ഭൂപട നിർമാണം—ലോകത്തെ അറിയാനുള്ള ഒരു താക്കോൽ
കാനഡയിലെ ഉണരുക! ലേഖകൻ
“പറുദീസ വിദൂര പൗരസ്ത്യ ദേശത്ത് എങ്ങോ ആണ്. യെരൂശലേം സകല ജനതകളുടെയും രാജ്യങ്ങളുടെയും മധ്യത്തിലാണു സ്ഥിതി ചെയ്യുന്നത്. ലോകം വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പരന്ന തകിടാണ്. മധ്യയുഗങ്ങളിലെ ഭൂപട നിർമാതാക്കൾ ആയിരുന്ന സന്ന്യാസിമാർ തങ്ങൾ ജീവിച്ചിരുന്ന ലോകത്തെ വീക്ഷിച്ചിരുന്നത് അപ്രകാരമാണ്.”
ദ റീഡേഴ്സ് ഡൈജസ്റ്റ് ഗ്രേറ്റ് വേൾഡ് അറ്റ്ലസിന്റെ ആമുഖത്തിൽ അതിന്റെ പ്രസാധകർ രേഖപ്പെടുത്തിയ വാക്കുകളാണവ. അത്തരം ഒരു മത വിശ്വാസത്തെ ബൈബിൾ പിന്തുണയ്ക്കുന്നില്ല. മധ്യയുഗങ്ങളുടെ ആരംഭത്തിൽ ഭൂപട നിർമാണം പുരോഗമിക്കാഞ്ഞതിന്റെ ഭാഗികമായ കാരണം അത്തരം മത വിശ്വാസമാണ്.
ഭൂമിശാസ്ത്രപരമായ അറിവു നേടാൻ ഭൂപടങ്ങൾ അനിവാര്യമാണ്, നമുക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ച് അറിയാൻ ഭൂമിശാസ്ത്രവും. എന്നാൽ, ഭൂമിശാസ്ത്രത്തിന്റെ കാര്യത്തിൽ പലർക്കും മധ്യയുഗങ്ങളിലെ ആളുകളെ അപേക്ഷിച്ചു കാര്യമായ അറിവൊന്നും ഇല്ല. ഏതാണ്ട് നൂറു വർഷത്തിനു മുമ്പ്, മാർക്ക് റ്റ്വയ്ൻ എന്ന എഴുത്തുകാരൻ തന്റെ നാളിലെ പ്രശ്നം എടുത്തു കാട്ടാൻ ഹക് ഫിൻ എന്ന ഒരു കാൽപ്പനിക കഥാപാത്രത്തെ ഉപയോഗിച്ചു. ഒരു ബലൂണിൽ പറന്നുയർന്ന ഹക് തന്റെ സുഹൃത്തായ ടോം സോയറിനോട് തങ്ങൾ ഇൻഡ്യാനയിൽ എത്തിയില്ലെന്നു തറപ്പിച്ചു പറഞ്ഞു. കാരണം, ഭൂപ്രദേശത്തിന് അപ്പോഴും പച്ച നിറം ആയിരുന്നു. ഒരു ഭൂപടത്തിൽ ഇൻഡ്യാനയ്ക്ക് ഇളം ചുവപ്പു നിറമായിരുന്നതു ഹക് ശ്രദ്ധിച്ചിരുന്നു.
കുറെക്കൂടെ സമീപ കാലങ്ങളിൽ, അമേരിക്കയിലെ ഒരു ഹൈസ്കൂൾ അധ്യാപകൻ ഭൂമിശാസ്ത്ര പാഠത്തിനു തുടക്കമിട്ടിരുന്നത് ലോക ഭൂപടത്തിൽ ഐക്യനാടുകളുടെ സ്ഥാനം ചൂണ്ടിക്കാട്ടാൻ ഒരു വിദ്യാർഥിയോട് ആവശ്യപ്പെട്ടുകൊണ്ടാണ്. പത്തു വർഷത്തോളം അദ്ദേഹം അങ്ങനെയാണു ക്ലാസ്സ് തുടങ്ങിയിരുന്നത്. എന്നാൽ, ആ കാലയളവിൽ ഒരിക്കൽ പോലും ആദ്യത്തെയോ രണ്ടാമത്തെയോ വിദ്യാർഥി ഭൂപടത്തിൽ ഐക്യനാടുകൾ ചൂണ്ടിക്കാട്ടുന്നതിൽ വിജയിച്ചില്ല എന്ന് അദ്ദേഹം റിപ്പോർട്ടു ചെയ്തു! ടൈം മാസിക പറയുന്ന സംഗതി ഒരുപക്ഷേ അതിലും ആശ്ചര്യജനകം ആയിരുന്നേക്കാം: “10-ൽ 3 അമേരിക്കക്കാർക്ക് ഭൂപടത്തിൽ തെക്കും വടക്കും ഏതെന്നു തിരിച്ചറിഞ്ഞുകൂടാ.”
