ചോദ്യം 10
ബൈബിളിനു സഹായിക്കാൻ കഴിയുമോ?
നിങ്ങൾ എന്തു ചെയ്തേനേ?
ഈ രംഗമൊന്നു സങ്കൽപ്പിക്കുക: ഡേവിഡ് കാർ ഓടിച്ച് പോകുകയാണ്. പക്ഷേ കണ്ടിട്ടു യാതൊരു പരിചയവുമില്ലാത്ത പ്രദേശം. എന്തായാലും ഈ സമയംകൊണ്ട് എത്തേണ്ട സ്ഥലം ഇതല്ല. വഴിയടയാളങ്ങളും ചുറ്റുപാടുകളും വെച്ച് നോക്കിയപ്പോൾ വഴി തെറ്റിയെന്നു ഡേവിഡിന് ഉറപ്പായി. ഏതോ കവലയിൽവെച്ച് തെറ്റായ ഒരു വഴിക്കു തിരിഞ്ഞുകാണണം.
ഡേവിഡിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്തേനേ?
ഒരു നിമിഷം ചിന്തിക്കുക!
ഇപ്പോൾ നിങ്ങളുടെ മുന്നിൽ പല മാർഗങ്ങളുണ്ട്:
1. ആരോടെങ്കിലും വഴി ചോദിക്കാം.
2. ഭൂപടം നോക്കാം, അല്ലെങ്കിൽ ജിപിഎസ് സൗകര്യം ഉപയോഗിക്കാം.
3. എങ്ങനെയെങ്കിലും വഴി കണ്ടുപിടിക്കാം എന്ന പ്രതീക്ഷയോടെ മുന്നോട്ടു പോകാം.
ഇവയിൽ ഏറ്റവും ഫലപ്രദമല്ലാത്തതു മൂന്നാമത്തേതാണ്, സംശയമില്ല.
രണ്ടാമത്തേതിന് ആദ്യത്തേതിനെക്കാൾ ഒരു മെച്ചമുണ്ട്. ഭൂപടമായാലും ജിപിഎസ് സംവിധാനമായാലും അതു യാത്രയിലുടനീളം നമ്മളെ വഴി കാണിച്ചുകൊണ്ട് കൂടെക്കാണും.
ബൈബിളിനും ഇതുപോലെതന്നെ നിങ്ങളെ സഹായിക്കാനാകും!
വളരെ ജനപ്രീതി നേടിയ ഈ പുസ്തകം
ജീവിതപ്രശ്നങ്ങളിൽ നിങ്ങളെ കൈപിടിച്ച് നടത്തും
നിങ്ങളെത്തന്നെ അടുത്തറിയാനും നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താനും സഹായിക്കും
ഏറ്റവും നല്ല ജീവിതം എന്താണെന്ന് അതു നിങ്ങളെ കാണിച്ചുതരും
ജീവിതത്തിലെ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം
സംസാരിക്കാറാകുന്നതോടെ നമ്മൾ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങും.
ആകാശത്തിനെന്താ നീല നിറം?
നക്ഷത്രങ്ങളെ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്?
മുതിർന്നുവരുമ്പോൾ, ചുറ്റുമുള്ള ലോകത്തെക്കുറിച്ച് നമ്മൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും.
സങ്കടകരമായ കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് ആളുകൾ മരിക്കുന്നത്?
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കാലങ്ങളായി ബൈബിളിലുണ്ടെങ്കിലോ?
പലരും പറയുന്നതു ബൈബിളിൽ മുഴുവൻ കെട്ടുകഥകളും ഐതിഹ്യങ്ങളും ആണെന്നാണ്. അതു പഴഞ്ചനാണ്, അതു മനസ്സിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നൊക്കെ അവർ പറയുന്നു. എന്നാൽ കുഴപ്പം ബൈബിളിനാണോ? അതോ ബൈബിളിനെക്കുറിച്ച് ആളുകൾക്കുള്ള ധാരണയ്ക്കാണോ? ഇനി, അവരുടേതു തെറ്റിദ്ധാരണയാണെങ്കിലോ?
ഉദാഹരണത്തിന്, ലോകം ഭരിക്കുന്നതു ദൈവമാണെന്നു ബൈബിൾ പറയുന്നതായി ആളുകൾ കരുതുന്നു. പക്ഷേ, അത് എങ്ങനെ ശരിയാകും? യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ ലോകത്തിന്റെ പോക്ക്! എവിടെയും വേദനയും ദുരിതങ്ങളും! രോഗവും മരണവും! ദാരിദ്ര്യവും ദുരന്തങ്ങളും! ഇതിനെല്ലാം കാരണക്കാരൻ സ്നേഹവാനായ ദൈവമാണെന്ന് എങ്ങനെ പറയാനാകും?
ഇതിന്റെ ഉത്തരം അറിയണമെന്നുണ്ടോ? ഈ ലോകത്തെ ഭരിക്കുന്നത് ആരാണെന്നാണു ബൈബിൾ പറയുന്നത്? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ഈ ലഘുപത്രികയിലെ നിർദേശങ്ങൾ ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നു നിങ്ങൾ ശ്രദ്ധിച്ചുകാണും. വിശ്വസനീയമായ മാർഗനിർദേശങ്ങളുടെ ഉറവിടമാണു ബൈബിളെന്ന് യഹോവയുടെ സാക്ഷികൾക്കു ബോധ്യമുണ്ട്. കാരണം ബൈബിൾ “ദൈവനിശ്വസ്തമാണ്; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും . . . (അത്) ഉപകരിക്കുന്നു.” (2 തിമൊഥെയൊസ് 3:16, 17) പുരാതനവും അതേ സമയം ആധുനികവും ആയ ഈ പുസ്തകം എന്തായാലും നിങ്ങൾ ഒന്നു പരിശോധിക്കേണ്ടതാണ്!