എന്തിനു വിവാഹം കഴിക്കണം?
അനേകം സ്ഥലങ്ങളിൽ വിവാഹം കൂടാതെയുള്ള ഒരുമിച്ചുപാർക്കൽ തികച്ചും സ്വീകാര്യമായിത്തീർന്നിരിക്കുന്നു, എന്നാൽ അത് വിവാഹത്തെക്കാൾ കൂടുതൽ സന്തുഷ്ടിയിൽ കലാശിക്കുന്നുവോ? സ്വീഡനിലെ “ഉണരുക!” ലേഖകൻ തുടർന്നുവരുന്ന മൂന്നു ലേഖനങ്ങളിൽ ഈ വിഷയം ചർച്ച ചെയ്യുന്നു.
ജാനും അന്നയും ഒരു ക്ലബ്ബിൽ വച്ചാണ് കണ്ടുമുട്ടിയത്. പെട്ടെന്ന് അവർക്ക് പരസ്പരം ഇഷ്ടം തോന്നി. അന്ന അടുത്ത കാലത്ത് അവളുടെ മാതാപിതാക്കളുടെ വീടുവിട്ട് തനിച്ചു പാർക്കാൻ തുടങ്ങിയിരുന്നു. ജാൻ തന്റെ താമസസ്ഥലത്ത് മറ്റൊരു യുവാവിനെയും പാർപ്പിച്ചിരുന്നു. ജാനും അന്നയും കണ്ടുമുട്ടിയശേഷം താമസിയാതെ ഒരു രാത്രിയിൽ ജാൻ അന്നയോടൊത്ത് അവളുടെ മുറിയിലേക്കു പോയി. അയാൾ അന്നു രാത്രി അവിടെ താമസിച്ചു. അടുത്ത ദിവസം അയാൾ തന്റെ ഗിത്താറും റ്റൂത്ത് ബ്രഷും കൊണ്ടുപോകുകയും വീണ്ടും രാത്രിയിൽ അവിടെ പാർക്കുകയും ചെയ്തു. ക്രമേണ അയാൾ തന്റെ വസ്തുക്കളെല്ലാം അന്നയുടെ മുറിയിലേക്കു മാറ്റി. അവർ ഒരുമിച്ചു താമസിക്കാൻ തുടങ്ങി. ജാനും അന്നയും വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യം കണ്ടില്ല.
ജാനിനെയും അന്നയേയും പോലെ എല്ലാ പ്രായത്തിലുമുള്ള ദശലക്ഷക്കണക്കിന് ഇണകൾ വിവാഹത്തിലേർപ്പെടാതെ ഒരുമിച്ചു താമസിക്കുന്നുണ്ട്. അവർ ഇങ്ങനെ ന്യായവാദം ചെയ്യുന്നു: എന്തിനു വിവാഹം കഴിക്കണം? നിയമപ്രാബല്യമുള്ള ഒരു കടലാസ് കഷണം—ഒരു വിവാഹലൈസൻസ്—കൂടാതെ ഞങ്ങൾക്ക് മെച്ചമായി ഒരുമിച്ചു ജീവിക്കാൻ കഴിയും.
യഥാർത്ഥത്തിൽ, അനേകം സ്ഥലങ്ങളിൽ വിവാഹം കൂടാതെയുള്ള ഒരുമിച്ചു പാർക്കൽ തികച്ചും സ്വീകാര്യവും സാധാരണവുമായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, സ്വീഡനിൽ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ വിവാഹങ്ങളുടെ എണ്ണം ഏതാണ്ട് 40 ശതമാനം കുറഞ്ഞിരിക്കുന്നു. ആ രാജ്യത്ത് ഇരുപതു വർഷം മുമ്പ് ഏകദേശം എട്ടു കുട്ടികളിൽ ഒരു കുട്ടി അവിവാഹിതയായ ഒരു മാതാവിനു ജനിച്ചിരുന്നു. ഇപ്പോൾ എണ്ണം മൂന്നിൽ ഒന്നിനും രണ്ടിൽ ഒന്നിനും ഇടയ്ക്കാണ്. സ്വീഡനിലെ ഉപ്ശാലാ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ജെ. ട്രോസ്റ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞങ്ങൾക്ക് അറിയാവുന്നടത്തോളം ഇത് ഒരു വ്യവസായവൽകൃത സമുദായത്തിൽ വിവാഹത്തിനു പുറത്തു ജനിച്ചതായി അറിയപ്പെട്ടിട്ടുള്ള കുട്ടികളുടെ ഏറ്റവും ഉയർന്നനിരക്കാണ്.”
ഇൻറർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച് ഡൻമാർക്കിൽ വിവാഹം കൂടാതെയുള്ള ഒരുമിച്ചു പാർക്കൽ കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച യുവ ഇണകളുടെ നിലവാരപ്പെട്ട കുടുംബ ഘടകത്തെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെയുള്ള അവിവാഹിത ഇണകളാണ് അവിടത്തെ മൂന്നിൽ ഒന്നിൽ കൂടുതലുള്ള ജനനങ്ങൾക്ക് ഉത്തരവാദികളായിരിക്കുന്നത്. “ഞങ്ങൾക്ക് അറിയാവുന്നവരിൽ ഒരുവനുംതന്നെ വിവാഹിതനല്ല” എന്ന് 31 വയസ്സുകാരനായ ഒരു ഡൻമാർക്കുകാരൻ പറയുകയുണ്ടായി. “എല്ലാവരും ഞങ്ങൾ ഒരു പ്രമാണരഹിത വിവാഹം എന്നു വിളിക്കുന്നതിൽ എർപ്പെട്ടിരിക്കുകയാണ്.”
അങ്ങനെയുള്ള പ്രമാണരഹിത വിവാഹങ്ങൾ മറ്റു രാജ്യങ്ങളിലും വർദ്ധിക്കുകയാണ്. ദൃഷ്ടാന്തമായി ഐക്യനാടുകളിലെ സെൻസസ് ബ്യൂറോ പുറത്തിറക്കിയ അടുത്ത കാലത്തെ കണക്കുകളനുസരിച്ച് ഐക്യനാടുകളിൽ ഇരുപതു ലക്ഷത്തിലധികം അവിവാഹിത ഇണകൾ ഒരുമിച്ചു താമസിക്കുന്നു. ഇത് 1970-ലേതിന്റെ മൂന്നിരട്ടിയിലധികമാണ്.
ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകാതെ ഇത്രകൂടെക്കൂടെ ഒരുമിച്ചുപാർക്കാനിഷ്ടപ്പെടുന്നതെന്തുകൊണ്ട്? ഒരു പ്രമാണ രഹിതവിവാഹം ഒരു നിയമാനുസൃത വിവാഹത്തെപ്പോലെയോ അതിലേറെയോ നല്ലതാണോ? (g86 7/8)