ഭൂപട നിർമാണ ചരിത്രം
ഏറ്റവും പുരാതനവും അസാധാരണവുമായ ഒരു ആശയവിനിമയ രീതിയാണു ഭൂപട നിർമാണം. ഭൂപടങ്ങൾ കല്ലുകളിലും തടികളിലും കൊത്തി ഉണ്ടാക്കിയിട്ടുണ്ട്; മണലിലും കടലാസ്സിലും ചർമ പത്രത്തിലും വരച്ചിട്ടുണ്ട്; മൃഗത്തോലിലും തുണിയിലും പെയിന്റു ചെയ്തിട്ടുണ്ട്; ഹിമ പാളിയിൽ പോലും അവ കൊത്തി ഉണ്ടാക്കിയിട്ടുണ്ട്.
ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നത് അനുസരിച്ച്, അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം ഏതാണ്ട് പൊ.യു.മു. 2300-ൽ നിർമിക്കപ്പെട്ടതാണ്. “ബാബിലോനിയയിൽ നിന്നുള്ള, സാധ്യത അനുസരിച്ച് പർവത നിരകൾക്ക് മധ്യത്തിലെ താഴ്വാര പ്രദേശത്തുള്ള ഭൂസ്വത്ത് ചിത്രീകരിക്കുന്ന, ഒരു ചെറിയ കളിമൺ ഫലകം” ആണത്. ആദ്യ കാലങ്ങളിൽ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട് ബാബിലോന്യർ സമാനമായ കളിമൺ ഫലകങ്ങളിൽ നഗര മതിലുകളുടെ ചിത്രങ്ങൾ രചിച്ചിരുന്നു.
ഭൂമി ഉരുണ്ടതാണെന്നു രണ്ടാം നൂറ്റാണ്ടിൽ ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ, അലക്സാൻഡ്രിയയിലെ ടോളമി വിശ്വസിച്ചിരുന്നു. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ബൈബിളും അതു വെളിപ്പെടുത്തിയിരുന്നു. ദൈവത്തെ കുറിച്ച്, “അവൻ ഭൂമണ്ഡലത്തിന്മീതെ [“ഭൂവൃത്തത്തിന്മീതെ,” NW] അധിവസിക്കുന്നു” എന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യെശയ്യാവു 40:22) ഇക്വിനോക്സ് എന്ന മാസിക പറയുന്ന പ്രകാരം, ടോളമിയുടെ രചനകൾ, “വിശ്വ രചനയ്ക്ക്—അറിയപ്പെടുന്ന ലോകത്തിന്റെ രൂപം വരയ്ക്കാൻ—ഉള്ള ശ്രമത്തെ എടുത്തു കാട്ടുന്ന ആദ്യത്തെ ലിഖിത രേഖകളിൽ പെടുന്നു.”
