നിങ്ങളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന ഭൂപടങ്ങൾ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
അപരിചിതമായ ഒരു ദേശത്തോ നഗരത്തിലോ നിങ്ങൾക്കു പോകേണ്ട വഴി കണ്ടുപിടിക്കുക എന്നതൊരു വെല്ലുവിളിയാണ്. ആദ്യമായി, നിങ്ങൾ നിൽക്കുന്ന സ്ഥാനവും ചുറ്റുപാടുകളും മനസ്സിലാക്കണം. പിന്നീട് ഏറ്റവും നല്ല വഴിയേതെന്നു നിശ്ചയിക്കണം. അതെങ്ങനെ കണ്ടുപിടിക്കാൻ കഴിയും? അതിന് ആവശ്യമായിരിക്കുന്നത് ഒരു ഭൂപടമാണ്!
ഭൂപടങ്ങൾ—എപ്പോൾ മുതൽ, എന്തുകൊണ്ട്?
കാർട്ടോഗ്രഫി എന്നു വിളിക്കപ്പെടുന്ന ഭൂപടനിർമാണത്തിനു സംഭവബഹുലമായ ഒരു നീണ്ട ചരിത്രമാണുള്ളത്. ചില പ്രമാണഗ്രന്ഥങ്ങൾ ഭൂപടനിർമാണത്തിന്റെ വേരുകൾ തേടി 4,300 വർഷങ്ങൾപ്പുറം ബാബിലോണിയയിൽ കളിമൺകഷണങ്ങളിൽ കൊത്തിവയ്ക്കപ്പെട്ട രൂപരേഖകൾവരെ എത്തുന്നു. എന്നാൽ ആധുനിക ഭൂപടങ്ങളുടെ മുന്നോടികളായിരുന്ന ചാർട്ടുകൾ വരച്ചതു പുരാതന ഗ്രീക്കുകാരായിരുന്നു. പൊതുയുഗം രണ്ടാം നൂറ്റാണ്ടിൽ ക്ലോഡിയസ് ടോളമി പുരാതന ലോകത്തിന്റെ ഭൂപടം വരച്ചതിനുശേഷം ഭൂപടനിർമാണം ഇരുണ്ട യുഗങ്ങളിലാണ്ടുപോയി. മനുഷ്യർ എത്തിപ്പെടാത്ത പ്രദേശങ്ങൾ ഭീകരജീവികളുടെയും രാക്ഷസന്മാരുടെയും വാസസ്ഥാനങ്ങളായി ചിത്രീകരിക്കപ്പെട്ടു. അക്കാലത്തെ ഭൂപടങ്ങളിൽ മതം വളരെയധികം സ്വാധീനം ചെലുത്തി. അതുകൊണ്ട് അനേകം ഭൂപടങ്ങൾ ഏദെൻതോട്ടത്തിന്റെ ഭരണത്തിൻ കീഴിലുള്ള ഒരു ലോകത്തെ ചിത്രീകരിച്ചു. അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടങ്ങളിൽ യെരുശലേമും മധ്യപൂർവദേശവും ഏറ്റവും മുകളിലായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.
ബ്രിട്ടന്റെ ആദ്യകാല ഭൂപടങ്ങളും ഒരു സഭാസ്വാധീനം പ്രതിഫലിപ്പിച്ചിരുന്നു. അത്തരം ഒരു ഭൂപടം ഇംഗ്ലണ്ടിലെ പുണ്യസ്ഥലങ്ങളിലേക്കു തീർഥാടകർ സഞ്ചരിച്ചിരുന്ന വഴി ചിത്രീകരിച്ചിരുന്നു. “തീർഥാടകരുടെ ഉത്തരമഹാപഥ”ത്തെ വിശദമായി വിവരിച്ചുകൊണ്ട് ഈ ഭൂപടം ഉത്തര ദർഹാം പട്ടണത്തിൽനിന്നു ദക്ഷിണതീരദേശ തുറമുഖനഗരമായ ഡോവറിലേക്കുള്ള ഒരു പാത ചിത്രീകരിച്ചു.
