ഭൂപടങ്ങൾ മാത്രം മതിയാകാതെ വരുമ്പോൾ—വിസ്മയകരമായ ആഗോള സ്ഥാനനിർണയ സംവിധാനം
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
അത്യുഷ്ണ ദിനത്തിലെ കഠിനാധ്വാനത്തിന്റെ ഫലമായി ആ യുവ മലകയറ്റക്കാരിയുടെ മുഖത്തു വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. മുതുകത്ത് ഇട്ടിരുന്ന, അതിജീവനത്തിന് ആവശ്യമായ വസ്തുക്കൾ അടങ്ങിയ ബാഗിന്റെ ഭാരത്തിൽനിന്ന് ആശ്വാസം കിട്ടാനായി അവൾ തോളുകൾ ഒന്നിളക്കി. മലകയറ്റക്കാർക്കായുള്ള ഭൂപടമെടുത്ത് അവൾ ശ്രദ്ധാപൂർവം പരിശോധിച്ചു. എന്നാൽ ചുറ്റുപാടുമുള്ള യാതൊന്നും പരിചിതമായി തോന്നാത്തതിൽ അവൾ അമ്പരന്നുപോയി. അവളുടെ ഉള്ളിൽ പെട്ടെന്ന് അസ്വസ്ഥത നാമ്പെടുത്തു. “അയ്യോ, എനിക്കു വഴി തെറ്റിപ്പോയിരിക്കുന്നു,” അവൾ വിലപിച്ചു.
എന്നാൽ പെട്ടെന്ന് അവളുടെ മുഖം പ്രകാശമാനമായി. മുതുകത്ത് തൂക്കിയിരുന്ന ബാഗിൽനിന്ന് ഒരു ഉപകരണം എടുത്ത് അതിന്റെ കെയ്സ് തുറന്ന് അതിൽ കുറെ വിവരങ്ങൾ ടൈപ്പ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവളുടെ മുഖത്തു പുഞ്ചിരി പടർന്നു. ഉടൻ ബാഗ് നേരെയാക്കി, എവിടേക്കു പോകുന്നു എന്നു കൃത്യമായി അറിയാവുന്ന ഒരാളെ പോലെ അവൾ മുന്നോട്ടു നീങ്ങി.
ആശയറ്റതെന്നു തോന്നിയ ഒരു അവസ്ഥയിൽ ഇത്ര പെട്ടെന്ന് അനായാസമായി അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിഞ്ഞത് എങ്ങനെ? അവൾ ‘ആഗോള സ്ഥാനനിർണയ സംവിധാനം’ (Global Positioning System [GPS]) എന്ന് അറിയപ്പെടുന്ന ശ്രദ്ധേയമായ ഒരു സഹായി പ്രയോജനപ്പെടുത്തി. അതിന്റെ സഹായത്താൽ താൻ എവിടെയാണു നിൽക്കുന്നതെന്നും ഏതു ദിശയിലാണു തനിക്കു പോകേണ്ടതെന്നും മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞു. വാസ്തവത്തിൽ, ജിപിഎസ് എന്ന വിസ്മയകരമായ ഈ സംവിധാനം എന്താണ്?
ഇതിന്റെ പൂർണമായ പേര് ‘നേവ്സ്റ്റാർ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം’ എന്നാണ്. ‘നേവിഗേഷൻ സാറ്റലൈറ്റ് ടൈം ആൻഡ് റേഞ്ചിങ് സിസ്റ്റം’ എന്നതിന്റെ ചുരുക്കരൂപമാണ് നേവ്സ്റ്റാർ. ഐക്യനാടുകളുടെ സൈനിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ജിപിഎസ് ആദ്യം വികസിപ്പിച്ചതെങ്കിലും, ഇപ്പോൾ അത് ലോകത്തിലുള്ള ഏതൊരാളുടെയും ഉപയോഗത്തിനു ലഭ്യമാണ്. ജിപിഎസിന്റെ പ്രവർത്തനത്തിനു വേണ്ട ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത് 1978-ൽ ആയിരുന്നു. ഇപ്പോൾ ഈ മുഴു സംവിധാനത്തിനും വേണ്ടി, 21 നേവ്സ്റ്റാർ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലുള്ള മൂന്ന് സജീവ ഉപഗ്രഹങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയെ വിക്ഷേപിച്ചിരിക്കുന്നത് 20,196 മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥങ്ങളിലേക്കാണ്. ഈ ഓരോ ഭ്രമണപഥത്തിനും ഭൂമധ്യരേഖയോടുള്ള ബന്ധത്തിൽ 55 ഡിഗ്രി ചെരിവുണ്ട്. അതുകൊണ്ട് ഭൂമിയുടെ ഏതു ഭാഗത്തുനിന്നും ചുരുങ്ങിയത് നാല് ഉപഗ്രഹങ്ങളുമായി എപ്പോൾ വേണമെങ്കിലും ബന്ധം പുലർത്താനാകും.
