ഒരു ശിഥിലമാക്കപ്പെട്ട രാജ്യം—പരിഹാരം എന്താണ്?
ഒരു പോട്ടുഗീസ് കോളനിയായിരുന്ന അംഗോളയിൽ 1955-ൽ സന്ദർശിച്ച ഒരു സന്ദർശകൻ, ഒരു വെള്ളക്കാരൻ എന്ന നിലയിൽ പെട്ടെന്നു താൻ ഒരു “കുലീനൻ” ആയിത്തീർന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ അതിശയിച്ചുപോയി! കടകളിലും ഓഫീസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കറുത്തവരെ കാത്തു നിൽക്കാതെ മുൻഗണന നൽകപ്പെട്ടു.
കേവലം രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് പല ആഫ്രിക്കൻ രാജ്യങ്ങളിലെയും പൊതുവെയുള്ള അനുഭവമായിരുന്നു ഇത്.
പിന്നീട് 1960-കളിൽ വെള്ളക്കാർ ചെറിയ ന്യൂനപക്ഷമായിരുന്ന രാജ്യങ്ങൾ തോറും കറുത്തവർ ശക്തിപ്രാപിച്ചു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിൽ സർക്കാരിന്റെ ഭരണത്തിലും സമ്പദ് വ്യവസ്ഥയിലും ഒരു ബലമായ പിടിയുണ്ടായിരുന്നവരും പല ദശാബ്ദങ്ങളായി തങ്ങൾ ഭരിക്കണമെന്നത് ദൈവത്തിന്റെ ഇഷ്ടമായിരുന്നെന്നു വിശ്വസിച്ചിരുന്നവരും ആയ ദശലക്ഷക്കണക്കിന് വെള്ളക്കാർ ഉണ്ടായിരുന്നു. ഈ സാഹചര്യം ഉളവായതെങ്ങനെയായിരുന്നു?
ആദ്യകുടിയേറ്റക്കാരായ ഡച്ചുകാർ 1652-ൽ മുനമ്പിൽ ഇറങ്ങി. തദ്ദേശവാസികളായ ഹോട്ടൻ ടോട്ട്സും ബഷ്മെന്നും തുകൽധാരികളായിരുന്നതിനാൽ വെള്ളക്കാർ തങ്ങളുടെ പുരോഗമിച്ച സംസ്ക്കാരം നിമിത്തം ഉയർന്നവരാണെന്ന തോന്നലുണ്ടായി. പെട്ടെന്നു ഉരസ്സൽ ആരംഭിച്ചു.
വെള്ളക്കാരായ കൃഷിക്കാർ സ്വാഭാവിക നായാട്ടു സ്ഥലങ്ങളിൽ താമസമാക്കിയപ്പോൾ, ബുഷ്മെൻ കോപിഷ്ഠരാകയും കന്നുകാലികളെ മോഷ്ടിച്ചുകൊണ്ടു പ്രതികരിക്കയും ചെയ്തു. ആ ചെറുമനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടുകയും 19-ാം നൂറ്റാണ്ടിൽ അവരുടെ ലജ്ജാകരമായ വംശനാശത്തിന്റെ വക്കോളം എത്തുകയും ചെയ്തു. ഹോട്ടൻ ടോട്ട്സ് അടിപ്പെടുത്തപ്പെടുകയും വസൂരിരോഗത്താൽ അവരുടെ സംഖ്യ ഭയാനകമായി കുറയുകയും ചെയ്തു. അവശേഷിച്ച ഏതാനുപേർ മറ്റുവർഗ്ഗങ്ങളിൽ ലയിക്കുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു വെള്ളക്കാരായ കൃഷിക്കാർ (ബോവേഴ്സ്), സോസാ ജനത—വടക്കുനിന്നു കുടിയേറിപ്പാർത്തവരുടെ ഒരു കറുത്ത തരംഗം—യുമായി കണ്ടുമുട്ടിയത്. വീണ്ടും ഒരു സംഘർഷം ഉണ്ടായി. ഭയങ്കര യുദ്ധങ്ങൾ നടത്തി. ഇതിനിടയിൽ ബ്രിട്ടീഷുകാർ ആ മുനമ്പ് കൈവശപ്പെടുത്തി. എന്നാൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ അനേകം ബോവേഴ്സ് ഞെരുക്കപ്പെടുകയും 1830-കളിൽ വടക്കോട്ടു പ്രയാണം ചെയ്യുകയും ചെയ്തു. വളരെ കഷ്ടപ്പാടുകൾക്കും സംഘട്ടനങ്ങൾക്കും ശേഷം ഓറഞ്ച്, വാൽ എന്നീ നദികൾക്കപ്പുറത്ത് അവർ പുതിയ സംസ്ഥാനങ്ങൾ രൂപീകരിച്ചു. ബ്രിട്ടീഷുകാരും ബോവേഴ്സും വർണ്ണവിവേചനം നിലനിർത്തി.
