സഹവാസമോ വിവാഹമോ?
“അതു വെറും ഉദ്യോഗസ്ഥമേധാവിത്വമാണ്! ഒരു കടലാസിന് യാതൊരർത്ഥവുമില്ല. സ്നേഹമാണു ഗണ്യം. സഹവാസം കൂടുതൽ ശൃംഗാരപരമായ ബന്ധമാണ്. നിങ്ങൾ നിയമപരമായി ബന്ധിക്കപ്പെടാത്തപ്പോൾ നിങ്ങൾ പരസ്പരം കൂടുതൽ ശ്രദ്ധാലുക്കളും പരിഗണനയുള്ളവരും ആയിരിക്കേണ്ടതുണ്ട്.” ഒരുമിച്ചുള്ള താമസം തുടങ്ങിയപ്പോൾ ജാനും അന്നയും ന്യായവാദം ചെയ്തത് അങ്ങനെയായിരുന്നു.
അങ്ങനെ നിയമപരമായ ഉടമ്പടികൾ ഇല്ലാതെ ഒരുമിച്ചു പാർക്കുന്നതിനാൽ തങ്ങൾക്ക് പരസ്പരം ഇരുവരും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഭയപ്പാടുണ്ടായിരിക്കുമെന്ന് ചില ഇണകൾ വിചാരിക്കുന്നു. അങ്ങനെ അവർ അന്യോന്യം തങ്ങളുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കും. ബാഹ്യമായി അതു നല്ല ന്യായവാദമാണെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെയുള്ള ബന്ധങ്ങൾ സാധാരണയായി നിയമ സാധുതയുള്ള വിവാഹങ്ങളെക്കാൾ സ്ഥിരമാണോ?
ഒരുമിച്ചുവാസം—ദോഷങ്ങളുണ്ടോ?
അവിവാഹിത സഹവാസം എന്ന പുസ്തകത്തിൽ ഈ വിഷയം സംബന്ധിച്ചുള്ള ഒരു പഠനത്തിൽനിന്ന് സമാഹരിച്ച വിവരം അവതരിപ്പിച്ചശേഷം ഗവേഷകനായ ജെ. ട്രോസ്റ്റ് “അവിവാഹിത സഹവാസികളുടെ ഇടയിലെ തകർച്ചയുടെ വർദ്ധനവ് വിവാഹിത ഇണകളുടെ ഇടയിലേതിന്റെ ഇരട്ടിയാണ്” എന്നു വെളിപ്പെടുത്തി.
ജാനും അന്നയും വിവാഹത്തിനു മുമ്പ് മൂന്നുവർഷം ഒരുമിച്ചു പാർത്തു. ആ ആദ്യബന്ധം എത്ര സ്ഥിരമായിരുന്നു? “അയഞ്ഞ ബന്ധം അഴിഞ്ഞ ബന്ധങ്ങളിലേക്കുള്ള പിൻവാതിൽ തുറന്നിടുക മാത്രമേ ചെയ്തുള്ളു. നിങ്ങൾ ഒരു സഹവാസിമാത്രമായിരിക്കുമ്പോൾ നിങ്ങൾ മറ്റൊരാൾക്ക് കൂടുതൽ അനായാസം ലഭ്യമാണ് എന്നു ഞങ്ങൾ കണ്ടെത്തി.”
ലാർസും ആനറ്റിയും വിവാഹിതരാകുന്നതിനു മുമ്പ് മൂന്നു വർഷം ഒരുമിച്ചു താമസിച്ചു. ലാർസ് പറയുന്നു: “പ്രശ്നങ്ങൾ പൊന്തിവന്നപ്പോൾ ഇരുന്ന് കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം പരസ്പരം ഉപേക്ഷിച്ച് ഓടിപ്പോകാനാണ് ഞങ്ങൾ കൂടുതൽ ചായ്വു കാണിച്ചത്. ഇപ്പോൾ വിവാഹിതരെന്നനിലയിൽ ഞങ്ങൾ ചെയ്യുന്നത് കാര്യങ്ങൾക്ക് പരിഹാരം തേടുകയാണ്.” ആനറ്റി കൂട്ടിച്ചേർക്കുന്നു: “ഞാൻ എന്റെ സാധനങ്ങളും എടുത്തുകൊണ്ട് സ്ഥലം വിടുമെന്ന് ഞാൻ എത്രപ്രാവശ്യം ലാർസിന്റെ നേരെ കലിതുള്ളി പറഞ്ഞുവെന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോൾ ഒരിക്കലും അതു ചെയ്യുന്നില്ല.”
