സൃഷ്ടിയിലെ അദൃശ്യ “ഘടികാരങ്ങൾ”
‘ഞാൻ ഒരു ഘടികാരത്തോടു ബന്ധിച്ചിടുന്നതിനെ വെറുക്കുന്നു!’ ചിലപ്പോഴെല്ലാം നിങ്ങൾ വിചാരിക്കുന്നതു അങ്ങനെയാണോ? അങ്ങനെയെങ്കിൽ നിങ്ങളുടെ മനസ്സിൽ കൂടെ ഈ വിചാരം കടന്നുപോയിട്ടുണ്ടായിരിക്കാം: ‘ക്ലോക്കുകളുടെയും വാച്ചുകളുടെയും ഇടതടവില്ലാതുള്ള ടിക്ക് ശബ്ദങ്ങളും അലാറം ശബ്ദങ്ങളും മൂലം വീണ്ടും ഒരിക്കലും ശല്യപ്പെടുത്തപ്പെടാതിരിക്കത്തക്കവണ്ണം അവയെ ഉപേക്ഷിക്കുന്നതു എത്ര നന്നായിരിക്കും!’
എന്നിരുന്നാലും നിങ്ങൾ ഈ ഗ്രഹത്തിന്റെ ഏതു ഭാഗത്തു പോയാലും നിങ്ങൾക്കു രക്ഷപെടാൻ കഴിയാത്ത ചിലയിനം ഘടികാരങ്ങൾ ഉണ്ട്. നിങ്ങൾ കേവലം ഒരു ചെറിയ ഭ്രൂണം ആയിരുന്നപ്പോൾ അവ ശബ്ദിക്കാൻ തുടങ്ങി. നിങ്ങൾ നിങ്ങളുടെ അന്ത്യശ്വാസം വലിച്ചു കഴിഞ്ഞേ അവ നിൽക്കുകയുള്ളു.
ശാസ്ത്രജ്ഞൻമാർ ഇതിനെ ജീവശാസ്ത്രഘടികാരങ്ങൾ അഥവാ സർക്കാഡിയൻ (‘ഏകദേശം ഒരു ദിവസം’ എന്നർത്ഥം) താളം എന്നു വിളിക്കുന്നു. നമ്മുടെ ഘടികാരങ്ങൾക്കു അനുരൂപമാകുന്നതിലുള്ള പരാജയം മിക്കപ്പോഴും നമുക്കു പ്രശ്നങ്ങളിൽ കലാശിക്കും.
ജീവശാസ്ത്ര ഘടികാരങ്ങൾ
നമ്മിൽ ചില സുനിശ്ചിത ശാരീരിക പ്രക്രിയകൾ ക്രമീകരിക്കുന്നതിനു സ്രഷ്ടാവു ബുദ്ധിപൂർവ്വം നമ്മുടെ ഉള്ളിൽ ക്ലോക്കുകൾ സ്ഥാപിച്ചു. രാത്രിയിൽ നിങ്ങൾക്കു ഉറക്കം വരുന്നതായി കണ്ടെത്തുന്നുണ്ടോ? ഇതിനുള്ള ഒരു കാരണം നിങ്ങളുടെ ശാരീരിക ഊഷ്മാവ് ഒരു സുനിശ്ചിതമായ രീതിയിൽ അഥവാ താളത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നു എന്നതാണ്. രാത്രിയിൽ നിങ്ങളുടെ ഊഷ്മാവ് താഴാൻ തുടങ്ങുന്നു. എന്നാൽ പ്രഭാതം അടുക്കുമ്പോൾ വീണ്ടും അതു ഉയരുന്നു, പെട്ടെന്നു നിങ്ങൾ പ്രവർത്തന സജ്ജരായി ഉണരുന്നു. ഭക്ഷണ സമയം അടുക്കുമ്പോൾ നിങ്ങൾക്കു വിശപ്പു തോന്നുന്നുവോ? കൊള്ളാം, നിങ്ങളുടെ നാഡിയിടിപ്പും രക്തസമ്മർദ്ദവും പഞ്ചസാരയുടെ ലവലും ചില ജീവശാസ്ത്ര താളങ്ങൾക്കനുസരണമായി സമയ നിശ്ചയം ചെയ്യപ്പെട്ടിരിക്കുന്നു.a
യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിലെ നൂറിൽപരം വ്യത്യസ്ത ചംക്രമണങ്ങളെ അദൃശ്യ ഘടികാരങ്ങൾ നിയന്ത്രിക്കുന്നു എന്നു വൈദ്യശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചിട്ടുണ്ട്. രസാവഹമായി, ഈ ക്ലോക്കുകളിൽ അനേകവും മറ്റൊരു മെച്ചപ്പെട്ട സമയപാലന വ്യവസ്ഥയോട്: ഭൂഗ്രഹത്തിന്റെ ഭ്രമണത്തോട്, കാലപ്പൊരുത്തത്തിൽ ആയിരിക്കുന്നു. നമ്മുടെ ഗ്രഹം അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനാൽ അതിലെ സകല ജീവജാലങ്ങളെയും അതിന്റെ ഊഷ്മാവിന്റെയും വെളിച്ചത്തിന്റെയും വ്യതിയാനത്തിന്റെ ക്രമായ താളത്തിനു അധീനപ്പെടുത്തുന്നു. അതുകൊണ്ട് ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ: “മിക്ക ജീവികളുടെയും പെരുമാറ്റവും ചയാപചയവും ഒരു 24—മണിക്കൂർ പട്ടിക പിൻപറ്റുന്നു എന്നു കണ്ടെത്തുന്നതു അതിശയമല്ല. . . . ”
എന്നിരുന്നാലും, ഗവേഷകർ, ജീവരൂപങ്ങളെ ഊഷ്മാവും പ്രകാശവും ഭക്ഷണവും ശബ്ദവും സ്ഥിരമായി നിർത്തിക്കൊണ്ടുള്ള ഒരു പരീക്ഷണശാലാ സംവിധാനത്തിൽ വെച്ചുകൊണ്ട് ഈ ആന്തരിക ഘടികാരങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, 24—മണിക്കൂർ താളങ്ങൾ മാറ്റമില്ലാതെ നില നിന്നു! ചില ബാഹ്യ സ്വാധീനങ്ങൾക്കു അവയെ ബാധിക്കുന്നതിനോ ഒരളവുവരെ താറുമാറാക്കുന്നതിനുപോലുമോ സാധിക്കുമെങ്കിലും സർക്കാഡിയൻ ക്ലോക്കുകൾ ആന്തരികമാണെന്നു ഇതു കാണിക്കുന്നു.
ഘടികാരങ്ങളെ താറുമാറാക്കുന്നു
ഇപ്പോൾ തന്നെ സാദ്ധ്യതയനുസരിച്ച് നിങ്ങൾ ജീവിക്കുന്ന സമയ മേഖലയുമായി നിങ്ങളുടെ ശരീരത്തിലെ ഘടികാരങ്ങൾ ക്രമീകരിച്ചിരിക്കും. എന്നിരുന്നാലും യു. എസ്. എ. യിലെ കാലിഫോർണിയായിൽ ഉച്ചതിരിഞ്ഞ സമയം യൂറോപ്പിൽ രാത്രിസമയമായിരിക്കും. അതുകൊണ്ടു ഈ രണ്ടു സ്ഥലങ്ങൾക്കിടയിൽ ഒരു ജറ്റ് വിമാനത്തിൽ പറന്നശേഷം നിങ്ങൾക്കു തലവേദനയും ആലസ്യവും ഉറക്ക പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം—പൊതുവേ ജറ്റ് കാലാന്തരാളം (Jet Lag) എന്നറിയപ്പെടുന്ന ഒരു അവസ്ഥ.
