ദക്ഷിണാഫ്രിക്ക അനേക വർഗ്ഗങ്ങൾ, അനേക വൈരുദ്ധ്യങ്ങൾ, എന്നാൽ ചിലർ സമാധാനം കണ്ടെത്തുന്നു
ദക്ഷിണാഫ്രിക്കായിലെ “ഉണരുക!” ലേഖകൻ
ദക്ഷിണാഫ്രിക്ക വിസ്മയാവഹമായ വൈരുദ്ധ്യങ്ങളുടെ നാടാണ്. ഫലഭൂയിഷ്ഠമായ വിസ്തൃത സമതലങ്ങളും വിശാലമായ മരുഭൂമികളും പർവ്വത നിരകളും ഗിരികന്ദരങ്ങൾ മുറിഞ്ഞും പച്ചവിരിച്ച താഴ്വരകളിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന നദികളും. മൃഗങ്ങളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടെയും അതിശയിപ്പിക്കുന്ന വൈവിധ്യങ്ങളുടെ സമൃദ്ധിയുമുണ്ട്. വർഗ്ഗങ്ങളുടെ അതിയായ വൈവിധ്യവും ഇവിടെ ഒരുമിക്കുന്നു.
എന്നിരുന്നാലും, സങ്കടകരമെന്നു പറയട്ടെ, വർഗ്ഗങ്ങളുടെ ഈ ഇടകലരൽ പ്രശ്നങ്ങൾ ഉളവാക്കിയിരിക്കുന്നു. സർ ലോറൻസ് വാൻഡെർ പോസ്റ്റ് ഇപ്രകാരം എഴുതി, “ദക്ഷിണാഫ്രിക്കയിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളുമധികം തരത്തിലുള്ള മാനുഷ സമ്മർദ്ദങ്ങൾ ഉണ്ട്. വെള്ളക്കാരും ഏഷ്യാക്കാരും തമ്മിലും കറുത്തവരും ഏഷ്യാക്കാരും തമ്മിലും വെള്ളക്കാരും മുനമ്പുവർണ്ണക്കാരും തമ്മിലും ആഫ്രിക്കാക്കാരുംa ബ്രിട്ടീഷുകാരും കറുത്തവരും തമ്മിൽ തമ്മിലും ഉള്ള പിരിമുറുക്കങ്ങളുമുണ്ട്.”
ഇവിടത്തെ ഏറ്റവും ആദ്യത്തവർ ആരാണ്? ആശ്ചര്യകരമെന്നു പറയട്ടെ, മുകളിൽ പറയപ്പെട്ട ജനതകളിൽ ആരുമല്ല! ഡോക്ടർ ടിറൻ ദക്ഷിണാഫ്രിക്കയിലെ ഗോത്രജനങ്ങൾ എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി, “ഇന്നത്തെ ഗോത്രങ്ങളിൽ ബുഷ്മാൻ ആണ് ‘ഏറ്റവും പഴക്കമുള്ള നിവാസി’ എന്നതും മറ്റുള്ളവർ, വടക്കു നിന്നുള്ള കറുത്തവരും തെക്കു നിന്നുള്ള വെള്ളക്കാരും കുടിയേറ്റക്കാരാണെന്നതും അനിഷേധ്യമാണ്. ബുഷ്മെൻ മദ്ധ്യ ആഫ്രിക്കയിലെ പിഗ്മികളുടെ വലിപ്പമുള്ള മഞ്ഞ നിറത്തോടുകൂടിയ അപകടത്തിലായിരിക്കുന്ന ഒരു വർഗ്ഗമാണ്. വേട്ടയാടി ശേഖരിച്ചുകൊണ്ടുമാത്രം അതിജീവിക്കുന്ന ആളുകളിൽ ഒടുവിലത്തവരിൽ പെട്ടവരാണ് അവർ.
ബുഷ്മെനോട് അടുത്തു സാമ്യമുള്ളവരായിരുന്നു ഹോട്ടെൻ ടോട്ട്സ്—ബുഷ്മെന്നും കറുത്തവരും ചേർന്നുള്ള ഒരു സങ്കരമെന്നു വിശ്വസിക്കപ്പെടുന്നു. അവരും വേട്ടയാടുന്നെങ്കിലും ബുഷ്മെന്നിനെപ്പോലെയല്ലാതെ അവർ സ്വന്തമായി കന്നുകാലികളെയും ആടുകളെയും വളർത്തിയിരുന്നു. ദക്ഷിണ തീരപ്രദേശങ്ങളിൽ വസിച്ചിരുന്ന ഹോട്ടെൻ ടോട്ട്സ് ആയിരുന്നു 1652 മുതൽ ആഫ്രിക്കയുടെ തെക്കെ അറ്റത്തു താമസമുറപ്പിച്ച വെള്ളക്കാരുമായി ആദ്യം ബന്ധത്തിൽ വന്നവർ.