ബോവേഴ്സ് ഡച്ചു നവീകരണ സഭയിലെ കാൽവിനിസ്റ്റുകൾ ആയിരുന്നു. അവർ ബൈബിൾ പതിവായി വായിച്ചിരുന്നു, എന്നിട്ടും തങ്ങൾ കറുത്തവരെക്കാൾ ഉയർന്നവരാണെന്നു വിശ്വസിച്ചു—കറുത്തവർ ദൈവത്തിൽനിന്നുള്ള ഒരു ശാപത്തിൻ കീഴിലായിരുന്നെന്നു വിശ്വസിച്ചിരുന്നു.
സഭ വർണ്ണവിവേചനത്തെ അംഗീകരിക്കുന്നു
പത്തൊൻപതാം നൂറ്റാണ്ടിലെ വെള്ളക്കാരല്ലാത്ത മതപരിവർത്തകരുടെ വർദ്ധനവ് പല വെള്ളക്കാരിലും അസ്വസ്ഥതയുണ്ടാക്കി. അതിന്റെ ഫലമായി 1857-ൽ സഭാസിനഡ് ഒരു ചരിത്ര പ്രധാനമായ തീരുമാനം ചെയ്തു: “ചില [വെള്ളക്കാർ]-രുടെ ബലഹീനത നിമിത്തം . . . പുറജാതികളിൽ [വെള്ളക്കാരല്ലാത്തവർ] നിന്നു വരുന്നവരുടെ സഭയ്ക്കു . . . ഒരു വ്യത്യസ്ത കെട്ടിടത്തിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അതിന്റെ ക്രിസ്തീയ പദവി ആസ്വദിക്കാം.” അപ്രകാരം സഭ വേർതിരിവ് അംഗീകരിച്ചു.
വിഭജന പ്രക്രിയ തുടർന്നു. ഇന്നു വെള്ളക്കാർക്കും കറുത്തവർക്കും മിശ്രവർഗ്ഗത്തിനും ഇൻഡ്യാക്കാർക്കും വ്യത്യസ്ത ഡച്ച് നവീകരണ പള്ളികൾ ഉണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം കൂടുതലായ ഒരു വിഭജന പ്രവണത ദർശിച്ചു. അപ്പോഴേക്ക്, മുഖ്യമായും ബ്രിട്ടീഷ് ഉത്ഭവവും വെള്ളക്കാരുടെ ദൃഢമായ നിയന്ത്രണവും ഉള്ള പല മതങ്ങളുടെയും മിഷനറി സംഘടനകൾ സ്ഥാപിതമായി. നാറ്റാൽ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ നരവംശ ശാസ്ത്ര പ്രൊഫസ്സറായ ജയിംസ് കിർനാൻ പറയുന്നതനുസരിച്ച്, “വെള്ളക്കാരുടെ ആധിപത്യമുള്ള ഈ സഭകളിൽ ഈ [നേതൃത്വത്തിൽനിന്ന് ആഫ്രിക്കൻ വൈദികരുടെ] ഒഴിവാക്കൽ വിവേചനയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നു സമ്മതിക്കയും തങ്ങളുടെ സ്വന്തം സഭകൾ സ്ഥാപിച്ചുകൊണ്ട് അതിനോട് എതിർപ്പു പ്രകടിപ്പിക്കയും ചെയ്തു.” ആദ്യത്തേത് 1892-ൽ യോഹന്നാസ് ബർഗിൽ രൂപീകരിച്ചു. ഇന്ന്, ദക്ഷിണാഫ്രിക്കയിൽ 4,000-ത്തോളം മതവിഭാഗങ്ങൾ ഉണ്ട്, മിക്കതും കറുത്തവർഗ്ഗക്കാരുടെ.