“എന്റെ സാധനങ്ങൾ” എന്നാണ് ആനറ്റി പറഞ്ഞത്. അവിവാഹിത പങ്കാളികൾ തങ്ങളുടെ വസ്തുക്കളെ എങ്ങനെ വീക്ഷിച്ചേക്കാമെന്ന് അത് സൂചിപ്പിക്കുന്നു—“എന്റെ” സാധനങ്ങളും “നിങ്ങളുടെ” സാധനങ്ങളും എന്ന് വിഭാഗിച്ചുകൊണ്ടുതന്നെ. ചിലർ ശ്രദ്ധാപൂർവ്വം രസീതുകൾ സൂക്ഷിക്കയും തങ്ങൾ വാങ്ങുന്ന വസ്തുക്കളിൽ പേർ കൊത്തുകയോ എഴുതുകയോ ചെയ്യുകയും ചെയ്യുന്നു—വേണ്ടിവന്നെങ്കിലോ എന്നാണ് ചിന്ത. ഉറപ്പുള്ള, നിലനിൽക്കുന്ന ഒരു ബന്ധം ത്തിന്റെ അടിസ്ഥാനമാണതെന്ന് തോന്നുന്നുണ്ടോ?
ഇണകൾ വേർപിരിയാൻ തീരുമാനിക്കുമ്പോൾ എന്തുസംഭവിക്കുന്നു? വസ്തുക്കൾ പങ്കുവെക്കുന്നത് ഒരു യഥാർത്ഥ പ്രശ്നമായിത്തീരാൻ കഴിയും. അതു വലിയ തർക്കങ്ങളിലും അനീതിയിലും കലാശിക്കുന്നു. ഉദാഹരണത്തിന്, സ്ത്രീ കുഞ്ഞുങ്ങളെ പരിപാലിക്കുകയും വീട്ടുജോലിനോക്കുകയുമായിരുന്നെങ്കിൽ, പങ്കാളി പണം സമ്പാദിക്കുകയും മിക്ക സാധനങ്ങളും വാങ്ങുകയും ചെയ്യുക നിമിത്തം സ്ത്രീ ദരിദ്രമായി വിടപ്പെടാനുള്ള അപകടസാദ്ധ്യതയുണ്ട്. അവർ അവിവാഹിതരായിരുന്നതുകൊണ്ട് നിയമപരമായി അവർക്കു യാതൊന്നും ചെയ്യാൻ കഴികയില്ല. അതുകൊണ്ട് അവർ വേർപിരിയുമ്പോൾ അവൾക്ക് എന്തു സംഭവിക്കുന്നു?
തങ്ങൾ വിവാഹത്തിനു പൊരുത്തമുള്ളവരാണോയെന്നറിയാൻ വേണ്ടി മാത്രമാണ് ഒരുമിച്ചു താമസിക്കുന്നതെന്ന് ചില ഇണകൾ പറയുന്നു. തൽഫലമായി തങ്ങളുടെ ഭാവി വിവാഹം കൂടുതൽ സ്ഥിരമായിരിക്കുമെന്ന് അവർ വിചാരിക്കുന്നു. അതു വാസ്തവമാണോ? ദൃഷ്ടാന്തമായി, ഈ ആചാരം സാധാരണമായിരിക്കുന്ന രാജ്യങ്ങളിൽ വിവാഹമോചനനിരക്ക് കുറഞ്ഞിട്ടുണ്ടോ?