1400-കളുടെ അവസാനത്തിൽ ഒരു അറ്റ്ലസിൽ അച്ചടിച്ചു വരുന്നതു വരെ ടോളമിയുടെ ഭൂപടങ്ങളെ കുറിച്ച് ആർക്കുംതന്നെ അറിയില്ലായിരുന്നു. അതിനു ശേഷം അവ, കൊളംബസ്, കാബട്ട്, മഗെല്ലൻ, ഡ്രേക്ക്, വെസ്പൂചി എന്നീ നാവികർക്ക് ഭൂമിശാസ്ത്ര വിവരങ്ങളുടെ ഉറവിടമായി ഉതകി. ഇന്നും, ടോളമിയുടെ ഗോളാകൃതിയിലുള്ള ഭൂപടത്തിന് ആധുനിക ഭൂപടങ്ങളോടു സാദൃശ്യമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഭൂപടത്തിൽ യൂറേഷ്യൻ ഭൂഖണ്ഡങ്ങളെ ഉള്ളതിൽ അധികം വലിപ്പത്തിൽ ചിത്രീകരിച്ചിരിക്കുന്നു. തന്മൂലം, “അറ്റ്ലാന്റിക്ക് കുറുകെ കടക്കവേ ഏഷ്യയിലേക്കുള്ള യഥാർഥ ദൂരം തിരിച്ചറിയാൻ കൊളംബസിനു കഴിയാതെ പോയി. അങ്ങനെ, പുതിയ ലോകം എന്നു പിന്നീട് അറിയപ്പെട്ട ഇടയ്ക്കുള്ള ഭൂഖണ്ഡങ്ങൾ താൻ കണ്ടെത്തിയെന്ന സംഗതി അദ്ദേഹം തിരിച്ചറിഞ്ഞില്ല” എന്ന് റീഡേഴ്സ് ഡൈജസ്റ്റ് അറ്റ്ലസ് ഓഫ് ദ വേൾഡ് അഭിപ്രായപ്പെടുന്നു. അമെരിഗോ വെസ്പൂചിയുടെ പേരിട്ടിരിക്കുന്ന അമേരിക്ക എന്ന ഈ പുതിയ ലോകം, 1507-ലാണ് ആദ്യമായി ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചത്.
തുടർന്ന്, കണ്ടുപിടിത്തങ്ങളുടെ യുഗത്തിൽ, ഏതാണ്ട് 1500-നും 1700-നും ഇടയ്ക്കു നടത്തിയ സമുദ്ര യാത്രകൾ ഭൂപട നിർമാതാക്കൾക്കു കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ പ്രദാനം ചെയ്തു. അവരുടെ ചാർട്ടുകൾ അല്ലെങ്കിൽ ഭൂപടങ്ങൾ യുദ്ധതന്ത്ര പ്രധാനമായ രേഖകൾ ആയിത്തീർന്നു. മാത്രമല്ല, അവയെ “ഗവൺമെന്റിന്റെ അധികാര ദണ്ഡ്,” “യുദ്ധായുധങ്ങൾ” എന്നിങ്ങനെയും വർണിച്ചിരിക്കുന്നു. ഭൂപട നിർമാതാക്കളെ രഹസ്യം സൂക്ഷിക്കാൻ സത്യം ചെയ്യിച്ചിരുന്നു. ഒറ്റപ്പെട്ടാണ് അവർ ജോലി ചെയ്തിരുന്നത്. മാത്രമല്ല, ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോലും അവർ ഭൂപടങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു. കപ്പലിൽ ഒരു ശത്രു കയറുന്നപക്ഷം, ഭാരം നിറച്ച ചാക്കിൽ സൂക്ഷിച്ചിരുന്ന ഭൂപടങ്ങൾ കടലിൽ താഴ്ത്തി കളയുമായിരുന്നു. ദീർഘകാലം, രാഷ്ട്രങ്ങൾ തങ്ങളുടെ ഔദ്യോഗിക ഭൂപടങ്ങൾ സശ്രദ്ധം കാത്തു സൂക്ഷിച്ചിരുന്നു. യുദ്ധ കാലത്ത് ചുരുക്കം ചിലർക്കേ അതു കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.
പുതിയ ദേശങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ, പഴയ അതിർത്തികൾക്കു മാറ്റം വരുത്തേണ്ടി വന്നു. അതിനായി, ഗേരാർഡുസ് മെർക്കാറ്റോർ എന്ന ഫ്ളെമിഷ് ഭൂമിശാസ്ത്രജ്ഞൻ (1512-1594) ഭൂപടങ്ങളുടെ ആദ്യത്തെ ശാസ്ത്രീയ പുസ്തകം രചിച്ചു. ഗ്രീക്ക് ഐതിഹ്യത്തിലെ അതികായനായ അറ്റ്ലസിന്റെ ചിത്രം മെർക്കാറ്റോർ തന്റെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചു. അന്നു മുതലാണ് ഭൂപട ശേഖരത്തിന് “അറ്റ്ലസ്” എന്ന പേരു ലഭിച്ചത്.