നാലാം നൂറ്റാണ്ടു മുതൽ കറുത്ത ആഫ്രിക്കൻ വംശജർ തെക്കെ ആഫ്രിക്കയിലേക്ക് നുഴഞ്ഞു കയറാൻ തുടങ്ങി. ക്രമേണ കറുത്തവർ ദശലക്ഷങ്ങളായിത്തീർന്നു—ഓരോന്നിനും സ്വന്തം തലവനുള്ള നൂറു കണക്കിനു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടവർ. ഒരേ ഭാഷയുള്ള ചില ഗോത്രങ്ങൾ സുലു, സോസാ, സോത്തോ, സ്വാനാ, പെഡി, വെൻഡാ, സോംഗാ എന്നിങ്ങനെയുള്ള വലിയ ദേശീയ കൂട്ടങ്ങൾ രൂപീകരിച്ചു.
ഭൂമിക്കുവേണ്ടിയുള്ള തള്ളിക്കയറ്റം
ബുഷ്മാന്റെ ജീവിതരീതി ഹോട്ടെൻ ടോട്ട്സിന്റെതിനോടും ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെതിനോടും കിടപിടിക്കുന്നതല്ലായിരുന്നു. തങ്ങളുടെ കന്നുകാലികൾക്കുവേണ്ടി വിസ്തൃതമായ കൃഷിത്തോട്ടങ്ങൾ ആവശ്യമായിരുന്ന യൂറോപ്യൻമാരുടെ ആഗമനത്തോടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം രൂക്ഷമായിത്തീർന്നു. അവിശ്വസനീയമാംവിധം ധീരരായിരുന്നെങ്കിലും ചെറുവേട്ടക്കാർ വെള്ളക്കാരന്റെ പരിഷ്കൃതമായ ആയുധങ്ങൾക്ക് അന്തിമമായി കീഴടങ്ങിക്കൊണ്ട് വഴിമാറിക്കൊടുക്കാൻ നിർബ്ബന്ധിതരായിത്തീർന്നു. ചിലർ സോത്തോ പോലുള്ള മറ്റു രാഷ്ട്രങ്ങളിലേക്ക് ലയിച്ചുചേർന്നു, അതേസമയം മറ്റുള്ളവർ ആതിഥ്യമരുളാത്ത കലഹാരിയിൽ അതിജീവിച്ചു.
പ്രാരംഭ യുദ്ധത്തിനുശേഷം ഹോട്ടെൻ ടോട്ട്സ് വെള്ളക്കാരായ കുടിപാർപ്പുകാർക്ക് കീഴടങ്ങുന്നതിനും സേവ ചെയ്യുന്നതിനും അധികം മനസ്സൊരുക്കമുള്ളവരായിത്തീർന്നു. ക്രമേണ, അവർ വെള്ള മുതൽ ഇരുണ്ട തവിട്ടു നിറം വരെ വിവിധ നിറങ്ങളോടുകൂടിയ, കൊഴിഞ്ഞുകൊണ്ടിരുന്ന സൗഹൃദയരായ മിശ്രവർഗ്ഗത്തെ—യൂറോപ്യൻ വംശജരുൾപ്പെടെ—മുനമ്പുവർണ്ണ സമുദായത്തിന്റെ ഭാഗം രൂപീകരിച്ചു.