ഉദാഹരണത്തിന് സ്വീഡന്റെ സംഗതി എടുക്കുക. ഇപ്പോഴത്തെ നവദമ്പതികളുടെ ഒരു കൂട്ടത്തിന്റെ 99 ശതമാനം വിവാഹിതരാകുന്നതിനു മുമ്പ് ഒരുമിച്ചുതാമസിച്ചിരുന്നതായി വിദഗ്ദ്ധൻമാർ കണക്കുകൂട്ടുന്നു. അവിവാഹിത സഹവാസം കൂടുതൽ ഭദ്രമായ ദാമ്പത്യത്തിൽ കലാശിക്കുന്നുവെങ്കിൽ ആ രാജ്യത്തെ വിവാഹമോചനനിരക്ക് കുറയാൻ നിങ്ങൾ പ്രതീക്തിക്കും. എന്നിരുന്നാലും വിവാഹങ്ങളുടെ വാർഷിക എണ്ണം 50785-ൽനിന്ന് 36210 ആയി കുറഞ്ഞുവെന്നിരിക്കെ, 1958 മുതൽ 1983 വരെയുള്ള 25 വർഷങ്ങളിൽ വിവാഹമോചനങ്ങളുടെ എണ്ണം 8657-ൽ നിന്ന് 20618 ആയി ഉയർന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു. അതുകൊണ്ട് ഒരുമിച്ചുതാമസിക്കൽ കൂടുതൽ സ്ഥിരതയുള്ള ദാമ്പത്യബന്ധങ്ങളിൽ കലാശിക്കുന്നുവെന്ന് വസ്തുതകൾ സൂചിപ്പിക്കുന്നുണ്ടോ?
മറ്റുള്ളവർ എങ്ങനെ ബാധിക്കപ്പെടുന്നു?
ഇനി വിവാഹം കൂടാതെ ഒരുമിച്ചു പാർക്കുന്ന ഇണകൾക്ക് മറ്റുള്ളവരുടെമേലുള്ള ഫലം പരിഗണിക്കണം. ആ വിധത്തിൽ ഒരുമിച്ചു താമസിക്കുന്നത് തെറ്റാണെന്നും അധാർമ്മികംപോലുമാണെന്നും വിചാരിക്കുന്ന അനേകർ ഇപ്പോഴുമുണ്ട്. അതുകൊണ്ട് മാതാപിതാക്കളോ വല്യമ്മവല്യപ്പൻമാരോ തങ്ങളുടെ മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ കേവലം ഒരുമിച്ചു പാർക്കുമ്പോൾ അസന്തുഷ്ടിയോ ബുദ്ധിമുട്ടോ മനോവ്യഥയോ ഉള്ളവരായിത്തീർന്നേക്കാം. തലമുറകൾ തമ്മിലുള്ള സമ്പർക്കത്തിന് ഭീഷണി നേരിട്ടേക്കാം.
അന്ന ഇങ്ങനെ അനുസ്മരിക്കുന്നു: “ഞാൻ ജാനിനോടുകൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ എന്റെ മാതാപിതാക്കൾക്ക് എന്നെക്കുറിച്ച് വളരെ ലജ്ജതോന്നിയെന്ന് ഞാൻ വിചാരിക്കുന്നു. ആ സമയം വരെ ഞാൻ അവരുമായി നല്ല ബന്ധം ആസ്വദിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ ബന്ധുക്കൾ എന്നേക്കുറിച്ചു ചോദിച്ചപ്പോഴൊക്കെ അവർക്ക് ബുദ്ധിമുട്ടു തോന്നിയിരുന്നു. അവർക്ക് ജാനിന്റെ അടുക്കൽ വളരെ അസ്വാസ്ഥ്യം തോന്നിയിരുന്നു. അധികം താമസിയാതെ അവർ ഞങ്ങളെ അശേഷവും സന്ദർശിക്കാതെയായി. അവർ വളരെയധികം പ്രയാസമനുഭവിച്ചുവെന്നു ഞാൻ വിചാരിക്കുന്നു.”
