു നൽകി. അത്, പോരാടുന്നതിന് എന്നെ ഒന്നുകൂടെ ദൃഢ നിശ്ചിതമാകാൻ ഇടയാക്കുകയും എനിക്കു ജയിക്കാൻ കഴിയുമെന്നുള്ള പ്രത്യാശ പ്രബലപ്പെടുകയും ചെയ്തു.
മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ഒരു കാറിന്റെ മുൻസീറ്റിൽ എനിക്കു ബോധം വീണ്ടു കിട്ടി. അതേ ബെൽറ്റ് ഇപ്പോൾ, ഒരു പട്ടിയുടെ തോൽ വാറുപോലെ, എന്റെ കഴുത്തിൽ മുറുക്കികെട്ടിയിരുന്നു, അവൻ കാർ ഓടിച്ചു പോകുമ്പോൾ ബെൽറ്റിൽ മുറുകെ പിടിച്ചിരുന്നു. എന്റെ ബോധം തെളിയാൻ തുടങ്ങിയപ്പോൾ, എന്റെ കോപത്തെ പുതുതായി പെട്ടെന്നു സ്ഫോടനം ചെയ്യിച്ച, കത്തുന്ന ഒരു ഫ്യൂസ് പോലെ ഞാൻ എവിടെയായിരുന്നുവെന്നും എങ്ങനെ അവിടെ എത്തിയെന്നുമുള്ള തിരിച്ചറിവ് എന്നിൽകൂടെ മിന്നി.
റോഡിൽ നിന്നു കാർ പുറത്താകുന്നതിന് ഉള്ള ഒരു കഠിന ശ്രമത്തിൽ ഞാൻ കൈമുട്ടുകൊണ്ട് സ്റ്റീയറിംഗ് വീലിനിട്ട് ഉന്തി. താളം തെറ്റിയ ഈ മനുഷ്യൻ ഇപ്പോൾ എന്നെ ബലാൽസംഗം ചെയ്യുന്നതിനേക്കാൾ എന്നെ ഒഴിവാക്കുന്നതിനു കൂടുതൽ ഉൽക്കണ്ഠയുള്ളവനാണെന്നു എനിക്കുബോധ്യം വന്നു. ഞാൻ അവനെ പിന്നീടു തിരിച്ചറിയിക്കാൻ കഴിയാതിരിക്കുന്നതിനു അവൻ എന്നെ കൊല്ലും. ഒരു മണിക്കൂറോളം തുടർച്ചയായുള്ള ഉന്തിത്തള്ളൽ എന്നെ അവശയാക്കിയെങ്കിലും, വിടാപ്പിടിയായ എന്റെ പ്രതിരോധം അവനേയും ബാധിച്ചു. ക്ഷീണിതനും പരിഭ്രമിച്ചവനുമായി ഒടുവിൽ അവൻ റോഡിന്റെ അരികിലേക്കു അടുക്കുകയും കാറിൽനിന്ന് എന്നെ പുറന്തള്ളുകയും ചെയ്തു. കാറിൽ വന്ന മറ്റൊരാൾ എനിക്കുവേണ്ടി നിറുത്തുകയും എന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ ഞാൻ ജയിച്ചിരുന്നു! എന്നെ ബലാൽസംഗം ചെയ്തിരുന്നില്ല! ഞാൻ ഇരയായില്ല, ജയാളിയായിരുന്നു! എന്റെ മനഃസ്സാക്ഷിശുദ്ധമായിരുന്നു, എന്റെ ആത്മാഭിമാനവും കൂലീനത്വവും കേടുപറ്റാത്തതായിരുന്നു. സർവ്വശക്തനായ യഹോവയാം ദൈവത്തോടുള്ള എന്റെ നിർമ്മലത ഞാൻ പാലിച്ചിരുന്നു!
അത്, അടുത്ത ചില ദിവസങ്ങളിലെ എന്റെ ആശുപത്രിവാസത്തിൽ ഞാൻ അത്ര ഹർഷോൻമത്തയോ അന്തസ്സുള്ളവളോ ആയി തോന്നി എന്നു പറയുന്നതിനല്ല. ഞാൻ വല്ലാതെ ഉലക്കപ്പെട്ടിരുന്നു, എനിക്കു ആസകലം പരുക്ക് ഏൽക്കുകയും ഞാൻ ഭയാനകമായി കാണപ്പെടുകയും ചെയ്തിരുന്നു. കയ്യേറ്റ സമയത്ത് എനിക്കില്ലായിരുന്ന ഭയം ഇപ്പോൾ വലിയ തിരമാലകൾ പോലെ എന്നിൽ അടിച്ചുകയറി. എന്തു സംഭവിച്ചേക്കാമായിരുന്നുവെന്നുള്ള നിഷ്ഫല ചിന്തകൾ എന്റെ മനസ്സിൽ തിങ്ങിക്കൊണ്ടിരുന്നു. ഈ സമയം കുറ്റാന്വേഷണ പോലീസിനാൽ ഞാൻ ചോദ്യം ചെയ്യപ്പെടുകയും, ബലാൽസംഗത്തിനു ഒരു ശിക്ഷ അനുഭവിച്ചശേഷം വെറും ആറാഴ്ച മുമ്പ് ഈ ഭീകരനെ ജയിലിൽനിന്നു സത്യം ചെയ്യിച്ചു വിട്ടതേയുള്ളുവെന്ന് ഉൾക്കിടിലത്തോടെ ഞാൻ അറിയുകയും ചെയ്തു.