എന്തു സംഭവിച്ചു? നിങ്ങളുടെ ജീവശാസ്ത്രഘടികാരം താറുമാറായി. അതു നിരാശയോടെ നിങ്ങളുടെ ഭവന പട്ടികയോട് താദാത്മ്യപ്പെടാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. (ഷിഫ്റ്റു ജോലിക്കാർക്കു മിക്കപ്പോഴും സമാനമായ പൊരുത്തമില്ലായ്മയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു.) ബിസിനസ് പദ്ധതികൾ, കോൺഫറൻസുകൾ, അഥവാ ഒരു അവധിക്കാല ഉല്ലാസം പോലും തലവേദന, നിദ്രാഹീനത, ശുണ്ഠി, ദഹന പ്രശ്നങ്ങൾ, ക്ഷീണം എന്നിങ്ങനെ മിക്കപ്പോഴും ജറ്റ് കാലാന്തരാളം കൊണ്ടുവരുന്ന കാര്യങ്ങളാൽ ബാധിക്കപ്പെട്ടേക്കാം.
രസാവഹമായി, അത്തരം പ്രശ്നങ്ങൾ സാവകാശം സഞ്ചരിച്ചിരുന്ന കാലങ്ങളിൽ സംഭവിച്ചിരുന്നില്ല. യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനു മുമ്പുതന്നേ ഒരു പുതിയ സമയ മേഖല ക്രമീകരിക്കുന്നതിനു ശരീരത്തിലെ ക്ലോക്കുകൾക്കു സമയം ഉണ്ടായിരുന്നു. എന്നാൽ ജറ്റ് യാത്രയിൽ ഒരുവനു ഒരു മണിക്കൂർകൊണ്ടുമാത്രം നാലോ അഞ്ചോ സമയ മേഖലകൾ കടന്നുപോവാൻ കഴിയും. ഇതിനു നിങ്ങളുടെ ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും പട്ടികയെ പൂർണ്ണമായി താറുമാറാക്കാൻ കഴിയും! നിങ്ങൾക്കു സങ്കൽപ്പിക്കാവുന്നതുപോലെ വിമാനജോലിക്കാർക്ക് ഇതു പ്രത്യേകിച്ചും കുഴപ്പമുള്ളതാണ്. ഒരു അന്തർദ്ദേശീയ എയർലൈനിന്റെ ഒരു മുൻ പൈലറ്റ് എവേക്കി!നോട് ഇപ്രകാരം പറഞ്ഞു:
“നാം 12-മണിക്കൂർ ചുറ്റിത്തിരിയൽ പട്ടിക എന്നു വിളിക്കുന്ന സമയത്തിൽ പല സമയമേഖലകൾ കടന്നു പോകുന്നതിൽ എനിക്കു ഒരു പ്രശ്നവുമില്ല, എന്തുകൊണ്ടെന്നാൽ അതേ 24-മണിക്കൂർ കാലയളവിനുള്ളിൽ എന്നെ വീണ്ടും വീട്ടിൽ എത്തിക്കും. എന്നാൽ വാൻകുവറിൽ (കാനഡാ) നിന്ന് ആംസ്റ്റർഡാമിലേക്കോ റോമിലേക്കോ ഒരു അഞ്ചുദിവസത്തെ ഇടവേളയുള്ള ഓട്ടം ലഭിക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ആരംഭിക്കുന്നു. എന്റെ മുഴു വ്യവസ്ഥയും താറുമാറാകുന്നതായി തോന്നുമായിരുന്നു. പ്രശ്നം തരണം ചെയ്യുന്നതിനുള്ള ശ്രമത്തിൽ എനിക്കു ഉറങ്ങുന്നതിനുമാത്രം ശാരീരികമായി നന്നാ ക്ഷീണിതനാകുന്നതുവരെ നടക്കാൻ പോകുമായിരുന്നു. അഞ്ചുദിവസത്തിനുശേഷം എന്റെ ശരീരവ്യവസ്ഥ യൂറോപ്യൻ സമയത്തിനനുസരിച്ചു ക്രമീകരിച്ചു കഴിയുമ്പോൾ അപ്പോൾ തന്നേ അതേ കാര്യങ്ങൾ തന്നെ മുഴുവൻ ആവർത്തിച്ചു ചെയ്യേണ്ടതായിവരത്തക്കവണ്ണം വാൻകുവറിൽ തിരിച്ചു ചെന്നിരിക്കും. ശമനൗഷധങ്ങൾ പ്രതിവിധിയായിരുന്നില്ല. യഥാർത്ഥത്തിൽ അതു കഠിനമായിരുന്നു.”