ഭൂപട നിർമാണം ആധുനിക നാളിൽ
ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള അറിവു വർധിച്ചതോടെ ഭൂപടങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടു. പുതിയ ഭൂപട നിർമാണ രീതികൾ ഈ വികസനത്തിൽ കാര്യമായ പങ്കു വഹിച്ചു. 19-ാം നൂറ്റാണ്ടിലെ അവസാന ഭാഗത്തെയും 20-ാം നൂറ്റാണ്ടിലെ ആദ്യ ഭാഗത്തെയും സർവേയർമാരുടെ ദുഷ്കര ദൗത്യത്തെ കുറിച്ച് കനേഡിയൻ ജിയോഗ്രഫിക് ഇങ്ങനെ വിവരിക്കുന്നു: “ചൂടും തണുപ്പും വകവെക്കാതെ, കുതിരപ്പുറത്തും തോണിയിലും ചങ്ങാടത്തിലും കാൽനടയായും സഞ്ചരിച്ചുകൊണ്ട് . . . അവർ നഗരങ്ങളും പുരയിടങ്ങളും, വനങ്ങളും വയലുകളും, ചെളിപുതഞ്ഞ വീഥികളും കീടങ്ങൾ നിറഞ്ഞ ചതുപ്പുനിലങ്ങളും അളന്നു. ദൂരം കണക്കാക്കാൻ അളവു ചങ്ങലകളും കോണുകൾ അളക്കാൻ കോണമാപന യന്ത്രങ്ങളും ഉപയോഗിച്ചു. നക്ഷത്രങ്ങളെ ആസ്പദമാക്കി ‘ബെഞ്ച് മാർക്കും’ സ്ഥാപിച്ചു. അവർ തീരക്കടലിന്റെയും ആഴമളന്നു.”
20-ാം നൂറ്റാണ്ടിൽ ഭൂപട നിർമാണം അക്ഷരാർഥത്തിൽ പുരോഗതിയുടെ പടവുകൾ കയറി. ക്യാമറകൾ ഘടിപ്പിച്ച വിമാനങ്ങൾ വ്യോമ ഛായാചിത്രങ്ങൾ എടുക്കാൻ തുടങ്ങി. പിന്നീട്, 1950-കളിൽ, ഭ്രമണ ഉപഗ്രഹങ്ങൾ ഭൂപട നിർമാണത്തിന് ബഹിരാകാശ പര്യവേക്ഷണ യുഗത്തിന്റേതായ മാനം നൽകി. 1980-കളുടെ അവസാനം ആയപ്പോഴേക്കും, ആഗോള സ്ഥാനക്രമീകരണ റിസീവറുകളുടെ സഹായത്തോടെ നിലം അളക്കുന്നവർക്ക് ഒരു മണിക്കൂറിനുള്ളിൽ ഭൂവെങ്ങുമുള്ള സ്ഥാനങ്ങൾ ഭൂമിശാസ്ത്രപരമായി നിർണയിക്കാൻ കഴിഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് ആയിരുന്നെങ്കിൽ അതിനു മാസങ്ങൾ എടുക്കുമായിരുന്നു.
ഇന്ന്, ഭൂപട നിർമാതാക്കൾ ഇലക്ട്രോണിക്സിന്റെ സഹായത്തോടെ ഭൂപടം നിർമിക്കുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹസ്ഥാപിത ഉപകരണങ്ങളും അതി സങ്കീർണമായ ഭൂസ്ഥാപിത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ തങ്ങളുടെ ഭൂപടങ്ങൾ പുതുക്കുന്നു. കമ്പ്യൂട്ടർ ഹാർഡ്വെയറും സവിശേഷ സോഫ്റ്റ്വെയർ പ്രോഗ്രാമുകളും ഭൂപട നിർമാണ വിദ്യയും മറ്റുമായി ബന്ധപ്പെട്ട കോടിക്കണക്കിനു വിവരങ്ങൾ ശേഖരിച്ചു വെക്കാൻ ഭൂപട നിർമാതാക്കളെ സഹായിക്കുന്നു. അങ്ങനെ, പ്രത്യേക ആവശ്യാനുസൃതം ഉള്ള ഒരു ഭൂപടം വളരെ അധികം സമയമെടുത്തു കൈകൊണ്ടു നിർമിക്കുന്നതിനു പകരം മിനിറ്റുകൾകൊണ്ടു നിർമിക്കാൻ സാധിക്കുന്നു.