ജെറാർഡസ് മെർക്കേറ്റർ (1512-94) ആയിരുന്നു ആധുനിക ഭൂപടനിർമാണവിദ്യയുടെ പിതാവ്. നാവികരുടെ ഇടയിൽ കൃത്യതയ്ക്കു കീർത്തിയാർജിച്ച ഒരു ഭൂപട പ്രക്ഷേപരീതി അദ്ദേഹം ആവിഷ്കരിച്ചു. മെർക്കേറ്റർ പ്രക്ഷേപരീതി അനുസരിച്ചു വരയ്ക്കപ്പെട്ട അനേകം ഭൂപടങ്ങൾ ആധുനിക ഭൂപടപുസ്തകങ്ങളിൽ കാണാം.
ഭൂവുടമകൾക്കു ഭൂപടങ്ങൾ ഒരു ഉപകാരമായിത്തീർന്നു. വ്യക്തമായി വരയ്ക്കപ്പെട്ട അതിർത്തിരേഖകൾ പരിശോധിക്കുന്നതു നിയമതർക്കങ്ങൾ പരിഹരിക്കാൻ അവരെ സഹായിച്ചു. നികുതിചുമത്തൽ വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമായി രേഖപ്പെടുത്തിവയ്ക്കുന്നതിനെ ആശ്രയിച്ചുവന്നപ്പോൾ ഭൂപടങ്ങളിൽ ഗവൺമെൻറിന്റെ താത്പര്യം വർധിച്ചു.
ഈ കാലത്ത് ഭൂപടങ്ങൾ ദൈനംദിനാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനാശയങ്ങൾ മനസ്സിലാക്കാൻ ഭൂപടപുസ്തകങ്ങൾ സ്കൂൾകുട്ടികളെ സഹായിക്കുന്നു. കാലാവസ്ഥ സംബന്ധിച്ചു നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും എന്നതിന്റെ രേഖാചിത്രങ്ങളുണ്ടാക്കാൻ ചാർട്ടുകൾ കാലാവസ്ഥാനിരീക്ഷകരെ സഹായിക്കുന്നു. പൊതുഗതാഗതമാർഗങ്ങളെ ഏറ്റവും മെച്ചമായി ഉപയോഗപ്പെടുത്താൻ ഒരു ഭൂപടത്തിനു നമ്മെ സഹായിക്കാൻ കഴിയും. കുടുംബസമേതം ഒരു ഉല്ലാസത്തിനു പുറത്തു പോകുമ്പോൾ തിരഞ്ഞെടുക്കേണ്ട ഏറ്റവും നയനമനോഹരമായ വഴി കാണിച്ചു തരാനും ഒരു ഭൂപടത്തിനു കഴിയും.
വിദഗ്ധരെയും അവഗണിക്കുന്നില്ല. നഗരാസൂത്രകർക്കു വേണ്ടി ജനസാന്ദ്രത കാണിക്കുന്ന ഭൂപടങ്ങളുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂപടങ്ങൾ തകർന്ന കപ്പലുകൾ നിരീക്ഷിക്കുന്നവരെയും ധാതുസമ്പത്തുകൾക്കു വേണ്ടി ഗവേഷണം നടത്തുന്നവരെയും സഹായിക്കുന്നു. പുരാവസ്തു ഗവേഷകരുടെ സഹായത്തിനായി പുരാവസ്തുശാസ്ത്ര ഭൂപടങ്ങളുണ്ട്. എന്തിന്, ബഹിരാകാശ ഗവേഷകർക്കായി ചന്ദ്രന്റെയും ചില ഗ്രഹങ്ങളുടെയും മാനചിത്രങ്ങൾ പോലുമുണ്ട്! മാനചിത്രങ്ങളിൽ ഇത്ര വിപുലമായ വിവരങ്ങൾ ലഭ്യമായിരിക്കുമ്പോൾ, അവ വായിക്കാനുള്ള നിങ്ങളുടെ കഴിവു വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതു നിങ്ങൾക്കു വളരെ പ്രയോജനപ്രദമായിരിക്കും.
ഭൂപടം എങ്ങനെ വായിക്കാം
നിങ്ങളുടെ ഭൂപടം പരമാവധി പ്രയോജനപ്പെടുത്തുന്നത് ഒരു വിദേശഭാഷ പഠിക്കുന്നതിനോടു സമാനമാണ്. നിങ്ങൾ മറ്റൊരു ഭാഷ പഠിക്കുമ്പോൾ പുതിയൊരു പദസഞ്ചയവും വ്യത്യസ്തമായൊരു വ്യാകരണവുമായി പരിചയപ്പെടുന്നു. ഭൂപടഭാഷയിൽ ചിഹ്നങ്ങൾ വാക്കുകളായും അളവുതോതുകളും ഗ്രിഡുകളും വ്യാകരണമായും വർത്തിക്കുന്നു. ഭൂപടങ്ങളിലധികവും അതിലുപയോഗിച്ചിട്ടുള്ള ചിഹ്നങ്ങളുടെ വിശദീകരണമുള്ള ഒരു ചതുരം സഹിതമാണു വരയ്ക്കന്നത്. ഇതു ചിഹ്നങ്ങളെ നിർവചിക്കുന്ന ഒരു നിഘണ്ടുവായി വർത്തിക്കുന്നു.
