എന്താണ് പരിഹാരം?
ഈജിപ്റ്റ് എയർ പൈലറ്റ് ഹാനിഗലാൽ റാഞ്ചിയ തന്റെ വിമാനത്തെ കമാന്റോകൾ ആക്രമിച്ചു പിടിച്ചെടുത്തതിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, “അതുമാത്രമായിരുന്നു പരിഹാരം.” എന്നിരുന്നാലും നിരപരാധികളായ യാത്രക്കാർപോലും ഗുരുതരമായി ഉപദ്രവിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരിക്കെ ഇതു ഒരു യഥാർത്ഥ പരിഹാരമാണോ?
യഥാർത്ഥത്തിൽ, ഉൾപ്പെട്ടിരിക്കുന്ന ആർക്കും ഭീകരപ്രവർത്തന പ്രശ്നത്തിനു ഒരു പരിഹാരം അറിഞ്ഞുകൂടാ. അതു പലരൂപങ്ങളിലായിരിക്കുന്നതിനും അനേക സ്ഥലങ്ങളിൽ സംഭവിക്കുന്നതിനും കഴിയും. ഭീകര പ്രവർത്തനം സംബന്ധിച്ച് ഒരു വിദഗ്ദ്ധനായ ബ്രൈൻ ജൻകിൻസ്, “ഭീകരപ്രവർത്തനം കെട്ടുകഥയിലെ ഹൈഡ്രാ എന്ന ഭീകര ജന്തുവിനെപ്പോലെയാണ്, നിങ്ങൾ അതിന്റെ തല ഓരോ പ്രാവശ്യം വെട്ടുമ്പോഴും അതിന്റെ സ്ഥാനത്ത് രണ്ടെണ്ണം മുളക്കുന്നു” എന്നു കുറിക്കൊള്ളുന്നു.”
ചുരുക്കം വ്യക്തികൾക്കോ ഒരു ആൾക്കുപോലുമോ ദശലക്ഷക്കണക്കിനുപേരെ ഭീകരത പ്രയോഗിച്ച് അടിച്ചമർത്താൻ കഴിയും. ഈ അടുത്ത കാലത്ത് ഐക്യനാടുകളിൽ തലവേദനക്കുള്ള റിലിനോൾ ഗുളികകളിൽ വിഷം കലർത്തിയത്, “യഥാർത്ഥവും ലളിതവുമായ ഭീകര പ്രവർത്തനത്തിന്റെ ഒരു നടപടി” എന്ന് വിളിക്കപ്പെട്ടത് ഒരു ദൃഷ്ടാന്തമാണ്. സംഘടിത സമുദായത്തിന് എതിരെയുള്ള വിപ്ലവമായിത്തീരുന്നതിനെ കൈകാര്യം ചെയ്യുവാൻ അധികാരികൾക്കു കേവലം ഒരു മാർഗ്ഗമില്ലതന്നെ.
എന്നാൽ ഈ വിപ്ലവം എന്തുകൊണ്ട്? ഭീകരപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം എന്തിനാണ്? ആളുകൾ അനീതിയാൽ ഞെരുക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്നതായി വിചാരിക്കയും അതിന്റെ ഏകപ്രതിവിധി ഒരു പക്ഷേ ഭീകര നടപടികളാണെന്ന് കാണുകയും ചെയ്യുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ട്വാ ഫൈറ്ളറ് 847-ന്റെ റാഞ്ചികൾ അവരുടെ ഈ പ്രസ്താവനയിൽ ഒപ്പിട്ടു: “ഭൂമിയിൽ ഞെരുക്കപ്പെടുന്നവർ.” ട്വാ പൈലറ്റ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ സുനിശ്ചിതമായി ഇപ്രകാരം പറയുകയും ചെയ്തു: “ഈ ആളുകൾക്ക് ഒരു ന്യായമായ കാരണമുണ്ട്.”
കഴിഞ്ഞ ശീതകാലത്ത് റോം വിമാനത്താവളത്തിൽ വധിക്കപ്പെട്ട ഒരു ഭീകരന്റെ ശരീരത്തിൽ സീയോന്യരെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം ഒരു കുറിപ്പുണ്ടായിരുന്നു: “നിങ്ങൾ ഞങ്ങളുടെ ദേശത്തെയും ബഹുമാനത്തെയും ആളുകളെയും അതിക്രമിച്ചിരിക്കുന്നതിനാൽ അതിനു പകരമായി ഞങ്ങളുടെ കുട്ടികളുടെ സങ്കടം നിങ്ങളെ മനസ്സിലാക്കത്തക്കവണ്ണം ഞങ്ങൾ നിങ്ങളുടെ കുട്ടികളെ ഉൾപ്പെടെ എല്ലാറ്റിനെയും അതിക്രമിക്കും. ഞങ്ങൾ ചൊരിഞ്ഞിട്ടുള്ള കണ്ണുനീരിനു പകരം രക്തം നൽകും.” കുറിപ്പിൽ ഇപ്രകാരം മുദ്രകുത്തിയിരുന്നു: “പാലസ്തീനിലെ രക്തസാക്ഷികൾ.”