ഭൂമിശാസ്ത്ര വിജ്ഞാന സമ്പ്രദായം (ജിഐഎസ്) ഉപയോഗിച്ച് മിക്കവാറും എല്ലാം വിവരങ്ങളും ഭൂപടത്തിൽ രേഖപ്പെടുത്താൻ സാധിക്കുന്നു. തിരക്കേറിയ സമയത്ത് ഒരു നഗരത്തിലെ ഗതാഗത പ്രവാഹം സുഗമമാക്കുന്നതിന് അതതു മിനിറ്റിലെ തെരുവു ഭൂപടം നിർമിക്കാൻ ഒരു ജിഐഎസ്-നു സാധിക്കും. ഒരു ദേശത്തിന്റ ഹൈവേകളിലൂടെ പോകുന്ന ട്രക്കുകളെ പിന്തുടർന്ന് അവയുടെ വഴി തിരിച്ചുവിടാനും അതിനു സാധിക്കും. കന്നുകാലി വളർത്തുകാർക്കു വേണ്ടിയുള്ള കച്ചി ഉത്പാദനത്തിനു പോലും അതിനു സംഭാവന ചെയ്യാൻ സാധിക്കും.
ഭൂപടം—യാഥാർഥ്യത്തിന്റെ പ്രതിഫലനമോ?
“ഭൂപടം കള്ളം പറഞ്ഞേക്കാം, എന്നാൽ അത് ഒരിക്കലും കളിപറയില്ല” എന്ന് ഹൗവാർഡ് മക്കോർഡിൻ എന്ന കവി എഴുതി. ഉദാഹരണത്തിന്, ഒരു കടലാസിൽ കൈകൊണ്ടു വരച്ച ഭൂപടത്തിൽ നിങ്ങൾക്കു പോകേണ്ട സ്ഥാനത്തേക്കുള്ള വഴി തെറ്റായി സൂചിപ്പിച്ചിരിക്കുന്നതു കാണുമ്പോൾ അതൊരു തമാശക്കാര്യമായി നിങ്ങൾക്കു തോന്നുകയില്ല. എല്ലാ ഭൂപടങ്ങളും സത്യതയുള്ളതും യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നതും ആയിരിക്കാൻ നാം പ്രതീക്ഷിക്കുന്നു. എന്നാൽ, ഭൂപടങ്ങൾ എല്ലാമൊന്നും സത്യതയുള്ളതല്ല, യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നുമില്ല എന്നതാണു വസ്തുത.
ഒരു റിക്കാർഡു സൂക്ഷിപ്പുകാരന് കാനഡയിലെ ക്വിബെക്കിന്റെ വർണാഭമായ, ഭിത്തിയിൽ തൂക്കിയിടുന്ന ഭൂപടം കിട്ടി. പിന്നീട്, അതിൽ ഗൗരവമേറിയ ഒരു പിശകുള്ളതായി അദ്ദേഹം കണ്ടെത്തി. “ലാബ്രഡോർ മൊത്തം ക്വിബെക്കിന്റെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു,” അദ്ദേഹം വിശദീകരിച്ചു. “ഞാൻ ആ പ്രശ്നം സഹപ്രവർത്തകന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതു നോട്ടപ്പിഴ ആയിരിക്കില്ല മറിച്ച്, മനപ്പൂർവം വരുത്തിയ തെറ്റായിരിക്കാം എന്ന അദ്ദേഹത്തിന്റെ മറുപടി എന്നെ സ്തബ്ധനാക്കി.” ലാബ്രഡോറിനും ക്വിബെക്കിനും ഇടയിലെ അതിർത്തി സംബന്ധിച്ച് 1927-ൽ എടുത്ത തീരുമാനത്തിൽ ക്വിബെക്കുകാർ സന്തുഷ്ടർ ആയിരുന്നില്ലത്രേ. അതുകൊണ്ട്, പ്രസ്തുത ഭൂപടത്തിൽ ആ അനഭിലഷണീയ യാഥാർഥ്യം പ്രകടമായിരുന്നില്ല.