പടിഞ്ഞാറുനിന്നു കിഴക്കോട്ടുള്ള യാത്രക്കാർ ഏറ്റവും ഗൗരവമായ ക്രമീകരണ പ്രശ്നങ്ങൾ സഹിക്കുന്നു എന്ന് അനുഭവം കാണിക്കുന്നു. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പോകുന്നവർ കുറച്ചു സഹിച്ചാൽ മതി, എന്തെന്നാൽ ശരീരത്തെ ക്രമീകരിക്കാൻ എളുപ്പമാക്കത്തക്കവണ്ണം കേവലം പകൽ ദീർഘിക്കുന്നതേയുള്ളു. വാൻകൂവറിൽ നിന്ന് ടോക്കിയോയിലേക്കു നിയമിതനാകുന്ന ഒരു പൈലറ്റ് അയാൾ ഏതു പട്ടണത്തിലായിരുന്നെങ്കിലും എപ്പോഴും ടോക്കിയോ സമയത്തിൽ സ്ഥിതി ചെയ്തുകൊണ്ടു അയാളുടെ പ്രശ്നത്തെ കുറക്കുന്നു. എന്നാൽ ഉത്തര—ദക്ഷിണ പറക്കലുകളാൽ സർക്കാഡിയൻ താളങ്ങൾ ബാധിക്കപ്പെടാറില്ല, കാരണം അവ ഏറ്റവും കൂടിയാൽ ഒന്നോ രണ്ടോ സമയ മേഖലകൾക്കുള്ളിൽ നിൽക്കുന്നു.
മറ്റു ജീവികളിലെ ഘടികാരങ്ങൾ
തീർച്ചയായും, ഘടികാരങ്ങൾ ചേർത്തുണ്ടാക്കിയ ജീവനുള്ള സൃഷ്ടി മനുഷ്യൻ മാത്രമല്ല, മീവൽ പക്ഷികൾ ഓരോ വസന്തത്തിലും കൃത്യസമയത്ത് യു. എസ്. എ; കാലിഫോർണിയായിലെ കാപ്പിസ്ട്രാനോയിലേക്ക് മടങ്ങുന്നു. തീരപ്രദേശങ്ങൾ ഏതെന്നു കണക്കാക്കാതെ വേലിയേറ്റ സമയത്തു തങ്ങളുടെ തോടുകൾ വിടർത്തുകയും വേലിയിറക്കസമയത്ത് അവ അടക്കുകയും ചെയ്യുന്ന നത്തക്കക്കാകൾ ഉണ്ട്. വിവിധ സസ്യങ്ങൾ പകൽ വിടരുകയും രാത്രിയിൽ ചുരുങ്ങുകയും ചെയ്യുന്നു.
എന്തിന്, വർത്തമാനപ്പത്രങ്ങൾക്കു ഗ്രൂണിയൻ മൽസ്യങ്ങളുടെ വരവിന്റെ കൃത്യമായ സമയം പ്രസിദ്ധീകരിക്കാൻ സാധിക്കത്തക്കവണ്ണം അവയുടെ ‘ഇണചേരൽ നൃത്ത’ത്തിനായി ദക്ഷിണ കാലിഫോർണിയാ ബീച്ചുകളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ സമയം അത്ര കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിസൂക്ഷ്മങ്ങളായ ചില ശൈവാല വർഗ്ഗത്തിനുപോലും രാത്രിയിലെ 12-മണിക്കൂർ നേരത്തേക്ക് ഒരു ഭാസുര ദ്യോത തിളക്കം നൽകിക്കൊണ്ട് 24-മണിക്കൂർ താളം ഉണ്ട്.