ബുഷ്മാന്റെ തിരോധാനവും ഹോട്ടെൻ ടോട്ടിന്റെ കീഴടങ്ങലും ദക്ഷിണാഫ്രിക്കയിൽ സമാധാനം കൈവരുത്തിയില്ല. സ്വർണ്ണവും ജോലിക്കാരും എന്ന പുസ്തകം വിശദീകരിക്കുന്ന പ്രകാരം: “പൂർവ്വമുനമ്പിൽ ആദ്യം സോസാ, ഡച്ചുകാരോടും പിന്നീട് ബ്രിട്ടീഷ്കാരോടും അതുകഴിഞ്ഞ് നാറ്റാലിൽ സുലൂസ് ഡച്ച്കാരോടും ബ്രിട്ടീഷുകാരോടും രൂക്ഷമായി പോരാട്ടം ആരംഭിച്ചു. . . . ബ്രിട്ടൻ ദക്ഷിണാഫ്രിക്കയിലേക്ക് വലിയ സൈന്യത്തെ അയച്ചപ്പോൾ നിർണ്ണായകഘട്ടം സംജാതമായി. അനന്തരഫലം അവർ തീരുമാനിച്ചു. അവരുടെ കുതിരകളും നവീന തോക്കുകളും പീരങ്കികളുംകൊണ്ട് അവർക്ക് ക്രമേണ പൂർവ്വ മുനമ്പിലെ സോസായേയും നാറ്റാലിലെ സുലൂസിനെയും തകർക്കാൻ കഴിഞ്ഞു”
ഇരുപതു വർഷങ്ങൾക്കുശേഷം 1899-ൽ ഏതാണ്ട് നാലു വർഷം നീണ്ടു നിന്ന ആംഗ്ലോ—ബോവർ യുദ്ധം ആരംഭിച്ചു. അത് ഇംഗ്ലീഷ് വെള്ളക്കാരും ഡച്ചു വെള്ളക്കാരും തമ്മിലുള്ള പോരാട്ടമായിരുന്നു, 40,000-ൽ പരം ജീവൻ ഒടുക്കുകയും ചെയ്തു. കറുത്തവർ കണ്ട ദൃശ്യം സങ്കൽപ്പിക്കുക. തങ്ങൾക്കു ബൈബിൾ കൊണ്ടുവന്നവർ ഇപ്പോൾ ഇവിടെ കൊന്നൊടുക്കുന്ന “ക്രിസ്ത്യാനികൾ” ആയിരുന്നു.
കറുത്തവരും ഏഷ്യാക്കാരും
ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷം വരുന്ന കറുത്തവരെ സംബ്ബന്ധിച്ചെന്ത്? അവർ ഐക്യമുള്ളവരാണോ? 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഷാക്കാ എന്ന ഒരു ശക്തനായ സുലു പടയാളി അടുത്തുണ്ടായിരുന്ന അനേകം ഗോത്രങ്ങളെ പിടിച്ചടക്കി. അയാളുടെ വിജയങ്ങളുടെ തുടർച്ചയായ അനന്തരഫലമെന്നനിലയിൽ ദശലക്ഷക്കണക്കിനു മരണങ്ങളിൽ കലാശിച്ച ഗോത്രാന്തരയുദ്ധം കൈവരുത്തി.
കഴിഞ്ഞ നൂറ്റാണ്ടിൽ സ്വർണ്ണ വയലുകളുടെ കണ്ടുപിടുത്തത്തോടും വ്യവസായ പുരോഗതിയോടും കൂടി കറുത്തവർഗ്ഗക്കാർ ക്രമേണ ജോലിക്കായി വെള്ളക്കാരുടെ നഗരങ്ങളിലേക്കു നീങ്ങി. അനേക ഭാഷകളെ പ്രതിനിധീകരിക്കുന്ന കറുത്ത ജനതയുടെ മൂന്നിൽ ഒന്ന് ഇപ്പോൾ വെള്ളക്കാരുടെ സമൂഹത്തിന്റെ അരികെ ഉപ പട്ടണങ്ങളിൽ ഒരുമിച്ചു പാർക്കുന്നു. ഒരു ദൃഷ്ടാന്തം ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നസ്ബർഗിന്റെ ബാഹ്യഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന പത്തുലക്ഷം കറുത്ത വർഗ്ഗക്കാരുള്ള സൊവെറ്റൊ ആണ്. ഈ ഉപ പട്ടണങ്ങളിൽ വസിക്കുന്ന കറുത്തവർ പല യൂറോപ്യൻ രീതികളും സ്വീകരിച്ചിട്ടുണ്ട്, എന്നാൽ പഴയ ഗോത്രവിശ്വാസങ്ങൾ നിലനിൽക്കുന്നു.
വിവിധ വർഗ്ഗങ്ങളുടെ ആധിക്യത്തോട് അടുത്തുള്ള ബോട്ട്സ്വാനാ, ലെബോത്തോ, സ്വാസിലാൻഡ്, മലാവി, മൊസാമ്പിക്ക് എന്നിവിടങ്ങളിൽ നിന്നു കോൺട്രാക്റ്റ് അടിസ്ഥാനത്തിലുള്ള ആയിരക്കണക്കിനു കറുത്ത ഖനിത്തൊഴിലാളികൾ കൂട്ടപ്പെടുന്നു. ഈ മനുഷ്യർ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി പണം സമ്പാദിച്ചു മടങ്ങുന്നതിനു വന്നതാണ്. അവർ, മിക്കപ്പോഴും വ്യത്യസ്ത ദേശക്കാർ തമ്മിൽ പോരാട്ടം പൊട്ടിത്തെറിക്കുന്ന ഖനി വളപ്പുകളിൽ താമസിക്കുന്നു.