ഇരുപതാം നൂറ്റാണ്ട് “ക്രിസ്ത്യൻ” വെള്ളക്കാരും ബ്രിട്ടീഷ് സാമ്രാജ്യവാദികളും ബോവർ ദേശീയവാദികളും തമ്മിൽ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തോടെയാണ് ആരംഭിച്ചത്. സംഖ്യയുടെ മാത്രം ഘനത്താൽ ബ്രിട്ടൻ ബോവർ റിപ്പബ്ലിക്കുകൾ പിടിച്ചെടുക്കുകയും പിന്നീട് അവയും കൂട്ടിച്ചേർത്ത് യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകരിക്കയും ചെയ്തു.
എന്നാൽ ആഫ്രിക്കാനർ എന്നു ഇപ്പോൾ വിളിക്കപ്പെടുന്ന ബോവേഴ്സ് ദേശീയ പാർട്ടി എന്നനിലയിൽ 1948-ൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ ഒരു രാഷ്ടീയ വിജയം കൈവരിക്കയും അവരുടെ വർണ്ണവിവേചന (വേർതിരിവ്) നയത്തിന്റെ ബലത്തിൽ അധികാരത്തിൽ വരികയും ചെയ്തു. ഒരു ആഫ്രിക്കാനർ ദിനപ്പത്രമായ ഡെയ് ട്രാൻസ്വേലറിലെ ഒരു അഭിപ്രായം അനുസരിച്ച്: “ഞങ്ങൾക്ക് ക്രിസ്തീയ തത്വങ്ങളും നീതിയും ന്യായവും അടിസ്ഥാനപ്പെടുത്തിയുള്ള . . . വർണ്ണവിവേചന നയമുണ്ട്.” വർണ്ണ വ്യത്യാസങ്ങളെ സംയോജിപ്പിക്കുന്നതിനുവേണ്ടി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒരു പരമ്പര പിൻതുടർന്നു.
അകന്നു താമസിക്കുന്നതിനാലും യാതൊരു സാമൂഹ്യബന്ധവുമില്ലാത്തതിനാലും അനേകം വെള്ളക്കാർക്കും കറുത്തവർഗ്ഗക്കാരുടെ ഉപനഗരങ്ങളിലെ താണ ജീവിതനിലവാരങ്ങൾ സംബന്ധിച്ച് അറിവില്ല, വർണ്ണവിവേചനം നിമിത്തമുള്ള അപമാനവും പൂർണ്ണമായി വിലമതിക്കാൻ അവർക്കു കഴിയുകയില്ല. മിക്കവാറും എല്ലാ കറുത്തവർഗ്ഗക്കാരും വർണ്ണവിവേചന നയത്തോട് നീരസമുള്ളവരാണ്. അത്തരം നീരസം അസ്വസ്ഥതയുടെ നാളങ്ങളെ ആളിക്കാൻ ഉപയോഗിച്ചിരിക്കുന്നു.
ഒരു പരിഹാരമുണ്ടോ?
വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിനു ദക്ഷിണാഫ്രിക്കയ്ക്കുള്ളിൽനിന്നും പുറമേ നിന്നുമുള്ള സമ്മർദ്ദം തീവ്രമായിരിക്കുന്നു. അടുത്തകാലത്ത് ഗവൺമെൻറ് ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്താൻ തിരുമാനിച്ചു. അത് ചില വർണ്ണവിവേചന നിയമങ്ങൾ പരിഷ്ക്കരിക്കയും ചിലവ നീക്കുകയും ചെയ്തു. എന്നാൽ എല്ലാവർക്കും തൃപ്തികരമായ ഒരു വിധത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് അസാദ്ധ്യമായി തോന്നുന്നു. കറുത്തവരും വെള്ളക്കാരുമായ അനേകരും സമാധാനപരമായ മാറ്റം ആഗ്രഹിക്കുന്നു എങ്കിലും വെള്ളക്കാരായ ചില യാഥാസ്ഥിതികർ നിജസ്ഥിതി കാത്തുസൂക്ഷിക്കാൻ തീരുമാനിച്ചിരിക്കയാണ്. അമിതവാദികൾക്കും മിതവാദികൾക്കും വിഭിന്നങ്ങളായ അവകാശവാദങ്ങൾ ഉണ്ട്. കറുത്തവർഗ്ഗക്കാർ ഗോത്രത്തോടുള്ള കൂറുനിമിത്തം ഗൗരവാഹമായി വിഭജിക്കപ്പെട്ടും ഇരിക്കയാണ്.