ചിഹ്നങ്ങളുടെ അർഥം വ്യക്തമാകത്തക്കവിധം വളരെ ശ്രദ്ധാപൂർവമാണ് അവ തിരഞ്ഞെടുത്തിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ദീപസ്തംഭത്തിന്റെ സ്ഥാനം നിർണയിക്കുന്നതിന് അതിനോടു രൂപസാദൃശ്യമുള്ള ഒരു ചിഹ്നം കണ്ടെത്താൻ ശ്രമിക്കുക. പള്ളികളും മോസ്കുകളും മീതെ കുരിശടയാളമോ ചന്ദ്രക്കലയോ ഉള്ള കറുത്ത ചതുരങ്ങളോ വൃത്തങ്ങളോ ആയി അടയാളപ്പെടുത്തുന്നു.
അത്തരം ചിഹ്നങ്ങളുമായി നിങ്ങൾക്കെങ്ങനെ പരിചിതരാകാൻ കഴിയും? ഭൂപടം ഗ്രഹിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ രചയിതാവായ ജോൺ വിൽസൺ “‘ഭൂപടംനോക്കുക’യെന്ന രസകരമായ നേരമ്പോക്ക്” ആസ്വദിക്കാൻ ശുപാർശ ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭൂപടത്തിലൂടെ വെറുതെയൊന്നു കണ്ണോടിക്കുക. എന്നിട്ട് ചിഹ്നങ്ങൾ കാണുമ്പോൾ അവ വ്യാഖ്യാനിക്കാൻ ശ്രമിക്കുക.”
നിങ്ങൾ താമസിക്കുന്ന സ്ഥലം നിങ്ങളുടെ ഭൂപടത്തിലുള്ളതിൽനിന്നു തികച്ചും വ്യത്യസ്തമാണെന്നു നിങ്ങൾക്കു തോന്നുന്നുവോ? എന്തുകൊണ്ടാണങ്ങനെ? കൊള്ളാം, സാധാരണമായി നാം ചുറ്റുപാടുകൾ വീക്ഷിക്കുന്നതു നമ്മുടെ ഉയരത്തിനു തുല്യ ഉയരമുള്ള ഒരു വീക്ഷണതലത്തിൽനിന്നാണ്, അതായത് തറനിരപ്പിൽനിന്ന് 1.5 മുതൽ 1.8 വരെ മീറ്റർ ഉയരത്തിൽനിന്ന്. എന്നാൽ ഭൂപടങ്ങൾ ഭൂപ്രദേശങ്ങളെ ഓരോ ബിന്ദുവിൽനിന്നും ലംബമായി വളരെ ഉയരത്തിലുള്ള ഒരു വീക്ഷണതലത്തിൽനിന്നാണു കാണിക്കുന്നത്. ഈ സങ്കൽപ്പം മനസ്സിലാക്കാൻ നിങ്ങൾക്കു ഭൂപടവ്യാകരണം അറിയമായിരിക്കണം എന്നതു വളരെ പ്രധാനമാണ്.
തോത്, ഉയരം, സ്ഥാനം
സമുദ്രനിരപ്പിൽനിന്നുള്ള ഉയരവ്യത്യാസങ്ങളെയും ഭൂമിയുടെ ഉപരിതലത്തിലെ ഏതെങ്കിലും മനുഷ്യനിർമിത രൂപങ്ങളെയും രേഖപ്പെടുത്തുക എന്നതാണു ഭൂപടനിർമാതാവിനുള്ള വെല്ലുവിളി. ഇവയെല്ലാം കൈകാര്യം ചെയ്യാവുന്ന വലിപ്പത്തിലുള്ള ഒരു പേപ്പറിൽ അച്ചടിക്കേണ്ടതുണ്ട്. ഇതു നേടിയെടുക്കാൻ വേണ്ടി മാപ്പുകൾ തോതുകളനുസരിച്ചാണു വരയ്ക്കുന്നത്. പേരുകേട്ട ഒരു ബ്രിട്ടീഷ് ഭൂപടപരമ്പര ആ രാജ്യത്തെ 1:50,000 എന്ന തോതിൽ ചിത്രീകരിക്കുന്നു—ഭൂപടത്തിലെ ഓരോ സെൻറിമീറ്ററും ഭൗമോപരിതലത്തിലെ 50,000 സെൻറിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് അതർഥമാക്കുന്നത്.