ഈ പാലസ്തീൻകാർ രക്തസാക്ഷികളായിരുന്നോ, അതോ ഭീകരരായിരുന്നോ? ഐക്യനാടുകൾ പിൻതാങ്ങുന്ന നിക്ക്വരാഗ്വായിലെ ഗറില്ലകളെ സംബന്ധിച്ചെന്ത്—അവർ സ്വാതന്ത്ര്യസമര സേനാനികളാണോ അതോ ഭീകരരാണോ? നിശ്ചയമായും ഒരാളുടെ ഭീകരൻ മറ്റൊരാളുടെ സ്വാതന്ത്ര്യ സമര സേനാനി ആയിരിക്കും.
എന്നാൽ, ലേബൽ പരിഗണിക്കാതെ ഈ ഭീകര പ്രവർത്തനത്തിൽ നിന്നു സുരക്ഷിതത്വം തോന്നാൻ കഴിയുന്ന ആരും തന്നെയില്ല. സുരക്ഷിതത്വ ഏർപ്പാടുകളും—ഐക്യനാടുകളിൽ പരക്കെയുള്ള ഔദ്യോഗിക കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി 5 കോടി ഡോളറിന്റെ ചെലവഴിക്കൽപോലും—യഥാർത്ഥ പരിഹാരമല്ല. ഈ ഏർപ്പാടുകൾ ഭീകര പ്രവർത്തനത്തിന്റെ കാരണങ്ങളുടെ വേരറക്കാൻ യാതൊന്നും ചെയ്യുന്നില്ല. എന്നാൽ ഒരു പരിഹാരമുണ്ട്. മാനുഷ ശക്തിക്ക് ഇത് അതീതമായിരിക്കെ അതു ദൈവത്തിന്റെ ശക്തിക്കതീതമല്ല.
ഭൂമിയിലെ മർദ്ദിതർക്കുവേണ്ടിയുള്ള പരിഹാരം ഭീകരപ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സുനിശ്ചിത വാഗ്ദത്തത്തിന്റെ നിവൃത്തിയെ ആശ്രയിച്ചിരിക്കുന്നു: “നീതിമാൻമാരാണ് ഭൂമിയിൽ വസിക്കാൻ പോകുന്നത്, നിഷ്ക്കളങ്കൻമാരാണ് അതിൽ ശേഷിച്ചിരിക്കുന്നത്. ദുഷ്ടൻമാരെ സംബന്ധിച്ചോ, അവർ ഭൂമിയിൽ നിന്നു തന്നെ ഛേദിക്കപ്പെടും; ചതിയൻമാരെ സംബന്ധിച്ച്, അവരും അതിൽ നിന്നു നിർമ്മൂലമാക്കപ്പെടും.”—സദൃശവാക്യങ്ങൾ 2:21, 22.
ദൈവത്തിന്റെ ഈ വാഗ്ദാനം പെട്ടെന്നു നിവൃത്തിയേറും. അവന്റെ ഭരണാധിപനായ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു അതിൽ ശ്രദ്ധിക്കും. ഈ ഒരുവനെക്കുറിച്ച് ഒരു ബൈബിൾ പ്രവചനം ഇങ്ങനെ പറയുന്നു: “അവൻ എളിയവർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ഭൂമിയിലെ സൗമ്യൻമാർക്കുവേണ്ടി നേരോടെ ശാസന നൽകുകയും ചെയ്യും. അവൻ തന്റെ വായ് എന്ന വടികൊണ്ട് അടിക്കുകയും; തന്റെ അധരങ്ങളുടെ ആത്മാവുകൊണ്ട് ദുഷ്ടനെ കൊല്ലുകയും ചെയ്യും.”—യെശയ്യാവ് 11:4.
ഉവ്വ്, ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തു പെട്ടെന്നു തന്നെ മുഴു അനീതിയെയും അതിനു ഉത്തരവാദികളായവരെയും തടച്ചുനീക്കും. ദൈവത്തിന്റെ നീതിയുള്ള നൂതനക്രമത്തിൽ, ഭീകരപ്രവർത്തനവും എല്ലാത്തരം അക്രമവും കഴിഞ്ഞകാല സംഗതികളായിരിക്കും. അപ്പോൾ ഭൂമിയിലെ ഓരോരുത്തരും സുരക്ഷിതത്വത്തിൽ, ഭയത്തിൽനിന്നും ഉപദ്രവത്തിൽനിന്നും സ്വതന്ത്രരായി ജീവിക്കും.—വെളിപ്പാട് 21:3, 4. (g86 6/22)