ഒടുവിൽ, ദക്ഷിണാഫ്രിക്കയിൽ 5 ലക്ഷത്തിൽപരം വരുന്ന ഏഷ്യാക്കാരുണ്ട്. അവർ ഇവിടെ വന്നതെങ്ങനെയാണ്? 19-ാം നൂറ്റാണ്ടിൽ ബ്രിട്ടൻ നാത്താലിന്റെ ദക്ഷിണാഫ്രിക്കൻ തീരപ്രദേശം ഭരിച്ചിരുന്നു. സുലുവിന്റെ ശക്തി തകർക്കപ്പെട്ടിരുന്നില്ല. അവർ വെള്ളക്കാരുടെ കരിമ്പിൻ കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ വൈമനസ്യമുള്ളവരായിരുന്നു. അതുകൊണ്ട് 1860 മുതൽ ഇൻഡ്യയിൽ നിന്ന് ജോലിക്കാരെ കൂലിക്കെടുത്തുകൊണ്ടിരുന്നു. അവരിൽ മിക്കവരും അവരുടെ കോൺട്രാക്റ്റ് തീർന്നശേഷവും തുടർന്ന് താമസിക്കാൻ ഇഷ്ടപ്പെട്ടു. ഇൻഡ്യയിൽനിന്നുള്ള കുടിയേറ്റം 1911 വരെ തുടർന്നു. ആ സമയമായപ്പോഴേക്ക് ദക്ഷിണാഫ്രിക്കയുടെ അത്യന്തമായ വർഗ്ഗ വൈവിധ്യങ്ങളോട് കൂട്ടിക്കൊണ്ട് 1,50,000 പുരുഷൻമാരും സ്ത്രീകളും കുട്ടികളും അതിനെ തങ്ങളുടെ ഭവനമാക്കിത്തീർത്തു കഴിഞ്ഞിരുന്നു. ഖേദകരമെന്നു പറയട്ടെ ഇവർപോലും ഐക്യത്തിലല്ല. അവർ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്തവ മണ്ഡലത്തിലെ വിവിധ സഭകളിൽ ഉൾപ്പെട്ട ഒരു കൂട്ടവും ചേർന്നതാണ്. ഈ കാലം വരെയും ചില കറുത്തവരും ഇൻഡ്യാക്കാരുമായുള്ള ശത്രുത തുടരുകയും ചെയ്യുന്നു.
ഒരുപക്ഷെ ഇപ്പോൾ വായനക്കാർക്ക്, നേരത്തെ ഉദ്ധരിച്ച ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ, ഈ രാജ്യത്ത്, “ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും അധികം തരത്തിലുള്ള മാനുഷ സമ്മർദ്ദങ്ങൾ ഉണ്ട്” എന്നു പറഞ്ഞതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ഈ അടുത്ത കാലത്ത് വെള്ളക്കാർ മാത്രമടങ്ങുന്ന ഗവൺമെൻറ് ഇൻഡ്യാക്കാരെയും മറ്റു വർണ്ണക്കാരെയും തൃപ്തിപ്പെടുത്താമെന്നുള്ള പ്രതീക്ഷയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു. എന്നാൽ അനേകം വെള്ളക്കാരും ശക്തമായി എതിർത്തു, അത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിലേക്കു നയിക്കയും ചെയ്തു.
ദക്ഷിണാഫ്രിക്ക 1982 എന്ന പുസ്തകം, വെളുത്തവരും കറുത്തവരുമായ ദക്ഷിണാഫ്രിക്കക്കാരിൽ 83 ശതമാനം ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നു എന്നു കണക്കാക്കുന്നു. എന്നാൽ അവരുടെയിടയിലുള്ള അനൈക്യം അനേകരെയും ക്രിസ്ത്യാനിത്വത്തിന് എതിരെ തിരിക്കാൻ ഇടയാക്കി. ഇതിന്റെ അർത്ഥം ബൈബിളിന് എന്തെങ്കിലും തകരാറുണ്ടെന്നാണോ? അല്ല, എന്തുകൊണ്ടെന്നാൽ ബൈബിൾ വ്യക്തമായി, “ശത്രുത്വം, കലഹം, അസൂയ, . . . ഭിന്നതകൾ” എന്നിവയെ കുറ്റം വിധിക്കയും “അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പറയുകയും ചെയ്യുന്നു. (ഗലാത്യർ 5:20, 21) യഥാർത്ഥത്തിൽ കലഹത്താൽ ചീന്തപ്പെട്ട ദക്ഷിണാഫ്രിക്കയിൽ ബൈബിൾ ഐക്യത്തിനുള്ള ഒരു ശക്തമായ പ്രേരണയാണെന്ന് തെളിഞ്ഞിരിക്കുന്നു.