സഭകൾ എന്തു പരിഹാരം വാഗ്ദാനം ചെയ്യുന്നു? ആത്മീയമായതോ? ദൈവരാജ്യമോ? അല്ല, അവർ രാഷ്ട്രീയ ഗോദായിലേക്ക് പ്രവേശിച്ചിരിക്കുന്നു. ചില പുരോഹിതൻമാർ നിയമലംഘനത്തെപ്പോലും പ്രോത്സാഹിപ്പിക്കയും അക്രമപ്രവർത്തകരാണെന്നറിയാവുന്ന സ്വാതന്ത്ര്യപ്രസ്താനങ്ങളുടെ നേതാക്കൻമാരുമായി കൂട്ടുചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി, പള്ളിയിൽ പോക്കുകാരായ അനേകരും തങ്ങൾ ‘രാഷ്ട്രീയത്തെക്കുറിച്ച് വളരെയധികവും ദൈവത്തെക്കുറിച്ച് വളരെക്കുറച്ചും’ കേൾക്കുന്നു എന്നു പരാതിപ്പെടുന്നു.
കലക്കത്തിന്റെ ശമനം സഭകളിൽ നിന്നുള്ള വേർപെടലാണ്. ഡച്ച് നവീകരണ സഭയുടെ വിവിധ ശാഖകളിൽ ഇപ്പോൾ വർണ്ണവിവേചനത്തെ സംബന്ധിച്ച് വളരെ വിമർശനമുണ്ട്. കറുത്തവരും വെള്ളക്കാരുമായ അനേകം ശുശ്രൂഷകരും ഇതിനെ കുറ്റംവിധിച്ചിരിക്കുന്നു. പടിഞ്ഞാറെ മുനമ്പിലെ വൈദികസഭ 1983 ഒക്ടോബറിൽ വർണ്ണവിവേചനം “പാപപൂർണ്ണ”മാണെന്നും അതുകൊണ്ട് ഇനിമുതൽ പള്ളി എല്ലാവർഗ്ഗത്തിൽപെട്ടവർക്കും തുറന്നിടണമെന്നും പ്രഖ്യാപിച്ചു.
വർണ്ണവിവേചനം “അയൽക്കാരനെ സ്നേഹിക്കുന്നതും നീതിയും സംബന്ധിച്ചുള്ള ബൈബിൾ തത്വങ്ങൾക്കു എതിരാണെന്നും” “വർണ്ണവിവേചനനയം” “മാനുഷ ദുരിതത്തിലേക്കു നയിച്ചിരിക്കുന്നു” എന്നും മറ്റൊരു ഡച്ച് നവീകരണം സഭയായ പ്രിസ്ബിറ്റിറി ഓഫ് സ്റ്റെല്ലെൻബോഷിന്റെ മേഖലാ സംഘടന 1985 ഓഗസ്റ്റ് 29-ാം തീയതി ഔദ്യോഗികമായി അംഗീകരിച്ചു. വർഗ്ഗകാര്യങ്ങളിലുള്ള ഭിന്നതയും ചില ഇംഗ്ലീഷ് സഭകളെ രോഗബാധിതമാക്കുന്നു. വർണ്ണവിവേചനം “ദൈവത്തിന്റെ ഇഷ്ടം” ആണെന്നു വിശ്വസിക്കുന്നവരായി വളർന്നുവരുന്ന ആത്മാർത്ഥതയുള്ള ആളുകൾക്ക് ഇത് അമ്പരപ്പിക്കുന്നതും കുഴപ്പിക്കുന്നതുമാണ്.
ഏക പരിഹാരം
ദീർഘകാലമായി ലോകശ്രദ്ധ ദക്ഷിണാഫ്രിക്കയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അതു വിമർശനത്തിന്റെ വിരൽ ചൂണ്ടുന്നതിനുള്ള കാര്യമായിത്തീർന്നിരിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്ന അനേകം രാജ്യങ്ങളും അതുപോലെതന്നെ ദുഷിച്ചരീതിയിലോ അതിലും ദുഷിച്ചവിധത്തിലോ ഉള്ളവയാണ്. ഇത് ആഴമായ ഒരു സവിശേഷ വസ്തുതയിലേക്കു ചൂണ്ടുന്നു: ദക്ഷിണാഫ്രിക്കയുടെ കഠിനയാതനയുടെ പ്രശ്നത്തിനു മാത്രമല്ല, പിന്നെയോ ലോകത്തിന്റെ തന്നെ പ്രശ്നത്തിനുള്ള യഥാർത്ഥവും നിലനിൽക്കുന്നതുമായ പരിഹാരത്തിനുള്ള സാദ്ധ്യത മാനുഷശക്തിക്കും ജ്ഞാനത്തിനും അതീതമാണ്.