അത്തരമൊരു ബന്ധത്തിൽനിന്ന് ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചെന്ത്? മാതാപിതാക്കൾ ബന്ധങ്ങൾ ഉളവാക്കുകയും തകർക്കുകയും ചെയ്യുമ്പോൾ പൊതു മാതാപിതാക്കളില്ലാത്ത കുട്ടികൾ ഒരുമിച്ചു വരുന്ന വീട്ടിൽ കേസുകളുണ്ടായേക്കാം. ഇത് കുട്ടികളെ കുഴഞ്ഞവരും അരക്ഷിതരുമായി വിട്ടേക്കാം. ഒരു റ്റെലിവിഷൻ റിപ്പോർട്ടർ 15 വയസ്സുള്ള സ്കൂൾകുട്ടികളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ ഈ ചെറുപ്പക്കാരിൽ മൂന്നിൽ ഒരാൾ വീതം തങ്ങളുടെ ജീവശാസ്ത്ര മാതാപിതാക്കളിൽ ഇരുവരോടുംകൂടെ വസിക്കുന്നില്ലെന്നു തെളിഞ്ഞു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ സംഖ്യ 43 ശതമാനത്തോളം ഉയർന്നതായിരുന്നു. റിപ്പോർട്ടർ ഇങ്ങനെ പ്രസ്താവിച്ചു: “നമുക്കിപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു സമുദായമാണുള്ളത്. 1980-കളിലെ അനേകം കുട്ടികൾക്ക് രണ്ടു ഭവനങ്ങളുണ്ട്. അവർ ഒരു വാരാന്ത്യം അമ്മയോടുകൂടെയും അടുത്ത വാരാന്ത്യം അപ്പനോടുകൂടെയും ചെലവഴിക്കുന്നു.”
സ്വീഡനിലെ പത്തു വയസ്സുകാരായ 5500 കുട്ടികളുടെ ഒരു അവലോകനത്തിൽ പത്തിൽ ഒരു കുട്ടിക്കുവീതം ഗുരുതരമായ മന:ശാസ്ത്ര പ്രശ്നങ്ങളുണ്ടെന്ന് അസിസ്റ്റൻറ് പ്രൊഫസർ ക്ലേയസ് സൺഡേലിൻ കണ്ടെത്തി. കുട്ടികൾ “വേർപാടുകളുടെ വർദ്ധനവിനാൽ ബാധിക്കപ്പെടുന്നുവെന്നും” അവർ “തങ്ങളുടെ ഏറ്റവും അടുത്ത മുതിർന്നവരിൽ വൈകാരികമായി മുതൽ മുടക്കുന്നുവെന്നും, ഒരു വേർപാട് വലിയ നിരാശ വരുത്തിക്കൂട്ടുന്നു”വെന്നും അദ്ദേഹം നിഗമനം ചെയ്തു. മാതാപിതാക്കൾ വേർപിരിഞ്ഞ ഒരു 12 വയസ്സുകാരി പെൺകുട്ടി ഇങ്ങനെ പറഞ്ഞു: “ഞാൻ വളരുമ്പോൾ ഞാൻ നന്നായി ജീവിക്കാനാഗ്രഹിക്കുന്നു. ഞാൻ വിവാഹിതയാകും, ഒരിക്കലും വിവാഹമുക്തയാകുകയില്ല.” ആ സാഹചര്യത്തിലുള്ള അനേകം കുട്ടികൾ ആ വിധത്തിലാണ് വിചാരിക്കുന്നത്.