എല്ലാവർഗ്ഗങ്ങളെയും സമാധാനത്തിൽ ഏകീകരിക്കുന്നു
മുമ്പ് 1915-ൽ പോലും ഇപ്രകാരം റിപ്പോർട്ട് ഉളവാക്കപ്പെട്ടു: “വർഗ്ഗവിദ്വേഷങ്ങൾ ക്രിസ്തീയ സ്നേഹത്തിൽ അലിഞ്ഞുപോയി, ബ്രിട്ടീഷുകാരനും ബോവറും ക്രിസ്തുയേശുവിൽ ഒന്നായിരിക്കുന്നു. . . . എത്ര അത്ഭുതകരമായ ഐക്യത്തിന്റെ ബന്ധമാണ് കൂടിയിരിക്കുന്നവരിൽ . . . വെള്ളക്കാരും കറുത്തവരും മഞ്ഞനിറക്കാരും.” ആ കാലത്ത് ദക്ഷിണാഫ്രിക്കയിൽ നടന്ന ബൈബിൾ വിദ്യാർത്ഥികളുടെ (യഹോവയുടെ സാക്ഷികൾ) ഒരു കൺവെൻഷനെ പരാമർശിക്കയായിരുന്നു.
ഇന്ന് അത്തരത്തിലുള്ള യഥാർത്ഥ ക്രിസ്തീയ ഐക്യമുണ്ടോ? അത് നിലനിൽക്കുകയും വളരുകയും ചെയ്തോ? 1985 ഏപ്രിൽ 4-ാം തീയതി യേശുക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ലോകവിസ്തൃതമായി സമാധാനത്തോടെ സംബ്ബന്ധിച്ച, എല്ലാവർഗ്ഗത്തിലും പെട്ട 77,92, 109 ആളുകൾ പ്രകടിപ്പിച്ചതുപോലെ നിശ്ചയമായും ഉവ്വ്.—ലൂക്കോസ് 22:19.
യഹോവയുടെ സാക്ഷികളുടെയിടയിലെ ഈ സത്യക്രിസ്തീയ ഐക്യം ദക്ഷിണാഫ്രിക്കയിലെ അവരുടെ മുഖ്യ ആസ്ഥാനത്തിൽ അനേക ഭാഷകളിലേക്ക് ബൈബിൾ സാഹിത്യങ്ങൾ ഭാഷാന്തരം ചെയ്തു പ്രസിദ്ധീകരിക്കുന്നതിൽ ഏകോപിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ വർഗ്ഗത്തിലും പെട്ട ഏകദേശം 200 സ്വമേധയാ സേവകരുടെയിടയിൽ പ്രത്യക്ഷമായി കാണാൻ കഴിയും. ഈ സാഹിത്യങ്ങളിൽ രാഷ്ട്രീയ പ്രചാരണങ്ങൾ ഉൾക്കൊള്ളുന്നില്ല, എന്നാൽ അവ മുഴു ഭൂമിയിലും സമാധാനം വരുത്താനുള്ള ദൈവത്തിന്റെ ഉപകരണമായ “രാജ്യത്തിന്റെ സുവാർത്ത”യിൽ കേന്ദ്രീകരിക്കുന്നു.—മത്തായി 6:10; 24:14; ദാനിയേൽ 2:44.
യഹോവയുടെ സാക്ഷികളാൽ പ്രസംഗിക്കപ്പെടുന്ന ഈ രാജ്യദൂതിന് ആഴത്തിലിറങ്ങിയിരിക്കുന്ന വർഗ്ഗീയ മുൻവിധികളെ യഥാർത്ഥത്തിൽ നീക്കാൻ കഴിയുമോ?