മനപ്പൂർവം, വഞ്ചനാത്മകമായി പിശകുകൾ വരുത്തിയ വേറെയും ഭൂപടങ്ങളെ കുറിച്ച് സഹപ്രവർത്തകൻ റിക്കാർഡു സൂക്ഷിപ്പുകാരന്റെ ശ്രദ്ധയിൽ പെടുത്തി. പിന്നീട്, “ചതിക്കുന്ന ഭൂപടങ്ങൾ” എന്ന ശീർഷകത്തിൽ ആ റിക്കാർഡു സൂക്ഷിപ്പുകാരൻ കനേഡിയൻ ജിയോഗ്രഫിക്കിൽ ഒരു ലേഖനം എഴുതി. “ഒരു പ്രത്യേക വീക്ഷണത്തെ പിന്താങ്ങുന്നതിനായി ഭൂപട നിർമാണ വിദ്യയെ നിഷ്പ്രയാസം കോട്ടിമാട്ടാൻ കഴിയും” എന്ന് അതിൽ ഊന്നിപ്പറഞ്ഞിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “ഭൂപടങ്ങൾ യാഥാർഥ്യത്തിന്റെ വിശ്വസ്ത പ്രതിഫലനമാണ് എന്നാണ് എന്നെ എല്ലായ്പോഴും പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഇതാ കള്ളം നിറഞ്ഞ ഭൂപടങ്ങൾ!”
“സോവിയറ്റ് നിയന്ത്രണത്തിലുള്ള ക്യുറിൽ-ദ്വീപുകൾ തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന ജപ്പാൻ ഗവൺമെന്റിന്റെ ഒരു പ്രതിനിധി സംഘം, തർക്ക പ്രദേശത്തിനു വ്യത്യസ്ത നിറം കൊടുക്കാൻ [നാഷനൽ ജിയോഗ്രഫിക് സൊസൈറ്റിയോട്] അഭ്യർഥിച്ചു” എന്ന് ടൊറോന്റോയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ 1991-ൽ റിപ്പോർട്ടു ചെയ്തു. അവർ നിറ വ്യത്യാസം ആഗ്രഹിച്ചതിനു കാരണം? നാഷനൽ ജിയോഗ്രഫിക്കിന്റെ പ്രമുഖ ഭൂപട നിർമാതാവ്, ജോൺ ഗാർവർ ജൂനിയർ ഇങ്ങനെ വിശദീകരിച്ചു: “ഭൂപടത്തിൽ ജപ്പാന്റെ നിറം പച്ച ആയിരുന്നതിനാലാണു [പ്രസ്തുത ദ്വീപുകൾക്കു] പച്ച നിറം നൽകാൻ അവർ ആവശ്യപ്പെട്ടത്.”
അതുകൊണ്ട്, ഭൂപടങ്ങളിൽ നിറങ്ങൾ ഉപയോഗിച്ചു ചില സംയോജനങ്ങൾ നടത്താനോ പ്രത്യേക സവിശേഷതയ്ക്ക് ഊന്നൽ നൽകാനോ സാധിക്കും. ഉദാഹരണത്തിന്, 1897-ൽ ക്ലോണ്ടൈക് നദിയുടെ ഒരു പോഷക നദീ തീരത്തു സ്വർണം കണ്ടെത്തിയതിനെ തുടർന്നു സ്വർണ വേട്ടക്കാരുടെ തള്ളിക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഭൂപടങ്ങൾ പ്രത്യേകിച്ചും പങ്കുവഹിച്ചു. 1,00,000-ത്തോളം പേർ അവിടേക്കു പോയതായി കണക്കാക്കപ്പെടുന്നു. അലാസ്കയ്ക്കും യൂക്കോണിനും ഭൂപട നിർമാതാക്കൾ കടും മഞ്ഞ നിറം നൽകി—അവിടങ്ങളിൽ ധാരാളം സ്വർണം ഉണ്ടെന്നു ധരിപ്പിക്കുന്നതിനാണ് അങ്ങനെ ചെയ്തത്.
മറ്റു ചില മനോഭാവങ്ങൾ വളരെ നാടകീയമായ വിധത്തിൽ ഭൂപടത്തെ സ്വാധീനിച്ചേക്കാം. ദൃഷ്ടാന്തത്തിന്, 1982-ൽ “തല തിരിഞ്ഞ” ഒരു ഭൂപടം നിർമിക്കുകയുണ്ടായി. അതിൽ ദക്ഷിണാർധ ഗോളത്തെ മുകളിൽ സ്ഥാപിച്ചിരുന്നു. കാരണം? മുകളിൽ ആയിരിക്കുന്നതു ശ്രേഷ്ഠതയുടെയും അന്തസ്സിന്റെയും അടയാളമാണെന്നും ദക്ഷിണാർധ ഗോളത്തിലെ ദരിദ്ര ദേശങ്ങളിൽ അതു ക്രിയാത്മക ഫലം ഉളവാക്കുമെന്നും കരുതപ്പെട്ടു.