സ്വീഡനിൽ “വേർപാട്” എന്ന പദം വിവാഹിതദമ്പതികൾക്കും അതുപോലെതന്നെ അവിവാഹിത ഇണകൾക്കും ഉപയോഗിക്കുന്നു അവിവാഹിത സഹവാസം ദാമ്പത്യത്തെക്കാൾ അസ്ഥിരമായ ബന്ധമാകയാൽ അവിവാഹിത മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികൾ മാതാപിതാക്കളിലൊരാളുടെ വീട്ടിൽ പാർക്കേണ്ടിവരുന്ന അപകടത്തിൻ കീഴിലാണ്. രണ്ടു കേസുകളിലും കുട്ടികൾ അത്തരം വേർപാടിനാൽ കഷ്ടപ്പെടുന്നു. മിക്കപ്പോഴും ആ 12 വയസ്സുകാരി പെൺകുട്ടിയെപ്പോലെ, തങ്ങൾ വളർന്നു വരുമ്പോൾ ശക്തവും നിലനിൽക്കുന്നതുമായ ഒരു ബന്ധം—വിവാഹം—തങ്ങളാഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു.
ദാമ്പത്യബന്ധം കൂടാതെ ഇണകൾ ഒരുമിച്ചു വസിക്കുമ്പോൾ മറ്റു ദൂരവ്യാപകങ്ങളായ ഫലങ്ങൾ ഉണ്ടാകുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ലാത്തതിനാൽ അധികാരികൾക്ക് അവരെ ഫലപ്രദമായി കണക്കിലെടുക്കാനും അവർക്കു നിയമങ്ങൾ ബാധകമാക്കാനും കഴികയില്ല. പ്രതികൂല നികുതി ചുമത്തലും ചില പെൻഷനുകളുടെയും മറ്റു സാമൂഹികപ്രയോജനങ്ങളുടെയും നഷ്ടവും ഒഴിവാക്കാനാണ് ചില ഇണകൾ വിവാഹം ചെയ്യാതിരിക്കാൻ തീരുമാനിക്കുന്നത്. ഇതിന് പൊതു ജനങ്ങളുടെ ഇടയിൽ നികുതിഭാരം പങ്കിടപ്പെടുന്നതിൻമേൽ ഫലമുണ്ട്. അവകാശം, വില്പത്രങ്ങൾ, വസ്തുഭാഗം ചെയ്യൽ, കുട്ടികളുടെ വളർത്തവകാശം എന്നിവ സംബന്ധിച്ച നിയമങ്ങളും പൂർണ്ണമായി നടപ്പാക്കാൻ കഴികയില്ല. ഒരു ഡാനിഷ് നിയമജ്ഞൻ പ്രസ്താവിച്ചപ്രകാരം: “ധാർമ്മികപ്രശ്നത്തിനു പുറമേ, തികച്ചും നിയമപരമായ വീക്ഷണത്തിൽ പ്രമാണരഹിത വിവാഹങ്ങൾ അനഭിലഷണീയമാണ്. വസ്തുവും വളർത്തവകാശവും സംബന്ധിച്ച കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുന്നതിന് ഉചിതമായി രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടേതിനെക്കാൾ കൂടുതൽ കടലാസ്, അതായത് നിയമപരമായ പ്രമാണങ്ങളും നടപടികളും, ആവശ്യമാണ്.”
ധാർമ്മികമോ സാമൂഹികമോ ആയ വിവക്തകൾക്കു പുറമേ കൂടുതൽ പ്രധാനംപോലുമായ മറ്റൊരു വശം പരിഗണിക്കേണ്ടതുണ്ട്.
തിരുവെഴുത്തു വീക്ഷണം
ഈ സംഗതി സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം വിവാഹം കൂടാതെ ഒരുമിച്ചു താമസിക്കുന്ന അനേകർക്കും അപ്രധാനമായിരിക്കാം. എന്നാൽ ദൈവത്തിന്റെ കല്പനകൾ ബാധകമാക്കാനാഗ്രഹിക്കുന്നവർക്ക് അത് മർമ്മപ്രധാനമാണ്.