ജീവികളുടെ അത്ഭുതകരമായ രഹസ്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിൽ മനുഷ്യർ സൃഷ്ടിപ്പിനോടുള്ള നമ്മുടെ വിലമതിപ്പ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജീവശാസ്ത്രഘടികാരങ്ങളുടെ പ്രവർത്തനത്തെ മനുഷ്യർ തിരിച്ചറിയാൻ തുടങ്ങിയത് 1940-കൾക്കു മുമ്പല്ല എന്നു ഓർമ്മിക്കുന്നതു നല്ലതാണ്. ചില ശാസ്ത്രജ്ഞൻമാർ തങ്ങളുടെ കണ്ടുപിടുത്തങ്ങളുടെ അമിതാനന്ദത്തിൽ മിക്കപ്പോഴും വ്യക്തമായതിനെ—ഈ അത്ഭുതങ്ങൾക്കു ഒരു രൂപ സംവിധായകൻ ഉണ്ട് എന്ന സംഗതി—മറന്നുപോകുന്നു. നിശ്ചയമായും ജീവിക്കുന്ന ഘടികാരങ്ങളുടെ പ്രവർത്തനത്തെ ഏറ്റവും നന്നായി അറിയാവുന്നവൻ അവനാണ്. സർവോപരി അവൻ അവയെ നടക്കത്തക്കവണ്ണം സ്ഥാപിച്ചു! (g86 6/8)
[അടിക്കുറിപ്പുകൾ]
a ജീവശാസ്ത്രക്ലോക്കുകൾ അഥവാ സർക്കാഡിയൻ താളങ്ങളെ ജീവതാളങ്ങൾ എന്നു പൊതുവെ വിളിക്കപ്പെടുന്നവയുമായി കൂട്ടികുഴക്കരുത്. ജീവതാളങ്ങളുടെ ഒരു ചർച്ചക്കുവേണ്ടി ദയവായി, 1979 ഏപ്രിൽ 22-ലെ ഇംഗ്ലീഷ് എവേക്ക്! 16-19 പേജുകൾ കാണുക.
[22-ാം പേജിലെ ചതുരം]
ജറ്റ് കാലാന്തരാളത്തെ തരണം ചെയ്യുക
ചെയ്യേണ്ടവ
◻ പടിഞ്ഞാറോട്ടു പറക്കൽ: നിങ്ങൾ സാധാരണ വിശ്രമിക്കുന്ന സമയത്ത് എത്തിച്ചേരുന്നതിനു വൈകുന്നേരം പറക്കുന്നതിനു ശ്രമിക്കുക
◻ കിഴക്കോട്ടു പറക്കൽ: നിങ്ങൾ പോകുന്നതിന്റെ തലേ രാത്രിയിൽ നേരത്തെ വിശ്രമിക്കുക. വൈകുന്നേരം എത്തിച്ചേരത്തക്കവണ്ണം യാത്രചെയ്യുക. രാത്രിയിൽ പറക്കൽ ആണെങ്കിൽ അടുത്ത പകൽ മുഴുവൻ ഉണർന്നിരിക്കുന്നതിനും വൈകുന്നേരം നേരത്തെ കിടക്കുന്നതിനും ശ്രമിക്കുക.
◻ ആറിൽ കൂടുതൽ സമയ മേഖലകൾ കടന്നുപോകുന്നെങ്കിൽ പ്രായോഗികമായിരിക്കുമ്പോൾ പോകുന്ന വഴിയിൽ ഒരു ഇളവിനു ആസൂത്രണം ചെയ്യുക.
◻ സ്ഥലത്ത് എത്തിയാൽ മിതമായ വ്യായാമം, നടപ്പ്, ഇളകി നടപ്പ്, അല്ലെങ്കിൽ നീന്തൽ, അതിനുശേഷം ലഘുവായി അത്താഴം കഴിക്കുക.
◻ ചികിത്സയിലാണെങ്കിൽ: പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിച്ച് പുതിയ സമയ മേഖലയിൽ എപ്പോൾ മരുന്നു കഴിക്കണമെന്നു തിരക്കുക. പ്രത്യേകിച്ച് ഇൻസുലിൻ ചികിത്സയിലുള്ള പ്രമേഹ രോഗികൾ ഇതു ശ്രദ്ധിക്കണം.