ദൃഷ്ടാന്തത്തിന് സോസാ ജാതിയിലെ ശമൂവേൽ മോസിനെ പരിഗണിക്കുക. അദ്ദേഹം മൂന്നു പ്രാവശ്യം വെള്ളക്കാരാൽ കൈയേറ്റം ചെയ്യപ്പെട്ടു. അദ്ദേഹം പരുഷനും ശരിയായ ബോധ്യമുള്ളവനുമായിരുന്നു, എന്നാൽ അദ്ദേഹത്തിനു മാറ്റം വരുത്താൻ ചിലതു സഹായിച്ചു: “ഞാൻ യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിച്ചപ്പോൾ അത് മറ്റു മതങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണെന്നു ഞാൻ കണ്ടു. ആംഗ്ലിക്കൻ സഭയിൽ സോത്തോയും സോസായും തമ്മിൽ മിക്കപ്പോഴും ശണ്ഠ പതിവായിരുന്നു. എന്നാൽ സാക്ഷികളുടെയിടയിൽ എത്ര ഐക്യവും യോജിപ്പും സ്നേഹവും ഞാൻ കണ്ടു. ഞാൻ പഠനം തുടരവെ, ഒരിക്കൽ എന്നെ കൈയേറ്റം ചെയ്ത ആ വെള്ളക്കാർപോലും, ഒരേ ഗോത്രത്തിൽപെട്ട കറുത്തവർ മറ്റു കറുത്തവരെ കയ്യേറ്റം ചെയ്യുന്നതു പോലെതന്നെ, തങ്ങളുടെ അപൂർണ്ണത നിമിത്തമാണ് അപ്രകാരം ചെയ്തതെന്ന് ഞാൻ തിരിച്ചറിഞ്ഞു.” മറിച്ച് കഴിഞ്ഞ 40 വർഷങ്ങളിൽ ശമൂവേൽ അത്യന്തം വൈവിധ്യമാർന്ന ജനങ്ങളെ ദൈവത്തിന്റെ രാജ്യത്തിൽ വിശ്വാസമർപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
ഒരു തെക്കെ ആഫ്രിക്കക്കാരനായ ഐസക്ക് ലാൻഗാ ജോഹന്നസ്ബർഗിലെ അലെക്സാൻഡ്രിയായുടെ കറുത്തവരുടെ ഉപ പട്ടണത്തിലാണ് വളർന്നത്. ഒരു ശക്തമായ വർഗ്ഗീയ ആത്മാവ് ഉള്ളവനായിരുന്നതിനാൽ അദ്ദേഹം വെള്ളക്കാരെ വെറുക്കുകയും സുലുജാതിക്കാർ മറ്റു കറുത്തവരെക്കാൾ ഉന്നതരാണെന്ന് വീക്ഷിക്കുകയും ചെയ്തിരുന്നു. നിരോധിക്കപ്പെട്ട ഒരു ഗവൺമെൻറു വിരുദ്ധ സ്ഥാപനം ക്രമീകരിച്ച മീറ്റിംഗുകളിൽ സംബ്ബന്ധിച്ചുകൊണ്ട് ഐസക്ക് 1976-ലെ ദക്ഷിണാഫ്രിക്കൻ വിപ്ലവങ്ങളിൽ പങ്കുകൊണ്ടു. അദ്ദേഹം ഇപ്രകാരം ഓർമ്മിക്കുന്നു: “അനേകർ പോലീസിന്റെ വെടിയേറ്റു മരിച്ചു; ചിലർ വികലാംഗരായിത്തീർന്നു. ഇതെല്ലാം കണ്ടതിനാൽ ഞാൻ ഒരു പ്രതികാരത്തിന്റെ ആത്മാവ് വളർത്തിയെടുത്തു. ഞാൻ തന്നെ വധിക്കപ്പെടുന്നതിനു മുമ്പ് എന്നാൽ കഴിയുന്നടത്തോളം പേരെ വെടിവെച്ചു കൊല്ലുന്നതിന് ഒരു സ്വയം പ്രവർത്തിക്കുന്ന തോക്ക് ലഭിക്കുന്നതിന് ഞാൻ ആഗ്രഹിച്ചു. ഒന്ന് കണ്ടെത്തുന്നത് അസാദ്ധ്യമായിരുന്നതിനാൽ പട്ടാള പരിശീലനം ലഭിക്കുന്നതിന് അയൽ രാജ്യങ്ങളിലേക്ക് പോയ മറ്റുള്ളവരുടെ മാതൃക പിൻപറ്റാൻ ഞാൻ തീരുമാനിച്ചു.”
ഈ നിർണ്ണായകഘട്ടത്തിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ വീടുതോറുമുള്ള പ്രസംഗത്തിൽ ഐസക്കിനോട് ബന്ധപ്പെട്ടു. ബൈബിൾ തത്വങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങൾ അയാൾക്കു ലഭിച്ചു, അതിൽ പ്രത്യേകിച്ച് ഒന്ന് നിലനിൽക്കുന്ന മതിപ്പുളവാക്കിയ, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽനിന്ന്?, എന്നതായിരുന്നു. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “ഇപ്പോൾ എനിക്ക്, ഞാൻ നോക്കിക്കൊണ്ടിരുന്ന യഥാർത്ഥ സമാധാനമുണ്ട്. ‘വക്രമാക്കപ്പെട്ടതിനെ നേരെയാക്കാൻ കഴികയില്ല’ എന്നും ‘തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല’ എന്നും ബൈബിൾ പറയുന്നു എന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞങ്ങളുടെ സമരം ഭൂമിയിൽ സമാധാനം വരുത്താൻ പോകുന്നതല്ലെന്നുള്ളതിനാൽ അത് വൃഥാവായിരുന്നു എന്ന് എനിക്കു വ്യക്തമായിരുന്നു. ദൈവരാജ്യം മാത്രമേ അങ്ങനെ ചെയ്യുകയുള്ളു.”—സഭാപ്രസംഗി 1:15; യിരെമ്യാവ് 10:23.