എന്നാലും ഒരു പരന്ന ഭൂപടത്തിന് ഉയരവ്യത്യാസങ്ങൾ എങ്ങനെ കാണിക്കാൻ കഴിയും? ഉയർന്ന പ്രദേശങ്ങൾ ചരിഞ്ഞ രേഖകൾകൊണ്ടു ഷെയ്ഡു ചെയ്യുന്നതു മൂന്നാമത്തെ മാനം ഉൾപ്പെടുത്താനുള്ള ഒരു മാർഗമാണ്. സൂര്യൻ ഭൂപടത്തിന്റെ മുകളിൽ ഇടത്തേ മൂലയിലുള്ള ഒരു സ്ഥാനത്തുനിന്നു പ്രകാശിക്കുന്നതായി കാണപ്പെടുന്നു. കിഴക്കോട്ടും തെക്കുകിഴക്കോട്ടുമുള്ള ചരിവുകളിൽ വെയിലേൽക്കാത്തതുകൊണ്ട് അവ ഇരുണ്ടനിറങ്ങളിൽ വരയ്ക്കുന്നു. ആധുനിക ഭൂപടങ്ങളിൽ സാധാരണമായി, ശരാശരി സമുദ്രനിരപ്പിൽനിന്ന് ഒരേ ഉയരത്തിലുള്ള ബിന്ദുക്കളെ യോജിപ്പിക്കുന്ന സമോന്ന രേഖകളുണ്ട് (contour lines). ഈ രേഖകൾ ഇളംനിറങ്ങളിൽ രേഖപ്പെടുത്തുന്നതു ഭൂപടത്തിന്റെ മറ്റു സവിശേഷതകളിൽനിന്നു ശ്രദ്ധ പതറിക്കുന്നത് ഒഴിവാക്കുന്നു.
നിങ്ങളുടെ സ്ഥാനം കൃത്യമായി നിർണയിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി മിക്ക ഭൂപടങ്ങളും പരസ്പരം ഖണ്ഡിക്കുന്ന ഒരു കൂട്ടം രേഖകൾ ഉപയോഗിക്കുന്നു. ഗ്രിഡ് എന്നു വിളിക്കപ്പെടുന്ന ഇവ ഏതു സ്ഥലത്തെയും ഈ രേഖാവ്യൂഹത്തിനുള്ളിൽ അതിന്റെ സ്ഥാനം നിർണയിക്കുന്ന അക്ഷരത്തിലോ അക്കത്തിലോ ഉള്ള നിർദേശാങ്കങ്ങളുടെ ഒരു ഗണമായി സൂചിപ്പിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു പട്ടണം സ്ഥിതി ചെയ്യുന്നത് G-13 എന്ന സ്ഥാനത്താണെങ്കിൽ ലംബമായ വശത്തു G-യും തിരശ്ചീനമായ വശത്ത് 13 എന്ന സംഖ്യയും ആയിരിക്കും. ഈ രണ്ടു ബിന്ദുക്കളും കൂട്ടിമുട്ടുന്നിടമായിരിക്കും ആ പട്ടണത്തിന്റെ സ്ഥാനം. എങ്കിലും നിങ്ങളുടെ ഭൂപടം ഒരു കൃത്യമായ ചിത്രമാണു നൽകുന്നതെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
ഭൂപടങ്ങൾ കമ്പ്യൂട്ടർ യുഗത്തിൽ
സൈനിക ആവശ്യങ്ങൾ മിക്കപ്പോഴും വളരെ കൃത്യമായ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ കലാശിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷക്കാലത്ത് ആകാശചിത്രങ്ങളുടെ സ്റ്റീരിയോസ്കോപ്പ് ഉപയോഗിച്ചുള്ള താരതമ്യത്താൽ കുറ്റമറ്റ ഭൂപടനിർമാണം ഒരു യാഥാർഥ്യമായിത്തീർന്നു. അനേകം രാജ്യങ്ങൾ സമാനമായ രീതികൾ പിന്തുടരുന്നു.