ഭൂപട നിർമാതാക്കളുടെ വെല്ലുവിളി
യാഥാർഥ്യം പ്രതിഫലിപ്പിക്കാൻ ഭൂപട നിർമാതാക്കൾ ആഗ്രഹിക്കുന്നു എങ്കിൽ തന്നെ, പരന്ന പ്രതലത്തിൽ ഭൂപടം നിർമിക്കുന്നതു പ്രശ്നം സൃഷ്ടിക്കുന്നു. കാരണം, ഗോളോപരിതലത്തെ പരന്ന പ്രതലത്തിൽ വരയ്ക്കുന്നത് അതിനെ വികൃതമാക്കും. ഒരു ഓറഞ്ചിന്റെ പുറന്തൊലി അപ്പാടെ പരത്തിയെടുക്കാൻ ശ്രമിക്കുന്നതു പോലിരിക്കും അത്. ഭൂഖണ്ഡങ്ങളുടെ ആകൃതി കൃത്യത ഉള്ളതായിരിക്കാം, എന്നാൽ വലിപ്പം ആനുപാതികം ആയിരിക്കില്ല. തന്നിമിത്തം, “കൃത്യത ഉള്ള ഭൂപടം ഗ്ലോബ് മാത്രമാണ്” എന്ന് ജോൺ ഗാർവർ ജൂനിയർ പറഞ്ഞു. എന്നാൽ, ഗ്ലോബുകൾ കൂടെ കൊണ്ടു നടക്കാൻ ബുദ്ധിമുട്ടായതിനാൽ പരന്ന, വർണാഭമായ ഭൂപടമാണു സൗകര്യപ്രദവും പ്രയോജനപ്രദവും.
1988-ൽ നാഷനൽ ജിയോഗ്രഫിക് ഒരു പുതിയ ലോക ഭൂപടം പ്രകാശനം ചെയ്തു. പ്രസ്തുത സംഭവത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ ടൈം, ഭൂപട നിർമാതാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ കുറിച്ച് വിശദീകരിച്ചു: “ഭൂപടങ്ങളിലെ പ്രതിരൂപങ്ങൾ പലപ്പോഴും ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും യഥാർഥ ആകൃതിയെയും ആപേക്ഷിക വലിപ്പത്തെയും പ്രതിഫലിപ്പിക്കുന്നില്ല.” നാഷനൽ ജിയോഗ്രഫിക് സൊസൈറ്റി 1988-ൽ പുറത്തിറിക്കിയ ലോക ഭൂപടവും അതേ സൊസൈറ്റി തന്നെ മുൻ കാലങ്ങളിൽ പുറത്തിറക്കിയ ലോക ഭൂപടങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നപക്ഷം ഈ വസ്തുത നിങ്ങൾക്കു നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും.
ഭൂപടങ്ങളിലെ കാര്യമായ വ്യത്യാസങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ട് ടൈം പറഞ്ഞു: “[നാഷനൽ ജിയോഗ്രഫിക് സൊസൈറ്റി] അതിന്റെ 1.1 കോടി അംഗങ്ങൾക്ക് അയച്ചു കൊടുക്കുന്ന പുതിയ ഭൂപടത്തിൽ സോവിയറ്റ് യൂണിയന് 470 ലക്ഷം ചതുരശ്ര കിലോമീറ്റർ കുറവാണ് കാണിച്ചിരിക്കുന്നത്. അതായത്, നാഷനൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ ഭൂപടങ്ങളിൽ ഉണ്ടായിരുന്നതായി കാണപ്പെട്ടിരുന്ന (സോവിയറ്റ് യൂണിയന്റെ) ഭൂപ്രദേശത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിലധികം പുതിയ ഭൂപടത്തിൽ ഇല്ല.”