മറ്റൊരു ദൃഷ്ടാന്തം കറുത്തവരെ എതിർക്കാൻ തന്നെ ജനിച്ച ദക്ഷിണാഫ്രിക്കൻ ജാതനായ ഒരു വെള്ളക്കാരന്റേതാണ്. രാത്രിയിൽ അയാളും അയാളുടെ രണ്ടു മിത്രങ്ങളും വഴിയിൽ കണ്ടുമുട്ടുന്ന ഏതു ആഫ്രിക്കക്കാരനെയും തല്ലുക പതിവായിരുന്നു. പിന്നീട് അയാൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ആഫ്രിക്കക്കാരായ സാക്ഷികളും ഹാജരായിരുന്ന ഒരു സമ്മേളനത്തിൽ അയാൾ ഹാജരായി. അയാൾ വർഗ്ഗങ്ങൾ തമ്മിൽ പ്രകടമാക്കിയ സ്നേഹത്താൽ വിസ്മയിക്കപ്പെട്ടു. പിന്നീട് അയാൾ ഒരു സാക്ഷിക്കുവേണ്ടി ജോലി ചെയ്യാൻ ആരംഭിച്ചു, ഒരു വിദൂര സ്ഥലത്ത് ഒരു ജോലിക്കുവേണ്ടി നിയോഗിക്കപ്പെട്ടു. അയാൾ ഇപ്രകാരം വിവരിക്കുന്നു, “അതു വസന്തകാലവും നല്ല തണുപ്പുമായിരുന്നു, ഞാൻ പാട്ടകൊണ്ടുള്ള ഒരു കുടിലിലാണ് ഉറങ്ങിയിരുന്നത്. ഒരു ആഫ്രിക്കക്കാരനും സാക്ഷിയുമായിരുന്ന ട്രക്ക് ഡ്രൈവർ അവിടെ വന്നുചേർന്നു, ഞാൻ അയാൾക്ക് എന്റെ ചില കമ്പിളി വസ്ത്രങ്ങളും ഷീറ്റുകളും ഒരു തലയിണയും കിടക്കുന്നതിനുവേണ്ടി നൽകുകയും ചെയ്തു.” ഇത് ഈ മനുഷ്യന്റെ മുൻ വഴികൾ അറിയാമായിരുന്ന മറ്റൊരു കറുത്തവർഗ്ഗക്കാരനെ അത്ഭുതപ്പെടുത്തി. പല വർഷങ്ങൾക്കുശേഷം, നേരത്തെ കറുത്തവരെ വെറുത്തിരുന്നവരും ഇപ്പോൾ ഒരു സാക്ഷിയുമായ ഈ ദക്ഷിണാഫ്രിക്കൻ വെള്ളക്കാരൻ ഇപ്രകാരം പറയുന്നു: “ഇന്ന് എന്റെ ജീവിതത്തിൽ അക്രമത്തിനു യാതൊരു സ്ഥാനവുമില്ല. അനേക വർഷങ്ങൾക്കുശേഷം മാറ്റം വരുത്തുന്നതു വളരെ പ്രയാസമായിരുന്നു, എന്നാൽ ലോകത്തിലെ ആളുകൾ എന്നെ ‘കാഫർ ബോയ്റ്റി’ [നീഗ്രോഫിൽ—നീഗ്രോയുടെ സ്നേഹിതൻ] എന്നു കളിയാക്കി വിളിക്കുന്നെങ്കിലും ഞാൻ വർഗ്ഗങ്ങൾ തമ്മിൽ വ്യത്യാസം കല്പിക്കുന്നില്ല.”