ബൈബിളനുസരിച്ച്, ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു വസിക്കുന്നതിന് മനുഷ്യന്റെ സ്രഷ്ടാവ് അധികാരപ്പെടുത്തിയിട്ടുള്ള ഏക സമ്പ്രദായം നിയമാനുസൃത വിവാഹമാണ്. യഹോവയാം ദൈവം ആദ്യമാനുഷജോടിയെ ഒരു ദാമ്പത്യ ബന്ധത്തിൽ ഒന്നിപ്പിച്ചെന്ന് ബൈബിൾ പ്രകടമാക്കുന്നു. എന്തുകൊണ്ട്? ഒരു ഉദ്ദേശ്യം സഖിത്വമായിരുന്നു. ഉല്പത്തിയിലെ ചരിത്രവിവരണം പറയുന്നപ്രകാരം “മനുഷ്യൻ തനിയെ തുടരുന്നത് നല്ലതല്ല. ഞാൻ അവന് ഒരു പൂരകമെന്ന നിലയിൽ അവനുവേണ്ടി ഒരു സഹായിയെ ഉണ്ടാക്കാൻ പോകുകയാണ്.” (2:18) മറ്റൊരു ഉദ്ദേശ്യം പുനരുല്പാദനം ആയിരുന്നു. “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുക” എന്ന് ഇണകളോടു പറയപ്പെട്ടു. (1:27, 28) ഇത് ഒരു പരീക്ഷണ ക്രമീകരണമായിരിക്കാവുന്നതല്ലെന്ന് ഉല്പത്തി 2:24-ൽ നിന്ന് തെളിയുന്നു. അതിങ്ങനെ പറയുന്നു: “ഒരു പുരുഷൻ തന്റെ അപ്പനേയും അമ്മയേയും വീട്ട് തന്റെ ഭാര്യയോടു പറ്റി നിൽക്കേണ്ടതാണ്, അവർ ഏകദേഹമായിത്തീരേണ്ടതാണ്.”
ഇന്ന്, സ്ത്രീപുരുഷൻമാരെല്ലാം അപൂർണ്ണരാകയാലും അനേകം വിവാഹങ്ങൾ മോചനത്തിൽ കലാശിക്കുന്നതിനാലും നിയമസാധുതയുള്ള വിവാഹമാണ് ഇന്നും സമുദായത്തിൽ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു പാർക്കുന്നതിനുള്ള ഏറ്റം ഭദ്രവും സുസ്ഥിരവുമായ രീതി. നിയമാനുസൃത വിവാഹത്തെപ്പോലെ, കുട്ടികൾ ഉൾപ്പെടെ എല്ലാ കക്ഷികൾക്കും ഒരേ അളവിൽ സംരക്ഷണവും സുരക്ഷിതത്വവും നൽകുന്ന മറ്റു യാതൊരു സഹവാസരൂപവുമില്ല.
ജാനും അന്നയും ആ നിഗമനത്തിലെത്തി. ജാനോടുകൂടെ പല വർഷങ്ങളിൽ താമസിച്ചശേഷം അന്ന ബൈബിൾ പഠിക്കാനും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. പെട്ടെന്ന് അവൾ വിവാഹം സംബന്ധിച്ച ബൈബിൾ വ്യവസ്ഥകളോട് അനുരൂപപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ തന്നെ വിവാഹം കഴിക്കാൻ അവൾ ജാനിനോട് ആവശ്യപ്പെട്ടു. ഒരു യോഗം കഴിഞ്ഞ് അവൾ വീട്ടിൽ വരുമ്പോൾ എല്ലായ്പ്പോഴും എത്ര സന്തുഷ്ടയും സംതൃപ്തയുമായിരുന്നുവെന്ന് അയാൾ ശ്രദ്ധിച്ചിരുന്നു. വിവാഹം അവൾക്ക് എത്ര പ്രധാനമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. തന്നിമിത്തം അയാൾ അവളെ വിവാഹം കഴിച്ചു.