ടോളമിയുടെ കാലം മുതൽ ഭൂപട നിർമാതാക്കൾ ഭൂഭാഗങ്ങളുടെ ആപേക്ഷിക വലിപ്പം ചിത്രീകരിക്കുന്ന പ്രശ്നവുമായി മല്ലിടുകയാണ്. ഉദാഹരണത്തിന്, 66 വർഷത്തോളം നാഷനൽ ജിയോഗ്രഫിക് ഉപയോഗിച്ചിരുന്ന ഭൂപട പ്രക്ഷേപത്തിൽ (map projection) അലാസ്കയെ അഞ്ചിരട്ടി വലിപ്പത്തിൽ ചിത്രീകരിച്ചിരുന്നു! യു.എസ്. ഭൂപട നിർമാതാക്കളിലെ തലമൂത്ത അംഗമായി പലരും കണക്കാക്കുന്ന ആർഥർ റോബിൻസന്റെ പിൻവരുന്ന വാക്കുകൾ മനസ്സിലാക്കാൻ അത്തരം അപാകതകൾ സഹായിക്കും: “ഭൂപട നിർമാണം ഒരു ശാസ്ത്രം പോലെതന്നെ ഒരു കലയുമാണ്.” ഗാർവറുടെ അഭിപ്രായത്തിൽ, നാഷനൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ 1988-ലെ ഭൂപടം, “ഭൂമി ശാസ്ത്രത്തെയും കലാബോധത്തെയും ഉത്തമമായ വിധത്തിൽ സമനിലയിൽ നിർത്തി.”
ഭാവിയെന്ത്?
ഭൂപട നിർമാണത്തിൽ അനേകരും തിരിച്ചറിയുന്നതിലും വളരെയധികം ഉൾപ്പെട്ടിരിക്കുന്നു എന്നു വ്യക്തം. ഭൂമിയെ കുറിച്ചുള്ള അറിവു വർധിക്കുന്തോറും കൂടുതൽ കൃത്യതയുള്ള ഭൂപടങ്ങൾ നിർമിക്കാൻ സാധിക്കും. എന്നാൽ, ആ അറിവ് അത്ര എളുപ്പം സമ്പാദിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, ലോയിഡ് എ. ബ്രൗൺ എന്ന ഗ്രന്ഥകാരൻ വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പറഞ്ഞു: “സകലർക്കും ഭീതി കൂടാതെ അയൽ ദേശത്തിന്റെ തീരത്തണയാൻ, വെടി ഏൽക്കാതെയോ വിലക്കു കൂടാതെയോ ഏതൊരു രാജ്യത്തിലൂടെയും കരമാർഗമോ വ്യോമമാർഗമോ സഞ്ചരിക്കാൻ, കഴിയുന്ന കാലത്തല്ലാതെ നൂറ്റാണ്ടുകളായി മനുഷ്യർ സ്വപ്നം കാണുന്ന ആ വൻ ഭൂപടം നിർമിക്കപ്പെടില്ല. എന്നെങ്കിലും ഒരു കാലത്ത് അതിന്റെ നിർമാണം പൂർത്തിയായേക്കാം.”
സന്തോഷകരമെന്നു പറയട്ടെ, ദൈവത്തിന്റെ നിയമിത രാജാവായ യേശു ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ മുഴു ഗോളവും ഒടുവിൽ ഏകീകൃതമാകും എന്നു ബൈബിൾ പ്രവചനം വ്യക്തമാക്കുന്നുണ്ട്. യേശുവിനെ കുറിച്ച് ഒരു പ്രവചനം ഇങ്ങനെ പറയുന്നു: “അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും ഭരിക്കട്ടെ.” (സങ്കീർത്തനം 72:8) അതിർത്തി തർക്കങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും ഒടുവിൽ ഇല്ലായ്മ ചെയ്യപ്പെടുകയും അന്യോന്യം മല്ലടിക്കുന്ന ദേശീയ ശക്തികൾ അസ്തിത്വത്തിൽ നിന്നു മറയുകയും ചെയ്യുമ്പോൾ ഒരു പരിപൂർണ ഭൂപടം നിർമിക്കപ്പെട്ടേക്കും.
[16, 17 പേജുകളിലെ ചിത്രം]
ടോളമിയും അദ്ദേഹത്തിന്റെ ഭൂപടവും
ഗേരാർഡുസ് മെർക്കാറ്റോർ
[കടപ്പാട്]
ടോളമിയും മെർക്കാറ്റോറും: Culver Pictures; ടോളമിയുടെ ലോക ഭൂപടം: Gianni Dagli Orti/Corbis; ഗ്ലോബ്: Mountain High Maps® Copyright © 1997 Digital Wisdom, Inc.