അതിസൂക്ഷ്മമായ സമയകൃത്യത അനിവാര്യം
ഈ ഉപഗ്രഹങ്ങൾ നിർദിഷ്ട സമയങ്ങളിൽ റേഡിയോ സംജ്ഞകൾ അയയ്ക്കുന്നു. ഓരോ സംജ്ഞയും എത്തിച്ചേരുന്ന കൃത്യസമയം അളക്കുകവഴി നേവ്സ്റ്റാർ റിസീവറിന് ഉപഗ്രഹത്തിലേക്കുള്ള ദൂരം നിർണയിക്കാൻ സാധിക്കും. പ്രസ്തുത സംജ്ഞയ്ക്കു ഭൂമിയിലെത്താൻ ഏകദേശം ഒരു സെക്കൻഡിന്റെ പതിനൊന്നിലൊന്ന് സമയം ആവശ്യമാണ്. റിസീവർ ഈ സംഖ്യയെ പ്രകാശത്തിന്റെ വേഗതകൊണ്ടു ഗുണിക്കുന്നു. അങ്ങനെ ഉപഗ്രഹത്തിലേക്കുള്ള കൃത്യമായ ദൂരം എത്രയാണെന്നു മനസ്സിലാക്കാൻ കഴിയും. സമയം അളക്കുന്നത് വളരെ കൃത്യതയോടെ ആയിരിക്കണം. കാരണം, ഒരു സെക്കൻഡിന്റെ പത്തു ലക്ഷത്തിലൊരംശത്തിന്റെ വ്യത്യാസം മതി 300 മീറ്ററിന്റെ ഒരു പിശക് സംഭവിക്കാൻ!
അവിശ്വസനീയമാം വിധം ഇത്ര കൃത്യതയോടെ സമയം അളക്കാൻ എങ്ങനെ കഴിയുന്നു? ഉപഗ്രഹങ്ങൾക്കുള്ളിലെ വളരെ സങ്കീർണമായ അറ്റോമിക ഘടികാരങ്ങളാണ് ഇതു സാധ്യമാക്കുന്നത്. ദ നേവ്സ്റ്റാർ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ ടോം ലോഗ്സ്ഡൻ ഇങ്ങനെ വിശദീകരിക്കുന്നു: “ബ്ലോക്ക് II ഉപഗ്രഹങ്ങളിൽ . . . അതീവ കൃത്യതയുള്ള നാലു ഘടികാരങ്ങൾ ഉണ്ട്—രണ്ട് സീസിയം അറ്റോമിക ഘടികാരങ്ങളും രണ്ട് റുബീയിഡം അറ്റോമിക ഘടികാരങ്ങളും. ഈ ഘടികാരങ്ങൾ അതീവ സ്ഥിരതയും കൃത്യതയും ഉള്ളവ ആയതിനാൽ 1,60,000 വർഷം കൂടുമ്പോഴേ അവ ഒരു സെക്കൻഡിന്റെ വ്യതിയാനം പോലും കാണിക്കുകയുള്ളൂ”!
തുടക്കത്തിൽ പരാമർശിച്ച മലകയറ്റക്കാരി ഉപയോഗിച്ചതു പോലുള്ള റിസീവർ നാലോ അതിൽ കൂടുതലോ ഉപഗ്രഹങ്ങളിൽ നിന്നുള്ള സംജ്ഞകൾ സ്വീകരിച്ച് അവ ഓരോന്നിലേക്കുമുള്ള ദൂരം കണക്കാക്കുന്നു. അവ ഉപയോഗിച്ച് അക്ഷാംശവും രേഖാംശവും അതുപോലെ തന്നെ റിസീവർ സമുദ്ര നിരപ്പിൽനിന്ന് എത്ര ഉയരത്തിലാണ് എന്നതും കണക്കാക്കുന്നു. അതിന്റെ ഫലം ജിപിഎസ് റിസീവറിൽ കാണാം. വളരെ കൃത്യമായ സ്ഥാനനിർണയത്തിനു ചുരുങ്ങിയത് നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. അവയുമായി ബന്ധം പുലർത്തുന്നതിനുള്ള കൊണ്ടുനടക്കാവുന്ന തരം റിസീവറുകൾ ഭാരം കുറഞ്ഞതും അധിക വില ഇല്ലാത്തതുമാണ്. ഒരു സെൽഫോണിന്റെ അത്രയും വലിപ്പവും വിലയുമേ ഇതിനുള്ളൂ.