‘ആ മതത്തിന് എന്റെമേലും പ്രയോജനകരമായ ഒരു ഫലം ഉണ്ടായിരിക്കണം’ എന്ന് ജാൻ ചിന്തിച്ചു. സ്വയം ഒരു പരിശോധന നടത്താൻ അയാൾ തീരുമാനിച്ചു. വിവാഹം സംബന്ധിച്ച തിരുവെഴുത്തു വീക്ഷണമാണ് ഏറ്റം നല്ലതെന്ന് പെട്ടെന്ന് അയാളും നിഗമനം ചെയ്തു. ജാനും അന്നയും ഇപ്പോൾ യഹോവയുടെ സമർപ്പിതസാക്ഷികളാണ്, മുഴുസമയശുശ്രൂഷകരായി സേവിക്കുകയുമാണ്. വിവാഹത്തെ വെറുതെ ഒരുമിച്ചു താമസിക്കുന്നതിനോട് എങ്ങനെ തുലനം ചെയ്യാം? അവർ ഉത്തരം നൽകുന്നു: “വിവാഹിതരാകുന്നതിനുമുമ്പ് ഞങ്ങൾ കേവലം ഒരുമിച്ചു താമസിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിനുശേഷം ഞങ്ങൾ അടുപ്പവും സ്നേഹവും ഉത്തരവാദിത്തവുമേറിയ ഒരു ബന്ധം കെട്ടുപണിചെയ്യാൻ തുടങ്ങി—അത് ഞങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവമാകുന്ന ഒരു മൂന്നാം കക്ഷി ഉൾപ്പെടുന്നതായിരുന്നു. ഇപ്പോൾ ഒരു ദശാബ്ദത്തിലേറെ ഞങ്ങൾ ഒരു സന്തുഷ്ട ദാമ്പത്യബന്ധം ആസ്വദിച്ചിരിക്കുന്നു, ഇപ്പോഴും ആസ്വദിക്കുകയാണ്!”
എന്നിരുന്നാലും, മറ്റു ചിലർ മറ്റൊരു ഗതി സ്വീകരിച്ചേക്കാം. വിവാഹം ഒരു നല്ല ക്രമീകരണമാണെന്ന് അവർ വിചാരിക്കുന്നു, എന്നാൽ വൈവാഹിക വിശ്വസ്തത ആവശ്യമില്ലെന്നും വിവാഹത്തിനു പുറത്തെ ഒരു പ്രേമബന്ധത്തിന് ഒരു വിവാഹത്തിൻമേൽ ക്രിയാത്മകവും ബലദായകവുമായ ഒരു ഫല മുണ്ടായിരിക്കാമെന്നുപോലും അവർ അവകാശപ്പെടുന്നു. യഥാർത്ഥത്തിൽ അതു വാസ്തവമാണോ? (g86 7/8)
[5-ാം പേജിലെ ആകർഷകവാക്യം]
“പ്രശ്നങ്ങൾ പൊന്തിവന്നപ്പോൾ ഇരുന്നു കാര്യങ്ങൾക്കു പരിഹാരം കാണുന്നതിനു പകരം പരസ്പരം ഉപേക്ഷിച്ച് ഓടിപ്പോകാനാണ് ഞങ്ങൾ കൂടുതൽ ചായ്വു കാണിച്ചത്, ഇപ്പോൾ വിവാഹിതരെന്നനിലയിൽ ഞങ്ങൾ ചെയ്യുന്നത് കാര്യങ്ങൾക്കു പരിഹാരം തേടുകയാണ്”
[6-ാം പേജിലെ ആകർഷകവാക്യം]
നിയമ സാധുതയുള്ള വിവാഹമാണ് ഇന്നും സമുദായത്തിൽ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു പാർക്കുന്നതിനുള്ള ഏറ്റം ഭദ്രവും സുസ്ഥിരവുമായ രീതി
[5-ാം പേജിലെ ചിത്രം]
മാതാപിതാക്കൾ വേർപിരിയുമ്പോൾ കുട്ടികൾ വൈകാരികമായി ബാധിക്കപ്പെടുന്നു