ആശുപത്രിയിൽനിന്നു പുറത്തുവന്ന ദിവസംതന്നെ പോലീസ് സ്റ്റേഷനിൽ പോയി ഈ മനുഷ്യനെ ഒരു പോലീസ് ലൈനപ്പിൽ തിരിച്ചറിയുന്നതിനുള്ള വൈകാരികാഘാതം എനിക്കുണ്ടായിരുന്നു. ഉവ്വ്, കുറ്റങ്ങൾ ചുമത്തുന്നതിനു ഞാൻ നിശ്ചയിച്ചു. അവൻ ശിക്ഷിക്കപ്പെട്ടു കാണുന്നതിനു അവൻ ആക്രമിച്ചേക്കാവുന്ന സ്ത്രീകൾക്കു ഞാൻ കടപ്പെട്ടിരുന്നു എന്നും തെറ്റിനെ തിരുത്തുന്നതിനും എന്റെ ജീവിതം എന്റെ നിയന്ത്രണത്തിലായിരുന്നു എന്നു ഞാൻ തന്നെ സ്ഥിരീകരിക്കുന്നതിനുള്ള ഒരു ഉപാധിയായി എന്നോടു തന്നെ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും ഞാൻ വിചാരിച്ചു. ലൈനപ്പിൽ അവനെ നിഷ്പ്രയാസം തിരിച്ചറിഞ്ഞു. മുഖത്തു ബാന്റേജുകൾ ഉള്ളവനും കയ്യിൽ പാടുള്ളവനുമായ ഒരുവൻ അവനായിരുന്നു!
ആശുപത്രിയിലും വീട്ടിലും പിന്തുടർന്ന ആഴ്ചകളിൽ, അനേക കാർഡുകളും കത്തുകളും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിലെ സഹവിശ്വാസികളുടെ സന്ദർശനങ്ങളും എന്നെ ആശ്വസിപ്പിച്ചു. എന്നേപ്പറ്റി അഭിമാനം കൊള്ളുന്നു എന്നു ചിലർ പറഞ്ഞു. ചിലർക്കു എന്തുപറയേണ്ടു എന്ന് അറിയാൻ കഴിഞ്ഞില്ല, എന്നാൽ അവർ എന്നെ കാണാൻ വന്നതിനാൽ അവരുടെ താല്പര്യം പ്രകടിപ്പിച്ചു. ചിലർ എന്നെ ഒരു വീരനായികയെന്നു വിളിച്ചു, ആ വ്യാജശാലീനത അകലെ, ഞാൻ അല്ല. ഉപദ്രവത്തിന്റെ മാർഗ്ഗത്തിൽനിന്നു ഒഴിഞ്ഞുമാറാൻ എനിക്കു കഴിയാതെ വന്നപ്പോൾ, ഞാൻ എന്റെ ബൈബിൾ അദ്ധ്യയനത്തിൽ നിന്നു പഠിച്ചത് ബാധകമാക്കുകയും അതു ഫലിക്കുകയും ചെയ്തു.