ഇപ്പോൾത്തന്നെ, ചില മോട്ടോർവാഹനങ്ങളിൽ ചലിക്കുന്ന കമ്പ്യൂട്ടർവത്കൃത ഭൂപടപ്രദർശനങ്ങൾ ഉണ്ടെന്നതുകൂടാതെ ഗാർഹിക കമ്പ്യൂട്ടറുകൾക്കു വേണ്ടി വിശദമായ യാത്രാഭൂപടങ്ങളുമുണ്ട്. “മൈക്രോചിപ്പുകൾ സ്റ്റീയറിങ് പിടിക്കുന്നു” എന്നായിരുന്നു ദ ഒബ്സർവറിലെ ഒരു തലക്കെട്ട്. ശബ്ദസംശ്ലേഷകങ്ങളോടു ഘടിപ്പിച്ച, ഭൂപടത്തെ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന, കമ്പ്യൂട്ടർ ഡിസ്കുകൾ ഉപയോഗിക്കുന്ന ഒരു പരീക്ഷണപദ്ധതിയെക്കുറിച്ച് ആ റിപ്പോർട്ടു വിശദീകരിച്ചു. കമ്പ്യൂട്ടർ സ്ക്രീനിലെ ഭൂപടത്തിൽ തന്റെ ലക്ഷ്യസ്ഥാനം കാട്ടിത്തരാനുള്ള നിർദേശം കൊടുക്കുക മാത്രമാണു ഡ്രൈവർ ചെയ്യുന്നത്. കുഴപ്പിക്കുന്ന ജങ്ഷനുകളെപ്പറ്റി ചിന്തിച്ചു വിഷമിക്കേണ്ട ആവശ്യമില്ല! കാരണമെന്താണ്? കാർ ഓരോ ജങ്ഷനിലും എത്തുമ്പോൾ ഒരു ശബ്ദം ഏതു ദിശയിലേക്കാണു പോകേണ്ടതെന്നു ഡ്രൈവറോടു പറയുന്നു എന്നതുതന്നെ. വടക്കുനോക്കിയന്ത്രവും ചക്രങ്ങളുടെ സെൻസറുകളും കാറിന്റെ സഞ്ചാരപഥം രേഖപ്പെടുത്തുന്നു. അടുത്തകാലത്തുണ്ടായ വികാസങ്ങൾ വളരെ ആശ്രയിക്കാവുന്നവയും ഏറെ ലളിതവുമാണ്.
ഭൂപടങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഇതെന്തർഥമാക്കുന്നു? പേപ്പർ ഭൂപടങ്ങൾ അപൂർവ വസ്തുക്കളായിത്തീരുമോ? കാലം തെളിയിക്കട്ടെ. സംഗതി എന്തായാലും, ഭൂപടം നിങ്ങളുടെ യാത്രാ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന ഒരു ബഹുമുഖ ഉപകരണമയി തുടരും.
[23-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
അനേകം ഭൂപടങ്ങളിലും ചിഹ്നങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു ചിഹ്നസൂചികയോ വിശദീകരണിയോ ഉപയോഗിച്ചിരിക്കുന്നു
ഉയരവ്യത്യാസങ്ങൾ സാധാരണമായി ഇളംനിറങ്ങളിലുള്ള സമോന്ന രേഖകളാൽ ചിത്രീകരിക്കുന്നു
ഗ്രിഡ് സമ്പ്രദായം ഭൂപടത്തിൽ ഒരു സ്ഥലത്തിന്റെ സ്ഥാനം നിർണയിക്കുക സാധ്യമാക്കുന്നു
സാധാരണമായി ഭൂപടം ഒരു ഇഞ്ച് അല്ലെങ്കിൽ ഒരു സെൻറിമീറ്റർ ഭൗമോപരിതലത്തിൽ ഏതളവിനു തുല്യമാണെന്നു കാണിക്കുന്നു (ഇവിടെ കാണിച്ചിട്ടില്ല)
മൈലുകളിൽ അല്ലെങ്കിൽ കിലോമീറ്ററുകളിലുള്ള ഒരു തോത് സ്ഥലങ്ങൾ തമ്മിലുള്ള അകലം കണക്കാക്കാൻ സഹായിക്കുന്നു
[കടപ്പാട്]
Crown Copyright Reserved
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the book Die Heiligkeit der Gesellschaft Jesu