പരമ്പരാഗത ഭൂപടങ്ങളെക്കാൾ മേൽത്തരമോ?
ജിപിഎസ് റിസീവറുകൾ, റിസീവറിന്റെ കൃത്യമായ സ്ഥാനം മാത്രമല്ല, ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി നൽകുകയാണെങ്കിൽ പോകേണ്ട ദിശയും കാട്ടിത്തരും. അതു കണക്കിലെടുക്കുമ്പോൾ, അത്യധികം കൃത്യതയുള്ള പരമ്പരാഗത ഭൂപടങ്ങളെക്കാൾ മേന്മയേറിയതാണ് ഈ ഉപകരണങ്ങൾ. ഉദാഹരണത്തിന്, ഉയർന്ന മരങ്ങളോ നിബിഡമായ വൃക്ഷലതാദികളോ ഉള്ള ഒരു സ്ഥലത്ത് ഭൂപടം നോക്കി വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വ്യക്തമായി തിരിച്ചറിയാവുന്ന അടയാളങ്ങളില്ലാത്ത ഭൂപ്രകൃതിയും (പ്രത്യേകിച്ച് സമുദ്രങ്ങളും മണലാരണ്യങ്ങളും), ഇരുട്ട്, പുകമഞ്ഞ് എന്നിങ്ങനെയുള്ള മറ്റു ഘടകങ്ങളും ഭൂപടങ്ങളുടെ ഉപയോഗത്തെ പ്രയാസകരമോ തീർത്തും ഫലരഹിതമോ ആക്കിത്തീർത്തേക്കാം. തീർച്ചയായും ജിപിഎസ് റിസീവർ ഭൂപടങ്ങളുടെ ആവശ്യം ഇല്ലാതാക്കുന്നില്ല. ഭൂപടങ്ങളോടും ചാർട്ടുകളോടുമൊപ്പം ഉപയോഗിക്കുമ്പോൾ അത് ഏറെ ഉപകാരപ്രദമാണ്. മഞ്ഞു മൂടിയ തീരത്തേക്കു കപ്പലുകൾ അടുപ്പിക്കാനും തിരക്കേറിയ തുറമുഖങ്ങളിൽ ചരക്കുപെട്ടികളുടെ സ്ഥാനം നിർണയിക്കാനും അതുപോലെതന്നെ മറ്റു പല വാണിജ്യ ആവശ്യങ്ങൾക്കും ഇതു വളരെ ഫലപ്രദമായി ഉപയോഗിക്കാനാകും.
ജിപിഎസിന്റെ വികസനം പുരോഗമിക്കുന്നതോടെ പിൻവരുന്ന കാര്യങ്ങൾക്കു വേണ്ടിയും അത് ഉപയോഗിക്കാൻ കഴിയും.
● ആപത്കരങ്ങളായ ഹിമാനികളുടെ ഗതിനിർണയം.
● കാലാവസ്ഥാ പ്രവചനം.
● വിമാനങ്ങൾ അതീവ കൃത്യമായി നിലത്തിറക്കൽ.
● മുങ്ങിപ്പോയ കപ്പലുകൾ കണ്ടെത്തൽ.
● വാഹനങ്ങളുടെ ഗതി, ദിശനിർണയ സംവിധാനം.
● വളം വിതറുമ്പോൾ അതിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തൽ.