ഞാൻ ആകുന്ന സാധാരണ വ്യക്തിയേപ്പോലെ, ഞാൻ പൂർവ്വസ്ഥിതി പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ അനേക പ്രാവശ്യം എന്നെ വീണ്ടും ഉറപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. എനിക്കു വളരെ മ്ലാനമായ ചില ദിവസങ്ങൾ ഉണ്ടായിരുന്നു. ഒരു സമയത്തേക്കു പുറത്തുപോകുവാൻ ഞാൻ ആഗ്രഹിച്ചില്ല. ചില ദിവസങ്ങളിൽ എനിക്കു വളരെ ധൈര്യം അവലംബിക്കുവാൻ കഴിഞ്ഞു, എന്നാൽ മറ്റു സമയങ്ങളിൽ ഞാൻ വിറച്ചുപോകുകയും ഈ പേടിസ്വപ്നത്തെ വിശകലനം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യുന്നതിന് എന്റെ മനസ്സും ഹൃദയവും കഠിന പ്രയത്നം ചെയ്തപ്പോൾ എനിക്കു യാതൊരാശ്വാസവും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് എന്റെ ഭർത്താവിനു നിങ്ങളോടു പറയുവാൻ കഴിയും. ഒരുപക്ഷേ എനിക്കു പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള ഏറ്റവും വലിയ ഏക സഹായം യഹോവയാം ദൈവത്തിന്റെ സഹായത്തോടെ ശരിയായ സംഗതി എന്റെ കഴിവിന്റെ അങ്ങേയറ്റം നന്നായി ചെയ്തു എന്ന് അറിയുന്നതായിരുന്നു. എന്റെ തെളിവുള്ള നിമിഷങ്ങളിൽ ആനന്ദിക്കുന്നതിനുപോലും ഞാൻ അല്പം കാരണം കണ്ടെത്തി. കൂടെക്കൂടെ ഈ ബൈബിൾ വാക്യങ്ങൾ എന്നെ ആശ്വസിപ്പിച്ചിരുന്നു:
“ഒരു പുരുഷനു വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതി ഉണ്ടായിരിക്കയും ഒരു പുരുഷൻ അവളെ പട്ടണത്തിൽ വച്ചു യഥാർത്ഥത്തിൽ കണ്ടെത്തുകയും അവളോടുകൂടെ ശയിക്കയും ചെയ്താൽ, യുവതി പട്ടണത്തിൽ ആയിരുന്നിട്ടും അവൾ നിലവിളിക്കാഞ്ഞ കാരണത്താലും പുരുഷൻ തന്റെ സഹമനുഷ്യന്റെ ഭാര്യയെ അപമാനിച്ചതിനാലും നിങ്ങൾ അവർ ഇരുവരെയും ആ പട്ടണ വാതിൽക്കൽ കൊണ്ടുവന്നു കല്ലെറിയുകയും അവർ മരിക്കുകയും വേണം. അപ്രകാരം നിങ്ങൾ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം. എന്നാൽ വിവാഹനിശ്ചയം ചെയ്തിരിക്കുന്ന യുവതിയെ വയലിൽ വച്ച് ഒരുത്തൻ കാണുകയും അവളെ ബലാൽസംഗം ചെയ്തു അവളോടുകൂടെ ശയിക്കയും ചെയ്താൽ അവളോടുകൂടെ ശയിച്ച പുരുഷൻ മരിക്കണം, യുവതിയോടു നിങ്ങൾ ഒന്നും ചെയ്യരുത്. അവൾക്കു മരണയോഗ്യമായ യാതൊരു പാപവുമില്ല, കാരണം ഒരു മനുഷ്യൻ അവന്റെ സഹമനുഷ്യനോടു കയർക്കുകയും അവനെ കൊല്ലുകയും ചെയ്യുന്നു, ഒരു ദേഹിയെത്തന്നെ, അതുപോലെതന്നെയാണ് ഈ കാര്യത്തിലും. വയലിൽ വച്ചല്ലോ അവൻ അവളെ കണ്ടെത്തിയത്. വിവാഹനിശ്ചയം ചെയ്തിരുന്ന യുവതി നിലവിളിച്ചു, എന്നാൽ അവളെ വിടുവിക്കാൻ അവിടെ ആരുമില്ലായിരുന്നു.”—ആവർത്തനം 22:23-27.
ഈ ലളിതമായ വാക്കുകൾ അറിയാമായിരുന്നതിനാൽ ഞാൻ അഗാധമായി നന്ദിയുള്ളവളായിരുന്നു. അവ എന്നെ എന്റെ ധാർമ്മിക കടമ പഠിപ്പിച്ചിരുന്നു. കുഴപ്പത്തേയും അനിശ്ചിതത്വത്തെയും അവ തടഞ്ഞിരുന്നു. അവ നിമിത്തം, എന്തു ചെയ്യണമെന്നു ഞാൻ കൃത്യമായി അറിഞ്ഞിരുന്നു. ഞാൻ നിലവിളിച്ചു, അതുകൂടാതെ ഞാൻ തിരിച്ചുപോരാടുകയും ചെയ്തു. ബൈബിളിന്റെ നിർദ്ദേശങ്ങളെ ഞാൻ വിശ്വസിക്കയും അവയെ അടിപ്പാറയായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്റെ ഭർത്താവും ഞാനും മിക്കപ്പോഴും പ്രാർത്ഥിച്ചു; എന്റെ ബലവും ദൃഢതയും തിരിച്ചുവന്നു.