◻ യാത്രക്കു ഏതാനും ദിവസം മുമ്പും യാത്രക്കിടയിലും യാത്രക്കുശേഷവും ഏതാനും ദിവസം ലഘുവായി ഭക്ഷണം കഴിക്ക.
ചെയ്യരുതാത്തവ
◻ യാത്രക്കു തൊട്ടു മുമ്പോ യാത്രക്കിടയിലോ യാത്രാവസാനമോ യാതൊരു കടുപ്പമുള്ള ലഹരിപാനീയങ്ങളും കുടിക്കുകയോ ഏതെങ്കിലും ഉറക്കഗുളികകൾ കഴിക്കയോ ചെയ്യരുത്.
◻ യാത്രക്കിടയിലും മറ്റു യാതൊരു സമയത്തും പുകവലിക്കരുത്! അതു, ഉയർന്നു പറക്കുമ്പോൾ ശരീരത്തിനു ആവശ്യമായ പ്രാണവായുവിനെ മോശമായി ബാധിക്കുന്നു.
◻ എത്തിച്ചേരുന്ന ദിവസം സാദ്ധ്യമെങ്കിൽ വ്യാപാര ഇടപാടുകളും കോൺഫറൻസുകളും നടത്താതിരിക്കുക.
[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മൃഗ ഘടികാരങ്ങൾ
◻ തേനീച്ചകൾ: “അവയുടെ തേൻ ശേഖരം നടത്തുന്നതിനു ശരിയായ സ്ഥലത്തു ശരിയായ സമയത്തു ഉണ്ടായിരിക്കത്തക്കവണ്ണം അവയുടെതന്നെ ആന്തരിക ഘടികാരങ്ങൾ പരിശീലിപ്പിക്കുന്നു.”
◻ ടൈനാമൗ: “പനാമയിലെ “മൂന്നു—മണി പക്ഷി” പകലും രാത്രിയും ഓരോ മൂന്നു മണിക്കൂറിലും പാടുന്നു. നിങ്ങൾക്കു ഇതുകേട്ടു നിങ്ങളുടെ വാച്ച് ശരിപ്പെടുത്താം.
◻ കാനഡായിലെയും ഐക്യനാടുകളിലെയും ഫ്ളിക്കർ മരം കൊത്തി: പട്ടികയനുസരിച്ച് ഓരോ വൈകുന്നേരവും 3:55-ന് പരാജയം കൂടാതെ അതു അതിന്റെ പ്രവർത്തനങ്ങളിൽ നിന്നു വിരമിക്കുന്നതു ഒരാൾ നിരീക്ഷിച്ചു.
◻ സാമൺ മത്സ്യം: സമുദ്രത്തിൽനിന്നു അവ മുട്ടയിടുന്ന നദിയിലേക്കു മടങ്ങേണ്ട സമയം ആന്തരിക ക്ലോക്കുകൾ സൂചിപ്പിക്കുന്നു.
◻ ഫിജി ഐലൻഡ്സിലെ പാലോലൊ വിരകൾ: ഒക്ടോബർ, നവംബർ മാസങ്ങളിൽ ചന്ദ്രന്റെ നാലിൽമൂന്നു പ്രത്യക്ഷപ്പെടുന്ന രാത്രികളിൽ പ്രഭാതം പൊട്ടിവിടരുമ്പോൾ അവ ഉപരിതലത്തിൽ വരികയും അവയുടെ പുനരുല്പാദന പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു.
◻ ഫിഡ്ലർ ഞണ്ടുകൾ: പകൽ ഇരുണ്ട നിറമാകുന്നതിനും രാത്രിയിൽ ഇളംവർണ്ണമാകുന്നതിനുമുള്ള ഒരു കൃത്യമായ 24-മണിക്കൂർ പട്ടികയുണ്ട്. വർണ്ണമാറ്റങ്ങൾ സൂര്യനു അനുസൃതമായും തീറ്റശീലങ്ങൾ ചന്ദ്രനു അനുസൃതമായും നടക്കുന്നു.