മിശ്രവർണ്ണക്കാരും വെള്ളക്കാരും ഇൻഡ്യാക്കാരും ചേർന്ന ഒരു സഭയുടെ പ്രദേശത്തിൽ കുറെ ഖനി പ്രദേശങ്ങൾ ഉൾപ്പെടുന്നു. അവർ വികസിപ്പിക്കുന്നതിനു തീരുമാനിക്കയും ഈ കറുത്ത കുടിയേറ്റക്കാരായ ജോലിക്കാരുടെയിടയിൽ ബൈബിൾ ദൂത് പരത്താൻ ആരംഭിക്കുകയും ചെയ്തു. പെട്ടെന്ന് വിദേശ സാക്ഷികൾ ഉൾപ്പെടെ കുറേപ്പേർ യോഗങ്ങളിൽ സംബ്ബന്ധിക്കാൻ തുടങ്ങി. സഭ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു:
“മലാവി, സിംബാബ്വെ, ലെസോത്തോ, മൊസാമ്പിക്ക്, ട്രാൻസ്കി, സുലുലാൻഡ് എന്നിവിടങ്ങളിൽ നിന്നും അംഗോളയിൽ നിന്നുപോലുമുള്ള സ്നേഹിതൻമാർ ഉണ്ടായിരുന്നു. അവർ ഏഴു വ്യത്യസ്ത ഭാഷകൾ സംസാരിച്ചിരുന്നു, അതുകൊണ്ട് പൊതുമാദ്ധ്യമമായി സുലു ഉപയോഗിച്ചിരുന്നു, എന്നാൽ യോഗങ്ങളിൽ എല്ലാ ഭാഷകളിലും അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പരസ്യപ്രസംഗങ്ങൾ ഇംഗ്ലീഷിൽ നിന്നോ ആഫ്രിക്കൻസിൽ നിന്നോ സുലുവിലേക്ക് ഭാഷാന്തരം ചെയ്തിരുന്നു.
“സഭക്കു വെളിയിലുള്ള കലാപം, സഭക്കുള്ളിലെ അംഗങ്ങളുടെയിടയിൽ സ്ഥിതിചെയ്യുന്ന സ്നേഹം വിശേഷവൽക്കരിച്ചു കാണിക്കുന്നതിനു ഉപകരിച്ചു. ചില യുവകൂട്ടങ്ങൾ പല സമയങ്ങളിലും അവിടെ നിന്നുള്ള ആഫ്രിക്കൻ ഖനിതൊഴിലാളികളെ പീഡിപ്പിക്കയും ചിലപ്പോൾ അവരെ കുത്തികൊല്ലുകപോലും ചെയ്തിരുന്നു. എല്ലാവരെയും അരക്ഷിതരാക്കിയ ഭയങ്കര ശത്രുത വളർന്നു. എന്നിട്ടും, രാജ്യഹോളിൽ പുഞ്ചിരിയാലും ഷെയ്ക്ക് ഹാൻഡുകളാലും ചിരിയാലും തമ്മിൽ തമ്മിലുള്ള ഊഷ്മള താല്പര്യത്താലും സ്നേഹം പ്രകടമായിരുന്നു.”
അത്തരം മുൻവിധി കൂടാതെയുള്ള സ്നേഹം പ്രകടമായിരുന്ന ഒരു കൂട്ടത്തെ വർണ്ണിച്ചശേഷം ആ റിപ്പോർട്ട് ഇപ്രകാരം ഉപസംഹരിച്ചു: “മുഴുഭൂമിയിലും നിവാസികൾ യഹോവയുടെ ആരാധനയിൽ ഏകീകരിക്കുകയും എല്ലാവരും പൂർണ്ണ യോജിപ്പിൽ ഒത്തൊരുമിച്ചു വസിക്കയും ചെയ്യുമ്പോൾ അത് എത്ര അത്ഭുതകരമായിരിക്കുമെന്ന് ഞങ്ങൾക്കെല്ലാം ബോധ്യമായി.”
ദൈവം അതു വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയിലെ യഹോവയുടെ സാക്ഷികൾ ഇതു വരികതന്നെ ചെയ്യുമെന്നു യഥാർത്ഥമായി വിശ്വസിക്കുന്നു. അവരുടെയിടയിൽ തന്നെ അത്യന്ത വൈവിധ്യം കാണുന്നതിനെ ആഴമായി വിലമതിക്കുക മാത്രമല്ല പിന്നെയോ എല്ലാവർഗ്ഗങ്ങളിലും പെട്ട നീതിയുള്ള ആളുകളോടൊന്നിച്ച് ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിന് നോക്കിപ്പാർക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 37:29; വെളിപ്പാട് 7:9, 14; 21:3-5. (g86 1/22)
[അടിക്കുറിപ്പുകൾ]
a യൂറോപ്യൻ വംശജർ, മുഖ്യമായും ആഫ്രിക്കൻസ് ഭാഷ വികസിപ്പിച്ചെടുത്ത ഡച്ചുകാർ. കഴിഞ്ഞ കാലത്ത് മിക്കവരും കൃഷിക്കാരായിരുന്നു, അതുകൊണ്ട് ബോവേഴ്സ് എന്നു വിളിക്കപ്പെട്ടു.
[24-ാം പേജിലെ ചിത്രം]
ബുഷ്മാൻ
[25-ാം പേജിലെ ചിത്രം]
സുലു സ്ത്രീകൾ
[26-ാം പേജിലെ ചിത്രം]
ബോവേഴ്സ്