ലോകചരിത്രം തെറ്റുകളുടെയും അനീതിയുടെയും കലാപങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും ഒരു സുദീർഘരേഖയാണ്. ഈ 20-ാം നൂറ്റാണ്ടിൽ ലോകം ഒരു പ്രതിസന്ധിയിൽ നിന്നു മറ്റൊന്നിലേക്കു ഇടറി വീഴുകയും, ആണവയുദ്ധ ഭീഷണിയാൽ ബാധിക്കപ്പെടുകയും ചെയ്യുമ്പോൾ സാഹചര്യം കൂടുതൽ വഷളായിത്തീരുന്നു.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മനുഷ്യവർഗ്ഗം രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു ആഗോള പരമോന്നത ആധിപത്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു. എന്നിട്ടും സർവ്വരാജ്യസഖ്യത്തിന്റെയും ഐക്യരാഷ്ട്രങ്ങളുടെയും പരീക്ഷണങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഈ കുഴപ്പങ്ങൾ നീക്കുകയും സമാധാനവും ഐക്യവും സ്ഥാപിക്കയും ചെയ്യാൻ കഴിവുള്ളതും ചെയ്യുന്നതുമായ ഒരു പരമോന്നത ഭരണനിർവ്വഹണസംഘം ഉണ്ടോ? ഉണ്ട്—ദൈവരാജ്യം.
അത് “ഈ [മനുഷ്യനിർമ്മിത] രാജ്യങ്ങളെ എല്ലാം തകർത്തു നശിപ്പിക്കയും” ഭൂമിയിൽ നിന്നു അക്രമത്തെയും അനീതിയെയും എല്ലാ തരത്തിലുമുള്ള ദുഷ്ടതയെയും തുടച്ചു നീക്കുകയും ക്രിസ്തുവിന്റെ ആയിരവർഷ സമാധാനഭരണം ആനയിക്കയും ചെയ്യും. അത് വർഗ്ഗ, വർണ്ണ, പശ്ചാത്തലങ്ങളെ പരിഗണിക്കാതെ എല്ലാ ആളുകൾക്കും നീതിയും നൻമയും കൈവരുത്തുകയും ചെയ്യും.—ദാനിയേൽ 2:44; സങ്കീർത്തനം 37:10 പ്രവൃത്തികൾ 10:34, 35.
ദക്ഷിണാഫ്രിക്കയിലെ ആയിരങ്ങൾ ഉൾപ്പെടെ ലോകത്തിനുചുറ്റും ദശലക്ഷങ്ങൾ ദൈവത്തിന്റെ ഗവൺമെൻറ്, രാജ്യത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു. നിവൃത്തിയേറിയ ബൈബിൾ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ അത് മുഴു ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നു അവർ വിശ്വസിക്കുന്നു. അതു എല്ലാവർഗ്ഗത്തിലും പെട്ട ആളുകളെ സംയോജിപ്പിക്കും.—ലൂക്കോസ് 21:28-31.
ഇതിന്റെ ഒരു ഹൃദയോദ്ദീപകമായ പ്രകടനം 1985 ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽനടന്ന രണ്ടു പ്രത്യേക കൺവെൻഷനുകളിൽ കാഴ്ചവെച്ചു, അവ സംബന്ധിച്ച് അടുത്ത ലേഖനത്തിൽ വായിക്കുക. (g86 7/22)
[16-ാം പേജിലെ ആകർഷകവാക്യം]
സഭ “ചിലരുടെ ബലഹീനത നിമിത്തം” വർണ്ണവിവേചനത്തെ അംഗീകരിച്ചു
[17-ാം പേജിലെ ആകർഷകവാക്യം]
വർണ്ണവിവേചനം ദൈവത്തിന്റെ ഇഷ്ടമാണെന്നപോലെ അവതരിപ്പിച്ചു
[17-ാം പേജിലെ ആകർഷകവാക്യം]
ഡച്ച് നവീകരണ സഭയുടെ അനേകം ശുശ്രൂഷകർ വർണ്ണവിവേചന നയത്തെ കുറ്റംവിധിച്ചു