മറ്റൊരു സ്ത്രീയും ഒരിക്കലും ഒരു ബലാൽസംഗ ശ്രമത്തിലൂടെ കടന്നു പോകാതിരിക്കട്ടെയെന്നു ഞാൻ ആശിക്കുന്നു—ബലാൽസംഗത്തേപ്പറ്റി പറയുകയുംവേണ്ടാ. എന്നാൽ യു. എസ്സ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാൽ പ്രസിദ്ധം ചെയ്യപ്പെട്ട യൂണിഫോം ക്രൈം റിപ്പോർട്ട്സ്—ക്രൈം ഇൻ ദി യുണൈറ്റഡ് സ്റ്റേയ്റ്റ്സ് 1983-ലെ പതിപ്പ്, പുറം 5 അനുസരിച്ചു ഓരോ 7 മിനിട്ടിലും ഐക്യനാടുകളിൽ ഒരു ബലാൽസംഗം നടക്കുന്നുണ്ട്. എന്റെ സംഗതിയിൽ ഞാൻ യഹോവയിൽ ആശ്രയിച്ചു, ഞാൻ അവന്റെ വാക്കുകളെ ഓർമ്മിച്ചു ഞാൻ നിലവിളിച്ചു. അതിനു പുറമേ, ഞാൻ തിരിച്ചുപോരാടി.
സത്യം ചെയ്തു (പരോളിൽ) ജയിലിൽനിന്നു പുറത്തുവന്ന് എന്നെ ആക്രമിച്ച ഈ ബലാൽസംഗക്കാരനെ, യഥാസമയം ന്യായവിസ്താരത്തിനു കൊണ്ടുവരപ്പെട്ടു. 1986 ഫെബ്രുവരി 7-ന് അവനെ പിൻവരുന്ന കുറ്റങ്ങൾക്കു വിധിക്കപ്പെട്ടു: കൊലപാതകശ്രമം, സെക്കണ്ട് ഡിഗ്രി; ഭവനഭേദനം, ഫസ്റ്റ ഡിഗ്രി; ബലാൽസംഗശ്രമം, ഫസ്റ്റു ഡിഗ്രി; തട്ടിക്കൊണ്ടുപോക്ക്, സെക്കണ്ട് ഡിഗ്രി.
അതുകൊണ്ട് ദൈവത്തിലുള്ള നമ്മുടെ ധീരമായ വിശ്വാസം മനുഷ്യനേയുള്ള ഏതൊരു ഭയത്തേയും എപ്പോഴും ജയിക്കണം. ഈ വാക്കുകളാൽ നാം അചഞ്ചലമായി നിൽക്കുമ്പോൾ, ദാവീദിന്റെ സങ്കീർത്തനം നമ്മുടേതും ആയിരിക്കട്ടെ: “ദൈവത്തിൽ ഞാൻ എന്റെ വിശ്വാസം വച്ചിരിക്കുന്നു. ഞാൻ ഭയപ്പെടുകയില്ല. ഭൗമിക മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?”—സങ്കീർത്തനം 56:11.—സംഭാവന ചെയ്യപ്പെട്ടത്. (g86 5/22)
[21-ാം പേജിലെ ചതുരം]
ആദ്യ നിമിഷം മുതൽ ഒരു അക്രമിയെ നിങ്ങൾ ചെറുക്കേണ്ടത് എന്തുകൊണ്ട്:
1. അക്രമി ഞെട്ടിക്കപ്പെടുകയും നിങ്ങളെ വിട്ടുപോകുകയും ചെയ്തേക്കാം
2. നിങ്ങൾ അക്രമിയെ കഴിവുകെടുത്തുകയും ഓടുവാൻ സാധിക്കയും ചെയ്തേക്കാം
3. അക്രമിക്കു ലൈംഗിക പ്രേരണ നഷ്ടപ്പെടുകയോ അല്ലെങ്കിൽ മടുക്കുകയും പിൻവാങ്ങുകയും ചെയ്തേക്കാം
4. നിങ്ങളെ സഹായിക്കുന്നതിനു നിങ്ങൾക്കു മറ്റുള്ളവരെ ആകർഷിക്കാം
5. നിങ്ങളുടെ മനഃസാക്ഷി ശുദ്ധമായിരിക്കും. (നിങ്ങളെ ബലാൽസംഗം ചെയ്യപ്പെടുകയാണെങ്കിൽപോലും, നിങ്ങളുടെ ആത്മാഭിമാനം അല്ലെങ്കിൽ ദൈവമുമ്പാകെയുള്ള ശുദ്ധി നിങ്ങൾ ബലികഴിക്കയില്ല)
6. ഒരു അക്രമിയുടെമേൽ നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ പിന്നീട് പോലീസിന് അവനെ തിരിച്ചറിയാൻ സഹായിക്കും (ഉദാഹരണത്തിന്, നിങ്ങളുടെ നഖങ്ങൾക്കടിയിലുള്ള അവന്റെ തൊലിയുടെ നുറുക്കുകൾ)