നമ്മുടെ മലകയറ്റക്കാരിക്ക് വിവരങ്ങൾ ലഭിച്ചത് ഈ അസാധാരണമായ ഉപഗ്രഹ സംവിധാനത്തിൽനിന്ന് ആയിരുന്നു. ഏറ്റവും ആവശ്യമായിരുന്ന സമയത്ത്, അത് അവൾ നിൽക്കുന്ന കൃത്യസ്ഥാനം സംബന്ധിച്ച ആകമാന വിവരങ്ങൾ നൽകി. മാത്രമല്ല, ഏതു മാർഗത്തിൽ പോകണമെന്നതു സംബന്ധിച്ച നിർദേശങ്ങളും അവൾക്കു ലഭിച്ചു. ഒടുവിൽ അവൾ സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരുകതന്നെ ചെയ്തു. തനിക്കു വഴി തെറ്റിപ്പോയി എന്ന് അവൾ കരുതിയ സമയത്താണ് വിസ്മയകരമായ നേവ്സ്റ്റാർ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അവളുടെ തുണയ്ക്കെത്തിയത്!
[22-ാം പേജിലെ ചതുരം/ചിത്രം]
1984-ൽ, ഗ്വാട്ടിമാലയിലെയും ബെലീസിലെയും നിബിഡ വനങ്ങൾക്കുള്ളിൽ മറഞ്ഞുകിടന്നിരുന്ന പ്രാചീന മായാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഓക്ലഹോമയിലെ ബിസിനസ്സുകാരനായ റോൺ ഫ്രേറ്റ്സ് ആഗോള സ്ഥാനനിർണയ സംവിധാനം (ജിപിഎസ്) ഉപയോഗപ്പെടുത്തി. ലാൻസാറ്റ് ഉപഗ്രഹം എടുത്ത ചിത്രങ്ങളും ജിപിഎസിന്റെ കൃത്യമായ ദിശനിർണയ സംവിധാനവും ഫ്രേറ്റ്സ് ഇതിനായി ഉപയോഗപ്പെടുത്തി. “യൂക്കാറ്റാനിലെ മായാ സംസ്കാരത്തിന്റെ വ്യാപ്തി അഞ്ചു ദിവസംകൊണ്ടു രേഖപ്പെടുത്താൻ ഞങ്ങൾക്കു സാധിച്ചു,” ഫ്രേറ്റ്സും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും റിപ്പോർട്ടു ചെയ്തു. “അവിടെ ചുറ്റിനടന്ന് അതു സാധിക്കണമെങ്കിൽ, ചുരുങ്ങിയത് നൂറു വർഷമെങ്കിലും വേണ്ടിവരുമായിരുന്നു.”
[22, 23 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ജിപിഎസിനു കാട്ടിത്തരാൻ കഴിയുന്ന കാര്യങ്ങൾ
നിങ്ങൾ നിൽക്കുന്ന കൃത്യസ്ഥാനം
അക്ഷാംശ, രേഖാംശ അളവുകൾ കാണിച്ചിരിക്കുന്നു
സമയവും തീയതിയും
ഗതിനിർണയ സൂചിനി
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
പരാമർശ ഭൂപടം
ഇതു വലുതാക്കിയോ ചെറുതാക്കിയോ കാണാം. മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു വാഹനമോടിച്ചു പോകുകയാണെങ്കിൽ വഴി മനസ്സിലാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്
നിങ്ങളുടെ സഞ്ചാരഗതി
ഒരു ദിശാസൂചിനിയും അതിന്റെ പോയിന്ററും വീട്ടിലേക്കു തിരിച്ചു പോകാനുള്ള വഴി ഏതെന്നും ഇനി യാത്ര ചെയ്യാനുള്ള ദൂരം എത്രയെന്നും നിങ്ങൾക്കു കാട്ടിത്തരും
ആന്റിന
യഥാർഥ വലിപ്പത്തിൽ
ഉപഗ്രഹത്തിന്റെ സ്ഥാനം
നിങ്ങളുടെ റിസീവറിന് 24 ഉപഗ്രഹങ്ങളിൽ ഏതിനെയൊക്കെ “കാണാൻ” കഴിയുന്നുവെന്ന് ഈ ആകാശദൃശ്യം പ്രകടമാക്കുന്നു
സിഗ്നലിന്റെ ശക്തി
ചില ഉപഗ്രഹങ്ങളുമായുള്ള സമ്പർക്കം സാധ്യമല്ലാതെ വരുമ്പോൾ (ഷെയ്ഡു ചെയ്ത ബാർ), നിങ്ങളുടെ സ്ഥാനം നിർണയിക്കാൻ റിസീവർ ഒരു ബദൽ രീതി അവലംബിക്കുന്നു
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
21-3 പേജുകളിലെ ഗ്ലോബുകൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.